ഓയെൻവി - കാവ്യലോകത്തിന്റെ സർഗ്ഗസൂര്യൻ

നമ്മുടെ സമ്പന്നമായ കാവ്യ പാരമ്പര്യത്തെയും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ഈടുവയ്പുകളെയും ഹരിതശോഭയോടെ അടയാളപ്പെടുത്തിയ കാവ്യസൂര്യതേജസ്സ് വിട വാങ്ങി. തലച്ചോറിൽ നിന്ന് കണ്ണുനീരുല്പാദിപ്പിച്ച ഒരു തലമുറയുടെ കുലപതി, തന്റെ ആദ്യ കവിതാ സമാഹാരത്തിൽ ധ്വനിപ്പിച്ചതുപോലെ, ഏതർത്ഥത്തിലും പൊരുതുന്ന സൗന്ദര്യമായിരുന്നു ഓയെൻവി കവിതകൾ. ഏതോ ബാഹ്യശകതികൾ വരിഞ്ഞുകെട്ടിയ ചങ്ങലക്കെട്ടുകളിൽ നിന്ന്, ആരാണ് തങ്ങളെ സ്വതന്ത്രരാക്കുകയെന്ന് ഇരുപതാം നൂററാണ്ടിന്റെ ക്ഷുഭിതയുവത്വം അധികാര സിംഹാസനങ്ങളെ ചോദ്യം ചെയ്തപ്പോൾ, അതിൽ ഉദ്വിഗ്നനായ കവിവര്യൻ മലയാളിയുടെ ഭാവുകത്വത്തെ സ്തുപരിവർത്തനത്തിന്റെ നവകാല്പനികതയിലേക്കും പിന്നീട് ഒരു ഭാവഗീതത്തിന്റെ തലത്തിലേക്കും, നവറിയലിസത്തിന്റെ പാതയിലേക്കും മലയാളകവിതയുടെ പ്രസാദാത്മക മുഖം പ്രസരിപ്പിക്കുകയായിരുന്നു. നിസ്വരും നിഷ്കളങ്കരുമായ മനുഷ്യരുടെ ജീവിതങ്ങളിൽ നിന്ന് നേദിച്ചെടുത്തതാണ് ആ കവിതകൾ. കന്നിമണ്ണിന്റെ ഗന്ധവും കർപ്പൂരത്തിന്റെ കാന്തിയും അവയ്ക്കുണ്ട്. സമൂഹത്തിന്റെ പരിവർത്തന പ്രകിയയിൽ, ജീവിതത്തിന്റെ തീവ്രാനുഭവങ്ങൾ സൃഷ്ടിച്ച മുറിവുകളിൽ നിന്നും ഉപ്പും ഉണ്മയും പകർന്നു നൽകിയ ഒരു ഹൃദയപക്ഷ കലാദർശനം ആ രചനകൾക്ക് ശക്തി പകർന്നു. മനുഷ്യൻ തന്റെ ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ചരിത്രസാഹചര്യങ്ങളിൽ നിന്ന് കലയ്ക്കോ സാഹിത്യത്തിനോ സംസ്കാരത്തിനോ വേർതിരിഞ്ഞു നില്ക്കാനാവില്ല. സമൂഹത്തിന്റെ സാംസ്കാരിക ജീവിതം നിയന്ത്രിക്കുന്നതും നിർണ്ണയിക്കുന്നതും, സാമൂഹിക വ്യവസ്ഥകളും ചൂഷണസാഹചര്യങ്ങളുമാണ്. മനുഷ്യ ജീവിതത്തെ നിർണ്ണയിക്കുന്ന അജ്ഞാതമായ ചാലകശക്തികളെ കുറിച്ചുള്ള അവിരാമമായ അന്വേഷണത്തിലാണ്, കവികൾ. അസ്തിത്വത്തിന്റെ അറിയപ്പെടാത്ത ഒരു കഷണമാണ് കവിത വെളിപ്പെടുത്തുന്നത്. ഓരോ തലമുറയിലെയും മഹാരഥന്മാരായ കവികൾ ദാർശനികതലത്തിൽ ഓരോ തറക്കല്ലുകൾ സ്ഥാപിക്കുന്നു. കാലം മാറുന്നത് കാണാൻ പ്രവചനശേഷിയുള്ള കണ്ണുകൾ, ഒരു കാലഘട്ടത്തിന്റെ നൈതിക വ്യവസ്ഥകളുടെ നേർക്കുള്ള കനത്ത താക്കീതും വഴി വെളിച്ചവുമായി മാറുന്നു. നിങ്ങളുടെ മരിച്ച നാവുകൾക്ക് വേണ്ടി സംസാരിക്കാൻ അപരാജിതരായ സൂര്യഗായകന്മാർ, എഴുത്തുകാര്‍ വീണ്ടും പ്രജാധിപതികളായി മാറുന്ന കാലമാണിത്. കലയുടെ രാജാങ്കണത്തിൽ വിരാജിക്കുന്ന വിജിഗേഷുകൾ, സർഗസൂര്യന്മാര്‍ നിശ്ശബ്ദരാക്കപ്പെടുകയും, ഇരകളാക്കപ്പെടുകയും ചെയ്യുന്ന നാളുകളിൽ, പ്രതിരോധത്തിന്റെ ഖഡ്ഗമുയർത്തുകയായിരുന്നു, ജ്ഞാനപീഠ ജേതാവ് ഉൾക്കൊള്ളുന്ന കാവ്യലോകം. സംഗീതത്തിലൂടെ മാനവികതയുടെ മഹാസൗധങ്ങൾ പണിതുയർത്തിയ ഗുലാം അലിയോട് പ്രഖ്യാപിച്ച ഐകൃദാർഡ്യം അതിന്റെ ദൃഷ്ടാന്തമാണ്. വൃക്തിയെ സമൂഹവുമായി വേർതിരിക്കുന്ന കണ്ണികളിലെല്ലാം മത സമുദായങ്ങളുടെ വ്രണങ്ങൾ പടരുമ്പോൾ, 'ലോകാനുരാഗമാമേകമതത്തിന്റെ ബോധി തളിർത്തു തളിര് വീശി നില്ക്കുന്ന / മറ്റൊരു ലോകം പിറക്കും വരെ തുടികൊട്ടിയെന്ന് പാട്ട് തുടരുവാൻ'' കവി പ്രതിജ്ഞാബദ്ധനാണ്. വർഗ്ഗീയത അതിന്റെ ത്രിമാനരൂപം വെളിപ്പെടുത്തിയ ഒരു ഘട്ടത്തിൽ, അതിനിരയായ ടി.ജെ. ജോസഫ് എഴുതി: 'വലതുകൈപ്പത്തിക്കുള്ളിൽ സൂക്ഷിച്ചിരുന്ന അക്ഷരനിധി നഷ്ടപ്പെട്ടവന്റെ ഇടതുകൈക്കുറിപ്പാണിത്. ഉപ്പ് പുരണ്ട അക്ഷരങ്ങളാൽ അഗ്നിശലഭങ്ങളായി വിരാജിച്ച അങ്ങയുടെ ഭാവന ജ്ഞാനപീഠമെത്തിയതിൽ എല്ലാ മലയാളികൾക്കുമൊപ്പം ഞാനും ആഹ്ളാദിക്കുന്നു'. കത്തുന്ന കാലത്തിന്റെ ഒറ്റക്കൊമ്പിൽ ഇരയെ തേടുന്ന വേട്ടമൃഗങ്ങളെ പോലെ ആർത്തിപൂണ്ട അധമന്മാർ, ആത്മാവിന്റെ ആഗ്രഹങ്ങളെപ്പോലും ഉല്പന്നങ്ങളാക്കി മാററുന്നവർ! മനുഷ്യർ പന്തയക്കുതിരയുടെ മോഹരഥത്തിലേറി പരസ്പരം കുതികാൽ വെട്ടുന്ന ഈ പ്രളയകാലത്ത്, ആധുനികോത്തര ജീവിതം സമ്മാനിക്കുന്ന ആസക്തികളുടെയും വേഷപ്പകർച്ചകളുടെയും കുത്തൊഴുക്കിൽ, എഴുത്തുകാരന്റെ ശില്പ-ഭാവുകത്വ നിർമ്മിതിയിൽ, 'ഭാഷ പാറയായിരിക്കുംപോൾ തൂലിക ചുറ്റിക യായിരിക്കണം' എന്ന എ.അയ്യപ്പന്റെ നിരീക്ഷണം പ്രസക്തമായിത്തീരുന്നു. എന്നാൽ സൗമ്യതയിലും യാഥാർത്ഥ്യബോധത്തിലും അധിഷ്ഠിതമായ ഭാവുകത്വ പരിപ്രേക്ഷ്യങ്ങളിലും ആഖൃാനാനുശീലനങ്ങളിലും തെളി്ഞ്ഞു കാണുന്ന ഓയെൻവി കവിതകളുടെ ജീവിത ദർശനം നമുക്ക് വഴികാട്ടിയാണ്. 'ഇന്നിനി നമ്മളിലൊരാളിന്റെ നിദ്രയ്ക്ക് മറ്റൊരാൾ കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം' എന്ന് താക്കീത് നൽകുന്ന കവി, മാനവമോചനത്തിന്റെ പ്രതീക്ഷാനാളങ്ങൾ തെളിഞ്ഞ് കത്തുക, പരിവർത്തനത്തിന്റെ പാതയിലൂടെയാണെന്നും, മാർക്സിസത്തിന്റെ ഹൃദയം ചൂഷിതന്റെ പക്ഷത്താണെന്നും ഉള്ള തന്റെ വിശ്വദർശനം അസന്നിഗ്ദമായി ഉറപ്പിക്കുന്നു. . മനുഷ്യ സങ്കീർത്തനമാണ് തന്റെ കാവ്യ പ്രപഞ്ചത്തെ അന്തർവഹിക്കുന്ന മുഖ്യ പ്രേരകശക്തി. സ്വതന്ത്ര ഇന്ത്യയിൽ, പട്ടിണി തിന്നും പാട്ടവിളക്കിന്റെ പുക തിന്നും ജീവിതം നൊന്തുനീറുന്നവരുടെ അന്തിവിളക്കുകൾ കത്തിക്കാൻ വകയില്ലാത്തവരെ കുറിച്ചായിരുന്നു, മലയാള കവിതാ സാമ്രാജ്യത്തിലെ പ്രജാപതിയുടെ ഉത്കണ്ഠകളത്രയും.

മനുഷ്യവർഗത്തിന്റെ നിയമത്തിനും സംസ്കാരത്തിനും മുന്നോടിയാണ് കവിയെന്ന ഷെല്ലിയുടെ ഉപദർശനം, കവിവര്യന്മാർക്ക് കൂടി മാർഗ്ഗദർശകമാണ്. ഭാഷക്കും ചിന്തക്കും ബോധത്തിനും എതിരായ കലാകാരന്റെ പൊരുതലുകൾ സാമൂഹിക മനസ്സാക്ഷിയുടെ കുറ്റപത്രങ്ങളായിത്തീരുന്നതെങ്ങനെയെന്ന് സമകാലകവിതകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. നാഗരികതയുടെ കുഞ്ഞുതുരുത്തുകൾ നമുക്ക് ചുറ്റിലും ഉരുക്ക് ദുർഗ്ഗങ്ങൾ തീർക്കുമ്പോൾ, നമ്മുടെ കൂർത്തു മൂർത്ത ചിന്തകൾക്കും കാഴ്ചവട്ടങ്ങൾക്കും മൂല്യബോധങ്ങൾക്കും ഇടർച്ച സംഭവിക്കുന്നു. പ്രചന്നമായ സാംസ്കാരിക പരിസരങ്ങളെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്കും മായിക സ്വപ്നങ്ങളിലേക്കും വെട്ടിച്ചുരുക്കിയപ്പോഴും, മലയാളം അതിന്റെ ചെറുത്തുനില്പിന്റെ പാതയെ പൂർണമായും കൈവെടിഞ്ഞില്ല. ആ പാതയിൽ തെളിഞ്ഞു കാണുന്ന പാദമുദ്രകളിലൊന്നായിരുന്നു മലയാളകാവ്യ ചരിത്ര ഭൂമികയെ ധന്യമാക്കിയ ഓയെൻവിയുടെ കലാജന്മം.തലമുറകളെ അതിജീവിക്കുകയും ജീവിതത്തിന്റെ ശാദ്വലഭൂമികകളെ ആർദ്രമാക്കുകയും ചെയ്ത എത്രെയെത്ര നാടക ചലച്ചിത്രഗാനങ്ങൾക്കാണ് ആ ഗാനഗന്ധർവൻ ജന്മം നൽകിയത്. സമൃദ്ധമായ രൂപ കല്പനകൾ കൊണ്ടും ബിംബകല്പനകൾ കൊണ്ടും വിശിഷ്ടാനുഭവം പകർന്ന പ്രസ്തുത രചനകൾ ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ടിതങ്ങളായി. നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും അമൂല്യ സംഭാവനകൾ നൽകിയ ആ യുഗപ്രഭാവന്റെ വിയോഗം ഒരു സുവർണയുഗത്തിന്റെ പരിസമാപ്തികുറിക്കുന്നു.

എഴുത്തുകാര്‍ മനുഷ്യ ദുഃഖത്തിന്റെ വിതുമ്പലുകൾക്ക് കാതോർക്കുകയും സ്വയം വിഷം തീനികളായി മാറുകയും ചെയ്യുന്ന ഒരു തലമുറയിലെ ഗന്ധർവ്വ തേജസ്സ്. അരുമശിഷ്യനോട് പെരുവിരൽ ദക്ഷിണ ചോദിച്ച ആർഷ പാരമ്പര്യത്തിന്റെ നൈതികതയോടും, കാളിദാസകവിയെ പോലും അപമാനിച്ച രാജസിംഹാസനങ്ങളുടെ ദാർഷ്ട്യത്തോടും ഒരുപോലെ കലഹിച്ച കവിക്ക് മർത്ത്യതയുടെ മഹാ സൗധങ്ങൾ പണിത വിശ്വ കവികളോടൊപ്പമാണ് സ്ഥാനം. ആ യുഗപ്രഭാവന് മലയാളമനസ്സിൽ വിതച്ച കിനാവുകളും ഭാവുകത്വങ്ങളും എന്നും തളിരിട്ടു വളർന്നുകൊണ്ടേയിരിക്കും