പാബ്ലൊ നെരൂദ - ഹാജര്‍!

നിങ്ങള്‍ ചോദിക്കുന്നു,
എന്തുകൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വതങ്ങളേയും കുറിച്ചു സംസാരിക്കാത്തത്?
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം.

- ചില കാര്യങ്ങളുടെ വിശദീകരണം, പാബ്ലൊ നെരൂദ
വിവര്‍ത്തനം: സച്ചിദാനന്ദന്‍

സ്പാനിഷ് കോണ്‍ക്യിസ്റ്റഡോര്‍മാര്‍ക്ക് മുമ്പില്‍ പതറാതെ തങ്ങളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടിയ ചിലെയുടെ ചരിത്രവും, ഒരിക്കലും മനുഷ്യന് പൂര്‍ണ്ണമായി വഴങ്ങാത്ത ചിലെയന്‍ ഭൂപ്രകൃതിയുടെ സ്വാതന്ത്ര്യബോധവും, ചരിത്രത്തിന്റെ നാടകത്തിലെ കളികോപ്പുകള്‍ അല്ല മനുഷ്യരെന്ന മാര്‍ക്സിയന്‍ തിരിച്ചറിവും എല്ലാം തന്നില്‍ ആവാഹിച്ച കവി ആയിരുന്നു പാബ്ലൊ നെരൂദ. ജനങ്ങളുടെ കവി ആയ അദ്ദേഹം ജനകീയ കവിതയുടെ വക്താവായിരുന്നു. ജനകീയ കവിത എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ വിയര്‍പ്പും പുകയും കൊണ്ട് അര്‍ത്ഥഗര്‍ഭമായ കവിത, ആമ്പലിന്റെയും മൂത്രത്തിന്റെയും ഗന്ധം ഒരു പോലുള്ള കവിത,നിയമപരവും നിയമവിരുദ്ധവും ആയ മനുഷ്യന്റെ എല്ലാ തരം കര്‍മ്മങ്ങളാലും അലങ്കരിക്കപ്പെട്ട കവിത. ഈ കാഴ്ചപ്പാട് നെരൂദയെ സാധാരണക്കാരന് പ്രിയങ്കരനാക്കി, അധികാര വര്‍ഗ്ഗത്തിന് വെറുക്കപ്പെട്ടവനും.

വസന്തത്തിനെയും, മരങ്ങളെയും, പൂക്കളെയും കുറിച്ച് വാചാലനായ നെരൂദയ്ക്ക് നഗരങ്ങളിലെ ഊര്‍ജ്ജവും, കമ്പോളങ്ങളിലെ കാഹളങ്ങളും പ്രിയപ്പെട്ടവയായിരുന്നു. ഉള്ളില്‍ വിപ്ലവത്തിന്റെ ചുവപ്പ് അണയാതെ കാത്തു സൂക്ഷിച്ച അദ്ദേഹം എന്നും എഴുതാന്‍ ഇഷ്ടപ്പെട്ടത് പച്ച മഷിയില്‍ മാത്രം. കാല്‍പനികതയെ ഒരു കാമുകനെ പോലെ ആശ്ലേഷിച്ചപ്പോഴും, സാധാരണക്കാരന്റെ ദൈനംദിന പ്രശ്നങ്ങള്‍ നെരൂദയെ അലട്ടിയിരുന്നു. മനുഷ്യനെയും മനുഷ്യത്വത്തെയും കുറിച്ച് വ്യാകുലപ്പെട്ട നെരൂദയ്ക്ക് കൊലക്കുറ്റത്തിലെ പ്രതികളെ രകഷപ്പെടുത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മാച്ചു പിച്ചുവിന്റെ പ്രൗഡഗാംഭീര്യത്തെ പ്രകീര്‍ത്തിച്ച അതേ ശ്വാസത്തില്‍ അത് സാദ്ധ്യമാക്കിയ അടിമത്വത്തിനെ തള്ളിപ്പറയാനും നെരൂദയ്ക്ക് സാധിച്ചു. പലപ്പോഴും സാധാരണ യുക്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു ആ തൂലികയുടെ ചലനം.

നെരൂദ എന്ന കവി

1904 ജുലൈ 12ന് ജനിച്ച നെഫ്താലി റിക്കാര്‍ടൊ റെയ്സ് ബസൊആല്‍ടൊക്ക് (Neftalí Ricardo Reyes Basoalto) നന്നെ ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ടു. തന്റെ അച്ഛന് കവിതയോടുള്ള എതിര്‍പ്പ് മറികടക്കാന്‍ ഒരു തൂലികനാമം ആവശ്യമായി വന്നപ്പോൾ വേറോരു ദേശത്ത്, വേറൊരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഴാന്‍ നെരൂദയുടെ പേര് അവന്‍ തിരഞ്ഞെടുത്തു. അങ്ങനെ നെഫ്താലി ബസൊആല്‍ടൊ തന്റെ 16 ആം വയസ്സില്‍ പാബ്ലൊ നെരൂദ എന്ന കവിയായി; 19ആം വയസ്സില്‍ ആദ്യ കാവ്യസമാഹാരം അദ്ദേഹം പ്രസിദ്ധീകരിച്ചു. 20ആം വയസ്സില്‍ പ്രസിദ്ധമായ Twenty Love Poems and a Song of Despair പ്രസിദ്ധീകരിച്ചു. അപ്പോഴേക്കും ഭാവി നോബെല്‍ ജേതാവ് ഗബ്രിയെല്ലാ മിസ്ട്രാല്‍ പോലുള്ള ചിലെയന്‍ കവികള്‍ക്ക് പാബ്ലൊ നെരൂദ സുപരിചിതനായി കഴിഞ്ഞിരുന്നു. 23ആം വയസ്സില്‍ സാമ്പത്തിക ക്ലേശം കാരണം,അതിനു മുമ്പ് കേട്ടിട്ട് പോലുമില്ലാത്ത രംഗൂണിൽ ചിലെയന്‍ കൗണ്‍സല്‍ ആയി. കൗണ്‍സല്‍ പദവി നെരൂദയ്ക്ക് സാമ്പത്തിക സ്ഥിരത മാത്രമല്ല നല്‍കിയത്. ജോലിയെ അനുഗമിച്ച യാത്രകള്‍ നെരൂദയുടെ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നു, കവിതകളെ കുറിച്ച് വായിക്കാനും വ്യത്യസ്ഥ ശൈലികള്‍ പരീക്ഷിക്കാനും ഉള്ള സമയവും സമ്മാനിച്ചു.

ജാവയില്‍ കൗണ്‍സല്‍ ആയിരിക്കെ അദ്ദേഹം ഒരു ജീവിത പങ്കാളിയെ കണ്ടെത്തി - മറിക വോഗെല്‍സാങ്ങ് എന്ന ഡച്ച് ബാങ്ക് ഉദ്യോഗസ്ഥ. ഗബ്രിയല്ല മിസ്ട്രാലിന്റെ പിന്‍ഗാമി ആയി നെരൂദ സ്പെയിനിൽ ജോലി നോക്കവെ ആ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു -മാല്‍വ. ആ ദാമ്പത്യ ജീവിതം പക്ഷെ അധികനാള്‍ നീണ്ട് നിന്നില്ല. ദെലിയ ദെല്‍ ക്യാറില്‍ എന്ന അര്‍ജെന്റീനിയന്‍ വനിതയുമായുള്ള നെരൂദയുടെ അടുപ്പം ആ ദാമ്പത്യം തകര്‍ത്തു. എന്നാല്‍ സ്പെയിന്‍, ഈ കയ്പേറിയ അനുഭവങ്ങള്‍ മാത്രമല്ല നെരൂദയ്ക്ക് സമ്മാനിച്ചത്.

നെരൂദയുടെ രാഷ്ട്രീയം നെരൂദയ്ക്ക് തന്നെ വ്യക്തമാകുന്നത് സ്പെയിനില്‍ ആയിരുന്നു. റഫായേല്‍ ആല്‍ബെര്‍ട്ടി, മിഗ്വേല്‍ ഹെര്‍നാണ്ടസ് മുതലായ കവികളൊടുള്ള അടുപ്പം പാബ്ലൊ നെരൂദയെ മാര്‍ക്സിസ്റ്റ് ആശയങ്ങളോട് അടുപ്പിച്ചു . ആ കാലഘട്ടത്തില്‍ അദ്ദേഹത്തെ പരിചയപ്പെട്ട കവിയും,കഥാകൃത്തും ആയിരുന്ന ഫെഡെറിക്കോ ഗാര്‍ഷ്യ ലോർക്ക, നെരൂദയെക്കുറിച്ച് പറയുകയുണ്ടായി:

ഒരു കവി എന്ന നിലയില്‍ നെരൂദയ്ക്ക് തത്വചിന്തയെക്കാള്‍ അടുപ്പം മരണത്തോടാണ്,
ഉള്‍കാഴ്ചയെക്കാള്‍ അടുപ്പം വേദനയോടാണ്,
മഷിയെക്കാള്‍ അടുപ്പം രക്തത്തിനോട് ആണ്.

വര്‍ഷം 1936. നെരൂദയ്ക്ക് 32 വയസ്സ്. ഗാര്‍ഷ്യ ഫാസിസ്റ്റ് സായുധസംഘങ്ങളുടെ ഇരയായി. അപ്പോഴേക്കും നെരൂദയുടെ മനസ്സില്‍, തന്റെ കവിതയെക്കുറിച്ചൊ, തന്റെ രാഷ്ട്രീയത്തെക്കുറിച്ചൊ സംശയങ്ങള്‍ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല. നെരൂദയുടെ കവിതകള്‍ക്ക് അപ്പോഴേക്കും ആ അനിഷേധ്യ ശൈലി കൈവന്നിരുന്നു. പുഴകളുടെയും മലകളുടെയും സംഗമത്തില്‍ ജനിച്ച അവ കാര്‍മേഖങ്ങളില്‍ അവരുടെ ശബ്ദം തിരഞ്ഞു, മഴയോടൊപ്പം പെയ്തിറങ്ങിയ അവ വൃക്ഷവേരുകള്‍ ഭൂമിയിലെന്നെ പോലെ, ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

കവിയുടെ രാഷ്ട്രീയം

1936-ല്‍ സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് സ്പെയിനിൽ അധികാരത്തില്‍ വന്നു. നാസി ജര്‍മ്മനിയുടെ സഹായത്തോടെ സ്പാനിഷ് പട്ടാളത്തിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ കലാപത്തിന്റെ കാഹളം മുഴക്കിയത്തോടെ സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടി പുറപ്പെട്ടു. സ്പെയിനിലെ ചിലെയന്‍ കൗണ്‍സലായ നെരൂദ പോപ്പുലര്‍ ഫ്രണ്ടിനെ അനുകൂലിച്ച റിപബ്ലിക്കന്‍ പക്ഷത്തോട് കൂറ് പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങളുടെ പഴയ യജമാനന്‍മാരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ താല്പര്യമില്ലാതിരുന്ന ചിലെയന്‍ സര്‍ക്കാര്‍ നെരൂദയെ തിരിച്ചുവിളിച്ചു. പക്ഷെ 1938-ല്‍ ചിലെയില്‍ ഉണ്ടായ ഭരണമാറ്റത്തില്‍ റാഡിക്കൽ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ഫ്രാന്‍സില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകികുന്ന സ്പാനിഷ് അഭയാര്‍ത്ഥികളെ ചിലെയില്‍ എത്തിക്കാന്‍ നെരൂദയെ നിയോഗിക്കയും ചെയ്തു. 2000 അഭയാര്‍ത്ഥികളെ വിന്നിപെഗ്ഗ് എന്നൊരു പഴയ കപ്പലില്‍ ചിലെയിലേക്ക് രക്ഷപ്പെടുത്തിയ നെരൂദ പിന്നീട് ഇതിനെക്കുറിച്ച് പറയുകയുണ്ടായി: ഞാന്‍ ജീവിതത്തില്‍ നിര്‍വഹിച്ച ഏറ്റവും മഹത്വപൂര്‍ണ്ണമായ കര്‍മ്മം. 1940-ല്‍ നെരൂദ മെക്സിക്കോയിലെ ചിലെയന്‍ കൗണ്‍സല്‍ ജനറല്‍ ആയി സ്ഥാനമേറ്റു. നാസി ജര്‍മ്മനിയുടെ കീഴില്‍ ആയിരുന്ന നെതര്‍ലാൻഡ്സില്‍ വച്ച് മാല്‍വ ആരോഗ്യപ്രശ്നങ്ങളാല്‍ മരണമടഞ്ഞ വിവരം അദ്ദേഹം അറിഞ്ഞു. അതോടെ മറിക വോഗെല്‍സാങ്ങും ആയിട്ടുള്ള നെരൂദയുടെ ബന്ധത്തിന്റെ അവസാന കണ്ണിയും തകര്‍ന്നു. അതേ വര്‍ഷം ദെലിയ ദെല്‍ ക്യാറിലും നെരൂദയും വിവാഹിതരായി.

To My Party

You have given me fraternity toward the unknown man.
You have joined the strength of all the living.
You have given me the country again as in a birth.
You have given me the freedom that the loner cannot have.
You taught me to kindle kindness, like fire.
You have given me the rectitude that the tree requires.
You taught me to see the unity and the difference among mankind.
You showed me how one being’s pain has perished in the victory of all.
You taught me to sleep in beds hard as my brothers.
You made me build on reality as on a rock.
You made me adversary of the evildoer and wall of the frantic.
You have made me see the world’s clarity and the possibility of happiness.
You have made me indestructible because with you I do not end in myself.
- Pablo Neruda
- സച്ചിദാനന്ദന്റെ വിവർത്തനം - എന്റെ രാഷ്ട്രീയകക്ഷിക്ക്

നെരൂദ ആജീവനാന്തം ചിലെയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളെ പിന്തുണച്ചു. മെക്സിക്കോയില്‍ കൗണ്‍സല്‍ ജനറല്‍ ആയിരിക്കെ പാര്‍ട്ടി ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹം ഡേവിഡ് സിക്വേറോസ് എന്ന മെക്സിക്കന്‍ ചിത്രകാരന് ഒരു ചിലെയന്‍ വിസ തരപ്പെടുത്തിക്കൊടുത്തു. മെക്സിക്കോയില്‍ ലിയോണ്‍ ട്രോട്സ്കിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന സിക്വേറോസ് അങ്ങനെ സ്വതന്ത്രനായി. സ്പെയിനിലെ ഫാസിസ്റ്റ് ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച നെരൂദയ്ക്ക്, നാസിപ്പടയെ തോല്‍പ്പിക്കുന്നതില്‍ സ്റ്റാലിന്‍ വഹിച്ച പങ്ക് അവിസ്മരണീയമായിരുന്നു. സ്റ്റാലിന്റെ മരണത്തിനെ തുടര്‍ന്നു അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായ് ഒരു സങ്കീര്‍ത്തനം നെരൂദ രചിച്ചു. നെരൂദയ്ക്ക് സ്റ്റാലിനോടുള്ള നിലപാട് അദ്ദേഹത്തിന് ഒരുപാട് ശത്രുക്കളെ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഒക്ടാവിയൊ പാസുമായുള്ള ബന്ധം പോലും ഈ നിലപാട് വഷളാക്കി. സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ മരണശേഷം ഉണ്ടായ മാറ്റങ്ങളുടെ തുടര്‍ചലനങ്ങള്‍ ചിലെയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഉണ്ടായി. അപ്പോഴും നെരൂദ പാര്‍ട്ടിയൊടൊപ്പം നിന്നു. വ്യകതിപൂജ സോഷ്യലിസത്തിന് കടകവിരുദ്ധം ആണെന്നും, സ്റ്റാലിനിസം ചരിത്രപരമായ തെറ്റായിരുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു. 1957-ല്‍ ചൈന സന്ദര്‍ശിച്ച അദ്ദേഹം പറയുകയുണ്ടായി: എന്നെ ചൈനയിലെ വിപ്ലവ-വികാസങ്ങളില്‍ നിന്ന് അകറ്റുന്നത് മാവോ സെതുങ്ങ് അല്ല മാവോ സെതുങ്ങിസം ആണ്. മാവൊയോടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമിതാരാധന ഒരു സോഷ്യലിസ്റ്റ് വിഗ്രഹനിര്‍മ്മാണത്തിന്റെ പുനരാവര്‍ത്തനം ആണ് എന്ന് നെരൂദ തിരിച്ചറിഞ്ഞു.

1945-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി ആയി ചിലെയന്‍ സെനെറ്റില്‍ ഒരു അംഗം ആയി തിരഞ്ഞെടുക്കപ്പെട്ടു. 1947-ല്‍ ലോട്ട പ്രവിശ്യയിലെ ഖനി തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പണി മുടക്കി. സര്‍ക്കാര്‍ അതിക്രൂരമായി പ്രതികരിച്ചു. തൊഴിലാളികളെ പട്ടാള നിയന്ത്രിത ജയിലുകളിലേക്ക് അറസ്റ്റ് ചെയ്ത് നീക്കി. ഇതില്‍ മനംനൊന്ത് ചിലെയന്‍ സെനെറ്റില്‍ പാബ്ലൊ നെരൂദ വികാരധീനനായി വിദേല സര്‍ക്കാരിനെ കുറ്റപ്പെടുത്തി. 1948ല്‍ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. നെരൂദ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഒളിവില്‍ പോയി. നെരൂദ കുതിരപ്പുറത്ത് അര്‍ജെന്റീനയിലേക്ക് കടന്നു. അവിടെ ഗ്വാട്ടിമലയന്‍ എംബസ്സിയിലെ സാംസ്കാരിക പ്രതിനിധി ആയി രുന്ന കവി മിഗ്വേല്‍ അസ്റ്റുറിയാസിന്റെ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് അദ്ദേഹം പാരീസിലേക്ക് കടന്നു. അവിടെ പാബ്ലൊ പിക്കാസൊയുടെ അതിഥിയായി കഴിഞ്ഞു. തുടര്‍ന്ന് ഇന്ത്യ,ശ്രീലങ്ക, സോവിയറ്റ് യൂണിയന്‍ മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1955ല്‍ അദ്ദെഹം ചിലെയില്‍ തിരിച്ചെത്തി. നെരൂദ അപ്പോഴേക്കും ഇടതുപക്ഷത്തിന്റെ ശബ്ദം ആയി മാറിക്കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ സി.ഐ.എ ഉള്‍പ്പടെയുള്ള സംഘടനകള്‍ കിണഞ്ഞ് പരിശ്രമിച്ചു.

ഇവിടെ നിങ്ങള്‍ക്ക് ഭയപ്പെടേണ്ടതായി ഒന്നേ ഉള്ളു: കവിത

xdfdfd
രോഗശയ്യയില്‍ ആയിരുന്ന നെരൂദ പിനോഷെയുടെ പട്ടാളത്തോടു പറഞ്ഞു:

നിങ്ങള്‍ക്ക് ഒരു പക്ഷെ എല്ലാ പൂക്കളെയും ചവിട്ടി അരയ്ക്കാന്‍ കഴിയുമായിരിക്കാം, പക്ഷെ നിങ്ങള്‍ക്ക് വസന്തത്തിനെ തടയാന്‍ ആകില്ല എന്ന നെരൂദയുടെ വരികളുടെ അര്‍ത്ഥം ലാറ്റിന്‍ അമേരിക്കയിലെ സ്വേച്ഛാധിപതികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴേക്കും ആന്‍ഡീസ് പര്‍വ്വതനിരകളുടെ മുകളില്‍ വിപ്ലവ-വസന്തം അതിന്റെ ഇടിമുഴക്കം കേള്‍പ്പിച്ചു കഴിഞ്ഞിരുന്നു.1970ലെ ചിലെയന്‍ ഇലക്ഷനില്‍ ഇടത് രാഷ്ട്രീയ കൂട്ടായ്മയുടെ പ്രസിഡന്‍റ്റ് സ്ഥാനാര്‍ത്ഥി ആയി ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടത് നെരൂദയായിരുന്നു.അദ്ദേഹം ഇത് നിരസിച്ചു.തന്റെ സുഹൃത്ത് സാൽബദോർ അയ്യെന്ദെ സ്ഥാനാര്‍ത്ഥി ആയപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തില്‍ ഏര്‍പ്പെട്ടു. 1971ല്‍ നെരൂദയ്ക്ക് നോബെല്‍ സമ്മാനവും ലഭിച്ചു. അയ്യെന്ദെ വിജയിക്കുകയും ചെയ്തു. ജനാധിപത്യ മാര്‍ഗ്ഗങ്ങളാല്‍ ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്റെ തലപ്പത്ത് എത്തിയ ആദ്യ മാര്‍ക്സിസ്റ്റ് പ്രസിഡന്റ്. നെരൂദ തന്റെ കവിതകളില്‍ കൂടി ചിലെയന്‍ ജനതയ്ക്ക് മുന്നില്‍ തുറന്നു കൊടുത്ത സ്വര്‍ഗ്ഗം ഭൂമിയില്‍ പണിയാന്‍ ഉറച്ച ഒരു ജനകീയ ഭരണകൂടം.പക്ഷെ അയ്യെന്ദെ വാഗ്ദാനം ചെയ്ത മാറ്റങ്ങള്‍ ചിലെയുടെ അധികാരവര്‍ഗ്ഗത്തെയും, അവരെ നിയന്ത്രിച്ചു കൊണ്ടിരുന്ന അമേരിക്കന്‍ സാമ്രാജ്യത്ത താല്‍പര്യങ്ങളെയും അലട്ടി. 1973ല്‍ സി.ഐ.എയുടെ സഹായത്താല്‍ ചിലെയന്‍ പട്ടാളത്തിലെ ഒരു വിഭാഗം, ജനറല്‍ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തില്‍ സാൽബദോർ അയ്യെന്ദെയെ അട്ടിമറിച്ചു. അവസാനം വരെ പൊരുതിയ അയ്യെന്ദെ അത്മഹത്യക്ക് ബാധ്യസ്ഥനായി. തന്റെ സുഹൃത്തായ ഫിദെല്‍ കാസ്ട്രൊ സമ്മാനിച്ച AK 47 തോക്കു ഉപയോഗിച്ച് അദ്ദേഹം തന്റെ ജീവനൊടുക്കി.പട്ടാളം അധികം വൈകാതെ നെരൂദയുടെ ഭവനത്തിലും എത്തി. അപ്പോഴേക്കും രോഗശയ്യയില്‍ ആയിരുന്ന നെരൂദ അവരോട് പറഞ്ഞു:"ചുറ്റും നോക്കി കൊള്ളു. ഇവിടെ നിങ്ങള്‍ക്ക് ഭയപ്പെടേണ്ടതായി ഒന്നേ ഉള്ളു: കവിത." 1973 സെപ്റ്റംബര്‍ 23ന് പാബ്ലൊ നെരൂദ അന്തരിച്ചു. മരണത്തില്‍ പോലും നെരൂദ പട്ടാള ഭരണകൂടത്തിനെ ഭയചകിതരാക്കി. പിനോഷെയുടെ കൂലിപട്ടാളം നെരൂദയുടെ മരണ വിലാപയാത്ര നടത്താന്‍ ജനങ്ങളെ അനുവദിച്ചില്ല. അന്ന് കര്‍ഫ്യു ലംഘിച്ച് ജനങ്ങള്‍ തെരുവുകളില്‍ കൂടി നിന്ന് ഭരണകൂട ഭീകരതയില്‍ രക്തസാക്ഷിത്വം വരിച്ച സഖാക്കളുടെ ഓര്‍മ്മയില്‍ മുദ്രാവാക്യം വിളിച്ചു :

സഖാവ് പാബ്ലൊ നെരൂദ – ഹാജര്‍.
സഖാവ് വിക്തോര്‍ ഹാര – ഹാജര്‍.
സഖാവ് സാല്‍ബദോര്‍ അയ്യെന്ദെ – ഹാജര്‍.

പാബ്ലൊ നെരൂദ അനശ്വരനായി കഴിഞ്ഞിരുന്നു. വെളിച്ചവും,നീതിയും,ആത്മാഭിമാനവും സര്‍വ്വ മനുഷ്യരിലും എത്തുന്ന ഒരു ദിനം സ്വപ്നം കണ്ട ആ ഗീതാലാപനം വ്യര്‍ത്ഥമായില്ല.