പിറവം ഉപതെരഞ്ഞെടുപ്പ് ഫലം - ഒരു ബൃഹദ്‌വീക്ഷണം

ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ 10 എണ്ണത്തിലും വ്യക്തമായ ലീഡ് നേടിക്കൊണ്ട് 12070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ അംഗമായ കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) സ്ഥാനാര്‍ത്ഥിയായ അനൂപ് ജേക്കബ് വിജയിക്കുന്നതാണ് രാഷ്ട്രീയ കേരളം ദര്‍ശിച്ചത്. ആകെ പോള്‍ ചെയ്ത 159180 വോട്ടുകളില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ അനൂപ് ജേക്കബിന് ലഭിച്ചത് 82756 വോട്ടാണ്. ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ സി.പി.ഐ. (എം)-ലെ എം.ജെ. ജേക്കബിന് 70686 വോട്ടും ലഭിക്കുകയുണ്ടായി. ഒരു വര്‍ഷം പ്രായമാകുവാന്‍ പോകുന്ന ഐക്യ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ വിധിയെഴുത്താണെന്ന് കരുതപ്പെടുന്ന ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? സി.പി.ഐ. (എം) ഉള്‍പ്പടെയുള്ള മുഖ്യധാര ഇടതുകക്ഷികള്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ നയപരിപാടികളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്?

മണ്ഡല ചരിത്രം

ഐക്യ കേരളത്തിന്റെ ചരിത്രത്തില്‍ ആകെ മൂന്ന് തവണയേ വലതുപക്ഷത്തിന് പിറവം മണ്ഡലം കൈവിട്ട് പോയിട്ടുള്ളൂ [പട്ടിക 1]. 1980-ല്‍ ഇടതുപക്ഷത്തിന്റെ കോട്ടയില്‍ ആയിരുന്ന കോണ്‍ഗ്രസ് (യു)-വിന്റെ (അന്ന് കേരള കോണ്‍ഗ്രസ് (എം)-ഉം ഇടതുപക്ഷത്തായിരുന്നു) സ്ഥാനാര്‍ത്ഥി പി.സി. ചാക്കോ (എതിര്‍പക്ഷത്ത് സി. പൗലോസ് എന്ന സ്വതത്ര സ്ഥാനാര്‍ത്ഥിയും) വിജയിച്ചപ്പോഴും, 1987-ല്‍ യു.ഡി.എഫ്. പാളയത്തില്‍ പടയൊരുക്കമുണ്ടായിരുന്നപ്പോള്‍ സി.പി.ഐ. (എം) സ്ഥാനാര്‍ത്ഥിയായ ഗോപി കോട്ടമുറിക്കല്‍ വിജയിച്ചപ്പോഴും, അവസാനമായി 2006-ല്‍ ടി.എം. ജേക്കബ് ഡി.ഐ.സിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സി.പി.ഐ. (എം) സ്ഥാനാര്‍ത്ഥിയായ എം.ജെ. ജേക്കബ് ജയിച്ചപ്പോഴും മാത്രമാണ് പിറവം ഐക്യ ജനാധിപത്യ മുന്നണിയെ കൈവിട്ടത്.

അതായത് ചരിത്രപരമായി പിറവം മണ്ഡലം എന്നും യു.ഡി.എഫ്. അനുകൂലമായി മാത്രമേ നിന്നിട്ടുള്ളൂ. അത് കൊണ്ടു തന്നെ, സര്‍ക്കാരിന്റെ വിധിയെഴുത്താണ് എന്ന് ഇടതുനേതാക്കള്‍ പറഞ്ഞാല്‍ പോലും വലതുപക്ഷത്തിന്റെ വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലമാണ് പിറവം എന്ന് നിസ്സംശയം പറയാം. അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ - അതായത് 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ - യു.ഡി.എഫ്. നേതാക്കള്‍ക്ക് ടി.എം. ജേക്കബിനോടുള്ള (47.52%) താല്പര്യക്കുറവായിരിക്കാം കാരണം, ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആയ എം. ജെ. ജേക്കബ് (47.41%) അന്ന് പരാജയപ്പെട്ടത് കേവലം 157 വോട്ടിനാണ്.

xdfdfd
86.3 ശതമാനം റെക്കോഡ് പോളിങ്ങാണ് പിറവത്ത് നടന്നത്. (Image Credits: http://www.madhyamam.com)

ഇടതുപക്ഷത്തിന്റെ വോട്ടുചോര്‍ച്ചകള്‍

തിരുവാങ്കുളം, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, പിറവം, കൂത്താട്ടുകുളം തുടങ്ങിയ ഇടത് അനുകൂല പഞ്ചായത്തുകളില്‍ പോളിങ് ശതമാനം ഉയര്‍ന്നുവെന്നത് ഇടതു മുന്നണിക്ക് പ്രതീക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും ഭൂരിപക്ഷം ലഭിച്ചത് തിരുവാങ്കുളത്തും (365) ചോറ്റാനിക്കരയിലും (171) മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളെ യു.ഡി.എഫ്. അനുകൂല മാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് ഒരു സ്ത്രീവിരുദ്ധ ബിംബസൃഷ്ടി നടത്തിയതും 93245 സ്ത്രീ വോട്ടര്‍മാരുള്ള മണ്ഡലത്തിന്റെ രാഷ്ട്രീയ ചായ്‌വുകളെ ബാധിച്ചിരിക്കാം. യു.ഡി.എഫിനെതിരെ നടത്തിയ നിര്‍ദോഷ പരാമര്‍ശത്തെ മാദ്ധ്യമങ്ങളുടെ സഹായസഹകരണങ്ങളോടെ "സിന്ധു ജോയിക്കെതിരെ" അല്ലെങ്കില്‍ "സ്ത്രീകള്‍ക്കെതിരെ" എന്നാക്കിയെടുത്തതില്‍ മാത്രമല്ല യു.ഡി.എഫ്. വിജയിച്ചത്, അവര്‍ തന്നെ പൊതുമണ്ഡലത്തില്‍ നിന്ന് ഒഴിവാക്കിയ സിന്ധു ജോയിയെ പിറവം മണ്ഡലത്തില്‍ പ്രചാരണത്തിന് കൊണ്ടു വന്നതും തന്ത്രപരമായ മേല്‍ക്കോയ്മ യു.ഡി.എഫിന് നല്‍കി. സഭാതര്‍ക്കത്തിന്റെ പേരില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പിന്തുണ ഇടതുമുന്നണിക്ക് അനുകൂലമായി ലഭിച്ചിട്ടുണ്ടാകണമെന്ന കണക്കു കൂട്ടലും പിഴച്ചിരിക്കുവാനാണ് സാദ്ധ്യത. ക്രിസ്ത്യന്‍ സഭകള്‍, എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., ധീവര സഭ, കുഡുംബി, വിശ്വകര്‍മ്മ സഭ തുടങ്ങിയ സ്ഥാപിത ജാതി-മതസംഘടനകളുടെ സ്വാധീനത്തിനു അടിപ്പെട്ടവരുടെ വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിന് അനുകൂലമായാണ് വീണത്. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ ഏകദേശം നാലായിരം വോട്ടുകള്‍ എം.ജെ. ജേക്കബിന് അധികം പിടിക്കുവാനായത് ഒരു നേട്ടമായി കണക്കാക്കാവുന്നതാണ്.

യു.ഡി.എഫ്. ഭരണത്തിന്റെ വിലയിരുത്തല്‍?

രാഷ്ട്രീയ കേരളം ഉറ്റു നോക്കിയിരുന്ന ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഇത് യു.ഡി.എഫ്. ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ ഈ ജനവിധി യു.ഡി.എഫ്. ഭരണത്തിന് അനുകൂലമായ ഒന്നാണെന്ന് പറയുകയാണെങ്കില്‍, യു.ഡി.എഫിന്റെ ജനവിരുദ്ധമായ മറ്റ് പല നടപടികള്‍ക്കുമുള്ള അനുമതിപത്രം കൂടിയാണെന്ന് പറയേണ്ടി വരും. അഴിമതിക്കേസില്‍ സുപ്രീം കോടതി വരെ ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ നുണ പറഞ്ഞ് നിയമവ്യവസ്ഥയെ ആകെ കബളിപ്പിച്ച് കൊണ്ട് ജയിലിന് പുറത്തിറക്കിയതിനും, ഇന്ധന-അവശ്യ വസ്തുക്കളുകടെ വിലവര്‍ദ്ധനവിനും, പവര്‍ കട്ടിനും, ക്ഷേമപദ്ധതികള്‍ ഒന്നൊന്നായി ഇല്ല്ലാതാക്കി തുടങ്ങിയതിനും, കുടുംബശ്രീ പോലുള്ള വിപ്ലവകരമായ പദ്ധതികളെ താറുമാറാക്കിയതിനും ഒക്കെ ജനങ്ങള്‍ അനുകൂലമായിരുന്നുവോ? അല്ലെങ്കില്‍ ജനങ്ങള്‍ അവയെ താല്പര്യത്തോടെ ആയിരുന്നുവോ കണ്ടിരുന്നത്? കേരളത്തിലെയും പിറവത്തെയും ജനങ്ങള്‍ അത്രയ്ക്ക് അധഃപതിച്ചു എന്ന് കരുതുവാന്‍ വയ്യ. അത് കൊണ്ടു തന്നെ ജനവിധി എന്തിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കുവാന്‍ കേരളത്തിന്റെ പൊതുവായിട്ടുള്ള രാഷ്ട്രീയപരിസരത്തെക്കുറിച്ച് വിശദീകരിക്കേണ്ടതായ ആവശ്യമുണ്ട്.

xdfdfd
വി.എസ്. അച്യുതാനന്ദന്‍ പിറവം പ്രചാരണവേദിയില്‍.(Image Credits: http://www.morningbellnews.com)

സംസ്ഥാനരൂപീകരണത്തിനു ശേഷം ഭൂപരിഷ്കരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനമേഖലകളിലെ സര്‍കാര്‍ ഇടപെടലുകള്‍ കാരണം കുറേയധികം ജനങ്ങള്‍ പിന്നോക്ക അവസ്ഥയില്‍ നിന്നും മദ്ധ്യ-മുന്നോക്ക അവസ്ഥയിലേക്ക് എത്തിച്ചേരുകയുണ്ടായി. ഇത്തരം വികസന-പുരോഗമന നടപടികളുടെ ഫലമായിട്ട് എഴുപതുകളുടെ മദ്ധ്യത്തില്‍ തന്നെ മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒട്ടേറെ യുവജനങ്ങള്‍ ഉയര്‍ന്നു വരികയും, അവരില്‍ പലര്‍ക്കും കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് തൊഴില്‍ ലഭിക്കുവാനും ഇടയാവുകയും ചെയ്തു. ഇത് മെച്ചപ്പെട്ട ജീവിതനിലവാരം ഉള്ള, വാങ്ങല്‍ ശേഷി കൂടിയ ഒരു വിഭാഗത്തിന് രൂപം നല്‍കി. 1973 കാലഘട്ടത്തില്‍ ഉപഭോഗത്തിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഇന്ത്യയില്‍ പഞ്ചാബിനു ശേഷം രണ്ടാം സ്ഥാനത്താണ്. ഈ സാമ്പത്തിക മുന്നേറ്റം കുറേ വര്‍ഷങ്ങളായി തുടരുകയാണ്, പ്രത്യേകിച്ചും ആഗോളവല്‍ക്കരണത്തിന്റെ വരവോട് കൂടി. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ തന്നെ ആളോഹരി വരുമാനത്തില്‍ കേരളം മുന്നേറുകയാണ്. 2004-05 വര്‍ഷത്തില്‍ 36728 രൂപ ആയിരുന്നത് 2009-10ല്‍ 52984 രൂപ ആയി ഉയരുകയാണുണ്ടായത്. ഇന്ന് വരെ നടന്നിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളുടെ ഗുണങ്ങള്‍ അനുഭവിക്കുവാന്‍ കഴിയാത്ത ഒരു വിഭാഗം കൊടുംദരിദ്രര്‍ ഉണ്ടെന്നും ഈ അസമത്വം കേരളത്തിലും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും എന്നുള്ള വസ്തുത നിരാകരിച്ചു കൊണ്ടല്ല ഈ വീക്ഷണം. ഈ സാമ്പത്തികമുന്നേറ്റത്തിന്റെ ഫലമായി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളോ, തീക്ഷണമായ ജീവിതപ്രശ്നങ്ങളോ നേരിടുവാനില്ലാത്ത വലിയൊരു വിഭാഗം, 'സ്വന്തം കാര്യം' മാത്രം നോക്കി നടക്കുന്ന ഒരു സാമൂഹികാന്തരീക്ഷം കേരളത്തില്‍ സജീവമായി രൂപപ്പെട്ടു. ഇവരുടെ സാമൂഹികബന്ധമെന്നത് മതവും ജാതിയും ആചാരാനുഷ്ഠാനങ്ങളും അടിസ്ഥാനമാക്കി മാത്രമുള്ളതായി മാറി. ഇത് കൂടാതെയാണ് സിനിമ, റ്റെലിവിഷന്‍, പത്ര-മാസികകള്‍ മുതലായ മാദ്ധ്യമങ്ങളില്‍ കൂടിയുള്ള വലതുപക്ഷ പൊതുബോധനിര്‍മ്മിതിയും. രാഷ്ട്രീയപരമായി വ്യക്തമായൊരു നിലപാടില്ലാത്ത തികഞ്ഞ രാഷ്ട്രീയാജ്ഞതയാണ് ഈ വിഭാഗത്തിന്റെ പ്രധാന സവിശേഷത. തൊഴിലാളിവര്‍ഗ്ഗത്തെയും "നമ്മളെ നമ്മളാക്കി മാറ്റിയ" തൊഴിലാളിവര്‍ഗസമരങ്ങളെയും ശത്രുതാമനോഭാവത്തോടെ വീക്ഷിക്കുന്ന, രാഷ്ട്രീയക്കാരോടും രാഷ്ട്രീയപ്രവര്‍ത്തനത്തോടും പ്രത്യക്ഷത്തില്‍ തന്നെ വെറുപ്പ് കാണിക്കുന്ന ഈ വിഭാഗമാണ്, നിര്‍ഭാഗ്യവശാല്‍, ജയപരാജിതരെ തെരഞ്ഞെടുക്കുന്നതിലെ നിര്‍ണ്ണായകശക്തിയാകുന്നതും. അതീവസൂക്ഷ്മമായി നിര്‍മ്മിക്കപ്പെട്ട ഈ വലതുപക്ഷസാഹചര്യങ്ങള്‍ ഇടതുപക്ഷത്തിന്റെ ചെറിയ വീഴ്ചകള്‍ ഊതിപെരുപ്പിക്കുകയും, വലതുപക്ഷത്തിന്റെ ദൂരവ്യാപകഫലങ്ങളുള്ള ജനവിരുദ്ധനയങ്ങള്‍ ജനമനസ്സുകളില്‍ പതിയാതെ ഇരിക്കുവാന്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുവെന്നതിനാല്‍ തന്നെ, മുന്നോട്ടുള്ള പ്രയാണത്തിന് ഒഴുക്കിനെതിരായ നീന്തലിനെ പ്രതീക്ഷിച്ചാണ് ഇടതുപക്ഷം പ്രവര്‍ത്തിക്കേണ്ടത്. അത് കൊണ്ടു തന്നെ വോട്ട് ചെയ്യുവാനുള്ള മാനദണ്ഡം ബാലകൃഷ്ണപ്പിള്ളയും വിലവര്‍ദ്ധനയും മറ്റ് ജനവിരുദ്ധ നയങ്ങളുമൊന്നും ആകാതെ ഇരിക്കുകയും, മറിച്ച് തീര്‍ത്തും സങ്കുചിതമായ ജാതി-മത-വ്യക്തി താല്പര്യങ്ങള്‍ ആയിരിക്കുയും ചെയ്യുന്നത് (സ്വാഭാവികമായിട്ടും) ഒരു വലതുപക്ഷസ്വാധീനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇരിക്കുന്ന സമൂഹത്തിന്റെ സവിശേഷതയാണെന്ന വസ്തുത സുവിദിതമാണ്. ലോകമെമ്പൊടും മുതലാളിത്തത്തിന് വമ്പിച്ച തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും ഇവിടെ ശൈശവാവസ്ഥയിലായ വലതുപൊതുധാരയില്‍, പൊങ്ങിക്കളിച്ചൊഴുകുന്ന മദ്ധ്യ-ഉപരി വര്‍ഗ്ഗങ്ങള്‍ ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരിന് അനുകൂലമായി നിലപാട് സ്വീകരിച്ചു എന്നതില്‍ അദ്‌ഭുതമില്ല. ഇതിന്റെ മറ്റൊരു വശമാണ് സി.പി.ഐ. (എം) വിരുദ്ധതയ്ക്ക് കിട്ടുന്ന ഭീകരമായ പൊതുസമ്മതി. ഇവിടെ വ്യക്തമാകുന്നത് രണ്ടു കാര്യങ്ങളാണ് - യു.ഡി.എഫിന്റെ ദുര്‍ഭരണത്തിനുള്ള അനുമതിപത്രമല്ല ഈ വിജയം; മറിച്ച് ഉദാരവല്‍ക്കരണകാലത്തിനു ശേഷം മാദ്ധ്യമങ്ങളും മറ്റ് വലതുപക്ഷ ശക്തികളും ചേര്‍ന്നു നിര്‍മ്മിച്ചെടുത്ത വലതുപക്ഷപൊതുബോധമാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെ പൊതുവിലും, പിറവം തെരഞ്ഞെടുപ്പു ഫലത്തെ പ്രത്യേകിച്ചും, നിര്‍ണ്ണയിച്ചിരിക്കുന്നത്.

അധികാര ദുര്‍വിനിയോഗം

യു.ഡി.എഫ് മന്ത്രിസഭയിലെ ഏകദേശം 12 പേരാണ് പിറവം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എക്സൈസ് മന്ത്രിയായ ബാബുവായിരുന്നു യു.ഡി.എഫ്. പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഇത്തരുണത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു ഉപതെരഞ്ഞെടുപ്പില്‍ (ദേവികുളം) അന്ന് മുഖ്യമന്ത്രി ആയിരുന്ന ഇ.എം.എസിന്റെ നിലപാടാണ് ഓര്‍മ്മ വരുന്നത്. തന്റെ മന്ത്രിസഭയിലെ ഒറ്റ അംഗങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറങ്ങരുത് എന്നാണ് ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പറഞ്ഞത്. ആ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കുകയും ചെയ്തു. പിറവത്ത് പക്ഷെ നടന്നത് ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമായിരുന്നു. മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങള്‍ കൊടുക്കുന്നത് മുതല്‍ പ്രചരണത്തിടയില്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നത് വരെ നിര്‍ബാധം തുടര്‍ന്നു. അനൂപ് ജയിച്ചാല്‍ മന്ത്രിയാക്കാമെന്ന തുറന്ന വാഗ്ദാനം നിഷ്കളങ്കമതികളായ എത്രയോ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. പിറവത്തെ ജയം യു.ഡി.എഫിന് എത്ര മാത്രം പ്രാധാന്യമുള്ളതായിരുന്നു എന്നത് മാത്രമല്ല ഇവിടെ വ്യക്തമാകുന്നത്, യു.ഡി.എഫ്. എന്ന മുന്നണി എത്ര മാത്രം അധഃപതിച്ചു എന്നത് കൂടിയാണ്.

xdfdfd
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിറവത്ത് പ്രചരണത്തിനെത്തിയപ്പോള്‍. (Image Credits: http://www.asianage.com)

ജാതി-മത സമുദായ പ്രീണനങ്ങള്‍

വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായ ജാതി-മത സമുദായ പ്രീണനങ്ങളുടെ തുടര്‍ച്ചയും ഈ തെരെഞ്ഞെടുപ്പില്‍ ദൃശ്യമായി. എന്‍.എസ്.എസ്. സമദൂരത്തില്‍ നിന്നും യു.ഡി.എഫിന് അനുകൂലമായ ശരിദൂരത്തിലേക്ക് വന്നതിന് പിന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തുകൊടുത്ത ഒട്ടേറെ ആനുകൂല്യങ്ങള്‍ കാരണമാണ്. നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സംസ്ഥാനത്തില്‍ അങ്ങിങ്ങായി പാട്ടത്തിന് നല്‍കിയിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി, ലക്ഷക്കണക്കിന് രൂപ വരുന്ന പാട്ടക്കുടിശ്ശിക റദ്ദാക്കി അവര്‍ക്ക് പതിച്ചു നല്‍കിയതുമൊക്കെ എന്‍.എസ്.എസി-നെ സ്വാധീനിക്കുവാന്‍ സഹായിച്ചു. ഇലക്ഷനു രണ്ട് മാസം മുമ്പ് എസ്.എന്‍.ഡി.പി.യ്ക്കും വാഗമണില്‍ 25 ഏക്കര്‍ പതിച്ചു കൊടുത്തു. എസ്.എന്‍.ഡി.പി.-യുടെ വോട്ടുകള്‍ സ്വാധീനിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ യു.ഡി.എഫിന് അനുകൂലമായിട്ടുള്ള പരസ്യപ്രസ്താവന. ഉപതെരെഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടിക പുതുക്കിയിട്ട് പോലും, 2011-ല്‍ 4234 ആയിരുന്ന ബി.ജെ.പി. വോട്ടുകള്‍ കുറഞ്ഞ് 3241 ആവുകയാണുണ്ടായത്. അതായത് ആയിരത്തിലധികം വോട്ടുകള്‍ ബി.ജെ.പി.-ക്ക് ഈ വോട്ടെടുപ്പില്‍ ചോര്‍ന്നിട്ടുണ്ട്. ചോരുന്ന ബി.ജെ.പി. വോട്ടുകള്‍ പരമ്പരാഗതമായി പോകുന്നത് യു.ഡി.എഫിനാണ്. തെരെഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. പിറവം ഉപതെരെഞ്ഞെടുപ്പ് തോറ്റാല്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിപദം ഒഴിയേണ്ടി വരുമെന്നതിനാല്‍ത്തന്നെ, അത് ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണത്തിന് ഇടയാക്കിയിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള സഭാതര്‍ക്കത്തിന്റെ പശ്ചാത്തലത്തിലും അത് ഏറ്റവും രൂക്ഷമായ പാമ്പാക്കുടയില്‍ യു.ഡി.എഫിന് ലഭിച്ച 1216 വോട്ടിന്റെ ഭൂരിപക്ഷം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണത്തെ അടിവരയിട്ട് തെളിയിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജാതി-മത വര്‍ഗ്ഗീയ സംഘടനകളുടെ കൈയ്യറിഞ്ഞുള്ള സഹായമുണ്ടായി.

ഇടതുപക്ഷം തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കണം?

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇടതുപക്ഷം നേരിട്ടു കൊണ്ടിരിക്കുന്ന തെരെഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തില്‍, അവരുടെ നയപരിപാടികളില്‍ ഒരു പുനര്‍വിചിന്തനം ആവശ്യമാണ് എന്നൊരു അഭിപ്രായം പല ബുദ്ധിജീവികേന്ദ്രങ്ങളില്‍ നിന്നുമുയരുന്നുണ്ട്. സി.പി.ഐ.(എം.) ഉള്‍പ്പെടുന്ന കക്ഷികള്‍ക്ക് വിപ്ലവവീര്യം പോരായെന്നത് തൊട്ട് കമ്മ്യൂണിസം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന് വരെ വാദിക്കന്നവരുമുണ്ട്. ഈ രണ്ടു കൂട്ടരും സി.പി.എം. വിരുദ്ധത എന്നത് മിനിമം അജണ്ടയാക്കി ഒരു പരസ്പര സഹകരണ സംഘം തന്നെ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിരുദ്ധ-നിലപാടുകള്‍ എത്ര മാത്രം ശരിയാണ്?

ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് സി.പി.ഐ.(എം.) തൊഴിലാളി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്കാണ് സി.പി.ഐ.(എം.) പ്രാമുഖ്യം നല്‍കേണ്ടത് എന്നതിനാല്‍ത്തന്നെ ജാതി-മത-വ്യക്തി പ്രഭാവങ്ങളെ നിരാകരിച്ചു കൊണ്ടായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. അത് കൊണ്ടു തന്നെ, വലതുപക്ഷപൊതുധാരയില്‍ ഒഴുകുന്ന ജനതയുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. മറിച്ച് തൃണമൂലതലത്തില്‍ തന്നെ ഇവിടെ നിലനില്‍ക്കുന്ന ചൂഷണവ്യവസ്ഥിതിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കേണ്ടുന്ന ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്. ഇവിടെ അധികാരത്തിലുപരി ആയിട്ട്, ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കൂടുതല്‍ ശക്തിയായി ഇടപെടുകയും ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുകയുമാണ് വേണ്ടത്. അങ്ങനെ കൂടുതല്‍ ജനങ്ങളെ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ച്, അത് വഴി ബൂര്‍ഷ്വാ-ഭൂപ്രഭു മേധാവിത്വ ഭരണകൂടത്തിനെതിരെയുള്ള സമര പരിപാടികളിലെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഈ ചൂഷണാധിഷ്ഠിത വ്യവസ്ഥിതിയുടെ ഉള്ളുകള്ളികള്‍ തുറന്ന് പ്രദര്‍ശിപ്പിക്കുവാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്.

ഉദാഹരണത്തിന്, എത്ര ഉയര്‍ന്ന പ്രതിഫലം കിട്ടിയെന്നിരുന്നാലും, ഒരു കര്‍ഷകത്തൊഴിലാളി നേരിടുന്ന/നേരിട്ടിരുന്ന രീതിയിലുള്ള തൊഴില്‍ ചൂഷണം തന്നെയാണ്, ഐ.റ്റി. ഉള്‍പ്പടെയുള്ള വൈറ്റ് കോളര്‍ തൊഴില്‍ മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നത്. പക്ഷെ ഇവിടെ ഒരു ഐ.റ്റി. തൊഴിലാളി തങ്ങളുടെ മേല്‍ നടക്കുന്ന ചൂഷണത്തെ പറ്റി ബോധവതിയല്ല. താന്താങ്ങളുടെ comfort zone-കളില്‍ ഒതുങ്ങിക്കൂടുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് (മുകളില്‍ വിവരിച്ച വലതുപക്ഷസമൂഹ നിര്‍മ്മിതി മൂലവും) തങ്ങള്‍ നേരിടുന്ന ചൂഷണത്തെ പറ്റി തിരിച്ചറിവ് കാണില്ല. ചുരുക്കത്തില്‍ വലതുപക്ഷ ശക്തികള്‍ നിര്‍മ്മിച്ച അജൈവമായ സാമൂഹിക-സാംസ്കാരികാന്തരീക്ഷമാണ് ജനങ്ങളില്‍ നിന്ന് അവര്‍ നേരിടുന്ന ചൂഷണവ്യവസ്ഥിതിയെ മറച്ചു പിടിക്കുന്നത്. അതില്‍ നിന്നും പുറത്ത് വന്നാല്‍ മാത്രമേ രാഷ്ട്രീയകാര്യങ്ങളില്‍ വ്യക്തമായൊരു നിലപാട് അവര്‍ക്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. തെരെഞ്ഞെടുപ്പുകളില്‍ ജയിക്കണമെങ്കില്‍ ഈ കൃത്രിമമായ ഭൗതികാന്തരീക്ഷത്തെ ഇടതുപക്ഷത്തിന് ഉപയോഗപ്പെടുത്താം. എന്നാല്‍ അതല്ല ഒരു വിപ്ലവ പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ബൂര്‍ഷ്വാ-ഭൂപ്രഭുക്കളുടെ അപ്രമാദിത്വത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് ജനലക്ഷങ്ങളെ വിമുക്തരാക്കുകയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ ദൗത്യം. ചുരുക്കത്തില്‍ ഇടതുപക്ഷത്തിന്റെ പ്രധാന ശത്രുക്കള്‍ ഇന്നത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ യു.ഡി.എഫോ കോണ്‍ഗ്രസ്സോ ഒന്നുമല്ല, മറിച്ച് ജാതി-മത സംഘടനകളും മറ്റ് വലതുപക്ഷ ശക്തികളും നിര്‍മ്മിച്ച ഈ പൊതുബോധനിര്‍മ്മിതിയാണ്. ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവതികളാക്കേണ്ടത് ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളില്‍ക്കൂടി മാത്രമല്ല, മറ്റ് പത്ര-മാസികകളിലും, നവമാദ്ധ്യമങ്ങളിലും ഇടം കണ്ടെത്തി ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികളെ സൈദ്ധാന്തികമായി എതിര്‍ത്തു തോല്‍പിച്ചു കൊണ്ടാവണം. പാര്‍ട്ടിക്ക് കീഴിലുള്ള അണികളെ നിരന്തരമായി ഉപയോഗപ്പെടുത്തിക്കൊണ്ടേ ഇത് സാധ്യമാവുകയുള്ളൂ. അധികാരം നേടുന്നതിലുപരിയായി, ഇടതുപക്ഷം എന്തിനു വേണ്ടി നിലകൊള്ളുന്നൂവെന്നതിനെ പറ്റി സാമാന്യ ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചെടുത്താലേ മുന്നോട്ട് പോക്ക് സുഗമമാവുകയുള്ളൂ. അതില്ലാത്ത അവസരത്തിലാണ് പോളണ്ടും സന്ദേശവും ഒബാമയുടെ ഫോണ്‍കോളും ഒക്കെ ഇടതുപക്ഷത്തിന്റെ കാലാഹരണപ്പെട്ട നിസ്സഹായബിംബങ്ങളായി ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന അനാരോഗ്യകരമായ അവസ്ഥ സംജാതമാകുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കേണ്ടത് ബൂര്‍ഷ്വാ-ഭൂപ്രഭു മേധാവിത്വ വ്യവസ്ഥിതിയിലെ ക്ഷണികമായ അധികാരലബ്ധിക്ക് വേണ്ടിയല്ല, മറിച്ച് ഇടതുപക്ഷ ആശയങ്ങളുടെ പ്രചാരണത്തിനും ജനകീയ സമരങ്ങള്‍ക്കും വേണ്ടിയാണ്. ഈ കൃത്രിമ വ്യവസ്ഥിതിയില്‍ അധികാരത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമൂഹത്തിന്റെ തൃണമൂലത്തില്‍ നിന്ന് തന്നെ തുടങ്ങേണ്ടുന്ന ഈ ഇടപെടലുകള്‍ക്ക് ആള്‍ബലവും സമയവും നഷ്ടപ്പെടുമെന്നതിനാല്‍ ഏറ്റവും പ്രധാനമായി പാര്‍ട്ടി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം വലതുപക്ഷ വ്യവസ്ഥിതിയുടെ പൊളിച്ചടുക്കലാണ്.

ഇപ്പോള്‍ ഏത് നിമിഷവും പിണറായി വിജയനോ മറ്റ് എല്‍.ഡി.എഫ് നേതാക്കള്‍ക്കോ ഒന്ന് മനസ്സ് വെച്ചാല്‍ എല്‍.ഡി.എഫ്. വിട്ടുപോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവന്ന് യു.ഡി.എഫ്. സര്‍ക്കാരിനെ മറിച്ചിടാമെങ്കിലും, അത്തരം വലതുപക്ഷ അനാശാസ്യങ്ങള്‍ക്ക് മുതിരാതിരിക്കുന്നത് തീര്‍ത്തും ശരിയായ നിലപാടാണെന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ. അധികാരത്തിനോട് അമിതാസക്തി കാണിക്കാതെയിരിക്കുന്നത് ആദര്‍ശശുദ്ധിയുടെ മാത്രം പ്രശ്നമല്ല. പാര്‍ട്ടിയിലുള്ള സിന്ധു ജോയിമാരെയും ശെല്‍വരാജുമാരെയും അബ്ദുള്ളക്കുട്ടിമാരെയും പോലെയുള്ള കരിയറിസ്റ്റുകള്‍ പുറത്തു പോകുവാനും, പ്രസ്ഥാനത്തോട് താല്പര്യമുള്ളവരെ - ഇടതുപക്ഷ ആശയങ്ങള്‍ക്കും തൊഴിലാളി വര്‍ഗ്ഗത്തിനും വേണ്ടി നിസ്വാര്‍ത്ഥമായി പണിയെടുക്കുവാന്‍ താല്പര്യമുള്ളവര്‍ - നേതൃനിരയിലേക്കു കൊണ്ടു പോകുവാനും സാധിക്കുന്നത് അധികാരം ആനുഷംഗികമായ ലക്ഷ്യമായത് കൊണ്ടു മാത്രമാണ്. ഇവിടെ ജനാധിപത്യ പ്രക്രിയയെ അപ്പാടെ നിരാകരിക്കണമെന്നല്ല നിര്‍ദ്ദേശം, മറിച്ച് ഇടതുപക്ഷത്തിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യലക്ഷ്യങ്ങള്‍ തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നത് മാത്രം ആയിരിക്കരുത് എന്ന് മാത്രമാണ്. പൊതുതെരെഞ്ഞെടുപ്പുകളെ വ്യക്തിപ്രഭാവങ്ങള്‍ തമ്മിലുള്ള മല്‍സരങ്ങളായി കാണുന്ന പൊതുബോധത്തെ തിരുത്തി രാഷ്ട്രീയനയങ്ങളും സംഘടനാപ്രവര്‍ത്തവും മാറ്റുരക്കുന്ന ഒരു വേദിയാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്. വ്യത്യസ്തമായ ജനപ്രതിനിധിസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ കടമകള്‍ കേവലം തങ്ങളുടെ മണ്ഡലത്തിന്റെ പുരോഗതിയില്‍ ഒതുങ്ങി നില്‍ക്കുന്നില്ലായെന്നും അതിനേക്കാള്‍ ഭാരിച്ചതും ഗൗരവമേറിയതുമായ ചുമതലകള്‍ അവര്‍ക്ക് വഹിക്കുവാനുണ്ടെന്നുമുള്ള രാഷ്ട്രീയബോധം പൊതുജനങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിന്റേത് മാത്രമല്ല ഇതരകക്ഷികളുടേത് കൂടിയാണ്. ഇത്തരത്തില്‍ രാഷ്ട്രീയപ്രബുദ്ധതയുള്ള ഒരു ജനത ഇവിടെയില്ലാതായാല്‍ അത് ജനാധിപത്യസംവിധാനത്തിന്റെ ആകെമൊത്തത്തിലുള്ള തകര്‍ച്ചയിലേക്കേ നയിക്കുകയുള്ളൂ.

അവലംബങ്ങള്‍

  1. എന്ത് കൊണ്ട് മറ്റൊരു കേരളം? - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  2. Kerala Assembly Elections 2011, Bye-election 2012 (www.trend.kerala.in)
  3. Kerala Assembly Election Results 1980 (http://www.geocities.ws/keralaforum/1980.htm)
  4. Kerala Assembly Election Results 1987 (http://keralaassembly.org/1987/1987079.html)
  5. Kerala Assembly Election 2006 (http://www.empoweringindia.org/new/constituency.aspx?eid=83&cid=79)
  6. മാധ്യമം ദിനപത്രം
  7. ദേശാഭിമാനി ദിനപത്രം