കാല്പനികതയുടെ രാഷ്ട്രീയ ശരികൾ

അഡ്രയിൻ റീച്ചിന്റെ പ്രശസ്തമായൊരു കവിതയുണ്ട് 'റേപ്പ്'. അത് വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന ഒരു വികാരമുണ്ട് - നിസ്സഹായതയുടെ, അവിശ്വാസത്തിന്റെ, ഭീതിയുടെ, തടങ്കലിന്റെ - ശ്വാസം മുട്ടിക്കുന്ന ഒരു വികാരം. സ്വന്തം ശരീരത്തിനു മേൽ തനിക്കു നിയന്ത്രണമില്ലാതെ, തന്നെ അവമതിക്കുന്ന ഒരുത്തന്റെ മൃഗതൃഷ്ണയ്ക്ക് അധീനയാകേണ്ടി വരുമ്പോഴുണ്ടാകുന്ന നിരാശയുടെ, നിസ്സഹായതയുടെ ശ്വാസംമുട്ടൽ. ബലാൽസംഗത്തെക്കുറിച്ചുള്ള ഓരോ വാർത്തകൾ വായിക്കുമ്പോഴും എനിക്ക് അനുഭവപ്പെടുന്നത് ആ ശ്വാസംമുട്ടലാണ്.

ബലം പ്രയോഗിച്ചു പിടിച്ചടക്കുക എന്നർത്ഥം വരുന്ന 'റാപേർ' എന്ന ലാറ്റിൻ വാക്കിൽ നിന്നാണത്രേ 'റേപ്പ്' എന്ന പദത്തിന്റെ ഉത്ഭവം. കാലക്രമേണ പല അർത്ഥാന്തരങ്ങൾക്കും ഇടയായി ഇപ്പോൾ ലൈംഗികാതിക്രമത്തെ സൂചിപ്പിക്കാനാണ് ആ പദം ഉപയോഗിക്കുന്നത്. 'റേപ്പ്' എന്നതിന്റെ മലയാളപദങ്ങളായി പൊതുവെ ഉപയോഗിച്ച് വരുന്ന രണ്ടു വാക്കുകളാണ് മാനഭംഗവും ബലാൽസംഗവും, അതിൽ മാനഭംഗം എന്ന വാക്ക് അത്യന്തം സ്ത്രീവിരുദ്ധവുമാണ്. അന്യപുരുഷന്റെ ബലാൽക്കാരമായുള്ള ശാരീരികവേഴ്ചയിലൂടെ സ്ത്രീയ്ക്കു തന്റെ അഭിമാനം നഷ്ടപ്പെടുന്നു എന്ന അതീവ ക്ഷുദ്രമായ പുരുഷാധിപത്യ കാഴ്ചപ്പാടാണ് മാനഭംഗം എന്ന വാക്ക് വെളിവാക്കുന്നത്. ഇവിടെ ബലാൽക്കാരത്തിനു ഇരയായവൾ ബഹിഷ്കൃത ആവുന്നു. അതുകൊണ്ടു തന്നെ സ്ത്രീപക്ഷത്തു നിന്ന് ചിന്തിക്കുന്നു എന്ന് അവകാശപ്പെടുന്നവർ മാനഭംഗം എന്ന വാക്ക് ഉപേക്ഷിച്ചുകളയേണ്ടതാണ്. പകരം ഉപയോഗിച്ച് വരുന്ന ബലാൽസംഗം എന്ന വാക്കും പൂർണ്ണമായും ആ കൃത്യത്തിന്റെ അധാർമികതയെ വെളിവാക്കുന്നതിൽ നീതി പുലർത്തുന്നതാണ് എന്ന് പറയാൻ വയ്യ. ബലമായുള്ള സംയോഗം ആണ് ബലാൽസംഗം. സംയോഗം എന്നാൽ ചേർച്ച, യോജിപ്പ് ഒക്കെയാണ്. ബലമായി ചേർക്കുന്നതിൽ എവിടെയാണ് യോജിപ്പ്? യോജിപ്പ് എന്നത് സ്വാഭാവികമായി ഉണ്ടാകേണ്ട ഒന്നത്രേ. എന്നിരിക്കിലും മാനഭംഗം എന്ന പദത്തെക്കാൾ അനുയോജ്യം ബലാൽസംഗം എന്ന പദം തന്നെ.

ബലം പ്രയോഗിച്ചു പിടിച്ചടക്കുക എന്നർത്ഥം വരുന്ന 'റാപേർ' എന്ന ലാറ്റിൻ വാക്കിൽ നിന്നാണത്രേ 'റേപ്പ്' എന്ന പദത്തിന്റെ ഉത്ഭവം. കാലക്രമേണ പല അർത്ഥാന്തരങ്ങൾക്കും ഇടയായി ഇപ്പോൾ ലൈംഗികാതിക്രമത്തെ സൂചിപ്പിക്കാനാണ് ആ പദം ഉപയോഗിക്കുന്നത്. 'റേപ്പ്' എന്നതിന്റെ മലയാളപദങ്ങളായി പൊതുവെ ഉപയോഗിച്ച് വരുന്ന രണ്ടു വാക്കുകളാണ് മാനഭംഗവും ബലാൽസംഗവും, അതിൽ മാനഭംഗം എന്ന വാക്ക് അത്യന്തം സ്ത്രീവിരുദ്ധവുമാണ്. അന്യപുരുഷന്റെ ബലാൽക്കാരമായുള്ള ശാരീരികവേഴ്ചയിലൂടെ സ്ത്രീയ്ക്കു തന്റെ അഭിമാനം നഷ്ടപ്പെടുന്നു എന്ന അതീവ ക്ഷുദ്രമായ പുരുഷാധിപത്യ കാഴ്ചപ്പാടാണ് മാനഭംഗം എന്ന വാക്ക് വെളിവാക്കുന്നത്.

സാമാന്യേന നീചമെന്നും അധമമെന്നും തള്ളിക്കളയുന്ന ബലാൽസംഗം എന്ന പദം ഇന്ന് ഇത്രയേറെ ചർച്ചകൾക്ക് ഇടയായതിന് കാരണം സാം മാത്യുവിന്റെ പടർപ്പ് എന്ന കവിതയാണല്ലോ. അദ്ദേഹത്തിന്റെ തന്നെ സഖാവ് എന്ന കവിത ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ളതാണ് എന്നുള്ള ചാനൽ അവതാരകന്റെ വാദത്തിനു മറുപടിയായി താൻ വേറെയും സ്ത്രീപക്ഷ രചനകൾ നടത്തിയിട്ടുണ്ട് എന്ന് തെളിയിക്കാനായി സാം മാത്യു അവതരിപ്പിച്ചതാണീ കവിത. ബലാൽസംഗത്തിനിരയായി ഗർഭിണിയാകേണ്ടി വന്ന ഒരു സ്ത്രീ, തനിക്കൊരു ബീജം സമ്മാനിച്ചവനെ പ്രണയാതുരതയോടെ ഓർക്കുന്നതാണത്രേ ഈ സ്ത്രീപക്ഷ രചന. ഈ കവിതയെ പുകഴ്ത്തിയും ഇകഴ്ത്തിയും വാദങ്ങൾ ഏറെയുണ്ട്. സ്ത്രീവിരുദ്ധതയെ അടിസ്ഥാനമാക്കി വിമർശങ്ങൾ ഉയരുമ്പോൾ കവിയുടെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും കാൽപനികതയെ ചോദ്യം ചെയ്യരുതെന്നുമാണ് കവിതാസ്നേഹികളുടെ വാദം. കവിതയെ വിമർശിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണത്രേ, ഒപ്പം കാല്പനികമായി ചിന്തിക്കാനുള്ള അവകാശത്തിന്മേലുള്ള ആക്രമണവും. ഇവിടെ രണ്ടു സംഗതികൾ ആണ് പ്രധാനം

1 . ആവിഷ്കാര സ്വാതന്ത്ര്യം

2 . കാൽപനികതയുടെ മാനദണ്ഡം

വിമർശനം എന്നത് ആവിഷ്കാരസ്വാതന്ത്യത്തെയോ അഭിപ്രായസ്വാതന്ത്യത്തെയോ ചെറുക്കുന്നതല്ല. ഏതൊരു വ്യക്തിയ്ക്കും കലാസൃഷ്ടി നടത്താനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ തന്നെ അവയെ നഖശിഖാന്തം വിമർശിക്കാനുള്ള സ്വാതന്ത്യവും മറ്റുള്ളവർക്ക് ഉണ്ട്. വിമർശനവും ഭീഷണിയും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം പോലുമില്ലാത്തവരാണ് ഇതു പറയുന്നത് എന്നത് വേറെ കാര്യം. വിമർശനങ്ങൾ ഉയരുന്ന സാഹചര്യവും ഇത്തരുണത്തിൽ പ്രധാന്യമുള്ളതാണ്. രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തോട് വിയോജിച്ചു കൊണ്ട് പറഞ്ഞ കാര്യങ്ങൾ തന്നെ സാം മാത്യുവിന്റെ കാര്യത്തിലും ബാധകം. പുരുഷവൈകൃതങ്ങളെ മഹത്വവത്കരിക്കാനും ചലച്ചിത്രമാക്കാനുമുള്ള രഞ്ജിത്തിന്റെ സ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ തന്നെ അത്തരം വൈകൃതങ്ങളെയും വായനകളെയും സ്ത്രീപക്ഷത്തു നിന്നുള്ള ആത്മാവിഷ്കാരം എന്ന രീതിയിൽ അവതരിപ്പിക്കുന്നതിനെ ശക്തിയുക്തം എതിർക്കുകയും ചെയ്യുന്നു. അതുപോലെ സാം മാത്യുവിന് ബലാൽസംഗത്തെ മഹത്വവത്കരിക്കാനോ കാൽപ്പനികമാക്കാനോ ഉള്ള ഭാവനാവിലാസം ഉണ്ടെങ്കിൽ അയാളത് പ്രകാശിപ്പിക്കട്ടേ. പക്ഷേ അതിനെ സ്ത്രീപക്ഷകവിത എന്നും സ്ത്രീയുടെ ആത്മപ്രകാശനത്തിന്റെ വേറിട്ട ഭാവമെന്നുമൊക്കെ പേരിട്ട് വിളിച്ചാൽ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു തരാൻ സാധിക്കില്ല. ഇത്തരം വൈകൃതമനോഭാവങ്ങളെ അങ്ങനെ തന്നെ കാണാനേ സാധിക്കൂ. ഇനി കാല്പനികതയിലേക്കു വന്നാൽ, ശാരീരികബന്ധമെന്നത് സ്ത്രീപുരുഷശരീരങ്ങളുടെ പരസ്പരമുള്ള സംവേദനത്തിന്റെ ഫലമായുണ്ടാവേണ്ട ഒന്നാണെന്ന് മനസ്സിലാവാത്ത, അംഗീകരിക്കാൻ കഴിയാത്തവർക്കേ ബലാൽസംഗിയോട് ഇരയ്ക്കുണ്ടാവുന്ന വികാരത്തെ പ്രണയമായി കാൽപനികവത്കരിക്കാൻ സാധിക്കൂ. ബലാൽസംഗം പോലെ അതീവ ഹീനമായ ഒരു കുറ്റകൃത്യം, ഇന്ത്യയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന കുറ്റകൃത്യം, കൊച്ചുകുട്ടികൾ മുതൽ വയോവൃദ്ധർ വരെ ഇരയാക്കപ്പെടുന്ന ഒരു മനോവൈകൃതം - അതിനെ കാല്പനികവൽക്കരിച്ചു, സ്ത്രീയുടെ വേറിട്ട ചിന്തയെന്ന രീതിയിൽ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്ന മനോനില ചികിത്സ ആവശ്യപ്പെടുന്ന ഒന്ന് തന്നെ. അതുമാത്രമല്ല ഇടതുപക്ഷത്തെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ കാൽപ്പനികതയുടെ രാഷ്ട്രീയശരികൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഉത്തരം പറയാൻ അയാൾ ബാധ്യസ്ഥനാണ്.

ശാരീരികബന്ധമെന്നത് സ്ത്രീപുരുഷശരീരങ്ങളുടെ പരസ്പരമുള്ള സംവേദനത്തിന്റെ ഫലമായുണ്ടാവേണ്ട ഒന്നാണെന്ന് മനസ്സിലാവാത്ത, അംഗീകരിക്കാൻ കഴിയാത്തവർക്കേ ബലാൽസംഗിയോട് ഇരയ്ക്കുണ്ടാവുന്ന വികാരത്തെ പ്രണയമായി കാൽപനികവത്കരിക്കാൻ സാധിക്കൂ. ബലാൽസംഗം പോലെ അതീവ ഹീനമായ ഒരു കുറ്റകൃത്യം, ഇന്ത്യയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന കുറ്റകൃത്യം, കൊച്ചുകുട്ടികൾ മുതൽ വയോവൃദ്ധർ വരെ ഇരയാക്കപ്പെടുന്ന ഒരു മനോവൈകൃതം - അതിനെ കാല്പനികവൽക്കരിച്ചു, സ്ത്രീയുടെ വേറിട്ട ചിന്തയെന്ന രീതിയിൽ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്ന മനോനില ചികിത്സ ആവശ്യപ്പെടുന്ന ഒന്ന് തന്നെ. അതുമാത്രമല്ല ഇടതുപക്ഷത്തെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ കാൽപ്പനികതയുടെ രാഷ്ട്രീയശരികൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഉത്തരം പറയാൻ അയാൾ ബാധ്യസ്ഥനാണ്.

ബലാൽസംഗം എന്നത് വെറും ഒരു ലൈംഗികാതിക്രമം മാത്രമല്ല. സ്ത്രീയെ വെറും ഭോഗവസ്തു ആയി കാണുന്ന ആൺബോധത്തിന്റെ അതിക്രൂരമായ ഒരു കടന്നുകയറ്റത്തോടൊപ്പം അത് ഇരയുടെ മാനസിക നിലയിൽ ഏൽപ്പിക്കുന്ന ആഘാതം അതീവ ഗുരുതരമായിരിക്കും. ഈ അവസ്ഥയിൽ തന്റെ ശരീരത്തോടും മനസ്സിനോടും തലച്ചോറിന്മേലുമുള്ള ആക്രമണം ഏതെങ്കിലുമൊരു സ്ത്രീയ്ക്ക് ഏതെങ്കിലുമൊരു ഘട്ടത്തിൽ കാൽപനികമാവുമെങ്കിൽ അത് പാട്രിയാർക്കി കൊണ്ടുനടക്കുന്ന പൊതുബോധത്തിന്റെ അബോധമായ പ്രതിഫലനം മാത്രം. ഈ മിസോജിനിസ്റ്റിക് സമൂഹത്തിൽ ജീവിച്ചു പോകാനുള്ള ഒരു പിടിവള്ളി മാത്രം. മറ്റൊരുത്തൻ മലിനമാക്കിയ തന്റെ ശരീരത്തിൽ ഇനി അവകാശം അവനു മാത്രം എന്ന് അവളെ പറഞ്ഞു പഠിപ്പിച്ച സമൂഹത്തിനോടുള്ള ഒരു അനുസരണാശീലം മാത്രമാണത്. ഒപ്പം അവൾ ഗർഭിണി കൂടി ആയാൽ അച്ഛനില്ലാതെ വളരേണ്ടി വരുന്ന കുഞ്ഞിനേയും പേറി ഈ സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന ദയനീയാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനുള്ള ഗതികെട്ട ഒരു ശ്രമം മാത്രം. അത്തരത്തിലുള്ള ഗതികേടുകളെ ആണ് പ്രണയമെന്ന രീതിയിൽ കാല്പനികവത്കരിച്ചു വ്യത്യസ്തചിന്തയെന്ന രീതിയിൽ അവതരിപ്പിക്കുന്നതെങ്കിൽ അവയെ അധമം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. അത്തരത്തിൽ അധമചിന്തകളുടെ, സ്വപ്രതിഫലനങ്ങളുടെ മഹത്വവത്കരണമാണ് ആവിഷ്കാരസ്വാതന്ത്യമെങ്കിൽ ആവാം. പക്ഷേ അതിനെ സ്ത്രീപക്ഷം എന്ന ടാഗിൽ തൂക്കിയിടാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാവില്ല.

ഈ സ്ത്രീവിരുദ്ധത ഒരു സാം മാത്യു വിൽ മാത്രം ഒതുങ്ങുന്നില്ല. കവിതയെ പ്രോത്സാഹിപ്പിച്ചു കയ്യടിച്ചവർ, വേദിയിൽ അവതരിപ്പിക്കാൻ വെമ്പൽ കൊണ്ടിരിക്കുന്നവർ, ബലാല്സംഗം എന്നതൊരു തമാശയായി കണ്ടു ഉപദേശം നൽകിയവർ ഒക്കെയും ഒരേ തൂവൽ പക്ഷികൾ തന്നെ. നമുക്ക് ചുറ്റും കാണുന്ന പലരും, ഒരു പക്ഷെ ഈ കവിതയ്ക്കെതിരെ വാളെടുക്കുന്നവരിൽപ്പെടുന്നവർ പോലും പുരുഷന്റെ അധീശത്വത്തെയും സ്ത്രീയുടെ വിധേയത്വത്തയും പിന്താങ്ങുന്നവർ തന്നെ. എതിർക്കുന്നവരെ, വിമർശകരെ ചാർത്തിക്കാൻ വിശേഷണങ്ങളുമായി പലരും വരുന്നുണ്ട്. എതിർപ്പിന്റെ സ്വരങ്ങളെ അധിക്ഷേപിക്കാനും മൂടിവയ്ക്കാനും അവർ കൂട്ടത്തോടെ പാഞ്ഞടുക്കും. നമ്മൾ ന്യൂനപക്ഷമായിരിക്കാം. സ്വന്തം വർഗ്ഗം പോലും നമുക്കെതിരായിരിക്കാം. വകവെച്ചു കൊടുക്കരുത്, ഒരുമിച്ചു മുന്നോട്ടു നീങ്ങാം.

To quote Simone de Beauvoir, "It is a mistake to seek in fantasies the key to concrete behaviour; for fantasies are created and cherished as fantasies. The little girl who dreams of violation with mingled horror and acquiescence does not really wish to be violated and if such a thing should happen it would be a hateful calamity."