രാജാവിന്റെ മകനും ഇന്ത്യൻ ഭരണഘടനയും!

xdfdfd

‘പാരമ്പര്യത്തിന്റെ പകിട്ടിൽ മൈസൂർ രാജാവ് വിവാഹിതനായി’ എന്ന തലക്കെട്ടിൽ മലയാളത്തിലെയൊരു മുതിർന്ന പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ജൂൺ ഇരുപത്തിയേഴാം തീയതി വന്ന വാർത്തയാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത് എന്ന് ആദ്യമേ പറഞ്ഞുവയ്ക്കട്ടെ. രാവിലെ 9.05നും 09.35നും ഇടയിലുള്ള മുഹൂർത്തത്തിൽ' മൈസൂർ രാജാവ്' യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ ത്രിഷിക കുമാരിയുടെ കഴുത്തിൽ താലി ചാർത്തിയ വിവരമാണ് അന്നേദിവസം ഉച്ചക്ക് 12:02ന് സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായി വർത്തിച്ച പത്രമുത്തപ്പന് ലോകമൊട്ടുക്കുമുള്ള മലയാളികൾക്കിടയിലേക്ക് ചിത്രങ്ങൾ സഹിതം പ്രസിദ്ധപ്പെടുത്താനായത്. എല്ലാ പത്രമാധ്യമങ്ങൾക്കും വാർത്തകളിന്മേൽ അവരവരുടേതായ താല്പര്യങ്ങൾ ഉണ്ടാകും. മറ്റേതു വാർത്തകളും പോലെ ഈ വിവാഹവും മലയാളി സമൂഹത്തിനിടയിലേയ്ക് പകർന്നു നൽകേണ്ടതുമാണ്. പക്ഷേ വാർത്തയിലുടനീളം മുൻപ് ഒരു നാട്ടുരാജ്യത്തിന്റെ അധികാരിയായിരുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളെ രാജാവ്, മഹാറാണി എന്നെല്ലാം ഈ ജനാധിപത്യ മഹാരാജ്യത്ത് ഇന്ന് അഭിസംബോധന ചെയ്യേണ്ടതുണ്ടോ? ഏതാണ്ടെല്ലാ ഇന്ത്യൻ മാധ്യമങ്ങളും ഈ വിവാഹത്തിന്, സമാനമായ റിപ്പോർട്ടിങ് ആണ് നടത്തിയിട്ടുമുള്ളത്.

1972-ൽ 26ആം ഭരണഘടന ഭേദഗതിയോടെ മുൻ-രാജകുടുംബങ്ങൾക്ക് ലഭ്യമായിരുന്ന വിശേഷാനുകൂല്യങ്ങൾ പ്രിവിപേഴ്‌സ് ഉൾപ്പെടെ റദ്ദു ചെയ്യുകയാണുണ്ടായത്. അത്തരത്തിലൊരു ഭേദഗതിയ്ക്കായ് മുന്നോട്ടുവച്ച ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങളും കാരണങ്ങളുമടങ്ങുന്ന രേഖയിൽ മുൻ-രാജകുടുംബങ്ങൾ അനുഭവിക്കുന്ന വിശേഷാനുകൂല്യങ്ങൾ സമത്വാധിഷ്ഠിതമായ സാമൂഹ്യക്രമത്തിനു യോജിച്ചതല്ലെന്നും അതുകൊണ്ടുതന്നെ അത്തരം ആനുകൂല്യങ്ങൾ റദ്ദ് ചെയ്യേണ്ടതുമാണെന്ന് പ്രസ്താവിക്കുന്നു. സർവ്വോപരി ഭരണഘടനയുടെ പതിനെട്ടാം അനുഛേദം, അക്കാദമികവും സൈനികവുമായ പദവികൾ ഒഴികെ മറ്റൊന്നും വ്യക്തികളിന്മേൽ ഭരണവ്യവസ്ഥിതി ചാർത്തി നൽകരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

ജനങ്ങളുടെ ആധിപത്യം നിലനിൽക്കുന്ന അല്ലെങ്കിൽ നിലനിൽക്കേണ്ടുന്ന ഒരു രാഷ്ട്രത്തിലും സമൂഹത്തിലും അതിനനുഗുണമായ നിലപാടുകളാണോ മാധ്യമങ്ങൾ അനുവർത്തിക്കുന്നത് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയും മുൻപ് രാജവാഴ്ച നിലനിന്നിരുന്ന ഭൂപ്രദേശങ്ങളും ഒന്നുചേർന്ന് സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയ ഇന്ത്യ 1950 ജനുവരി 26ന് നിലവിൽ വന്നു. അന്നോളം അധികാരത്തിന്റെ മധുരം നുകർന്നുപോന്ന രാജാക്കന്മാരുടെ സൗകര്യങ്ങളെ ഇന്ത്യൻ റിപ്പബ്ലിക് തന്ത്രപരമായാണ് നേരിട്ടത്. മഹാഭൂരിഭാഗം നാട്ടുരാജ്യങ്ങളിലും രാജപ്പട്ടം നിലനിന്നിരുന്ന 'തിരുമനസുകളെ'ത്തന്നെ 'രാജപ്രമുഖ്' ആയി അവരോധിച്ചു. 1956-ലെ സംസ്ഥാന പുനരേകീകരണ നിയമം 'രാജപ്രമുഖ്' സ്ഥാനം നീക്കം ചെയ്തുകൊണ്ട് 'രാജപ്രമുഖ്' പദവി നിലനിന്നിരുന്ന ഇടങ്ങളിൽ ഗവർണ്ണർസ്ഥാനം കൊണ്ടു വരികയും ചെയ്തു. പിന്നീടങ്ങോട്ട് രാഷ്ട്രീയമുന്നേറ്റങ്ങളും പരിവർത്തനവും സാധ്യമാകാത്ത ഇടങ്ങളിൽ ഇതേ മുൻ-രാജകുടുംബാംഗങ്ങൾ രാഷ്ട്രീയാധികാരത്തിലും നേതൃത്വത്തിലും ഒക്കെ തുടർന്നു പോന്നു. പാർട്ടി നേതാക്കളായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും എംപിയും എംഎൽഎയുമൊക്കെയായി കുടുംബ മഹിമയുടെ തണലിൽ ചിലരങ്ങ് വിരാജിച്ചു പോന്നു. കോൺഗ്രസ്സ്- ബിജെപി നേതാക്കളായ കരൺ സിംഗ്, മാധവ റാവു സിന്ധ്യ, ജ്യോതിരാദിത്യ സിന്ധ്യ, വസുന്ധര രാജെ, അമരീന്ദർ സിംഗ്, പ്രണീത് കൗർ, ദിഗ് വിജയ് സിംഗ്, ജയ് വർധന സിംഗ് അങ്ങനെ പോകുന്നു ആ നിര.

1972-ൽ ഇരുപത്താറാം ഭരണഘടന ഭേദഗതിയോടെ മുൻ-രാജകുടുംബങ്ങൾക്ക് ലഭ്യമായിരുന്ന വിശേഷാനുകൂല്യങ്ങൾ പ്രിവിപേഴ്‌സ് ഉൾപ്പെടെ റദ്ദു ചെയ്യുകയാണുണ്ടായത്. അത്തരത്തിലൊരു ഭേദഗതിയ്ക്കായ് മുന്നോട്ടുവച്ച ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങളും കാരണങ്ങളുമടങ്ങുന്ന രേഖയിൽ മുൻ-രാജകുടുംബങ്ങൾ അനുഭവിക്കുന്ന വിശേഷാനുകൂല്യങ്ങൾ സമത്വാധിഷ്ഠിതമായ സാമൂഹ്യക്രമത്തിനു യോജിച്ചതല്ലെന്നും അതുകൊണ്ടുതന്നെ അത്തരം ആനുകൂല്യങ്ങൾ റദ്ദ് ചെയ്യേണ്ടതുമാണെന്ന് പ്രസ്താവിക്കുന്നു. സർവ്വോപരി ഭരണഘടനയുടെ പതിനെട്ടാം അനുഛേദം, അക്കാദമികവും സൈനികവുമായ പദവികൾ ഒഴികെ മറ്റൊന്നും വ്യക്തികളിന്മേൽ ഭരണവ്യവസ്ഥിതി ചാർത്തി നൽകരുതെന്നും ആവശ്യപ്പെടുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിന്റെയും സാമൂഹ്യപുരോഗതിയുടെയുമെല്ലാം പ്രതിഫലനമാണ് പ്രസ്തുത അനുഛേദം. ഈ ജനാധിപത്യ റിപ്പബ്ലിക്കിനെ രൂപപ്പെടുത്തിയതും കയ്യേൽക്കുന്നതും ജനങ്ങൾ തന്നെയെന്നാണ് ഇന്ത്യയുടെ അടിസ്ഥാന നിയമ രേഖയായ ഭരണഘടനയുടെ ആമുഖം തന്നെ പ്രസ്താവിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മാധ്യമ സമൂഹവും നമ്മളും ഒക്കെചേർന്ന് ആ സുവർണാക്ഷരങ്ങളിൽ ഇന്ന് കാർക്കിച്ചു തുപ്പുകയാണ്.

നീതിബോധത്താലുള്ള സമത്വത്തിനുള്ള അവകാശം മൗലികമാണെന്നു പ്രഖ്യാപിക്കപ്പെട്ട ഭരണഘടനയുണ്ടെങ്കിലും അതു നടപ്പിലാക്കിയെടുക്കാൻ കോടതിയെ സമീപിക്കാൻ പോകാനാകാത്തവിധം സാമ്പത്തികശേഷിയും വിദ്യാശേഷിയും ഇല്ലാത്തവരാണ് ജനസംഖ്യയിൽ നല്ലൊരു ശതമാനവും. ആ ദുസ്സഹമായ ജനജീവിതങ്ങൾക്ക് ഒരറുതിവരുത്താനാകും വിധമാകട്ടെ നമ്മുടെ വർഗ്ഗബോധത്തിന്റെ വെളിച്ചവും പത്രമാധ്യമങ്ങളുടെ അച്ചുകൂടങ്ങളും മറ്റു സൈബർ ഇടങ്ങളും.

ഇവ്വിധമുള്ള പദവികൾ എങ്ങനെയാണ് ആശാസ്യകരമാകുന്നത്. ജന്മി ബാലകൃഷ്ണപിള്ള എന്നോ മാടമ്പി ശ്രീകണ്ഠൻ എന്നുമൊക്കെ ഇക്കാലത്തു പറഞ്ഞുപോയാലത് ന്യായീകരിക്കുക സാധ്യവുമല്ല. ഇതെല്ലാം അടിവരയിടുന്ന സമൂഹത്തിന്റെ വർഗ്ഗഘടന ഈ ജനാധിപത്യ രാഷ്ട്രത്തിൽ ഒരു പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടുന്നതുണ്ട്. ഇന്ത്യ റിപ്പബ്ലിക് ആയി രൂപപ്പെട്ടിട്ട് ആറരപതിറ്റാണ്ടു പിന്നിട്ടിട്ടും കുടുംബമഹിമയും കുലീനതയും സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കാഴ്ചകളിലും അച്ചുകളിലും അരികുപൊട്ടാത്ത പ്രതിഷ്ഠ നിലനിർത്തിപ്പോരുന്നു.

പാർശ്വവത്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്കും ഇത്തരത്തിൽ സാമൂഹ്യ മൂലധനം കയ്യാളുന്ന കുലീനമേലാളന്മാർക്കും ചൂഷിതരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനതയ്ക്കും ഭരണകൂടത്തിന്റെയോ സേവനങ്ങളുടെയോ ലഭ്യത ഒരേ തോതിലല്ല എന്നത് ഇന്ത്യൻ ഭരണഘടനയെ തന്നെ ലജ്ജിപ്പിക്കുന്ന സത്യമായ് ഇന്നും നിലനിൽക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക ഘടനയിൽ സാമ്പത്തിനുമേൽ കുത്തകാവകാശം അവസാനിപ്പിക്കണമെന്ന് അനുച്ഛേദം 39 ആവശ്യപ്പെടുന്നു. തൊഴിലാളി ക്ഷേമവും സാമൂഹ്യ വിഭവങ്ങളുടെ നീതിപൂർവകമായ വിതരണവും പ്രസ്തുത അനുച്ഛേദത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നിട്ടും കോർപറേറ്റ് താല്പര്യങ്ങൾ മാത്രം ഭരണകൂടവും മുഖ്യധാരാമാധ്യമങ്ങളും സംരക്ഷിച്ചുപോരുന്നു.

നീതിബോധത്താലുള്ള സമത്വത്തിനുള്ള അവകാശം മൗലികമാണെന്നു പ്രഖ്യാപിക്കപ്പെട്ട ഭരണഘടനയുണ്ടെങ്കിലും അതു നടപ്പിലാക്കിയെടുക്കാൻ കോടതിയെ സമീപിക്കാൻ പോകാനാകാത്തവിധം സാമ്പത്തികശേഷിയും വിദ്യാശേഷിയും ഇല്ലാത്തവരാണ് ജനസംഖ്യയിൽ നല്ലൊരു ശതമാനവും. ആ ദുസ്സഹമായ ജനജീവിതങ്ങൾക്ക് ഒരറുതിവരുത്താനാകും വിധമാകട്ടെ നമ്മുടെ വർഗ്ഗബോധത്തിന്റെ വെളിച്ചവും പത്രമാധ്യമങ്ങളുടെ അച്ചുകൂടങ്ങളും മറ്റു സൈബർ ഇടങ്ങളും. ആ വെളിച്ചത്തിന്റെ ഊർജ്ജത്തിൽ മണ്ണിന്റെ മാറിൽ വിരിയട്ടെ സമതയുടെ പൂക്കൾ.