വർഗീയതയുടെ കാലത്ത് മാർക്സിനെ വായിക്കുമ്പോൾ (ഭാഗം ഒന്ന്)

An old photograph of Karl Marx

മാർക്സിസം കാലഹരണപ്പെട്ടു പോയി എന്ന് വാദിക്കുന്ന ധാരാളം ആളുകളുണ്ട്. കാലഹരണപ്പെട്ടിട്ടില്ല എന്ന് കരുതുന്നവരുടെ ഇടയിലും അഭിപ്രായ ഭിന്നതകൾ ഉണ്ട്. മാർക്സിസം സാമ്പത്തികമാത്രവാദമാണെന്നും വർഗീയത പോലുള്ള പ്രശ്നങ്ങളെ പരിശോധിക്കാനുള്ള കഴിവ് മാർക്സിസത്തിനു ഇല്ലെന്നും കരുതുന്നവരുണ്ട്. ഇപ്പോൾ വളർന്നു വരുന്ന സത്വരാഷ്ട്രീയത്തിന്റെ ബഹുസ്വരതയുടെയും രാഷ്ട്രീയവുമായി മാർക്സിസം പൊരുത്തപ്പെടുകയാണ് വേണ്ടതെന്നും അതനുസരിച്ച് വർഗ്ഗസമരമടക്കമുള്ള മാർക്സിസ്റ് മുദ്രാവാക്യങ്ങൾ തിരുത്തിയെഴുതണമെന്നും വാദിക്കുന്ന നിരവധി മാർക്സിസ്റ് ബുദ്ധിജീവികൾ ഉണ്ട്. പുതിയ സാഹചര്യങ്ങളിൽ മാർക്‌സും ഗാന്ധിയും തമ്മിലുള്ള സമവായത്തിന് വേണ്ടി ശ്രമിക്കുന്നവരുണ്ട്.

ഇവരെല്ലാവരും മാർക്സിസത്തെ കാണുന്ന ചില പൊതു അളവുകോലുകൾ ഉണ്ട്. മാർക്സിസ്റ്റുകളും ഈ അളവുകോലുകൾ അംഗീകരിക്കുന്നുണ്ട്. അതിലൊന്ന് സാമ്പത്തിക നിർണയവാദമാണ്. സാമ്പത്തിക സമരങ്ങൾക്കാണ് മാർക്സ് ഊന്നൽ നൽകിയത്. മാർക്സ് സൂചിപ്പിച്ച വർഗങ്ങൾ സാമ്പത്തിക വര്ഗങ്ങളാണ്. മാർക്സ് പറഞ്ഞ വികസനവും സാമ്പത്തിക വികസനമാണ്. ആദ്യകാലത്ത് മാർക്സ് ഹെഗേലിയൻ (Hegelian) സ്വാധീനത്തിലുള്ള മാനവിക വാദിയായിരുന്നുവെന്നും പിന്നീട് അദ്ദേഹം ഒരു സാമ്പത്തിക സൈദ്ധാന്തികനായി എന്നും അക്കാലത്താണ് വിപ്ലവപ്രവർത്തനവും സൈദ്ധാന്തികാന്വേഷണവും ഒന്നിച്ചു കൊണ്ടുപോയതെന്നും പൊതുവെ കരുതപ്പെടുന്നുണ്ട്. സാമ്പത്തികബന്ധങ്ങളെയും രാഷ്ട്രീയ-ആശയപരമായ ഘടനയെയും ഒന്നിച്ചു വ്യവഹരിക്കാനായി മാർക്സ് ഉപയോഗിച്ച ‘അടിത്തറ-മേൽക്കൂര’ (base-superstructure) എന്ന രൂപകവും ഇതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഈ സമൂഹവ്യവസ്‌ഥകളെ സമഗ്രമായാണ് കാണേണ്ടതെന്ന മാർക്സിന്റേയും ഏംഗല്സിന്റെയും ആവർത്തിച്ചുള്ള നിലപാടുകളെ ഇവർ മറക്കുന്നു. ഈ സമഗ്രതയ്ക്കുള്ളിലെ ബന്ധങ്ങളെയും വൈരുധ്യങ്ങളെയുമാണ് പരിശോധിക്കേണ്ടത്. അടിത്തറയും മേൽക്കൂരയുമൊക്കെ പ്രയോജനപ്പെടുന്നത് അവിടെയാണ്. സാമ്പത്തിക ബന്ധങ്ങളെ ഈ സമഗ്രതയിൽ പ്രാഥമികമായി മാത്രമാണ് കണ്ടതെന്നും മറ്റുള്ളവയുടെ പ്രസക്തിയെ നിഷേധിച്ചിട്ടില്ലെന്നും മാർക്‌സും ഏംഗൽസും ആവർത്തിച്ചെഴുതിയതിനെ ഇവർ അവഗണിക്കുന്നു.

വർഗീയതയെ സംബന്ധിച്ച് മാർക്സിസ്റ്റുകളിൽ പലരും എടുത്ത് പോന്ന നിലപാടുകളിലും ഈ ദൗർബല്യങ്ങൾ കാണാം. ബ്രിട്ടീഷുകാരുടെ “ഭിന്നിപ്പിച്ച് ഭരിക്കുക” എന്ന തന്ത്രത്തിന്റെ ഭാഗമായാണ് വർഗീയത രൂപം കൊണ്ടതെന്നു വാദിച്ചവരുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഭരണകൂടതന്ത്രം പിന്നീട് വിജയിക്കുകയും ഇന്ത്യയും പാകിസ്ഥാനും രൂപപ്പെടുകയും ചെയ്തു. യാഥാർഥ്യമായി മാറിയ ഭരണകൂടതന്ത്രത്തിന്റെ ഭൗതികാടിത്തറ എന്തായിരുന്നുവെന്ന് അന്വേഷിച്ചില്ല. പിന്നീടും ജനങ്ങളുടെ യഥാർത്ഥ വർഗസമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ഒരു ഭരണവർഗ രാഷ്ട്രീയ തന്ത്രമായാണ് വർഗീയതയെ കണ്ടത്. ഇത് ഭരണവർഗ രാഷ്ട്രീയ തന്ത്രമാണെങ്കിൽ എന്ത് കൊണ്ട് ഇത് വീണ്ടും വീണ്ടും ഫലപ്രദമായി ഭരണകൂടത്തിന് ഉപയോഗിക്കാൻ കഴിഞ്ഞു. വർഗ സമരങ്ങളെ തകർക്കുന്ന വിധത്തിൽ വർഗീയത എന്തുകൊണ്ട് വളർന്നു വന്നു? 1930കൾ മുതൽ ആശയതലത്തിൽ വ്യാപിച്ചിരുന്ന ഹിന്ദുരാഷ്ട്ര സങ്കൽപം യാഥാർത്ഥ്യമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ എന്ത് കൊണ്ട് നടക്കുന്നു? ഭിന്നിപ്പിച്ചു ഭരിക്കാനാണോ ഇവർ ശ്രമിക്കുന്നത്, അതോ കൃത്യമായ മതരാഷ്ട്രീയ സംഹിതയുടെ കീഴിൽ ജനങ്ങളെ ഏകോപിപ്പിക്കാനാണോ? വർഗസമരങ്ങൾ വർഗീയസമരങ്ങളായി മാറുന്നില്ലേ? ഭരണകൂടത്തിനെതിരായ പ്രതിരോധത്തിനും സാമുദായികതയുടെ മുഖമല്ലേ ഇപ്പോൾ ഉള്ളത്?

ഹേഗലിന്റെ ലോകസത്തക്കു പകരം മനുഷ്യാദ്ധ്വാനത്തിൽ ഊന്നിയുള്ള സമീപനമാണ് മാർക്സ് ആവിഷ്ക്കരിച്ചത്. മനുഷ്യൻ തന്റെ ഭൗതികജീവിതം ഉൽപ്പാദിപ്പിക്കുന്നത് അദ്ധ്വാനത്തിലൂടെയാണ്. ചുറ്റുപാടുമുള്ള ഭൂമിയെയും, വെള്ളത്തെയും, അന്തരീക്ഷത്തെയും, പ്രകൃതിവിഭവങ്ങളെയും എല്ലാം ഉൽപ്പാദനോപാധികളായി ഉപയോഗിച്ചാണ് ജീവിതാവശ്യങ്ങൾ നിറവേറ്റുന്നത്. എന്നാൽ, മേലാളന്മാർ കനിഞ്ഞു നൽകുന്ന ആനുകൂല്യങ്ങൾ കൊണ്ടാണ് തന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റപ്പെടുന്നത് എന്നാണ് അയാൾ കരുതുന്നത്. മനുഷ്യാദ്ധ്വാനത്തിൽ നിന്നുണ്ടായ ഉൽപ്പന്നങ്ങൾ പോലും അയാൾക്ക് അന്യമായി തീരുന്നു. അയാളുടെ ജീവിതത്തിന്റെയും അധ്വാനത്തിന്റെയും മേലുള്ള ഉടമകളുടെ ആധിപത്യം അയാളെ നിരന്തര ദുരിതങ്ങളിൽ ആഴ്ത്തുന്നു. ഇതിൽ നിന്നുള്ള മോചനം അയാൾ തേടുന്നത് അതിഭൗതിക ശക്തികളിലാണ്, അഭൗമശക്തികളിലാണ്, ദൈവത്തിലാണ്. മതമാണ് അജ്ഞേയവൽക്കരണത്തിന്റെ രൂപമെന്ന ഫോയർബാഹിന്റെ വാദത്തോട് മാർക്സ് യോജിക്കുന്നില്ല.

മാർക്സിസം സാമ്പത്തിക വാദമാണെന്ന പാഠപുസ്തക നിലപാട് കൊണ്ട് ഇത്തരം ചോദ്യങ്ങൾക്കു ഉത്തരം കാണുക എളുപ്പമല്ല. അത് അംഗീകരിക്കാൻ ജാതിമതശക്തികളുടെ ഇപ്പോഴുള്ള ആധിപത്യം പ്രാഗാധുനിക ഫ്യുഡൽ വ്യവസ്‌ഥ ഇന്നും കൊടികുത്തി വാഴുന്നത് കൊണ്ടാണെന്ന ചില ബുദ്ധിജീവികളുടെയും പ്രവർത്തകരുടെയും വാദത്തെ അംഗീകരിക്കേണ്ടി വരും. അത് ചരിത്രനിഷേധമായിരിക്കും. ജാതിയും മതവും ഫ്യൂഡൽ അവശിഷ്ടങ്ങളാണെന്ന വാദവും ഉന്നയിക്കുന്നുണ്ട്. ഇരുന്നൂറു വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനും അരനൂറ്റാണ്ടിലേറെക്കാലത്തെ സ്വതന്ത്ര ഇന്ത്യൻ ഭരണകൂടവാഴ്ചക്കും ശേഷം ഈ ഫ്യൂഡൽ അവശിഷ്ടങ്ങൾ എന്തു കൊണ്ട് നിലനിൽക്കുന്നു? അവയെ നിലനിർത്തുന്നതാര്? മുതലാളിത്ത വികസനത്തിന്റേതായ കാലഘട്ടത്തിലും ജാതിക്കും മതത്തിനും എന്ത് കൊണ്ട് ആധികാരികത കൈവരിക്കാൻ സാധിക്കുന്നു?

മുതലാളിത്തത്തെയും ജാതിമതശക്തികളെയും സംബന്ധിച്ച് നിലനിർത്തിപ്പോരുന്ന ധാരണകളും തെറ്റിദ്ധാരണകളുമുണ്ട്. മുതലാളിത്തത്തിന്റെ വളർച്ചയുടെ ഭാഗമായി പൗരോഹിത്യത്തിനെതിരെയും വിശ്വാസപ്രമാണങ്ങൾക്കെതിരെയും അതിശക്തമായ വിമർശനം യൂറോപ്പിലുയർന്നുവെന്നത് നേരാണ്. ഫ്രഞ്ച്വിപ്ലവ ഭരണകൂടം പോലെ പല ഭരണകൂടങ്ങളും സെക്കുലർ ജനാധിപത്യ സംവിധാനങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നതും നേരാണ്. അതുകൊണ്ട് മുതലാളിത്ത വികാസത്തിന്റെ കാലത്തെ ഭരണകൂടവും ആശയസംഹിതകളും പൂർണമായി മതനിരപേക്ഷവും ജനാധിപത്യപരവും ആയിരുന്നുവെന്നു കരുതുന്നത് അസംബന്ധമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ മതപ്രചാരണത്തിനു വന്ന ക്രിസ്ത്യൻ മിഷനറിമാരെല്ലാം മുതലാളിത്ത ഭരണകൂടത്തിന്റെ സഹായത്തോടെ തന്നെയാണ് വന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ഭരണകൂടങ്ങളിലെല്ലാം മതശക്തികൾക്ക് നിർണായക സ്വാധീനം ഉണ്ടായിരുന്നു. പൂർണമായ മതനിരപേക്ഷ ഭരണകൂടങ്ങൾ എന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മാത്രം വളർന്നു വന്ന ആശയമാണ്. ജനാധിപത്യ അടിത്തറയും പല രാഷ്ട്രങ്ങളിലും ദുർബലമായിരുന്നു. മുതലാളിത്തത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനിൽ പോലും സ്ത്രീകൾക്ക് പ്രായപൂർത്തി വോട്ടവകാശം ലഭിച്ചത് 1928 ൽ മാത്രമാണ്. ഇന്ത്യയിൽ അരനൂറ്റാണ്ടോളം ഭരിച്ച ബ്രിട്ടീഷുകാർ ജാതിക്കെതിരെ പ്രത്യേകിച്ച് ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ചില അനാചാരങ്ങൾക്കും മര്യാദകൾക്കും എതിരായ സമീപനങ്ങൾ മാത്രമാണ് അവർ സ്വീകരിച്ചത്.

അപ്പോൾ മുതലാളിത്തത്തിന്റെ വളർച്ച എങ്ങനെയാണിവർ സാധിച്ചത്? മുതലാളിത്തം മൂലധനവും കൂലിവേലയും തമ്മിലുള്ള വൈരുദ്ധ്യാത്‌മക ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ലാഭാധിഷ്‌ഠിതമായ ഉത്പാദന രീതിയാണ്. അതിന്റെ വളർച്ചയ്ക്കാവശ്യമായ ഭൗതികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ അത് സൃഷ്ടിക്കുന്നു. സ്വാതന്ത്രവാണിജ്യം മുതൽ അഭിപ്രായപ്രകടന സ്വാതന്ത്ര്യവും സ്വത്തിന്റെയും ജീവന്റെയും സംരക്ഷണം വരെയുള്ള ആധുനികസമൂഹത്തിലെ പ്രധാന ഘടകങ്ങളെല്ലാം ഇതിന്റെ ഭാഗമാണ്. അതിന്റെ വികാസത്തിനെതിരായി വരുന്ന വ്യവസ്‌ഥകളെയും ചിന്താരൂപങ്ങളെയും അത് തകർക്കുന്നു, അവയിലുൾപ്പെടുന്ന ജനങ്ങളെ അത് ചിതറിപ്പിക്കുന്നു, അടിമകളും കൂലിപ്പട്ടാളവുമാക്കുന്നു. ഇന്ത്യയിലടക്കമുള്ള ലോകത്തിലെ നിരവധി ഭാഗങ്ങളിലെ മുതലാളിത്ത സന്നിവേശം സൃഷ്ടിച്ച മാറ്റങ്ങൾ വളരുന്ന മൂലധനസമാഹരണത്തിനു അനുരൂപമായിരുന്നു.

xdfdfd

മുതലാളിത്തത്തിന്റെ വളർച്ചയ്ക്കുള്ള സാഹചര്യമൊരുക്കുക എന്നതിൽ കവിഞ്ഞുള്ള സാമൂഹ്യപരിവർത്തനം നടത്താൻ മുതലാളിത്തം ഒരു കാലത്തും ഒരുക്കമല്ലായിരുന്നു. മുതലാളിത്ത സമൂഹത്തിൽ തന്നെ നിലനിൽക്കുന്ന മറ്റു ജനാധിപത്യ അവകാശങ്ങളെല്ലാം ബഹുജന പ്രക്ഷോഭങ്ങളിലൂടെ നേടിയതാണ്. അമേരിക്കയിലെ ആഫ്രോ-അമേരിക്കൻ അടിമത്തത്തിന്റെ അന്ത്യം, പ്രായപൂർത്തി വോട്ടവകാശം, തൊഴിൽ നിയമങ്ങൾ, സാർവത്രിക വിദ്യാഭാസം, സ്ത്രീസ്വാതന്ത്ര്യം, സംവാദാത്മകമായ പൊതുമണ്ഡലത്തിന്റെ വളർച്ച തുടങ്ങിയവ ഒന്നും മുതലാളിത്തം കനിഞ്ഞു നൽകിയ ആനുകൂല്യങ്ങളല്ല, പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതാണ്. ഇത് കാണിക്കുന്നത്, മുതലാളിത്തത്തിന്റെ വളർച്ചയ്ക്കുള്ള സാഹചര്യങ്ങൾ ഒരുങ്ങിക്കിട്ടിയാൽ മറ്റെല്ലാ സമൂഹരൂപങ്ങളെയും ആശയസംഹിതകളെയും ഉൾക്കൊള്ളാൻ മുതലാളിത്തം തയ്യാറാകുമെന്നാണ്. ജാതിയും മതവും അത്തരത്തിലുള്ള രൂപങ്ങളാണ്.

മതം മാർക്സിന്റെ സവിശേഷമായ പരിഗണനക്ക് വിധേയമായിട്ടുണ്ട്. മാർക്സിന്റെ ചിന്തകൾ രൂപം കൊണ്ട കാലഘട്ടത്തിൽ ജർമൻ ബുദ്ധിജീവികളുടെ പ്രധാന ചർച്ചാവിഷയം മതം ആയിരുന്നു. പ്രശസ്ത ചിന്തകനായിരുന്ന ഹേഗലിന്റെ ശിഷ്യന്മാരും അനുയായികളും ആയിരുന്ന യുവ ഹേഗലിയന്മാരാണ് ഈ ചർച്ചക്ക് തുടക്കമിട്ടത്. ഹേഗലിനെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെയും ചരിത്രത്തിന്റെയും അന്ത്യഘട്ടത്തിൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആധാരമായ ലോകസത്ത (World Spirit) ഇതൾ നിവർത്തി പുറത്തേക്കു വരും. ഇതു സ്വയം പ്രകടമാക്കുന്നത് ഒരു ലോകരാഷ്ട്രത്തിലൂടെയാണ്. ഈ ലോകരാഷ്ട്രം ആധ്യാത്മിക സത്തയുടെ ബഹിർപ്രകടനമായതു കൊണ്ട് അതിന്റെ കാതലായ താളം മതം ആയിരിക്കുമെന്നു ചില യുവ ഹേഗലിയന്മാർ വാദിച്ചു. ഈ വാദത്തെ മറ്റൊരു ഹേഗലിയനായ ഫോയർബാഹ് എതിർത്തു. മനുഷ്യാവസ്ഥയുടെ സ്വഭാവം തന്നെ നിർണയിക്കുന്നത് മനുഷ്യന് അയാൾ ഉൽപ്പാദിപ്പിച്ച സമൂഹവ്യവസ്ഥയുടെ മേൽ ഒരു നിയന്ത്രണം ഇല്ലാത്ത സ്ഥിതിയാണ്. അതിനുപകരം വ്യവസ്ഥ അയാളെ നിയന്ത്രിക്കുന്ന അനുഭവമാണ് മനുഷ്യർക്ക് ഉണ്ടാകുന്നത്. ഹേഗൽ ഇതിനെ വിളിച്ചത് അജ്ഞേയവൽക്കരണം (estrangement) എന്നാണ്. ഫോയർബാഹ് അജ്ഞേയവൽക്കരണത്തിന്റെ മുഖ്യ ദൃഷ്ടാന്തമായി മതത്തെ കണക്കാക്കി. തന്നിലുള്ള കഴിവുകളും ശക്തികളുമെല്ലാം അതിഭൗതികമായ ദൈവത്തിൽ അർപ്പിക്കുകയും ദൈവം തന്നെ രക്ഷിച്ചുകൊള്ളും എന്നു കരുതുകയും ചെയ്യുന്നതാണ് മനുഷ്യാവസ്ഥയുടെ സ്വഭാവം.

മാർക്സ് ഒരു പടികൂടി മുന്നോട്ടു പോയി. ഹേഗലിന്റെ ലോകസത്തക്കു പകരം മനുഷ്യാദ്ധ്വാനത്തിൽ ഊന്നിയുള്ള സമീപനമാണ് മാർക്സ് ആവിഷ്ക്കരിച്ചത്. മനുഷ്യൻ തന്റെ ഭൗതികജീവിതം ഉൽപ്പാദിപ്പിക്കുന്നത് അദ്ധ്വാനത്തിലൂടെയാണ്. ചുറ്റുപാടുമുള്ള ഭൂമിയെയും, വെള്ളത്തെയും, അന്തരീക്ഷത്തെയും, പ്രകൃതിവിഭവങ്ങളെയും എല്ലാം ഉൽപ്പാദനോപാധികളായി ഉപയോഗിച്ചാണ് ജീവിതാവശ്യങ്ങൾ നിറവേറ്റുന്നത്. എന്നാൽ, മേലാളന്മാർ കനിഞ്ഞു നൽകുന്ന ആനുകൂല്യങ്ങൾ കൊണ്ടാണ് തന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റപ്പെടുന്നത് എന്നാണ് അയാൾ കരുതുന്നത്. മനുഷ്യാദ്ധ്വാനത്തിൽ നിന്നുണ്ടായ ഉൽപ്പന്നങ്ങൾ പോലും അയാൾക്ക് അന്യമായി തീരുന്നു. അയാളുടെ ജീവിതത്തിന്റെയും അധ്വാനത്തിന്റെയും മേലുള്ള ഉടമകളുടെ ആധിപത്യം അയാളെ നിരന്തര ദുരിതങ്ങളിൽ ആഴ്ത്തുന്നു. ഇതിൽ നിന്നുള്ള മോചനം അയാൾ തേടുന്നത് അതിഭൗതിക ശക്തികളിലാണ്, അഭൗമശക്തികളിലാണ്, ദൈവത്തിലാണ്. മതമാണ് അജ്ഞേയവൽക്കരണത്തിന്റെ രൂപമെന്ന ഫോയർബാഹിന്റെ വാദത്തോട് മാർക്സ് യോജിക്കുന്നില്ല. ഭൗതികലോകത്തിൽ, സാമൂഹ്യ ഉൽപ്പാദനബന്ധങ്ങളിൽ നിന്നാണ് അജ്ഞേയവൽക്കരണം സൃഷ്ടിക്കപ്പെടുന്നത്. അയാളുടെ അദ്ധ്വാനത്താൽ സൃഷ്ടിക്കപ്പെട്ടതും എന്നാൽ ഇപ്പോൾ അയാളെ കീഴടക്കുന്നതുമായ ഭൗതികശക്തികളിൽ നിന്നുള്ള മോചനത്തിന് അയാൾ താങ്ങും തണലുമായി കാണുന്നത് മതത്തെയാണ്, ദൈവത്തെയാണ്.

യുവ ഹേഗലിയൻമാരെപ്പോലെ മതത്തെ മോചനമാർഗമായി മാർക്സ് കാണുന്നില്ല. ഫോയർബാഹിനെ പോലെ മനുഷ്യമോചനത്തെ മതത്തിൽ നിന്നുള്ള മോചനമാണ് കാണുന്നില്ല. മനുഷ്യമോചനം എന്നത് മനുഷ്യരെ അടിച്ചമർത്തുകയും അജ്ഞേയവൽക്കരിക്കുകയും അമാനവീകരിക്കുകയും ചെയ്യുന്ന ഉൽപ്പാദനബന്ധങ്ങളിൽ നിന്നുള്ള മോചനമാണ്. വർഗ്ഗസമൂഹങ്ങളിൽ ഉള്ളവരും ഇല്ലാത്തവരും മർദ്ദകരും മർദ്ദിതരും ചൂഷകരും ചൂഷിതരും ആനന്ദപൂർണരും ദുരിതങ്ങളിൽ ഉഴറുന്നവരും തമ്മിലുള്ള വൈരുധ്യങ്ങളിൽ നിന്നാണ് മതങ്ങളും രൂപം കൊള്ളുന്നത്. ഇഹലോകത്തിലെ ദുരിതങ്ങളുടെ പര്യവസാനം മതം മായികമായ പരലോകത്തിലെ കാഴ്ചകളിലും അനുഭവങ്ങളിലും പ്രതിഷ്ഠിക്കുന്നു. മനുഷ്യരുടെ ഉണ്മക്കും അദ്ധ്വാനശേഷിക്കും പകരം അവരുടെ തന്നെ അതിബൃഹത്തായ പ്രതിഫലനങ്ങളായ ദൈവത്തെയും ദൈവികശക്തിയെയും മതം പ്രതിഷ്ഠിക്കുന്നു. ഇഹലോകത്തിൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രരൂപങ്ങളായി സ്വർഗ്ഗവും നരകവും പ്രത്യക്ഷപ്പെടുന്നു. മനുഷ്യർ ഇഹലോകത്തിൽ ഇച്ഛിക്കുന്ന സംതൃപ്തിയും ആനന്ദവും ശാശ്വത സൗഭാഗ്യവും അതീന്ദ്രിയലോകത്തിൽ മനുഷ്യർ നേടുന്നു. അതു നേടുന്നതിനു വേണ്ടി ദുരിതമയമായ ഇഹലോകത്തിൽ തന്നെ ദൈവകല്പിതമായ ധാർമ്മികമൂല്യങ്ങളും ജീവിതശൈലികളും കൈവെടിയാതെ സൂക്ഷിക്കാൻ മതങ്ങൾ മനുഷ്യരോട് ആവശ്യപ്പെടുന്നു. അതു കൈവെടിയാത്തവർ ഭാവിയിൽ സ്വർഗ്ഗരാജ്യത്തിൽ എത്തും അതനുസരിച്ചു ജീവിക്കാത്തവർ അതിഭീദിതമായ ദുരിതങ്ങൾ കാത്തിരിക്കുന്ന നരകത്തിൽ എത്തുകയും അവിടെ നിന്ന് ശുദ്ധീകരിക്കപ്പെട്ട് സ്വർഗ്ഗരാജ്യത്തിൽ എത്താനുള്ള ഊഴം കാത്തു കഴിയുകയും ചെയ്യുന്നു.

(തുടരും)