‌‌‌‌‌‌‌ഒരു കോടതിവിധിയും ചില വ്യക്തിസ്വാതന്ത്ര്യസമസ്യകളും

നിയമപുസ്തകങ്ങളും ഭരണഘടനയും ഒരു വിഷയത്തെപ്പറ്റി എന്തെല്ലാം തന്നെ എഴുതിവച്ചിട്ടുണ്ടെങ്കിലും പൊലീസ്, കോടതി, ഗവണ്‍മെന്റ് എന്നിവ ഈ നിയമങ്ങളെ എപ്രകാരം വ്യാഖ്യാനിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയാണ് സാധാരണക്കാരന്‍ നിയമവിധേയതയെയും നിയമവിരുദ്ധതയെയും നിര്‍വചിക്കുന്നത്. ഒരു വിഷയത്തില്‍ കോടതികള്‍ സ്വീകരിക്കുന്ന നിലപാടുകളെയാണ് സാമാന്യജനങ്ങള്‍ ആ വിഷയത്തിന്റെ നിയമവശത്തെപ്പറ്റിയുള്ള അവസാനവാക്കായി കരുതിപ്പോരുന്നത്. ഒരു കോടതി ഒരവസരത്തില്‍ പുറപ്പെടുവിക്കുന്ന വിധി പിന്നീട് സമാനവിഷയങ്ങളില്‍ കീഴ്വഴക്കം സൃഷ്ടിക്കുന്നു. പരിഷ്ക്കൃതവും കെട്ടുറപ്പുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ നിയമവ്യവസ്ഥ നിലനില്ക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും, സമൂഹത്തിന്റെ ഭാവിയെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള നിയമപരിഷ്ക്കാരങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതും പൊതുസമൂഹത്തിന്റെയും കൂടി കര്‍ത്തവ്യമാണല്ലോ. നിലവിലുള്ള നിയമവ്യവസ്ഥയെ നിരൂപണാത്മകമായി നോക്കിക്കണ്ടുള്ള ചര്‍ച്ചകളും പഠനങ്ങളും പൊതുസമൂഹത്തില്‍ നിരന്തരമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഈ ലക്ഷ്യത്തിന് അനിവാര്യമാണ്.

വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള നിയമവീക്ഷണത്തെ വിശദീകരിക്കുന്ന ചില പ്രധാന വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിധി ബഹു: കേരള ഹൈക്കോടതി അടുത്തയിടെ പുറപ്പെടുവിക്കുകയുണ്ടായി. നിയമം വ്യക്തികള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള - വിശേഷിച്ച് പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് സ്വന്തം തൊഴില്‍മേഖല, ജീവിതപങ്കാളി എന്നിവയുടെ തിരഞ്ഞെടുപ്പിലുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള - നമ്മുടെ മുന്‍ധാരണകളില്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിധിയിലെ വ്യാഖ്യാനങ്ങളെ വിശകലനം ചെയ്യുകയും അവ ഉയര്‍ത്തുന്ന ചില സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയ്ക്ക് കളമൊരുക്കുകയുമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഫെബ്രുവരി 2014-ലെ കോടതിവിധിയില്‍ നിന്നും

WP (Crl) No. 39 of 2014 റിട്ട് പെറ്റീഷനില്‍ ബഹു: കേരള ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവില്‍നിന്നുള്ള1 ഉദ്ധരണി (ഖണ്ഡിക 21-ന്റെ തര്‍ജ്ജമ): "ജീവിതത്തിന്റെ മറ്റു മേഖലകളിലെന്നപോലെ സാമൂഹ്യവും സദാചാരപരവുമായ മൂല്യങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നത് നാം അംഗീകരിക്കുന്നു. ഓരോ പൗരന്റെയും സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുത്തിട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. എന്നിരിക്കിലും, നാം അഭിമാനപൂര്‍വം ചര്‍ച്ചചെയ്യുന്ന ഈ മാറ്റങ്ങളും, പൗരന്മാര്‍ക്ക് ഉറപ്പുവരുത്തിയിട്ടുള്ള സ്വാതന്ത്ര്യങ്ങളും അതിന്റെ പരിധികള്‍ക്കപ്പുറം വ്യാപിപ്പിക്കുവാനോ, അത്തരം സ്വാതന്ത്ര്യം നമ്മുടെ അടിസ്ഥാനമൂല്യങ്ങളെയോ കുടുംബം തുടങ്ങിയ - മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഉപദേശിക്കുവാനും നേര്‍വഴിക്കു നയിക്കുവാനുമുള്ള അവകാശം സംശയലേശമെന്യേ അനുവദിച്ചിട്ടുള്ള - സാമൂഹ്യസ്ഥാപനങ്ങളെയോ തകര്‍ക്കുവാനുള്ള ആയുധങ്ങളാകാനോ അനുവദിച്ചുകൂടാ. മാതാപിതാക്കള്‍ എല്ലാ സാഹചര്യങ്ങളിലും തങ്ങളുടെ കുട്ടികളുടെ സ്വയം തീരുമാനങ്ങളെടുക്കാനുള്ള അവകാശത്തെ, അവര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ക്കൂടി, സമ്മതിച്ചുകൊടുക്കണമെന്നോ താന്താങ്ങളുടെ മക്കള്‍ അവര്‍ക്കു മാത്രമല്ല കുടുംബത്തിനുതന്നെയും വിനാശകരമായേക്കാവുന്ന, തെറ്റായതും പക്വതയില്ലാത്തതുമായ തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യങ്ങളില്‍പ്പോലും നിസ്സഹായരായി നോക്കിയിരിക്കേണ്ടിവരുന്നതും, ഒരു പൊതുതത്ത്വമായി നമുക്ക് സ്വീകരിക്കുവാന്‍ സാധിക്കുകയില്ല. ചാന്‍സെറി ഡിവിഷന്‍2 ചൂണ്ടിക്കാണിച്ചിട്ടുള്ളതും അതിന്‍പ്രകാരം സദാനന്ദന്‍ കേസില്‍3 അംഗീകരിച്ചിട്ടുള്ളതുമായ സാഹചര്യങ്ങളിലൊഴികെ, ഇത്തരത്തിലുള്ള മാതാപിതാക്കളുടെ അധികാരം -അത് തങ്ങളുടെ മക്കളുടെ ആത്യന്തികമായ നന്മക്കുവേണ്ടി ഉപയോഗിക്കുന്നതാകയാല്‍, ഒരു റിട്ട് കോടതിയുടെ അധികാരപരിധിക്ക് പുറത്തായിരിക്കേണ്ടതാണ്. അത് ചിലപ്പോള്‍ മക്കളുടെ അപ്രീതിക്കോ, പ്രതിഷേധത്തിനോ, മാതാപിതാക്കളോടുള്ള വിദ്വേഷത്തിനോ വഴിവച്ചേക്കാം. എങ്കില്‍ക്കൂടിയും, മക്കളുടെ നന്‍മയാണ് ഈ പ്രവര്‍ത്തികളുടെയെല്ലാം ആത്യന്തികമായ ഉദ്ദേശ്യവും ലക്ഷ്യവുമെന്നതിനാല്‍, ഇത്തരം പ്രതികരണങ്ങള്‍ നമ്മുടെ ന്യായവിധിയെ സ്വാധീനിക്കുവാന്‍ പാടുള്ളതല്ല. അനന്യസാധാരണസാഹചര്യങ്ങളിലൊഴികെ, മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ കമിതാക്കള്‍ക്കോ മക്കള്‍ക്കുതന്നെയോ അപ്രീതിയുണ്ടാക്കുന്നവിധത്തില്‍ തങ്ങളില്‍ നിക്ഷിപ്തമായ രക്ഷാകര്‍ത്തൃ അധികാരം വിനിയോഗിക്കുന്ന അവസരത്തില്‍ കോടതി ഇടപെടേണ്ടതല്ല4.” മേല്‍ഖണ്ഡികയില്‍ കോടതി കീഴ്വഴക്കമായി പരാമര്‍ശിച്ചിട്ടുള്ളതും വിധിന്യായത്തിന്റെ പതിന്നാലാം ഖണ്ഡികയില്‍ വിശദമാക്കിയിട്ടുള്ളതുമായ 1883-ലെ ചാന്‍സെറി ഡിവിഷന്‍2 (ബ്രിട്ടീഷ് സംവിധാനത്തില്‍ നിലവിലുണ്ടായൊരുന്ന ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍) വിധിയില്‍, അച്ഛന്റെ അധികാരത്തിന്റെ മേലുള്ള കോടതി ഇടപെടല്‍ നീതീകരിക്കുന്ന മൂന്നുതരം സാഹചര്യങ്ങള്‍ സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്: “ 1) അസാന്മാര്‍ഗിക ജീവിതത്തിലൂടെ അച്ഛന്‍ തന്റെ അവകാശം നഷ്ടപ്പെടുത്തിയ അവസ്ഥ. 2) അച്ഛന്‍ തന്റെ അധികാരം സ്വമേധയാ ഒഴിഞ്ഞു കൊടുക്കുക. 3) അച്ഛന്‍ മക്കളെ കോടതിയുടെ അധികാരാതിര്‍ത്തിക്കു പുറത്തേക്കു കടത്തിക്കൊണ്ടുപോവുക.5” വിധിന്യായത്തിന്റെ പതിനേഴാം ഖണ്ഡികയില്‍ കോടതി 1992 (1) KLT 729 നമ്പര്‍ കേസിന്റെ വിധിയിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നു: "പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ മേലുള്ള മാതാപിതാക്കളുടെ മേല്‍നോട്ടവും നിയന്ത്രണവും ഈ കോടതിയുടെ റിട്ട് പുറപ്പെടുവിക്കുവാന്‍ പര്യാപ്തമായ നിയമവിരുദ്ധമായ കൈവശംവെയ്ക്കലാണെന്നു പറയാനാവില്ല. അസാധാരണ സാഹചര്യങ്ങളിലൊഴിച്ച്, മാതാപിതാക്കള്‍ സ്വാഭാവികമായും തങ്ങളുടെ മക്കളുടെ ക്ഷേമത്തില്‍ തല്‍പരരായിരിക്കുകയും, സാധാരണനിലയില്‍ മക്കളുടെ തൊഴിലിനെയും ഭാവിയെയും സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഉചിതരായ വ്യക്തികളുമാണ്. കൗമാരചാപല്യങ്ങളില്‍നിന്നുള്ള സംരക്ഷണത്തിനായി മാതാപിതാക്കള്‍ക്ക് മക്കളുടെ മേല്‍, വിശേഷിച്ചും പെണ്‍മക്കളുടെ മേല്‍ നിയന്ത്രണത്തിനുള്ള അധികാരമുണ്ട്.6"

നിയമത്തിലെ അവ്യക്തതകള്‍

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ തൊഴില്‍മേഖല, ജോലി, ജീവിതപങ്കാളിയുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍, പ്രസ്തുത വ്യക്തിയുടെ ഇംഗിതത്തിനു വിരുദ്ധമായിട്ടുകൂടി തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ക്ക് അധികാരം നല്‍കുന്ന നിയമവ്യവസ്ഥ ചില സങ്കീര്‍ണ്ണവും കുഴക്കുന്നതുമായ ചോദ്യങ്ങള്‍ക്ക് ഇടനല്‍കുന്നു.

  1. ഏതു പ്രായം വരെയാണ് മാതാപിതാക്കള്‍ക്ക് മക്കളുടെ മേല്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ അധികാരമുള്ളത്? ഒരു വ്യക്തി ഏതു പ്രായം വരെ എടുക്കുന്ന തീരുമാനങ്ങളെയാണ് കൗമാരചാപല്യങ്ങളായി കണക്കാക്കാനാവുക? മാതാപിതാക്കളുടെ കാലശേഷമാണോ മക്കള്‍ക്ക് സമ്പൂര്‍ണ സ്വയംനിര്‍ണയാവകാശം കൈവരിക?അതോ അതിനുശേഷം കുടുംബത്തിലെ തലമൂത്ത കാരണവര്‍ തുടങ്ങിയവരിലേക്ക് ഈ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കൈമാറ്റം ചെയ്യപ്പെടുമോ?

  2. ആണ്‍പെണ്‍ഭേദമെന്യേ പ്രായപൂര്‍ത്തിയായ എല്ലാ മക്കളുടെ മേലുമുള്ള മാതാപിതാക്കളുടെ നിയന്ത്രണാധികാരങ്ങള്‍ ഒരുപോലെയാണോ? വിശേഷിച്ച് പെണ്‍മക്കളുടെ കാര്യത്തില്‍ കൂടുതലായ നിയന്ത്രണാധികാരങ്ങള്‍ എന്തെങ്കിലുമുണ്ടോ? പ്രായപൂര്‍ത്തിയായ മക്കളുടെ മേലുള്ള അച്ഛന്റെയും അമ്മയുടെയും അധികാരങ്ങള്‍ തുല്യമാണോ? അതോ അച്ഛന് വിശേഷാധികാരങ്ങളുണ്ടോ? അച്ഛനും അമ്മയും രണ്ടഭിപ്രായക്കാരായാല്‍ അച്ഛന്റെ അഭിപ്രായത്തിനാണോ മേല്‍ക്കോയ്മ ലഭിക്കുക ?

  3. വിവാഹിതരായി ജീവിക്കുന്ന മക്കളുടെ വിവാഹബന്ധം കുടുംബത്തിന്റെയോ മക്കളുടെ തന്നെയോ നന്മയ്ക്ക് വിരുദ്ധമാണ് എന്ന് മാതാപിതാക്കള്‍ക്ക് ബോധ്യപ്പെടുന്നപക്ഷം ആ വിവാഹബന്ധത്തില്‍നിന്നും അവരെ തങ്ങളുടെ രക്ഷകര്‍ത്തൃ അവകാശം വിനിയോഗിച്ച് അവരുടെ ഇംഗിതങ്ങള്‍ക്കെതിരായിക്കൂടിയും മാറ്റിപ്പാര്‍പ്പിക്കുവാനും വേണ്ടിവന്നാല്‍ വിവാഹബന്ധം തന്നെ വേര്‍പെടുത്തുവാനും മാതാപിതാക്കള്‍ക്ക് അധികാരമുണ്ടോ?

  4. നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതും എന്നാല്‍ തങ്ങളുടെ അഭിപ്രായത്തില്‍ തെറ്റായ നിലപാടുകള്‍ പിന്തുടരുന്നതുമായ രാഷ്ട്രീയസാമൂഹ്യപ്രസ്ഥാനങ്ങളില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതില്‍ നിന്നോ, വേണ്ടിവന്നാല്‍ വോട്ടവകാശം തന്നെ അപക്വമായി വിനിയോഗിക്കുന്നതില്‍നിന്നോ മക്കളെ രക്ഷകര്‍ത്തൃ അവകാശം ഉയോഗിച്ച് തടയുവാന്‍ മാതാപിതാക്കള്‍ക്ക് നമ്മുടെ നിയമവ്യവസ്ഥ അധികാരം നല്‍കുന്നുണ്ടോ?

  5. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി നിയമവ്യവസ്ഥയ്ക്ക് വിധേയമായി ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ തുടരുന്നത് ആ വ്യക്തിയുടെയോ കുടുംബത്തിന്റെയോ ക്ഷേമത്തിനു യോജിച്ചതല്ല എന്നു മാതാപിതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ ആ തൊഴിലില്‍ ഏര്‍പ്പെടുന്നതില്‍നിന്നും ആ വ്യക്തിയെ തടയാന്‍ മാതാപിതാക്കള്‍ക്കളുടെ രക്ഷകര്‍ത്തൃ അധികാരം അവര്‍ക്ക് അനുവാദം നല്‍കുന്നുണ്ടോ? അങ്ങിനെയെങ്കില്‍, അപകടസാദ്ധ്യതയുള്ള പല തൊഴിലുകളിലും (സൈന്യവും പൊലീസുമുള്‍പ്പെടെ) ഏര്‍പ്പെട്ട് ജീവിക്കുന്ന മക്കളെ ആ തൊഴിലില്‍ തുടരുന്നതില്‍നിന്നും തടയുവാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടാവുകയില്ലേ?

  6. പെണ്‍മക്കളുടെ ഭാവി സാമ്പത്തികഭദ്രതയും ഭര്‍തൃഗൃഹത്തിലെ സ്വൈര്യജീവിതവും ലക്ഷ്യമാക്കി മാതാപിതാക്കള്‍ നല്‍കാന്‍ തയാറാവുന്ന സ്ത്രീധനവും, പെണ്‍മക്കള്‍ കൗമാരചാപല്യങ്ങളില്‍ വീണുപോകാതെ സംരക്ഷിക്കുന്നതിനായി നടത്തപ്പെടുന്ന ശൈശവവിവാഹങ്ങളും മറ്റും, മക്കളുടെ നന്‍മയാണ് ഈ പ്രവര്‍ത്തികളുടെയെല്ലാം ആത്യന്തികമായ ഉദ്ദേശ്യവും ലക്ഷ്യവുമെന്നതിനാല്‍ നിയമവിരുദ്ധമല്ലെന്നുവരുമോ?

  7. പ്രായപൂര്‍ത്തിയായെങ്കിലും, സ്വന്തം തൊഴിലിനെപ്പറ്റിയോ ജീവിതപങ്കാളിയെപ്പറ്റിയോ തീരുമാനങ്ങളെടുക്കുവാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യമില്ലാത്ത വ്യക്തികളെ, മറ്റുള്ളവരുടെ ജീവിതത്തെ നിര്‍ണായകമായി ബാധിക്കുന്ന തീരുമാനങ്ങളെടുക്കേണ്ടിവരുന്ന ഡോക്ടര്‍, പൊലീസ്, അദ്ധ്യാപകന്‍, ജഡ്ജി തുടങ്ങിയ സ്ഥാനങ്ങളിലിരിക്കാനനുവദിക്കുന്നത് സാമാന്യയുക്തിക്ക് വിരുദ്ധമാവില്ലേ?

  8. അവസാനമായി, 1883-ലെ ബ്രിട്ടീഷ് ഹൈക്കോടതി (ചാന്‍സെറി ഡിവിഷന്‍) വിധിയിലെ വ്യവസ്ഥകളെ ആസ്പദമാക്കിത്തന്നെയാണോ ഇന്ത്യന്‍ നിയമം ഒന്നേകാല്‍നൂറ്റാണ്ടിനു ശേഷം ഇന്നും അച്ഛന്റെ അധികാരത്തിന്റെ മേലുള്ള കോടതി ഇടപെടല്‍ നീതീകരിക്കപ്പെടുന്ന സാഹചര്യങ്ങളെ വിലയിരുത്തേണ്ടത്? 1883-ല്‍ ബ്രിട്ടീഷ്‌ വനിതകള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നില്ല 7. വിവാഹമോചനത്തിനായുള്ള വ്യവസ്ഥകളില്‍ ബ്രിട്ടീഷ് നിയമം ലിംഗവിവേചനം ഒഴിവാക്കിയത് 1923-ല്‍ മാത്രമാണ് 7. ഭര്‍ത്താവിന്റെ മരണശേഷം സ്വന്തം കുട്ടികളുടെ നിയമപ്രകാരമുള്ള രക്ഷകര്‍തൃത്ത്വം ബ്രിട്ടീഷ് സ്ത്രീകള്‍ക്ക് അംഗീകരിച്ചുകിട്ടിയതുപോലും 1886-ല്‍ ആണ് 7. ഇതില്‍നിന്നെല്ലാം 1883-ലെ ബ്രിട്ടീഷ് വ്യക്തിസ്വാതന്ത്ര്യനിയമവ്യവസ്ഥകള്‍ ഇന്നത്തെ കാലഘട്ടത്തിനെ അപേക്ഷിച്ച് എത്രയോ പ്രാകൃതമായിരുന്നു എന്നത് വ്യക്തമല്ലേ? ഈ അവസ്ഥയില്‍നിന്നും ബ്രിട്ടീഷ് നിയമം എത്രയോ മുന്നോട്ടുപോയിക്കഴിഞ്ഞു. പരിഷ്ക്കാരങ്ങള്‍ക്ക് നമ്മുടെ നിയമവ്യവസ്ഥയില്‍ ഇനിയും സമയമായിട്ടില്ലേ?

പ്രായപൂര്‍ത്തിയായെങ്കിലും, സ്വന്തം തൊഴിലിനെപ്പറ്റിയോ ജീവിതപങ്കാളിയെപ്പറ്റിയോ തീരുമാനങ്ങളെടുക്കുവാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യമില്ലാത്ത വ്യക്തികളെ, മറ്റുള്ളവരുടെ ജീവിതത്തെ നിര്‍ണായകമായി ബാധിക്കുന്ന തീരുമാനങ്ങളെടുക്കേണ്ടിവരുന്ന ഡോക്ടര്‍, പൊലീസ്, അദ്ധ്യാപകന്‍, ജഡ്ജി തുടങ്ങിയ സ്ഥാനങ്ങളിലിരിക്കാനനുവദിക്കുന്നത് സാമാന്യയുക്തിക്ക് വിരുദ്ധമാവില്ലേ?

രക്ഷിതാക്കളുടെ ഇടപെടലുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ഒരു വ്യക്തിയുടെ പ്രവര്‍ത്തനമേഖല, ജോലി, ജീവിതപങ്കാളി തുടങ്ങിയ കാര്യങ്ങളിലെ തീരുമാനങ്ങള്‍ ആ വ്യക്തിയുടെ ഇംഗിതങ്ങള്‍ക്കെതിരായി നടപ്പാക്കപ്പെടുമ്പോഴും, ഈ തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയും ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം ആ വ്യക്തിയുടേതായിത്തന്നെ തുടരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, അധികാരം നഷ്ടമാവുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഒഴിവാകുന്നില്ല എന്ന അടിസ്ഥാന വൈരുദ്ധ്യം അവശേഷിക്കുന്നു. ഉദാഹരണത്തിന്, എഞ്ചിനീയറിങ്ങില്‍ യാതൊരു അഭിരുചിയുമില്ലാത്ത എത്രയോ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാതാപിതാക്കളുടെ തീരുമാനങ്ങള്‍ക്കനുസൃതമായി എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസത്തിന് ചേരുകയും ഒടുവില്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. പഠനം പൂര്‍ത്തിയാക്കിയവരാകട്ടെ, ഏതെങ്കിലും വിധത്തിലുള്ള ജോലികള്‍ക്ക് ശ്രമിച്ച് ഒടുവില്‍ പലപ്പോഴും തങ്ങള്‍ക്കു ലഭിച്ച തൊഴില്‍ പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് ജീവിക്കുന്നു. ഇങ്ങനെ യൗവനാരംഭത്തില്‍ത്തന്നെ ദിശാബോധം നഷ്ടപ്പെട്ട ഒരു ജനവിഭാഗം സൃഷ്ടിക്കപ്പെടുന്നു. മക്കളുടെ പ്രവര്‍ത്തിമേഖലയെപ്പറ്റി, അവരുടെ സുരക്ഷിതമായ സാമ്പത്തികഭാവിയെ മാത്രം ലക്ഷ്യമാക്കി മാതാപിതാക്കള്‍ തീരുമാനിക്കുമ്പോളുണ്ടാകുന്ന സാമൂഹ്യദുരന്തമാണിത്. പിഴച്ചുപോകുന്ന ഇത്തരം തീരുമാനങ്ങളുടെ ഭവിഷ്യത്തുകള്‍ പേറി ജീവിക്കേണ്ടിവരുന്ന ഒട്ടേറെ യുവാക്കള്‍ നമ്മുടെ കണ്‍മുന്നില്‍ത്തന്നെയുണ്ട്.

വ്യക്തിതാല്‍പര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ബലികഴിക്കപ്പെടുന്നത് വിവാഹക്കാര്യത്തിലാണ്. അച്ഛനമ്മമാരുടെയും കുടുംബത്തിന്റെയും ധനസ്ഥിതിയും അഭിമാനവും സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കാനുള്ള വേദികളായി വിവാഹങ്ങള്‍ മാറുമ്പോള്‍, വിവാഹിതരാകുന്നവര്‍ അലങ്കരിച്ച പ്രദര്‍ശനവസ്തുക്കളായിത്തീരുന്നു. നിയമവിരുദ്ധമെങ്കിലും സ്ത്രീധനസമ്പ്രദായം സമൂഹത്തില്‍ രഹസ്യമായല്ല നിലനില്‍ക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ടു നടക്കുന്ന നിയമവിരുദ്ധവും നിയമവിധേയവുമായ അനാചാരങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയമവ്യവസ്ഥിതിയോ പൊതുസമൂഹമോ ഇക്കാര്യത്തില്‍ പുരോഗമനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ തികച്ചും പരാജയപ്പെട്ടു എന്നത് വസ്തുതയല്ലേ? സാമ്പത്തികശേഷിയുണ്ടെങ്കിലും തങ്ങളുടെ മക്കളുടെ വിവാഹം തികച്ചും ലളിതമായി നടത്തുവാന്‍ ആര്‍ജ്ജവമുള്ള എത്ര മാതാപിതാക്കളെ നാം ചുറ്റും കണ്ടുമുട്ടുന്നുണ്ട്? വിവാഹം തീരുമാനിക്കുന്ന സമയത്താകട്ടെ, ഒരുമിച്ചു ജീവിക്കേണ്ടവരുടെ മനപ്പൊരുത്തത്തിനു പകരം ജാതകപ്പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്കും ജാതിമത സാമ്പത്തികപരിഗണനകള്‍ക്കുമെല്ലാം മേല്‍ക്കോയ്മ ലഭിക്കുന്നു. മക്കളുടെ ആത്യന്തികമായ നന്മക്കു വേണ്ടിയെന്നു കരുതി ചെയ്യുന്ന ഈ ക്രിയകള്‍ക്കെല്ലാമൊടുവില്‍ എത്ര കുടുംബങ്ങള്‍ വിവാഹം നടത്തി കടക്കെണിയിലാവുന്നു! എത്ര യുവതികള്‍ അറബിക്കല്യാണങ്ങളിലും മൈസൂര്‍കല്യാണങ്ങളിലും ചെന്നുപെടുന്നു. വിവാഹമോചനനിരക്കാവട്ടെ, കുടുംബം മുന്‍കൈയെടുത്തു നടത്തിയ വിവാഹങ്ങള്‍ക്കിടയിലും നാള്‍ക്കുനാള്‍ ഏറിവരുന്നു.

ഇത്രയും ഇവിടെ സൂചിപ്പിച്ചത്, വ്യക്തികളുടെ ജോലിയെയും കുടുംബജീവിതത്തെയും പറ്റി മാതാപിതാക്കള്‍ തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്ന നമ്മുടെ സാമൂഹ്യവ്യവസ്ഥ ഒട്ടും അനുകരണീയമോ ആരോഗ്യകരമോ ആയ ഒരു മാതൃകയല്ല മുന്നോട്ടുവയ്ക്കുന്നത് എന്നു ചൂണ്ടിക്കാണിക്കുവാനാണ്. ജീര്‍ണമായ ഈ സാമൂഹ്യാവസ്ഥയെ സത്യസന്ധമായി അംഗീകരിക്കുന്നതിനു പകരം, കുടുംബം തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങളുടെ നിലനില്‍പ്പിനെന്ന പേരില്‍ അതിനെ പിന്താങ്ങുവാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍ സാധൂകരിക്കത്തക്കതാണെന്ന് കരുതുവാന്‍ നിര്‍വാഹമില്ല. അവരവരുടെ പ്രവര്‍ത്തനമേഖലകളില്‍ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് തീരുമാനങ്ങളെടുക്കുവാനുള്ള പ്രാപ്തി തെളിയിച്ച പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന ഘട്ടത്തില്‍, ജാതി, മതം, സ്ത്രീധനം തുടങ്ങിയ സാമൂഹ്യജീര്‍ണതകളെ മറികടന്ന് മുന്നോട്ടുപോകുവാന്‍ ശ്രമിക്കുമ്പോള്‍പ്പോലും, അവരെ തിരികെ വ്യവസ്ഥിതിയിലേക്ക് തള്ളിയിടുന്ന നിയമവ്യവസ്ഥയും ദുരഭിമാനക്കൊലകള്‍ക്കുപോലും മടിക്കാത്ത നിര്‍ദ്ദയമായ സാമൂഹ്യാവസ്ഥയും തികച്ചും അപരിഷ്ക്കൃതവും നിരാശാജനകവുമാണ് എന്നു പറയേണ്ടിവരുന്നു. ഒരു പരിഷ്ക്കൃതസമൂഹത്തിനനുയോജ്യമായ നിയമപരിഷ്ക്കരണങ്ങള്‍ നടപ്പില്‍വരുത്തുന്നതിന് നാം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ സാമൂഹ്യപ്രസക്തി

കുട്ടികള്‍ക്ക് അതാതുപ്രായത്തില്‍ അവര്‍ക്ക് എടുക്കുവാന്‍ സാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുവാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോളാണ് ശരിതെറ്റൂകള്‍ നിര്‍ണയിക്കുവാനുള്ള അനുഭവസമ്പത്തും വിവേചനബുദ്ധിയും സ്വയം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയും അവരുടെ ആരോഗ്യകരമായ വ്യക്തിത്വവികാസവും സംഭവിക്കുന്നത്. കുട്ടികള്‍ എടുക്കേണ്ട തീരുമാനങ്ങള്‍ രക്ഷകര്‍ത്താക്കള്‍ അവര്‍ക്കുവേണ്ടി എടുക്കുമ്പോള്‍ ഈ വ്യക്തിത്വവികാസം ശരിയായ രീതിയില്‍ നടക്കാതെ വരുന്നു. കാലക്രമേണ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ വിവേകപൂര്‍വം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി അവര്‍ക്ക് നഷ്ടമാവുന്നു. തങ്ങളുടെ മക്കള്‍ക്ക് ഒരു വിഷയത്തിലും പ്രത്യേകിച്ച് അഭിപ്രായങ്ങളോ തീരുമാനമോ ഇല്ല എന്നും അവര്‍ പഠിക്കുന്ന വിഷയത്തിലോ പഠനത്തില്‍ത്തന്നെയോ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല എന്നും മറ്റും വൈകിയവേളയില്‍ മാത്രം തിരിച്ചറിഞ്ഞ് പരാതിപ്പെടുന്ന ഒട്ടേറെ മാതാപിതാക്കളെ ഈ ലേഖകന്‍ തന്റെ അദ്ധ്യാപനജീവിതത്തിനിടയില്‍ കണ്ടുമുട്ടിയിട്ടുണ്ട്.

മറ്റൊരനുഭവം ഇവിടെ കുറിയ്ക്കട്ടെ. പഠനസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോവാനാവാതെ കഷ്ടപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി എത്തിയ ബാങ്കുമാനേജരായ അച്ഛന് പറയാനുണ്ടായിരുന്നത്, മകനു താല്‍പര്യമുള്ള മറ്റൊരു വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് മാറ്റത്തിനപേക്ഷിക്കുന്നതാവും ഉചിതമെന്ന് തനിക്കു ബോധ്യമുണ്ടെങ്കിലും തന്റെ അച്ഛന്‍ (വിദ്യാര്‍ത്ഥിയുടെ മുത്തച്ഛന്‍) അനുവദിക്കാത്തതിനാല്‍ ഇപ്രകാരം ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ്! ഇങ്ങനെ അധികാരം തലമുറകളിലൂടെ പിന്നോട്ടുനീങ്ങുമ്പോള്‍, സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിവില്ലാത്ത ദുര്‍ബലരായ പിന്‍തലമുറകള്‍ സൃഷ്ടിക്കപ്പെടുന്നു.

വിശാലമായ സാമൂഹ്യവീക്ഷണവും മെച്ചപ്പെട്ട വിദ്യാഭാസവും സ്വതന്ത്രമായി തീരുമാനങ്ങളെടുത്തു നടപ്പാക്കുവാനുള്ള ആര്‍ജ്ജവവും ഉള്ള ജനങ്ങളാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന്റെയും വികാസത്തിന്റെയും അടിസ്ഥാനം എന്നത് യുക്തിസഹമായി ചിന്തിച്ചാല്‍ വ്യക്തമാവുന്ന വസ്തുതയാണ്. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, സാമ്പത്തികമായോ സാമൂഹികമായോ "വികസിതം" എന്നു കരുതപ്പെടുന്ന ഏതു രാഷ്ട്രസമൂഹത്തിന്റെയും പിന്നില്‍ പരിഷ്ക്കൃതമായ ഒരു സാമൂഹ്യപശ്ചാത്തലമുണ്ട് എന്നത് നമുക്ക് കാണുവാന്‍ കഴിയും. വ്യവസ്ഥിതിയുടെ ഭാരം പേറി ഉത്തരവുകള്‍ക്കായി കാത്തിരിക്കുന്ന ഒരു ജനതയുമായി ഒരു പരിഷ്ക്കൃതസമൂഹം കെട്ടിപ്പെടുക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ, വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും പുരോഗതിക്കും നിര്‍ണായകമാവുന്നു.

നമ്മുടെ സമൂഹത്തിലെ യുവാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ, വിഭാഗീയതകള്‍ മാറ്റിവച്ച് ഒരുമിച്ചുനിന്ന ഒരവസരം സ്വാതന്ത്ര്യസമരകാലഘട്ടമായിരുന്നു. അതാകട്ടെ, യുവാക്കള്‍ മാതാപിതാക്കളുടെയും, കുടുംബ, ജാതിമതവ്യവസ്ഥകളുടെയും വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് സമൂഹത്തിന്റെ ദൗര്‍ബല്യത്തെയും ശൈഥില്യത്തെയും അതിജീവിച്ച കാലഘട്ടമായിരുന്നു.

രക്ഷകര്‍ത്താക്കളെയും കുടുംബത്തെയും കൂടാതെ, ജാതിവ്യവസ്ഥ, മതനിയമങ്ങള്‍ തുടങ്ങിയവയുടെ നിയന്ത്രണങ്ങളാണ് സമൂഹത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് ഗുരുതരമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന രണ്ടാമത്തെ ഘടകം. ചെറുപ്രായം മുതല്‍ക്കേ ഈ നിയന്ത്രണങ്ങള്‍ക്ക് വിധേയരാവുന്ന ജനങ്ങള്‍ അവയുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ കഴിവില്ലാത്തവരായി വളര്‍ന്നുവരുന്നു. ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രധാനപ്രശ്നം വിഭാഗീയതയും തല്‍ഫലമായുണ്ടാകുന്ന സമൂഹത്തിന്റെ ശൈഥില്യവുമാണ്. വ്യക്തിതാല്‍പര്യങ്ങള്‍ വിഭാഗീയമാകുമ്പോള്‍ അവ വിശാലമായ രാഷ്ട്രസമൂഹലക്ഷ്യങ്ങളുമായി നിരന്തരമായ വൈരുദ്ധ്യത്തിലേര്‍പ്പെടുന്നു. അങ്ങനെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുവാനാവാതെ പരസ്പരം മത്സരിക്കുന്ന സമ്മര്‍ദ്ദസംഘങ്ങളായി വിഘടിക്കപ്പെടുന്നു. വ്യക്തിസ്വാതന്ത്ര്യമില്ലാതെ ദുര്‍ബലവും ജാതിമതാദിവിഭാഗീയതകളാല്‍ ശിഥിലവുമായ ഇത്തരമൊരു സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ബാഹ്യശക്തികള്‍ക്ക് അനായാസം സാധിക്കുന്നു. നമ്മുടെ സമൂഹത്തിന്റെമേല്‍ നിലവിലുണ്ടായിരുന്ന കോളനിവാഴ്ചാചരിത്രം നിരീക്ഷിച്ചാല്‍ ഈ ദൗര്‍ബല്യത്തെയും ശൈഥില്യത്തെയും എങ്ങിനെയാണ് വിദേശക്തികള്‍ വിദഗ്ദ്ധമായി മുതലെടുത്തത് എന്നത് വ്യക്തമാകും. വരാനിരിക്കുന്ന നവകൊളോണിയല്‍ അധിനിവേശങ്ങളെയും ഇതേ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുവാനനുവദിക്കുന്ന സാഹചര്യം ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്.

നമ്മുടെ സമൂഹത്തിലെ യുവാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ, വിഭാഗീയതകള്‍ മാറ്റിവച്ച് ഒരുമിച്ചുനിന്ന ഒരവസരം സ്വാതന്ത്ര്യസമരകാലഘട്ടമായിരുന്നു. അതാകട്ടെ, യുവാക്കള്‍ മാതാപിതാക്കളുടെയും, കുടുംബ, ജാതിമതവ്യവസ്ഥകളുടെയും വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് സമൂഹത്തിന്റെ ദൗര്‍ബല്യത്തെയും ശൈഥില്യത്തെയും അതിജീവിച്ച കാലഘട്ടമായിരുന്നു. വിദേശാധിപത്യത്തെ ബഹുമാനത്തോടും അനുസരണയോടും കൂടി നോക്കിക്കണ്ടുപോന്ന ഒരു തലമുറയുടെ ഉപദേശങ്ങളെയും നേര്‍വഴിക്കു നടത്താനുള്ള ശ്രമങ്ങളെയും അവഗണിച്ച് അന്നത്തെ യുവാക്കള്‍ സ്വാതന്ത്ര്യസമരത്തില്‍ അണിനിരന്നില്ലായിരുന്നുവെങ്കില്‍ ഇന്നു നാം അനുഭവിക്കുന്ന ജനാധിപത്യമോ സ്വതന്ത്രനിയമവ്യവസ്ഥയോ കോടതികളോ ഉണ്ടാകുമായിരുന്നില്ല. നവോത്ഥാനകാഹളമുയര്‍ത്തിയ പല പുരോഗമനപ്രസ്ഥാനങ്ങളും ഉദയംകൊണ്ടത് ഈ കാലഘട്ടത്തിലാണ്. മാറ്റങ്ങളുള്‍ക്കൊണ്ട്, ദീര്‍ഘവീക്ഷണത്തോടെ, വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തിയ ഒരു ഭരണഘടനയും ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. എന്നാല്‍ സാമൂഹ്യജീര്‍ണതകള്‍ പുന:പ്രവേശനം ചെയ്ത് വ്യക്തിസ്വാതന്ത്ര്യത്തിന് വിലക്കുകള്‍ ഏര്‍പ്പെടുത്തിവരുന്ന ഇക്കാലഘട്ടത്തില്‍, നിയമവ്യവസ്ഥയും അതിനനുകൂലമായി പ്രവര്‍ത്തിക്കുന്ന അവസ്ഥാവിശേഷം തിരുത്തപ്പെടേണ്ടതാണ്. നിലവിലുള്ള വ്യക്തിസ്വാതന്ത്ര്യനിയമങ്ങള്‍ അപര്യാപ്തമാണെങ്കില്‍ അവയെ ശക്തിപ്പെടുത്തുന്ന നിയമനിര്‍മ്മാണത്തിനായി നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ദുര്‍ബലവും ശിഥിലവുമായ ഒരു സമൂഹത്തിന് അതിന്റെ സ്വാതന്ത്ര്യം സ്ഥായിയായി നിലനിര്‍ത്താനാവില്ല എന്ന തിരിച്ചറിവില്‍നിന്നുമാത്രമേ ഇതിനുള്ള ശ്രമങ്ങള്‍ക്ക് നിയമവിദഗ്ദ്ധരില്‍നിന്നും പൊതുസമൂഹത്തില്‍നിന്നുതന്നെയും മതിയായ പിന്തുണ ലഭിക്കുകയുള്ളൂ. ഇപ്രകാരമുള്ള ബോധവല്‍ക്കരണശ്രമങ്ങള്‍ യുവജനങ്ങളും പുരോഗമനപ്രസ്ഥാനങ്ങളും ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

  • 2. http://en.wikipedia.org/wiki/High_Court_of_Justice
  • 7. a. b. http://www.historyofwomen.org/timeline.html