ഓർമ്മ : എറിക് ഹോബ്സ്ബോം | ബാരി കോമണര്‍

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ രണ്ടു അതികായന്മാരെയാണ് ഈ ആഴ്ച നമുക്ക് നഷ്ടപ്പെട്ടത്. മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ എറിക് ഹോബ്സ്ബോമും പരിസ്ഥിതി പ്രവര്‍ത്തകനും ജീവശാസ്ത്രജ്ഞനുമായ ബാരി കോമണറും 1.

വര്‍ഗ്ഗ സമരമുഖത്ത്‌ നിലയുറപ്പിച്ച ചരിത്രകാരന്‍

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ശക്തമായ മാര്‍ക്സിസ്റ്റ്‌ പ്രഭാവം ബ്രിട്ടനിലെ രാഷ്ട്രീയ - സാംസ്‌കാരിക - വൈജ്ഞാനിക മണ്ഡലങ്ങളില്‍ കാണാന്‍ സാധിക്കുമായിരുന്നു. അമ്പതുകള്‍ മുതല്‍ തന്നെ ഇടതുപക്ഷ ബുദ്ധിജീവി വൃത്തങ്ങളില്‍ ഒരു സജീവസാന്നിധ്യമായിരുന്നു എറിക് ഹോബ്സ്ബോം. 14 ആം വയസ്സ് മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം. "History from below" എന്ന മുദ്രാവാക്യം കൊണ്ട് ചരിത്രരചനാ രീതി തന്നെ തച്ചുടച്ച ബ്രിട്ടീഷ്‌ ചരിത്രകാരന്മാരുടെ ഗ്രൂപ്പിലെ പ്രധാനി. 2 വിയോജിപ്പിന്റെ മേഖലകള്‍ ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടിയെ പരസ്യമായി തള്ളിപ്പറയാന്‍ കൂട്ടാക്കാത്ത പ്രവര്‍ത്തകനായിരുന്നു ഹോബ്സ്ബോം. മരണത്തിനു ഒരാഴ്ച മുന്‍പ് പേരകുട്ടികള്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാമോ എന്ന് മകള്‍ ചോദിച്ചപ്പോള്‍ ദസ്തോയെവ്സ്കിക്കും ഒടെനും ഒപ്പം കമ്മ്യൂണിസ്റ്റ് മാനിഫെസ്ടോ എന്നായിരുന്നത്രേ സഖാവിന്റെ ഉത്തരം!

xdfdfd
അക്കാദമിക് വാചക കസര്‍ത്തുകള്‍ കൂടാതെ ലളിതമായ ഭാഷയില്‍ ചരിത്രാഖ്യായനം നടത്താനുള്ള കഴിവും അഗാധമായ പാണ്ഡിത്യവും, ഹോബ്സ്ബോമിനെ മാര്‍ക്സിസ്റ്റ്‌ ചരിത്ര പഠനത്തിലെ വ്യത്യസ്ത ശബ്ദമാക്കി മാറ്റി Image Credit: The Telegraph

അക്കാദമിക് വാചക കസര്‍ത്തുകള്‍ കൂടാതെ ലളിതമായ ഭാഷയില്‍ ചരിത്രാഖ്യായനം നടത്താനുള്ള കഴിവും അഗാധമായ പാണ്ഡിത്യവും "ദി ഏജ് ഓഫ് കാപിടല്‍", "ദി ഏജ് ഓഫ് എക്സ്ട്രീംസ്" എന്നീ കൃതികളില്‍ കാണാനാകും. 3 മാര്‍ക്സിസ്റ്റ്‌ ചരിത്ര പഠനത്തിലും ചരിത്രാധിഷ്ഠിത ഭൗതികവാദത്തിലും ഹോബ്സ്ബോമിന്റെ അതുല്യ സംഭാവനകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ വിസ്മരിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയോടെ ബ്രിട്ടീഷ്‌ പാർടിക്കുള്ളില്‍ കടന്നു കൂടിയ യുറോകമ്യൂണിസ്റ്റ് വിഷബാധയും ലേബര്‍ പാർട്ടിക്കുള്ളിലെ ഇടതുപക്ഷത്തിന്റെ തോല്‍വിയും. സി പി ജി ബി യുടെ പിളർപ്പിലേക്കും 91-ല്‍ പിരിച്ചുവിടലിലേക്കും ലേബര്‍ പാർടിക്കുള്ളില്‍ "ന്യൂ ലേബര്‍" എന്ന വിഭാഗത്തിന്റെ വളര്‍ച്ചക്കും ചരിത്രം സാക്ഷ്യം വഹിച്ചു. എഴുപതുകളിലും എണ്‍പതുകളിലും "മാര്‍ക്സിസം ടുഡേ" എന്ന മാസികയില്‍ ഹോബ്സ്ബോം നടത്തിയ ചില സൈദ്ധാന്തിക ഇടപെടലുകളെങ്കിലും ഈ സംഭവവികാസങ്ങള്‍ക്ക്‌ ആക്കം കൂട്ടി എന്ന് പറയേണ്ടി വരും. എന്നാല്‍ പിന്നീടുള്ള കാലത്ത് ടോണി ബ്ലയറും ഗോര്‍ഡന്‍ ബ്രൌണും എഡ് മിലിബന്റും മറ്റും സ്വീകരിച്ച നവ-ലിബറല്‍ പുരോഗമന കോപ്രായങ്ങളില്‍ അദ്ദേഹത്തിന് ഒരു യോജിപ്പും ഉണ്ടായിരുന്നില്ല. സാമ്രാജ്യത്വത്തിനോടും മുതലാളിത്തതിനോടും ഒരു വിട്ടു വീഴ്ചക്കും ഹോബ്സ്ബോം തയ്യാറായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ സമീപകാല എഴുത്തിലും പ്രസംഗങ്ങളിലും വ്യക്തമായിരുന്നു.

"Once again it is evident that even between major crises, ‘the market’ has no answer to the major problems confronting the twenty-first century: that unlimited and increasingly high-tech economic growth in the pursuit of unsustainable profit produces global wealth, but at the cost of an increasingly dispensable factor of production, human labour, and, one might add, of the globe’s natural resources. Economic and political liberalism, singly or in combination, cannot provide the solution to the problems of the twenty-first century. Once again the time has come to take Marx seriously.”
— Eric Hobsbawm / "How to Change the World"

കോമൺസിന്റെ പോരാളി

xdfdfd
ജനപെരുപ്പമോ ഏതാനും ചില സാങ്കേതിക വിദ്യകളോ സ്ഥാപനങ്ങളോ അല്ല മറിച്ചു മുതലാളിത്തം എന്ന വ്യവസ്ഥയാണ് പരിസ്ഥിതി വിനാശത്തിലേക്ക് നമ്മെ തള്ളിവിടുന്നത് എന്ന് വാദിച്ച വിപ്ലവകാരി: ബാരി കോമണര്‍ Image Credit: climateandcapitalism.com/

അമേരിക്കയിലെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ ശില്പി എന്ന നിലക്കാണ് ബാരി കോമണര്‍ അറിയപ്പെടുന്നത്. ടൈം മാസികയുടെ കവർ പേജില്‍ ചിത്രീകരിച്ചത് പോലെ പരിസ്ഥിതി വിനാശത്തെകുറിച്ച് വ്യാകുലനായ കേവലമൊരു പരിസ്ഥിതിവാദി മാത്രമായിരുന്നില്ല അദ്ദേഹം‍. ജനപെരുപ്പമോ ഏതാനും ചില സാങ്കേതിക വിദ്യകളോ സ്ഥാപനങ്ങളോ അല്ല മറിച്ചു മുതലാളിത്തം എന്ന വ്യവസ്ഥയാണ് പരിസ്ഥിതി വിനാശത്തിലേക്ക് നമ്മെ തള്ളിവിടുന്നത് എന്ന് വാദിച്ച വിപ്ലവകാരി.

ആണവായുധ പരീക്ഷണങ്ങള്‍ക്കെതിരെയും അന്തരീക്ഷ മലിനീകരണത്തിനെതിരെയും സമരം ചെയ്തു നിയമ നിര്‍മ്മാണത്തിന് വഴി തെളിച്ച പ്രവര്‍ത്തകന്‍. പരിസ്ഥിതി പ്രസ്ഥാനത്തെ പ്രകൃതി സംരക്ഷണത്തില്‍ നിന്നും പാരിസ്ഥിതിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചിന്തകന്‍. ബൂര്‍ഷ്വാ പ്രകൃതിസ്നേഹികള്‍ കണ്ട പകല്‍ കിനാക്കളില്‍ നിന്നും ആഗോള പരിസ്ഥിതി പ്രസ്ഥാനത്തെ വിമോചിപ്പിക്കാന്‍ ശ്രമിച്ച പോരാളി - ഇതെല്ലാമായിരുന്നു ബാരി കോമണര്‍. 4

താന്‍ ഒരു സോഷ്യലിസ്റ്റ് ആണ് എന്ന് കോമണർ അവകാശപ്പെട്ടിരുന്നില്ല. എന്നിരുന്നാല്‍ എകോ-സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അമൂല്യമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. "ക്ലോസിംഗ് സര്‍ക്കിള്‍" (The Closing Circle: Nature, Man, and Technology ), "പോവര്ടി ഓഫ് പവര്‍" (The Poverty of Power: Energy and the Economic Crisis) എന്നിവ അദ്ദേഹത്തിന്റെ സുപ്രധാന കൃതികളാണ്. ക്ലോസിംഗ് സർകിളില്‍ അദ്ദേഹം നിര്‍ദ്ദേശിച്ച “എക്കോളജിയുടെ 4 നിയമങ്ങൾ” ഇപ്രകാരമായിരുന്നു:

  1. Everything is Connected to Everything Else
  2. Everything Must Go Somewhere
  3. Nature Knows Best
  4. There Is No Such Thing as a Free Lunch


അറുപതുകളില്‍ അമേരിക്കയില്‍ ശക്തമായ മുന്നേറ്റങ്ങള്‍ ആയിരുന്നു വംശീയ നീതിക്കുള്ള സിവില്‍ റൈട്സ് മുന്നേറ്റവും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനവും. ഇവ തമ്മില്‍ പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്ന സ്വര ചേര്‍ച്ചയില്ലായ്മ കോമണറെ വേദനിപ്പിച്ചു. സാമൂഹിക നീതിക്കുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് പരിസ്ഥിതി നീതിക്കായുള്ള പോരാട്ടത്തെ അദ്ദേഹം സമീപിച്ചത്. ക്ലോസിംഗ് സര്‍ക്കിളില്‍ അദ്ദേഹം എഴുതി:

In our progress-minded society, anyone who presumes to explain a serious problem is expected to offer to solve it as well. But none of us – singly or sitting in committee – can possibly blueprint a specific “plan” for resolving the environmental crisis. To pretend otherwise is only to evade the real meaning of the environmental crisis: that the world is being carried to the brink of ecological disaster not by a singular fault, which some clever scheme can correct, but by the phalanx of powerful economic, political, and social forces that constitute the march of history.

Anyone who proposes to cure the environmental crisis undertakes thereby to change the course of history. But this is a competence reserved to history itself, for sweeping social change can be designed only in the workshop of rational, informed, collective social action. That we must act now is clear. The question which we face is how.
— Barry Commoner / "Closing Circle"

ഇരുവരും നമ്മെ വിട്ടു പിരിയുമ്പോള്‍ ബാക്കി വെച്ച് പോകുന്നത് സൈദ്ധാന്തിക സംഭാവനകളും കൃതികളും ശിഷ്യഗണങ്ങളും മാത്രമല്ല - സ്വന്തം ജീവിതത്തില്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളും തൊഴിലും പഠനവും സമരവും എങ്ങനെ സമന്വയിപ്പിച്ച് കൊണ്ട് പോകാം എന്നതിനുള്ള ഉത്തമ മാതൃകകള്‍ കൂടിയാണ്. പാര്ലമെന്ടരി സ്ഥാനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ ഒറ്റികൊടുത്തു സൈദ്ധാന്തവല്ക്കരിക്കാന്‍ മടി കാണിക്കാത്ത അഭിനവ കമ്യൂണിസ്റ്റ് പോരാളികള്‍ക്കും അധ്വാനവര്‍ഗ്ഗത്തെ പുച്ഛത്തോടെ നോക്കി കണ്ടു മുതലാളിത്തത്തിനു സന്തുലിത വികസനത്തിന്റെ സന്മാര്‍ഗ പാഠം ചൊല്ലികൊടുക്കുന്ന ഹരിത ആക്ടിവിസ്ടുകളുടെയും തട്ടി നടക്കാന്‍ വയ്യാത്ത ഈ കേരളത്തില്‍ നിന്നും ...സഖാക്കളേ നിങ്ങള്ക്ക് നൂറു ചുകപ്പിന്‍ അഭിവാദ്യങ്ങള്‍!