കലോല്‍സവങ്ങങ്ങളെ വിലയിരുത്തുമ്പോള്‍

തൃശൂരിൽ നടന്നു കൊണ്ടിരിക്കുന്ന അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂൾ യുവജനോത്സവം വാർത്തകളിലും ചാനലുകളിലും നിറഞ്ഞ് നിൽക്കുന്ന സമയമാണിപ്പോൾ. ഈ അവസരത്തിൽ സ്കൂൾ യുവജനോത്സവങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഒറ്റപ്പെട്ട ചില വിശകലനങ്ങളും വിമർശനങ്ങളും ഉയർന്നുവരികയുണ്ടായി. അതിലൊന്ന് നാലാമിടത്തിൽ വന്ന സ്കൂള്‍ കലാമേളക്ക് ആര് മണികെട്ടും എന്ന സി. ആർ. ഹരിലാലിന്റെ ലേഖനമാണ്. പ്രസ്തുത ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ "ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം" എന്ന് കേരളീയർ വീമ്പിളക്കുന്ന സ്കൂൾ കലോത്സവം എന്ന മാമാങ്കം ശുദ്ധ"ബോറും" അസംബന്ധവുമാണെന്ന് ആരെങ്കിലുമൊന്ന് വിളിച്ചു പറയേണ്ട കാലം കഴിഞ്ഞു. കൊല്ലങ്ങളായി തുടരുന്നു എന്നതു കൊണ്ടുമാത്രം ഈ ആനമണ്ടത്തരങ്ങള്‍ ഇനിയുമിങ്ങനെ ആവര്‍ത്തിക്കുന്നതന്നെക്കുറിച്ചും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഇത്തരം കലാമേളകൾ സംഘടിപ്പിക്കുന്നതിന്റെ പ്രാഥമികമായ ഉദ്ദേശ്യം പഠനത്തിനു പുറമേ കുട്ടികളിൽ കലാ/സാഹിത്യ മേഖലകളോട് താല്പര്യമുണ്ടാക്കിയെടുക്കുകയും അവരിലെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പരിപോഷിക്കുകയും ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന് നിലവിലെ രീതിയിലുള്ള മത്സരങ്ങൾ എത്ര സഹായകരമാണ് എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം. അരനൂറ്റാണ്ടിലേറെയായി നടന്നുകൊണ്ടിരിക്കുന്ന ഈ കലാമേളകൾ കലാരംഗത്ത് ഏതു തരത്തിലുള്ള സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. യേശുദാസിനെയും ജയചന്ദ്രനെയും പോലെ അല്ലെങ്കിൽ കലോത്സവങ്ങളിലെ കലാതിലകങ്ങളും പ്രതിഭകളും ആയ ശേഷം സിനിമയിലെത്തിയ ഒട്ടനവധി നടീനടന്മാരെപ്പോലെ പലരും ഇത്തരം കലാമേളകളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ചവരാണെന്നതാണ് കലോത്സവത്തെ അനുകൂലിച്ച് സംസാരിക്കുന്നവരിൽ പലരും എടുത്തുപറയുന്ന ഒരു നേട്ടം. അവരൊക്കെ കലോത്സവങ്ങളിൽ സമ്മാനം മേടിച്ചിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നു. എന്നാൽ കലോത്സവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഇവർ ഒരിക്കലും കലാകാരന്മാരായിത്തീരില്ലായിരുന്നോ? യേശുദാസിനെ ആകാശവാണി ഒരിക്കൽ ശബ്ദം നന്നല്ല എന്നതിന്റെ പേരിൽ തിരസ്കരിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം പേരെടുത്ത ഒരു പാട്ടുകാരനായി തീർന്നു. യുവജനോത്സവത്തിൽ മത്സരിച്ചു ജയിച്ചില്ലായിരുന്നെങ്കിലും അദ്ദേഹം പാട്ടുകാരനാകുമായിരുന്നു എന്നു തന്നെയാണ് അതു സൂചിപ്പിക്കുന്നത്. എന്നാൽ മത്സരങ്ങളിൽ സമ്മാനം നേടാതെ പോകുന്ന ബാക്കി പതിനൊന്നുപേരോ? മത്സരത്തിൽ തോറ്റതിന്റെ അപകർഷതാ ബോധവും ആത്മവിശ്വാസക്കുറവും അവരിൽ എത്രപേരെ കലയിൽ നിന്ന് കൂടുതൽ അകന്നുമാറാൻ കാരണമായിട്ടുണ്ടാകും എന്നു നാം പലപ്പോഴും ചിന്തിച്ചു നോക്കാറില്ല. മൂന്നു പേർക്ക് സമ്മാനം കൊടുത്ത് സന്തോഷിപ്പിക്കുകയാണോ അതോ മത്സരത്തിൽ താല്പര്യം പ്രകടിപ്പിച്ച പതിനാലുപേരുടെയും, ജില്ലാ തലത്തിലും സബ് ജില്ലാ തലത്തിലും തോറ്റുപോയ മറ്റനേകം കുട്ടികളുടെ കഴിവുകളെ/താല്പര്യങ്ങളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണോ സർക്കാരിന്റെയും സ്കൂളുകളുടെയും കടമ എന്നാണു നമ്മൾ ചിന്തിച്ചു തുടങ്ങേണ്ടത്.

ഓട്ടമത്സരവും ഗുസ്തിമത്സരവും പോലെ മാർക്കിട്ടും കേസിനുപോയുംതീരുമാനിക്കേണ്ട ഒന്നല്ല കുട്ടികളിലെ കലാഭിരുചികൾ. സ്കൂൾ കലോത്സവങ്ങളുടെ നിലവിലുള്ള ഫോർമാറ്റിന്റെ പ്രധാന പ്രശ്നം മത്സരങ്ങളിൽ പൊതുവേ അംഗീകരിക്കപ്പെട്ട ഒരു പ്രത്യേക ഫോർമാറ്റിൽ അല്ലാത്തതും ചിരപ്രതിഷ്ഠിതമായ സങ്കല്പങ്ങൾക്കു പുറത്തുള്ളതുമായ ഒന്നിനും ഇവിടെ സ്ഥാനമില്ല എന്നതു തന്നെയാണ്. കോലാവരി സ്റ്റേജിൽ പാടിയാൽ ഇറങ്ങിപ്പോകും എന്നു ഭീഷണി മുഴക്കുന്ന ജയചന്ദ്രനെപ്പോലുള്ള വിധികര്‍ത്താക്കള്‍ അടിച്ചേൽപ്പിക്കുന്ന കാലാഹരണപ്പെട്ട കലാസങ്കല്പങ്ങളാണ് പലപ്പോഴും ഇത്തരം മത്സരവേദികൾ പൊതുവേ മുന്നോട്ട് വെക്കുന്നത്. ദാസേട്ടന്റെ സ്വരത്തിലും ഈണത്തിലും പാടാത്ത പാട്ടുകാർക്ക് മാർക്കു കുറഞ്ഞുപോകുന്നതൊക്കെ നമ്മൾ ചാനൽ മത്സരങ്ങളിൽ സ്ഥിരം കാണുന്നതാണല്ലോ. മാർക്കും സമ്മാനവും കിട്ടാൻ സാധ്യത ഇല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പരീക്ഷണത്തിനും തുനിയുന്നതിന് കുട്ടികൾ ശ്രമിക്കാത്തതിന് അവരെ കുറ്റം പറയാനാവില്ല. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സാഹിത്യവും സിനിമയും ഒഴിച്ചുള്ള മറ്റൊരു കലയും ഒരു പുരോഗതിയും ഇല്ലാതെ മുരടിച്ചു നിൽകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ കലാഭാസമാണ് എന്നു പറയേണ്ടി വരുന്നത്. ‘ഉത്സവം’ അല്ലെങ്കിൽ ‘ചന്ത’ എന്ന തീമിൽ പടം വരക്കാൻ പറഞ്ഞ് പെൻസിലും പേപറും കൊടുത്താൽ നല്ല ഭാവനയോ കഴിവൊ ഉള്ള പല കുട്ടികൾക്കും ഒരുപക്ഷേ മത്സരത്തിൽ ജയിക്കാനായെന്നു വരില്ല. കാരണം യുവജനോത്സവത്തിലെ മത്സരത്തിൽ ജയിക്കണമെങ്കിൽ അതു വിധികർത്താക്കൾ ാലാകാലമായി രൂപപ്പെടുത്തിയടുത്ത ചില പൊതു ധാരണകൾക്കനുസരിച്ചായേ മതിയാവൂ. ജഡ്ജസുമാർ മാറിമാറി വന്നതുകൊണ്ടൊന്നും കാര്യമില്ല. (വിദേശ ജൂറി മെംബർമാരുണ്ടായിരുന്നാലും ഫുട്ബോളും പ്രകൃതിഭംഗിയും നാട്ടിൻപുറവും ഒക്കെയുള്ള ‘കളർ ഓഫ് മൗണ്ടൈനു’ തന്നെ കേരളാ ഫെസ്റ്റിവലിൽ സ്വർണ്ണചകോരം കിട്ടും എന്ന് വിധിക്കുമുമ്പേ നമ്മുക്കേതാണ്ട് ഉറപ്പിക്കാം എന്നപോലെ തന്നെ)

പേരിനു ചില മാറ്റങ്ങൾ ഉണ്ടാകുന്നു എന്നല്ലാതെ വിവിധ കലകളിൽ കാലാനുസൃതമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും മുന്നേറ്റങ്ങളും ഒന്നും സ്കൂൾ കലോത്സവങ്ങളിൽ പ്രതിഫലിക്കാറില്ല. ഉദാഹരണത്തിന് ചിത്രകലയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ഇപ്പോഴും ജലച്ചായം, എണ്ണച്ചായം, പെൻസിൽ അങ്ങനെ ചില പരമ്പതാഗത ഫോർമാറ്റുകൾ മാത്രമാണ് മത്സരത്തിനായുള്ളത്. കൊളാഷ്, ഇല്ലസ്റ്റ്രേഷൻ, മിക്സ്ഡ് മീഡിയ തുടങ്ങിയ രീതികൾ ഒന്നും യുവജനോത്സവ മത്സരങ്ങളിൽ പ്രസക്തമല്ല. (കോളേജ് ഫെസ്റ്റിവലുകളിൽ കൊളാഷ് ഉണ്ടെങ്കിലും) അതുകൊണ്ടു തന്നെ കുട്ടികൾക്ക് അതൊന്നും പരീക്ഷിക്കാനോ ഉപയോഗിക്കാനോ താല്പര്യവും കാണില്ല. അതായത് ചിത്രകലയിൽ താല്പര്യമുള്ളവൻ ഓയിൽ പെയിന്റിങ്ങോ, വാട്ടർ കളറോ പെൻസിൽ ഡ്രോയിങ്ങോ തന്നെ പരിശീലിച്ചില്ലെങ്കിൽ അവനു മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റുകയുമില്ല സമ്മാനം കിട്ടുകയും ഇല്ല. സമ്മാനം നേടാൻ പറ്റിയില്ലെങ്കിൽ ഇല്ലസ്റ്റ്രേഷൻ ചെയ്തു പഠിച്ചിട്ടെന്തുകാര്യം എന്നു കുട്ടി ചിന്തിച്ചാൽ ആരെ കുറ്റം പറയാൻ പറ്റും? ചിത്രരചന എന്നൊരു ഒറ്റവിഭാഗവും അതിൽ തങ്ങൾക്കിഷ്ടപ്പെട്ട ഏതൊരു മീഡിയവും ഉപയോഗിക്കാമെന്നൊരു ലളിതമായ യുക്തി ഇതിന്റെ സംഘാടകരുടെ ബുദ്ധിയിൽ ഇതുവരെ തെളിയാതെ പോയതെന്തേ ആവോ? എനിക്ക് പരിചയമുള്ള ഒരു മേഖലയായതുകൊണ്ട് ചിത്രകല ഉദാഹരണമാക്കി എന്നേയുള്ളൂ. മറ്റു മേഖലകളുടെ കാര്യവും ഏറെ വ്യത്യസ്തമാകുവാന്‍ ഇടയില്ല. മത്സരവിഭാഗത്തിൽ പെടാത്ത ഏതെങ്കിലും ഉപകരണ സംഗീതമറിയാവുന്നവന് വീട്ടിലിരുന്ന് പാടുകയേ നിവൃത്തിയുള്ളൂ.

ഏതൊരു മികവിനും പ്രോല്‍സാഹനവും പരിശീലനവും ഒക്കെ അത്യാവശ്യമാണ്. ഇന്നത്തെ അവസ്ഥയില്‍ ഇത്തരം മല്‍സരങ്ങള്‍ക്ക് വേണ്ടി മാത്രമായുള്ള പരിശീലനം കിട്ടുന്നയാള്‍ക്ക് മല്‍സരത്തില്‍ അനഹര്‍മായൊരു ആനുകൂല്യവും ലഭിക്കുന്നുണ്ട്. അതൊന്നും ലഭിക്കാത്തവര്‍ സ്വാഭാവികമായും പിന്നാക്കം പോവുകയും ചെയ്യും. അതായത് ഈ വ്യവസ്ഥിതി ഇതേ പോലെ തുടര്‍ന്ന് കൊണ്ടുപോകുന്നതിലൂടെ, ഈ പ്രകടമായ അനീതി നിലനിൽകുന്നതായിക്കാണാൻ കഴിയും. വിദ്യാലയങ്ങളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ കലാസാഹിത്യപരിശീലനം നൽകുകയും തുടർന്ന് അവരെ മത്സരത്തിൽ പങ്കെടുപ്പിക്കുകയുമല്ല കലോത്സവങ്ങൾ ചെയ്യുന്നത്. മറിച്ച് അവനവന്റെയും (മിക്കവാറും വീട്ടുകാരുടെയും) ശ്രമവും പരിശീലനവും കൊണ്ട് നേടിയെടുത്ത കഴിവുകളുള്ള (കാശുകൊടുത്തോ കൊടുക്കാതെയോ) കുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മത്സരമാണിവിടെ നടക്കുന്നത്. മത്സരത്തിൽ ചേരുന്നതിന് ആർക്കും തടസ്സമില്ല എന്നു വാദിക്കാമെങ്കിലും സ്കൂളുകൾക്ക് പുറത്ത് ഇത്തരം കഴിവുകൾ വളർത്തിയെടുക്കാൻ സാഹചര്യമോ സാമ്പത്തികവും മാനസികമായ പിന്തുണയോ ലഭിക്കാത്ത കുട്ടികൾ ഫലത്തിൽ സ്റ്റേജിൽ നടക്കുന്ന മത്സരങ്ങൾ കസേരയിലിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.

മറ്റുകലാഭിരുചികൾ പ്രോത്സാഹിപ്പിക്കാനുള്ള യാതൊന്നും നിലവിൽ വിദ്യാലയങ്ങളുടെ കരിക്കുലത്തിൽ ഇല്ല. പണ്ടുണ്ടായിരുന്ന ചില സംവിധാനങ്ങൾ എടുത്തുമാറ്റുകയും ചെയ്തു. ഉദാഹരണത്തിന് സ്കൂളുകളിൽ നിന്ന് ഡ്രോയിങ് മാഷിന്റെ തസ്തിക തന്നെ നിർത്തലാക്കി. സംഗീതത്തിനോ പാഠ്യേതരപ്രവൃത്തിപരിചയങ്ങള്‍ക്കോ ഇപ്പോൾ ടീച്ചറോ ക്ലാസോ ഉണ്ടോ എന്ന് അറിയില്ല. ഈ സ്കൂൾ കലോത്സവങ്ങളുടെ പേരിൽ ഒഴുക്കിക്കളയുന്ന കോടികൾ മതി സ്കൂളുകളിൽ കലാധ്യാപകരെ നിയമിക്കാനും കലാപരിശീലനം നൽകാനും. പാഠ്യേതരവിഷയങ്ങളിലേതിലെങ്കിലും താല്പര്യമുള്ള സാധാരണക്കാരായ കുട്ടികൾക്ക് എല്ലാവർക്കും അതിൽ പരിശീലനം കിട്ടാനുള്ള ഒരു സൗകര്യവും പിന്തുണയും സർക്കാരിന്റെയോ സ്കൂളുകളുടെയോ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. പിന്നെങ്ങനെ സർക്കാരിനും സ്കൂളുകൾക്കും ഇവയ്ക്കുവേണ്ടി മത്സരങ്ങൾ സംഘടിപ്പിക്കാനും അതിൽ സമ്മാനദാനം നടത്താനും കഴിയും? അതിനുള്ള എന്ത് ധാർമ്മികമായ അവകാശമാണ് അവർക്കുള്ളത്? സയൻസിന്റെയോ ചരിത്രത്തിന്റെയോ മറ്റേതെങ്കിലും വിഷയത്തിന്റെയോ ക്ളാസുകളും അദ്ധ്യാപകരേയും പാഠ്യപദ്ധതിയിൽ നിന്ന് എടുത്തുമാറ്റുകയും എന്നിട്ട് പൊതുപരീക്ഷക്ക് ഇവയ്ക് മത്സരങ്ങൾ വെക്കുകയും ചെയ്താൽ രക്ഷിതാക്കൾ സമ്മതിക്കുമെന്ന് കരുതുന്നുണ്ടോ?

നമ്മുടെ ഭാവി തലമുറയെ ഓർത്തെങ്കിലും സ്കൂൾ ജുവജനോത്സവം എന്ന പേരിൽ നടക്കുന്ന ഈ പൊങ്ങച്ചപരിപാടി നിർത്തലാക്കേണ്ട സമയം അതിക്രമിച്ചു. മല്‍സരങ്ങള്‍ കലോല്‍സവ വേദികളില്‍ നിന്ന് മാത്രമല്ല, ക്ലാസ്‌റൂമുകളില്‍നിന്ന് വരെ ഒഴിവാക്കേണ്ടതുണ്ട്. കലാമല്‍സരോല്‍സവങ്ങള്‍ക്ക് പകരം മല്‍സരരഹിതമായ കലോല്‍സവങ്ങള്‍ ആണ് കുട്ടികളിലെ കലാഭിരുചിയെ പരിപോഷിപ്പിക്കുവാന്‍ നമുക്ക് വേണ്ടത്. അവധികാലങ്ങളിലും മറ്റും നടത്താറുള്ളത് പോലെ, വിവിധ മേഖലയിലെ പ്രഗത്ഭരുമായി നടത്തുന്ന ഇടപെടലുകള്‍, കലാലോകത്ത് പുതിയതായി എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍, കലയുടെ രാഷ്ട്രീയം, അല്ലെങ്കില്‍ ആ ഒരു രാഷ്ട്രീയബോധത്തിന്റെ ആവശ്യകത, കലാസൃഷ്ടികളുടെ പ്രദര്‍ശനങ്ങള്‍, മികച്ച കലാകാരന്മാരുടെ വർക്കുകൾ കാണാനുള്ള സൗകര്യമൊരുക്കിക്കൊടുക്കൽ, അങ്ങനെ മല്‍സരമൊഴിച്ചുള്ള എന്തും, വളരെ സമഗ്രമായി കൈകാര്യം ചെയ്യുന്ന മേളകള്‍ നടത്തുന്നതിനായിട്ടാണ് സ്റ്റേറ്റ് പണം മുടക്കേണ്ടത്. അങ്ങനെയാണു സ്വതന്ത്രമായി ചിന്തിക്കുന്ന, ആ ചിന്തകളെ തന്മയത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന മൗലികതയുള്ള സൃഷ്ടികൾ നടത്താൽ കെല്പുള്ള ഒരു യുവതലമുറയെ നമ്മൾ വാർത്തെടുക്കേണ്ടത്.