സുരക്ഷിതമായ കേരളം

ഒരു വര്‍ഷം എണ്ണായിരത്തിലധികം ആളുകള്‍ ആണ് കേരളത്തില്‍ അപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ പകുതിയും റോഡപകടങ്ങളില്‍ ആണ്. ആയിരത്തി അഞ്ഞൂറോളം പേര്‍ മുങ്ങി മരിക്കുന്നു, അഞ്ഞൂറിലേറെ പേര്‍ കെട്ടിടം പണിക്കിടയില്‍ മരിക്കുന്നു, മുന്നൂറോളം പേര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നു. ഇത്രയൊക്കെ ആയിട്ടും അപകടങ്ങള്‍ മറ്റുള്ളവര്‍ക്കുമാത്രം സംഭവിക്കുന്ന ഒന്നാണെന്നു കരുതി, അപകടകാരണം ദൗര്‍ഭാഗ്യം എന്ന് ആശ്വസിച്ച് കഴിയാനാണ് നമ്മുടെ സമൂഹം ഇഷ്ടപ്പെടുന്നത്. എണ്ണായിരം പേരുടെ മരണം ഒരു വെല്ലുവിളിപോലെ ഏറ്റെടുത്ത് കുറച്ചുകൊണ്ടുവരാന്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലാവധി കഴിയുമ്പോഴേക്കും നാല്പതിനായിരം മലയാളികള്‍ ഭൂമിയില്‍ ഉണ്ടാവില്ല. അതിലൊന്ന് നിങ്ങളോ ഞാനോ ആകാം. സുരക്ഷ മറ്റുള്ളവരുടെ കാര്യം അല്ല, നാളേക്ക് നീട്ടിവെക്കാവുന്നതും അല്ല.

കേരളത്തിലെ പ്രധാന സുരക്ഷാ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?

ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും വളരെ അനുഗ്രഹീതമായ സ്ഥലം ആണ് കേരളം. കാര്യം നമുക്ക് കാറ്റും കടലാക്രമണവും ഒക്കെ ഉണ്ടെങ്കിലും കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പോലും ആയിരം പേരുടെ മരണം ഉണ്ടാക്കിയ ഒരു പ്രകൃതിദുരന്തം ഉണ്ടായിട്ടില്ല. കേരളം അടുത്ത കാലത്തുകണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമിയില്‍ പോലും ഇരുനൂറില്‍ താഴെ ആളുകള്‍ ആണ് മരിച്ചത്. ഓരോ മരണവും ദുഃഖകരം ആണെങ്കിലും പ്രകൃതിദുരന്തങ്ങള്‍ മറ്റിടങ്ങളില്‍ ഉണ്ടാക്കുന്ന ആഘാതം വച്ചു നോക്കുമ്പോള്‍ ഇത് ഒന്നുമല്ല. രണ്ടായിരത്തിപത്തിലെ ഹെയ്തിയിലെ ഭൂകമ്പം രണ്ടു ലക്ഷം പേരെയാണ് ഒറ്റയടിക്ക് കൊന്നത്. ഹെയ്തിയിലെ ജനസംഖ്യ നമ്മുടെ മൂന്നിലൊന്നിലും താഴെയാണെന്നോര്‍ക്കണം. എന്തിന് ഉത്തരഖണ്ഡിലെ വെള്ളപ്പൊക്കം പോലും പതിനായിരം ആളുകളെയാണ് കൊന്നത്. അപ്പോള്‍ നമ്മുടെ പ്രധാന ശത്രു പ്രകൃതിയില്ല.

തുടക്കം ഡ്രൈവിംഗ് പരിശീലനത്തില്‍തന്നെ ആകണം. ഇപ്പോഴത്തെ നമ്മുടെ ഡ്രൈവിംഗ് പരിശീലനത്തിന്റെ പ്രധാന ഉദ്ദേശം ഏറ്റവും വേഗത്തില്‍ ലൈസന്‍സ് എടുത്തുകൊടുക്കുക എന്നതാണ്. ടെസ്റ്റ് പാസാവാനുള്ള ഏറ്റവും ചുരുങ്ങിയ കലാപരിപാടി ഒക്കെ പഠിപ്പിച്ചാല്‍ ഡ്രൈവിംഗ് സ്കൂളിന്റെ പണി കഴിഞ്ഞു. പൊതുവഴിയില്‍ വണ്ടി ഓടിക്കാനുള്ള കഴിവ്, തിരക്കില്‍ വണ്ടി ഓടിക്കാനുള്ള സംയമനം, മഴക്കാലത്തും രാത്രിയിലും വണ്ടി ഓടിക്കാനുള്ള പരിചയം ഇതൊന്നും പരിശീലനത്തിന്റെ ഭാഗമല്ല. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ വണ്ടി ഓടിക്കുന്നതു പോലെയല്ല ഹൈറേഞ്ചില്‍ വണ്ടി ഓടിക്കുന്നത്.

മുന്‍പു പറഞ്ഞതുപോലെ ഓരോ വര്‍ഷവും എണ്ണായിരത്തോളം പേര്‍ കേരളത്തില്‍ അപകടത്തില്‍ മരിക്കുന്നു. ഇതില്‍ ഭൂരിഭാഗവും ഒറ്റക്കൊറ്റക്ക് സംഭവിക്കുന്നതിനാല്‍ ഇതൊരു ദുരന്തമായി നാം കാണുന്നില്ല. എണ്ണായിരം ആളുകള്‍ ആണ് മരിക്കുന്നതെങ്കിലും ഇരുപതിനായിരം ആളുകളെങ്കിലും ഗുരുതരമായി പരിക്കുകള്‍ പറ്റി ആജീവനാന്തം പരസഹായത്തോടെ ജീവിക്കേണ്ടിവരുന്നു. ഇതിനെല്ലാം സമൂഹത്തിന് വലിയ വിലകൊടുക്കേണ്ടി വരുന്നുണ്ട്. നാം അത് അറിയുന്നില്ല എന്നുമാത്രം.

എന്താണ് കേരളത്തില്‍ ഇത്രയധികം റോഡപകടങ്ങള്‍ ഉണ്ടാകാന്‍ കാരണം?

ലോകത്ത് എവിടെയും റോഡപകടങ്ങളുടെ പ്രധാന ഉത്തരവാദികള്‍ റോ‍ഡ് ഉപയോഗിക്കുന്നവരുടെ പെരുമാറ്റം ആണ്, അല്ലാതെ റോഡിന്റെയോ വാഹനത്തിന്റെയോ ഘടനാപരമായ കുഴപ്പം അല്ല. അപ്പോള്‍ അപകടം കുറക്കണമെങ്കില്‍ നാം ശ്രദ്ധിക്കേണ്ടത് റോഡ് ഉപയോഗിക്കുന്നവരുടെ പെരുമാറ്റം മാറ്റിയെടുക്കാന്‍ ആണ്.

തുടക്കം ഡ്രൈവിംഗ് പരിശീലനത്തില്‍തന്നെ ആകണം. ഇപ്പോഴത്തെ നമ്മുടെ ഡ്രൈവിംഗ് പരിശീലനത്തിന്റെ പ്രധാന ഉദ്ദേശം ഏറ്റവും വേഗത്തില്‍ ലൈസന്‍സ് എടുത്തുകൊടുക്കുക എന്നതാണ്. ടെസ്റ്റ് പാസാവാനുള്ള ഏറ്റവും ചുരുങ്ങിയ കലാപരിപാടി ഒക്കെ പഠിപ്പിച്ചാല്‍ ഡ്രൈവിംഗ് സ്കൂളിന്റെ പണി കഴിഞ്ഞു. പൊതുവഴിയില്‍ വണ്ടി ഓടിക്കാനുള്ള കഴിവ്, തിരക്കില്‍ വണ്ടി ഓടിക്കാനുള്ള സംയമനം, മഴക്കാലത്തും രാത്രിയിലും വണ്ടി ഓടിക്കാനുള്ള പരിചയം ഇതൊന്നും പരിശീലനത്തിന്റെ ഭാഗമല്ല. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ വണ്ടി ഓടിക്കുന്നതു പോലെയല്ല ഹൈറേഞ്ചില്‍ വണ്ടി ഓടിക്കുന്നത്. പക്ഷെ, ഇപ്പോള്‍ കേരളത്തില്‍ എവിടെയെങ്കിലും നിന്ന് ഒരു ലൈസന്‍സ് കിട്ടിയാല്‍ പിന്നെ ഇന്ത്യയില്‍ എവിടെയും ഏതു സമയത്തും വണ്ടി ഓടിക്കാം.

ഇതു മാറണം. ഡ്രൈവിംഗ് പഠനം എന്നത് പ്രൊഫഷണല്‍ ആയി ചെയ്യുന്ന ഒന്നാകണം. നിരൂപണവും (Theory) അനുകരണവും (Simulation) ഒക്കെ കഴിഞ്ഞിട്ട് വേണം റോഡിലിറക്കാന്‍. അവിടെതന്നെ എല്ലാ തരം റോഡ്, കാലാവസ്ഥാ സാഹചര്യങ്ങളിലും ഓടിച്ചതിന്റെ വിവരങ്ങള്‍ (Log) ഉണ്ടാക്കണം. ഇതെല്ലാം കഴിഞ്ഞിട്ടുവേണം രണ്ടു വര്‍ഷത്തേക്ക് സ്വഭാവ പഠന കാലാവധി (Probationary Period) ലൈസന്‍സ് കൊടുക്കാന്‍. ഈ കാലത്ത് നിയമലംഘനം ഉണ്ടായാല്‍ ലൈസന്‍സ് നഷ്ടപ്പെട്ട് ഒന്നു തൊട്ടു തുടങ്ങേണ്ട സാഹചര്യം ഉണ്ടാക്കണം. ഇപ്പോള്‍ ലൈസന്‍സ് ഉള്ള ഓരോരുത്തരും അടുത്ത അഞ്ചു വര്‍ഷത്തിനകം പ്രതിരോധപരമായ (Defensive) ഡ്രൈവിംഗ്, അതായത് റോഡിന്റേയും റോഡിലെ മറ്റുള്ളവരുടേയും പെരുമാറ്റം മനസ്സിലാക്കി വണ്ടി ഓടിക്കുന്ന രീതി, പരിശീലനം നേടണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആധാര്‍ കാര്‍ഡ് പോലെയോ പാസ്പോര്‍ട്ട് പോലെയോ എല്ലാവര്‍ക്കും ഉള്ള അവകാശം അല്ല ഡ്രൈവിംഗ് ലൈസന്‍സ്. ഇത് അവരുടേയും മറ്റുള്ളവരുടേയും ജീവന്‍ വച്ചുള്ള കളിയാണ്.

മദ്യപിച്ചുള്ള ഡ്രൈവിംഗ് ഒരു പ്രശ്നമല്ലേ?

തീര്‍ച്ചയായിട്ടും. പക്ഷെ, കേരള പോലീസിന്റെ വെബ്സൈറ്റില്‍ പോയി അപകടങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ? രണ്ടായിരത്തി പതിനഞ്ചിൽ മുപ്പത്തി ഏഴായിരത്തി തൊള്ളായിരത്തി അൻപത് റോഡപകടങ്ങളിൽ വെറും ഇരുപത്തി ഏഴു അപകടങ്ങൾ ആണ് മദ്യപിച്ചു വണ്ടി ഓടിച്ചത് കൊണ്ടു ഉണ്ടായത് എന്നാണവിടെ പറഞ്ഞിരിക്കുന്നത്. ഇതു ഒരു ലോക റെക്കോർഡ് ആയിരിക്കണം. ലോകത്ത് കർശനമായി നിയമങ്ങൾ പാലിക്കുന്നിടത്തു പോലും ഇത് മുപ്പതു ശതമാനത്തിലും ഏറെയാണ്. അപ്പോള്‍ നമ്മള്‍ ഇത്ര മര്യാദക്കാര്‍ ആണോ? അല്ല എന്ന് നമുക്കെല്ലാം അറിയാം. അപ്പോൾ ഈ കണക്കിൽ എന്തോ പ്രശ്നം ഉണ്ട്. മദ്യപിച്ചു വണ്ടി ഓടിക്കുന്നത് ഒരു പ്രശ്നം ആയി നമ്മൾ അംഗീകരിക്കാതെ എങ്ങനെ അതിനെ പറ്റി എന്തെങ്കിലും ചെയ്യാൻ പറ്റും ?

മദ്യപിച്ച് ആളെക്കൊല്ലുന്നത് തടയണമെങ്കില്‍ മൂന്നു കാര്യങ്ങള്‍ ചെയ്യാം. ഒന്നാമത്, പരിശോധനയില്‍ മദ്യപിച്ചു എന്നു കണ്ടാല്‍ ഏഴു ദിവസം ജയിലില്‍ കിടക്കുന്നത് നിര്‍ബന്ധമാക്കണം, ലൈസന്‍സ് രണ്ടുവര്‍ഷത്തേക്ക് റദ്ദു ചെയ്യണം. പിന്നെ ലൈസൻസ് കിട്ടണമെങ്കിൽ ഒന്നു തൊട്ടു തുടങ്ങുകയും വേണം. രണ്ട്, മദ്യം കഴിച്ച് അപകടം ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്തം വണ്ടി ഓടിച്ച ആള്‍ക്കും മദ്യം വിളമ്പിയ ആള്‍ക്കും ആകണം (ഇത് ബാറുകാരോ വീട്ടുകാരോ കൂട്ടുകാരോ ആരായാലും). മൂന്ന്, മദ്യപിച്ച് അപകടം ഉണ്ടാക്കുന്നത് നരഹത്യയായി പരിഗണിച്ച് കേസെടുക്കണം. ഇത്ര ശക്തമായി ഇതിനെ നേരിട്ടാല്‍ അഞ്ചു വര്‍ഷം കൊണ്ട് ഈ പ്രശ്നം നാമമാത്രമാകും.

റോഡും കാലാവസ്ഥയും ഒന്നും പ്രശ്നമല്ല എന്നാണോ?

കേരളത്തിലെ പല റോഡുകളിലും ആവശ്യത്തിന് സൂചനകള്‍ ഇല്ല. അനാവശ്യത്തിന് ഹമ്പുകള്‍ ഉണ്ട്. ആളുകള്‍ എവിടെനിന്നും റോഡിലേക്ക് കയറുന്ന സ്ഥിതിവിശേഷം ഒക്കെ ഉണ്ട്. പണ്ടൊക്കെ ചീത്ത റോഡും പഴഞ്ചന്‍ കാറുകളും ആയിരുന്ന കാലത്ത് ഇതൊന്നും വലിയ കുഴപ്പം ഉണ്ടാക്കിയില്ല. പക്ഷെ റോഡുകള്‍ നന്നാവുകയും പക്ഷെ ആളുകളുടെ സ്വഭാവം മാറാതിരിക്കുകയും ചെയ്തപ്പോള്‍ പുതിയ റോഡുകള്‍ മരണക്കെണിയായി വരികയാണ്. റോഡുകള്‍ തീര്‍ച്ചയായും സുരക്ഷിതമാക്കാന്‍ നോക്കണം, ആവശ്യത്തിന് സൂചനകൾ ഉണ്ടാകണം, കാലാവസ്ഥ മാറുന്നതനുസരിച്ച് സ്പീഡ് ലിമിറ്റ് മാറ്റുന്ന സമ്പ്രദായം ലോകത്തു പലയിടത്തും ഉണ്ട്. നാട്ടിൽ അതെങ്ങനെയും വരണം. രാത്രി യാത്രക്ക് ചില നിയന്ത്രണങ്ങൾ കൊണ്ടു വരണം.

പക്ഷെ റോ‍ഡുകളുടേയും കാലാവസ്ഥയുടെയും ഒക്കെ സ്വഭാവം അറിഞ്ഞ് റോ‍ഡ് ഉപയോഗിക്കാനുള്ള കഴിവുണ്ടാക്കുകയാണ് കൂടുതല്‍ എളുപ്പത്തിൽ ചെയ്യാവുന്നത്. കുറ്റം റോഡിലേക്കും കാലാവസ്ഥയിലേക്കും ഒക്കെ മാറ്റിയിട്ടു അതു ശരിയാവാൻ നോക്കിയിരുന്നാൽ ആയിരങ്ങൾ അതിനകം മരിച്ചു പോകും.

മുങ്ങിമരണങ്ങളെപ്പറ്റി?

രണ്ടായിരത്തി ഒൻപതില്‍ സുരക്ഷയുടെ പാഠങ്ങള്‍ എന്ന ഒരു പരമ്പര എഴുതുന്നതിന്റെ ഭാഗമായിട്ടാണ് ഞാന്‍ മുങ്ങിമരണങ്ങളെപ്പറ്റി പഠിക്കുന്നത്. ഇടക്കൊക്കെ ഒരു മുങ്ങിമരണ വാര്‍ത്ത, അതും ഒന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ശ്രദ്ധയില്‍ വരുന്നത്. അതുകൊണ്ടുതന്നെ വര്‍ഷത്തിൽ ആയിരത്തിലേറെ പേര്‍ മുങ്ങിമരിക്കുന്നു എന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് എന്നെ അതിശയിപ്പിച്ചു. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി തൊട്ട് പോലീസ് വകുപ്പു വരെ പലരോടും ഞാന്‍ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്തു. അവരാരും ഇത് വിശ്വസിക്കാന്‍ പോലും തയ്യാറല്ല. റോഡപകടങ്ങളെപ്പറ്റി കണക്കും വെബ്സൈറ്റും ഒക്കെയുള്ള കേരളത്തില്‍ ആയിരത്തി

കേരളംപോലെ ജലാശയസമൃദ്ധമായ ഒരു സംസ്ഥാനത്ത് എട്ടു വയസ്സാകുന്നതിന് മുന്‍പ് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക എന്നത് അവരുടെ അവകാശമാക്കണം, മാതാപിതാക്കളുടെ ഉത്തരവാദിത്വവും. പക്ഷെ ഇതുകൊണ്ടു മാത്രം മരണനിരക്ക് കുറയില്ല. മുങ്ങിമരണത്തിന്റെ മൂന്നിലൊന്നും എട്ടു വയസ്സില്‍ താഴെ ഉള്ളവര്‍ ആണ്. പുഴയിലും കടലിലും അല്ല വീടിനടുത്തുള്ള ഒരടി പോലും വെള്ളമില്ലാത്ത തോട്ടിലും സ്കൂളിലെ ചെറിയ കുഴിയിലും ഫ്ലാറ്റിലെ ഒരു ബക്കറ്റ് വെള്ളത്തിലും ഒക്കെയാണ് കുട്ടികള്‍ മുങ്ങി മരിക്കുന്നത്.

അഞ്ഞൂറുപേര്‍ മരിക്കുന്ന മുങ്ങിമരണത്തെപ്പറ്റി ഉത്തരവാദിത്തപ്പെട്ട ആരുമില്ല. അസ്വഭാവികമരണം ആയതിനാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍നിന്നും ഒരു റിപ്പോര്‍ട്ട് ഉണ്ടാകും, പോസ്റ്റ്മോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ട് ആശുപത്രിയിലും. പക്ഷെ ഇതാരും ക്രോഡീകരിക്കുന്നില്ല, വിശകലനം ചെയ്യുന്നതും ഇല്ല. ഇതിന്റെ പ്രധാന കാരണം ഓരോ റോഡപകടത്തിലും ഒരു ഇൻഷുറൻസ് കേസ് ഉണ്ടാകും, അപ്പോൾ വണ്ടി ഓടിച്ചിരുന്ന ആൾ, പരിക്കേറ്റ ആൾ, പോലീസ്, ആശുപത്രി, ഇൻഷുറൻസ് കമ്പനി, വക്കീലന്മാർ, കോടതി എന്നിങ്ങനെ പല കക്ഷികൾക്ക് ഈ വിഷയത്തിൽ താല്പര്യം ഉണ്ട്. പക്ഷെ ആരെങ്കിലും മുങ്ങി മരിച്ചാൽ "അയ്യോ കഷ്ടം" എന്നു പറഞ്ഞു, തീർന്നു കാര്യം. ചുമ്മാതല്ല ഇതിനിവിടെ ഉത്തരവാദികള്‍ ഇല്ലാത്തത്.

അപ്പോള്‍ ആദ്യമായി വേണ്ടത് ആയിരത്തി അഞ്ഞൂറു മലയാളികളുടെ മരണം ഒരു പ്രശ്നമായി ഗവണ്മെന്റ് കാണുകയാണ്. അതിന് ഉത്തരവാദിത്തപ്പെട്ട ഒരു വകുപ്പുണ്ടാകണം. ഇപ്പോള്‍ നടക്കുന്ന അപകടങ്ങളെപ്പറ്റിവിവരം സംഘടിപ്പിക്കണം. എന്നിട്ടു വേണം എങ്ങനെയാണ് മുങ്ങിമരണം കുറക്കുന്നത് എന്ന് പദ്ധതി ഉണ്ടാക്കാന്‍.

ആളുകളെ നീന്തല്‍ പഠിപ്പിക്കുന്നതല്ലേ മുങ്ങിമരണം കുറക്കാനുള്ള വഴി?

കേരളംപോലെ ജലാശയസമൃദ്ധമായ ഒരു സംസ്ഥാനത്ത് എട്ടു വയസ്സാകുന്നതിന് മുന്‍പ് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക എന്നത് അവരുടെ അവകാശമാക്കണം, മാതാപിതാക്കളുടെ ഉത്തരവാദിത്വവും. പക്ഷെ ഇതുകൊണ്ടു മാത്രം മരണനിരക്ക് കുറയില്ല. മുങ്ങിമരണത്തിന്റെ മൂന്നിലൊന്നും എട്ടു വയസ്സില്‍ താഴെ ഉള്ളവര്‍ ആണ്. പുഴയിലും കടലിലും അല്ല വീടിനടുത്തുള്ള ഒരടി പോലും വെള്ളമില്ലാത്ത തോട്ടിലും സ്കൂളിലെ ചെറിയ കുഴിയിലും ഫ്ലാറ്റിലെ ഒരു ബക്കറ്റ് വെള്ളത്തിലും ഒക്കെയാണ് കുട്ടികള്‍ മുങ്ങി മരിക്കുന്നത്. നീന്തലറിയാവുന്ന വലിയ ആളുകളും പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍, രാത്രിയില്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍, മദ്യപിച്ച് വെള്ളത്തില്‍ ഇറങ്ങുമ്പോള്‍, മറ്റൊരാളെ രക്ഷിക്കാന്‍ എടുത്തു ചാടുമ്പോള്‍ ഒക്കെ അപകടത്തില്‍പെടുന്നു. അപ്പോള്‍ നീന്തല്‍ പരിശീലനത്തോടൊപ്പം ജലസുരക്ഷാബോധം, വെള്ളത്തില്‍ വീണവരെ എങ്ങനെ രക്ഷിക്കാം, പ്രഥമശുശ്രൂഷ എന്ത് എന്നൊക്കെ പരിശീലിപ്പിക്കുന്നതും ആണ് മരണം കുറക്കാന്‍ കൂടുതല്‍ സഹായകം ആകുന്നത്.

നിര്‍മ്മാണരംഗത്തെ സുരക്ഷയെപ്പറ്റി അധികം കേള്‍ക്കാറില്ലല്ലോ?

സത്യമാണ്. ഒരു വര്‍ഷത്തിൽ എഴുന്നൂറോളം പേരാണ് കേരളത്തില്‍ ഉയരങ്ങളില്‍ നിന്ന് വീണ് മരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും നിര്‍മ്മാണരംഗത്താണ്. പക്ഷെ മുങ്ങിമരണം പോലെ ഒറ്റക്കൊറ്റക്ക് സംഭവിക്കുന്നതുകൊണ്ട് ഇതിനും അത്ര സമൂഹശ്രദ്ധയില്ല. പിന്നെ ഈ അപകടത്തില്‍ മരിക്കുന്നത് മിക്കവാറും തൊഴിലാളികൾ, കൂടുതലായി പ്രവാസി തൊഴിലാളികള്‍, ആണ്. ഫ്ലാറ്റുണ്ടാക്കുന്ന മുതലാളിമാരോ സൂപ്പര്‍വൈസ് ചെയ്യുന്ന എഞ്ചിനീയര്‍മാരോ ഒന്നും നിര്‍മ്മാണത്തില്‍ മരിക്കാറില്ല. മരിക്കുന്ന തൊഴിലാളികള്‍ക്ക് അവര്‍ക്ക് മലയാളിയോ ഇതര സംസ്ഥാനക്കാരോ ബംഗ്ലാദേശിയോ എന്നതനുസരിച്ച് അന്‍പതിനായിരം രൂപ മുതൽ ആണ് നഷ്ടപരിഹാരം നല്കുന്നത്. അപ്പോള്‍ നല്ല സുരക്ഷാ സംവിധാനം സ്വീകരിക്കാന്‍ ആര്‍ക്കും ഒരു താല്പര്യവും ഇല്ല. സുരക്ഷ എന്നത് നമ്മുടെ എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാത്തതും ഇതിനൊരു കാരണം ആണ്. അപകടം കുറക്കാന്‍ എന്തു ചെയ്യാന്‍ പറ്റും എന്ന് നമ്മുടെ എഞ്ചിനീയര്‍മാര്‍ക്ക് അറിയുകകൂടി ഇല്ല. കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ സുരക്ഷയുടെ അനവധി നല്ല പാഠങ്ങള്‍ ഉണ്ട്. ഈ പാഠങ്ങള്‍ നമ്മുടെ എല്ലാ നിര്‍മ്മാണരംഗത്തും നിര്‍ബന്ധം ആക്കേണ്ടതാണ്. നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ എഞ്ചിനീയര്‍മാര്‍ക്കും രണ്ടാഴ്ചത്തെ NEBOSH (National Examination Board in Occupational Safety and Health) സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കണം. എല്ലാ തൊഴിലാളികള്‍ക്കും രണ്ടു ദിവസത്തെ സേഫ്റ്റി ഓറിയന്റേഷന്‍ പരിശീലനവും ആവശ്യത്തിനുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണം. അവയുടെ ഉപയോഗം കര്‍ശനമാക്കുകയും വേണം.

ഇന്ത്യയില്‍ പലയിടത്തും ഉയര്‍ന്ന കെട്ടിടങ്ങളില്‍ തീപിടുത്തം ഉണ്ടായി ആളുകള്‍ മരിക്കുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും വന്‍കിട കെട്ടിടങ്ങളുടെ എണ്ണം കൂടുന്നു. പക്ഷെ, ഇതില്‍ അഗ്നിബാധ ഒഴിവാക്കാന്‍, അഗ്നിബാധ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഉള്ള ഒരു സംവിധാനവും ഉണ്ടാക്കിയിട്ടില്ല എന്നു മാത്രമല്ല അതിനുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങളിൽ വെള്ളം ചേര്‍ക്കാനാണ് നമുക്ക് താല്പര്യം. മുപ്പതു നിലയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്, പക്ഷെ പത്താമത്തെ നിലയിൽ പോലും അഗ്നിബാധ ഉണ്ടായാൽ ആളുകളെ രക്ഷിക്കാകാനുള്ള സംവിധാനം നമുക്കുണ്ടോ?

വിദ്യുച്ഛക്തി ബോര്‍ഡിലെ അപകടങ്ങളെപ്പറ്റി

ഒരു വര്‍ഷം മുപ്പതോളം പേരാണ് കേരളത്തില്‍ അപകടങ്ങളില്‍ ബോര്‍ഡിൽ തന്നെ മരിക്കുന്നത്. ഇതിന്റെ പത്തിരട്ടി പേര്‍ വൈദ്യുതി ആഘാതത്താല്‍ വേറെ മരിക്കുന്നു. എന്നിട്ടും വിദ്യുച്ഛക്തി ബോർഡിന് സ്വതന്ത്രമായ സുരക്ഷാ പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട ഒരു സുരക്ഷാ വിഭാഗം ഇല്ല എന്നത് എന്നെ നടുക്കുന്നു. നമ്മുടെ ബോര്‍ഡിലെ ജോലിക്കാര്‍ അനവധി സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ജോലി ചെയ്യുന്നത് എന്നെനിക്കറിയാം, പക്ഷെ സുരക്ഷാ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കരുത്. ഇക്കാര്യത്തിൽ ലേബർ യൂണിയൻ ഒക്കെ കൂടുതൽ താല്പര്യം എടുക്കണം.

വൈദ്യുതി ബോര്‍ഡിലെ അപകടം കുറക്കാനുള്ള ഉപാധികളെപ്പറ്റി ഞാന്‍ വിശദമായി പലയിടത്തും എഴുതിയിട്ടുണ്ട്. പക്ഷെ, ഒരു ഒറ്റമൂലി പറയാം. ഇപ്പോള്‍ ബോര്‍ഡില്‍ മരിക്കുന്നത് എല്ലാം കരാര്‍ ജോലിക്കാരോ താഴേക്കിടയില്‍ ഉള്ള ജോലിക്കാരോ ആണ്. അപകടത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്നവര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അതില്‍ താഴെയുള്ളവരോ ആണ്. ഇതിനു പകരം വകുപ്പില്‍ അപകടം ഉണ്ടായാല്‍ അതാത് വകുപ്പിലെ എല്ലാവരുടേയും വാര്‍ഷിക പ്രവര്‍ത്തി നിര്‍വഹണ റിപ്പോര്‍ട്ടില്‍ (APR) വരികയും അവരുടെ ശമ്പളത്തേയും സ്ഥാനക്കയറ്റത്തേയും ബാധിക്കും എന്ന നിയമം ഉണ്ടാവുകയും ചെയ്താല്‍, ഇത് ബോര്‍ഡ് മെമ്പര്‍ വരെ എല്ലാവര്‍ക്കും ബാധകമാക്കിയാല്‍, ഇക്കാര്യത്തില്‍ താല്പര്യം ഒക്കെ ഉണ്ടാകും.

പുറ്റിങ്ങല്‍ പോലെയുള്ള അപകടങ്ങള്‍ എങ്ങനെയാണ് ഒഴിവാകുന്നത്?

ശരാശരി സുരക്ഷാബോധം ഉള്ള ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാവുന്ന അപകടങ്ങളേ കേരളത്തില്‍ സംഭവിക്കുന്നുള്ളൂ. വലിയ ആള്‍ക്കൂട്ടത്തിനുള്ളിൽ തിരക്കു കൂട്ടിയുണ്ടാകുന്ന അപകടം, ഉയരം കൂടിയ കെട്ടിടങ്ങളില്‍ തീ പിടിച്ച് ഉണ്ടാകുന്നത്, പടക്കമോ മറ്റു സ്ഫോടകവസ്തുക്കളോ തീ പിടിച്ചുണ്ടാകാവുന്ന അപകടങ്ങള്‍, വെള്ളപ്പൊക്കം, ബോട്ടപകടം, റോഡപകടം, ടാങ്കര്‍ അപകടങ്ങള്‍ എന്നിങ്ങനെ പത്തില്‍ താഴെ സാധ്യതകളേ ഉള്ളൂ വന്‍ അപകടങ്ങള്‍ക്ക് (അതായത് പത്തിൽ കൂടുതൽ പേർ ഒരുമിച്ചു മരിക്കുന്നവ). ഇത് ഓരോന്നിനും വ്യക്തമായ സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങൾ സാധ്യമാണ്. പക്ഷെ ഇതിലൊന്നും നമുക്ക് താല്പര്യമില്ല. ഒരു അപകടം കഴിഞ്ഞാല്‍ അതില്‍നിന്ന് നാം ഒന്നും പഠിക്കുന്നില്ല. കുമാരനാശാൻ മരിച്ച 1924ലെ ബോട്ട് ദുരന്തം തൊട്ട് രണ്ടായിരത്തി പതിനഞ്ചിലെ വൈപ്പിന്‍ ബോട്ടപകടം വരെ ഒരേ പ്രശ്നങ്ങള്‍ ആണ്: പഴഞ്ചന്‍ ബോട്ട്, പരിശീലനം നല്കാത്ത ഡ്രൈവര്‍, ഓവർ ലോഡിങ്, വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം. ഓരോ അപകടം കഴിയുമ്പോഴും ആരെയെങ്കിലും ഒക്കെ ഉത്തരവാദികൾ ആയി അറസ്റ് ചെയ്തു കുറെ നാൾ കഷ്ടപ്പെടുത്തുന്നതോടെ സമൂഹത്തിന്റെ വിഷമം കഴിഞ്ഞു. വലിയ ഓരോ അപകടം കഴിയുമ്പോഴും കമ്മീഷൻ ഒക്കെ വരും, ഒരേ കാര്യം തന്നെ അവർ നിർദേശിക്കും. പിന്നെ അടുത്ത അപകടം വരുന്ന വരെ നാം അതിനെ പറ്റി ഓർക്കുന്നു പോലും ഇല്ല.

ഇന്ത്യയില്‍ പലയിടത്തും ഉയര്‍ന്ന കെട്ടിടങ്ങളില്‍ തീപിടുത്തം ഉണ്ടായി ആളുകള്‍ മരിക്കുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും വന്‍കിട കെട്ടിടങ്ങളുടെ എണ്ണം കൂടുന്നു. പക്ഷെ, ഇതില്‍ അഗ്നിബാധ ഒഴിവാക്കാന്‍, അഗ്നിബാധ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഉള്ള ഒരു സംവിധാനവും ഉണ്ടാക്കിയിട്ടില്ല എന്നു മാത്രമല്ല അതിനുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങളിൽ വെള്ളം ചേര്‍ക്കാനാണ് നമുക്ക് താല്പര്യം. മുപ്പതു നിലയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്, പക്ഷെ പത്താമത്തെ നിലയിൽ പോലും അഗ്നിബാധ ഉണ്ടായാൽ ആളുകളെ രക്ഷിക്കാകാനുള്ള സംവിധാനം നമുക്കുണ്ടോ? കേരളത്തിലെ ഉയരമുള്ള ഏതെങ്കിലും കെട്ടിടത്തിൽ ഒരു വന്‍ അപകടം എന്നു വേണമെങ്കിലും ഉണ്ടാകും എന്നുറപ്പല്ലേ? അതില്‍ മുപ്പതോ നാൽപ്പതു ആളുകള്‍ മരിക്കും. പിന്നെ അറസ്റ്റുണ്ടാകും, അന്വേഷണ കമ്മീഷന്‍ ഉണ്ടാകും. എന്നാലും ഉയർന്ന കെട്ടിടങ്ങൾ കൂടുന്തോറും, അവ കൂടുതൽ പഴഞ്ചൻ ആവുംതോറും അപകടങ്ങളും കൂടും. ഇതിനെ പറ്റി എന്തെങ്കിലും ചെയ്യാൻ ഒരു അപകടം ഉണ്ടായിട്ടു വേണോ?

ഈ സുരക്ഷാ കാര്യങ്ങൾക്ക് പുതിയ വകുപ്പുണ്ടാക്കേണ്ട കാര്യം ഉണ്ടോ, ഇപ്പോൾ ഉള്ള ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ടമെന്റ് അല്ലെങ്കിൽ ദുരന്ത നിവാരണ അതോറിറ്റിയെ ഒക്കെ ശാക്തീകരിച്ചാൽ പോരെ?

സുരക്ഷാ പ്രതിരോധവും ദുരന്ത നിവാരണവും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഒരു സമൂഹത്തിന്റെ വിഭവങ്ങളിൽ നിന്നുകൊണ്ട് മാനേജ് ചെയ്യാൻ പറ്റാത്ത അപകടങ്ങളെ ആണ് ദുരന്തങ്ങൾ എന്നു പറയുന്നത്. അങ്ങനെ ഉള്ള സാഹചര്യത്തിൽ പുറമെ നിന്ന് സഹായം എത്തിക്കുക എന്നതാണ് ദുരന്ത നിവാരണക്കാരുടെ ധർമ്മം. അതു പോലെ വൻ അപകടങ്ങൾ മുൻകൂട്ടി കണ്ട് അത് ഒഴിവാക്കുക എന്നതാണ് ദുരന്ത ലഘൂകരണക്കാരുടെ ജോലി.

ഉദാഹരണത്തിന് വെള്ളപ്പൊക്കവും ടാങ്കർ ആക്സിഡന്റും ഒക്കെ ഒരു പഞ്ചായത്തിനോ മുനിസിപ്പാലിറ്റിക്കോ മാത്രം ആയി കൈകാര്യം ചെയ്യാൻ പറ്റുന്നതല്ല. അവിടെ ആണ് ദുരന്ത നിവാരണ അതോറിറ്റി ഇടപെടേണ്ടത്. കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി വാസ്തവത്തിൽ ഇക്കാര്യങ്ങൾ നന്നായി ചെയ്യുന്നും ഉണ്ട്. അല്ലാതെ ഒരു വീടിനടുത്തു നിൽക്കുന്ന തെങ്ങു വെട്ടിക്കളയുക എന്നതൊന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ജോലി അല്ല. അവർ അങ്ങനെ ചെയ്യാൻ പോകുന്നത് കൊതുകിനെ കൊല്ലാൻ കൂടം പീരങ്കി ഉപയോഗിക്കുന്ന പോലെ ആകും. അപ്പോൾ പീരങ്കി വേണ്ട സ്ഥലത്തും സമയത്തും അതുണ്ടാവുകയും ഇല്ല.

അതേ സമയം സാധ്യമായ ഏതു അപകടവും, അതെത്ര ചെറുതാണെങ്കിൽ പോലും, മുൻകൂട്ടി കണ്ട് ഒഴിവാക്കുക എന്നതാണ് സുരക്ഷ ഉറപ്പാക്കാൻ നമ്മൾ ചെയ്യേണ്ടത്. നമ്മുടെ വീട്ടിലും, വഴിയിലും, വെള്ളത്തിലും, സ്‌കൂളിലും, ഓഫിസിലും ഒക്കെ ചെറിയ ചെറിയ അപകട സാധ്യതകൾ ഉണ്ട്. ഇതൊന്നും ഒരു സമൂഹത്തിനും ഒറ്റക്ക് താങ്ങാൻ പറ്റാത്തതല്ല. പക്ഷെ എല്ലാം കൂടി വരുമ്പോൾ ആയിരക്കണക്കിന് മരണം ആകും. വേണ്ട വിദ്യാഭ്യാസം കൊണ്ടും പരിശീലനം കൊണ്ടും ചില നിസാര ഉപകരണങ്ങൾ ഉപയോഗിച്ചും ഒക്കെ ഈ അപകടം കുറക്കാൻ പറ്റും. പക്ഷെ, സ്‌കൂൾ തലം തൊട്ട് ഇതു വ്യാപകമായി നടപ്പിലാക്കണം.

അടിസ്ഥാനപരമായി മനുഷ്യ ജീവന് നമ്മൾ കൂടുതൽ വില കൊടുക്കുമ്പോൾ ആണ് സുരക്ഷാപ്രതിരോധം വര്‍ദ്ധിക്കുന്നത്. കാര്യം എല്ലാ മനുഷ്യജീവനും അമൂല്യമാണ് സമമാണ് എന്നൊക്കെ മൈതാന പ്രസംഗം നടത്തുമെങ്കിലും അപകട മരണം സംഭവവിക്കുന്ന പ്രവാസി തൊഴിലാളികൾക്കും മലയാളികൾക്കും ഒക്കെ കൊടുക്കുന്ന നഷ്ട പരിഹാരം അൻപതിനായിരം തൊട്ടു പത്തു ലക്ഷം വരെ ആകുമ്പോൾ സമൂഹം ജീവനെ തുല്യമായിട്ടും അമൂല്യമായിട്ടും അല്ല കരുതുന്നത് എന്നത് വ്യക്തമാണല്ലോ. നമ്മുടെ അറിവും വരുമാനവും മാനുഷിക മൂല്യവും മാറി വരുന്ന കാലത്ത് മനുഷ്യജീവനെ കാര്യമായിട്ട് എടുക്കാന്‍ നമ്മള്‍ പഠിക്കും. അന്ന് സമൂഹം കൂടുതല്‍ സുരക്ഷിതമാവുകയും ചെയ്യും.

സംസ്ഥാനത്തെ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് ഇപ്പോൾ പോലീസ് സംവിധാനത്തിന്റെ ഭാഗം ആണ്. അവരുടെ പ്രധാന ജോലി അപകടം ഉണ്ടായിക്കഴിഞ്ഞുള്ള ഇടപെടൽ ആണ്. ഫയർ ഒഴിച്ചുള്ള മറ്റ് വിഷയങ്ങളിൽ, ഉദാഹരണത്തിന് കെട്ടിടം പണിയുന്ന സ്ഥലത്തുള്ള അപകട സാധ്യതകളിൽ മുൻകൂട്ടി ഇടപെടാൻ നിയമപരമായ അധികാരമോ ആവശ്യത്തിന് പരിശീലനമോ ഉപകരണങ്ങളോ അവർക്കില്ല. അതു പോലെ ഒരു അപകടം നടന്നാൽ അന്വേഷണം ഇപ്പോഴും പോലീസ് മുറയിൽ "കുറ്റക്കാരനെ" കണ്ടു പിടിക്കാനാണ് അല്ലാതെ അടിസ്ഥാന കാരണം കണ്ടെത്തി ഘടനാപരം ആയി പരിഷ്കരിക്കാൻ അല്ല. മുൻപ് പറഞ്ഞത് പോലെ ജല സുരക്ഷാ പോലെ ആയിരങ്ങൾ കൊല്ലപ്പെടുന്ന വിഷയത്തിൽ അപകടം കുറക്കാൻ ആരും ഉത്തരവാദികൾ അല്ല.

ഇതുകൊണ്ടൊക്കെയാണ് സുരക്ഷയെ പറ്റി സമഗ്രമായി ഒരു നിയമം ഉണ്ടാക്കണമെന്നും ആ അധികാരങ്ങൾ ഉപയോഗിക്കാൻ പറ്റിയ ഒരു അതോറിറ്റി ഉണ്ടാകണമെന്നും ഞാൻ ആഗ്രഹിക്കുന്നത്. ബ്രിട്ടനിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്കൂട്ടീവിന് അവിടുത്തെ പോലീസിൽ കൂടുതൽ അധികാരങ്ങൾ ഉണ്ട്. അതുകൊണ്ടാണ് ഈ വിഷയത്തിൽ ബ്രിട്ടൻ ലോകത്തു നല്ല ഒരു മാതൃകയായി നിൽക്കുന്നതും.

ദുരന്തലഘൂകരണം പ്രതീക്ഷ ഇല്ലാത്തത് ആണോ?

അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഒഴിവാക്കുമ്പോഴാണ് ദുരന്തലഘൂകരണം സാധ്യമാകുന്നത്. പക്ഷെ അതിൽ ഒട്ടും ഗ്ളാമർ ഇല്ല. അപകടം ഉണ്ടായതിനുശേഷം അവരെ രക്ഷിക്കുന്നവര്‍ക്ക് അംഗീകാരം ഉണ്ട്, അവരെ ഹീറോ ആയി സമൂഹം വാഴ്ത്തും. അതിനുവേണ്ടി പണം മുടക്കാന്‍ സമൂഹം തയ്യാറാകും. പക്ഷെ അപകടം ഉണ്ടാകുന്നതിനു മുന്‍പ് അതിനെ അറിഞ്ഞ് പ്രതിരോധിച്ചാല്‍ എത്രയോ ജീവന്‍ രക്ഷപെടും. പക്ഷെ ഈ രക്ഷപ്പെടുന്നവര്‍ ഒന്നുപോലും ആരാണ് അവരുടെ ജീവന്‍ രക്ഷപെടുത്തിയത് എന്ന് അറിയുന്നുപോലും ഇല്ല. അപ്പോള്‍ അതിന് ഉത്തരവാദികള്‍ ആയവരെ അറിയുന്ന പ്രശ്നം ഇല്ലല്ലോ. അവരുടെ ഉപദേശങ്ങള്‍ ശ്രദ്ധിക്കുകയോ അവര്‍ പറയുന്നത് ചെയ്യാന്‍ പണം കൊടുക്കണം എന്ന് സമൂഹത്തിന് തോന്നുകയും ഇല്ല.

കേരളത്തിലെ സുരക്ഷാ വർധിപ്പിക്കാൻ വ്യക്തമായ ചില നിർദേശങ്ങൾ പറയൂ?

  1. സുരക്ഷാ വിഷയങ്ങളെ റോ‍ഡ് സുരക്ഷ, വൈദ്യുതി സുരക്ഷ, ഫാക്ടറി സുരക്ഷ എന്നിങ്ങനെ തരം തിരിക്കാതെ സമഗ്ര സുരക്ഷാ നിയമം പാസാക്കുക.

  2. എല്ലാവിധ സുരക്ഷാ വിഷയങ്ങളേയും കൈകാര്യം ചെയ്യുന്നതിന് ശക്തമായ ഒരു സുരക്ഷാ അതോറിറ്റി സ്ഥാപിക്കുക. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി എക്സിക്യൂട്ടീവ് ഒരു മാതൃകയായി എടുക്കാവുന്നതേ ഉള്ളൂ.

  3. സുരക്ഷാ വിഷയങ്ങള്‍ എല്ലാത്തരം തൊഴില്‍ പരിശീലനങ്ങളുടേയും അടിസ്ഥാനഭാഗം ആക്കുക. ഉദാഹരണത്തിന് ഡ്രൈവര്‍, ആശാരി, വെല്‍ഡർ, വീടുപണിഎന്നിങ്ങനെ എല്ലാം.

  4. ഇപ്പോള്‍ ഇത്തരം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 5 ദിവസത്തെ തൊഴിലിന് അനുയോജ്യമായ സുരക്ഷാ പരിശീലനം സര്‍ക്കാർ ചെലവില്‍ സംഘടിപ്പിക്കുക.

  5. സുരക്ഷ എന്നത് പ്രൈമറിതലം മുതല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക.

  6. ഓരോ തൊഴിലിടത്തിലും, അത് വീടാവട്ടെ, റോഡാവട്ടെ, സ്കൂൾ ആവട്ടെ, ഫാക്ടറി ആകട്ടെ, ജോലിക്ക് വരുന്നവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം കൂലികൊടുക്കുന്നത് ആരാണോ അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ആക്കുക. അപകടം ഉണ്ടായാൽ അവരുടെ ചികിത്സക്കും മരിച്ചാൽ നഷ്ടപരിഹാരംകൊടുക്കാനും ഉള്ള ഒരു ഇൻഷുറൻസ് എല്ലാ വീട്ടുടമകളും തൊഴിൽ ദാതാക്കളും ചെയ്യണമെന്നത്‌ നിർബന്ധം ആക്കുക.

  7. ഓരോ അപകടങ്ങളെപ്പറ്റിയും സുരക്ഷാ അതോറിറ്റിയുടെ മേല്‍നോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തി അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടെത്തി അത് ആ തൊഴില്‍ മേഖലയില്‍ മൊത്തം പരിഹരിക്കുക. ഉദാഹരണത്തിന് ഒരു പടക്ക കമ്പനിയില്‍ അപകടം ഉണ്ടായാല്‍ അവിടെ പോലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി അവിടുത്തെ മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കുന്ന രീതി മാറ്റണം.

  8. സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനുവേണ്ടി ഒരു സുരക്ഷാ നികുതി ഏര്‍പ്പെടുത്തുക. വാഹനം, വൈദ്യുതി, കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ എന്നിവയില്‍ ഒക്കെ ഈ ടാക്സ് ഈടാക്കാവുന്നതേ ഉള്ളൂ.

  9. ആധുനിക വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക. ഇന്ത്യയിലെ, ഇക്കാര്യത്തിലെ ഒന്നാം സ്ഥാനം നേടിയെടുക്കുക.

  10. കേരളത്തിലെ ഓരോ വകുപ്പിന്റെ കീഴിലും എത്ര അപകടങ്ങള്‍ നടക്കുന്നു എന്ന് നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കുക. അത്തരം അപകടങ്ങള്‍ കുറക്കുന്നത് വകുപ്പിന്റെ നിര്‍വഹണ നിരീക്ഷണത്തി (Performance Monitoring) ന്റെ ഭാഗമാക്കുക.

ഇപ്പോള്‍ നമ്മള്‍ കേരളത്തില്‍ കാണുന്നത് ഒരു "കേരള സവിശേഷത"യൊന്നും അല്ല. ഇപ്പോള്‍ സുരക്ഷ ഉള്ള രാജ്യങ്ങള്‍ എല്ലാം തന്നെ ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണ്. ലോകത്തു അനവധി സ്ഥലങ്ങൾ നമ്മളെക്കാൾ പിറകിലും ആണ്. അടിസ്ഥാനപരമായി മനുഷ്യ ജീവന് നമ്മൾ കൂടുതൽ വില കൊടുക്കുമ്പോൾ ആണ് സുരക്ഷാപ്രതിരോധം വര്‍ദ്ധിക്കുന്നത്. കാര്യം എല്ലാ മനുഷ്യജീവനും അമൂല്യമാണ് സമമാണ് എന്നൊക്കെ മൈതാന പ്രസംഗം നടത്തുമെങ്കിലും അപകട മരണം സംഭവവിക്കുന്ന പ്രവാസി തൊഴിലാളികൾക്കും മലയാളികൾക്കും ഒക്കെ കൊടുക്കുന്ന നഷ്ട പരിഹാരം അൻപതിനായിരം തൊട്ടു പത്തു ലക്ഷം വരെ ആകുമ്പോൾ സമൂഹം ജീവനെ തുല്യമായിട്ടും അമൂല്യമായിട്ടും അല്ല കരുതുന്നത് എന്നത് വ്യക്തമാണല്ലോ. നമ്മുടെ അറിവും വരുമാനവും മാനുഷിക മൂല്യവും മാറി വരുന്ന കാലത്ത് മനുഷ്യജീവനെ കാര്യമായിട്ട് എടുക്കാന്‍ നമ്മള്‍ പഠിക്കും. അന്ന് സമൂഹം കൂടുതല്‍ സുരക്ഷിതമാവുകയും ചെയ്യും. പക്ഷെ അങ്ങനെ തന്നെ ആകേണ്ട കാര്യമില്ല. സുരക്ഷ അത്ര ചിലവുള്ള കാര്യമല്ല. നമുക്ക് പ്രധാനമായി വേണ്ടത് സുരക്ഷാ സാക്ഷരത ആണ്. അതിന് ലോകത്തെമ്പാടു നിന്നും നല്ല അനവധി മാതൃകകൾ ഉണ്ട്. നമ്മൾ അതൊന്നു പഠിക്കാനും പ്രാവർത്തികമാക്കാനും ശ്രമിച്ചാൽ മാത്രം മതി, അടുത്ത അഞ്ചു വർഷം കൊണ്ടു അപകടമരണങ്ങൾ ഇപ്പോഴത്തേതിൽ നിന്ന് പകുതിയാക്കാം.

(ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യരാഷ്ട്ര സഭയുടേത് ആകണം എന്നില്ല.)