സംഘപരിവാറും അംബേദ്‌കറും; പ്രീണനത്തില്‍ പൊതിഞ്ഞ ഫോബിയ

തങ്ങള്‍ക്കനുകൂലമായ ചരിത്രം നിര്‍മ്മിക്കുക എന്നത് വര്‍ഗീയ ഫാഷിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ പ്രധാനമാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും ചരിത്ര വ്യക്തിത്വങ്ങളെ പുനര്‍നിര്‍വചിച്ചും നിര്‍മ്മിക്കുന്ന അപരവിദ്വേഷപരമായ വ്യാജചരിത്രമാണ് വര്‍ഗീയഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം. ഈ അപകടത്തെ സൂചിപ്പിച്ചു കൊണ്ടാണ്, ചരിത്രം വര്‍ഗീയതയുടെ അസംസ്കൃതവസ്തുവാണെന്ന് എറിക് ഹോബ്സ്ബോം അഭിപ്രായപെട്ടത് 1.

കൊളോണിയല്‍ ചരിത്ര ധാരണകള്‍ ഉഴുതുമറിച്ച വര്‍ഗീയ ചരിത്ര നിര്‍മ്മാണത്തില്‍ വിത്തുവിതച്ച് വിള കൊയ്താണ് ഹിന്ദുത്വം അതിന്റെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയത്. ഇന്ത്യാ ചരിത്രത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ മൂന്ന് കാലഘട്ടങ്ങളായി വിഭജിച്ച കൊളോണിയല്‍ ചരിത്രകാരന്മാരായ ജയിംസ് മില്‍, ക്രിസ്ത്യാന്‍ ലാസ്സന്‍ തുടങ്ങിയവരുടെ ചരിത്രരചനയോട് ഹിന്ദുത്വഫാഷിസം പ്രത്യയശാസ്ത്രപരമായി തന്നെ കടപ്പെട്ടിരിക്കുന്നു. റോമില ഥാപ്പര്‍ നിരീക്ഷിച്ചതുപോലെ ഇന്ത്യന്‍ ചരിത്രമെന്നാല്‍ ഹൈന്ദവസംസ്കാരത്തിന്റെ ചരിത്രമാണെന്നും ഹൈന്ദവമെന്നാല്‍ ആര്‍ഷമാണെന്നുമുള്ള കൊളോണിയല്‍ സങ്കല്‍പ്പമാണ് ഹിന്ദു വര്‍ഗീയതയുടെ പ്രത്യയശാസ്ത്രപരമായ മൂലസൂത്രം.

ആശയപരമായും പ്രായോഗികമായും ഹിന്ദുവര്‍ഗീയവാദത്തെ വെല്ലുവിളിച്ച ചരിത്രവ്യക്തിത്വങ്ങളെ സന്ദര്‍ഭോചിതമായി അപരരായും അനുഭാവികളുമായും ചിത്രീകരിക്കുന്നത് ഹിന്ദുത്വത്തിന്റെ ചരിത്രരചനയുടെ രീതിശാസ്ത്രമാണ്. ഇത്തരത്തിലുള്ള ചരിത്രനിര്‍മ്മാണം കൃത്യമായി നടപ്പിലാക്കിയും അതിനെ ഒരു പൊതുബോധമാക്കി പരിവര്‍ത്തനം ചെയ്തുമാണ് ഇന്ത്യയില്‍ ഹിന്ദുത്വം വളര്‍ന്നു പന്തലിച്ചത്.

ഔറംഗസേബ് അടക്കമുള്ള മുഗള്‍ ഭരണാധികാരികളെ അപരവല്‍കരിക്കുന്നതും, ഗാന്ധി, ബിര്‍സ മുണ്ട, ഭഗത് സിംഗ്, ശിവാജി തുടങ്ങി അംബേദ്‌ക്കര്‍ വരെയുള്ളവര്‍ക്കു നേരെ അവകാശവാദം ഉന്നയിക്കുന്നതും പ്രസ്തുത പ്രത്യയശാസ്ത്ര രൂപീകരണത്തിന്റെ ഭാഗമായാണ് കാണേണ്ടത്. ഇതില്‍ത്തന്നെ ഏറ്റവും അപകടവും ആശങ്കയുളവാക്കുന്നതും അംബേദ്‌കറിനോടുള്ള സമീപനമാണ്. ബ്രാഹ്മണ്യത്തിനും വര്‍ണാശ്രമ-ജാതിയില്‍ അധിഷ്ഠിതവുമായ ഹിന്ദുത്വത്തെ വെല്ലുവിളിച്ച, ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബുദ്ധമതം സ്വീകരിച്ച, ജാതിഉന്മൂലനം രാഷ്ട്രീയ ലക്ഷ്യമായി പ്രഖ്യാപിച്ച ബാബസാഹെബ് അംബേദ്‌കറിനു നേരെയുള്ള വെറുപ്പിനെയും അസഹിഷ്ണുതയെയും പ്രകടമായ വ്യാജസ്നേഹത്താല്‍ പൊതിഞ്ഞ് കാവിയുടുപ്പിക്കാന്‍ ശ്രമിക്കുന്ന, വളരെ അപകടകരവും അതേ സമയം വൈരുധ്യം നിറഞ്ഞതുമായ, സമീപനമാണ് ആര്‍.എസ്.എസ്. നടപ്പിലാക്കുന്നത്.

അംബേദ്‌ക്കറെ ഒരു ഹിന്ദു നവീകരണവാദിയും മുസ്ലീം വിരുദ്ധനുമായും ചിത്രീകരിച്ചുവരുന്ന സംഘപരിവാര്‍ തലവന്‍ മോഹന്‍ ഭഗവത് ഈയിടെ അംബേദ്ക്കറെ ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗെവാറിനോടു താരതമ്യം ചെയ്യുകയുണ്ടായി. 2014-ല്‍ ആര്‍.എസ്.എസ്. വക്താവായ വിജയ് ശാസ്ത്രി ദളിത്‌ ചരിത്രത്തെ പറ്റിയും സംവരണത്തെ പറ്റിയും മൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ബജ്രംഗദള്‍ സ്ഥാപകന്‍ വിനയ് കത്യാര്‍ ഉത്തര്‍പ്രദേശില്‍ വച്ച് ‘അംബേദ്‌കര്‍ യാത്ര’ നടത്തുകയും ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നടത്തുവാനായി അംബേദ്‌കറെ വളച്ചൊടിക്കുകയും ചെയ്തത് 2002-ലാണ് 2. അടുത്തകാലത്തായി ആര്‍.എസ്.എസ്., ബി.ജെ.പി., എ.ബി.വി.പി. തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ അംബേദ്‌കര്‍ ജയന്തി രാജ്യവ്യാപകമായി ആഘോഷിച്ചു വരുന്നു.

അംബേദ്‌ക്കറെ ഒരു ഹിന്ദു നവീകരണവാദിയും മുസ്ലീം വിരുദ്ധനുമായും ചിത്രീകരിച്ചുവരുന്ന സംഘപരിവാര്‍ തലവന്‍ മോഹന്‍ ഭഗവത് ഈയിടെ അംബേദ്ക്കറെ ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗെവാറിനോടു താരതമ്യം ചെയ്യുകയുണ്ടായി.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, അംബേദ്‌കറിനെ കാവിവല്‍ക്കരിക്കുവാന്‍ ബി.ജെ.പി. കോടികള്‍ മുടക്കുകയാണ്. കഴിഞ്ഞ നവംബറില്‍, അംബേദ്‌കര്‍ ലണ്ടനില്‍ താമസിച്ച സ്ഥലത്ത് അംബേദ്‌കര്‍ മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്തത് നരേന്ദ്ര മോഡിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്സും ചേര്‍ന്നാണ്. ന്യൂ ഡല്‍ഹിയില്‍ അംബേദ്‌കര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് തറക്കല്ലിട്ട അമ്പത്താറിഞ്ചുകാരന്‍, അംബേദ്ക്കറെ തന്റെ ഗുരുവായി പ്രഖ്യാപിക്കുകവരെ ചെയ്തു. അംബേദ്‌കര്‍ ജീവിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ സ്മാരകമന്ദിരങ്ങള്‍ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ബി.ജെ.പി. ആര്‍ക്കെതിരെയാണോ, എന്തിനെതിരെയാണോ അംബേദ്‌കര്‍ തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയത്; അവര്‍ തങ്ങളുടെ രാഷ്ട്രീയലാഭങ്ങള്‍ക്കായി അദ്ദേഹത്തെ കയ്യടക്കുവാന്‍ നിരന്തരം ശ്രമിക്കുന്നു.

സംഘപരിവാറിന്റെ ഈ അംബേദ്‌കര്‍ സ്നേഹം ചരിത്രപരവും രാഷ്ട്രീയപരവുമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പ്രത്യയശാസ്ത്രത്തിലും പ്രയോഗത്തിലും എക്കാലത്തും ദളിത്‌-വിരുദ്ധത അവിഭാജ്യഘടകമായിരുന്ന, ശ്രേണീവല്‍കൃത അസമത്വം എന്ന് അംബേദ്ക്കര്‍ വിശേഷിപ്പിച്ച ജാതിവ്യവസ്ഥയുടെയും ബ്രാഹ്മണ്യത്തിന്റെയും സംരക്ഷകരായ സംഘപരിവാറിന്റെ ഈ കപടസ്നേഹം, ദീര്‍ഘ കാലത്ത് അപകടകരമായ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. പ്രാദേശിക പാര്‍ട്ടികളുടെ വരവോടെ, 'കോണ്‍ഗ്രസ്‌ സിസ്റ്റം’ എന്ന് രജനി കോത്താരി വിശേഷിപ്പിച്ച, ഏക പാര്‍ടി വ്യവസ്ഥ ബഹുപാര്‍ടി വ്യവസ്ഥയ്ക്ക് വഴിമാറിയതും, മണ്ഡലാനന്തര രാഷ്ട്രീയമാറ്റങ്ങളുടെ ഫലമായി സംഘടിതവും നിര്‍ണായകവുമായ വോട്ടു ബാങ്കായി ദളിത്‌-ബഹുജനങ്ങള്‍ മാറിയതോടെയുമാണ് ബി.ജെ.പി. തങ്ങളുടെ അംബേദ്‌കര്‍ അവകാശവാദങ്ങള്‍ ആരംഭിക്കുന്നത്. അതിനോടകം തന്നെ ദളിത്‌-ബഹുജന്‍ വിഭാഗങ്ങളില്‍ ദൈവതുല്യനായി കഴിഞ്ഞ അംബേദ്കറുടെ വിഗ്രഹാരാധന നടത്തുന്നതിലൂടെ സഹജമായ ദളിത്‌-വിരുദ്ധത നിലനിര്‍ത്തികൊണ്ടുതന്നെ ദളിത്‌-ബഹുജന്‍ വോട്ടുകള്‍ ലക്ഷ്യം വയ്ക്കുവാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. സമാനമായ ദൗത്യം തദ്ദേശീയ തലങ്ങളില്‍ ബി.ജെ.പി. വിജയകരമായി നടപ്പിലാക്കിയതായി സാമൂഹ്യ ശാസ്ത്രജ്ഞനായ ബദ്രി നാരായണ്‍ നിരീക്ഷിക്കുന്നുണ്ട്. 1970-കളില്‍ ബീഹാറിലെ ദുസാധ് എന്ന ദളിത്‌ വിഭാഗത്തിന്റെ വീരപുരുഷന്‍ ആയിരുന്ന സാല്‍ഹെസ് എന്ന ഐത്യഹ്യവ്യക്തിയെ കാവിവല്‍ക്കരിച്ച് നടത്തിയ പ്രചാരണത്തിലൂടെ വലിയ ഭാഗം ദുസാധ് വിഭാഗക്കാരെ സംഘപരിവാര്‍ കാവിവല്‍കരിക്കുകയുണ്ടായി എന്ന് നാരായണ്‍ ചൂണ്ടിക്കാട്ടുന്നു 3.

ഇത്തരത്തില്‍ അംബേദ്‌കറെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടു കടുത്ത അസഹിഷ്ണുത നിലനിര്‍ത്തിയും അദ്ദേഹം പ്രതിനിധാനം ചെയ്ത ജനവിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിച്ചു പോരുന്നത്. സംഘപരിവാറിന്റെ അംബേദ്‌കര്‍/ദളിത്‌ വിരുദ്ധത ഏറ്റവും പ്രകടമായി തന്നെ നിലനില്ക്കുന്നത് ഹിന്ദുത്വത്തിന്റെ ബൗദ്ധിക ധാരയിലാണ്. ഗോള്‍വാള്‍ക്കര്‍ തൊട്ട് അരുണ്‍ ഷൂരി വരെയുള്ളവര്‍ തങ്ങളുടെ ദളിത്‌/അംബേദ്‌കര്‍ വിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെടുത്തിയവരാണ്.

ഇത്തരത്തിലുള്ള വ്യാജ ചരിത്ര നിര്‍മ്മാണം നടത്തി ദളിത്‌ ചരിത്രത്തെ കാവിയുടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ദളിത്‌ വിഭാഗങ്ങള്‍ക്ക് നേരെ സംഘടിതവും നിര്‍ദ്ദയവുമായ ആക്രമണങ്ങള്‍ സംഘപരിവാര്‍ നടത്തിവരുന്നുണ്ട്. 1997-ലെ രമാഭായി കൂട്ടക്കൊലയും അതിനെതുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും തെലങ്കാനയിലും അംബേദ്‌കര്‍ പ്രതിമകള്‍ നശിപ്പിച്ചും അനേകം ദളിതരെ കൊന്നൊടുക്കിയും സംഘപരിവാര്‍ അംബേദ്‌കര്‍ രാഷ്ട്രീയത്തോടുള്ള വെറുപ്പും അസഹിഷ്ണുതയും ദൃശ്യമാക്കിപോന്നു. ഖത്താനി തോല, ഹിബാസ്പുര്‍, ലക്ഷ്മണ്‍പൂര്‍-ബാത്തെ, ശങ്കര്‍ബീഗ, മിയാന്‍പൂര്‍ എന്നിവിടങ്ങളിലായി ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളിലൂടെ ഇരുന്നൂറിലധികം ദളിതരെ കൊന്നൊടുക്കിയ രണ്‍വീര്‍ സേന എന്ന തീവ്രവാദി സംഘടനയുമായി ബി.ജെ.പി. നേതാക്കളായ മുരളീ മനോഹര്‍ ജോഷി, സി.പി താക്കൂര്‍ എന്നിവര്‍ അടുത്ത ബന്ധം പുലര്‍ത്തിയതിനുള്ള തെളിവുകള്‍ കോബ്ര പോസ്റ്റ്‌ പുറത്തു വിട്ടിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല 4. ഇത്തരത്തില്‍ അംബേദ്‌കറെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടു കടുത്ത അസഹിഷ്ണുത നിലനിര്‍ത്തിയും അദ്ദേഹം പ്രതിനിധാനം ചെയ്ത ജനവിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിച്ചു പോരുന്നത്. സംഘപരിവാറിന്റെ അംബേദ്‌കര്‍/ദളിത്‌ വിരുദ്ധത ഏറ്റവും പ്രകടമായി തന്നെ നിലനില്ക്കുന്നത് ഹിന്ദുത്വത്തിന്റെ ബൗദ്ധിക ധാരയിലാണ്. ഗോള്‍വാള്‍ക്കര്‍ തൊട്ട് അരുണ്‍ ഷൂരി വരെയുള്ളവര്‍ തങ്ങളുടെ ദളിത്‌/അംബേദ്‌കര്‍ വിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെടുത്തിയവരാണ്.

ഇന്ത്യന്‍ സാമൂഹികക്രമത്തിന്റെ ചാലകശക്തിയായി ജാതി വ്യവസ്ഥ നിലനില്‍ക്കേണ്ടതിന്റെ ആവശ്യത്തെപറ്റി ഗോള്‍വാള്‍ക്കര്‍ തന്റെ "വിചാരധാര"യില്‍ വ്യക്തമായി പറയുന്നുണ്ട്. അരുണ്‍ ഷൂരിയാകട്ടെ തന്റെ അംബേദ്‌കര്‍ ഫോബിയ, "Worshipping False Gods" എന്ന പേരില്‍ ഒരു പുസ്തകം തന്നെയായി രൂപപ്പെടുത്തി. പ്രസ്തുത പുസ്തകത്തില്‍, ഷൂരി അംബേദ്കറിനെ വിശേഷിപ്പിക്കുന്നത് ബ്രിട്ടീഷ് ചാരന്‍, അധികാരക്കൊതിയന്‍, അവസരവാദി, രാജ്യദ്രോഹി എന്നൊക്കെയാണ് 5. യാതൊരു വിശകലന-വസ്തുത അടിത്തറയുമില്ലാത്ത പുസ്തകം, കേവലമായ അംബേദ്‌കര്‍/ദളിത്‌ വിരുദ്ധത ആന്തരികവല്‍ക്കരിച്ച സംഘപരിവാര്‍ യുക്തിയുടെ ഉല്‍പ്പന്നം മാത്രമാണ്.

xdfdfd

സംഘപരിവാര്‍ ബുദ്ധിജീവികളുടെ അംബേദ്‌കര്‍/ദളിത്‌ വിരുദ്ധതയുടെ ഏറ്റവും പുതിയതും പരിഭ്രമിപ്പിക്കുന്നതുമായ ഉദാഹരണം വരുന്നത് ബെല്‍ജിയത്തിലെ ഘെന്റ് സര്‍വ്വകലാശാലയിലെ അധ്യാപകനും ഹിന്ദുത്വ-സഹയാത്രികനുമായ എസ്.എന്‍. ബാലഗംഗാധരയില്‍ നിന്നുമാണ്. അക്കാദമിക് മര്യാദകളുടെ സര്‍വ്വസീമകളും ലംഘിച്ചു കൊണ്ട് അന്ധമായ ദളിത്‌/അംബേദ്‌കര്‍ വിരോധം ബാലഗംഗാധര പ്രകടമാക്കിയതാകട്ടെ, ദളിത്‌ രാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുള്ള ഹൈദരാബാദിലെ ഇ.എഫ്.എല്‍. സര്‍വകലാശാലയില്‍ നടന്ന ഒരു കോണ്‍ഫറന്‍സ്സില്‍ വച്ചും. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ആനന്ദ് തെല്‍തുംടെ, Economic and Political Weekly-യില്‍ "Brahmanical Arrogance" എന്ന പേരിലെഴുതിയ ലേഖനമാണ് ബാലഗംഗാധരയുടെ ബ്രാഹ്മണ്യ ധാര്‍ഷ്ട്യത്തെയും ദളിത്‌ വിരുദ്ധതെയും പ്രശ്നവല്‍ക്കരിച്ചത് 6. ദറീദയെ പറ്റി സംസാരിക്കാനെത്തിയ ബാലഗംഗാധര, തന്റെ പ്രഭാഷണത്തില്‍ അംബേദ്കറെ വിശേഷിപ്പിച്ചത് "കിറുക്കനായ വിഡ്ഢി" എന്നാണ്. കൂടാതെ കൊളംബിയ സര്‍വകാലാശാല അംബേദ്കറിനു ഡോക്ട്ടറേറ്റ് നല്‍കിയതില്‍ ആശ്ചര്യം പ്രകടിപ്പിച്ച ബാലഗംഗാധര, ഇന്ത്യയിലെ ജാതിവ്യവസ്ഥ ബ്രിട്ടീഷ് മിഷനറിമാര്‍ കാരണമാണ് രൂപപ്പെട്ടതെന്നും വാദിക്കുകയുണ്ടായി. ജാതി സംവരണത്തിലൂടെ പ്രവേശനം നേടി വരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും കഴിവുകെട്ടവരാണെന്ന സംവരണ-വിരുദ്ധ യുക്തി പ്രയോഗിക്കാനും ബാലഗംഗാധര മറന്നില്ല. തന്റെ വിവാദ പരാമര്‍ശങ്ങളുടെ പ്രതിരോധത്തിനെന്ന വണ്ണം ഡെയിലി ഓ എന്ന ഓണ്‍ലൈന്‍ മാസികയില്‍ ബാലഗംഗാധര എഴുതിയ ലേഖനത്തിലാകട്ടെ ഇന്ത്യയിലെ വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ കാരണക്കാര്‍ അംബേദ്കറിന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് ആരോപിക്കുന്നു 7. കല്‍ബുര്‍ഗിയുടെ കൊലപാതകം, അദ്ദേഹത്തിന്റെ തന്നെ അസഹിഷ്ണുത ക്ഷണിച്ചു വരുത്തിയതാണെന്നു വാദിക്കുന്ന ബാലഗംഗാധര ദാദ്രിയില്‍ അക്ലഖ് വധിക്കപെട്ടത്‌ പശുവിനെ മോഷ്ടിച്ചതുകൊണ്ടാണെന്ന തരത്തിലുള്ള, ഏതു തൊഗാഡിയമാരെയും നാണിപ്പിക്കുന്ന തരത്തിലുള്ള ഗീബല്‍സിയന്‍ വാദങ്ങളും ഉന്നയിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമാത്തിലെയും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും ഒട്ടേറെ വകുപ്പുകള്‍ പ്രകാരം ശിക്ഷായോഗ്യമായ പ്രസ്താവനകളാണ് ബാലഗംഗാധര നടത്തിയതെന്ന് തെല്‍തുംടെ നിരീക്ഷിക്കുന്നു. ബാലഗംഗാധരയുടെ പരാമര്‍ശങ്ങള്‍ കേവല വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമായി കാണരുത്. അദ്ദേഹം ബൗദ്ധിക തലത്തില്‍ പ്രതിനിധാനം ചെയ്യുന്ന, അപര-വിദ്വേഷത്തിലും വെറുപ്പിലും അസഹിഷ്ണുതയിലും അധിസ്ഥിതമായ ഹിന്ദുത്വ എന്ന തീവ്രവാദ ഫാഷിസ്റ്റ്‌ പ്രത്യശാസ്ത്രത്തിന്റെ വിചാരങ്ങളാണ് അവ. ഇത്തരത്തില്‍ ഒരേ സമയം അവകാശവാദവും അസഹിഷ്ണുതയും കലര്‍ന്ന, പരസ്പര-വിരുദ്ധമായ സമീപനമാണ് സംഘപരിവാര്‍ അംബേദ്കറിനു നേര്‍ക്ക് സ്വീകരിച്ചിട്ടുള്ളത്.

സംഘപരിവാറിന്റെ ദളിത്‌ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രോഹിത് വെമുലയുടെ മരണം. ഈ ഒരു പശ്ചാത്തലത്തില്‍ രോഹിത് വെമുലയുടെ കൊലപാതകത്തെ മനസ്സിലാക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. സംഘപരിവാറാല്‍ ഭയക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി രോഹിത് വെമുല മാറിയതിനു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച, വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി ബിരുദം "കരസ്ഥമാക്കിയ" ഒരു വ്യക്തി കേന്ദ്രമന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന സമയത്ത്, രോഹിത് ഉന്നതവിജയത്തോടെ ഗവേഷണതലത്തില്‍ എത്തുകയും ബ്രാഹ്മണ്യകുത്തകയായ ജ്ഞാനവ്യവസ്ഥയെ നിരന്തരം വെല്ലുവിളിക്കുകയും ചെയ്തു. കൂടാതെ, അംബേദ്‌കര്‍ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയും അതിനെ അടിസ്ഥാനമാക്കി സംഘടിക്കുകയും കാവി രാഷ്ട്രീയത്തെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തു. സംഘപരിവാറിന്റെ കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെട്ടാണ് രോഹിത് വെമുലയുടെ മരണത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് എന്നാലോചിക്കുമ്പോഴാണ് രോഹിത്തിന്റെ രാഷ്ട്രീയത്തെയും പ്രവര്‍ത്തനത്തെയും അവര്‍ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്ന് വ്യക്തമാകുക.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി. നിലം തൊട്ടിട്ടില്ല. രോഹിത് പ്രവര്‍ത്തിച്ചിരുന്ന സംഘടനകളായിരുന്ന എസ്.എഫ്.ഐയും എ.എസ്.എയും 2010-ല്‍ തെരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കിയത് തൊട്ട് സംഘപരിവാര്‍ വര്‍ഗീയതെക്കെതിരെ ശക്തമായ പ്രതിരോധം ഹൈദരാബാദ് സര്‍വകലാശാലയില്‍ നിലനിന്നുവന്നിരുന്നു.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി. നിലം തൊട്ടിട്ടില്ല. രോഹിത് പ്രവര്‍ത്തിച്ചിരുന്ന സംഘടനകളായിരുന്ന എസ്.എഫ്.ഐയും എ.എസ്.എയും 2010-ല്‍ തെരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കിയത് തൊട്ട് സംഘപരിവാര്‍ വര്‍ഗീയതെക്കെതിരെ ശക്തമായ പ്രതിരോധം ഹൈദരാബാദ് സര്‍വകലാശാലയില്‍ നിലനിന്നുവന്നിരുന്നു. മോഡി സര്‍ക്കാരിന്റെ ന്യൂനപക്ഷ-ദളിത്‌-ആദിവാസി-തൊഴിലാളി-വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ തുടര്‍ച്ചയായി അരങ്ങേറി. ബീഫ് നിരോധനത്തിനെതിരെയും നോണ്‍-നെറ്റ് ഫെല്ലോഷിപ്പ് വീണ്ടെടുക്കുവാനും വധശിക്ഷക്കെതിരെയും എ.ബി.വി.പി. ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രതിഷേധങ്ങളിലെല്ലാം രോഹിത്തും മറ്റു എ.എസ്.എ പ്രവര്‍ത്തകരും സജീവ സാന്നിദ്ധ്യമായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതികാരമെന്നവണ്ണമാണ് സംഘപരിവാറും സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് രോഹിത് അടക്കമുള്ള ദളിത്‌ ഗവേഷകരുടെ മേല്‍ സാമൂഹ്യ ബഹിഷ്കരണം ഏര്‍പ്പെടുത്തിയത്. അങ്ങനെ സംഘപരിവാറിന്റെ വെറുപ്പും ഭയവും ചേര്‍ന്ന പ്രതികാരമാണ് രോഹിത്തിനെ കൊലപ്പെടുത്തിയത്.

രോഹിത്തിന്റെ മരണ ശേഷവും സംഘപരിവാര്‍ തങ്ങളുടെ ദളിത് ഫോബിയ തുറന്നുകാട്ടുകയാണ്. രോഹിത്തിന്റെ മരണത്തിനു ആറു ദിവസം ശേഷം മാത്രം പ്രതികരിച്ച പ്രധാനമന്ത്രി "ഭാരതമാതാവിനു ഒരു മകനെ കൂടി നഷ്ടമായി" എന്ന പ്രസ്താവനയിലൊതുക്കുകയായിരുന്നു തന്റെ പ്രതികരണം. കൈകളില്‍ പുരണ്ടിരിക്കുന്ന രക്തം കഴുകിക്കളയുവാന്‍ മുതലക്കണ്ണീര്‍ പൊഴിക്കുക കൂടി ചെയ്തു നരേന്ദ്രമോഡി. സ്മൃതി ഇറാനിയും സുഷമാ സ്വരാജും രോഹിത്തിന്റെ ദളിത്‌ സ്വത്വത്തെ തന്നെ നിഷേധിക്കുവാന്‍ ശ്രമിച്ചു. രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും രാജ്യദ്രോഹകുറ്റമടക്കം ചാര്‍ത്തുകയും ചെയ്തു സംഘപരിവാറിന്റെ പോലിസ്. കാലാകാലങ്ങളായി ദളിത്‌ വിഭാഗങ്ങളോട് സംഘപരിവാര്‍ പുലര്‍ത്തിപ്പോന്ന അസഹിഷ്ണുതയുടെയും അവകാശവാദത്തിന്റെയും രാഷ്ട്രീയം തന്നെയാണ് രോഹിത്തിന്റെയും കൊലപാതകത്തിലേക്ക് നയിച്ചത്.

കൈകളില്‍ പുരണ്ടിരിക്കുന്ന രക്തം കഴുകിക്കളയുവാന്‍ മുതലക്കണ്ണീര്‍ പൊഴിക്കുക കൂടി ചെയ്തു നരേന്ദ്രമോഡി. സ്മൃതി ഇറാനിയും സുഷമാ സ്വരാജും രോഹിത്തിന്റെ ദളിത്‌ സ്വത്വത്തെ തന്നെ നിഷേധിക്കുവാന്‍ ശ്രമിച്ചു. രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും രാജ്യദ്രോഹകുറ്റമടക്കം ചാര്‍ത്തുകയും ചെയ്തു സംഘപരിവാറിന്റെ പോലിസ്.

യുക്തിവല്‍ക്കരണത്തിലൂടെയും സാംസ്കാരിക-സാഹോദര്യ ബോധത്തിലൂടെയും മതനിരപേക്ഷതയിലൂടെയും ജാതി ഉന്മൂലനം എന്ന ലക്ഷ്യം തത്ത്വമായി പ്രവര്‍ത്തിച്ച, ബ്രഹ്മണ്യത്തിലൂന്നി നില്‍ക്കുന്ന ഹിന്ദുത്വത്തെ ശക്തമായി വെല്ലുവിളിച്ച അംബേദ്‌കറോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുമുള്ള തങ്ങളുടെ ഫോബിയ, അംബേദ്കറിന്റെ പ്രതിമകളും സ്മാരകബിംബങ്ങളും നിര്‍മ്മിച്ച് പ്രീണനത്തില്‍ പൊതിഞ്ഞ് അധികാരത്തില്‍ തുടരുവാനും അതു വഴി ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം നിറവേറ്റാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

ആനന്ദ് തെല്‍തുംടെ നിരീക്ഷിച്ചതുപോലെ, ഓരോതവണയും ബി.ജെ.പി. അംബേദ്‌കര്‍ സ്മാരകങ്ങള്‍ കെട്ടിപ്പൊക്കുമ്പൊഴും, അദ്ദേഹത്തിന്റെ ആശയങ്ങളെയാണ് കുഴിച്ചുമൂടുവാന്‍ ശ്രമിക്കുന്നത്. ഒരേ സമയം ദളിതരെ കൊന്നൊടുക്കുവാനും, നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യത്തെ കുറിച്ച് സംസാരിക്കുവാനും, രോഹിത്തിനെ ദേശവിരുദ്ധനും അംബേദ്കറെ ദേശീയഗുരുവുമാക്കി ചിത്രീകരിക്കുവാനും സംഘപരിവാറിനു കഴിയുന്നത്, തുടക്കത്തില്‍ സൂചിപ്പിച്ച ചരിത്രത്തിന്റെ ദുരുപയോഗം മൂലമാണ്. അതുകൊണ്ട് തന്നെ സംഘപരിവാറിനെ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുവാന്‍ നമ്മുടെ ചരിത്രസത്യങ്ങളേയും ചരിത്ര വ്യക്തിത്വങ്ങളെയും മുറുകെ പിടിക്കേണ്ടതുണ്ട്, വീണ്ടെടുക്കേണ്ടതുണ്ട്.

ഹിംസയുടെയും അവകാശധ്വംസനങ്ങളുടെയും അപകര്‍ഷതയുടെയും ചരിത്രത്തെ ദളിതന്റെ ഓര്‍മകളില്‍ നിന്നും മായ്ച് മോചനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ബദല്‍ ചരിത്രം നിര്‍മ്മിക്കുകയാണ് ബാബാസഹെബ് അംബേദ്‌കര്‍ ചെയ്തതെന്ന് പ്രമുഖ ദളിത്‌ ദാര്‍ശനികനായ ഡോ. ഡി.ആര്‍ നാഗരാജ് എഴുതിയിട്ടുണ്ട് 8. അത്തരത്തില്‍ രോഹിത്തിന്റെ കൊലപാതകത്തിനെതിരായി ഉയര്‍ന്ന പ്രതിരോധക്കൂട്ടായ്മയെ നിലനിര്‍ത്തികൊണ്ട്, ചരിത്രസത്യങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വേണം സംഘപരിവാറിന്റെ അസഹിഷ്ണുതയെയും അവകാശവാദങ്ങളെയും തകര്‍ത്തെറിയാനും ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാര്‍ സ്വപ്നത്തെ കുഴിച്ചുമൂടാനും നാം തയ്യാറാകേണ്ടത്.