ശാസ്ത്രവും മൗലികവാദവും

ഭൗതികലോകത്തേയും സമൂഹത്തേയും കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും അവയെ പുന:പരിശോധന നടത്താനും പരിഷ്കരിക്കാനുമുള്ള സമഗ്രമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് ആധുനികശാസ്ത്രം. വ്യവസായവല്‍കൃത സമൂഹങ്ങള്‍ ഒരു പരിധിവരെ നേടിയ സാമ്പത്തിക-സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനം ഇങ്ങനെ നേടിയ അറിവും അതിന്റെ സംഭാവനയായ ആധുനിക സാങ്കേതികവിദ്യയുമാണ്. പക്ഷേ, ശാസ്ത്രം ശേഖരിക്കുന്ന അറിവുകള്‍ സമൂഹത്തിലെ പ്രബലമായ വിശ്വാസങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും ചിലപ്പോള്‍ സംഘര്‍ഷത്തിലാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ അറിവുകള്‍ മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രശാഖകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുമുണ്ട് − പരിണാമസിദ്ധാന്തം, ആഗോള കാലാവസ്ഥാമാറ്റത്തെപ്പറ്റിയും ഇന്ത്യാചരിത്രത്തെയും പറ്റിയുള്ള കണ്ടെത്തലുകള്‍, തുടങ്ങിയവ ഉദാഹരണം. ഇത്തരം ആക്രമണങ്ങള്‍ അവ ഉന്നം വയ്ക്കുന്ന ശാസ്ത്രശാഖകളുടെയും അവയുടെ നിഗമനങ്ങളുടെയും സാധുതയെ ചോദ്യംചെയ്യുന്ന ഭിന്നാഭിപ്രായങ്ങളായാണ് പലപ്പോഴും അവതരിപ്പിക്കപ്പെടാറ്. പക്ഷേ, ഈ ആക്രമണങ്ങള്‍ക്ക് പൊതുവായ ഒരു സ്വഭാവമുണ്ടെന്നും അവയെ നയിക്കുന്നത് കേവലം പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങള്‍ മാത്രമാണെന്നുമാണ് ഈ ലേഖനം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.

ശാസ്തത്തിന്റെ പ്രവര്‍ത്തനരീതി:

ഭൗതികലോകത്തെ (material world) സംബന്ധിച്ചുള്ള വസ്തുതകള്‍ സാര്‍വജനീനമായ സങ്കല്‍പ്പങ്ങളോ സിദ്ധാന്തങ്ങളോ ആയി ക്രോഡീകരിക്കുക എന്നതാണ് ശാസ്തത്തിന്റെ ലക്ഷ്യം. ശാസ്തത്തിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടുകാര്യങ്ങള്‍ പ്രധാനമാണ്: ഒന്ന്, ശാസ്ത്രം വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ഭൗതികലോകത്തെ സംബന്ധിക്കുന്ന പ്രതിഭാസങ്ങള്‍ മാത്രമാണ്. അതിന്റെ ഉത്തരങ്ങള്‍ ഭൗതികലോകത്തില്‍ തന്നെ വേണം കണ്ടെത്താന്‍; ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളിലോ വിശുദ്ധപുസ്തകങ്ങളിലോ അല്ല. ജീവശാസ്ത്രജ്ഞനായ ജെ. ബി. എസ്. ഹാല്‍ഡേണ്‍ ഇതിനെ രസകരമായി ഇങ്ങനെ സംഗ്രഹിക്കുന്നുണ്ട്: “ഒരു ശാസ്ത്രജ്ഞന്‍ എന്ന രീതിയിലുള്ള എന്റെ പ്രവര്‍ത്തനം തീര്‍ത്തും നിരീശ്വരമാണ്. ഒരു പരീക്ഷണം തയ്യാറാക്കുമ്പോള്‍ ദൈവമോ ചെകുത്താനോ മാലാഖമാരോ അതില്‍ കൈ കടത്തുകയില്ലെന്ന് ഞാന്‍ അനുമാനിക്കുന്നു” 1. നമ്മളെല്ലാവരും നിത്യജീവിതത്തില്‍ ഒരു പരിധിവരെ പിന്തുടരുന്ന ഒരു ചിന്താഗതിയാണിത്. ഉദാഹരണത്തിന്, ഒരു പനിയോ വയറിളക്കമോ വന്നാല്‍ അതിനുകാരണം ദൈവം, ചെകുത്താന്‍, മാലാഖമാര്‍, ഭൂതപ്രേതപിശാചുക്കള്‍ തുടങ്ങിയ ഏതെങ്കിലും ശക്തികളാണോ എന്ന് നമ്മള്‍ വ്യാകുലരാകാറില്ല. മറിച്ച്, അതീന്ദ്രിയമായ ഏതെങ്കിലും ശക്തികളാണ് അതിന്റെ അടിസ്ഥാനകാരണം എന്നു വിശ്വസിക്കുന്നവര്‍ പോലും ചെയ്യുന്നത് രോഗത്തിന്റെ പ്രത്യക്ഷകാരണം വൈറസ്സുകളോ ബാക്റ്റീരിയകളോ ആണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഒരു ഡോക്ടറെ കാണുകയോ മരുന്നു വാങ്ങിക്കഴിക്കുകയോ ആണ്. നമ്മളെല്ലാവരും നിത്യജീവിതത്തില്‍ പിന്തുടരുന്ന ഈ പ്രവര്‍ത്തനപദ്ധതിയുടെ കുറച്ചുകൂടി ദൃഢമായ ഒരു രൂപമാണ് ആധുനികശാസ്ത്രത്തിന്റെ തത്വചിന്താപരമായ അടിസ്ഥാനം (ഇത് methodological naturalism എന്നറിയപ്പെടുന്നു). ശാസ്ത്രം ഈ പ്രവര്‍ത്തനരീതി മുറുകെപ്പിടിക്കുന്നതിന്റെ കാരണം വ്യക്തമാണ് − അതീന്ദ്രിയവും അതിഭൗതികവുമായ (supernatural) ശക്തികള്‍ അഥവാ നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെ, അവ നമുക്ക് അളക്കാനോ കാര്യകാരണസഹിതം പഠിക്കാനോ പറ്റുന്നവയല്ല. അതുകൊണ്ടുതന്നെ ഭൗതികലോകത്തിലെ പ്രതിഭാസങ്ങള്‍ക്ക് അതിഭൗതികമായ വിശദീകരണങ്ങള്‍ നല്കുന്നത് ഉപയോഗശൂന്യമാണ്. നമ്മുടെ അറിവിനെ ഒരു ഇഞ്ചുപോലും മുന്നോട്ടുകൊണ്ടുപോകുന്നില്ല അത്.

xdfdfd
ജെ. ബി. എസ്. ഹാല്‍ഡേണ്‍: “ഒരു ശാസ്ത്രജ്ഞന്‍ എന്ന രീതിയിലുള്ള എന്റെ പ്രവര്‍ത്തനം തീര്‍ത്തും നിരീശ്വരമാണ്. ഒരു പരീക്ഷണം തയ്യാറാക്കുമ്പോള്‍ ദൈവമോ ചെകുത്താനോ മാലാഖമാരോ അതില്‍ കൈ കടത്തുകയില്ലെന്ന് ഞാന്‍ അനുമാനിക്കുന്നു” Image Credit: Department of Biochemistry, Cambridge University

രണ്ടാമതായി, ശാസ്ത്രത്തിന് വളരെ കണിശമായ ഒരു സ്വയം വിമര്‍ശന/സ്വയം തിരുത്തല്‍ പദ്ധതിയുണ്ട്. മനുഷ്യര്‍ അതുവരെ ഉപയോഗിച്ചിരുന്ന ജ്ഞാനസമ്പാദന രീതികളില്‍നിന്ന് (ധ്യാനവും വെളിപാടുകളും മുതല്‍ ജ്യോതിഷവും കൈനോട്ടവും വരെ) ശാസ്ത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ആത്യന്തികമായി ഒരു ശാസ്ത്രീയസിദ്ധാന്തതിന്റെ ശരിതെറ്റുകള്‍ നിര്‍ണയിക്കുന്നത് ഭൗതികലോകത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങളെ അതിന് എത്ര കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്നു എന്നതാണ്. തൃപ്തികരമായ വിശദീകരണങ്ങള്‍ നല്കാന്‍ കഴിയാത്ത സിദ്ധാന്തങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടവയ്ക്ക് വഴിമാറിക്കൊടുക്കുന്നു. മറിച്ച്, വിശ്വാസങ്ങളുടെ വിശുദ്ധ പുസ്തകങ്ങളാകട്ടെ, അവ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ പരിപൂര്‍ണ്ണമായ നിശ്ചിതത്വം പ്രകടിപ്പിക്കുന്നു. വസ്തുതകളേയോ നിരീക്ഷണങ്ങളേയോ അടിസ്ഥാനപ്പെടുത്തി അവയുടെ പ്രതിപാദ്യ വിഷയങ്ങളെ ചോദ്യം ചെയ്യാന്‍ അനുഗാമികളെ അവ അനുവദിക്കുന്നില്ല. സ്വയം നവീകരിക്കാനും അനിശ്ചിതത്വത്തേയും അപൂര്‍ണ്ണമായ അറിവിനേയും അംഗീകരിക്കാനുമുള്ള ഈ സന്നദ്ധതയേയാണ് ശാസ്ത്രത്തെ മതം പോലെയുള്ള വിശ്വാസപ്രമാണങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.

ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹ്യമാറ്റങ്ങള്‍:

ഇങ്ങനെ, യുക്തിയേയും പരീക്ഷണ-നിരീക്ഷണങ്ങളേയും അടിസ്ഥാനപ്പെടുത്തി സ്വയം വിമര്‍ശനത്തിനും സ്വയം നവീകരണത്തിനും തയ്യാറാകുന്ന ഒരു പ്രവര്‍ത്തന പദ്ധതി പിന്തുടരുന്നതുകൊണ്ടാണ് ശാസ്ത്രത്തിന് എത്ര പരിമിതമായ തോതില്‍ ആണെങ്കിലും നമ്മള്‍ ജീവിക്കുന്ന ഭൗതികലോകത്തെ വിശദീകരിക്കാന്‍ കഴിയുന്നത്. അടിസ്ഥാന ശാസ്ത്രങ്ങളുടെ ഈ അടിത്തറയുടെ മുകളിലാണ് ആധുനിക സാങ്കേതിക വിദ്യ അതിന്റെ മൊബൈല്‍ ടവറുകള്‍ കെട്ടിപ്പൊക്കുന്നത്. 18-19 നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ ഉണ്ടായ വ്യാവസായിക വിപ്ലവത്തില്‍ വേണം ആധുനിക സാങ്കേതിക വിദ്യകളുടെ ആരംഭം കണ്ടെത്താന്‍. പതിനാറാം നൂറ്റാണ്ടുമുതല്‍ അടിസ്ഥാന ശാസ്ത്രങ്ങളില്‍ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ഇതിന് അടിത്തറ പാകി. ഊദാഹരണത്തിന്, ലേറ്റന്റ് ഹീറ്റിനെക്കുറിച്ചുള്ള (latent heat) ധാരണയാണ് ജെയിംസ് വാട്ടിന് വ്യാവസായിക വിപ്ലവത്തിന്റെ ചാലക ശക്തിയായി പിന്നീട് മാറിയ ആവിയന്ത്രം നിര്‍മ്മിക്കാന്‍ സഹായകമായത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മൈക്കല്‍ ഫാരഡേ നടത്തിയെ കണ്ടെത്തലുകളാണ് വൈദ്യുതിയുടെ വ്യാവസായികമായ ഉത്പാദനത്തിനും വിതരണത്തിനും കാരണമാകുന്നത്. വിദ്യുത്കാന്തികതരംഗങ്ങളെക്കുറിച്ചുള്ള ജെയിംസ് ക്ലാര്‍ക്ക് മാക്സ്വെല്ലിന്റെ സിദ്ധാന്തമാണ് റേഡിയോവും, ടെലിവിഷനും, മൊബൈല്‍ ഫോണുമടങ്ങുന്ന വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ അടിസ്ഥാനം.

അതീന്ദ്രിയവും അതിഭൗതികവുമായ (supernatural) ശക്തികള്‍ അഥവാ നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെ, അവ നമുക്ക് അളക്കാനോ കാര്യകാരണസഹിതം പഠിക്കാനോ പറ്റുന്നവയല്ല. അതുകൊണ്ടുതന്നെ ഭൗതികലോകത്തിലെ പ്രതിഭാസങ്ങള്‍ക്ക് അതിഭൗതികമായ വിശദീകരണങ്ങള്‍ നല്കുന്നത് ഉപയോഗശൂന്യമാണ്. നമ്മുടെ അറിവിനെ ഒരു ഇഞ്ചുപോലും മുന്നോട്ടുകൊണ്ടുപോകുന്നില്ല അത്.

ശാസ്ത്രം നമ്മുടെയെല്ലാം ജീവിതങ്ങളെ രണ്ടുരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഒന്ന്, അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന സാങ്കേതികവിദ്യ നമ്മുടെ ജീവിതങ്ങളെ കൂടുതല്‍ സൗകര്യപ്രദമാക്കുന്നുണ്ട്. ഹാല്‍ഡേണ്‍ പറയുന്നതുപോലെ “കാളവണ്ടികള്‍ക്കും കുതിരവണ്ടികള്‍ക്കും പകരം കാറുകളിലും ബസ്സുകളിലും സഞ്ചരിക്കാനും, പുരോഹിതന്മാര്‍ക്കും മന്ത്രവാദികള്‍ക്കും പകരം ഡോക്ടര്‍മാരുടേയൊ സര്‍ജന്മാരുടേയൊ ചികിത്സ നേടാനും, കത്തിക്കും മഴുവിനും പകരം വെടിയുണ്ടകൊണ്ടോ ബോംബുകൊണ്ടോ കൊല്ലപ്പെടാനും അതു നമ്മളെ സഹായിക്കുന്നുണ്ട്”. രണ്ട്, നമ്മള്‍ ജീവിക്കുന്ന ഭൗതിക ലോകത്തെ യുക്തിയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനും വിശദീകരിക്കാനും സാധ്യമാണ് എന്ന ബോധം അത് മനുഷ്യനില്‍ ഉണ്ടാക്കുകയും, ഇങ്ങനെ ലോകത്തെ മനസ്സിലാക്കാനുള്ള ഒരു പ്രവര്‍ത്തനരീതി (methodology) മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഇത് മനുഷ്യന്റെ ലോകവീക്ഷണത്തിലും ജീവിത വീക്ഷണത്തിലും ഗാഢമായ മാറ്റങ്ങളുണ്ടാക്കി.

xdfdfd
ദാദാഭായി നവ്രോജി Image Credit: Wikipedia

ശാസ്ത്രം മുന്നോട്ടുവച്ച യുക്തിചിന്തയുടേയും വിമര്‍ശ്ശനബുദ്ധിയുടേയും ഈ ഊര്‍ജ്ജം പ്രകൃതി പ്രതിഭാസങ്ങള്‍ മാത്രമല്ല തങ്ങള്‍ ജീവിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ വരെ കാര്യകാരണസഹിതം മനസ്സിലാക്കാനും, ഒരു പക്ഷേ, കൂടുതല്‍ അഭികാമ്യമായ തരത്തില്‍ മാറ്റിത്തീര്‍ക്കാനും സാധ്യമാണ് എന്ന ബോധം മനുഷ്യരിലുണ്ടാക്കി. സ്കോട്ടിഷ് ചിന്തകനായ ആദം സ്മിത്ത്, ജര്‍മ്മന്‍ തത്വചിന്തകനായ കാള്‍ മാര്‍ക്സ് തുടങ്ങിയവരുടെ ചിന്തകള്‍ സമൂഹത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക് ശക്തമായ അടിത്തറ പാകി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പല ജനതകളും നടത്തിയ വിമോചനപ്പോരാട്ടങ്ങളുടെയും (ഇന്ത്യന്‍ സ്വാതന്ത്ര്യസമരമടക്കം) സൈദ്ധാന്തിക അടിത്തറ രൂപപ്പെടുന്നത് ഇത്തരത്തിലാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ ദാദാഭായി നവ്രോജി, തന്റെ സൂക്ഷ്മവും ഉജ്വലവുമായ ഒരു സമ്പദ്ശാസ്ത്ര വിശകലനത്തിന്റെ ഭാഗമായി എങ്ങനെയാണ് ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയുടെ വിഭവങ്ങള്‍ ഊറ്റിയെടുത്തുകൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചക്കും, അതുവഴി ഇന്ത്യന്‍ ജനതയുടെ ദാരിദ്ര്യത്തിനും കാരണമാകുന്നത് എന്ന് ചൂണ്ടിക്കാട്ടി 2. ദാദാഭായി നവ്രോജിയുടെ ഈ ‘ഡ്രെയിന്‍ തിയറി’ (drain theory) ആണ് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആശയസമരത്തിന്റെ അടിസ്ഥാനമായി മാറിയത് 3.

ശാസ്ത്രം, വിശ്വാസം, മൗലികവാദം:

വിശ്വാസത്തെയോ വിശുദ്ധപുസ്തകങ്ങളേയോ മാത്രം ആസ്പദമാക്കിയുള്ള വിശദീകരണങ്ങള്‍ ശാസ്ത്രം തൃപ്തികരമായ വിശദീകരണങ്ങളായി കാണുന്നില്ലെന്നു നമ്മള്‍ കണ്ടു. ശാസ്ത്രം മതവിരുദ്ധമാണെന്നോ ശാസ്ത്രജ്ഞര്‍ മതവിശ്വാസികളായിക്കൂടാ എന്നോ അല്ല ഇതിന്റെ അര്‍ഥം. പ്രമുഖരായ പല ശാസ്ത്രജ്ഞരും നിരീശ്വരവാദികളാണെന്നതുപോലെ മറ്റുപലരും മതവിശ്വാസികളുമാണ്. പക്ഷേ, ശാസ്ത്രഗവേഷണത്തിലൂടെ ഭൗതികലോകത്തെ വിശദീകരിക്കാനുള്ള അവരുടെ ശ്രമത്തില്‍ മതവിശ്വാസം കൈകടത്തുന്നില്ല എന്നതാണ് കാര്യം. മനുഷ്യര്‍ ഇന്നേവരെ കണ്ടെത്തിയിട്ടുള്ള ജ്ഞാനസമ്പാദന പദ്ധതികളില്‍ ഏറ്റവും ഫലപ്രദമായി ലോകത്തെ വിശദീകരിക്കാന്‍ കഴിയുന്നത് ആധുനികശാസ്ത്രത്തിനാണ്. പക്ഷേ, ശാസ്ത്രത്തിന്റെ പരിമിതികളും വളരെ വ്യക്തമാണ്: മനുഷ്യന്റെ ധാര്‍മികവും ആത്മീയവുമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്കുക എന്നത് ശാസ്ത്രത്തിന്റെ പരിധിക്കുപുറത്താണ്. നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരനെ സ്നേഹിക്കേണ്ടതുണ്ടോ? ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യേണ്ടതുണ്ടോ? സമൂഹത്തിലെ നിര്‍ധനരും അബലരുമായ ആളുകള്‍ക്കുവേണ്ടി സമരം ചെയ്യേണ്ടതുണ്ടോ? ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നുണ്ടോ? ഇത്തരം ധാര്‍മികപ്രശ്നങ്ങള്‍ക്കൊന്നും തന്നെ ഉത്തരം തരാന്‍ ശാസ്ത്രത്തിനു കഴിയില്ല. അങ്ങനെ നോക്കുമ്പോള്‍, അതതിന്റെ പരിധിക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ശാസ്ത്രവും മതവിശ്വാസവും തമ്മില്‍ സംഘര്‍ഷത്തിനുകാരണമൊന്നുമില്ല; ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത് രണ്ടു ചിന്താമണ്ഡലങ്ങളിലാണ്.

ശാസ്ത്രം മുന്നോട്ടുവച്ച യുക്തിചിന്തയുടേയും വിമര്‍ശ്ശനബുദ്ധിയുടേയും ഈ ഊര്‍ജ്ജം പ്രകൃതി പ്രതിഭാസങ്ങള്‍ മാത്രമല്ല തങ്ങള്‍ ജീവിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ വരെ കാര്യകാരണസഹിതം മനസ്സിലാക്കാനും, ഒരു പക്ഷേ, കൂടുതല്‍ അഭികാമ്യമായ തരത്തില്‍ മാറ്റിത്തീര്‍ക്കാനും സാധ്യമാണ് എന്ന ബോധം മനുഷ്യരിലുണ്ടാക്കി.

ഇങ്ങനെയൊക്കെയാണെങ്കിലും, ആത്മീയതയേയും ധാര്‍മ്മികതയേയുമൊക്കെ സംബന്ധിക്കുന്ന വിശ്വാസങ്ങളെ ഒരു പക്ഷേ സ്വാധീനിക്കാന്‍ കഴിയുന്ന കുറേ അറിവുകള്‍ സംഭാവനചെയ്യാന്‍ ശാസ്ത്രത്തിനു സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഭൗതികലോകത്തെ യുക്തിപരമായി വിശദീകരിക്കാനുള്ള ശാസ്ത്രത്തിന്റെ ശ്രമം സാമ്പ്രദായിക മതങ്ങള്‍ പോലെയുള്ള സ്ഥാപനങ്ങളും, മതമൗലികവാദം പോലെയുള്ള പ്രത്യയശാസ്ത്രങ്ങളുമായി പലപ്പോഴും സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. പല മതവിശ്വാസികളും അവരുടെ വിശുദ്ധപുസ്തകങ്ങളെ കാണുന്നത് തങ്ങളുടെ ആത്മീയജീവിതത്തിനുള്ള വഴികാട്ടികള്‍ മാത്രമായല്ല; മറിച്ച് പ്രപഞ്ചത്തിന്റെ സൃഷ്ടിയേയും നിലനില്പിനേയും കുറിച്ചുള്ള അവസാനവാക്കുകൂടിയായാണ്. പക്ഷേ, പ്രപഞ്ചത്തിന്റെ ഉല്പ്പത്തിയെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമുള്ള ശാസ്ത്രത്തിന്റെ പല കണ്ടെത്തലുകളും വിശുദ്ധപുസ്തകങ്ങളുടെ പദാനുപദ വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമാണ്. ഉദാഹരണത്തിന്, ഭൂമിയെ പ്രപഞ്ചകേന്ദ്രത്തില്‍നിന്നും എടുത്തുമാറ്റിക്കൊണ്ടുള്ള കോപ്പര്‍നിക്കന്‍ സൗരയൂഥമാതൃക തുടക്കം മുതലേ കാത്തലിക് ചര്‍ച്ചിന്റെ എതിര്‍പ്പിനു കാരണമായിരുന്നു. ഗലീലിയോയുടെ നിരീക്ഷണങ്ങള്‍ ഇതിനെ പിന്തുണച്ചതുകൊണ്ട് ഗലീലിയോക്ക് ചര്‍ച്ചിന്റെ ക്രോധം നേരിടേണ്ടിവന്നു. തന്റെ നിഗമനങ്ങളെ തള്ളിപ്പറയാനും ശേഷകാലം വീട്ടുതടങ്കല്ലില്‍ കഴിയാനും ഗലീലിയോ നിര്‍ബന്ധിതനായി.

xdfdfd
അമേരിക്കന്‍ ജനതയുടെ വലിയൊരു വിഭാഗം, മനുഷ്യര്‍ ‘താഴേക്കിടയിലുള്ള’ മറ്റു ജീവികളില്‍നിന്ന് പരിണമിച്ചുവന്നതാണെന്ന (ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം മുന്നോട്ടുവച്ച) നിഗമനത്തെ നഖശിഖാന്തം എതിര്‍ക്കുന്നു. കാരണം ലളിതമാണ് − അവരുടെ വിശുദ്ധപുസ്തകങ്ങളുടെ പദാനുപദ വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിഗമനങ്ങള്‍. Image Credit: Glendon Mellow

അല്പം വൈകിയാണെങ്കിലും (മൂന്നര നൂറ്റാണ്ടോളം!) കാത്തലിക് ചര്‍ച്ചുപോലെയുള്ള സ്ഥാപനങ്ങള്‍ ശാസ്ത്രത്തിന്റെ ലോകവീക്ഷണത്തോട് പൊരുത്തപ്പെടുകയും, മതഗ്രന്ഥങ്ങള്‍ ഭൗതികപ്രപഞ്ചത്തിന്റെ ഉല്പത്തിയേയും പരിണാമത്തേയും കുറിച്ചുള്ള അവസാനവാക്കല്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ആധുനികം എന്നവകാശപ്പെടുന്ന പല സമൂഹങ്ങളും ഇപ്പോഴും വളരെ യാഥാസ്ഥിതികമായ ലോകവീക്ഷണമാണ് പിന്തുടരുന്നത്. ഉദാഹരണത്തിന്, അമേരിക്കന്‍ ജനതയുടെ വലിയൊരു വിഭാഗം, മനുഷ്യര്‍ ‘താഴേക്കിടയിലുള്ള’ മറ്റു ജീവികളില്‍നിന്ന് പരിണമിച്ചുവന്നതാണെന്ന (ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം മുന്നോട്ടുവച്ച) നിഗമനത്തെ നഖശിഖാന്തം എതിര്‍ക്കുന്നു 4. കാരണം ലളിതമാണ് − അവരുടെ വിശുദ്ധപുസ്തകങ്ങളുടെ പദാനുപദ വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിഗമനങ്ങള്‍. കടുത്ത മതമൗലികവാദ വിചാരഗതി പിന്തുടരുന്ന ചില സംഘടനകളും, സ്ഥാപനങ്ങളുമാണ് ഇതിനു പിന്നില്‍. പരിണാമസിദ്ധാന്തത്തിനു ബദലായി സൃഷ്ടിവാദത്തിന്റെ (creationism) പല രൂപഭേദങ്ങളാണ് ഇവര്‍ മുന്നോട്ടുവക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പരിണാമസിദ്ധാന്തം സ്കൂളുകളില്‍ പഠിപ്പിക്കുന്നത് പല അമേരിക്കന്‍ സ്റ്റേറ്റുകളിലും നിയമപരമായി നിരോധിക്കപ്പെട്ടിരുന്നു. പരിണാമസിദ്ധാന്തം പഠിപ്പിക്കുന്ന അതേ പ്രാധാന്യത്തോടുകൂടി സൃഷ്ടിവാദ ‘സിദ്ധാന്തങ്ങളും’ സ്കൂളുകളില്‍ പഠിപ്പിക്കണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ വാദം. പ്രത്യക്ഷത്തില്‍ ഇത് ന്യായമായ ഒരു വാദമെന്നു തോന്നും. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ജീവിവര്‍ഗ്ഗങ്ങളുടെ ഉല്പത്തിയെക്കുറിച്ചുള്ള അവസാനസത്യമാണെന്ന് ശാസ്ത്രം ഒരിക്കലും അവകാശപ്പെടുന്നില്ല. പിന്നെ എന്തുകൊണ്ട് ഇക്കാര്യത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന മറ്റുസിദ്ധാന്തങ്ങള്‍ കൂടി സ്കൂളുകളില്‍ പഠിപ്പിച്ചുകൂടാ?

ജീവലോകത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങളെ ഏതാണ്ട് പരിപൂര്‍ണ്ണമായിത്തന്നെ വിശദീകരിക്കാന്‍ കഴിയുന്ന നിലവിലുള്ള ഏക സിദ്ധാന്തമാണ് പരിണാമസിദ്ധാന്തം. പക്ഷേ, ഏതെങ്കിലും തരത്തിലുള്ള പരീക്ഷണ/നിരീക്ഷണങ്ങള്‍ ഈ സിദ്ധാന്തത്തെ വെല്ലുവിളിക്കുകയോ, അതല്ല, നിലവിലുള്ള നിരീക്ഷണങ്ങളെ ഇതില്‍ കൂടുതല്‍ ഫലപ്രദമായി വിശദീകരിക്കാന്‍ കഴിയുന്ന വേറൊരു സിദ്ധാന്തം നിര്‍ദേശിക്കപ്പെടുകയോ ചെയ്താല്‍ പരിണാമസിദ്ധാന്തത്തെ പരിഷ്കരിക്കാനോ തള്ളിക്കളയാനോ ശാസ്ത്രലോകം തീര്‍ച്ചയായും തയ്യാറാകും. (പരിണാമസിദ്ധാന്തത്തിന്റെ ആധുനിക രൂപം ഡാര്‍വിന്‍ മുന്നോട്ടുവച്ച സിദ്ധാന്തത്തിന്റെ വളരെയേറെ പരിഷ്കരിച്ച ഒരു പതിപ്പാണെന്നതോര്‍ക്കുക). പക്ഷേ, സൃഷ്ടിവാദം പോലെയുള്ള കപടസിദ്ധാന്തങ്ങള്‍ ഭൂമിയേയും ജീവജാലങ്ങളേയും കുറിച്ച് മനുഷ്യര്‍ നൂറ്റാണ്ടുകളായി നടത്തിയെ നിരീക്ഷണങ്ങളെ വിശദീകരിക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ല. മറിച്ച്, ചില വിശുദ്ധപുസ്തകങ്ങളുടെ അപ്രമാദിത്വം ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണിവ. ഉദാഹരണത്തിന്, സൃഷ്ടിവാദത്തിന്റെ തീര്‍ത്തും യാഥാസ്ഥിതികമായ ചില ധാരകള്‍ അവകാശപ്പെടുന്നത്, ഭൂമിക്ക് കേവലം ആറായിരം വര്‍ഷമേ പ്രായമുള്ളൂ എന്നാണ്! (ആധുനിക ഭൂമിശാസ്ത്രം നമ്മോടു പറയുന്നത് ഭൂമിക്ക് നാനൂറു കോടിയിലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ്. ഹോമോ സാപ്പിയന്‍സ് എന്നുവിളിക്കപ്പെടുന്ന ആധുനിക മനുഷ്യവര്‍ഗം ഉരുവം ചെയ്തിട്ട് രണ്ടുലക്ഷത്തോളം വര്‍ഷങ്ങളായി. ആദ്യ മനുഷ്യസംസ്കാരങ്ങള്‍ക്കു വരെ എണ്ണായിരത്തില്‍ കൂടുതല്‍ വര്‍ഷം പഴക്കമുണ്ട്).

സൃഷ്ടിവാദം പോലെയുള്ള കപടസിദ്ധാന്തങ്ങള്‍ ഭൂമിയേയും ജീവജാലങ്ങളേയും കുറിച്ച് മനുഷ്യര്‍ നൂറ്റാണ്ടുകളായി നടത്തിയെ നിരീക്ഷണങ്ങളെ വിശദീകരിക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ല. മറിച്ച്, ചില വിശുദ്ധപുസ്തകങ്ങളുടെ അപ്രമാദിത്വം ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണിവ.

ഇത് പരിണാമസിദ്ധാന്തവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്നമല്ല. മറ്റൊരുദാഹരണമെടുക്കുക: ആഗോളവ്യാപകമായി കാലാവസ്ഥ വലിയതോതില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ മനുഷ്യപ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നുമുള്ള വസ്തുത (anthropogenic climate change) ഇന്ന് ശാസ്ത്രലോകം വ്യാപകമായി അംഗീകരിച്ചിട്ടുണ്ട് 5. പക്ഷേ, അമേരിക്കയില്‍ പരിണാമസിദ്ധാന്തം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെടുന്ന ശാസ്ത്രനിഗമനം ഇതാണ്. വ്യവസായലോബികളുടെ (ഏറ്റവും പ്രധാനമായി ഫോസില്‍ ഇന്ധനലോബി) വ്യാപകമായ സാമ്പത്തിക സഹായം സ്വീകരിക്കുന്ന ചില കണ്‍സര്‍വേറ്റീവ്, ഫ്രീമാര്‍ക്കറ്റ് ‘തിങ്ക് ടാങ്കുകളാ’ണ് ഈ ‘നിഷേധവ്യവസായ’ത്തിന് (denial industry) നേതൃത്വം നല്‍കുന്നത്. വ്യവസായ ലോബികള്‍ക്ക് ഈ പ്രചരണത്തിലുള്ള താല്‍പ്പര്യം വ്യക്തമാണ് − കാലാവസ്ഥാമാറ്റത്തില്‍ മനുഷ്യപ്രവര്‍ത്തനത്തിനുള്ള സ്വാധീനം ഒരു വസ്തുതയായി സമൂഹം അംഗീകരിച്ചാല്‍ അത് കൂടുതല്‍ ശക്തമായ മലിനീകരണനിയന്ത്രണ നിയമങ്ങള്‍ക്കും കാര്‍ബണ്‍ ടാക്സ് പോലെയുള്ള നികുതികള്‍ക്കും വഴിയൊരുക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. സാമ്പത്തികതാല്‍പ്പര്യങ്ങള്‍ മാത്രമല്ല, ഈ തിങ്ക് ടാങ്കുകള്‍ക്കു പിന്നില്‍ കൃസ്ത്ര്യന്‍ മതമൗലികവാദവും സ്വതന്ത്രവിപണീമൗലികവാദവുമടക്കമുള്ള (free market fundamentalism) ശക്തമായ പ്രത്യയശാസ്ത്രങ്ങളുമുണ്ട്. ദൈവത്തിന്റെ അനന്തമായ ശക്തികള്‍കൊണ്ടു നിര്‍മ്മിക്കപ്പെട്ട ഈ ഭൂമിയും അതിന്റെ പരിസ്ഥിതിയും മനുഷ്യപ്രവര്‍ത്തനത്താല്‍ സ്വാധീനിക്കപ്പെടാവുന്നതരത്തില്‍ ദുര്‍ബലമല്ല എന്നതാണ് കൃസ്ത്യന്‍ മതമൗലികവാദികളുടെ വിശ്വാസം 6. മനുഷ്യസമൂഹങ്ങളുടെ എല്ലാ സാമ്പത്തിക സാമൂഹ്യപ്രശ്നങ്ങളും സ്വതന്ത്രവിപണികള്‍ പരിഹരിക്കുമെന്നും വിപണികള്‍ക്കുമേല്‍ ഒരുതരം നിയന്ത്രണങ്ങളും ചുമത്തുന്നത് ആശാസ്യമല്ല എന്നുമാണ് സ്വതന്ത്രവിപണീമൗലികവാദികളുടെ വാദം. ഇത്തരം പ്രത്യയശാസ്ത്രനിലപാടുകളുടെ വിചിത്രമായ ഒരു സങ്കരമാണ് അമേരിക്കയിലെ രാഷ്ട്രീയവലതുപക്ഷം 7.

xdfdfd
ആഗോളകാലാവസ്ഥാമാറ്റത്തില്‍ മനുഷ്യപ്രവര്‍ത്തനത്തിനുള്ള പങ്ക് ഇന്ന് ശാസ്ത്രലോകം വ്യാപകമായി അംഗീകരിച്ചിട്ടുണ്ട്. മുകളിലത്തെ ചിത്രം 1750 മുതലുള്ള ശരാശരി ആഗോളതാപനിലയിലുള്ള വ്യത്യാസം കാണിക്കുന്നു (നാലു വ്യത്യസ്ത ഗവേഷകസംഘങ്ങളുടെ ഫലങ്ങള്‍ തമ്മിലുള്ള യോജിപ്പ് ശ്രദ്ധിക്കുക). ഈ ചിത്രം താപനിലാവ്യത്യാസവും കാര്‍ബണ്‍ ഡയോക്സൈഡ് പ്രസരണവും തമ്മിലുള്ള ബന്ധം കാണിക്കുന്നു. Image Credit: The Berkeley Earth Surface Temperature Study

കാലാവസ്ഥാമാറ്റത്തെ അംഗീകരിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറയിളക്കുമെന്ന് മതമൗലികവാദികള്‍ ഭയപ്പെടുമ്പോള്‍ അതിനെ ആധാരമാക്കിയുണ്ടാക്കിയുണ്ടായേക്കാവുന്ന നിയന്ത്രണനടപടികള്‍ക്ക് വിപണികളിലുണ്ടായേക്കാവുന്ന സ്വാധീനത്തെക്കുറിച്ചാണ് സ്വതന്ത്രവിപണീവാദികള്‍ വ്യാകുലപ്പെടുന്നത്. ഇവയെ തടുക്കാനുള്ള എളുപ്പവഴിയാണ് ഈ ശാസ്ത്രനിഗമനങ്ങളുടെ സാധുതയെപ്പറ്റി ആശയക്കുഴപ്പങ്ങളുണ്ടാക്കുക എന്ന തന്ത്രം. ആദ്യമായല്ല ഇത്തരം തന്ത്രങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ പരീക്ഷിക്കപ്പെടുന്നത്: പുകവലിയും ശ്വാസകോശ കാന്‍സറും തമ്മിലുള്ള ബന്ധം, ആസിഡ് മഴയും അന്തരീക്ഷമലിനീകരണവും തമ്മിലുള്ള ബന്ധം, ഓസോണ്‍ പാളിയിലെ തുളയും ക്ലോറോഫ്ലൂറോ കാര്‍ബണുകളും തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രശ്നങ്ങളില്‍ ശാസ്ത്രലോകത്തിന്റെ നിഗമങ്ങള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പല സ്ഥാപനങ്ങളും വ്യക്തികളും തന്നെയാണ് ഇന്ന് കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയനിഗമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് 8.

ശാസ്ത്രവും മൗലികവാദവുമായുള്ള സംഘര്‍ഷം ഇന്ത്യന്‍ സമൂഹത്തില്‍:

ശാസ്ത്രവും മൗലികവാദവുമായുള്ള സംഘര്‍ഷം അമേരിക്കന്‍ സമൂഹത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യയിലെ ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയവാദത്തിന്റെ ചരിത്രമെടുക്കുക: ഇന്ത്യാചരിത്രത്തിന്റെ തീര്‍ത്തും വളച്ചൊടിക്കപ്പെട്ട ഒരു ആഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ഗ്ഗീയതയുടെ പ്രത്യയശാസ്ത്രം കെട്ടിപ്പടുത്തിരിക്കുന്നത്. ഇന്ത്യന്‍ ജനത എക്കാലവും നിലനിന്നിരുന്നത് ഹിന്ദു/മുസ്ലിം എന്നിങ്ങനെയുള്ള ഏകതാനമായ സമൂഹങ്ങളോ രാജ്യങ്ങളോ ആയാണ് എന്നും ഈ രണ്ടുസമുദായങ്ങളുടേയും താല്‍പ്പര്യങ്ങള്‍ പരസ്പരവിരുദ്ധമാണ് എന്നും ഇവര്‍ വാദിക്കുന്നു. മതദേശീയതയെ മാത്രം അടിസ്ഥാനമാക്കിയുള്ള ഈ ചരിത്രാഖ്യാനവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയപ്രവര്‍ത്തനവും ഇന്ത്യയുടെ വിഭജനത്തിനും നിരവധി രക്തച്ചൊരിച്ചിലുകള്‍ക്കും കാരണമായി. കര്‍ക്കശമായ ഒരു പ്രവര്‍ത്തനരീതി പിന്തുടരുന്ന ഒരു സാമൂഹ്യശാസ്ത്രവിഷയമാണ് ഇന്ന് ചരിത്രം. തെളിവുകളുടെ വിശ്വാസ്യത, വാദങ്ങളുടെ യുക്തിഭദ്രത, ഇതെല്ലാം മറ്റേതു ശാസ്ത്രശാഖയിലും പോലെ ചരിത്രഗവേഷണത്തിലും അതിപ്രധാനമാണ്. മതദേശീയതകളെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു ചരിത്രാഖ്യാനത്തിന് ശാസ്ത്രീയവിശകലനത്തെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്നത് പ്രൊഫഷണല്‍ ചരിത്രകാരന്മാരും ചരിത്രകാരികളും വ്യാപകമായി അംഗീകരിക്കുന്ന കാര്യമാണ്. ഒരേ സമുദായത്തിലെ ആളുകള്‍ തമ്മിലുള്ള പരസ്പരവൈരുദ്ധ്യങ്ങളും (ജാതി, വര്‍ഗ്ഗം, ഭാഷ, ദേശം തുടങ്ങിയവയെ ആധാരമാക്കിയുള്ളവ) വിരുദ്ധ സമുദായങ്ങളിലെ ആളുകള്‍ തമ്മിലുള്ള പൊതുവായ താല്‍പ്പര്യങ്ങളും ഇത്തരം ഒരു ആഖ്യാനം തമസ്കരിക്കുന്നു.

ശാസ്ത്രീയമായി എഴുതപ്പെട്ട ചരിത്രം തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിള്ളലുണ്ടാക്കും എന്നതിനാല്‍ അതിനെ അയഥാര്‍ത്ഥവും വിഭാഗീയവുമായ ഒരു ചരിത്രാഖ്യാനം കൊണ്ട് പകരം വക്കാനാണ് ഹിന്ദുമതവര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന കൃത്യം അതേ സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നും പതിനഞ്ചാം നൂറ്റാണ്ടുവരെ അവിടെ ഒരു രാമക്ഷേത്രം നിലനിന്നിരുന്നു എന്നും വാദിച്ചുകൊണ്ടാണ് ഹിന്ദുവര്‍ഗീയവാദികള്‍ മതവിശ്വാസികളെ സംഘടിപ്പിക്കുകയും 1990-കളില്‍ അധികാരത്തില്‍ എത്തുകയും ചെയ്തത്. പക്ഷേ, ഈ വാദം വസ്തുതാപരമായി തെറ്റാണെന്നു തെളിഞ്ഞാല്‍ വര്‍ഗീയവാദികളുടെ ആശയപ്രചരണത്തിന് നിലനില്പില്ലാതാകും. സ്വാഭാവികമായും ഇവര്‍ അയോധ്യയുടെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തെ കാണുന്നത് തങ്ങളുടെ ആശയപ്രചാരണത്തെ പിന്‍താങ്ങാനുള്ള ഒരു വഴി മാത്രമായാണ് − ഗവേഷണഫലം എന്തായിരിക്കണം എന്നത് ഗവേഷണം തുടങ്ങുന്നതിനു മുന്‍പേ തീരുമാനിക്കപ്പെടുന്നു.

xdfdfd
ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയുടെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തെ കാണുന്നത് തങ്ങളുടെ ആശയപ്രചാരണത്തെ പിന്‍താങ്ങാനുള്ള ഒരു വഴി മാത്രമായാണ് − ഗവേഷണഫലം എന്തായിരിക്കണം എന്നത് ഗവേഷണം തുടങ്ങുന്നതിനു മുന്‍പേ തീരുമാനിക്കപ്പെടുന്നു. Image Credit: UP Tourism

തങ്ങളുടെ പ്രത്യയശാസ്ത്ര അടിത്തറയെ ഏറ്റവും പ്രത്യക്ഷമായി വെല്ലുവിളിക്കുന്ന ശാസ്ത്രശാഖയെയാണ് മൗലികവാദികള്‍ ഏറ്റവും ആദ്യം ആക്രമിക്കുക. ആധുനിക ഭൗതിക/ജീവ ശാസ്ത്രങ്ങള്‍ ഹിന്ദുവര്‍ഗീയതയുടെ പ്രത്യയശാസ്ത്രത്തിന് പ്രത്യക്ഷത്തില്‍ എതിരായ നിഗമനങ്ങളൊന്നും മുന്നോട്ടുവയ്ക്കാത്തതുകൊണ്ടാണ് ഇന്ത്യന്‍ ശാസ്ത്രലോകം ഹിന്ദുവര്‍ഗീയവാദികളുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടുന്നത് 9. കൃസ്ത്യന്‍ മതമൗലികവാദ പ്രത്യയശാസ്ത്രത്തിന് പരിണാമസിദ്ധാന്തം ബദല്‍ നില്‍ക്കുന്നതുകൊണ്ടാണ് പാശ്ചാത്യലോകത്ത് ജീവശാസ്ത്രജ്ഞര്‍ (പ്രത്യേകിച്ചും എവല്യൂഷണറി ബയോളജിസ്റ്റുകള്‍) മതമൗലികവാദികളുടെ എതിര്‍പ്പിനു പാത്രമാകുന്നത്. ഈ ദൈനംദിന സംഘര്‍ഷമാണ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്ന ഒരു വര്‍ഗ്ഗമായി ജീവശാസ്ത്രജ്ഞരെ മാറ്റാനുള്ള ഒരു പ്രധാന കാരണം. അതുപോലെതന്നെ, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്ന ഒരു അക്കാദമിക സമൂഹമാണ് ചരിത്രകാരന്മാര്‍.

ആധുനിക പരിണാമജീവശാസ്ത്രം (evolutionary biology) പോലെയുള്ള സുസ്ഥാപിതമായ ഒരു ശാസ്ത്രശാഖയെ ഈ വിഷയത്തില്‍ പരിശീലനമോ വലിയ ഗ്രാഹ്യമോ ഇല്ലാത്ത ആളുകള്‍ ചോദ്യം ചെയ്യുന്നതിലെ അപക്വത അമേരിക്കയിലെ സാധാരണക്കാര്‍ക്കു മനസ്സിലാവുന്നില്ലെങ്കിലും ഇന്ത്യാക്കാര്‍ക്ക് പെട്ടെന്നു മനസ്സിലാകും. പക്ഷേ, അതുപോലെ അപക്വമാണ് ഇന്ത്യയില്‍ ആധുനിക ചരിത്രഗവേഷണരീതികളെക്കുറിച്ച് ഗ്രാഹ്യമില്ലാത്തവര്‍ ശാസ്ത്രീയമായി എഴുതപ്പെട്ട ചരിത്രത്തെ ചോദ്യം ചെയ്യുന്നതും. തീര്‍ച്ചയായും, നിലവിലുള്ള വിശദീകരണങ്ങളേയും സിദ്ധാന്തങ്ങളേയും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുക എന്നത് എല്ലാ ഗവേഷണമേഖലയിലേയും ഗവേഷകര്‍ നിത്യേനെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അതു ചെയ്യേണ്ടത് അതതു മേഖലകളില്‍ വൈദഗ്ധ്യം നേടിയവരാണ് എന്നുമാത്രം.

മൗലികവാദികളും വര്‍ഗീയവാദികളും ‘വിരുദ്ധാഭിപ്രായങ്ങ’ളായി അവതരിപ്പിക്കുന്ന നിഗമനങ്ങള്‍ മിക്കതും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളഞ്ഞവയാണ്. അതുകൊണ്ടുതന്നെ, ഈ അഭിപ്രായങ്ങള്‍ക്ക് ‘ഭൂമി പരന്നതാണ് ’, ‘സൂര്യന്‍ ഭൂമിക്കുചുറ്റും സഞ്ചരിക്കുന്നു’ തുടങ്ങിയ അഭിപ്രായങ്ങളുടെ സംഗത്യം മാത്രമേയുള്ളൂ. അറിവിനുവേണ്ടിയുള്ള ത്വരയല്ല ഇത്തരം പ്രവര്‍ത്തനങ്ങളുടെ ചാലകശക്തി; മറിച്ച്, അറിവിന്റെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തെക്കുറിച്ചാണ് ഇവര്‍ വ്യാകുലരാകുന്നത്.

പൊതുമാധ്യമങ്ങള്‍ വലിയ തര്‍ക്കവിഷയങ്ങളായി അവതരിപ്പിക്കുന്ന ശാസ്ത്രനിഗമനങ്ങളില്‍ പലതും − അത് പരിണാമജീവശാസ്ത്രമോ, ആഗോള കാലാവസ്ഥാമാറ്റമോ, ഇന്ത്യാചരിത്രത്തെപ്പറ്റിയുള്ള നിഗമനങ്ങളോ ആകട്ടെ − അതതു മേഖലയിലെ ഗവേഷകരേയും വിദഗ്ധരേയും സംബന്ധിച്ചിടത്തോളം തര്‍ക്കവിഷയങ്ങളേയല്ല. ഈ നിഗമനങ്ങളോടുള്ള മൗലികവാദികളുടെയും വര്‍ഗീയവാദികളുടേയും എതിര്‍പ്പ് ഏതെങ്കിലും തരത്തിലുള്ള കര്‍ക്കശമായ പഠന-ഗവേഷണങ്ങളെ ആധാരമാക്കിയുള്ളതല്ല; മറിച്ച് കേവലം അധികാര/സാമ്പത്തിക താല്‍പ്പര്യങ്ങളെ മാത്രം ആധാരമാക്കിയാണ്. പക്ഷേ, പൊതുമാധ്യമങ്ങള്‍ ഇത്തരം വാദങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു വിഷയത്തെക്കുറിച്ചുള്ള ഒരുപോലെ സാധുതയുള്ള രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകളായാണ്. നിരീക്ഷണങ്ങളും വസ്തുതകളുമായി താരതമ്യം ചെയ്തുകൊണ്ട് തെറ്റായ നിഗമങ്ങളെ ചിട്ടയോടെ നീക്കം ചെയ്തുകൊണ്ടാണ് ശാസ്ത്രം മുന്നോട്ടുപോകുന്നത്. മൗലികവാദികളും വര്‍ഗീയവാദികളും ‘വിരുദ്ധാഭിപ്രായങ്ങ’ളായി അവതരിപ്പിക്കുന്ന നിഗമനങ്ങള്‍ മിക്കതും ശാസ്ത്രം ഇങ്ങനെ തള്ളിക്കളഞ്ഞവയാണ്. അതുകൊണ്ടുതന്നെ, ഈ അഭിപ്രായങ്ങള്‍ക്ക് ‘ഭൂമി പരന്നതാണ് ’, ‘സൂര്യന്‍ ഭൂമിക്കുചുറ്റും സഞ്ചരിക്കുന്നു’ തുടങ്ങിയ അഭിപ്രായങ്ങളുടെ സംഗത്യം മാത്രമേയുള്ളൂ. അറിവിനുവേണ്ടിയുള്ള ത്വരയല്ല ഇത്തരം പ്രവര്‍ത്തനങ്ങളുടെ ചാലകശക്തി; മറിച്ച്, അറിവിന്റെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തെക്കുറിച്ചാണ് ഇവര്‍ വ്യാകുലരാകുന്നത്.

ലേഖകന്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഗവേഷകനാണ്.
E-mail: ajith@caltech.edu

  • 1. J. B. S. Haldane, Fact and Faith, Watts & Co. (1934).
  • 2. Dadabhai Naoroji, Poverty and Un-British Rule in India, Swan Sonnenschein & Co. (1901).
  • 3. ഉദാഹരണത്തിന്, കാണുക: Bipan Chandra et al, India's Struggle for Independence, Penguin Books (1989).
  • 4. National Science Board, Science and Engineering Indicators 2012, National Science Foundation (2012). http://www.nsf.gov/statistics/seind12/
  • 5. ഉദാഹരണത്തിന് കാണുക: National Research Council (US), Advancing the Science of Climate Change, National Academies Press (2010). http://www.nap.edu/catalog.php?record_id=12782
  • 6. ഉദാഹരണത്തിന് കാണുക: Cornwall Alliance, An Evangelical Declaration on Global Warming, http://www.cornwallalliance.org/articles/read/an-evangelical-declaration...
  • 7. ഉദാഹരണത്തിന് കാണുക: Randall Balmer, Thy Kingdom Come: An Evangelical's Lament (How the Religious Right Distorts the Faith and Threatens America), Basic Books (2006).
  • 8. Naomi Oreskes, Erik M. Conway, Merchants of Doubt: How a Handful of Scientists Obscured the Truth on Issues from Tobacco Smoke to Global Warming, Bloomsbury Press (2010).
  • 9. തീര്‍ച്ചയായും, ആധുനിക ഭൗതിക-ജീവശാസ്ത്രങ്ങളുടെ പല കണ്ടെത്തലുകളും ഹിന്ദുമതത്തിന്റെ പല വിശുദ്ധപുസ്തകങ്ങളുടേയും പദാനുപദ വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമാണ്. പക്ഷേ, ഇന്ത്യന്‍ ഹിന്ദുവര്‍ഗീയതയുടെ ഏറ്റവും പ്രബലമായ ശ്രേണി പ്രധാനമായും ഒരു രാഷ്ടീയമുന്നേറ്റമാണ്. മധ്യകാലം മുതലുള്ള ഇന്ത്യാചരിത്രത്തിന്റെ വിഭാഗീയമായ ഒരു ആഖ്യാനമാണ് അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ; ഹിന്ദുമതത്തിന്റെ വിശുദ്ധപുസ്തകങ്ങളല്ല.