ഞങ്ങളുടെ ശബ്ദം അടിച്ചമർത്തുവാൻ നിങ്ങൾക്ക് കഴിയില്ല

ജെ. എൻ. യു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡണ്ട്‌ ഷെഹ്ല റഷീദ് നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

പരിഭാഷ: റെജി ജോർജ്ജ്

നിങ്ങൾ ഞങ്ങളുടെമേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചുകൊള്ളൂ, എന്നാൽ ഞങ്ങളുടെ ശബ്ദം അടിച്ചമർത്തുവാൻ നിങ്ങൾക്ക് കഴിയില്ല. (നീണ്ട കയ്യടി). ഇന്ന് നമുക്ക് നമുക്ക് ആവശ്യമായിട്ടുള്ള ഒന്നും തന്നെ നമ്മുടെ കൈവശം ഇല്ല. മൈക്കും, ലൗഡ്സ്പീക്കറും ഇല്ല. എന്നാൽ, ഈ ശബ്ദം എത്തേണ്ടിടത്തെത്തും. ഇത് ജെ.എൻ.എയു.വിന്റെ അകത്തു മാത്രമല്ല ജെ.എൻ.എയുവിന്റെ പുറത്തും ഈ ശബ്ദം ഉയരും, ഈ ശബ്ദം ദില്ലിയുടെ തെരുവീഥികളിൽ ഉയരും (നീണ്ട കയ്യടി), ഈ രാജ്യം മുഴുവൻ ഉയരും. നമ്മൾ പഠിക്കുന്ന, 250 രൂപയ്ക്ക് നാം വിദ്യാഭ്യാസം നേടുന്ന ഈ സ്ഥാപനത്തെ, രാജ്യം മുഴുവൻ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.

ഈ രാജ്യം മുഴുവൻ നമ്മുടെ ശബ്ദം എത്തും; നമ്മുടെ ശബ്ദം മുഴങ്ങും. ഈ ശബ്ദത്തെ ഈ കാമ്പസിലെ ഓരോ വിദ്യാർഥിയും ഏറ്റെടുത്ത് ഈ രാജ്യം മുഴുവൻ എത്തിക്കും, ഈ കാമ്പസിലെ ഇവിടെ ഇരിക്കുന്ന ഓരോ വിദ്യാർഥിയും അവരുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് അവരുടെ നെറ്റ്‌വർക്കുകളുടെ അവരുടെ സോഷ്യൽ മീഡിയയിലുള്ള അവരുടെ സുഹൃത്തുക്കളെ ഉപയോഗിച്ച് ഈ ശബ്ദത്തെ വ്യാപിപ്പിക്കും. നിങ്ങളുടെ സോഷ്യൽമീഡിയ പ്രൊഫൈൽ, ട്വിറ്റർ, ഫെയ്സ്ബുക്കുവഴി എല്ലാ സത്യങ്ങളും പുറത്തുവിടൂ എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജെ.എൻ.യു ദേശദ്രോഹിയാണെന്നു പറയുന്നവരുടെ മുഖത്ത് ഒരു ........ (നീണ്ട കയ്യടി) ആർക്കെങ്കിലും രാജ്യസ്നേഹം എന്താണെന്ന് അറിയണമെങ്കിൽ ഈ കാമ്പസിൽ നിന്നു പഠിക്കൂ; രാജ്യസ്നേഹത്തിന്റെ മിസൈലുകൾ ഈ കാമ്പസിൽ പിറക്കും (നീണ്ട കയ്യടി). പറയൂ രാജ്യസ്നേഹത്തെപ്പറ്റി വീമ്പിളക്കി ഓരോ സ്ഥലത്തും കലാപം സൃഷ്ടിക്കുന്നു. മനുഷ്യരെ - ബീഫിന്റെ പേരിൽ, ചിലപ്പോൾ ലൗജിഹാദിന്റെ പേരിൽ, ചിലപ്പോൾ ജാതിയുടെ പേരിൽ - വെട്ടിമുറിക്കുന്നവരാണു രാജ്യദ്രോഹികൾ (നീണ്ടകയ്യടി). നമ്മൾ ഇത് നിരന്തരം പറഞ്ഞുകൊണ്ടിരിക്കയാണ്.

സംഘി സൈബർഗുണ്ടകൾ - ഫെയ്സ്ബുക്കിൽ, സോഷ്യൽ മീഡിയ വെബ്സൈറ്റുകളിൽ, ന്യൂസ്പോർട്ടലുകളിൽ - നമ്മുടെ ഓരോരോ പോസ്റ്റിലും പത്ത് ഇരുപത് കമന്റുകൾ വ്യവസ്ഥാപിതമായി ഇട്ടുകൊണ്ടിരിക്കയാണ്. അതോടൊപ്പം ചോദിക്കുന്നു, നിങ്ങൾക്കൊന്നും ലജ്ജ തോന്നാറില്ലേയെന്ന്. “നിങ്ങൾ പൊതുപണം കൊണ്ടാണു പഠിക്കുന്നത്, നിങ്ങൾക്കു നാണമില്ലേയെന്ന്”. (ഷെയിം വിളികളുയരുന്നു) ഞങ്ങൾ നിങ്ങളോടു പറയുവാൻ ആഗ്രഹിക്കുകയാണ്, ഈ രാജ്യത്തെ എല്ലാ ജനങ്ങളോടും പറയുവാൻ ആഗ്രഹിക്കുകയാണ്, അതെ ഞങ്ങൾ പൊതുപണം ഉപയോഗിച്ചാണു പഠിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി, ഞങ്ങളുടെ കർത്തവ്യത്തെക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണബോധ്യമുണ്ട്. (നീണ്ട കയ്യടി)

ദേശവിരുദ്ധർ ആരാണ് എന്നത്, ഒക്കുപൈ യു.ജി.സി മൂവ്മെന്റ് അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ തന്നെ ജെ.എൻ.യു തിരിച്ചറിഞ്ഞതാണ്. ഈ ശിക്ഷ, ഈ ശിക്ഷ നമുക്കു കിട്ടുന്നത് നമ്മുടെ അധികാരങ്ങളിൽ ഉറച്ചുനിൽക്കുന്നതിനുള്ള ശിക്ഷയാണ്. ഈ ശിക്ഷയെ സന്തോഷത്തോടുകൂടെ നമ്മൾ ഏറ്റെടുക്കും. നമുക്ക് ഇന്ന് ജയിലിൽ പോകേണ്ടിവന്നാൽ, ഇന്ന് തൂക്കുമരത്തിലേറേണ്ടിവന്നാൽ നമ്മൾ അതിനും തയ്യാറാണ്.

ഞങ്ങൾ അദാനിയുടെ പൈസകൊണ്ടു ജീവിക്കുന്നവരല്ല. (നീണ്ട കയ്യടി) അദാനിയുടെ ഹെലികോപ്ടറിൽ കറങ്ങിനടന്ന് അദാനിക്കു പൂജചെയ്യുന്നവരല്ല. ഞങ്ങൾ അത്തരക്കാരല്ല, ഞങ്ങളീ രാജ്യത്തിന്റെ മക്കളാണ്, ഞങ്ങൾ ഈ ദേശത്തിന്റെ മണ്ണിൽ പിറന്നവരാണ്. ഈ രാജ്യത്തു ആരെങ്കിലും നികുതി കൊടുക്കുന്നുണ്ടെങ്കിൽ അതു നമ്മളാണ്, എന്നാൽ നികുതി (നീണ്ടകയ്യടി) നമ്മൾ കൊടുക്കുന്ന നികുതി, നമ്മുടെ മാതാപിതാക്കൾ കൊടുക്കുന്ന നികുതിയുടെ മുകളിൽ സബ്സിഡി വലിയ വലിയ ബാങ്കുകൾക്ക്, വലിയ വലിയ സാമ്പത്തിക സ്ഥാപനങ്ങൾക്ക്, സാമ്പത്തികമായി പാപ്പരായ കോർപ്പറേറ്റുകൾക്കു ആരെങ്കിലും നൽകുന്നുണ്ടെങ്കിൽ (കയ്യടി) അതു ഈ രാജ്യത്തെ സർക്കാരാണ്. നിയോലിബറൽ നയങ്ങളുടെ കോൺട്രാക്ടർമാർ. നിയോലിബറൽ നടത്തിപ്പുകാരാണവർ. അവർ ഈ രാജ്യത്തെ വിൽക്കുവാനുള്ള ഗുഢാലോചന നടത്തുന്നവരാണ്. ഇവർ നമ്മുടെ പ്രസിഡന്റിനോടു (JNUSU പ്രസിഡന്റ്) ഒരു നിയമവിദഗ്ദ്ധന്റെ/വക്കീലിന്റെ സഹായമില്ലാതെ ഹാജരാകുവാൻ ആവശ്യപ്പെട്ടു (ഷെയിം വിളികൾ ഉയരുന്നു). അദ്ദേഹത്തെ ചോദ്യം ചെയ്യുവാൻ ഇവിടെനിന്നും കൊണ്ടുപോയി. കൊമ്രേഡ് കൻഹയ്യായെ ഇവിടെനിന്നും തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ ചോദ്യംചെയ്യൽ എന്ന പേരിൽ എന്തൊക്കെ നടന്നു എന്ന് ആർക്കും അറിയില്ല. എന്നിട്ട് രണ്ടുമണിക്കൂറിന്റെ നോട്ടീസ് കൊടുത്തിട്ടു പറഞ്ഞു താങ്കളെ കോടതിയിൽ ഹാജരാക്കും എന്ന്. അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുവാൻ ഒരു വക്കീൽ ഇല്ലായിരുന്നു. (കയ്യടി) അദ്ദേഹത്തിന്റെ വക്കീൽ അവിടെ എത്തുമ്പോഴേക്കും കോടതിയിൽ ഹാജരാക്കികഴിഞ്ഞു. എന്നിട്ട് ആ ജഡ്ജി നമ്മുടെ പ്രസിഡന്റിനോടു ചോദിച്ചു “ഭായ് (സഹോദരാ) നിനക്ക് എന്തിൽ നിന്നാണു സ്വാതന്ത്ര്യം വേണ്ടത്? ഏതു രീതിയിലുള്ള സ്വാതന്ത്ര്യമാണുവേണ്ടത്?”

ഇന്നു നമ്മൾ ആ സ്വാതന്ത്ര്യത്തെ വിശദീകരിക്കുവാൻ പോവുകയാണ്. നമുക്ക് സ്വാതന്ത്ര്യം വേണം, ദേശദ്രോഹികളിൽനിന്ന് സ്വാതന്ത്ര്യം വേണം. നമുക്ക് സ്വാതന്ത്ര്യം വേണം, (നീണ്ട കയ്യടി) കേരളവും കാശ്മീരും മാത്രമല്ല ഈ രാജ്യം മുഴുവൻ സ്വാതന്ത്ര്യം ആവശ്യപ്പെടുകയാണ്; ഡബ്ല്യുടിഒയിൽ നിന്നും, ജാതി രാഷ്ട്രീയത്തിൽ നിന്നും, നമ്മുടെ സഖാവ് രോഹിത് വെമൂലക്ക് തന്റെ ജീവനെ വിലയായി കൊടുക്കേണ്ടിവന്ന ജാതിവാദത്തിൽ നിന്നും (കയ്യടി) നമ്മൾ സ്വാതന്ത്ര്യം ചോദിക്കയാണ്. ലിംഗ വിവേചനപരമായ നിയമങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം, 377 പോലുള്ള, രാജ്യദ്രോഹക്കുറ്റം പോലുള്ള നിയമങ്ങളിൽ നിന്നും, Armed Force Special Power Actൽ നിന്നുമുള്ള സ്വാതന്ത്ര്യം ഞങ്ങൾ ആവശ്യപ്പെടുകയാണ്. എല്ലാ രീതിയിലുമുള്ള ചൂഷണങ്ങളിൽ നിന്നും ഞങ്ങൾ സ്വാതന്ത്ര്യം ആവശ്യപ്പെടുകയാണ്. ഈ രാജ്യത്തെ മുഴുവൻ സമ്പത്തും ഒരു ശതമാനം ആളുകൾ കൈവശപ്പെടുത്തിയിരിക്കയാണ്, അതിൽ നിന്നും ഞങ്ങൾ സ്വാതന്ത്യം ചോദിക്കയാണ്. ഞങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കും. ആ ഒരു ശതമാനത്തിന്റെ അടിമത്തത്തിൽ നിന്ന് ഞങ്ങൾ സ്വാതന്ത്ര്യം ആവശ്യപ്പെടുകയാണ്. (നീണ്ട കയ്യടി).

xdfdfd
ചിത്രത്തിന് കടപ്പാട്: SFI JNU Unit

ഒരു കാര്യം നമ്മൾ വളരെ വ്യക്തമായി മനസ്സിലാക്കുക്കയും വിളിച്ചുപറയുകയും വേണം. ഇന്ന് സഖാവ് കൻഹയ്യാ ജയിലിലായിരിക്കുന്നത് അദ്ദേഹം ഏതെങ്കിലും മുദ്രാവാക്യം വിളിച്ചതിനല്ല. അദ്ദേഹം ജയിലിലായിരിക്കുന്നത് രാജ്യസ്നേഹം കുറഞ്ഞുപോയതു കൊണ്ടും അല്ല. അദ്ദേഹം ജയിലിലായിരിക്കുന്നത് സ്വാതന്ത്ര്യം ചോദിച്ചതു കൊണ്ടുമല്ല. അദ്ദേഹം ജയിലിലായിരിക്കുന്നത് ഫെലോഷിപ്പിനെപ്പറ്റി ചോദ്യങ്ങൾ ഉയർത്തിയതു കൊണ്ടാണ്. നമ്മുടെ വിദ്യാർഥി സഖാവായ രോഹിത് വെമുലക്കുവേണ്ടി ശബ്ദം ഉയർത്തിയതിനാലാണ് അദ്ദേഹം ഇന്നു ജയിലിലായിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന നമ്മുടെ മറ്റു സഖാക്കൾ ഉണ്ടല്ലോ, അവരുടെ കൂട്ടത്തിൽ ജെ.എൻ.യു ജനറൽ സെക്രട്ടറി കോമ്രേഡ് രാമനാഥും ഉണ്ട്. മറ്റു നിരവധി സഖാക്കളും ഉണ്ട്. അവരുടെ മേൽ രാജ്യദ്രോഹക്കുറ്റവും ക്രിമിനൽ ഗൂഢാലോചനാക്കുറ്റവുമാണു ആരോപിച്ചിരിക്കുന്നത്. അവർക്കു നേരെ ഒന്നും ചെയ്യുവാൻ കഴിയാത്തത് അവർ ആരും തന്നെ തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലാത്തതിനാലാണ്. അവർക്കു നേരെ ഒന്നും ചെയ്യുവാൻ കഴിയാത്തത് അവർ ദേശവിരുദ്ധർ അല്ലാത്തതിനാലാണ്.

ദേശവിരുദ്ധർ ആരാണ് എന്നത്, ഒക്കുപൈ യു.ജി.സി മൂവ്മെന്റ് അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ തന്നെ ജെ.എൻ.യു തിരിച്ചറിഞ്ഞതാണ്. (നീണ്ട കയ്യടി). ഈ ശിക്ഷ, ഈ ശിക്ഷ നമുക്കു കിട്ടുന്നത് നമ്മുടെ അധികാരങ്ങളിൽ ഉറച്ചുനിൽക്കുന്നതിനുള്ള ശിക്ഷയാണ്. ഈ ശിക്ഷയെ സന്തോഷത്തോടുകൂടെ നമ്മൾ ഏറ്റെടുക്കും. (കയ്യടി). നമുക്ക് ഇന്ന് ജയിലിൽ പോകേണ്ടിവന്നാൽ, ഇന്ന് തൂക്കുമരത്തിലേറേണ്ടിവന്നാൽ നമ്മൾ അതിനും തയ്യാറാണ്. (കയ്യടി) നമ്മുടെ മേലുള്ള കുറ്റം എന്തായാലും ഇന്നു ഭഗത് സിംഗ് ഒരു ദേശദ്രോഹിയുടെ പേരിൽ ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ല. കോമ്രേഡ് ചന്തു ഇന്നു ജയിലിൽ പോകുവാൻ ആഗ്രഹിക്കുന്നത് ഞങ്ങൾക്കു മുമ്പെ നടന്നവർ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ കെട്ടിടങ്ങൾക്കു ജീവൻ നൽകിയതുകൊണ്ടാണ്. അതുപോലെ നമ്മളും ഈ ബ്ലോക്കിനു ജീവൻ നൽകി ജനാധിപത്യ ശക്തിയോടുകൂടെ പൊരുതി, രൺവീർസേന പോലുള്ള ശക്തികളോടു പൊരുതി, ആർ.എസ്.എസ് പോലുള്ള ശക്തികളോടു പൊരുതി, രക്തസാക്ഷി ആകേണ്ടിവന്നാൽ നമ്മളും രക്തസാക്ഷിയാകുവാൻ തയ്യാറാണ് (കയ്യടി).

ഈ രാജ്യത്തിനു ഭരണഘടന ഉണ്ടായ ജനുവരി 26നു കരിദിനം ആചരിക്കുന്ന ആർ.എസ്.എസ്, നമുക്കു രാജ്യദ്രോഹിയാണോ രാജ്യസ്നേഹിയാണോ എന്ന സർട്ടിഫിക്കറ്റ് തരുവാൻ വളർന്നിട്ടില്ല (കയ്യടി). അവർ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാകയുടെ സ്ഥാനത്ത് കാവിക്കൊടി പാറിക്കുവാൻ ശ്രമിക്കയാണ്. ഇവർ ഗാന്ധിയെ കൊന്ന ഗോഡ്സേക്കു ക്ഷേത്രം പണിയുന്നവരാണ്. (ആർപ്പുവിളികൾ ഉയരുന്നു) നമുക്ക് അവരോടു പറയുവാനുള്ളത് നിങ്ങളാണ് ദേശദ്രോഹികൾ എന്നാണ്.

ഇന്നു നിങ്ങളൊരു വീഡിയോ കണ്ടുകാണും. എനിക്കു പൂർണ്ണ പ്രതീക്ഷയുണ്ട് നിങ്ങൾ എല്ലാവരും ആ വീഡിയോ കണ്ടുകാണുമെന്ന്. ടിറ്റ്വറിൽ ഇന്നു ടോപ് ട്രെൻഡ് ആയിരുന്നു #abvpExposed എന്ന ഹാഷ്ടാഗ്. ആ വീഡിയോ (കയ്യടി) ഒന്നു ശ്രദ്ധിച്ചു നോക്കൂ. സി ന്യൂസ് ഇത് ദിവസം മുഴുവൻ കാണിച്ചു. അതിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിയുണ്ട്. സി ന്യൂസ് പറയുന്നത് നമ്മുടെ ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുവെന്നാണ്. എന്നാൽ ഇന്ന് എ.ബി.വി.പി ആക്റ്റിവിസ്റ്റുകളാണ് പാ‍കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതെന്ന കാര്യം വ്യക്തമായിരിക്കുകയാണു (ആർപ്പുവിളി ഉയരുന്നു).

ഈ രാജ്യത്തിനു ഭരണഘടന ഉണ്ടായ ജനുവരി 26നു കരിദിനം ആചരിക്കുന്ന ആർ.എസ്.എസ്, നമുക്കു രാജ്യദ്രോഹിയാണോ രാജ്യസ്നേഹിയാണോ എന്ന സർട്ടിഫിക്കറ്റ് തരുവാൻ വളർന്നിട്ടില്ല. അവർ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാകയുടെ സ്ഥാനത്ത് കാവിക്കൊടി പാറിക്കുവാൻ ശ്രമിക്കയാണ്. ഇവർ ഗാന്ധിയെ കൊന്ന ഗോഡ്സേക്കു ക്ഷേത്രം പണിയുന്നവരാണ്. നമുക്ക് അവരോടു പറയുവാനുള്ളത് നിങ്ങളാണ് ദേശദ്രോഹികൾ എന്നാണ്.

ഇവർക്കെതിരെ രാജ്യദ്രോഹ നിയമങ്ങൾ പ്രാ‍യോഗിക്കേണ്ടേ? വേണ്ട! നമ്മൾ ഈ വാദത്തെ അംഗീകരിക്കുന്നില്ല. നമ്മൾ പറയുന്നത് രാജ്യദ്രോഹ ആരോപണം ഒരു കഠിന നിയമമാണെന്നാണ്. ആര് അധികാരത്തിൽ ഇരുന്നാലും സ്ഥിരം മറ്റുള്ളവർക്കു നേരെ ഉപയോഗിക്കുന്ന ഒരു ഭരണകൂട ഉപകരണമാണത്. നമ്മൾ ഏതെങ്കിലും വിദ്യാർഥികൾക്കു നേരെ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കുന്നതിനു എതിരാണ് (കയ്യടി). ആ വിദ്യാർഥി എബിവിപിയുടെ ആയിക്കൊള്ളട്ടെ മറ്റ് ഏതെങ്കിലും സംഘടനയുടെ ആവട്ടെ, നമ്മൾ ആവശ്യപ്പെടുന്നത് രാജ്യദ്രോഹക്കുറ്റനിയമങ്ങൾ ഈ രാജ്യത്തെ ഒരു പൗരനുമേലും പ്രയോഗിക്കരുതെന്നാണ്. ഈ രാജ്യത്ത് അത്തരം നിയമങ്ങൾക്ക് ഒരു സ്ഥാനവുമില്ല. രാജ്യദ്രോഹക്കുറ്റനിയമങ്ങൾ പറയുന്നത് നിങ്ങൾ, നിങ്ങളുടെ ഭരണകൂടത്തെ സ്നേഹിക്കണം എന്നാണ്. അസിം ത്രിവേദി എന്ന കാർട്ടൂണിസ്റ്റ് കോൺഗ്രസ്സ് സർക്കാരിനെക്കുറിച്ച് കാർട്ടൂൺ വരച്ചതിനു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റനിയമങ്ങളാണ് പ്രയോഗിച്ചത്. അഴിമതിയും തട്ടിപ്പുമുള്ള നൂറുകണക്കിനാളുകൾ ചുറ്റുമുള്ളപ്പോൾ അവർക്കെതിരെ ഈ നിയമം പ്രയോഗിച്ചിട്ടില്ല. ഞങ്ങളാവശ്യപ്പെടുകയാണ്, ഈ രാജ്യദ്രോഹക്കുറ്റനിയമങ്ങൾ ഈ രാജ്യത്തിന്റെ ചരിത്രത്തിൽ നിന്നു തന്നെ തുടച്ചുമാറ്റണം. രാജ്യദ്രോഹക്കുറ്റനിയമങ്ങൾ, ആർട്ടിക്കിൾ 377 പോലെ ബ്രിട്ടീഷ് വാഴ്ചയുടെ അവശിഷ്ടമാണ്. അതു കൊളോണിയൽ ഭരണകൂടത്തിൽ നിന്നു പൈതൃകസ്വത്തായി കടന്നുവന്നതാണ്.

എല്ലാ കൊളോണിയൽ പാരമ്പര്യങ്ങളും അത് നമ്മുടെ സ്മൃതി ഇറാനി, സ്മൃതി ഇറാനി അവരും ഒരു കൊളോണിയൽ പൈതൃകമാണ്; അവരിന്നത്തെ മെക്കാളെ പ്രഭു ആണ്, അന്ന് ബ്രിട്ടീഷുകാർ ഈ രാജ്യത്തെ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുവാനാണ് ആഗ്രഹിച്ചത്. ഇന്ന് സ്മൄതി ഇറാനിയും അതാണു ആഗ്രഹിക്കുന്നത്; വിദ്യാഭ്യാസത്തെ നിയന്ത്രിക്കുവാനാണ് ആഗ്രഹിക്കുന്നത്. ആ ‘മനുസ്മൃതി’ ഇറാനിയെ നിയൊകൊളോണിയൽ പൈതൃകമായേ കാണുവാൻ കഴിയൂ (വലിയ കയ്യടിയും ആർപ്പും). അത്തരം എല്ലാ കൊളോണിയൽ ചിന്തകൾക്കും, അത് ഫെയർനെസ് ക്രീം ആയിക്കൊള്ളട്ടെ, ഇംഗ്ലീഷിന്റെ പേരിൽ മനുഷ്യരെ താഴ്ത്തിക്കെട്ടുന്നതോ മെരിറ്റിന്റെ പേരിൽ മനുഷ്യരെ താഴ്ത്തിക്കെട്ടുന്നതോ ആയ എല്ലാ കൊളോണിയൽ പാരമ്പര്യങ്ങൾക്കും, നമ്മൾ എതിരാണ്. ഞങ്ങൾ ഇന്ന് ഈ കാര്യം ആവർത്തിച്ചുപറയുകയാണ്. നമ്മുടെ നേതാക്കന്മാർ അകത്തായിരിക്കുന്നത്, നമ്മുടെ നേതാക്കന്മാർ ജയിലിലായിരിക്കുന്നത്, നമ്മുടെ നേതാക്കന്മാർ ഡീബാർ ചെയ്യപ്പെട്ടിരിക്കുന്നത്, നമ്മുടെ നേതാക്കന്മാരുടെ പേരിൽ രാജ്യദ്രോഹക്കുറ്റനിയമങ്ങൾ നേരിടേണ്ടിവരുന്നത്, അവർ ചോദ്യങ്ങൾ ചോദിക്കുന്നതിനാലാണ്. ഈ രാജ്യത്തെ ഭരണകൂടത്തോടു ചോദ്യങ്ങൾ ചോദിച്ചതിനാലാണ്.

xdfdfd
ചിത്രത്തിന് കടപ്പാട്: SFI JNU

അവർ ഒരു സമരത്തിനു നേതൃത്വം നൽകി. നമ്മൾ നമ്മുടെ ചോരയും, വിയർപ്പും ഒഴുക്കി പോലീസിന്റെ ഭീഷിണിയെയും ആക്രമണങ്ങളെയും അഭിമുഖീകരിച്ച് ഈ സമരത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. അതുകൊണ്ടു സഖാക്കളേ, നിങ്ങളോടു ഒരു അഭ്യർഥന ഉണ്ട്. എല്ലാ സഖാക്കളോടും ഒരു അഭ്യർഥന ഉണ്ട്. ഈ സ്ഥാപനത്തെ അപമാനിക്കുന്നതിൽ ഒരു നാണക്കേടും ഇല്ലാത്ത വലതുപക്ഷക്കാരനായ ജോയിന്റ് കൂടാതെയുള്ള ജെ.എൻ.യു സ്റ്റുഡന്റ് യൂണിയന്റെ ഏക പ്രതിനിധി എന്ന നിലയിൽ (ആർപ്പുവിളി) അദ്ദേഹത്തെ തിരഞ്ഞെടുത്ത ഈ കാമ്പസിനെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഈ കാമ്പസിനെ പ്രതരോധിക്കുന്നുണ്ടോ അദ്ദേഹം? ഈ കാമ്പസിനെ പ്രതിനിധീകരിക്കുന്ന ഏക ആളെന്നനിലയിൽ ഞാൻ നിങ്ങളോടു അഭ്യർഥിക്കുകയാണു ഈ സമരത്തേ മുന്നോട്ടുകൊണ്ടുപോവൂ. ഒക്കുപൈ യുജിസിയുടെ കോ-ഓർഡിനേഷൻ കമ്മറ്റി മീറ്റിംഗിൽ, ഒക്കുപൈ യു.ജി.സി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 18ന് അഖിലേന്ത്യാ യൂണിവേഴ്സിറ്റി സമരം നടത്തണമെന്നുള്ള ഒരു നിർദ്ദേശം സഖാവ് കൻഹയ്യാ മുന്നോട്ട് വച്ചിരുന്നതായി എനിക്ക് ഓർമ്മയുണ്ട്. ആ സമരാഹ്വാനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുവാൻ ഇന്ന് നമ്മുടെ നേതാക്കൾ ആരും തന്നെ ഇല്ല. നമ്മുടെ കാമ്പസിലെ എല്ലാ നേതാക്കന്മാരുടെ മേലും രാജ്യദ്രോഹക്കുറ്റം ചുമത്തി തുറങ്കലിലടച്ചിരിക്കയാണ്. അവരുടെ വിദ്യാർഥി എന്ന ഐഡന്റിറ്റി സസ്പെൻഡ് ചെയ്തിരിക്കയാണ് (studentship revoked). എന്നാൽ നമ്മൾ പ്രതിജ്ഞ ചെയ്യുകയാണ്, ഫെബ്രുവരി 18ലെ അഖിലേന്ത്യാ യൂണിവേഴ്സിറ്റി സമരം നമ്മൾ ഒരു വലിയ വിജയമാക്കി മാറ്റും. ഈ കാമ്പസിലെ ഓരോ വിദ്യാർഥിയും അതിനെ ഒരു വിജയമാക്കി മാറ്റും. അതുപോലെ നമ്മുടെ ബാക്കി കാമ്പസുകളിൽ, അലാഹാബാദ് യുണിവേഴ്സിറ്റിയുടെ ബിഎച്ച്.യുവിൽ, എൽ.യുവിൽ, ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റി, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെല്ലാം, ഈ സമരത്തെ ഒരു വിജയമാക്കി മാറ്റുക.

ഇതിനൊപ്പം സഖാക്കളേ, നിങ്ങൾക്ക് അറിയാമല്ലോ നമ്മുടെ കുറെ സഖാക്കൾ ദില്ലി ചലോ എന്ന മുദ്രാവാക്യവുമായി പോയതാണ്. അവർ ഫെബ്രുവരി 23 നു ദില്ലിയിൽ വരും, അതൊടൊപ്പം ഒരു പാർലമെന്റ് മാർച്ചും ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ നേതാക്കളുടെ പേരിൽ കേസുകൾ നടക്കുന്നതിനാൽ ഈ കാമ്പസിലെ ഓരോ വിദ്യാർഥിയും ഇന്ന് ഇവിടെ വച്ചു തീരുമാനിക്കണം ഈ പ്രക്ഷോഭങ്ങളെ വിജയത്തിലെത്തിക്കുമെന്ന്. വരുന്ന ദിവസങ്ങളിൽ നിങ്ങളുടെ ഇടയിലുള്ള ബാക്കി വിദ്യാർഥി പ്രതിനിധികളായ ഞങ്ങളെയും അറസ്റ്റുചെയ്യുവാനുള്ള സാധ്യത ഉണ്ട്. ഇതിനുള്ള സാധ്യതകൾ വളരെ വലുതാണ്. അതുകൊണ്ട് ഈ സമരം വിജയിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ഭയപ്പെടാതെ നിങ്ങൾ ഓരോ വിദ്യാർഥിയും ഏറ്റെടുക്കണം.