വിജയികൾ തിരുത്തുന്ന ചരിത്രവും ഭരണഘടനയും

ഭരണഘടനാദിനം ആചരിച്ചു കൊണ്ട് രാജ്യസഭയുടെ പ്രത്യേക സംവാദത്തിൽ CPI(M) ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം. നതാഷ ജെറിയുടെ പരിഭാഷ

സർ, ഈ സെഷൻ പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ, അംബേദ്കറുടെ 125 ആം ജന്മദിനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സെഷൻ വേണമെന്നും ഈ സെഷനിൽ നമ്മൾ പ്രധാനമെന്ന് കരുതുന്ന ചില പുതിയ നിയമങ്ങൾ നടപ്പാക്കണമെന്നും ഞങ്ങളുടെ പാർട്ടി ആവശ്യപ്പെട്ടിരുന്നു. സമകാലിക സാഹചര്യത്തെക്കുറിച്ച് ശരത് യാദവ്ജി വളരെ വിശദമായി തന്നെ വിവരിക്കുകയുണ്ടായി. അത് വീണ്ടും ആവർത്തിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, എങ്കിലും ദളിതുകളുടെ നേർക്കുള്ള അതിക്രമങ്ങൾ നാം ഗൌരവമായി കാണേണ്ടിയിരിക്കുന്നു. ഈ ഗവണ്മെന്റിന്റെ തന്നെ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്, 2014 ൽ ഈ ഗവണ്മെന്റ് അധികാരത്തിലേറിയതിനു ശേഷം ദളിതുകളുടെ നേർക്കുള്ള അതിക്രമങ്ങൾ 19% വർദ്ധിച്ചിരിക്കുന്നു എന്നാണ്. ഈ 2015ൽ തന്നെ ഫരീദാബാദിലും അഹമ്മദാബാദിലുമെല്ലാം ദളിതുകളുടെ നേര്ക്കുള്ള അതിക്രമങ്ങൾ നാം കണ്ടതാണ്.

ഇവിടെ യഥാർത്ഥ പ്രശ്നം നിലവിലുള്ള നിയമങ്ങളെ നാം ശക്തിപ്പെടുത്തുകയും പുതിയ നിയമങ്ങൾ ഉണ്ടാക്കുകയുമാണ്, ആയതിനാൽ ഞങ്ങൾ പത്ത് പുതിയ നിയമങ്ങൾ നിർദ്ദേശിക്കുന്നു. സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങൾ പരിഗണിച്ച്, സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും സംവരണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ചുരുങ്ങിയ പക്ഷം ഇതിനേക്കുറിച്ചുള്ള സംവാദം നടക്കുകയും നിയമനിർമ്മാണം നടത്തുകയും വേണം. എസ് സി/ എസ് ടി സബ്പ്ലാനിന് സ്റ്റാറ്റ്യൂട്ടറി സ്റ്റാറ്റസ് കിട്ടണമെന്നും സംവരണം പ്രൊഫഷണൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കൂടെ വ്യാപിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. തൊട്ട്കൂടായ്മ തുടച്ച് നീക്കുന്നതിനായി ഒരു ദേശീയ മിഷൻ രൂപം കൊടുക്കണമെന്നതും ഞങ്ങളുടെ ആവശ്യമായിരുന്നു. ഈ പാർലമെന്റിലെ തന്നെ 'സഫായി കർമ്മചാരി'കളുടെ അവസ്ഥയെപ്പറ്റി ശരത്ജി നേരത്തെ വിശദമാക്കിയതാണ്. ഇതെല്ലാം കാണിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് പുതിയ നിയമങ്ങൾ വേണമെന്നത് തന്നെയാണ്.

അതുകൊണ്ട് സാമൂഹിക നീതിയെക്കുറിച്ചുള്ള അംബേദ്ക്കറുടെ ദർശനങ്ങളെ മുന്നോട്ട് കൊണ്ട് പോകാനുതകുന്ന നിയമനിർമ്മാണമാണ് നമുക്കിന്നാവശ്യം. എന്നാൽ ഭരണഘടനയിലുള്ള നമ്മുടെ വിശ്വാസം പുനഃദൃഢീകരിക്കണം എന്ന് ഗവണ്മെന്റ് പറയുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഈ പുനഃദൃഢീകരണത്തിന്റെ ചോദ്യം എങ്ങനെയാണുദിക്കുന്നത്? ഈ ഭരണഘടനയുടെമേൽ പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഞാനും നിങ്ങളുമെല്ലാം ഇവിടെയിരിക്കുന്നത്. ഈ പുനഃദൃഢീകരണം എന്ന നാടകം കൊണ്ട് നിങ്ങൾ എന്താണുദ്ദേശിക്കുന്നത്? ഇന്നത്തെ ഗവണ്മെന്റും രാജ്യസഭാ കക്ഷി നേതാവും മനസ്സിലാക്കേണ്ട കാര്യം ഭരണഘടനയിൽ നമുക്കുള്ള വിശ്വാസം കാരണമാണ് അവരിവിടെയുള്ളതെന്നാണ്. സർ, എന്താണീ ഭരണഘടനാ ദിവസം?

ചരിത്രം പരിശോധിച്ചാൽ, കോൺസ്റ്റിറ്റ്യുവെന്റ് അസ്സംബ്ലിയുടെ പ്രസിഡന്റ് ഭരണഘടനയിൽ ഒപ്പ് വെച്ചത് നവംബർ 26നാണ്. എന്നാൽ വോട്ടിനിട്ട് അംഗീകരിച്ച ഡ്രാഫ്റ്റിൽ സ്പഷ്ടമായിത്തന്നെ പറയുന്നത് "1950 ജനുവരി 26ന് ഈ ഡ്രാഫ്റ്റ് ഭരണഘടനയായി മാറുന്നതോടെ ഇന്ത്യ ഒരു റിപ്പബ്ലിക് ആകുമെന്നും നിയമനിർമ്മാണം ആരംഭിക്കാമെന്നു"മാണ്. 'അപ്പോൾ 1949 നവംബർ 26 മുതൽ 1950 ജനുവരി 26 വരെ ഏത് നിയമമാണ് ഇവിടെ നിലവിലുണ്ടായിരുന്നത്' എന്ന ചോദ്യത്തിന് പ്രശസ്തനായ വക്കീൽ കൂടിയായ രാജ്യസഭാകക്ഷി നേതാവിനുത്തരം നല്കാമോ? ഇതേ ഭരണഘടന ആയിരുന്നോ അത്? ഭരണഘടന നിലവിൽ വരുന്നത് വരെയുള്ള ആ രണ്ട് മാസക്കാലം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നത്, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ആറ്റ്ലി ലണ്ടനിലെ ഹൌസ് ഓഫ് കോമൺസിൽ പാസ്സാക്കിയ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്റ്റ് 1947 ആയിരുന്നു. ബ്രിട്ടീഷ് നിയമത്തിന് കീഴിലായിരുന്നു ഇന്ത്യ ആ രണ്ടു മാസക്കാലം. ഭരണഘടന അംഗീകരിക്കപ്പെടുകയും പ്രാബല്യത്തിൽ വരുകയും ചെയ്തത് ജനുവരി 26 നാണ്. ഇങ്ങനെയായിരിക്കേ 65 വർഷങ്ങൾക്ക് ശേഷം നിങ്ങളിപ്പോൾ പുതുതായി പറയുന്ന ഭരണഘടന സ്ഥാപന ദിനം എന്താണ്? സർ, താങ്കൾക്ക് ഇക്കാര്യത്തിൽ ചിലപ്പോൾ കൂടുതൽ അറിവുണ്ടായേക്കാം, ജനുവരി 26ന് ഭരണഘടന നിലവിൽ വരുന്നതോടെ ഇന്ത്യ ഒരു റിപ്പബ്ലിക് ആകും എന്ന് അംബേദ്‌കർ തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിയ്ക്ക് നവംബർ 26 ന്റെ സാംഗത്യമെന്താണ്? ശരിയാണ്, നവംബർ 26നാണ് കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി ഭരണഘടനയുടെ ഡ്രാഫ്റ്റ്‌ അംഗീകരിക്കുന്നത്, പക്ഷേ അന്ന് ഭരണഘടന പ്രാബല്യത്തിൽ വന്നില്ല. 1950 ജനുവരി 26 നാണ് ഭരണഘടന പ്രാബല്യത്തിൽ വരുന്നത്, അത് വരെ ഈ ഡ്രാഫ്റ്റ്‌ നമ്മുടെ നിയമസംഹിത ആയിരുന്നില്ല. സർ, നിയമജ്ഞർ പോലും ഭരണഘടന സ്ഥാപന ദിനത്തെപ്പറ്റി സംസാരിക്കുന്നു! നിങ്ങൾക്കാഘോഷിക്കാൻ മറ്റൊരു ദിവസം കൂടി ഉണ്ടാക്കുകയെന്നതാണോ ഉദ്ദേശം? 1950 ജനുവരി 24 നും 25 നും കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി വീണ്ടും ചേരുകയുണ്ടായി. ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത് ജനുവരി 24 നാണ്. ജനുവരി 25 നാണ് കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി അംഗങ്ങൾ ഭരണഘടനയിൽ ഒപ്പ് വയ്ക്കുന്നത്. ഇനി മറ്റൊരു കാര്യം, നവംബർ 26 മുതൽ ഭരണഘടനയുടെ 395 വകുപ്പുകളിൽ 15 എണ്ണം മാത്രമേ പ്രാബല്യത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1950 ജനുവരി 26 ന് മാത്രമാണ് പൂർണ്ണമായ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്.

ഈ പുതിയ ദിനം എന്താണ്, സർ? (തടസ്സപ്പെടുന്നു) ഇതിനെ വേണമെങ്കിൽ 'ഐറ്റം സോംഗ്' എന്നോ മറ്റോ വിളിക്കാവുന്നതാണ്. ഇത് ഇന്ത്യൻ ഭരണഘടനയിലെ ഒരു പുതിയ 'ഐറ്റം' ആണ്. ഭരണപക്ഷത്തെ ഒരു പ്രമുഖനായ നേതാവ് പ്രധാനമന്ത്രിയെ വിളിച്ചത് മിടുക്കനായ ഇവന്റ് മാനേജർ എന്നാണ്. ലണ്ടൻ കഴിഞ്ഞ് മലേഷ്യ അതിന് ശേഷം ഏഷ്യ അതിന് ശേഷം ഭരണഘടനാദിനം, നാളെ മുതൽ പാരീസ്. എന്റെ ചെറുപ്പത്തിൽ 'പാരീസ് കെ ഏക്‌ രംഗീൻ ശാം' എന്നൊരു സിനിമ കണ്ടതോർക്കുന്നു. നാളെ മുതലുള്ള 'ഇവന്റ്' അതായിരിക്കും.

ചരിത്രം എപ്പോഴും വിജയിച്ചവരാണ് രചിക്കുന്നത്. പക്ഷേ ഇപ്പോഴിവിടെ വിജയികളായവർ നമ്മുടെ പൂർവ്വചരിത്രം മാറ്റാൻ ശ്രമിക്കുകയാണ്! ഇതെല്ലാമാണ് നമ്മുടെ ചരിത്രവും പാരമ്പര്യവും. നിങ്ങൾക്ക് അതിനെ ഹനിച്ചു കൊണ്ട് പുതിയൊരു ചരിത്രം അവതരിപ്പിക്കാൻ സാധ്യമല്ല. എന്തിനാണീ ഭരണഘടനാ ദിനം? അവർക്ക് യാതൊരു പങ്കുമില്ലാതിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നുഴഞ്ഞു കയറാനുള്ള ശ്രമമാണിത് എന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേരുന്നത്.

ഗൌരവമില്ലാത്ത ഇത്തരം ആഘോഷങ്ങൾ സഭയുടെ അന്തസ്സിന് ചേർന്നതല്ല. ജവഹർലാൽ നെഹ്രു മുന്നോട്ട് വെച്ച 'വസ്‌തുനിഷ്‌ഠതാ അപഗ്രഥനം' എന്ന പ്രമേയത്തിൽ നിന്നാണ് കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലിയുടെ പ്രവർത്തനം തുടങ്ങിയതെന്ന് ഈ ഗവണ്മെന്റിന് അറിയാമോ? കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി ആകെ പതിനൊന്ന് പ്രാവശ്യം ചേർന്നതിൽ ആറ് തവണയും ഭരണഘടനയുടെ കരടിനെപ്പറ്റിയല്ല മറിച്ച് വസ്‌തുനിഷ്‌ഠതാ അപഗ്രഥനത്തെപ്പറ്റിയാണ് ചർച്ച ചെയ്തതെന്ന് ഈ ഗവണ്മെന്റിന് അറിയാമോ? കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലിയിൽ നടന്ന ഭൂരിഭാഗം ചർച്ചകളും ശ്രീ ജവഹർലാൽ നെഹ്രു അവതരിപ്പിച്ച ഈ പ്രമേയത്തിന്മേൽ ആയിരുന്നു. സർ, അതായിരുന്നു നമ്മുടെ ചരിത്രം. ശരിയാണ്, ചരിത്രം എപ്പോഴും വിജയിച്ചവരാണ് രചിക്കുന്നത്. പക്ഷേ ഇപ്പോഴിവിടെ വിജയികളായവർ നമ്മുടെ പൂർവ്വചരിത്രം മാറ്റാൻ ശ്രമിക്കുകയാണ്! ബഹുമാനപ്പെട്ട രാജ്യസഭാ കക്ഷി നേതാവിനെപ്പോലെ ഞാനും സ്വാതന്ത്ര്യത്തിനു ശേഷമാണ് ജനിച്ചത്. നമ്മളിൽ ഭൂരിഭാഗം പേരും സ്വാതന്ത്ര്യാനന്തരമാണ് ജനിച്ചതെന്നാണ് ഞാൻ കരുതുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം ഇതെല്ലാമാണ് നമ്മുടെ ചരിത്രവും പാരമ്പര്യവും. നിങ്ങൾക്ക് അതിനെ ഹനിച്ചു കൊണ്ട് പുതിയൊരു ചരിത്രം അവതരിപ്പിക്കാൻ സാധ്യമല്ല. എന്തിനാണീ ഭരണഘടനാ ദിനം? അവർക്ക് യാതൊരു പങ്കുമില്ലാതിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നുഴഞ്ഞു കയറാനുള്ള ശ്രമമാണിത് എന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേരുന്നത്.

എങ്ങനെയാണ് ഇതിനുള്ള ഓർഡർ കൊടുത്തത്? സർ, അത് ' എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു' എന്നുള്ള ഗസറ്റ് വിജ്ഞാപനമായിരുന്നു. വേണമെങ്കിൽ ഞാനത് സഭയുടെ മേശപ്പുറത്ത് വയ്ക്കാം. നവംബർ 19ന് ഇന്ത്യൻ ഗസറ്റിൽ വന്നൊരു വിജ്ഞാപനമായിരുന്നു അത്. Ministry of Social Justice and Empowerment ആണ് അത് നൽകിയത്. എല്ലാ വർഷവും ആചരിക്കേണ്ട ഒരു ദേശീയ ദിനം തീരുമാനിക്കേണ്ടത് Ministry of Social Justice and Empowerment ആണോ?

ബഹുമാനപ്പെട്ട മന്ത്രി ഇവിടെയുണ്ട്. ബഹുമാനപ്പെട്ട മാനവവിഭവശേഷി മന്ത്രി, അവർ മന്ത്രിയാകുന്നതിനു മുൻപ്, എന്റെ സുഹൃത്തായിരുന്നു. മന്ത്രിയായതിനു ശേഷം അവർക്ക് സമയമില്ലെന്നും വളരെ ശ്രമകരമായ ചുമതലകളുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. എങ്കിലും, നവംബർ 19 ആം തീയതി ഗസറ്റ് വിജ്ഞാപനം വരുന്നതിന് മുന്നേ, നവംബർ പത്താം തീയതി തന്നെ സ്കൂളുകളിൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ പറഞ്ഞു കൊണ്ടുള്ള വിജ്ഞാപനം മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചതെങ്ങനെയാണ് എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്. ഇതാണ് 19 ആം തീയതിയിലെ ഗസറ്റ്. സർ, എന്തൊക്കെയാണിവിടെ സംഭവിക്കുന്നത്? ഇന്ത്യയിലെ രാഷ്ട്രീയത്തിലെ ഓരോ ഐറ്റംസ്. എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, നിങ്ങൾ നടത്തുന്നത് ഇവന്റ് മാനേജ്മെന്റാണ്. നിങ്ങൾക്ക് ഒരു പങ്കുമില്ലാതിരുന്ന ദേശീയപ്രസ്ഥാനത്തിൽ നുഴഞ്ഞു കയറുവാനാണ് നിങ്ങൾ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റ്കാരുടെയും മറ്റും പങ്കിനെ പറ്റിയുള്ള ആരോപണങ്ങൾ ഈ ചർച്ചയിൽ നമ്മൾ കേട്ടതാണ്, ഇനിയും അതുയർന്നു വരുമെന്നും എനിക്കുറപ്പുണ്ട്. വിശദീകരണം എന്ന നിലയിൽ ശ്രീ നഖ്വിയ്ക്ക് സ്വന്തം വ്യാഖ്യാനങ്ങൾ നൽകാനാവില്ല. ഭരണഘടനാ ദിനം ആചരിച്ചു കൊള്ളട്ടെ. ഡോ. ബി. ആർ. അംബേദ്കറിനെ നാം എല്ലായ്പ്പോഴും ആദരിച്ചിട്ടുണ്ട്. പക്ഷേ ഈ പുതിയ 'ഇവന്റി'നു വേണ്ടിയുള്ള പരാക്രമങ്ങൾ എന്തിനാണ്? ഞങ്ങൾക്കിതിൽ എതിർപ്പൊന്നുമില്ല, പക്ഷേ ഇതിന്റെ പശ്ചാത്തലത്തെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. നിങ്ങൾക്ക് ദേശീയപ്രസ്ഥാനത്തിൽ ഒരു പങ്കുമില്ലായിരുന്നു. അതിൽ നുഴഞ്ഞു കയറുവാനുള്ള നിങ്ങളുടെ ശ്രമമാണിത്. സർ, ശ്യാമപ്രസാദ് മുഖർജിയെപ്പറ്റി സൂചിപ്പിക്കുകയുണ്ടായല്ലോ. നിങ്ങളുയര്ത്തിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. നിങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രത്തെക്കുറിച്ച് ചോദിച്ചല്ലോ. സർ, നിങ്ങളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും പങ്കിനെപ്പറ്റിയുള്ള രണ്ട് ഉദ്ധരണികൾ ഞാൻ വായിക്കാൻ ആഗ്രഹിക്കുന്നു. ...(തടസ്സപ്പെടുന്നു)..

1942ലെ ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് ബോംബെയുടെ ആഭ്യന്തരവകുപ്പ് നിരീക്ഷിച്ചത് "സംഘം നിഷ്കർഷയോടു കൂടി നിയമാനുസരണം നിലകൊള്ളുകയും 1942 ആഗസ്തിൽ പൊട്ടിപ്പുറപ്പെട്ട ക്രമസമാധാനപ്രശ്നങ്ങളിൽ പങ്കുകൊള്ളാതിരിക്കുകയും ചെയ്തു" എന്നാണ്. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ രേഖയാണിത്. തരുൺജി കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സർ, 1992ൽ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ അൻപതാം വാർഷികം ആചരിക്കാനായി ഒരു സ്പെഷൽ സെഷൻ സെൻട്രൽ ഹാളിൽ ചേരുകയുണ്ടായി. ആ സെഷനിൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശങ്കർദയാൽ ശർമ്മ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: "കാൻപൂരിലെയും ജാംഷെഡ്പൂരിലെയും അഹമ്മദാബാദിലെയും മില്ലുകളിൽ നടന്ന വൻതോതിലുള്ള സമരങ്ങൾക്ക് ശേഷം 1942 സെപ്തംബർ അഞ്ചാം തീയതി ഡൽഹിയിൽ നിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് അയച്ച കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "നിരവധി CPI അംഗങ്ങളുടെ പ്രവർത്തനരീതികളിൽ നിന്ന്, നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നത് പോലെ, അവർ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികളാണെന്ന് തെളിഞ്ഞിരിക്കുന്നു"". ഇത് ഇന്ത്യയുടെ രാഷ്ട്രപതി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെച്ച് പറഞ്ഞതാണ്. ഇനിയെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തണം. നുഴഞ്ഞു കയറുന്നു എന്ന് ഞാൻ പറയുന്നതിനെ നിങ്ങൾ എതിർക്കുന്നു. ശ്യാമപ്രസാദ് മുഖർജിയെപ്പറ്റി സൂചിപ്പിച്ചല്ലോ, അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു, അദ്ദേഹം നെഹ്രുജിയുടെ കാബിനറ്റിൽ അംഗമായിരുന്നു. പിന്നീട് അതിൽ നിന്ന് അദ്ദേഹം രാജി വെക്കുകയും പുതിയൊരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കുകയും ചെയ്തു. നിങ്ങളുടെ സർസംഘചാലക് ഗോൾവാൽക്കർ നാല് സ്വയംസേവകരെ പുതിയ പാർട്ടിയുണ്ടാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ശ്രീ മുഖർജിയുടെ അടുത്തേക്കയച്ച കാര്യം ആർഎസ്എസിന്റെ രേഖകളിലുണ്ടോ എന്നറിഞ്ഞാൽ കൊള്ളാം. ആരായിരുന്നു അവർ? ഇത് നിങ്ങളുടെ തന്നെ രേഖകളിൽ ഉള്ളതാണ്. ദീൻ ദയാൽ ഉപാദ്ധ്യായ്ജി, എൽ കെ അദ്വാനിജി, അടൽ ബിഹാരി വാജ്പേയിജി, എസ് എസ് ഭണ്ഡാരിജി എന്നിവരായിരുന്നു അവർ. ഈ നാല് പേരെ ആയിരുന്നു പുതിയ പാർട്ടിയുണ്ടാക്കാനായി അയച്ചത്. ഗാന്ധിയുടെ വധത്തിനു ശേഷം സർദാർ പട്ടേൽ ആർഎസ്എസ് നിരോധിച്ചു. നിരോധനം നീക്കാനുള്ള ഒരു ഉപാധി, ആർഎസ്എസ് രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നതായിരുന്നു. അങ്ങനെ നിങ്ങൾക്ക് ഒരു പൊളിറ്റിക്കൽ വിംഗ് ആവശ്യമായി വന്നു. ജനസംഘം എന്ന ആ പൊളിറ്റിക്കൽ വിംഗ് ആണ് പിന്നീട് ബിജെപി ആയി പുനർജ്ജനിച്ചത്.

അംബേദ്‌കർ വിഭാവനം ചെയ്ത സമൂഹ്യനീതി ഇന്നെവിടെ എത്തി നില്ക്കുന്നു? പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന പീഡനങ്ങളെപ്പറ്റിയും സംവരണത്തെപ്പറ്റിയും ഞാൻ സൂചിപ്പിച്ചല്ലോ. വളരുന്ന അസമത്വത്തിന്റെ പശ്ചാത്തലത്തിൽ ജനജീവിതം അധ:പതിച്ചു കൊണ്ടിരിക്കുകയാണ്. എന്താണീ വൈരുദ്ധ്യം? നിങ്ങൾ യാഥാർത്ഥ്യം കാണുന്നില്ലേ. നാം ഡോ. അംബേദ്കറിന് ആദരാഞ്ജലി ഇങ്ങനെയാണോ അർപ്പിക്കേണ്ടത്? ആധുനിക ഇന്ത്യയിൽ സാമൂഹ്യ നീതിയെപ്പറ്റിയുള്ള ദർശനം ഈ വിധമാണോ നിറവേറ്റേണ്ടത്?

രാജ്യസഭാ കക്ഷി നേതാവ് ഭരണഘടനയുടെ ആർട്ടിക്കിൾ 44 വായിച്ചുവല്ലോ. അതിൽ പറയുന്നത് "ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സർക്കാർ പരിശ്രമിക്കണം" എന്നാണ്. കാർഷികവൃത്തിയെപ്പറ്റിയും കന്നുകാലിവളർത്തലിനെപ്പറ്റിയും അതിൽ പ്രതിപാദിക്കുന്നുണ്ട്. ഇത് ഭരണഘടനയിലെ കോടതിയുടെ പരിഗണനയ്ക്ക് വിധേയമാക്കാവുന്നതും നടപ്പിലാക്കാവുന്നതും അല്ലാത്ത നിർദ്ദേശക തത്വങ്ങൾ ആണെന്ന് ചൂണ്ടിക്കാണിക്കാൻ ഞാനാഗ്രഹിക്കുന്നു. സർ, നിർദ്ദേശക തത്വങ്ങളിൽ നിങ്ങളിവിടെ വായിക്കാത്ത ചിലതു കൂടിയുണ്ട്. എന്തൊക്കെയാണവ? "ദുർബ്ബല വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താൽപര്യങ്ങളിൽ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണം" എന്ന് ആർട്ടിക്കിൾ 46ൽ പറയുന്നു. "ജനങ്ങളുടെ പോഷകാഹാരലഭ്യതയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കണം" എന്ന് ആർട്ടിക്കിൾ 47ൽ പറയുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പോഷകഹാരക്കുറവ് അനുഭവിക്കുന്നത് ഇന്ത്യയിലാണ് എന്നത് എത്ര അപമാനകരമാണ്. വളർച്ച മുരടിച്ച ഏറ്റവും കൂടുതൽ കുട്ടികൾ ഇന്ത്യയിലാണുള്ളത് എന്നത് അപമാനകരമല്ലേ? ഇത് നിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 47ൽ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ട് നിങ്ങളെന്താണ് ചെയ്തത്? നിങ്ങൾ ഇവയിൽ നിന്ന് ചിലത് മാത്രം തിരഞ്ഞെടുക്കുന്നു, അതാണ് നിങ്ങളുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്നതിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്. നടപ്പിലാക്കപ്പെടേണ്ടതായ മൗലിക കർത്തവ്യങ്ങളെപ്പറ്റിയുള്ള അനുച്ഛേദത്തിലെ ആർട്ടിക്കിൾ 51A (f)ൽ പറയുന്നു "നമ്മുടെ സമ്മിശ്രസംസകാരത്ത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് ഇന്ത്യയിലെ ഓരോ പൌരന്റെയും കടമയാണ്". സർ, നാം സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് സമ്മിശ്രസംസ്കാരത്തെയാണോ? എന്താണ് ആർട്ടിക്കിൾ 51A(h) പറയുന്നത്? "ശാസ്ത്രബോധവും മാനുഷികത്വവും അന്വേഷണബുദ്ധിയും നവീകരണവാസനയും വികസിപ്പിക്കണം" എന്നാണതിൽ പറയുന്നത്. സർ, ഗണേശഭഗവാൻ പ്ലാസ്റിക് സർജറിയുടെ സൃഷ്ടിയാണെന്നും കൌരവർ ടെസ്റ്റ്യൂബ് ശിശുക്കളായിരുന്നുവെന്നും പറയുന്നത് ശാസ്ത്രബോധമാണോ? ഇത് പറഞ്ഞത് മറ്റാരുമല്ല, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാണ്. എന്താണ് സംഭവിക്കുന്നത്? എന്താണ് നിങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്? നിങ്ങൾ ഹിന്ദുത്വ അജണ്ട പുനർജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ പശു സംരക്ഷണം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു. ചോദ്യം എല്ലാ പൗരന്മാരുടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ സമത്വം ആണ്. അദ്ദേഹം ആർട്ടിക്കിൾ 30 വായിച്ചു. ആർട്ടിക്കിൾ 29ഉം 30ഉം ഇവയ്ക്ക് വിരുദ്ധമാണെന്നും പറയുകയുണ്ടായി. ആർട്ടിക്കിൾ 15 പറയുന്നത് "മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും സർക്കാർ വിവേചനം കാണിക്കാൻ പാടുള്ളതല്ല" എന്നാണ്. ഇത് മൗലികാവകാശങ്ങളിലെ ആർട്ടിക്കിൾ 15 ആണ്. അദ്ദേഹം പറയുന്നത് ആർട്ടിക്കിൾ 29ഉം 30ഉം പരസ്പരവിരുദ്ധമാണെന്നാണ്. സർ, ഏതൊരു അവകാശത്തിനുമൊപ്പം യുക്തിസഹമായ നിയന്ത്രണങ്ങളും ഉണ്ടാവുമെന്നത് ഏതൊരു വക്കീലിനും അറിയാവുന്ന കാര്യമാണ്. അങ്ങനെയല്ലാത്ത ഒരു അവകാശവും ഇല്ല. ആർട്ടിക്കിൾ 15ലുള്ളതിന്റെ യുക്തിസഹമായ നിയന്ത്രണങ്ങൾ ആർട്ടിക്കിൾ 29ലും 30ലും പറഞ്ഞിരിക്കുന്നു, ഇവയിലാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെപ്പറ്റി പറയുന്നത്. ന്യൂനപക്ഷങ്ങൾ എന്നതു കൊണ്ടുദ്ദേശിക്കുന്നത് മതന്യൂനപക്ഷങ്ങളെ മാത്രമല്ല, ഭാഷാന്യൂനപക്ഷങ്ങളെക്കൂടിയാണ്. ഇപ്പോൾ പറയുന്നത് "ഇത് പരസ്പര വിരുദ്ധതയാണ്, അതുകൊണ്ട് നീക്കം ചെയ്യപ്പെടണം" എന്നാണ്. നമ്മൾ ഈ പരസ്പര വിരുദ്ധതയെപ്പറ്റിയാണ് സംസാരിക്കുന്നത് എന്നതിനെപ്പറ്റി അംബേദ്കറിന്റെ അഭിപ്രായം എന്തായിരിക്കും? “പൗരന്മാരുടെ അവകാശങ്ങൾ സഹിഷ്ണുത ആയിരിക്കണം പ്രസരിപ്പിക്കേണ്ടത്, അസഹിഷ്ണുത അല്ല” എന്നദ്ദേഹം കൃത്യമായി പറയും. സർ, ഇതാണിന്നത്തെ തർക്കവിഷയം. മതേതരത്വം എന്നത് ഭരണഘടനയിൽ തിരുകി കയറ്റിയ ഒരു വാക്കാണെന്നും അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി പറഞ്ഞതായി ഞാൻ മാധ്യമങ്ങളിൽ വായിച്ചു. അമീർ ഖാനെ പരിഹസിച്ചു കൊണ്ട് "അംബേദ്‌കർ ഇന്ത്യ വിട്ട് പോയില്ല. അദ്ദേഹം ഇവിടെ തന്നെ നിന്ന് പോരാടുകയാണ് ചെയ്തത്." എന്നും അദ്ദേഹം പറഞ്ഞു. സർ, അത് തന്നെയാണ് അമീർ ഖാനും പറഞ്ഞത്. രാജ്യം വിട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹം ഇവിടെ നിന്ന് പോരാടുന്നു എന്നതിൽ സന്തോഷമുണ്ട്. അമീർ ഖാനെ ഇടതു പക്ഷം സ്പോണ്‍സർ ചെയ്യുകയാണെന്നാണ് നിങ്ങളുടെ ആരോപണം. ഇവരെയൊക്കെ ഞങ്ങളുടെ കൂടെ ചേർക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ എണ്ണം കൂടുകയാണല്ലോ. ...(തടസ്സപ്പെടുന്നു)...

xdfdfd

ഓർമ്മിക്കേണ്ട കാര്യം, അംബേദ്‌കർ രാജ്യം വിട്ടു പോയില്ല എന്നതാണ്, അദ്ദേഹം ദേശസ്നേഹി ആയിരുന്നു. പക്ഷേ അംബേദ്‌കർ ഹിന്ദുമതം ഉപേക്ഷിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. അത് നിങ്ങളോർക്കണം. നിങ്ങളോർക്കണം, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? അവിടെയാണ് അസഹിഷ്ണുതാ പ്രശ്നങ്ങൾ കടന്നു വരുന്നത്. ഇതെല്ലാം ചരിത്രത്തിലുള്ള കാര്യങ്ങളാണ്, അവ നിങ്ങൾക്ക് മായ്ക്കാൻ സാധ്യമല്ല. സർ, അംബേദ്‌കർ നവംബർ 25ന് നടത്തിയ പ്രസംഗം ഭരണപക്ഷ നേതാവ് വായിച്ചുവല്ലോ. ചരിത്രം ആവർത്തിക്കുന്നതിനെപ്പറ്റിയാണ് അംബേദ്‌കർ പറയുന്നത്. ആ പ്രസംഗത്തിലെ ഭരണപക്ഷ നേതാവ് വായിക്കാതിരുന്ന ഭാഗം ഇതാണ്: " ചരിത്രം ആവത്തിക്കപ്പെടുമോ? ഇന്ത്യയ്ക്ക് വീണ്ടും സ്വാതന്ത്ര്യം നഷ്ടമാകുമോ? ഇന്ത്യക്കാർ രാജ്യത്തെ തങ്ങളുടെ മതവിശ്വാസത്തിനുപരിയായി കാണുമോ അതോ മതവിശ്വാസത്തെ രാജ്യത്തിനുപരിയായി കാണുമോ? എനിക്കറിഞ്ഞു കൂടാ".

ഭരണപക്ഷ നേതാവ് പറഞ്ഞതു പോലെ അംബേദ്‌കർ ഇന്ന് സഭയിലുണ്ടായിരുന്നെങ്കിൽ എന്താവും പറയുക? അദ്ദേഹം ഈ ചോദ്യമായിരിക്കില്ല ചോദിക്കുക. "രാജ്യത്തിനുപരിയായി മതവിശ്വാസത്തെ പ്രതിഷ്ഠിക്കാൻ ഇന്ത്യക്കാർ നിർബന്ധിതരാവുകയാണ്" എന്നായിരിക്കും അദ്ദേഹം പറയുക. അതാണ് ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്ന അസഹിഷ്ണുതാ പ്രശ്നങ്ങൾ. അംബേദ്‌കർ എന്താണ് പറഞ്ഞത്? "രാഷ്ട്രീയപ്പാർട്ടികൾ രാജ്യത്തിനുപരിയായി മതവിശ്വാസത്തെ പ്രതിഷ്ഠിക്കുകയാണെങ്കിൽ സ്വാതന്ത്ര്യം രണ്ടാമതൊരിക്കൽ കൂടി അപകടത്തിലായേക്കാം, എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തേക്കാം. ഈ സംഭവ്യതയെയാണ് നാം ദൃഢചിത്തതയോട് കൂടി പ്രതിരോധിക്കേണ്ടത്. നാം നമ്മുടെ അവസാനത്തെ തുള്ളി രക്തം കൊണ്ടും നമ്മുടെ സ്വാതന്ത്ര്യത്തെ സ്ഥിരനിശ്ചയത്തോടു കൂടി പരിരക്ഷിക്കണം" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന്, ഞാൻ അസഹിഷ്ണുതയ്ക്കെതിരായി നിൽക്കുമ്പോൾ, അംബേദ്‌കർ എന്താണോ നമ്മളോടാവശ്യപ്പെട്ടത് അത് തന്നെയാണ് ഞാൻ ചെയ്യുന്നത്. അംബേദ്‌കർ പറഞ്ഞത് നടപ്പിലാകണം എന്നാഗ്രഹിക്കുന്ന ഏതൊരാളും അസഹിഷ്ണുതയെ എതിർക്കും. ഭരണപക്ഷ നേതാവ് പറഞ്ഞ അംബേദ്കറിന്റെ അതേ പ്രസംഗം തന്നെയാണിത്.

സാമൂഹ്യനീതിയുടെ പ്രശ്നത്തെപ്പറ്റി പറഞ്ഞത് നാം കേട്ടു. അംബേദ്ക്കർ പറഞ്ഞ സർവ്വപ്രധാനമായ കാര്യം പക്ഷേ വിട്ടുകളഞ്ഞു. അത് ഞാൻ ആഗസ്തിലെ പാർലമെന്റ് സെഷനിൽ പല പ്രാവശ്യം ഉദ്ധരിച്ചതാണ്. അതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

"1950 ജനുവരി 26ആം തീയതി നാം വൈരുദ്ധ്യങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വം ഉണ്ടാവും, സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളിൽ അസമത്വവും. രാഷ്ട്രീയത്തിൽ നാം അംഗീകരിക്കാൻ പോകുന്ന തത്വം "ഒരു മനുഷ്യൻ, ഒരു വോട്ട്" "ഒരു വോട്ട്, ഒരു മൂല്യം" എന്നതാണ്. നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ഘടന കാരണം, "ഒരു മനുഷ്യൻ, ഒരു മൂല്യം" എന്നത് സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളിൽ തിരസ്കരിക്കപ്പെട്ടു കൊണ്ടുമിരിക്കും. ഇത് നാം നിഷേധിക്കുന്നിടത്തോളം, നാം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അപകടപ്പെടുത്തിക്കൊണ്ടിരിക്കും. ഈ വൈരുദ്ധ്യം പ്രാരംഭത്തിൽ തന്നെ നീക്കം ചെയ്യപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ ഈ അസ്സംബ്ലി കഠിനാദ്ധ്വാനത്തിലൂടെ നിർമ്മിച്ച രാഷ്ട്രീയ ജനാധിപത്യം, അസമത്വം അനുഭവിക്കുന്നവരാൽ തകർക്കപ്പെടും".

അംബേദ്കറിന്റെ അതേ പ്രസംഗത്തിൽ പറയുന്നതാണിത്. ഇന്നത്തെ അവസ്ഥയെന്താണ്? എന്റെ രാജ്യത്തിന്റെ ജി.ഡി.പിയുടെ പകുതിയോളം സ്വത്തുള്ള നൂറോളം ശതകോടീശ്വരന്മാർ ഇവിടെയുണ്ട്. ഏറ്റവും പുതിയ സെൻസസ് പ്രകാരം, എന്റെ രാജ്യത്തെ 90 ശതമാനം കുടുംബങ്ങളുടെയും മാസവരുമാനം 10000 രൂപയിൽ താഴെയാണ്. വൈരുദ്ധ്യത്തെ നാം പരിഹരിക്കുകയാണോ അതോ കൂടുതൽ ശക്തിപ്പെടുത്തുകയാണോ ചെയ്യുന്നത്? ഈ വൈരുദ്ധ്യം എങ്ങനെ കുറയ്ക്കാം എന്ന് നാം ചർച്ച ചെയ്യുന്നുണ്ടോ? അതിന് പകരം, ഓരോ വിദേശയാത്രയിലും വിദേശ നിക്ഷേപങ്ങൾക്ക് പുതിയ ഇളവുകൾ പ്രഖ്യാപിക്കുകയാണ്. പതിനഞ്ച് മേഘലകളാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി തുറന്നു കൊടുത്തത്. നാണ്യവിളകളുടെ ആഭ്യന്തര ഉദപാദനത്തിന്മേൽ പോലും സ്വതന്ത്ര വ്യാപാര ഉടമ്പടികൾ ഉണ്ടായിരിക്കുന്നു.

കർഷകരുടെ ഇടയിൽ അസ്വസ്ഥതകൾ വർദ്ധിക്കുന്നു. കർഷകർ ആത്മഹത്യ ചെയ്യുന്നു. ഗവണ്മെന്റിന്റെ കണക്കുകൾ പ്രകാരം തന്നെ, വ്യാവസായികോത്പാദന സൂചിക ആറ് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു. ഉത്പാദനം ആറ് ശതമാനത്തിൽ നിന്നും 2.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. വ്യാവസായികോത്പാദനം ക്ഷയിക്കുന്നു. കാർഷികരംഗത്ത് ആശങ്കകൾ പെരുകുന്നു. കഴിക്കാൻ പരിപ്പെങ്കിലും ലഭിക്കാൻ വേണ്ടി, ഹരഹര മഹാദേവ എന്നതിന് പകരം അർഹര മഹാദേവ എന്നാണ് ആളുകൾ പ്രാർത്ഥിക്കുന്നത് തന്നെ. അർഹർ (തുവര) പരിപ്പിന്റെ വില കിലോയ്ക്ക് 200 രൂപ ആയിരിക്കുന്നു, ചിക്കന് വില അതിലും കുറവാണ്. എന്താണീ ഭരണഘടനാ ദിനത്തിന്റെ അർത്ഥം?

അംബേദ്‌കർ വിഭാവനം ചെയ്ത സമൂഹ്യനീതി ഇന്നെവിടെ എത്തി നില്ക്കുന്നു? പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന പീഡനങ്ങളെപ്പറ്റിയും സംവരണത്തെപ്പറ്റിയും ഞാൻ സൂചിപ്പിച്ചല്ലോ. വളരുന്ന അസമത്വത്തിന്റെ പശ്ചാത്തലത്തിൽ ജനജീവിതം അധ:പതിച്ചു കൊണ്ടിരിക്കുകയാണ്. എന്താണീ വൈരുദ്ധ്യം? നിങ്ങൾ യാഥാർത്ഥ്യം കാണുന്നില്ലേ. നാം ഡോ. അംബേദ്കറിന് ആദരാഞ്ജലി ഇങ്ങനെയാണോ അർപ്പിക്കേണ്ടത്? ആധുനിക ഇന്ത്യയിൽ സാമൂഹ്യ നീതിയെപ്പറ്റിയുള്ള ദർശനം ഈ വിധമാണോ നിറവേറ്റേണ്ടത്? രഷ്ട്രീയപാർട്ടികളെപ്പറ്റി മറന്നേക്കൂ. ഞാൻ ഏത് പാർട്ടിക്കാരനാണെന്നും നിങ്ങൾ ഏത് പാർട്ടിക്കാരനാണെന്നും മറന്നേക്കൂ. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, നാം ഈ കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുമ്പോൾ നാം നമ്മോട് തന്നെ സത്യസന്ധത പുലർത്തുന്നുണ്ടോ? നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന അംബേദ്കറിനോടും ആ തലമുറയിൽപ്പെട്ട -നെഹ്രു, ഗാന്ധി, അബുൾ കലാം ആസാദ്, സർദാർ പട്ടേൽ- മറ്റുള്ളവരോടും ഈ ഭരണഘടനയോടും നാം നീതി പുലർത്തുന്നുണ്ടോ? എന്ത് ചെയ്യാനാണ് നമ്മളോടവർ ഉദ്ബോധിപ്പിച്ചത്? നാം അത് ചെയ്യുന്നുണ്ടോ? "ഭരണഘടനയിലുള്ള വിശ്വാസം പുന:ദൃഢീക്കരിക്കുന്നു" എന്നാണ് നിങ്ങൾ പറയുന്നത്. ആ വിശ്വാസമില്ലായിരുന്നുവെങ്കിൽ നിങ്ങൾ ഇവിടെ ഇരിക്കില്ലായിരുന്നു. പിന്നെ എന്താണീ വിശ്വാസത്തിന്റെ പുന:ദൃഢീകരണം? ഫെഡറലിസത്തെപ്പറ്റി അംബേദകറെന്താണ് പറഞ്ഞിട്ടുള്ളത്? ഒരു ഫെഡറൽ ഘടനയ്ക്കുള്ളിൽ കേന്ദ്ര സംസ്ഥാന ബന്ധം എന്തായിരിക്കണം എന്നാണ് അംബേദ്‌കർ പറഞ്ഞിട്ടുള്ളത്? ഇക്കാര്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ പ്രാധാന്യമാണുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. സർ, അദ്ദേഹത്തിന്റെ അതേ പ്രസംഗം തന്നെയാണ് ഞാൻ ഉദ്ധരിക്കുന്നത്: "ഇങ്ങനെയുള്ള ഒരു ഭരണഘടനയെ കേന്ദ്രീകരണം എന്ന് വിളിക്കാൻ പ്രയാസമാണ്. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വം, ഏതെങ്കിലും കേന്ദ്രനിർമ്മിതമായ നിയമം മൂലമല്ല മറിച്ച് ഭരണഘടനയാൽതന്നെ, നിയമപരമവും ഭരണപരവുമായ അധികാരങ്ങൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്". അതാണീ ഭരണഘടനയുടെ മഹത്വം. സർ, ഫെഡറലിസത്തിന്റെ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടോ? നിങ്ങൾ ആർട്ടിക്കിൾ 356ന്റെ ദുരുപയോഗത്തെപ്പറ്റി സംസാരിച്ചു. 1950ൽ ഞങ്ങളുടെ കേരളാ ഗവണ്മെന്റായിരുന്നു അതിന്റെ ആദ്യത്തെ ഇര. 1960ൽ ഞങ്ങൾ രണ്ടാമതും ഇരയാക്കപ്പെട്ടു. 1967ലും 1969ലും ബംഗാളിൽ ഞങ്ങൾ ഇരയാക്കപ്പെട്ടു. ...(തടസ്സപ്പെടുന്നു)..

ടി കെ രംഗരാജൻ: മി. ആന്റണി ഇവിടെയുണ്ട്. അദ്ദേഹമായിരുന്നല്ലോ ഹീറോ.

സീതാറാം യെച്ചൂരി: ബഹുമാനപ്പെട്ട ആന്റണി ഇവിടെയുണ്ട്. ...(തടസ്സപ്പെടുന്നു).. സർ, എന്താണ് ഫെഡറലിസം? അത് സമത്വം മാത്രമല്ല മറിച്ച് സംസ്ഥാനങ്ങളോടുള്ള സ്വതന്ത്ര ബഹുമാനവും കൂടിയാണ്, അത് നാം നല്കുന്നുണ്ടോ? നിങ്ങൾ പിന്നെ ജുഡീഷ്യറിയെക്കുറിച്ച് സംസാരിച്ചു. അംബേദ്‌കർ ജുഡീഷ്യറിയെപ്പറ്റി പറഞ്ഞത് വളരെ വളരെ താല്പര്യജനകമാണ്. അദ്ദേഹത്തിന്റെ അതേ പ്രസംഗത്തിൽ നിന്നും: "കോടതികൾക്ക് ഭേദഗതി വരുത്താം പക്ഷേ അവയ്ക്ക് പകരംവെയ്ക്കാനാവില്ല, പുതിയ വീക്ഷണങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ പഴയ വ്യാഖ്യാനങ്ങളെ പുതിയ വാദങ്ങളെന്ന നിലയിൽ പുന:പരിശോധിക്കാവുന്നതാണ്. പ്രാന്തവൽക്കരിക്കപ്പെട്ട കേസുകളിൽ അവയ്ക്ക് വിഭജനരേഖ മാറ്റി വരയ്ക്കാവുന്നതാണ് പക്ഷേ അവയ്ക്ക് മറികടക്കാനാവാത്ത അതിരുകളുണ്ട്. മാറ്റി വിനിയോഗിക്കാനാവാത്ത നിയതമായ അധികാരമാണവയ്ക്കുള്ളത്. കോടതികൾക്ക് നിലവിലുള്ള അധികാരങ്ങളെ വിശാലമാക്കാൻ പറ്റിയേക്കാം എന്നാൽ അവയ്ക്ക് ഒരു അധികാരസ്ഥാപനത്തിന് നിർണ്ണയിച്ച് കൊടുത്തിട്ടുള്ള അധികാരാവകാശങ്ങളെ മറ്റൊരു അധികാര സ്ഥാപനത്തിന് നല്കാനാവില്ല."

xdfdfd

ജുഡീഷ്യറിയുടെയും എക്സിക്യൂട്ടിവിന്റെയും ലെജിസ്ലേച്ചറിന്റെയും വിഭജനവും അനുപൂരകത്വവുമാണ് നമ്മുടെ ഭരണഘടനയുടെ മുഖമുദ്രകൾ. ഇതാണ് ജുഡീഷ്യറിയെപ്പറ്റി പറയാനുള്ളത്. പക്ഷേ നിങ്ങൾ ഡോ. അംബേദ്കറിന് ആദരാഞ്ജലി അർപ്പിക്കുന്നു എന്നുള്ളതാണ് എന്നെ വ്യാകുലപ്പെടുത്തുന്നത്. സർ, 1946 മുതൽ 1950 വരെ ലോകത്തിന്റെ അവസ്ഥ എന്തായിരുന്നു? കൊളോണിയൽ അധിനിവേശത്തിന് കീഴിലായിരുന്നു ദശലക്ഷക്കണക്കിന് ആളുകൾ. ഇന്ത്യയുൾപ്പടെയുള്ള ഈ രാജ്യങ്ങൾ സ്വതന്ത്രമായി. പക്ഷേ മറ്റാരും നടപ്പിലാക്കാത്ത ഒരു വിപ്ലവകരമായ കാൽവെയ്പ് നാം നടപ്പിലാക്കി, സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം ആയിരുന്നു അത്. മറ്റൊരു രാജ്യവും അന്ന് ഇത് നടപ്പിലാക്കിയിരുന്നില്ല. ...(തടസ്സപ്പെടുന്നു)... യൂറോപ്പിലോ അമേരിക്കയിലോ അന്ന് ഇത് നടപ്പിലാക്കിയിരുന്നില്ല. പ്രസിഡന്റ് ഒബാമ ഇവിടെ വന്നു. നാമെല്ലാം അദ്ദേഹത്തിന്റെ സന്ദർശനത്തിൽ അവേശഭരിതരായിരുന്നു. അദ്ദേഹം ഗോൾഡൻ ബുക്കിലെഴുതിയത് ഇങ്ങനെയാണ്: "ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ഏറ്റവും പഴയ ജനാധിപത്യത്തിന്റെ ആശംസകൾ". ഇതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. അന്ന് വൈകുന്നേരം നടന്ന പ്രസിഡന്റിന്റെ വിരുന്നിൽ ഞാൻ ഇതേ പറ്റി അദ്ദേഹത്തോട് പറഞ്ഞു "സർ, നിങ്ങളുടേത് ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യമാണെന്ന നിർവ്വചനം തെറ്റാണ്". അദ്ദേഹം ചോദിച്ചു "എന്തുകൊണ്ട്?". ഞാൻ പറഞ്ഞു "സർ, സാർവത്രികമായ വോട്ടവകാശം -അമേരിക്കക്കാരും ആഫ്രിക്കൻ അമേരിക്കകാരും ഉൾപ്പടെ എല്ലാവർക്കുമുള്ള വോട്ടവകാശം- അമേരിക്കയിൽ നടപ്പിലായത് 1962ലാണ്. അതായത് താങ്കൾ ജനിച്ചതിന് ഒരു വർഷം കഴിഞ്ഞ്. ഞങ്ങൾ അത് 1950ൽ തന്നെ നടപ്പിലാക്കിയതാണ്." ദളിതനും ഭൂവുടമയ്ക്കും മുസ്ലീമിനും ഹിന്ദുവിനുമെല്ലാമുള്ള വോട്ടവകാശം 1950ൽ നടപ്പിലാക്കിയതാണ്. സർ, ഇന്നെന്താണ് സംഭവിക്കുന്നത്? ഹര്യാനയിൽ 86 ശതമാനം ആളുകൾക്ക് വിവിധ കാരണങ്ങളാൽ വോട്ട് ചെയ്യാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ കഴിയുന്നില്ല. സംസ്ഥാന സർക്കാർ പറയുന്നത്, ഈ ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്യാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ കഴിയില്ല എന്നാണ്.

രാജസ്ഥാനിൽ നിങ്ങൾ വച്ച ഉപാധികൾ കാരണം 50 ശതമാനത്തോളം ജനങ്ങൾ സാർവത്രികമായ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഗുജറാത്തിൽ നിങ്ങൾ പറയുന്നത് "വീട്ടിൽ കക്കൂസില്ല എങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്യാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ കഴിയില്ല" എന്നാണ്. ഈ മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി ഗവണ്മെന്റുകളാണ്. ബിജെപി ഗവണ്മെന്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് സാർവത്രികമായ വോട്ടവകാശം പോലും നിഷേധിക്കപ്പെടുന്നു, എന്നിട്ടാണ് നിങ്ങളിപ്പോൾ അംബേദ്കറിന് ആദരാഞ്ജലി അർപ്പിക്കുന്നത്.

രാജ്യസഭാകക്ഷി നേതാവ് ജർമ്മനിയെപ്പറ്റിയും തേഡ് റൈച്ചിനെപ്പറ്റിയും കൌതുകകരമായ പരാമർശങ്ങൾ നടത്തിയല്ലോ. സർ, തേഡ് റൈച്ചിനെപ്പറ്റിയും ജർമ്മനിയെപ്പറ്റിയും ഏകാധിപത്യത്തിന്റെ അപകടങ്ങളെപ്പറ്റിയും ഓർമ്മിപ്പിച്ചതിന് ഞാനദ്ദേഹത്തോട് നന്ദി പറയുന്നു. സർ, 1939ൽ ഭാവി ഇന്ത്യയുടെ സ്വഭാവം എന്തായിരിക്കണം എന്ന ചർച്ചകൾ നടക്കുന്ന കാലത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു, അന്നതിന് വലിയ പ്രാധാന്യം കൽപ്പിക്കപ്പെട്ടില്ല എങ്കിലും ഭാവി ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിന് പ്രാധാന്യമുണ്ടെന്ന് വന്നു. മാധവ് സദാശിവ് ഗോൾവാൾക്കർ എഴുതിയ "We, or our Nationhood Defined" എന്ന പുസ്തകമായിരുന്നു അത്. അദ്ദേഹം ആർ.എസ്.എസ് ഗുരു എന്നാണ് വിളിക്കപ്പെടുന്നത്. "നമ്മൾ ഒരു ഹിന്ദു രാഷ്ട്രമാണ്" എന്നുള്ളതാണ് ആ പുസ്തകത്തിന്റെ ആകെത്തുക. രാജ്യസഭാകക്ഷി നേതാവ് തേഡ് റൈച്ചിനെപ്പറ്റി പരാമർശിച്ചത് കൊണ്ട് ആ പുസ്തകത്തിൽ തേഡ് റൈച്ചിനെപ്പറ്റി പറഞ്ഞിരിക്കുന്നത് ഞാൻ ഉദ്ധരിക്കുകയാണ്: "വംശത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കാനായി, സെമിറ്റിക്ക് വംശക്കാരെ, ജൂതരെ, രാജ്യത്തിൽ നിന്ന് ഉന്മൂലനം ചെയ്തു കൊണ്ട് ജർമ്മനി ലോകത്തെ ഞെട്ടിച്ചു". ഇന്ത്യയുമായി ഇതിന് സാദൃശ്യമുണ്ട്, ആരാണിവിടെ ജൂതന്മാരുടെ പകരക്കാർ, എന്താണ് വംശത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധിക്ക് പകരമായുള്ളത്? ആ പുസ്തകത്തിൽ പറയുന്നത്: "വംശാഭിമാനം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ.."
...(തടസ്സപ്പെടുന്നു)..

വി പി സിംഗ് ബദ്നോർ: സർ, ഏത് പുസ്തകത്തെ പറ്റിയാണ് ഇദ്ദേഹം പറയുന്നത്? ...(തടസ്സപ്പെടുന്നു)..

ഡെപ്യൂട്ടി ചെയർമാൻ: ഏത് പുസ്തകത്തിൽ നിന്നാണ് താങ്കൾ ഉദ്ധരിക്കുന്നത്? ...(തടസ്സപ്പെടുന്നു)..

ആനന്ദ് ശർമ്മ: അദ്ദേഹം നിങ്ങളുടെ പാർട്ടി ഗ്രന്ഥങ്ങളിൽ നിന്നാണ് ഉദ്ധരിക്കുന്നത്. ...(തടസ്സപ്പെടുന്നു)..

ഡെപ്യൂട്ടി ചെയർമാൻ: പറയൂ, ഏത് പുസ്തകത്തിൽ നിന്നാണ് താങ്കൾ ഉദ്ധരിക്കുന്നത്? ...(തടസ്സപ്പെടുന്നു)..

സീതാറാം യെച്ചൂരി: സർ, എന്റെ സുഹൃത്ത് മി. വി പി സിംഗ് ബദ്നോർ ഒരു ബിജെപ്പി എംപി ആയതിനാൽ ഒരു പക്ഷേ ആർഎസ്എസുമായി അത്ര സ്വരച്ചേർച്ചയിലായിരിക്കില്ല. പുസ്തകത്തിന്റെ പേര് "We, or our Nationhood Defined" എന്നാണ്. അതിലെ 35ആം പേജിൽ നിന്നാണ് ഞാൻ വായിച്ചത്. 1939ൽ ഭാരത്‌ പ്രകാശൻ ആണ് ഇത് പ്രസിദ്ധീകരിച്ചത്, 1944ൽ അവർ തന്നെ ഇതിന്റെ രണ്ടാം എഡിഷൻ പ്രസിദ്ധീകരിച്ചു. ഇതാണതിന്റെ ആധികാരികത. ഈ പുസ്തകം പാർലമെന്റ് ലൈബ്രറിയിലുണ്ട്. ഇല്ലെങ്കിൽ ഞാൻ താങ്കൾക്ക് ഒരു കോപ്പി തരാം. ഈ പുസ്തകത്തിന്റെ 35ആം പേജിൽ ഇങ്ങനെ പറയുന്നു "വംശത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കാനായി, സെമിറ്റിക്ക് വംശക്കാരെ, ജൂതരെ, രാജ്യത്തിൽ നിന്ന് ഉന്മൂലനം ചെയ്തു കൊണ്ട് ജർമ്മനി ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ പ്രത്യക്ഷമാവുകയായിരുന്നു ഇവിടെ. വ്യത്യസ്ത വംശങ്ങളും സംസ്കാരങ്ങളും ഇടകലരുന്നത് ഏതാണ്ട് അസാധ്യമാണെന്ന് ജർമ്മനി നമുക്ക് കാണിച്ചു തന്നു. ഇത് നാം ഹിന്ദുസ്ഥാനികൾക്ക് ഒരു നല്ല പാഠമാണ്..." നാമിത് മനസ്സിലാക്കണം. ...(തടസ്സപ്പെടുന്നു)...

xdfdfd
ഭരണഘടനയിൽ ഒപ്പു വയ്ക്കുന്ന ഡോ. രാജേന്ദ്രപ്രസാദ്. കടപ്പാട്: ദി ഹിന്ദു

ഇതാണ് ബഹുമാനപ്പെട്ട രാജ്യസഭാകക്ഷി നേതാവ് നമ്മളെയോർമ്മിപ്പിച്ച തേഡ് റൈച്ച്. ഇത് തന്നെയാണ് ഹിന്ദു രാഷ്ട്രവാദത്തിന്റെ കാതൽ. നിങ്ങൾക്ക് അംബേദ്കറിന് ശ്രദ്ധാഞ്ജലി അർപ്പിക്കണമെങ്കിൽ, നിങ്ങൾ അംബേദ്ക്കറിന്റെ പ്രസംഗം തന്നെയാണോർമ്മിക്കേണ്ടത്. അതിൽ അദ്ദേഹം പറയുന്നു: "സമത്വമില്ലാതെ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകുകയില്ല. സാഹോദര്യമില്ലാതെ നിങ്ങൾക്ക് സമത്വവും സ്വാതന്ത്ര്യവുമുണ്ടാകുകയില്ല. സമത്വവും സാഹോദര്യവുമില്ലാതെ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകുകയില്ല." ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് നിങ്ങൾ ആഘോഷിക്കുന്നതെങ്കിൽ, സമത്വം, സാഹോദര്യം എന്നീ കാര്യങ്ങളിൽ നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ല. എന്നാൽ അസഹിഷ്ണുതയുടെ ഇന്നത്തെ സാഹചര്യത്തിൽ അവ തന്നെയാണ് സന്ധി ചെയ്യപ്പെടുന്നത്. സർ, ഡോ. രാജേന്ദ്രപ്രസാദിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഞാൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഭരണഘടനയുടെ ഡ്രാഫ്റ്റിൽ ഒപ്പ് വെച്ചു കൊണ്ട് പറഞ്ഞതാണീ വരികൾ. അന്നദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതി ആയിട്ടില്ല; ജനുവരി 26ന് ശേഷമാണ് അദ്ദേഹം രാഷ്ട്രപതി ആകുന്നത്. അന്നത്തെ ഗവർണർ ജനറലായിരുന്ന ഡോ. രാജഗോപാലാചാരിയെ ബ്രിട്ടീഷുകാരായിരുന്നു നിയമിച്ചത് എന്നതിനാൽ അദ്ദേഹത്തിന് ഡോ. രാജേന്ദ്രപ്രസാദിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഈ സെൻട്രൽ ഹാളിലേക്ക് ചീഫ് ജസ്റ്റിസിനെ വിളിച്ചു വരുത്തുകയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഇടക്കാല ഗവണ്മെന്റ് അധികാരത്തിൽ വരുകയും ഭരണഘടന നിലവിൽ വരുകയുമാണുണ്ടായത്. അതിർത്തി നിർണ്ണയത്തിനു ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിക്കപ്പെട്ടു. ആ തെരഞ്ഞെടുപ്പാണ് 1952ൽ നടന്നത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആകുന്നതിൽ നിന്നും സർദാർ പട്ടേൽ മാറ്റി നിർത്തപ്പെട്ടിരുന്നു എന്നാണ് നമുക്കിന്നു മനസ്സിലാകുന്നത്. ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നത് 1952ലാണ്, ദൗർഭാഗ്യവശാൽ പാവം സർദാർ 1950ൽ മരിച്ചു. ...(തടസ്സപ്പെടുന്നു)..

സർ, ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞത് ഇങ്ങനെയാണ്:

"ആത്യന്തികമായി ഭരണഘടന ഒരു യന്ത്രം പോലെ ജീവനില്ലാത്ത ഒന്നാണ്. അത് നിയന്ത്രിക്കുന്നവരിലൂടെയും പ്രയോഗത്തിൽ വരുത്തുന്നവരിലൂടെയുമാണ് അതിന് ജീവൻ കിട്ടുന്നത്. സ്വന്തം താല്പര്യത്തിനുപരി രാജ്യതാല്പര്യത്തിന് മുൻഗണന കൊടുക്കുന്ന സത്യസന്ധരായ കുറച്ച് പുരുഷന്മാരെയാണ് ഇന്ത്യക്കിന്നാവശ്യം."

എനിക്കുറപ്പുണ്ട് അംബേദ്കറും രാജേന്ദ്രപ്രസാദും 'പുരുഷന്മാർ' എന്നുദ്ദേശിച്ചതിൽ സ്ത്രീകളും ഉൾപ്പെടുമെന്ന്. അതുകൊണ്ട്, ദയവായി, കോപിക്കേണ്ട കാര്യമില്ല, സ്ത്രീകളും ഇതിലെല്ലാം ഭാഗഭാക്കായിരുന്നു എന്നുള്ള കാര്യത്തിൽ എനിക്കുറപ്പുണ്ട്. "ജീവിതത്തിന്റെ വിവിധ ഘടകങ്ങളിൽ നിന്ന് ഒരു വിഘടന പ്രവണത ഉയർന്ന് വരുന്നതായി കാണുന്നു." 1949 നവംബർ 29ന് ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞതാണിത്, "നമുക്ക് സാമുദായിക വൈജാത്യങ്ങൾ, ജാതി വൈജാത്യങ്ങൾ, ഭാഷാ വൈജാത്യങ്ങൾ, പ്രവിശ്യാ വൈജാത്യങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ട്. ഉറച്ച സ്വഭാവവും വീക്ഷണവുമുള്ള, ഏതെങ്കിലും വിഭാഗത്തിനു വേണ്ടി രാജ്യതാല്പര്യം ത്യജിക്കാത്ത, ഈ വൈജാത്യങ്ങളിൽ നിന്ന് ഉളവാകുന്ന മുൻധാരണകളെ മറികടക്കാൻ പറ്റുന്ന ആളുകളെയാണ് നമുക്കിന്നാവശ്യം. അങ്ങനെയുള്ള ധാരാളം ആളുകൾക്ക് നമ്മുടെ രാജ്യം ജന്മം കൊടുക്കും എന്ന് പ്രതീക്ഷിക്കാം". ഞാനൊരു ചോദ്യം ചോദിച്ചു കൊണ്ട് അവസാനിപ്പിക്കുകയാണ്. എന്താണിന്ന് നാം കാണുന്നത്? അങ്ങനെയുള്ള ധാരാളം ആളുകൾ ഇവിടെ സൃഷ്ടിക്കപ്പേട്ടോ? ഇല്ലെങ്കിൽ നമ്മുടെ ധാരണകൾ തിരുത്തപ്പെടാൻ സമയമായി എന്നാണ് ഞാൻ കരുതുന്നത്.

എനിക്ക് സംസാരിക്കാൻ സമയം തന്നതിന് നന്ദി.