അങ്ങാടിത്തെരുവിലെ അടിമകൾ

ഒരു സ്ത്രീ ഒരു ദിവസം എത്രയെത്ര വേഷ പ്പകര്‍ച്ചകളിലൂടെയാണ് കടന്നു പോകുന്നത്? പ്രതിഫലേച്ഛയില്ലാതെ പൊതു സമൂഹത്തിന്റെ ഇഷ്ട പ്രകാരം കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയുമൊക്കെയായി അനേകം ജോലിത്തിരക്കുകളിലൂടെയവള്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരേസമയം പാചകക്കാരിയും അലക്കുകാരിയും തൂപ്പുകാരിയും നഴ്സും,ലൈംഗീക പങ്കാളിയുമായി ജീവിക്കുന്ന മധ്യവര്‍ഗ്ഗ അടിസ്ഥാനവര്‍ഗ്ഗ സ്ത്രീകളില്‍ പലരും ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ വീടിനു പുറത്ത് അസംഘടിത മേഖലയില്‍ഇന്ന് തൊഴിലിലേര്‍പ്പെടുന്നുണ്ട്. എന്നാല്‍ അവിടെ അവരുടെ തൊഴിലുപകരണങ്ങള്‍ മറ്റു തൊഴിലുകളെ അപേക്ഷിച്ച് ആരോഗ്യവും സൗന്ദര്യവും മാത്രമാണ്.

ഇന്ന് വീട്ടമ്മമാരുടെയും വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാത്ത സാധാരണ സ്ത്രീകളുടെയും ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍ ടെക്സ്റ്റൈല്‍ രംഗമാണ്. രാത്രി എട്ടു മണിയാകുമ്പോള്‍ ഒരു കോളേജ് വിട്ടു വരും പോലെ വിവിധ യൂണിഫോം ധരിച്ച അനേകം സ്ത്രീകള്‍ നഗരത്തിലെ ബസ്സ്റ്റോപ്പുകളിലും സിറ്റി ബസ്സുകളിലും നിരത്തുകളിലും മറ്റും ഒരു ദിവസത്തെ അടിമപ്പണി കഴിഞ്ഞ് വാടി ത്തളര്‍ന്ന് വീടെത്താന്‍ ആഗ്രഹിച്ചു തിടുക്കം കൂട്ടുന്നതു കാണാം. മണിക്കൂറുകളോളം നീണ്ട നില്‍പ്പിനൊടുവില്‍ മുട്ടു വളച്ച് ഒന്നാശ്വസിക്കണമെന്നാഗ്രഹിക്കുന്നവരെ. പക്ഷേ കാത്തു നില്‍ക്കുന്നത് മണിക്കൂറുകളോളം വിട്ടുനിന്നതിന്റെ ദേഷ്യം തീര്‍ക്കാനെന്ന വണ്ണം വീടും അവിടുത്തെ ഉത്തരവാദിത്തങ്ങളുമാണ്.
ഒന്‍പതരയ്ക്കാണ് കടയിലെ ജോലി ആരംഭിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന വീട്ടുപണികളൊക്കെ പരമാവധി ഒതുക്കി ബസ്സില്‍ തള്ളിക്കേറി ഷോപ്പിന് മുന്‍പില്‍ എത്തും. ചിലപ്പോള്‍ അഞ്ചോ പത്തോ മിനിറ്റ് വൈകിയാലുംഅധികം വൈകാത്തതില്‍ തെല്ലോരാശ്വാസത്തോടെ രജിസ്റ്ററില്‍ ഒപ്പിട്ടു ജോലിക്ക് കയറും. എന്നാല്‍ മാസാവസാനം ശമ്പളം മേടിക്കാന്‍ ചെല്ലുമ്പോളാണറിയുക ‘നിങ്ങള്‍ ഇത്ര ദിവസങ്ങള്‍ താമസിച്ചാണെത്തിയിരിക്കുന്നത്. അതിനാല്‍ അന്നേ ദിവസങ്ങളിലെ പകുതി ദിവസത്തെ ശമ്പളം കുറച്ചിരിക്കുന്നു’ എന്ന്. അതായത് അഞ്ചോ പത്തോ മിനിറ്റ് താമസിച്ച് വന്നതിനു നാലു മണിക്കൂറുകളോളം കൂലിയില്ലാതെ അവര്‍ക്കു വേണ്ടി ജോലിയെടുക്കുകയായിരുന്നൂ!. എങ്കില്‍ അതു അപ്പോള്‍ പറയാമായിരുന്നില്ലേ എന്ന് ചോദിക്കാന്‍ പാടില്ല. കാരണം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് ശിക്ഷ ഇരു ചെവിയറിയാതെ, ഒരു നോട്ടീസ് പോലും കൊടുക്കാതെയുള്ള പിരിച്ചു വിടലാണ്. നോട്ടീസ് കൊടുക്കാതിരിക്കുന്നതിനുള്ള കാരണം ലളിതമാണ്, അവിടെ ജോലി ചെയ്തിരുന്നു എന്നതിലേക്കായ തെളിവിന്‌ അപ്പോയ്മെന്റ് ഓര്‍ഡറോ എഴുതപ്പെട്ട രേഖകളോ ഇല്ല. കടയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ഫ്ലോറില്‍ നിന്നും മറ്റൊന്നിലേക്ക് പോകാന്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ല, കാരണം അതു കസ്റ്റമേഴ്സിനുള്ളതാണ്. എന്നാല്‍ പിരിച്ചു വിട്ട് പുറത്തേക്ക് പോകുമ്പോള്‍ ലിഫ്റ്റിലേ പോകാവൂ. കാരണം ഒരു തൊഴിലാളി സമ്മര്‍ദ്ദം മൂലം പിരിഞ്ഞു പോയ വിവരം മറ്റു തൊഴിലാളികള്‍ അറിയാന്‍ പാടില്ല കല്യാണ്‍ സാരീസിനെതിരെ സമരപ്പന്തലിലിരിക്കുന്ന തൊഴിലാളികള്‍ പറയുന്നു, " ഞങ്ങള്‍ സമരം ചെയ്ത് തുടങ്ങിയതിനു ശേഷം അപ്പൊയിന്മെന്റ് ഓര്‍ഡറൊക്കെ കൊടുത്തു തുടങ്ങിയെന്ന് പറയപ്പെടുന്നുണ്ട്”.

ഹോ..!! കല്യാണ്‍ സാരീസിന്റെ മുന്‍പില്‍ സമരം ചെയ്യുന്നവരോട് സംസാരിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നത്‌ വിടര്‍ന്ന ചിരിയുടെ പുറകിലുള്ള അസംഘടിത തൊഴിലാളികളുടെ ദൈന്യതയും കസ്റ്റമേഴ്സ് ആയിട്ടുള്ള ഞാനടക്കമുള്ളവരുടെ അവധാനതയുമാണ്. ഒരു കോട്ടണ്‍ സാരി വാങ്ങാന്‍ വേണ്ടി ഒരായിരം സാരികള്‍ വലിച്ച് താഴെയിട്ട്, കടയിലെ തൊഴിലാളികളെ പറ്റി ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ചെയ്യാതെ ‘ഇഷ്ടപ്പെട്ടില്ല’ എന്നപേരില്‍ ഇറങ്ങി വന്നിരുന്ന എന്റെ ഷോപ്പിംഗ് ദിനങ്ങളെ ഓര്‍ത്ത് ഇന്ന് ലജ്ജ തോന്നുന്നുണ്ട്. അതിനൊക്കെ അവര്‍ വലിയ വിലകൊടുത്തിട്ടുണ്ടാകും.കാരണം ഒരു കസ്റ്റമര്‍ ഒന്നും പര്‍ച്ചേസ് ചെയ്തില്ലെങ്കിലും തെറ്റുകാരാവുന്നത് കടയിലെ തൊഴിലാളികളാണ്. അത്രയേറേ അനീതികളെ അഭിമുഖീകരിച്ചു കൊണ്ടാണവര്‍ ഓരോ ദിവസവും തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നത്. ചൂഷണത്തിന്റെ നീണ്ട മണിക്കൂറുകള്‍, തൊഴിലാളികളും മനുഷ്യരാണെന്ന പരിഗണന പോലും നല്കാതെ യന്ത്രം പോലെ അവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന അധികൃതര്‍, ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളെ നിയന്ത്രിക്കേണ്ടുന്ന, അല്ലെങ്കില്‍ അമര്‍ച്ച ചെയ്യണമെന്നു നിഷ്കര്‍ഷിക്കുന്ന ഒരു തൊഴിലിടം. അനീതികളുടെ പട്ടിക അങ്ങനെ നീണ്ടു പോകുന്നു. ഉദാഹരണത്തിന് അവിടെ അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങളില്ല. മൂത്രമൊഴിക്കാന്‍ തോന്നുമെന്നതിനാല്‍ വെള്ളം കുടിക്കാന്‍ സമ്മതിക്കില്ല.. ഒളിച്ചെങ്കിലും കുടിക്കാമെന്ന് വച്ചാല്‍ ഒരാള്‍ക്ക് ഒന്നോ രണ്ടോ പ്രാവശ്യത്തില്‍ കൂടുതലല്ലാതെ പോകാന്‍ അനുവാദമില്ല... കസ്റ്റമേഴ്സ് ഇല്ലെങ്കിലും ഇരിക്കുവാന്‍ പാടില്ല.. വെറുതേ തുണികള്‍ മടക്കി വച്ചും പൊടിതട്ടിയും നില്‍ക്കണം.. ജോലിക്കിടയില്‍ അന്യോന്യം സംസാരിക്കാനോ അറിയാതെ പോലും ഒരു മൂളിപ്പാട്ട് പാടാനോ സമ്മതിക്കില്ല.. അതൊക്കെ വലിയ ശിക്ഷക്ക് ഇടവരുത്തും.. ആര്‍ത്തവ ദിനങ്ങളേക്കുറിച്ചുള്ള ഓര്‍മ്മ പോലും ഈ സ്ത്രീ തൊഴിലാളികളെ പേടിപ്പിക്കുന്നുണ്ട്.

മുതലാളിമാര്‍ സ്ത്രീ തൊഴിലാളികളുടെ ആരോഗ്യവും സൗന്ദര്യവും ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നു. വിദ്യാഭ്യാസക്കുറവും പരിശീലനക്കുറവും ചൂണ്ടിക്കാണിച്ചു കുറഞ്ഞ ശമ്പളത്തില്‍ പണിയെടുപ്പിക്കുന്നു. സ്ത്രീ സഹജമായ ശാരീരിക പ്രശ്നങ്ങള്‍ അവരെ അലട്ടാന്‍ തുടങ്ങുമ്പോള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ അവരെ തിരസ്ക്കരിക്കുന്നു. യാതൊരു വിധ ആനുകൂല്യങ്ങളോ പിരിച്ചു വിടുന്ന ഒരു തൊഴിലാളിക്ക് നല്‍കേണ്ട മാന്യമായ പ്രതിഫലവുമൊന്നുമില്ലാതെ. ഭീകരമായ തൊഴില്‍ നിയമ ലംഘനങ്ങള്‍ നടക്കുമ്പോഴും ആരും സഹായത്തിനില്ലാതെ അവര്‍ ഒറ്റക്കാണ്.

ഡൈനിങ്ങ് റൂമെന്ന് പേരു കൊടുത്തിട്ടുള്ള ഒരു മുറിയുണ്ട്.. നിരവധി വേസ്റ്റുകള്‍ കൂട്ടിയിട്ടിരിക്കുന്ന ആഴ്ചയിലൊരിക്കല്‍ മാത്രം വൃത്തിയാക്കുന്ന മുറി അവിടെ ഭക്ഷണാവശിഷടങ്ങള്‍ വേസ്റ്റ് കൂടയില്‍ അഴുകിക്കിടക്കും. അതിനിടയിലിരുന്നാണു ഭക്ഷണം. ദിവസം അഞ്ചും ആറും തവണ തൂത്ത് തുടച്ച് മിനുക്കിയിടുന്ന ഷോറൂമിന്റെ മുകളിലത്തെ അവസ്ഥ ഇങ്ങനെയാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ഒരു ഷെഡ് കെട്ടി അവിടെ ഊണുകഴിക്കാനുള്ള ഏര്‍പ്പാടൊക്കെ ചെയ്ത് കൊടുത്തിരുന്നു. എന്നാല്‍ മഴക്കാലം ഒരു പേടിസ്വപ്നമാണ്. ആ ഷെഡിലേക്കെത്താന്‍ മഴനനയാതെ പറ്റില്ല. സമയം നഷ്ടപ്പെടാതിരിക്കാന്‍ ഓടുന്നതിനിടയില്‍ ചിലരെങ്കിലും വീണു തലയൊക്കെ പൊട്ടിയിട്ടുണ്ട്. അവരെ ആശുപത്രിയില്‍ കൊണ്ടുപോകാനോ ചികിത്സാ ചെലവു വഹിക്കാനോ അധികൃതര്‍ തയ്യാറാവാറില്ല. ആരുമറിയാതെ അവരെ ലിഫ്റ്റില്‍ കയറ്റി ഷോറൂമിനു വെളിയിലെത്തിക്കുന്നത് പരസ്പരം വേദനകള്‍ മനസിലാവുന്ന സഹപ്രവര്‍ത്തകാരാണ്. ..

സമരത്തിലുള്ള ആറു സ്ത്രീകളെ പിരിച്ചു വിടുകയല്ല, തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. അയ്യായിരമോ ആറായിരമോ രൂപക്കു വേണ്ടി അവര്‍ സ്വന്തം വീടും നാടും കുടുംബവും വിട്ട് മറ്റൊരിടത്തേക്ക് പോകുന്നതെങ്ങനെയാണ് അവരുടെ നിലനില്പിനെ സഹായിക്കുന്നത്? കൂടുതല്‍ ചൂഷണവും ദൈന്യതയുമായിരിക്കും അതിന്റെ പരിണതഫലം എന്നറിയാത്തവരല്ലല്ലോ സമൂഹം. പിന്നെയും വന്നൂ ഒത്തുതീര്‍പ്പുകള്‍ : ഇല്ലാത്ത , എന്നെങ്കിലും തുടങ്ങണമെന്ന് വിചാരിക്കുന്ന ഒരു സ്ഥാപനത്തില്‍ ക്ലറിക്കല്‍ ജോലി നല്‍കാമെന്നതാണ് അതിലൊന്ന്. ആവശ്യാനുസൃതം വൈദഗ്ദ്ധ്യം ഇല്ലാത്ത ഒരു തൊഴിലില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിനു തുല്യമാണ്. സമരത്തിലിടപെട്ട കളക്ടര്‍ അടക്കമുള്ള അധികൃതര്‍ പറഞ്ഞതും തൊഴിലാളികള്‍ അവര്‍ക്ക് ലഭിച്ച അവസരം ഉപയോഗിക്കണമായിരുന്നു എന്നാണ്. സ്ത്രീകളും തൊഴില്‍ രംഗത്ത് കൂട്ടമായി എത്താന്‍ തുടങ്ങിയതോടെ നിരവധി തൊഴില്‍ നിയമങ്ങള്‍ അന്താരാഷ്ട്ര രംഗത്തും ഇന്ത്യയില്‍ തന്നെയും സ്ത്രീകള്‍ക്കനുകൂലമായി ഉണ്ടായിട്ടുണ്ട്. തുല്യവേതനം , ചൂഷണമില്ലാതാക്കല്‍, ജൈവപരമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കല്‍, തൊഴില്‍ സമയത്തിലെ കൃത്യത, ജോലിസ്ഥലത്തെ ശാരീരിക പീഢനം അങ്ങനെ മിക്കവാറും പ്രശ്നങ്ങളെയും എല്ലാ മേഖലകളെയും കണക്കിലെടുത്തിട്ടുള്ള നിയമങ്ങള്‍ അനവധിയാണ്. തൊഴില്‍ രംഗം ഏറെ ആരോഗ്യപരവും സൌഹാര്‍ദ്ദപരവുമാകുക എന്നത് ഏതൊരു സ്ത്രീയുടെയും അവകാശവുമാണ് . ഇതൊന്നും തന്നെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ബാധകമാകുന്നില്ലെന്ന അവസ്ഥയാണ് രാജ്യത്ത്. സ്വകാര്യ തൊഴില്‍ മേഖലകളിലെ നിയമങ്ങള്‍ താരതമ്യേന ദുര്‍ബ്ബലമാണെന്നതാണ് ഇത്തരം തൊഴിലുടമകള്‍ക്ക് കൂടുതല്‍ സഹായകരമാകുന്നത്. നിയമം ലംഘിച്ച് ഒരു കടയുടമ സ്ത്രീകളെ ജോലിചെയ്യിപ്പിക്കുന്നുവെന്നറിഞ്ഞാല്‍ ഒരു ചെറിയ രൂപ ഫൈന്‍ അടച്ച് അവര്‍ക്ക് നിയമത്തെ കബളിപ്പിക്കാം. പരിശോധനക്കെത്തുമ്പോള്‍ അവര്‍ തന്നെ തിരഞ്ഞെടുക്കുന്ന തൊഴിലാളികളേ ഓഫീസര്‍മാരുടെ മുന്നിലെത്തൂ. അവര്‍ പറയുന്നത് സത്യമെന്ന് വിശ്വസിച്ച് മടങ്ങേണ്ടി വരും ലേബര്‍ ഓഫീസര്‍മാര്‍ക്ക്. തൊഴിലാളികള്‍ എന്തെങ്കിലും പരാതി ബോധിപ്പിക്കാമെന്ന്കരുതിയാല്‍ പിറ്റേന്ന് പണിയുണ്ടാകില്ല.

മുതലാളിമാര്‍ ഇത്തരം സ്ത്രീ തൊഴിലാളികളുടെ ആരോഗ്യവും സൗന്ദര്യവും ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നു. വിദ്യാഭ്യാസക്കുറവും പരിശീലനക്കുറവും ചൂണ്ടിക്കാണിച്ചു കുറഞ്ഞ ശമ്പളത്തില്‍ പണിയെടുപ്പിക്കുന്നു. സ്ത്രീ സഹജമായ ശാരീരിക പ്രശ്നങ്ങള്‍ അവരെ അലട്ടാന്‍ തുടങ്ങുമ്പോള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ അവരെ തിരസ്ക്കരിക്കുന്നു. യാതൊരു വിധ ആനുകൂല്യങ്ങളോ പിരിച്ചു വിടുന്ന ഒരു തൊഴിലാളിക്ക് നല്‍കേണ്ട മാന്യമായ പ്രതിഫലവുമൊന്നുമില്ലാതെ. ഭീകരമായ തൊഴില്‍ നിയമ ലംഘനങ്ങള്‍ നടക്കുമ്പോഴും ആരും സഹായത്തിനില്ലാതെ.. അവര്‍ ഒറ്റക്കാണ്. കാരണം അവര്‍ക്ക് ചോദിക്കാനോ പറയാനോ രാഷ്ട്രീയക്കാര്‍ കൂടെയില്ല. ലോകത്തെവിടെയെങ്കിലും കോഴിക്ക് മുല വന്നുവെന്ന് കേട്ടാല്‍ പോലും പാഞ്ഞടുക്കുന്ന മാധ്യമങ്ങളോ ചാനലുകളോ പത്രങ്ങളോ അവര്‍ക്കൊപ്പമില്ല. മാധ്യമങ്ങളുടെ ഈ മൗനം അമ്പരപ്പിക്കുന്നതാണ്. പരസ്യം കിട്ടുന്നുവെന്നതിന്റെ പേരില്‍ ഈ സമരത്തെ അവരുടെ ക്യാമറയുടെ ഫ്രെയിമിനുള്ളിലാകാതിരിക്കാന്‍ അവര്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട്.

മറ്റെവിടെയെങ്കിലും പൊയ്യ്ക്കൂടെ എന്നാണു മറ്റുപലരുടെയും ചോദ്യം. ഇതു കുടുംബത്തിലായാലും തൊഴിലിടങ്ങളിലായാലും സ്ത്രീ എപ്പോള്‍ വേണമെങ്കിലും അഭിമുഖീകരിക്കാവുന്നൊരു ചോദ്യമാണ്. അവളുടെ ഏറ്റവും ഊര്‍ജ്ജ്വസ്വലമായ കാലം മുഴുവന്‍ ചൂഷണം ചെയ്ത് കഴിവു കെട്ടവളായ് മാറിക്കഴിയുമ്പോള്‍ ഒരു പ്രതിഷേധസ്വരത്തിനു പോലും മറുചോദ്യമായ് ഈ ചോദ്യമുണ്ടാകാം.. പൊയ്ക്കൂടെ? എന്തിനു പിന്നെയും ഇവിടെ ത്തന്നെ? ഇനിയും മറ്റൊരിടത്ത് പോയി പണിയെടുക്കാന്‍ അവളില്‍ ആരോഗ്യം അവശേഷിക്കാത്ത രീതിയില്‍ അവരെ മുതലാളിമാര്‍ ഉപയോഗിച്ച് കഴിഞ്ഞു.

തൊഴിലാളികളുടെ ക്ഷേമം നിയമം മൂലം ഉറപ്പാക്കുന്ന തരത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റുണ്ട് കേരളത്തില്‍. അവരെന്ത് ചെയ്യുകയാണ്? ഒരു തൊഴില്‍ തര്‍ക്കമുണ്ടായാല്‍ ഇടപെടേണ്ട ലേബര്‍ ഓഫീസര്‍ ഇവരെ കാണാതിരിക്കുന്നതെന്ത് കൊണ്ടാണ്. അവരുടെ ഔദ്യോഗിക ചുമതലകളില്‍ ഈ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇടം നേടിയിട്ടില്ലേ?

എന്നാല്‍ ഇതൊരു കല്യാണ്‍ സാരീസിലെ മാത്രം പ്രശ്നമല്ല. ഇതിലും ഭീകരമായ ചൂഷണങ്ങള്‍ മറ്റുപലയിടങ്ങളിലുമുണ്ട്. തൊഴിലാളികളോടുള്ള ക്രൂരതയുടെ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണു: തൊഴിലാളിയുടെ ചോരതിന്നു കൊഴുക്കുന്ന അട്ടകള്‍!.. ഈ ആറു പേര്‍ അതു പുറത്തു പറയാന്‍ ധൈര്യം കാണിച്ചുവെന്നതാണു കല്യാണിനെതിരേഉയര്‍ന്നു വന്ന ഈ സമരം സൂചിപ്പിക്കുന്നത്. ഒരു പക്ഷേ വരും കാലങ്ങളില്‍ കൂടുതല്‍ പേര്‍ സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതികളായ് ഇതിലേക്കെത്തിച്ചേര്‍ന്നേക്കാം.അനവധിപേര്‍ മനസ്സുകൊണ്ടെങ്കിലും ഇതിനെ പിന്‍ തുണക്കുന്നവരാണ്.

ഇന്ത്യയില്‍ നിരവധിയനവധിയായ യൂണിയനുകളുമുണ്ട്: സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ ചുമട്ടു തൊഴിലാളികള്‍ക്കു വരെ, റ്റീച്ചേഴ്സിനു മുതല്‍ തൂപ്പുജോലിക്കാര്‍ക്ക് വരെ. ഒരു പക്ഷേ പൂര്‍ണ്ണമായ രീതിയിലൊരു തൊഴില്‍ സംഘടനയുണ്ടായാല്‍ മറ്റേതൊന്നിനേക്കാള്‍ അംഗത്വ ബാഹുല്യമുള്ള ഒന്നാകും അസംഘടിത മേഖലയിലെ തൊഴിലാളി യൂണിയന്‍.. ഒരു പക്ഷേ ആ സംഘടന രാഷ്ട്രീയക്കാരെ പേടിപ്പിക്കുന്നത്രയും വലിയ വോട്ട് ബാങ്ക് ആയേക്കാം.മൂലധനം സ്വരുക്കൂട്ടാന്‍ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ തൊഴിലാളി വര്‍ഗ്ഗത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് കഴിയുമെന്നിരിക്കെ ഈ സമരത്തോടുള്ള അവരുടെ മൌനം അപലപനീയമാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളെ മാറ്റി നിര്‍ത്തിയാണോ ഒരു ജനാധിപത്യ വിപ്ലവം സമൂഹത്തിലുണ്ടാവേണ്ടത്? മാറിയ തൊഴില്‍ സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഇടപെടലുകള്‍ ഇന്ന് അത്യന്താപേക്ഷിതമാണ്.

തൊഴിലാളികളുടെ ക്ഷേമം നിയമം മൂലം ഉറപ്പാക്കുന്ന തരത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റുണ്ട് കേരളത്തില്‍. അവരെന്ത് ചെയ്യുകയാണ്? ഒരു തൊഴില്‍ തര്‍ക്കമുണ്ടായാല്‍ ഇടപെടേണ്ട ലേബര്‍ ഓഫീസര്‍ ഇവരെ കാണാതിരിക്കുന്നതെന്ത് കൊണ്ടാണ്. അവരുടെ ഔദ്യോഗിക ചുമതലകളില്‍ ഈ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇടം നേടിയിട്ടില്ലേ?

സ്ത്രീ തൊഴിലാളികള്‍ക്കെതിരേ കല്യാണ്‍ സാരീസിന്റെ ഒപ്പം മറ്റനേകം ടെക്സ്റ്റൈല്‍ ഭീമന്മാരുടെയും നിരുത്തരവാദപരമായ നിലപാടുകള്‍ക്കെതിരേ നമ്മള്‍ സമരം ചെയ്തേ മതിയാകൂ.

ലോകചരിത്രം തന്നെ സ്ത്രീകളെ ചൂഷണം ചെയ്തതിന്റെ ചരിത്രമാണ്. ആ ഒരു കാര്യത്തില്‍ മാത്രം ലോകം സമാന മനസ്ക്കരാണ്. ഒരു ഉപരിവര്‍ഗ്ഗസ്ത്രീയും മധ്യവര്‍ഗ്ഗസ്ത്രീയും അടിസ്ഥാനവര്‍ഗ്ഗ സ്ത്രീയും അവരവരുടെ അധികാരികളാല്‍ ചൂഷണത്തിനു വിധേയരാകുന്നുണ്ട്. അതിന്റെ തോതില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടെന്ന് മാത്രം. തീര്‍ച്ചയായും ഈ വനിതാദിനം അസംഘടിതരായ അനേകം തൊഴിലാളി സ്ത്രീകളുടെ, വീട്ടുജോലിക്കാരുടെ, ഒപ്പം ഒരിടത്തും രേഖപ്പെടുത്തപ്പെടാത്ത അടുക്കളയിലെ തേഞ്ഞു തീരുന്ന വീട്ടുപകരണങ്ങളുടെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് വിളംബരം ചെയ്യുന്ന ഒന്നായിത്തീരട്ടെ എന്നാശംസിക്കുന്നു.