വനിതാദിനം: സോഷ്യലിസ്റ്റ് തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ

“Social progress can be measured by the social position of the female sex.” - Karl marx

വനിതാദിനത്തിലെ അനേകം പരസ്യങ്ങളിൽ ഒന്നിൽ വിമോചിപ്പിക്കപ്പെട്ട സ്ത്രീ സമൂഹത്തിനെയാകെ റീട്ടയിൽ മാളിലേക്ക് ആനയിക്കുകയാണ് റിലയൻസ്! മൗലികമായ ഒന്നിനെ വ്യാജപകർപ്പുകൾ കൊണ്ട് പിൻതള്ളുക എന്നത് മുതലാളിത്ത യുക്തിയുടെ പ്രവേശന കവാടങ്ങളായ ദൃശ്യമാധ്യമങ്ങൾ പൊതുബോധ നിർമ്മിതിക്കായി നിരന്തരം കൈക്കൊണ്ടു പോരുന്ന സമീപനമാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളും ഇവന്റ് മാനേജ്മെന്റ് ഏജൻസികളുമാണ് മൂലധന താൽപ്പര്യങ്ങളുടെ മധ്യസ്ഥതയിൽ മറേറത് ദിനാഘോഷത്തെ പോലെയും സാർവ്വദേശീയ വനിതാ ദിനത്തേയും കൊണ്ടാടുന്നത്. വ്യവസ്ഥാപിതമായ പുരുഷാധിപത്യ മൂല്യവ്യവസ്ഥക്ക് അകത്ത് ഒതുങ്ങുന്നതും, മധ്യവർഗ്ഗ നൊസ്റ്റാൾജിയയുടെ വ്യാജ ഭാഷ്യങ്ങൾ ചമക്കുന്നതുമായ ദൃശ്യപംക്തികൾ അടങ്ങിയ 'ഗുണപാഠ' സമ്പന്നമായ ഷോർട്ട് ഫിലിമുകളും ഹാഷ്ടാഗുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. മാതൃകാ ജിവിതത്തിന്റെ വ്യാജ ബിംബങ്ങൾ അവതരിപ്പിക്കുന്ന പരസ്യങ്ങൾ വഴി ഉപഭോക്തൃ സംസ്കാരത്തിലേക്ക് നിരന്തരം കണ്ണി ചേർക്കുവാനായി കോർപ്പറേറ്റുകൾ ശ്രമിക്കുന്ന ജീവിതത്തിൽ നിന്നും ബഹിഷ്കരിക്കപെട്ട മഹാഭൂരിപക്ഷം ജനതയുടെ ത്യാഗോജ്വലമായ ഉയർത്തെഴുന്നേൽപ്പിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രമാണ് വാസ്തവത്തിൽ സാർവ്വദേശീയ വനിത ദിനത്തിന്റെ ഉള്ളക്കം. സമരോത്സുകമായ അതിന്റെ സത്തയെ ചോർത്തിക്കളയുക എന്നത് ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വിപണിയുടെ താൽപര്യമാണ് എന്ന് തിരിച്ചറിയുക ഈ അവസരത്തിൽ പ്രധാനമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടും കൂടി മാർക്സിയൻ സാമ്പത്തിക വിശകലനങ്ങളുടെ ഭാഗമായി മുതലാളിത്ത സമ്പദ്‌വ്യവസ്ഥ രൂക്ഷമായി വിമർശിക്കപ്പെട്ടു. 1848ലെ യൂറോപ്യൻ വിപ്ലവങ്ങൾ പരാജയപെട്ടെങ്കിലും യൂറോപ്പിലും വടക്കേ അമേരിക്കയിലുമെല്ലാം സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ശക്തിപ്പെട്ടിരുന്നു. ചൂഷണ സാമൂഹ്യ വ്യവസ്ഥയെ ഇഴകീറി പരിശോധിക്കുന്ന മാർക്സ് സ്വകാര്യ സ്വത്ത് വിമോചിപ്പിക്കപെടുന്നതോടുകൂടി പുരുഷൻ സ്വകാര്യ സ്വത്തായി കരുതുന്ന സ്ത്രീയും വിമോചിപ്പിക്കപെടും എന്ന് കരുതി. ആധുനിക ബൂർഷ്വ കുടുംബവ്യവസ്ഥയിലെ അധികാര ബന്ധങ്ങൾ പുരുഷാധിപത്യപരമാണെന്നും സ്ത്രീ പ്രത്യുത്പാദനത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്നും അതിനാൽ ഈ കുടുംബ വ്യവസ്ഥ തകരണം എന്നും മാർക്സ് പറയുന്നു ( Manifesto of the Communist Party, chaper 2, Proletarians and Communists.). കുടംബത്തെ കുറിച്ചും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള പരിപാവന ബന്ധത്തെക്കുറിച്ചുമുള്ള ബൂർഷ്വ ഗീർവാണങ്ങൾ മനം മടുപ്പിക്കുന്നതാണെന്നും മാർക്സ് മാനിഫെസ്റ്റോയിൽ നിരീക്ഷിക്കുന്നു. (“The bourgeois clap-trap about the family and education, about the hallowed co relation of parents and child, becomes all the more disgusting.”) ഏക ഭാര്യാത്വത്തിലധിഷ്ഠിതമായ കുടുംബവ്യവസ്ഥ നിലവിൽ വരുന്നതോടുകൂടി സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അടിമത്തത്തിന്റെ ചരിത്രപരമായ ഉള്ളടക്കത്തെ എംഗൽസ് തന്റെ "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന കൃതിയിൽ നരവംശശാസ്ത്രത്തിന്റെ പിൻബലത്തിൽ വിശദീകരിക്കുന്നുണ്ട്. ശേഷം ജർമ്മൻ, അമേരിക്കൻ, സോവിയറ്റ് സോഷ്യലിസ്റ്റ് ചിന്തകർ എല്ലാം തന്നെ മാർക്സിസത്തിന് അകത്തെ സ്ത്രീപക്ഷ ചിന്തകളെ വികസിപ്പിക്കുന്നുണ്ട്. ഈ പ്രത്യയശാസ്ത്രപരിസരത്തു നിന്നാണ് ഇരുപതാം നൂറ്റാണ്ടിലെ തൊഴിലാളി സ്ത്രീകളുടെ വിമോചന മുന്നേറ്റങ്ങളുടെ ബൗദ്ധിക അടിത്തറ ബലപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിൽ മുതലാളിത്ത രാജ്യങ്ങളിൽ തൊഴിലാളികളായ സ്ത്രീകളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ കരുത്താർജിച്ച് വരുകയായിരുന്നു. 1909 ഫെബ്രുവരി 28ന് വടക്കേ അമേരിക്കയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ന്യൂയോർക്ക്‌ സിറ്റിയിൽ തുണിമില്ല് തൊഴിലാളികളുടെ ഒരു മാർച്ച് നടന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനും തൊഴിലിടത്തെ പരിഷ്കരണത്തിനും വേണ്ടി സംഘടിപ്പിക്കപെട്ട പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് വനിതാ തൊഴിലാളി സഖാക്കൾ പങ്കെടുത്തു. വടക്കേ അമേരിക്കൻ സോഷ്യലിസ്റ്റുകൾ പങ്കെടുത്ത ആ മുന്നേറ്റമാണ് ആദ്യത്തെ വനിതാ ദിനം. തുടർന്ന് 1910ൽ കോപ്പൻഹേഗനിൽ നടന്ന തൊഴിലാളിസ്ത്രീകളുടെ രണ്ടാം ഇന്റർനാഷണലിൽ ജർമ്മൻ മാർക്സിസ്റ്റ് ചിന്തകയും സോഷ്യലിസ്റ്റ് നേതാവുമായ ക്ലാരാ സെറ്റ്കിൻ "വർക്കിങ്ങ് വിമൻസ് ഡേ" സംഘടിപ്പിക്കപ്പെടേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ വിശദീകരിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ചു. "സോഷ്യലിസ്റ്റ് വിപ്ലവത്തിനായി സ്ത്രീകൾക്ക് വോട്ടവകാശം" എന്ന മുദ്രാവാക്യം ഉയർത്തി. വരുംവർഷങ്ങളിൽ വനിതാദിനം ആഘോഷിക്കാൻ ഇന്റർനാഷണലിൽ തീരുമാനമായി. വരാനിരിക്കുന്ന സാമൂഹ്യ വിപ്ലവത്തിൽ നിർണ്ണായകമായിരുന്നു ഈ തീരുമാനം.

xdfdfd
അലക്സാന്ദ്ര കോലൻതായ്

അങ്ങനെ രണ്ടാം ഇന്റർനാഷണൽ 1911 മാർച്ച് 19ന് “international working women’s day” ആഘോഷിക്കാൻ തീരുമാനിച്ചു. 1848ലെ യൂറോപ്യൻ വിപ്ലവംനടക്കുമ്പോൾ മാർച്ച് 19നായിരുന്നു പ്രഷ്യൻ രാജാവ് തൊഴിലാളി വർഗ്ഗത്തിന്റെ ശക്തിയെ തിരിച്ചറിഞ്ഞത്. ആ ചരിത്രസ്മരണയുടെ ഭാഗമായാണ് മാർച്ച് 19 എന്ന ദിവസം നിശ്ചയിക്കുന്നത്. വനിതാദിനത്തിനു മുന്നോടിയായി ജർമ്മനിയിലേയും ആസ്ട്രിയയിലേയും പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വനിതാ ദിനം മുന്നോട്ടുവക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളെ സംബന്ധിച്ച ലേഖനങ്ങൾ വന്നു. അങ്ങിനെ പതിനായിരക്കണക്കിന് തൊഴിലാളിസ്ത്രീകളുടെ പങ്കാളിത്തത്തിൽ 1911 മാർച്ച് 19ന് ജർമ്മനിയിലും ആസ്ട്രിയയിലും ഡെൻമാർക്കിലും international working women’s day കൊണ്ടാടപെട്ടു. വനിതകളുടെ ഈ മുഖ്യധാരാ രാഷ്ട്രീയ ആരോഹണം സാർവ്വദേശീയ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്നു. "This was certainly the first show of militancy by the working women" എന്ന് പിന്നീട് അലക്സാന്ദ്ര കോലൻതായ് "A Militant Celibration" എന്ന തന്റെ ലേഖനത്തിൽ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നുണ്ട്.

1913ൽ വനിതാദിനം മാർച്ച് 8 നാണ് ആഘോഷിക്കുന്നത്. ആ വർഷമാണ് റഷ്യ ആദ്യമായി വനിതാദിനം ആചരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേയും വനിതാദിനാഘോഷങ്ങളുടെ ഭാഗമായ തൊഴിലാളി മുന്നേറ്റങ്ങൾ കൂടുതൽ ആളുകളെ സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് അടുപ്പിച്ചു. 1914ൽ കൊളോണിയൽ ശക്തികൾ ലോക മഹായുദ്ധത്തിന്റെ പെരുമ്പറ മുഴക്കുമ്പോഴും യുദ്ധവിരുദ്ധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിക്കപ്പെട്ടു. റഷ്യയിൽ സാർ ഭരണകൂടത്തോടുള്ള തൊഴിലാളി വർഗ്ഗത്തിന്റെ മുഴുവൻ എതിർപ്പിന്റെയും രഷ്ട്രീയ പ്രകടമായി ആ ദിനം മാറി. 1914ൽ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു. 1915ലും 16ലും വനിതാദിനങ്ങൾ യുദ്ധത്തിനിടയിൽ വേണ്ട വിധം ശക്തിയോടെ സംഘടിപ്പിക്കപ്പെട്ടില്ല.

1917 ആവുമ്പോഴേക്കും യുദ്ധത്തിന്റെ തീവ്രത സാധാരണ ജനത അനുഭവിച്ചു തുടങ്ങിയിരുന്നു. അതിജീവനത്തിനായുള്ള സമരവുമായി 1917 മർച്ച് 8 ന് റഷ്യയിലെ സ്ത്രീകൾ "ബ്രഡും സമാധാനവും" എന്ന മുദ്രാവാക്യങ്ങളുമായി പെട്രോഗാഡിലെ തെരുവുകളിലേക്ക് ഇരമ്പിയെത്തി. ആർത്തലച്ചുവരുന്ന ജനപ്രവാഹത്തെ തടയാൻ സാർ പട്ടാളത്തിനായില്ല. 1917ലെ ആ വനിതാ ദിനമാണ് ലോക ചരിത്രത്തിന്റെ ഗതിയെ മാറ്റിയ റഷ്യൻ വിപ്ലവത്തിന് തുടക്കമിട്ടത്. “Inaugural ceremony of russian revolution” എന്ന് ട്രോട്സ്കി വിശേഷിപ്പിച്ച ഈ ദിവസമാണ് ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ആരംഭം കുറിച്ചത്.

വിപ്ലവാനന്തര സോവിയറ്റ് ഭരണകൂടം മാർച്ച് 8 ‘international working women’s day’ ആയി ഔദ്യോഗിക പ്രഖ്യാപനം നടത്തി. വിപ്ലവ ഭരണകൂടം അധികാരത്തിൽ എത്തിയ ഉടൻ സ്ത്രീകളുടെ തുല്യത ഉറപ്പു വരുത്തുന്നതിനുള്ള നിയമനിർമ്മാണങ്ങൾ നടത്തി. സോവിയറ്റ് ഭരണകൂടത്തിലെ ശക്തമായ സ്ത്രീ സാനിധ്യമായിരുന്ന അലക്സാന്ദ്ര കോലൻതായ് നടത്തിയ മൗലികമായ സംവാദങ്ങൾ പിന്നീടും സാർവ്വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അകത്തും ലോകത്തെ ഫെമിനിസ്റ്റ് മുന്നേറ്റങ്ങൾക്ക് ആകെതന്നെയും ഏറെ മുന്നോട്ടു പോകാൻ പ്രേരകമാകുന്നുണ്ട്. വോട്ടവകാശം, തൊഴിൽപരിഷ്കാരം, തുല്യവേതനം തുടങ്ങിയ പൗരാവകാശങ്ങളുടെ പരിസരത്തുനിന്നും ലൈംഗികത, ദാംമ്പത്യം തുടങ്ങി പുരുഷാധിപത്യപരമായ എല്ലാ കീഴ്വഴക്കങ്ങളേയും സ്ഫോടനാത്മകമായ വിചാരണക്ക് വിധേയമാക്കുന്നുണ്ട് കോലൻതായ്. മാർക്സിസ്റ്റ് ആശയാവലിക്ക് അകത്ത് കണ്ടെത്താൻ കഴിയുന്ന ഏറ്റവും മൂർച്ചയുള്ള ഫെമിനിസ്റ്റ് ധൈഷണികതയുടെ എക്കാലത്തേയും പേരായിരിക്കും സഖാവ് അലക്സാന്ദ്ര കോലൻതായ്. പിന്നീട് സെക്കന്റ് വേവ് ഫെമിനിസത്തിന്റെയും തേഡ് വേവ് ഫെമിനിസത്തിന്റെയും ഭാഗമെന്ന് സ്വയം അവകാശപ്പെടുന്ന റാഡിക്കൽ ഫെമിനിസ്റ്റുകൾ ഉന്നയിച്ച വിഷയങ്ങൾ ഏതാണ്ട് മുഴുവനായും കോലൻതായ് അഡ്രസ് ചെയ്തതായിരുന്നു. സൂക്ഷ്മ വിശകലത്തിൽ കൊലൻതായ് ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നതായിരുന്നു അവർക്കെല്ലാം തന്നെ കോലൻതായോടുള്ള വിമർശനത്തിന്റെ പ്രധാന കാരണമായി വർത്തിച്ചത് എന്നും കാണാൻ കഴിയും. പക്ഷെ സ്റ്റാലിനിസ്റ്റ് സമഗ്രാധിപത്യത്തിന് കീഴിൽ കൊലൻതായ് നിശബ്ദയാക്കപ്പെടുകയും അവർ ഉയർത്തിയ രാഷ്ട്രീയത്തിന് തുടർച്ചയില്ലാതെ പോയെന്നതും വാസ്തവമാണ്.

xdfdfd
ക്ലാര സെറ്റ്കിനും റോസാ ലക്സംബർഗും

റഷ്യയിലും മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും കൊണ്ടാടിയിരുന്ന വനിതാ തൊഴിലാളി ദിനം അമേരിക്കയിലെ സിവിൽ റൈറ്റ് മൂവ്മെന്റിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പരിഗണനയിൽ വരുന്നതും, 1975 സാർവ്വദേശീയ വനിതാവർഷമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്. തുടർന്ന് 1977ൽ UN മാർച്ച് 8 വനിതാ ദിനമായി പ്രഖ്യാപിക്കുന്നതോടുകൂടി അതിന് ഇന്ന് കാണുന്ന മാനം കൈവന്നു. വനിതകളുടെ അവകാശങ്ങൾക്കും സമാധാനത്തിനും ആയി ഈ ദിനാചരണം നടത്താനും ഐക്യരാഷ്ട്രസഭ നിർദ്ദേശിക്കുന്നു.

മുതലാളിത്ത ചൂഷണത്താൽ അടിച്ചമർത്തപെട്ട ഒരു ജനതയുടെ ഐതിഹാസികമായ ചെറുത്തു നിൽപ്പിന്റെ ഭാഗമായാണ് തൊഴിലാളി വനിതാദിനം എന്ന ആശയം രാഷ്ട്രീയമായി രൂപം കൊള്ളുന്നത്. ലോക ചരിത്രത്തിൽ തന്നെ ഒരു പുതുയുഗപ്പിറവിയായ റഷ്യൻ വിപ്ലവത്തിനും സ്ത്രീവിമോചന മുന്നേറ്റങ്ങൾക്കും ആശയ അടിത്തറ പാകുന്നതിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തോടെ 'കൊണ്ടാടുന്ന' വനിതാദിനം അതിന്റെ ചരിത്രപരമായ സാമൂഹ്യ ദൗത്യങ്ങളെ നിരാകരിക്കുകയും മറിച്ച് തീർത്തും വരുദ്ധമായ ഒരു മൂല്യവ്യവസ്ഥയുടെ പ്രചരണ ആയുധമായി മാറുകയും ചെയ്യുന്നതാണ് സമകാലിക കാഴ്ച. സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ പരിവർത്തനോത്സുകവും വിമോചനപരവുമായ വനിതാ ദിനത്തിന്റെ ആന്തരിക സാക്ഷ്യങ്ങളെ കമ്പോളയുക്തിയുടേയും വലതുപക്ഷ അധികാര യുക്തിയുടേയും ബിംബങ്ങളാൽ കീഴ്മേൽ മറിക്കപ്പെടുകയാണ്. മുതലാളിത്തത്തിന്റെ ചീഞ്ഞ അവസ്ഥയെന്നു ലെനിൻ വിശേഷിപ്പിച്ച ഫാസിസ്റ്റു ഭരണകൂടത്തിന്റെ കീഴിലാണ് ഇന്ത്യയിൽ ഫാസിസത്തിന്റെ ആണധികാര മൂല്യവ്യവസ്ഥയെ പല മട്ടിൽ ഉൽപ്പാദിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മതസ്ഥാപനങ്ങളുടെ പ്രത്യയശാസ്ത്ര മേൽകോയ്മ നിലനിൽക്കുന്നത്. ഒരേ സമയം രാഷ്ട്രീയമായും സാമൂഹ്യമായും ഗാർഹികമായും സ്ത്രീസമൂഹം അനുഭവിക്കുന്ന അടിച്ചമർത്തലിനെതിരെ മാനവ സമൂഹം ഒന്നിച്ച് നടത്തേണ്ട സാമൂഹ്യ വിപ്ലവത്തിന്റെ ആലോചനകൾ പങ്കുവക്കാൻ ജനാധിപത്യവാദികൾക്ക് കടമയുണ്ട്. ലോകത്തെ പുതുക്കിപ്പണിഞ്ഞ പോരാട്ടങ്ങളുടെ ഇരമ്പുന്ന ചരിത്രം പേറുന്ന വനിതാ ദിനം എല്ലാ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെയും ജനാധിപത്യത്തിന്റെ ഏറ്റുമുട്ടൽ പ്രഖ്യാപിക്കപ്പെടലാണ്. ഫാസിസ്റ്റുവിരുദ്ധ ജനാധിപത്യ സമരങ്ങളിലും, പരിസ്ഥിതിക്കു വേണ്ടിയുള്ള കോർപ്പറേറ്റ് വിരുദ്ധ ജനകീയ സമരങ്ങളിലും, കറുപ്പു തീറ്റിക്കുന്ന മതാത്മകതക്ക് എതിരേയും എന്ന് തുടങ്ങി എല്ലാ അധികാരരാഷ്ട്രീയത്തിങ്ങൾക്കുമെതിരായ വർഗ്ഗമുന്നേറ്റങ്ങളുടെ ഇടപെടൽ ശേഷി സ്ത്രീപക്ഷ രാഷ്ട്രീയത്തിനുണ്ട് എന്ന തിരിച്ചറിവ് വർത്തമാനകാല രാഷ്ട്രീയ പ്രതിരോധങ്ങളിൽ നിർണ്ണായകമാണ്. "മറവികൾക്ക് എതിരെ ഓർമ്മകളുടെ സമരമാണ് രാഷ്ട്രീയം" എന്ന മിലൻ കുന്ദേരയുടെ ‘ചിരിയുടേയും മറവിയുടേയും പുസ്തകം’ എന്ന നോവലിലെ വാചകം പ്രസക്തമായിത്തീരുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.