വിശ്വസിക്കാനുള്ള അവകാശത്തിന് എതിരെയുള്ള ആക്രമണങ്ങളെ ചെറുക്കും

2016 ജനുവരി ഒന്നാം തീയതി, 83-ആമത് ശിവഗിരി തീര്‍ഥാടനസമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍, സി.പി.ഐ. (എം) ജനറല്‍ സെക്രട്ടറി ആയ സീതാറാം യെച്ചൂരി നല്‍കിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ശിവഗിരിയില്‍ വരാന്‍ കഴിഞ്ഞത് തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണ്. എണ്‍പത്തിമൂന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന സമ്മേളനത്തില്‍ എന്റെ ചിന്തകള്‍ നിങ്ങളോട് പങ്കുവെയ്ക്കാന്‍ ക്ഷണിച്ചതില്‍ ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. തീര്‍ച്ചയായും പുതുവര്‍ഷം തുടങ്ങുവാന്‍ വളരെ പുതുമയുള്ളതും ഉചിതവുമായ മാര്‍ഗമാണ് ഇത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍.

ശ്രീനാരായണ ഗുരു പ്രചരിപ്പിച്ച, ജാതിയുടെയോ മതത്തിന്റെയോ പ്രാദേശികതയുടെയോ സാമൂഹ്യപ്രതിബന്ധങ്ങളില്ലാത്ത ‘മനുഷ്യരെല്ലാം ഒന്നാണ്’ എന്ന ദര്‍ശനം കേട്ടു വളര്‍ന്നൊരു തലമുറയില്‍ പെട്ട ആളാണ് ഞാന്‍. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന മുദ്രാവാക്യം മനുഷ്യമാഹാത്മ്യത്തെ തിരിച്ചറിയുന്ന മാനവികതയുടെ (humanism) ഉയര്‍ന്ന ആവിഷ്കാരമാണ്. എല്ലാ സാമൂഹിക വേര്‍തിരിവുകള്‍ക്കുമപ്പുറം, മനുഷ്യരെല്ലാം തുല്യരാണെന്ന ദര്‍ശനം. മനുഷ്യരെല്ലാം ഒന്നാണെന്നുള്ളതിന്റെ സാര്‍വലൗകികത, ഒരര്‍ത്ഥത്തില്‍, ഈ നാട്ടിലെ മനുഷ്യസംസ്കാരത്തിന്റെ പുരോഗതിയുടെ ഭാഗമായിട്ട് രൂപംകൊണ്ടിട്ടുള്ള തത്വശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും സൂക്ഷ്മാംശങ്ങളെ സ്വാംശീകരിക്കുന്നു. പുഴകള്‍ പല വഴികളിലൂടെ ഒഴുകി സമുദ്രത്തില്‍ ഒന്നുചേരുന്നതു പോലെ, മനുഷ്യര്‍ വിവിധ വിശ്വാസങ്ങളിലൂടെ അവസാനം പൂര്‍ണ്ണമനുഷ്യകുലത്തിന്റെ ഭാഗമാകുന്നു. മാനവികതയുടെ ഉയര്‍ന്ന ഒരു വൈവിധ്യമാണിത്.

ഇത്തരം മാനവികത കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രവുമായും ലോകദര്‍ശനവുമായും ശക്തമായി അനുരണനം ചെയ്യുന്നു. മാര്‍ക്സിസത്തെ ഭരിക്കുന്ന താല്പര്യങ്ങളിലൊന്ന് മാനവികതയാണ്. “മനുഷ്യസംബന്ധിയായ ഒന്നും തന്നെ എനിക്കന്യമല്ല” എന്ന് മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യവും അതിന്റെ പരിണതഫലമായ വിമോചനവും രൂപീകരിക്കുന്നതെന്താണ് എന്ന ലളിതമായ ചോദ്യത്തിന്റെ വ്യവഹാരമാണിത്. മനസ്സിന്റെ വിപ്ലവം എന്ന, പിന്നീട് ഫോയെര്‍ബാഹ് സംയോജിപ്പിച്ച, ഹെഗലിയന്‍ ആശയത്തെ മാര്‍ക്സ് നിരാകരിക്കുകയും മൗലികമായ പ്രാധാന്യമുള്ള ഒരു നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തു. സാമൂഹ്യ സാഹചര്യങ്ങളാണ് മനുഷ്യബോധത്തെ നിര്‍ണയിക്കുന്നത് അല്ലാതെ തിരിച്ചല്ല, എന്നതായിരുന്നു അത്. “മനുഷ്യന്റെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് അവന്റെ ബോധമല്ല, മറിച്ച് സാമൂഹികാസ്ഥിത്വമാണ് അവന്റെ ബോധത്തെ നിര്‍ണ്ണയിക്കുന്നത്.”

മാര്‍ക്സിസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനുഷ്യവിമോചനത്തിന്റെ മുന്നുപാധി എന്ന നിലയില്‍ ഭൗതികമായ നിലനില്‍പ്പിന്റെ മൂര്‍ത്തമായ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുവാനാണ്. ഇത് ഉരുത്തിരിയുന്നത് യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള മാര്‍ക്സിന്റെ പഠനത്തില്‍ നിന്നും അതിന്റെ തുടര്‍ച്ചയായി അദ്ദേഹം നടത്തിയ മുതലാളിത്തത്തിന്റെ അപഗ്രഥനത്തില്‍ നിന്നുമാണ്.

മതത്തെ മാര്‍ക്സിസം പ്രകൃത്യാ ആക്രമിക്കുന്നില്ല. ആളുകളുടെ മേല്‍ മതത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്ന സാഹചര്യങ്ങളെയാണ് മാര്‍ക്സിസം ആക്രമിക്കുന്നത്. ലോകത്തെ മാറ്റുകയാണ് വേണ്ടത്, മായലോകത്തെ സുഖസൗകര്യങ്ങള്‍ മൂര്‍ത്തമായ യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്. അതുകൊണ്ട്, ഒരോ വ്യക്തിക്കും അവന്റെ അല്ലെങ്കില്‍ അവളുടെ മതം തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്യം സംരക്ഷിക്കാന്‍ സി.പി.ഐ.(എം) മുന്നില്‍ തന്നെയുണ്ടാവും എന്ന്, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍, ഞങ്ങള്‍ ഉറപ്പ് തരുന്നു.

ഒരു മാര്‍ക്സിസ്റ്റിനെ, ഒരു കമ്മ്യൂണിസ്റ്റ് കാലാളിനെ, ഒരു നിരീശ്വരവാദിയെ ഈ തീര്‍ത്ഥാടന ഉത്സവത്തിലേക്ക് ക്ഷണിച്ചത് തീര്‍ച്ചയായും ഒരു വിചിത്രമായ വിരോധാഭാസമായി തോന്നിയേക്കാം. മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ്‌ ദര്‍ശനം എല്ലായ്പ്പോഴും വളരെയധികം വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന ഉദ്ധരണിയാണ് ഇതേക്കുറിച്ച് സാധാരണയായുള്ള പൊതുബോധം. കരുതിക്കൂട്ടിത്തന്നെ, ഈ വാചകം ഉള്‍പ്പെടുന്ന ഖണ്ഡിക പലരും പൂര്‍ണ്ണമായി ഉദ്ധരിക്കാറില്ല. “മതപരമായ വ്യഥ ഒരേസമയം തന്നെ യഥാര്‍ത്ഥ വ്യഥയുടെ പ്രകടനവും യഥാര്‍ത്ഥ വ്യഥയോടുള്ള പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ ദീര്‍ഘനിശ്വാസമാണ്, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്, ആത്മാവില്ലാത്ത സാഹചര്യങ്ങളുടെ ആത്മാവാണ്. അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്നാണ് മാര്‍ക്സ് പറഞ്ഞത്.

മനുഷ്യനെ ഒരു മായാലോകത്തെത്തിക്കുന്ന ഒന്ന് എന്ന നിലയിലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നത്. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്, മതം ആശ്വാസം നല്കുന്നു, “ഹൃദയമില്ലാത്ത ലോകത്തിന് ഹൃദയവും ആത്മാവില്ലാത്ത സാഹചര്യങ്ങള്‍ക്ക് ആത്മാവും” നല്കുന്നു. ഇതാണ് മതത്തിന്റെ ശക്തിയും അധികാരവും. കറുപ്പ് മനുഷ്യനെ മയക്കുന്നത് പോലെ, മതം മനുഷ്യനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നു, ലോകത്തില്‍ മാറ്റം കൊണ്ടു വരാനുള്ള സഹജമായ കഴിവിനെ അവനില്‍ നിന്ന് കൊള്ളയടിക്കുന്നു, അങ്ങനെ തങ്ങള്‍ക്ക് നിയന്ത്രിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത സാഹചര്യങ്ങളില്‍ അവരെ തളച്ചിടുന്നു.

മതത്തെ മാര്‍ക്സിസം പ്രകൃത്യാ ആക്രമിക്കുന്നില്ല. ആളുകളുടെ മേല്‍ മതത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്ന സാഹചര്യങ്ങളെയാണ് മാര്‍ക്സിസം ആക്രമിക്കുന്നത്. ലോകത്തെ മാറ്റുകയാണ് വേണ്ടത്, മായലോകത്തെ സുഖസൗകര്യങ്ങള്‍ മൂര്‍ത്തമായ യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്. അതുകൊണ്ട്, ഒരോ വ്യക്തിക്കും അവന്റെ അല്ലെങ്കില്‍ അവളുടെ മതം തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്യം സംരക്ഷിക്കാന്‍ സി.പി.ഐ.(എം) മുന്നില്‍ തന്നെയുണ്ടാവും എന്ന്, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍, ഞങ്ങള്‍ ഉറപ്പ് തരുന്നു. ഓരോ വ്യക്തിക്കും തന്റെ മതവിശ്വാസം തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കുവാനുമുള്ള അവകാശത്തിന് എതിരെയുള്ള ആക്രമണങ്ങളെ അവസാനശ്വാസം വരെയും ഞങ്ങള്‍ ചെറുക്കും. വ്യക്തികളുടെ വിശ്വാസസ്വാതന്ത്ര്യത്തിലിടപെടുന്ന തരത്തിലുള്ള ചിന്തകളെയും പ്രവര്‍ത്തികളെയും ഞങ്ങള്‍ അനിവാര്യമായി പ്രതിരോധിക്കും. ഇത് തന്നെയാണ് വര്‍ഗീയശക്തികള്‍ ഇന്ന് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ, വര്‍ഗീയതയെ എതിര്‍ക്കുക എന്നത് സി.പി.ഐ.(എം)ന്റെ തത്വചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും അവിഭാജ്യഭാഗമാണ്.

xdfdfd

ഗുരു നമുക്ക് പകര്‍ന്ന് തന്ന ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും കടകവിരുദ്ധമാണ് നമുക്ക് ചുറ്റും കാണുന്ന പേയിളകിയ വര്‍ഗീയ ധ്രുവീകരണത്തിന്റെ വളര്‍ച്ച. ഗുരു നമുക്ക് കൈമാറിയ തന്റെ സമ്പന്നമായ താത്വിക പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തിലെ സമൂഹിക നവോത്ഥാനം അതിന്റെ വരവറിയിച്ചത്. കേരളത്തെ സ്വാമി വിവേകാനാന്ദന്‍ ഒരിക്കല്‍ വിളിച്ചത് “ജാതിചിന്തയുടെ ഭ്രാന്താലയം” എന്നാണെന്നോര്‍ക്കണം. ഗുരു, മാനവികതയുടെ ഏകത്വം എന്ന തന്റെ ആശയത്തിലൂടെ, സമത്വത്തിന്റെയും മാനവികതയുടെയും അജയ്യമായ മൂല്യങ്ങള്‍ പ്രചരിപ്പിച്ചു. ജാതീയമായ മുന്‍വിധികള്‍ കേരളീയ സമൂഹത്തില്‍ ‘തൊട്ടുകൂടായ്മ’ പോലെയുള്ള നിന്ദ്യമായ ആചാരത്തിനുമപ്പുറത്തേക്ക് വളര്‍ന്നിരുന്നു. കേരളത്തില്‍ ‘കണ്ടുകൂടായ്മ’ നിലനിന്നിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് തങ്ങളെ കാണാതെ മാറിപ്പോകാന്‍ വേണ്ടി കഴുത്തില്‍ മണികെട്ടി നടന്നിരുന്ന ഭാഗ്യംകെട്ട മനുഷ്യര്‍, തന്റെ കുട്ടിക്കാലത്തൊരു അപൂര്‍വ്വത അല്ലായിരുന്നു എന്ന് സഖാവ് ഇ.എം.എസ്. ഞങ്ങളോട് പറയാറുണ്ടായിരുന്നു.

മറ്റു പലരോടുമൊപ്പം, ഗുരുവിലൂടെയും കൂടിയാണ് കേരളത്തിലെ സാമൂഹിക നവോത്ഥാനം പ്രഘോഷിതമായത്, അതിലൂടെയാണ് കേരളം നമ്മുടെ രാജ്യത്തിലെ ഏറ്റവും പുരോഗമനകരമായ സമൂഹമായത്. കേരളത്തിന്റെ മനുഷ്യവികസന സൂചികകള്‍ പല വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്കൊപ്പം നില്ക്കുന്ന, പലതിലും അവയെ കവച്ച് വയ്ക്കുന്ന, നിലയിലെത്തിയത് അങ്ങനെയാണ്. സാക്ഷരതയില്‍, വിദ്യാഭ്യാസത്തില്‍, ലിംഗസമത്വത്തില്‍, മറ്റ് സാമൂഹിക ഘടകങ്ങളില്‍ എല്ലാം കേരളം ഇന്ത്യയില്‍ ഒന്നാമതാണ്.

ആത്മീയതയെ ജനങ്ങളുടെ സാമൂഹികമായ ഉയര്‍ച്ചയ്ക്ക് വേണ്ടിയുള്ള ചാലകശക്തിയായി ഗുരു ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി, ഭൗതികതയുടെയും ആത്മീയതയുടെയും ഒരു അതുല്യമായ സങ്കലനം അദ്ദേഹം വികസിപ്പിക്കുകയും ശരീരത്തിന്റെയും വാക്കിന്റെയും മനസ്സിന്റെയും ആഹാരത്തിന്റെയും പ്രവര്‍ത്തിയുടെയും മേലുള്ള നിയന്ത്രണം എന്ന ബൗദ്ധ ആശയം പ്രചരിപ്പിക്കുകയും ചെയ്തു. 1888ലെ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠ, പ്രതീകാത്മക പ്രവര്‍ത്തനത്തിനുമപ്പുറത്തേക്കുയര്‍ന്ന ഒരു ചരിത്രസംഭവമാണ്.

മാര്‍ക്സിസവുമായി അനുരണനം ചെയ്യുന്ന ഗുരുവിന്റെ മറ്റൊരു തത്വമാണ് “അറിവിലൂടെ സ്വതന്ത്രരാകുക, സംഘടിച്ച് ശക്തരാകുക, വ്യവസായത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുക” എന്നത്. ഇത് മറ്റൊരു ചിന്ത നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു: ആത്മീയത മതത്തിന്റെയോ മതപ്രതിപത്തിയുടെയോ ചട്ടക്കൂടില്‍ ഒതുക്കപ്പെടേണ്ടതല്ല. തീര്‍ച്ചയായും, മതപരമായ ആത്മീയത അല്ലെങ്കില്‍ ആസ്തിക ആത്മീയത ഉണ്ട്. എന്നാല്‍ അതേപോലെ തന്നെ നാസ്തിക ആത്മീയതയുമുണ്ട്. ഇവിടെ ആത്മീയത എന്നത് കൊണ്ട് ഉല്‍കൃഷ്ടമായ മാനവികതയിലേക്കുള്ള മനുഷ്യപ്രജ്ഞയുടെ ഉയര്‍ച്ചയെന്നാണ് മനസ്സിലാക്കേണ്ടത്. മനുഷ്യപ്രജ്ഞയുടെ ഇത്തരം ഉയര്‍ച്ച ആസ്തിക ദൈവശാസ്ത്രത്തിലൂടെ മാത്രമല്ല ഭൗതിക തത്വചിന്തയിലൂടെയും സാധിക്കും. (ഇത് ഒരു അനാവശ്യമായ ആവര്‍ത്തനപ്രയോഗമാണ്, ആശയത്തിന് ഊന്നല്‍ കൊടുക്കാനാണിത് വീണ്ടും പറയുന്നത്.)

മാര്‍ക്സിസവുമായി അനുരണനം ചെയ്യുന്ന ഗുരുവിന്റെ മറ്റൊരു തത്വമാണ് “അറിവിലൂടെ സ്വതന്ത്രരാകുക, സംഘടിച്ച് ശക്തരാകുക, വ്യവസായത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുക” എന്നത്. ഇത് മറ്റൊരു ചിന്ത നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു: ആത്മീയത മതത്തിന്റെയോ മതപ്രതിപത്തിയുടെയോ ചട്ടക്കൂടില്‍ ഒതുക്കപ്പെടേണ്ടതല്ല. തീര്‍ച്ചയായും, മതപരമായ ആത്മീയത അല്ലെങ്കില്‍ ആസ്തിക ആത്മീയത ഉണ്ട്. എന്നാല്‍ അതേപോലെ തന്നെ നാസ്തിക ആത്മീയതയുമുണ്ട്. ഇവിടെ ആത്മീയത എന്നത് കൊണ്ട് ഉല്‍കൃഷ്ടമായ മാനവികതയിലേക്കുള്ള മനുഷ്യപ്രജ്ഞയുടെ ഉയര്‍ച്ചയെന്നാണ് മനസ്സിലാക്കേണ്ടത്.

ഗുരുവിന്റെ തത്വചിന്തകള്‍ കേരളത്തിനപ്പുറത്തേക്കും വ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാ ഗാന്ധി മൂന്ന് പ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 1922ല്‍ ഗുരുവിനെ കാണാന്‍ ഗുരുദേവ് രബീന്ദ്രനാഥ് ടാഗോര്‍ ഇവിടെ വന്നു. “എവിടെ മനസ്സ് നിര്‍ഭയമായിരിക്കുകയും ശിരസ്സ് ഉയര്‍ന്നിരിക്കുകയും അറിവ് സ്വതന്ത്രമായിരിക്കുകയും ഇടുങ്ങിയ ഗാര്‍ഹികഭിത്തികളാല്‍ ലോകം തുണ്ടം തുണ്ടമാക്കപ്പെടാതിരിക്കുകയും ചെയ്യുന്നുവോ” എന്ന നോബല്‍ സമ്മാനത്തിനര്‍ഹമായ, ഇന്ത്യയെ ഉണര്‍ത്തിയ, വരികളെഴുതാന്‍ ടാഗോറിനെ പ്രേരിപ്പിച്ചത് ഈ കൂടിക്കാഴ്ചയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. ഗുരു പകര്‍ന്ന് നല്കിയ പാഠങ്ങളും അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും കേവലം പ്രസക്തമായവ മാത്രമല്ല, ഇന്ന് നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ അവശ്യമായവയുമാണ്. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ നവലിബറല്‍ നയങ്ങള മൂലം ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. ഭൗതികാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍, സാമൂഹിക നവോത്ഥാനത്തിലേക്കും തന്മൂലം സാംസ്കാരിക നവോത്ഥാനത്തിലേക്കും നയിക്കുന്ന ആത്മീയ വളര്‍ച്ച അസാദ്ധ്യമാണ്. കേന്ദ്രഗവണ്മെന്റും വലിയോരളവ് വരെ കേരളാ ഗവണ്മെന്റും പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ ജനങ്ങളുടെ ഭൗതിക അധഃപതനത്തിന് ആക്കം കൂട്ടുന്നു. ഈ നയങ്ങള്‍ പ്രതിരോധിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. സിപിഐ(എം) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കാര്യം ഇതാണ്.

വളര്‍ന്ന് വരുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിനും നമ്മുടെ സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിള്ളലുണ്ടാക്കുന്ന ഹിന്ദുത്വ വോട്ട്ബാങ്ക് രാഷ്ട്രീയത്തിനും സിപിഐ(എം) എതിരാണ്. ജനവിരുദ്ധമായ സാമ്പത്തികനയങ്ങളും വര്‍ഗ്ഗീയ ധ്രുവീകരണവുമാണ് കേന്ദ്രഗവണ്മെന്റിന്റെ ഏകമാത്രമായ അജണ്ട. ഇതിന്റെ ഭാഗമായി ഗുരുദര്‍ശനങ്ങളും പൈതൃകവും തങ്ങളുടേതാണെന്ന് പോലും വര്‍ഗ്ഗീയശക്തികള്‍ അവകാശപ്പെട്ടേക്കാം.

ഇത് തീര്‍ത്തും അനുവദിക്കാനാവില്ല. ഇത്തരം ശ്രമങ്ങളെ എതിര്‍ത്തു കൊണ്ട് മാത്രമേ ഗുരു വിഭാവനം ചെയ്തതും പ്രചരിപ്പിച്ചതുമായ സാമൂഹികവും ഭൗതികവുമായ നിലനില്‍പ്പിന്റെ ഉയര്‍ന്ന തലത്തിലേക്ക് നമുക്ക് എത്തിച്ചേരാന്‍ കഴിയൂ. സമ്പന്നമായ ഇന്ത്യന്‍ ചരിത്രത്തിന് പകരം ഹിന്ദു ദൈവശാസ്ത്രം സ്ഥാപിക്കാനും വിവിധ ദര്‍ശനങ്ങളില്‍നിന്നും ഗുണകരമായവ സ്വാംശീകരിക്കുന്ന ഇന്ത്യന്‍ തത്വചിന്തയ്ക്ക് പകരം ഏകശിലാരൂപമുള്ള ഹിന്ദു ദൈവശാസ്ത്രം സ്ഥാപിക്കാനും നടക്കുന്ന ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കപ്പെടേണ്ടതുണ്ട്.

‘മനുഷ്യകുലത്തിന്റെ ഏകത്വം’ എന്ന ആശയവും ഗുരുദര്‍ശനങ്ങളും പ്രചരിപ്പിക്കാനും, അദ്ദേഹത്തിന്റെ സമ്പന്നമായ പൈതൃകം തട്ടിയെടുക്കാന്‍ ഇടുങ്ങിയ ചിന്താഗതിക്കാരായ വര്‍ഗീയശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാനുമുള്ള ശ്രീനാരായണ ഗുരു മഠത്തിന്റെ ശ്രമങ്ങള്‍ക്ക് എന്റെ എല്ലാ വിജയാശംസകളും നേരുന്നു. ഈ പാവനമായ ശ്രീനാരായണ ഗുരു മഠത്തില്‍ വന്ന് എന്റെ ചിന്തകള്‍ പങ്ക് വെയ്ക്കാന്‍ അവസരം തന്നതിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

ഒരിക്കല്‍ കൂടി പുതുവത്സരാശംസകള്‍.