പോണ്ടിച്ചേരിയിൽ സമരങ്ങൾ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്..

“നിങ്ങളിൽ എത്ര പേർ മാഗസിൻ വായിച്ചിട്ടുണ്ട്? മാഗസിൻ നിരോധിക്കണം എന്ന് പറയുന്ന എത്ര എ.ബി.വി.പി പ്രവർത്തകർ മാഗസിന്റെ മുഖചിത്രത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ട്?”

ഇന്നലെ നടന്ന സ്റ്റുഡന്റ് പ്രൊട്ടസ്റ്റിനിടയിൽ സംസാരിച്ച, മാഗസിന്റെ കവർ ഡിസൈനർ കൂടിയായ മുഹമ്മദ് സുഹ്‌റാബി ചോദിച്ചതാണിത്. സത്യത്തിൽ പോണ്ടിച്ചേരി യൂണിവേസിറ്റി സ്റ്റുഡന്റ് കൗൺസിൽ നിർമ്മിച്ച മാഗസിൻ ക്യാംപസിൽ ഔദ്യോഗികമായി വിതരണം പോലും ചെയ്തിട്ടില്ല. വിതരണം ചെയ്യപ്പെട്ടത് മാഗസിൻ കമ്മിറ്റി അംഗങ്ങൾ സൂക്ഷിച്ചിരുന്ന ചുരുക്കം ചില പേഴ്സണൽ കോപ്പികൾ മാത്രമാണ്. ടിയർ ഗ്യാസ് ഗ്രനേഡുകളിൽ പൂക്കൾ നിറച്ചു, അത് കൊണ്ട് പൂന്തോട്ടം ഉണ്ടാക്കിയ ഹിജാബ് ധരിച്ച പാലസ്തീൻ വനിതയാണ് വൈഡർസ്റ്റാന്റിന്റെ മുഖചിത്രം. വിതരണത്തിന് മുമ്പ് മാഗസിന്റെ കവറും, അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ആശയവും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. മറ്റ് മാഗസിൻ കണ്ടന്റുകളൊന്നും, ഔദ്യോഗികമായി പുറത്തു വിട്ടിരുന്നുമില്ല. എ.ബി.വി.പി സമരം തുടങ്ങിയത് മാഗസിനിലെ ഒരു വാചകം പോലും വായിച്ചിട്ടല്ലെന്നും മറിച്ച് മുഖചിത്രത്തിലെ ഹിജാബ് ധരിച്ച സ്ത്രീയെ കണ്ട് വിറളി പിടിച്ചിട്ടാണെന്നും വ്യക്തമാണ്. മാഗസിൻ മുഴുവൻ വായിച്ചിരുന്നെങ്കിൽ, അക്ഷരങ്ങളെ സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും ഒരു എ.ബി.വി.പിക്കാരനും കൈവിറയ്ക്കാതെ മാഗസിൻ കത്തിച്ചുകളയാനോ, പ്രതിഷേധ റാലിയ്ക്ക് നേരെ അക്രമം അഴിച്ചു വിടാനോ സാധിക്കുമായിരുന്നില്ല.

പോണ്ടിച്ചേരി സ്റ്റുഡന്റ് കൗൺസിൽ ആദ്യമായി പുറത്തിറക്കുന്ന മാഗസിനാണ് വൈഡർസ്റ്റാൻഡ്. രാജ്യത്തെ മിക്ക സെൻട്രൽ യൂണിവേസിറ്റികളിലും വാർഷിക മാഗസിൻ പുറത്തിറക്കുക എന്ന പതിവ് ഇല്ലാതിരിക്കെ, പോണ്ടിച്ചേരി യൂണിവേസിറ്റിയിൽ നിന്നും വരുന്ന ഈ മാഗസിന് പ്രാധാന്യങ്ങൾ ഏറെയാണ്. രാജ്യത്തെ എല്ലാ സെൻട്രൽ യൂണിവേസിറ്റികൾക്കും മാതൃകയാവേണ്ടുന്ന ഉദ്യമമാണ്, ക്യാമ്പസിലെ ഒരുപറ്റം വിദ്യാർത്ഥികൾ തന്നെ കത്തിച്ചും കീറിയും ഇല്ലാതാക്കാൻ ശ്രമിച്ചത്

എന്താണ് വൈഡർ സ്റ്റാന്റിന്റെ രാഷ്ട്രീയം? അത് ISIS പറയുന്ന ആക്രമണം അല്ല, മറിച്ചു പ്രതിരോധമാണ്. ടിയർ ഗ്യാസ് ഗ്രനേഡുകളിൽ പൂക്കൾ നിറയ്ക്കുന്ന ആയുധങ്ങളില്ലാത്ത പ്രതിരോധം. ഫാസിസത്തിന് പ്രവേശനമില്ലെന്ന് ബോർഡ് വെച്ച് ഇന്ത്യൻ ക്യാമ്പസുകൾ തീർത്ത പ്രതിരോധം. വൈഡർ സ്റ്റാൻഡ് എന്നത് ഒരു അസാധാരണ മാഗസിനല്ല. അതിന് ഒരുപാട് പരിമിതികളുണ്ട്. മാഗസിൻ കമ്മിറ്റി അംഗങ്ങൾ തന്നെ പറയും പോലെ അതൊരു പരീക്ഷണമാണ്. ക്യാമ്പസിലെ വിദ്യാർത്ഥികളുടെ ആശയങ്ങൾക്കും, അക്ഷരങ്ങൾക്കും വേദിയൊരുക്കാനുള്ള, പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നുള്ള ആദ്യ പരിശ്രമം. മാഗസിൻ പ്രവർത്തനം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ എല്ലാ വിദ്യാർത്ഥികളുടെയും രചനകൾ ക്ഷണിച്ചുകൊണ്ട് സ്റ്റുഡന്റസ് കൗൺസിൽ നോട്ടിസ് പുറപ്പെടുവിക്കുകയും, രചനകൾ അയക്കുവാനുള്ള ഈ-മെയിൽ ഐ.ഡി ക്യാംപസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു എന്നത് എ.ബി.വി.പി പ്രവർത്തകരും നിഷേധിക്കാൻ ഇടയില്ല. അതിന്റെ ഇൻബോക്സിൽ ഇന്ന് വരെ ഒരു എ.ബി.വി.പിക്കാരന്റെയും സൃഷ്ടികളോ, ആശയങ്ങളോ ഒരു വരി ഈ-മെയിൽ ആയി പോലും ലഭിച്ചിട്ടില്ലെന്ന്, മാഗസിൻ എഡിറ്റർ അഞ്ജലി ഗംഗ ആണയിടുന്നുണ്ട്. പിന്നെ എങ്ങനെയാണ് തങ്ങൾക്ക് പറയാനുള്ളത് മാഗസിൻ കമ്മിറ്റി ചെവിക്കൊണ്ടില്ല എന്ന് എ.ബി.വി.പിക്ക് പറയാൻ സാധിക്കുന്നത്? വാക്കുകളായോ, അക്ഷരങ്ങളായോ പ്രതിഷേധ സ്വരങ്ങൾ ഉയർത്താൻ കെല്പില്ലാത്തവന്റെ അമർഷവും, അസൂയയയും തന്നെയാണ് ഇവിടെയും പുസ്തകത്താളുകൾ കത്തിച്ചുകളയുന്ന, നിലവാരമില്ലാത്ത പ്രതിഷേധ രീതികളിലേക്ക് എ.ബി.വി.പി പോലുള്ള വലതു പക്ഷ സംഘടനകളെ കൊണ്ടെത്തിക്കുന്നത്.

ഫേസ്ബുക്കിലും അല്ലാതെയും ഐക്യദാർഢ്യം പ്രകടിപ്പിച്ചവരെ സംബന്ധിച്ച് പോണ്ടിച്ചേരിയിലെ പ്രശ്നങ്ങൾ ഒരുപക്ഷേ അവസാനിച്ചിരിക്കാം. മാഗസിൻ വിതരണം ചെയ്യാനുള്ള അനുവാദം അധികാരികളിൽ നിന്ന് കിട്ടിയത് തീർച്ചയായും വിജയം തന്നെയാണ്. എന്നാൽ ഇവിടെ ഞങ്ങളുടെ സമരങ്ങൾ തുടരുകയാണ്. ഒരു ദേശീയ സർവകലാശാലയിൽ സംരക്ഷണത്തോട് കൂടെ പ്രതിഷേധങ്ങളും, പ്രതികരണങ്ങളും നടത്താനുള്ള അവകാശങ്ങൾക്ക് വേണ്ടി.

ഇന്ന് വരെ, ഏത് വാചകത്തിലാണ് രാജ്യദ്രോഹമെന്നോ, ഏത് വാക്കിലാണ് ISIS ആശയമെന്നോ വസ്തുനിഷ്ഠമായി പറയാൻ എ.ബി.വി.പി തയ്യാറായിട്ടില്ല. ബുർഖ ധരിച്ച സ്ത്രീ ISIS അല്ലേ എന്നു ചോദിക്കുന്നവരോട്, HCUവിനെയും, JNUവിനേയും പറ്റി സംസാരിക്കുന്നത് രാജ്യദ്രോഹമല്ലേ എന്ന് ചോദിക്കുന്നവർക്ക് എന്ത് മറുപടിയാണ് ഞങ്ങൾ നൽകേണ്ടത്? മാഗസിൻ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സ്റ്റുഡന്റ് കൗൺസിൽ സംഘടിപ്പിച്ച വിദ്യാർത്ഥി റാലി പോലും ക്രൂരമായി ആക്രമിക്കപ്പെട്ടു. എസ്.എഫ്.ഐ പ്രവർത്തകരായ ശ്രീജിത്, ഷിംജിത് ലാൽ, സുൽഫിക്കർ എന്നിവരെ തിരഞ്ഞുപിടിച്ചാണ് അക്രമികൾ മർദിച്ചത്. പ്രതിഷേധിക്കാൻ ഉള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണിവിടെ. ക്യാംപസ് ഗേറ്റിന് ഉപരോധം തീർത്തു മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു രജിസ്ട്രാർ ഒന്ന് സ്ഥലത്തെത്താൻ. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസോ, സെക്യൂരിറ്റിയോ പ്രതിരോധത്തിന്റെ വിരലനക്കം പോലും കാണിച്ചില്ല. എന്ത് സുരക്ഷിതത്വമാണ് ഞങ്ങൾക്കിവിടെ ഉള്ളത്? രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോലും ഇപ്പോൾ സമരത്തിൽ പങ്കെടുത്തവർക്ക് ഭയമാണ്. പലരും സ്വന്തം മുറികൾ വിട്ട് ഒളിച്ചു താമസിക്കുന്നു. ഭീഷണിയുടെ ചുവയുള്ള ദൃഷ്‌ടികളും, വാക്കുകളും ദിവസവും നേരിടേണ്ടി വരുന്നു. എല്ലാവരുടെയും വീട്ടിൽ നിന്ന് നിരന്തരം ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും സ്വന്തം മക്കൾ സുരക്ഷിതരാണോ എന്ന ആവലാതി.

ഫേസ്ബുക്കിലും അല്ലാതെയും ഐക്യദാർഢ്യം പ്രകടിപ്പിച്ചവരെ സംബന്ധിച്ച് പോണ്ടിച്ചേരിയിലെ പ്രശ്നങ്ങൾ ഒരുപക്ഷേ അവസാനിച്ചിരിക്കാം. മാഗസിൻ വിതരണം ചെയ്യാനുള്ള അനുവാദം അധികാരികളിൽ നിന്ന് കിട്ടിയത് തീർച്ചയായും വിജയം തന്നെയാണ്. എന്നാൽ ഇവിടെ ഞങ്ങളുടെ സമരങ്ങൾ തുടരുകയാണ്. ഒരു ദേശീയ സർവകലാശാലയിൽ സംരക്ഷണത്തോട് കൂടെ പ്രതിഷേധങ്ങളും, പ്രതികരണങ്ങളും നടത്താനുള്ള അവകാശങ്ങൾക്ക് വേണ്ടി. ഇവിടെ അരാഷ്ട്രീയ വാദികളും, എ.ബി.വി.പി പോലെയുള്ള വലത് പക്ഷ സംഘടനകളും നടത്തുന്ന രാഷ്ട്രീയ മുരടിപ്പിന് വിരാമമിടാനുള്ള സമരം.