സ്വഛ് ഭാരത് അഭിയാനും ശുചിത്വ കേരളവും: "മോഡിയുടെ തന്ത്രവും ഐസക്കിന്റെ ‘തന്ത്രവും’(???) തമ്മിലുള്ള വ്യത്യാസം എന്താണ് ?”

കുറച്ചു നാളുകൾക്ക് മുൻപ് കേരളത്തിൽ ശുചിത്വ കേരളം പരിപാടി തുടങ്ങിയപ്പോൾ ഫേസ് ബുക്കിൽ ചർച്ചകൾക്കിടയിൽ ഉയർന്നു വന്ന ഒരു ചോദ്യം ഇതായിരുന്നു: “What is the difference between Modi’s gimmick and Isaac’s gimmick?”(മോഡിയുടെ തന്ത്രവും ഐസക്കിന്റെ ‘തന്ത്രവും’ തമ്മിലുള്ള വ്യത്യാസം എന്താണ്?). ശുചിത്വ കേരളം പരിപാടിയെ സ്വച്ഛ് ഭാരത് മിഷനുമായി താരതമ്യം ചെയ്തു കൊണ്ട് ചോദിക്കപ്പെട്ട ഈ ചോദ്യവും അതിനുള്ള ഉത്തരവും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ വളരെ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട് എന്നതിനാൽ സ്വഛ് ഭാരത് മിഷൻ, ശുചിത്വ കേരളം ഇവ എന്താണ് എന്നും, കേരളത്തിന് ഇവ നല്കുന്ന സേവനങ്ങൾ എന്താണ് എന്നും, ഇവയുടെ പ്രചാരണവുമായി ബന്ധപ്പെട്ട എന്റെ തോന്നലുകളും ഇവിടെ കുറിച്ചിടുന്നു.
സ്വഛ് ഭാരത് അഭിയാനും ശുചിത്വ കേരളവും:
2014 ഒക്ടോബർ 2, ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിലെ വാല്മീകി സദൻ പരിസരം ചൂലെടുത്ത് അടിച്ചു വാരിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത പ്രധാനപ്പെട്ട കാര്യപരിപാടിയാണ് സ്വച്ഛ് ഭാരത് മിഷൻ. ഇത് ലക്‌ഷ്യം വെക്കുന്നത് 2019 , ഒക്ടോബർ 2, ഗാന്ധിജിയുടെ 150 ആം ജന്മദിനത്തിൽ ഈ രാജ്യം പൂർണ ശുചിത്വ നിലവാരം നേടിയെടുക്കണമെന്നാണ്. ഈ കാര്യപരിപാടിയിൽ ജനങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി പ്രധാനപ്പെട്ട സിനിമ താരങ്ങളെയും, സ്പോർട്സ് താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ പേരെടുത്തു ക്ഷണിച്ചു. ഗവണ്മെന്റ് സ്ഥാപനങ്ങളെല്ലാം തന്നെ വൃത്തിയാക്കൽ പണികളിൽ സജീവമായി തുറന്നു കിടന്നു. പിറ്റേ ദിവസം മുതൽ കുറച്ചു നാളുകൾ എല്ലാ പത്രങ്ങളിലും സ്വച്ഛ് ഭാരത് അഭിയാന്റെ വിജയത്തെക്കുറിച്ചുള്ള പരാമർശങ്ങളും ചിത്രങ്ങളുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ പരിപാടിയെക്കുറിച്ചുള്ള വിമർശനങ്ങളും ധാരാളമായി ഉണ്ടായിരുന്നു.
ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സ്വച്ഛ് ഭാരത് മിഷൻ കഴിഞ്ഞ ഗവണ്മെന്റ് തുടങ്ങി വച്ച നിർമൽ ഭാരത് അഭിയാന്റെ പുനർരൂപീകരണമാണ്. ഈ പുനർരൂപീകരണത്തിൽ വന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണ്? നിർമൽ ഭാരത് അഭിയാനിൽ നിന്ന് വ്യത്യസ്തമായി സ്വഛ് ഭാരത് അഭിയാനെ രണ്ടു സബ്-മിഷനുകളായി തരം തിരിച്ചിട്ടുണ്ട്: സ്വച്ഛ് ഭാരത് അഭിയാൻ (ഗ്രാമീണ്‍ ), സ്വച്ഛ് ഭാരത് അഭിയാൻ (അർബൻ). ഇതിൽ ആദ്യത്തേതിന്റെ നിർവ്വഹണം Ministry of Drinking Water and Sanitation ന്റെ നേതൃത്വത്തിലും രണ്ടാമത്തേതിന്റെ (SBA Urban) നിർവ്വഹണം നഗരകാര്യ മന്ത്രാലയത്തിന്റെ (Ministry of Urban Development) നേതൃത്വത്തിലുമാണ് നടക്കുക. പ്രായോഗിക തലത്തിൽ വീടുകളിലെ കക്കൂസ് നിർമാണം, സമൂഹ കക്കൂസ് നിർമാണം, ഖര ദ്രവ്യ മാലിന്യ സംസ്കരണം ഇവയാണ് ഈ മിഷന്റെ ദൃഷ്ടികേന്ദ്രം. ഇതിനു വേണ്ടിയുള്ള കേന്ദ്ര സംസ്ഥാന നീക്കിവയ്പ്പ് 75:25 ശതമാനമാണ് (ജമ്മു കാശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെ. അവിടെ 90:10 ശതമാനമാണ്). കക്കൂസ് നിർമാണങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് വർദ്ധിപ്പിച്ചിട്ടുണ്ട്. പിന്നെ ഒരു പ്രധാനപ്പെട്ട മാറ്റം സ്കൂൾ കക്കൂസ് നിർമാണം വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കും (Ministry of Education), അംഗൻവാടി കക്കൂസുകൾ മാതൃ ശിശു വികസന മന്ത്രാലയത്തിലേക്കും(Ministry of Women and Child development) കൈമാറ്റം ചെയ്തതാണ്. എന്നാൽ ഈ ലേഖനത്തിന്റെ ശ്രദ്ധാ കേന്ദ്രമായ ഖര മാലിന്യ സംസ്കരണം നിർമൽ ഭാരത് അഭിയാനിൽ എങ്ങനെയായിരുന്നുവോ അത് പോലെ തന്നെ തുടരാനാണ് സ്വച്ഛ് ഭാരത് മിഷൻ മാർഗ്ഗനിർദ്ദേശരേഖകൾ ആഹ്വാനം ചെയ്യുന്നത് (Press Information Bureau, 24 Sept 2014). നിർമൽ ഭാരത് അഭിയാൻ പ്രധാനമായും ഗ്രാമ പ്രദേശങ്ങളിലെ ശുചിത്വം ആണ് കേന്ദ്രീകരിച്ചിരുന്നത്. ഇതിൽ നിന്ന് വ്യതസ്തമായി സ്വച്ഛ് ഭാരത് മിഷൻ മാർഗ്ഗ നിർദ്ദേശ രേഖകളിൽ നഗര കേന്ദ്രീകൃത ഖര മാലിന്യ സംസ്കരണത്തിന് ഊന്നൽ കൊടുക്കുകയും അവ നിലവിലുള്ള ചട്ടങ്ങൾ (Solid Waste Management Handling Rules, 2000) പ്രകാരമായിരിക്കണമെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ശുചിത്വ കേരളം ഊന്നൽ നൽകുന്നത് തദ്ദേശ വിഭവങ്ങൾ ഉപയോഗിച്ച് സമൂഹത്തിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം കാണുക എന്നതാണ്. ശുചിത്വ കേരളത്തിൽ പ്രാധാന്യം നൽകുന്നത് അവബോധത്തിനും ഉറവിട മാലിന്യ നിർമാർജ്ജനത്തിനുമാണ്. അവബോധന ശ്രമത്തിൽ കുട്ടികളിലൂടെയും മറ്റു രീതികളിലും പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കെണ്ടതിന്റെ ആവശ്യകതയെ മുന്നോട്ടു വയ്ക്കുന്നു. കൂടെ ഉറവിട മാലിന്യ നിർമാർജ്ജനത്തിനു വേണ്ട സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നു.
സ്വച്ഛ് ഭാരത് മിഷന്റെ ഉദ്ഘാടന സമയത്തും അതിനു ശേഷവും മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഊന്നൽ കൊടുത്തിരുന്നത് ഖര മാലിന്യ സംസ്കരണത്തിനാണ്. എന്നാൽ പ്രായോഗിക തലത്തിൽ ഖര മാലിന്യ സംസ്കരണത്തിന് പുതിയ ഗവണ്മെന്റിന്റെ സംഭാവന ഒന്നും തന്നെ ഇല്ല എന്ന് വേണം മനസിലാക്കാൻ. അത് മാത്രമല്ല, പുതിയ ഗവണ്മെന്റിനറെ പ്രവർത്തനങ്ങൾ പരസ്പര വിരുദ്ധവുമാണ്. ഉദാഹരണത്തിന് അന്നത്തെ പരസ്യങ്ങളിൽ പ്രധാനമായും തെളിഞ്ഞു നിന്ന ചിത്രങ്ങൾ എല്ലാവരും ചൂലെടുത്ത് അടിച്ചു കൂട്ടുന്ന ഖര മാലിന്യമാണ്. ശുചിത്വവുമായി ബന്ധപ്പെട്ടു ജനങ്ങളിൽ അവബോധം ഉയർത്താൻ നടത്തിയ അത്തരം പരസ്യങ്ങൾ ഖര മാലിന്യ സംസ്കരണ നിയമത്തിലെ Schedule II ലെ രണ്ടാമത്തെ നിർദ്ദേശത്തെ, അതായത് മുനിസിപ്പൽ മാലിന്യത്തിന്റെ വേർതിരിക്കൽ (Segregation of municipal Solid waste) പാടെ തള്ളിക്കളയുന്നു. വളരെ വ്യതസ്ഥമായ രാസസംയോഗം ഉള്ള വസ്തുക്കളാണ് മിക്കവാറും മുനിസിപ്പൽ മാലിന്യത്തിൽ ഉണ്ടാവുക. അവ വേർതിരിക്കാതെ ശേഖരിച്ചു കഴിഞ്ഞാൽ ഇന്നത്തെ സാഹചര്യത്തിൽ കുഴിച്ചു മൂടാനോ കത്തിക്കാനോ മാത്രമേ കഴിയൂ!. അതായതു കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രക്രിയക്ക് ഊന്നൽ ലഭിക്കും. കേരളം പോലൊരു സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യ സംസ്കരണം പരാചയപ്പെട്ടതാണ്. മറ്റൊരു കാര്യം ഇതാണ്: ഗവണ്മെന്റ് ധനസഹായം നൽകുന്നതിനാൽ ഇന്ത്യയിലെവിടെയും ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ത് തരം മാലിന്യ സംസ്കരണ പ്രക്രിയ നടത്തിയാലും അത് സ്വഛ് ഭാരത് അഭിയാന്റെ കീഴിൽ വരും. അതായതു ഡൽഹിയിലെ rag pickers ന്റെ കഞ്ഞി കുടി മുട്ടിക്കുന്ന incinerator (കത്തിക്കൽ) പോലെയുള്ള കേന്ദ്രീകൃത മാലിന്യ സംസ്കരണവും, കേരളത്തിൽ ഇന്ന് ഊന്നൽ നല്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണവും പഞ്ചായത്തടിസ്ഥാനത്തിൽ നടത്തിയാൽ സ്വഛ് ഭാരത് അഭിയാന്റെ ഭാഗമാണ്. ഇവ കേരളത്തിന് നല്കുന്ന സേവനങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തിൽ സംസാരിക്കാം. അതിനു മുൻപ് ശുചിത്വ കേരളം എന്താണ് എന്ന് നോക്കാം.
‘ശുചിത്വ കേരളം’ പരിപാടിയും ഒരു പിന്തുടർച്ചയാണ്: 2006 ലെ മാലിന്യ മുക്ത കേരളം എന്ന പരിപാടിയുടെയും ആലപ്പുഴ മുനിസിപാലിറ്റിയിൽ നടന്ന ‘നിർമല ഭവനം നിർമല നഗരം’ എന്ന പരിപാടിയുടെയും പിന്തുടർച്ച. മറ്റെല്ലാ മുനിസിപാലിറ്റികളും പോലെ 2012 വരെ ആലപ്പുഴ മുനിസിപാലിറ്റിയിലും നഗരത്തിലെ മാലിന്യം ശേഖരിച്ചു കേന്ദ്രീകൃത സംസ്കരണത്തിന് വേണ്ടി നഗര പ്രാന്ത പ്രദേശമായ സർവോദയപുരത്തേക്കു അയക്കുമായിരുന്നു. കേന്ദ്രീകൃത കമ്പോസ്റ്റ് പ്ലാന്റിൽ വളരെ കുറഞ്ഞ അളവിലുള്ള മാലിന്യം മാത്രമാണ് കമ്പോസ്റ്റ് ആക്കാൻ കഴിയുമായിരുന്നുള്ളൂ. കുന്നു കൂടിയ മാലിന്യം മൂലം ജനജീവിതം ദുസ്സഹമാവുകയും ജനങ്ങൾ മുനിസിപാലിറ്റി ക്കെതിരെ സമരത്തിലെർപ്പെടുകയും ചെയ്തപ്പോൾ MLA സഖാവ് തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച “വികേന്ദ്രീകൃത” മാലിന്യ സംസ്കരണ പരിപാടിയാണ് നിർമല ഭവനം നിർമല നഗരം. ഇത് ലക്ഷ്യം വയ്ക്കുന്നത് ഉറവിടത്തിൽ തന്നെ കഴിയാവുന്നത്ര മാലിന്യം വേർതിരിച്ചു നിർമാർജനം ചെയ്തു മാലിന്യത്തിന്റെ അളവിൽ കുറവ് വരുത്തുക എന്നതാണ്. അങ്ങനെ വന്നാൽ നഗര പ്രാന്ത പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂട്ടുക വഴി ജനങ്ങൾ ബുദ്ധിമുട്ടേണ്ടി വരില്ല. ഉറവിടത്തിൽ മാലിന്യ സംസ്കരണത്തിന് വേണ്ടി കഴിയാവുന്നത്ര വീടുകളിൽ പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകളോ , ബയോ ഗ്യാസ് പ്ലാന്റുകളോ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അല്ലാത്ത സ്ഥലങ്ങളിൽ റോഡ് സൈഡ് കമ്പൊസ്റ്റിങ്ങ് ക്ലസ്റ്റെർ സ്ഥാപിച്ച് വീടുകളിൽ നിന്നുള്ള മാലിന്യം തരം തിരിച്ച് ശേഖരിച്ച് ജൈവപരമായി തകർക്കപ്പെടാവുന്ന വസ്തുക്കൾ കമ്പോസ്റ്റ് ചെയ്യുന്നു. സമൂഹത്തിന്റെ ഇടപെടൽ ഇത്തരത്തിൽ ഒരു സംരംഭത്തിന് പല രീതിയിൽ പ്രധാനപ്പെട്ടതാണ്. അത് കൊണ്ട് തന്നെ ബോധവൽകരണത്തിനു കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ബോധവൽക്കരണം ആവശ്യമായി വരുന്നത് പ്രധാനമായും ഉറവിടത്തിൽ തന്നെ മാലിന്യം തരം തിരിക്കാനും, ബയോ ഗ്യാസ് പ്ലാന്റുകളിൽ ശരിയായ രീതിയിൽ മാലിന്യം നിക്ഷേപിക്കാനുമുള്ള അറിവിലെക്കാണ്. ഇതിനായി കൂട്ടായ പല പ്രവർത്തനങ്ങൾ ചെയ്തിരുന്നു. ആലപ്പുഴയെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിച്ച ഈ പദ്ധതിയെ ത്രിതല പഞ്ചായത് പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന ഒരു സെമിനാറിലാണ് CPIM ന്റെ നേതൃത്വത്തിൽ ശുചിത്വ കേരളം എന്ന പേരിൽ കേരളത്തിലുടനീളം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ചുരുക്കി പറഞ്ഞാൽ കേരളത്തിൽ പരാജയപ്പെട്ട കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് പകരം പ്രായോഗിക തലത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃക കാണിക്കുകയാണ് ശുചിത്വ കേരളത്തിലൂടെ CPI(M) ചെയ്യുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ പരിപാടിയെ എങ്ങനെയാണ് സ്വച്ഛ് ഭാരത് അഭിയാനുമായി താരതമ്യം ചെയ്തു “തന്ത്രം” എന്ന് പരാമർശിക്കുന്നതെന്ന് മനസിലായില്ല. കാരണം ശുചിത്വ കേരളം മുന്നോട്ടു വയ്ക്കുന്ന ആശയം പ്രാവർത്തിക തലത്തിൽ നടത്തി തെളിയിച്ചിട്ടുള്ളതാണ്.
സ്വച്ഛ് ഭാരത് അഭിയാൻ , ശുചിത്വ കേരളം: ഇവയുടെ അനന്തര ഫലം കേരളത്തിൽ
ഇന്നത്തെ സാഹചര്യത്തിൽ സ്വച്ഛ് ഭാരത് അഭിയാനും ശുചിത്വ കേരളവും കേരളത്തിൽ പ്രയോഗത്തിൽ വരുത്തിയാൽ എന്ത് സംഭവിക്കുമെന്നു നോക്കാം. 2019 ആവുമ്പോഴേക്കും ഇന്ത്യ സമ്പൂർണ ശുചിത്വം കൈവരിക്കണമെന്നത് ആണ് സ്വഛ് ഭാരത് അഭിയാന്റെ ലക്‌ഷ്യം. ലക്‌ഷ്യം നല്ലത് തന്നെ എന്നാൽ ഇന്ന് നിലവിലുള്ള പ്രവൃത്തികൾ കൊണ്ട് അത് സാധ്യമാകുമോ? മുകളിൽ പറഞ്ഞത് പോലെ സ്വഛ് ഭാരത് അഭിയാൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് കക്കൂസ് നിർമാണത്തിലാണ്. കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ന് കക്കൂസ് നിർമാണത്തിലും അത് വഴിയുള്ള ശുചിത്വത്തിലും മുന്നിട്ടു തന്നെയാണ് നില്ക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ശുചിത്വ മിഷൻ ആണ് ഇത്തരം ഉദ്യമങ്ങളുടെ പ്രായോഗികതയുമായി ബന്ധപ്പെട്ടുള്ള സഹായം നല്കുന്നത്. വ്യക്തമായ ദിശാബോധത്തോടെ പ്രവർത്തനങ്ങളെ സഹായിക്കാൻ ഇന്ന് പല policy നിർദ്ദേശ രേഖകളിലും പരാമർശിക്കുന്ന ഒരു കാര്യമാണ് വ്യതസ്ത വകുപ്പുകളോ അവയുടെ പ്രവർത്തനങ്ങളോ തമ്മിലുള്ള ഏകത്ര കേന്ദ്രീകരണം (convergence) എന്ന് പറയുന്നത്. അതായതു കേരളത്തിലെ ശുചിത്വ മിഷൻ ശുചിത്വവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രവർത്തനങ്ങളുടെ ഒരു തരത്തിലുള്ള കേന്ദ്രീകൃത സംരംഭമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പ്രവർത്തനങ്ങളും, സ്കൂൾ, അംഗൻവാടി, സമൂഹ കക്കൂസ് നിര്മാണം, ഖര-ദ്രവ്യ മാലിന്യ സംസ്കരണം ഇവയൊക്കെ ശുചിത്വ മിഷന്റെ പരിധിയിൽ വരും. എന്നാൽ സ്വച്ഛ് ഭാരത് മിഷന്റെ വരവോടു കൂടി ശുചിത്വ മിഷന്റെ ഏകത്ര കേന്ദ്രീകൃത പ്രവർത്തനം തടസപ്പെടും. കാരണം അംഗൻവാടി കക്കൂസിന്റെ ,ചുമതല ഇന്ന് മാതൃ-ശിശു വികസന മന്ത്രാലയത്തിനും, സ്കൂൾ കക്കൂസ് നിർമാണത്തിന്റെ ചുമതല വിദ്യാഭ്യാസ മന്ത്രലയത്തിനുമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മാതൃ-ശിശു വികസന മന്ത്രാലയത്തിന്റെയും പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു ശുചിത്വം അല്ലാത്തത് കൊണ്ട് തന്നെ ഇത്തരം ഒരു മാറ്റം എത്രത്തോളം പ്രയോജനപ്രദമാകുമെന്നു കണ്ടറിയണം. അതുമായി ബന്ധപ്പെട്ട വീഴ്ചകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
കേരളത്തിൽ പരാജയപ്പെട്ട കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് പകരം പ്രായോഗിക തലത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃക കാണിക്കുകയാണ് ശുചിത്വ കേരളത്തിലൂടെ CPI(M) ചെയ്യുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ പരിപാടിയെ എങ്ങനെയാണ് സ്വച്ഛ് ഭാരത് അഭിയാനുമായി താരതമ്യം ചെയ്തു “തന്ത്രം” എന്ന് പരാമർശിക്കുന്നതെന്ന് മനസിലായില്ല. കാരണം ശുചിത്വ കേരളം മുന്നോട്ടു വയ്ക്കുന്ന ആശയം പ്രാവർത്തിക തലത്തിൽ നടത്തി തെളിയിച്ചിട്ടുള്ളതാണ്.
ഇനി മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിലാണെങ്കിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുടെ ഒരു വേലിയേറ്റം തന്നെ കാണാൻ കഴിയും. ഒന്ന് അവബോധത്തിനെന്നു പറഞ്ഞു നടത്തപ്പെടുന്ന പരസ്യങ്ങൾ ജനങ്ങൾക്ക് പ്രയോജനകരമായ ഒന്നും തന്നെ നല്കുന്നില്ല, ഉദാഹരണത്തിന് ഒരനുഭവം പറയാം. കഴിഞ്ഞ ക്രിസ്തുമസ് അവധിക്കു ബാംഗ്ലൂർ രാജധാനിയിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയുടെ രണ്ടാം ദിവസം രാവിലെ റെയിൽവേ ജോലിക്കാരൻ എല്ലാവർക്കും പ്ലാസ്റ്റിക് ഗ്ലാസിൽ പാക്കേജ് ചെയ്ത നിംബു പാനി നൽകി. കുടിച്ചു കഴിഞ്ഞ് ഗ്ലാസ്സുകൾ മിക്ക ആൾക്കാരും ഇരിപ്പിടത്തിന്റെ അടിയിൽ വെച്ചു. കുറച്ചു കഴിഞ്ഞിട്ടും അതെടുത്തു കൊണ്ട് പോകാൻ ജീവനക്കാരൻ വരാതിരുന്നപ്പോൾ അസഹിഷ്ണു ആയ ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റു ‘സ്വഛ് ഭാരത് അഭിയാൻ’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അദ്ദേഹമിരിക്കുന്ന ക്യാബിനിലെ ഗ്ലാസ്സുകളൊക്കെ വാരി ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി മാലിന്യ കൂടയിൽ കൊണ്ട് പോയി ഇട്ടു.. എന്നാൽ കുറച്ച് മണിക്കൂറുകൾ കഴിഞ്ഞ് അദ്ദേഹവും കുടുംബവും കുറെ ചിപ്സും മറ്റുമൊക്കെ കളിചിരികൾക്കിടയിൽ കഴിച്ച് അവസാനം ആ കവറുകളൊക്കെ ചുരുട്ടി സീറ്റിന്റെ അടിയിലേക്ക് ഒറ്റ ഏറ്! എങ്ങനെയാണ് ശുചിത്വം എന്ന ആശയം മനുഷ്യ മനസുകളിൽ കുറച്ചു നേരം മാത്രം തങ്ങി നിൽക്കുകയും പിന്നീട് മറവിയിലേക്ക് ഊളിയിടുകയും ചെയ്യുന്നതെന്ന ചോദ്യത്തിന്റെ ഉത്തരം ചെന്നെത്തുന്നത് സ്വച്ഛ് ഭാരത് മിഷന്റെ പരസ്യങ്ങളിലെക്കാണ്. രാജധാനി പോലെയുള്ള ട്രെയിനുകളിൽ ഇന്ന് പേപ്പർ കപ്പുകളിലും മറ്റും സ്വച്ഛ് ഭാരത് മിഷന്റെ ലോഗോയും മെസ്സേജും ഉണ്ട്. അവ ഉത്പാദിപ്പിച്ചു വിതരണംചെയ്യുന്നതോ BJP യോട് അനുതാപമുള്ള NITI Central, India Vaish Foundation, Sankalp Foundation എന്നീ സംഘടനകളും. എന്നാൽ ഇവയിലൊന്നും തന്നെ വ്യക്തമായി മാലിന്യം എന്താണ് ചെയ്യേണ്ടതെന്നോ അതിന്റെ ആവശ്യകത എന്ത് എന്നോ ഉള്ള ആശയം ഇല്ല പകരം സ്വച്ഛ് ഭരത് എന്ന വ്യക്തതയില്ലാത്ത, എന്നാൽ BJP ക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സാധിക്കുന്ന തരത്തിലുള്ള ചിഹ്നരൂപപ്രകാശനം (symbolism) മാത്രമേ കാണാൻ കഴിയൂ. പ്രസിദ്ധരായ വ്യക്തികൾ ചെയ്ത പ്രചാരണത്തിലും മുഴുവൻ മാലിന്യവും അടിച്ചു കൂട്ടി കവറിൽ ആക്കുന്നതിനാണ് ശ്രദ്ധ നല്കിയത്. അങ്ങനെ ഒരു മെസ്സേജ് ‘മാലിന്യം കത്തിക്കുകയല്ലാതെ വേറെ വഴിയില്ല’ എന്ന കോർപ്പറേറ്റ് ലോജിക്കിന് ചൂട്ടു പിടിക്കുകയും അത് വഴി ഇന്നത്തെ പരിതസ്ഥിതിയിൽ ഇന്ത്യയിലേക്ക് മാലിന്യ സംസ്കരണ കോർപ്പറേറ്റുകളുടെ ആഗമനത്തെ ത്വരിതപ്പെടുത്താൻ സഹായിക്കുകയും മാത്രമാണ് ചെയ്യുക. അതായത് കേരളത്തിലും ഭരണത്തിലിരിക്കുന്നവർക്ക് കേന്ദ്രീകൃത സംസ്കരണമാണ് അഭികാമ്യം എന്ന് തോന്നിയാൽ ലാഭം കൊയ്യാനുള്ള വ്യഗ്രതയിൽ മാലിന്യ സംസ്കരണ കമ്പനികൾക്ക് നിഷ്കരുണം വിളയാടാം. അങ്ങനെ വന്നാൽ ലാലൂരുകളും, ഞെളിയന്പറമ്പുകളും കേരളത്തിൽ ഇനിയും ഉണ്ടാവും!.
നേരെ മറിച്ചു ശുചിത്വ കേരളം ഊന്നൽ നൽകുന്നത് തദ്ദേശ വിഭവങ്ങൾ ഉപയോഗിച്ച് സമൂഹത്തിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം കാണുക എന്നതാണ്. ശുചിത്വ കേരളത്തിൽ പ്രാധാന്യം നൽകുന്നത് അവബോധത്തിനും ഉറവിട മാലിന്യ നിർമാർജ്ജനത്തിനുമാണ്. അവബോധന ശ്രമത്തിൽ കുട്ടികളിലൂടെയും മറ്റു രീതികളിലും പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കെണ്ടതിന്റെ ആവശ്യകതയെ മുന്നോട്ടു വയ്ക്കുന്നു. കൂടെ ഉറവിട മാലിന്യ നിർമാർജ്ജനത്തിനു വേണ്ട സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നു. ആയതിനാൽ ത്രിതല പഞ്ചയാത്തടിസ്ഥാനത്തിൽ ഇത് ഘട്ടം ഘട്ടമായി നിർവ്വഹിച്ചാൽ കേരളത്തിന് ഭാരിച്ച സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടാം. സമൂഹത്തിൽ മാലിന്യം മൂലം ദുരിതമനുഭവിക്കാൻ സാമ്പത്തിക ദ്രിഷ്ട്യ പാവങ്ങളായ ഒരു കൂട്ടം ജനങ്ങൾ ഉണ്ടാവില്ല എന്നും, പടരുന്ന സാംക്രമിക രോഗങ്ങൾക്ക് ഒരു ശമനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
ഈ ലേഖനത്തിന്റെ തലക്കെട്ടിലെ ചോദ്യം ഇന്നത്തെ പരിതസ്ഥിതിയിൽ പ്രസക്തമാവുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് നിലവിലുള്ള ഗവണ്മെണ്ടിന്റെ അമിതമായ കോർപ്പറേറ്റ് ആശ്രിത ചിഹ്നരൂപപ്രകാശനം, രണ്ട് , നോക്കുകുത്തികളാവുന്ന ജനാധിപത്യ മൂല്യങ്ങൾ. ഇവ രണ്ടും ഇഴ ചേർന്നതാണ്. മാധ്യമങ്ങൾ ലാഭേച്ഛയിൽ നിലവിലുള്ള ഗവണ്മെന്റിന്റെ നയതന്ത്ര പ്രവർത്തനങ്ങളുടെ കാര്യഗൌരവമായ വിശകലനം നടത്താതിരിക്കുകയും, എന്നാൽ അമിതമായ ചിഹ്നരൂപ പ്രകാശനം വഴി ജനങ്ങളുടെ ഇടയിൽ ആശയ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുക വഴി ജനാധിപത്യ മൂല്യങ്ങളുടെ അസ്ഥിവാരം തന്നെ തകർക്കപ്പെടുകയാണ് ചെയ്യുന്നത്. രാജ്യത്തെ നയതന്ത്ര പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യത്തക്ക വണ്ണം ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പങ്ങൾ, നിലവിലുള്ള എല്ലാ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളും 'തന്ത്ര' മാണ് എന്ന ചിന്തയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കുന്നു!
ചിന്തിക്കാൻ കഴിയുന്ന ജനത എല്ലാക്കാലത്തും വർഗ്ഗീയ വിഷം തുപ്പുന്നവർക്കു പേടിസ്വപ്നമാണ്. അത് കൊണ്ട് തന്നെ ആദ്യം ജനങ്ങളുടെ ചിന്തിക്കാനുള്ള കഴിവാണ് ഉന്നം വയ്ക്കുക . BJP ഇന്നിത് ചെയ്യുന്നത് രണ്ടു രീതിയിലാണ്. ഒന്ന് ചിഹ്നരൂപ പ്രകാശനം വഴി വിപണിയെ കൈയടക്കുക; രണ്ട് ജനങ്ങളിൽ വർഗ്ഗീയ വിഷം കുത്തി നിറച്ച് കഴിവുള്ള എഴുത്തുകാരെ നിശബ്ദരാക്കുക. ഈ കുറിപ്പിന്റെ തലക്കെട്ടിലുള്ളത് പോലെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ പലപ്പോഴും BJP ലക്‌ഷ്യം വെച്ചതെന്തോ അത് നേടിയെടുക്കുകയാണ് ചെയ്യുന്നത്. കാരണം BJP നിർമ്മിക്കുന്ന ആശയക്കുഴപ്പങ്ങൾക്കടിപ്പെട്ട് അതെ അളവുകോലിൽ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും വിലയിരുത്തപ്പെടുന്നു. കൃത്യമായ വിവരങ്ങൾ നല്കാതെ ജനങ്ങളുടെ മനോവികാരങ്ങളിൽ (emotions) സാമൂഹിക പ്രശ്നങ്ങളെ കൂട്ടി ഇണക്കി വികസനം ആണെന്ന് പറഞ്ഞു പരത്തി ഹിന്ദു രാഷ്ട്രത്തിലേക്ക് മുന്നേറുന്ന ഭരണകൂടത്തിനും, ലാഭക്കൊതി മൂത്ത മാധ്യമങ്ങൾക്കും ആത്യന്തികമായി ഇത് ലാഭമായി ഭവിക്കുന്നു. വിപണിതന്ത്രങ്ങളിലൂടെ ഒരു രാജ്യത്തെ 32 ശതമാനം ജനങ്ങളെ വിഡ്ഢികളാക്കാൻ BJP യ്ക്ക് പറ്റി. അതിന് ശേഷം സംസ്ഥാനങ്ങളിലേക്ക് ബി ജെ പി യും ആർ എസ് എസ്സും തങ്ങളുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കുകയാണ്. അത് കൊണ്ട് തന്നെ സാമൂഹ്യ സാംസ്കാരിക നേതാക്കളടക്കം പലരും മയങ്ങി വീഴുന്ന ഇത്തരം ഒരവസരത്തിൽ നരേന്ദ്ര മോഡിയുടെയും, അമിത് ഷായുടെയും തേരോട്ടം കേരളത്തിന്റെ വാതിൽക്കൽ അവസാനിപ്പിക്കണമെങ്കിൽ വസ്തുനിഷ്ടമായി ചിന്തിക്കാനുള്ള അവസരങ്ങൾ പാഴാക്കി കളഞ്ഞാൽ കഴിഞ്ഞെന്നു വരില്ല!
*Author is grateful to the fellow Facebook user who raised this question.