"നമുക്ക് സന്യാസം നല്‍കിയത് ഇംഗ്ലീഷുകാരാണ്"

പഴയ നിയമത്തിലെ ഉല്‍പ്പത്തി പുസ്തകം ആരംഭിക്കുന്നു,

"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു, ഭൂമി പാഴായും, ശൂന്യമായും ഇരുന്നു …”

തുടര്‍ന്നു മൂന്നാം ദിവസം, ആകാശത്തിന് കീഴുള്ള വെള്ളം ഒരു സ്ഥലത്ത് കൂടട്ടെയെന്നു ദൈവം കല്പിച്ചപ്പോള്‍ ഉണങ്ങിയ കരയും സമുദ്രവും രൂപം കൊണ്ടു.

സമാനമായ ഒരു കല്പനയാണ് കേരളോല്‍പ്പത്തിക്കും നിദാനം. പരശുരാമന്റെ കല്പന മഴുവിന്റെ മൂര്‍ച്ചയുള്ളതായിരുന്നു. കടല്‍ ഉള്‍വലിഞ്ഞ് കര രൂപം കൊണ്ടു!

ആറാം ദിവസം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സമുദ്രത്തിലും ആകാശത്തിലും ഭൂമിയിലുമുള്ള സര്‍വതിനു മേലും വാഴാന്‍ ദൈവം കല്‍പ്പിച്ചു. അതുപോലെ താന്‍ വീണ്ടെടുത്ത കരയുടെ സര്‍വാധികാരവും പരശുരാമന്‍ കേരള ബ്രാഹ്മണരായ നമ്പൂതിരിമാര്‍ക്കായി കല്പിച്ചു നല്‍കി. അങ്ങിനെ ആദിയില്‍ കേരളത്തിന്റെ ഭൂമി രണ്ടായി തിരിക്കപെട്ടു, ബ്രഹ്മസ്വവും ദേവസ്വവും, അതായതു ആദിയില്‍ ജന്മികളായ നമ്പൂരിമാര്‍ക്കും നമ്പൂതിരിമാര്‍ കൈകാര്യം ചെയ്യുന്ന ദേവസ്വങ്ങള്‍ക്കുമല്ലാതെ ഭൂമി ഉണ്ടായിരുന്നില്ല.

ദൈവ നിശ്ചയം എന്ന സര്‍ടിഫിക്കറ്റിന്റെ പിന്‍ബലമുണ്ടെങ്കില്‍ മറിച്ചൊരു വാദത്തിനു ഇടമുണ്ടാവുകയില്ലെന്ന ബോധ്യമായിരുന്നു കേരളോല്‍പ്പത്തി ഐതിഹ്യത്തിനു പിന്നിലെ ബ്രാഹ്മണബുദ്ധിയെന്നു മനസിലാക്കാമല്ലേ? തുടച്ചുനീക്കപ്പെട്ടതും, ഇന്നും തുടരുന്നതുമായ എല്ലാ അനാചാരങ്ങൾക്കും പ്രമാണമായി ഉദ്ധരിക്കപ്പെടുന്ന ശ്രുതിയും, സ്മൃതിയും, ഇതിഹാസവും, പുരാണവുമൊക്കെ ചെയ്യുന്ന ധർമം, ബ്രാഹ്മണ്യത്തെ ദൈവകല്പിത സ്ഥാനത്ത് സംരക്ഷിച്ചു നിർത്തുക എന്നതാണെന്ന് കാണാം.

“പശുക്കളെയും ബ്രാഹ്മണരെയും രക്ഷിച്ചുകൊള്ളാമെന്ന്” പ്രതിജ്ഞ ചെയ്ത് കിരീടം ധരിച്ചിരുന്ന രാജാക്കന്മാരുടെ ധർമം ബ്രാഹ്മണസേവയാകുന്നതിൽ അല്‍ഭുതമില്ല. രാമരാജ്യത്തെ ധർമവും മറ്റൊന്നായിരുന്നില്ലെന്ന് നമുക്കറിയാം.

ഈശ്വരേച്ഛയുടെ, അഥവാ ഈശ്വരകോപത്തിന്റെ താക്കീതുകളുടെ പൊയ്ക്കാലുകളിൽ കെട്ടിപ്പൊക്കിയിരുന്ന അയിത്ത പേക്കോലങ്ങളെ തകർത്താണ് കേരളനവോത്ഥാനം സാധിതമാക്കിയത്.

കേരളനവോത്ഥാന പ്രസ്ഥാനം രൂപം കൊണ്ടത് പിന്നാക്ക സമുദായങ്ങളെ കേന്ദ്രീകരിച്ചു മാത്രമായിരുന്നില്ല. കേരളമാകെ ഉയിർകൊണ്ട സമൂഹമനസാക്ഷിയാണ് ആ മുന്നേറ്റത്തെ വിജയത്തിലെത്തിച്ചത്. അത്തരുണത്തിൽ, നമ്പൂതിരി സമുദായത്തിന്റെ നവോത്ഥാനത്തിനായി വി.റ്റി. ഭട്ടതിരിപ്പാടും കൂട്ടരും ചെയ്ത പരിശ്രമങ്ങളെ വേറിട്ടുകാണാൻ കഴിയുകയില്ല.

ഇവയുടെ പഠനത്തിൽ നാം കൗതുകകരമായ ഒരു യാഥാർത്ഥ്യം മനസിലാക്കും. പിന്നോക്കസമുദായ മുന്നേറ്റ പ്രസ്ഥാനങ്ങൾക്കും, നമ്പൂതിരി യുവജനസംഘത്തിനും എതിരിടേണ്ടി വന്നത്. ഒരേ ശക്തികളെ തന്നെയായിരുന്നു - മതാധികാരവും, രാഷ്ട്രീയാധികാരവും കൈപ്പിടിയിലൊതുക്കിയിരുന്ന ബ്രാഹ്മണപ്രമാണിമാരെ, ഈഴവനും പുലയനും മറ്റും മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനായി പൊരുതിയ അയ്യങ്കാളിയും ഡോ. പൽപ്പുവും റ്റി.കെ. മാധവനും സഹോദരൻ അയ്യപ്പനും മറ്റും എതിരിടേണ്ടി വന്ന അതേ ബ്രാഹ്മണ്യം തന്നെയാണ് 'നമ്പൂതിരിയെ മനുഷ്യനാക്കാൻ ശ്രമിച്ച വി.റ്റി. ഭട്ടതിരിപ്പാടിനും എം.ആർ.ബിയ്ക്കും പ്രേംജിയ്കും മറ്റും എതിർ നിന്നത്. അവരെ സമുദായ ഭ്രഷ്ടരാക്കിയത്, അപഹസിച്ചത്.

വി.റ്റി. ഭട്ടതിരിപ്പാടിന്റെ തറവാടായ താഴത്തില്ലത്ത് 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഉൾപ്പെട്ട യാഥാസ്ഥിതികരുടെ എതിർപ്പുകളെപ്പറ്റി അദ്ദേഹം പറയുന്നതിങ്ങനെയാണ്:

"ജന്മിത്വത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും പൃഷ്ഠം ചൊറിഞ്ഞ് പുലർന്നു പോരുന്ന നാട്ടുകാര്യസ്ഥന്മാരും അവസരവാദികളും പിന്തിരിപ്പൻ ചേരിയുടെ പിന്നിൽ അണിനിരന്നു."

ജ്യേഷ്ഠൻ അരിപത്തായം ഉൾപ്പടെ പൂട്ടി, താക്കോൽകൂട്ടവുമായി ഇല്ലമുപേക്ഷിച്ചു പോയി. അടിയാന്മാരേയും കുടിയാന്മാരേയും വി.റ്റിയ്ക്ക് എന്തെങ്കിലും സഹായം ചെയ്യുന്നതിൽ നിന്ന് വിലക്കി.

പിന്നീട് വി.റ്റിയുടെ വസതിയായ 'രസികസദന'ത്തിൽ വെച്ച് നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹവും ആദ്യ മിശ്രവിവാഹവും നടത്തി വി.റ്റി. ഭട്ടതിരിപ്പാട് ഭ്രാന്തിളക്കി രസിച്ചത് ഇതേ ബ്രാഹ്മണ്യത്തെയായിരുന്നു.

പൗരോഹിത്യത്തിനും ബ്രാഹ്മണ്യത്തിനുമെതിരേയുള്ള നിശ്ശബ്ദവിപ്ലവമായിരുന്നു നാരായണ ഗുരുസ്വാമിയുടെ പ്രവർത്തനങ്ങൾ. താൻ എതിരിടുന്ന ശക്തികളെപ്പറ്റി സംശയലേശമില്ലാത്ത വ്യക്തത അദ്ദേഹത്തിനുണ്ടായിരുന്നെന്ന് താഴെക്കൊടുത്തിരിക്കുന്ന സംഭാഷണം വ്യക്തമാക്കുന്നു.

ഒന്നാം ലോക മഹായുദ്ധകാലത്ത് ഒരിക്കല്‍ സ്വാമി ശിഷ്യന്മാരോട് പറഞ്ഞു

"ഇംഗ്ലീഷ്കാര്‍ ജയിക്കാന്‍ നാമൊക്കെ പ്രാര്‍ഥിക്കണം, നമുക്കൊക്കെ സന്യാസം നല്‍കിയ ഗുരുവാണ് അവര്‍”

“സന്യാസം നല്‍കുകയെന്ന് വച്ചാല്‍ മന്ത്രോപദേശം ചെയ്തു കാഷായവസ്ത്രം നല്‍കുകയാണല്ലോ? തൃപ്പാദങ്ങള്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ല“ ഒരു ശിഷ്യന്‍ സംശയമുന്നയിച്ചു.

സ്വാമി വിശദീകരിച്ചു, "ശ്രീരാമന്റെ കാലത്ത് കൂടി ശൂദ്രാദികള്‍ക്ക് സന്യാസിപ്പാന്‍ പാടില്ലന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്‌മൃതി നോക്കി ഭരിക്കുന്നവരല്ലേ? ഇപ്പോള്‍ ഇഷ്ടം പോലെ സന്യസിപ്പാന്‍ അനുവദിച്ചിരിക്കുന്നത് ഇംഗ്ലീഷ്കാരണല്ലോ അപ്പോള്‍ ഗുരു വായല്ലോ… "

ഇംഗ്ലീഷ്കാരുടെ ഭരണവും തിരുവിതാംകൂറില്‍ ബ്രിട്ടീഷ് റെസിഡന്റിന്റെ സാന്നിധ്യവും ഇല്ലായിരുന്നുവെങ്കില്‍ സന്യസിക്കാന്‍ ബ്രാഹ്മണമേധാവികള്‍ തന്നെ അനുവദിക്കുകയില്ലായിരുന്നെന്ന വിശ്വാസമാണല്ലോ ആ സംഭാഷണത്തിന്റെ സാരാംശം.

ബ്രാഹ്മണ്യത്തോട് കാട്ടിയിരുന്ന മ്ലേച്ചമായ ദാസ്യതയാണ് ഈഴവരുടേയും, മറ്റു പിന്നോക്ക ജനസമൂഹത്തിന്റെയും മുന്നേറ്റത്തിനുള്ള പ്രധാന കടമ്പയെന്നു അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ ബ്രാഹ്മണമേധാവിത്വത്തെ നിഷേധിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങളും പ്രവര്‍ത്തികളും.

1888 ല്‍ അദ്ദേഹം നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠ തന്നെ അത് തെളിയിക്കുന്നു. വിഗ്രഹ പ്രതിഷ്ഠ നടത്താനുള്ള അധികാരം ഈശ്വര കല്‍പ്പിതമായി ബ്രാഹ്മണര്‍ക്ക് മാത്രമാണെന്ന ബ്രാഹ്മണ്യത്തിന്റെ അഹന്തയെയാണ് അദ്ദേഹം തകര്‍ത്തത്.

അതോടൊപ്പം അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ അന്തര്‍ലീനമായിരിക്കുന്ന ആശയവിപ്ലവം വ്യക്തമാണ്. ഞങ്ങളെ അകറ്റി നിര്‍ത്തുന്ന ക്ഷേത്രങ്ങളെയും അതിലെ ദൈവങ്ങളെയും ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നല്ലാതെ അത് മറ്റെന്താണ്. ഇന്ന് ശ്രീ നാരായണീയരെന്നു അവകാശപ്പെടുന്നവരുടെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ പോലും പ്രതിഷ്ഠക്കും പൂജക്കും പൂണൂലണിഞ്ഞ പൂജാരിമാര്‍ തന്നെ വേണമെന്ന് ശഠിക്കുന്നത് കാണുമ്പോഴാണ് 128 വര്‍ഷം മുന്‍പ് അദ്ദേഹം പ്രകടിപ്പിച്ച ആത്മധൈര്യത്തിന്റെ മുന്നില്‍ നമിച്ചു പോകുന്നത്.

എയിഡഡ് സ്കൂളുകളുടെയും കോളേജുകളുടെയും എണ്ണമാണ് സാമൂഹ്യനീതിയുടെ അളവുകോലെന്ന അത്യാധുനിക വെളിപാടുയര്‍ത്തി ശ്രീ നാരായണീയരെ മനുവാദികളുടെ ആശ്രിതരാക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍, സഹോദരന്‍ അയ്യപ്പന്‍ 1921 ല്‍ എഴുതിവെച്ച ഈ വാക്കുകൾ ഒരാവര്‍ത്തി വായിക്കുക.

“അധഃകൃത വര്‍ഗക്കാരെ നന്നാക്കേണ്ട ആവശ്യകതയെപറ്റി പ്രസംഗിക്കാത്ത സഭകള്‍ ഇന്ത്യയില്‍ ചുരുക്കമാണ്… എന്തിനു, വര്‍ണ്ണാശ്രമ ധര്‍മ്മസഭകള്‍ കൂടി കോഴിയെ വളര്‍ത്തേണ്ടതാണെന്നു കുറുക്കന്‍ പ്രസംഗിക്കും പോലെ, അധകൃതരെ സംരക്ഷിക്കേണ്ടതാണെന്നു ഉച്ചത്തില്‍ പ്രസംഗിക്കുന്നു.”

ഈ ചതിയാണ് ശ്രീനാരായണീയര്‍ തിരിച്ചറിയേണ്ടതുള്ളത്.

അവര്‍ പുതിയ ശത്രുക്കളെ നിശ്ചയിച്ചു തരികയാണ്. ഹിന്ദുസമുദായത്തിന്റെ എല്ലാ പിന്നോക്കാവസ്ഥക്കും കാരണം പൊടുന്നനെ മുസ്ലിമിലും ക്രിസ്ത്യാനിയിലും കണ്ടെത്തുന്ന നേതൃത്വത്തിന്റെ കള്ളക്കളി ശ്രീനാരായണീയർ തിരിച്ചറിയണം. അവർ അവരുടെ യജമാനന്മാരുടെ വാക്കുകൾ ഏറ്റുപറയുക മാത്രമാണ്. ബ്രാഹ്മണ്യത്തിന്റെ ചാണക്യസൂത്രമാണീ പടയൊരുക്കം.

“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന ഗുരുദർശനത്തെ തമസ്ക്കരിച്ചുകൊണ്ട്, ജനങ്ങളെ വിദ്വേഷത്തിന്റെ ആയുധമണിയിക്കുന്നതിനു പിന്നിലെ ഉദ്ദേശം ആരെയെങ്കിലും തോല്പിക്കാനോ ജയിക്കാനോ ആണെന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. അസുഖകരമായ ചരിത്രയാഥാർഥ്യങ്ങളെ വിസ്മൃതിയിലാക്കുക മാത്രമാണ് ബ്രാഹ്മണ്യത്തിന്റെ ലക്ഷ്യം.

തീർച്ചയായും, ചരിത്രപഠനം പിന്നോട്ടു നടക്കാനല്ല. ബാബറിന്റെയും ടിപ്പുവിന്റെയും പേരിൽ അർധസത്യത്തിന്റെ വിദ്വേഷകഥകൾ മെനയാനല്ല.

ചരിത്രം, അതാതു കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന സാമൂഹ്യനീതിയുടെ രേഖപ്പെടുത്തലുകളാണ്. ധർമത്തിന്റെയും, നീതിയുടെയും നിർവചനങ്ങൾ മനുഷ്യന്റെ സാംസ്കാരിക വളർച്ചയിൽ തിരുത്തപ്പെടുന്നു. ചരിത്രപഠനം മാനവപുരോഗതിയുടെ ദിശാബോധം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അനിവാര്യമാണ്.

കേരളത്തിൽ, നിവർത്തനപ്രക്ഷോഭത്തിലും, പൗരസമത്വവാദ പ്രക്ഷോഭത്തിലും ഈഴവരും, ക്രിസ്ത്യാനിയും, മുസ്ലീമും ഒന്നിക്കുവാനിടയായ സാമൂഹ്യ യാഥാർത്ഥ്യം തിരിച്ചറിയാതെ മുന്നോട്ടുള്ള യാത്ര അസാദ്ധ്യമാണ്.

പൊതുപള്ളിക്കൂടങ്ങൾ ഈഴവനും പുലയനും മുന്നിൽ വാതിലടച്ചപ്പോൾ, അവർക്കാശ്രയമായിരുന്ന കൃസ്ത്യൻ മിഷനറി സ്ക്കൂളുകളെ ചരിത്രത്തിൽ നിന്നും തുടച്ചുമാറ്റാൻ കഴിയുമോ. തിരുവിതാംകൂറിലെ ‘പൊന്നുതമ്പുരാൻ’ ഡോ. പൽപ്പുവിന് വിദ്യാഭ്യാസം നിഷേധിച്ച് ധർമം നടപ്പാക്കിയപ്പോൾ അദ്ദേഹത്തിന് ആശ്രയമായിരുന്നത് ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മദ്രാസും മൈസൂരുമായിരുന്നത് ചരിത്രസത്യമല്ലാതാകുമോ?

ഹിന്ദുസമുദായത്തിൽ നിലനിന്നിരുന്നതും ഇന്നും തുടരുന്നതുമായ എല്ലാ വിധത്തിലുമുള്ള സാമൂഹ്യനീതിനിഷേധത്തിനും കാരണം ബ്രാഹ്മണ്യമാണെന്ന് തിരിച്ചറിയണം. ആവർത്തിക്കുന്നു, ബ്രാഹ്മണ്യമാണ്, ബ്രാഹ്മണരല്ല. ഹിന്ദുസമുദായത്തിൽ തങ്ങൾ ശ്രേഷ്ഠരും മറ്റുള്ളവർ തങ്ങൾക്കു താഴെയുമാണെന്ന് വിശ്വസിക്കുന്നതും, അതാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്വമെന്നും ശഠിക്കുന്ന ബ്രാഹ്മണമാണ് സാമൂഹ്യസമത്വത്തിന് വിഘാതം.

സഹോദരൻ അയ്യപ്പൻ അഭിപ്രായപ്പെട്ടതുപോലെ ബ്രാഹ്മണർ പിന്നോക്കക്കാരെ ഉദ്ധരിക്കാനായി ബുദ്ധിമുട്ടേണ്ടതില്ല. ബ്രാഹ്മണർ സ്വയം നന്നായാൽ തീരുന്നതേയുള്ളൂ പ്രശ്നം. ഹിന്ദുക്കളിൽ തങ്ങൾ ഉയർന്നവരാണെന്ന മിഥ്യാധാരണ ഒന്ന് ഉപേക്ഷിച്ചാൽ മാത്രം മതി.

അതല്ല, ജാതിയിൽ ബ്രാഹ്മണൻ ശ്രേഷ്ഠരാണെന്നും, പുണ്യം കിട്ടാൻ ബ്രാഹ്മണന് ദാനം ചെയ്യുകയാണ് വേണ്ടതെന്നും വാദിക്കുന്ന മനുവാദികൾക്കൊപ്പം പോകുന്നവർ ചെയ്യുന്നത് പോകുന്നവർ ചെയ്യുന്നത്, സ്വയം നീചജാതിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ്.