മെയ്‌ ദിനം എന്ന ആശയം

[ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. ബോധി കൂട്ടായ്മക്ക് ഇന്ന് രണ്ടു വയസ്സ് തികയുന്നു. ഈ അവസരത്തില്‍ 1913ല്‍ ഒന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം വഴുതി വീഴുന്നതിനു തൊട്ടു മുന്‍പ് പ്രശസ്ത വിപ്ലവകാരി റോസ ലക്സംബര്‍ഗ് മെയ്‌ ദിനത്തെ കുറിച്ച് എഴുതിയ ഒരു കുറിപ്പിന്റെ മലയാളം തര്‍ജ്ജമ ബോധി പ്രസിദ്ധീകരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും സാമ്രാജ്യത്വ അധിനിവേശങ്ങളും കാര്‍ന്നു തിന്നുന്ന 2012 ല്‍ റോസ ഒരു നൂറ്റാണ്ട് മുന്‍പ് കുറിച്ച വരികള്‍ ഇന്നും അതീവ പ്രസക്തം എന്ന് ഞങ്ങള്‍ കരുതുന്നു - ബോധി എഡിറ്റോറിയല്‍ ടീം]

ചരിത്രത്തിലെ ആദ്യത്തെ മെയ്‌ ദിന പ്രകടനം സംഘടിപ്പിക്കപ്പെടുമ്പോള്‍ ഇന്റെര്നാഷനെലിന്റെ മുന്നണി പോരാളികളായ ജര്‍മന്‍ തൊഴിലാളി വര്‍ഗ്ഗം സോഷ്യലിസ്റ്റ്‌ വിരുദ്ധ കരി നിയമത്തിന്റെ വിലങ്ങുകള്‍ പൊട്ടിച്ചു സ്വതന്ത്രമാകുന്നതേ ഉണ്ടായിരുന്നുള്ളു. ആയിരത്തി എണ്ണൂറ്റി എഴുപതുകളിലെ ലോക വിപണിയിലെ മാന്ദ്യം മറികടന്നു മുതലാളിത്തം കൈവരിച്ച വളര്‍ച്ച ഏതാണ്ട് ഒരു ദശാബ്ദത്തോളം നീണ്ടു നിന്നു. യൂറോപിലെ ഭീകരമായ യുദ്ധങ്ങള്‍ക്കൊടുവില്‍ ഇരുപതോളം കൊല്ലം സമാധാനം നിലനിന്നു. സമധാനപരമായ സാംസ്‌കാരിക വളര്‍ച്ച മുന്നില്‍ കാണാമായിരുന്നു. തൊഴിലാളികളും മൂലധനവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്ന് സോഷ്യലിസ്റ്റുകള്‍ പോലും സ്വപ്നം കണ്ടു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സൌമനസ്യത്തോടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളാണ് നടന്നതെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുതലാളിത്തത്തില്‍ നിന്നു സോഷ്യലിസത്തിലേക്ക് ക്രമേണയുള്ള ഒരു രൂപാന്തരണം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. പ്രതിസന്ധി, യുദ്ധം, വിപ്ലവം എന്നിവയൊക്കെ പഴഞ്ചന്‍ ആശയങ്ങളും തത്ത്വങ്ങളുമായി - പാര്‍ലമെന്ററി പ്രവര്‍ത്തനവും ട്രേഡ് യൂണിയനിസവും തൊഴിലിടത്തിലെയും ഇലക്ഷന്‍ രംഗത്തെയും ജനാധിപത്യവും നല്ലൊരു നാളേക്കുള്ള ചവിട്ടു പടിയായി പൊതുവേ കാണപ്പെട്ടു.

എന്നാല്‍ ചരിത്രം ഇതെല്ലം വെറും വ്യാമോഹമാണെന്ന് തെളിയിച്ചു. വാഗ്ദാനം ചെയ്യപ്പെട്ടത് മൃദുവായ സാമൂഹിക - പരിഷ്കാരവും വികസനവും ആണെങ്കില്‍ സംഭവിച്ചതോ പൂര്‍വാധികം രൂക്ഷമായ മുതലാളിത്ത കിടമത്സരമാണ്. പത്തു കൊല്ലാതെ സാമ്പത്തിക വളര്‍ച്ചക്ക് കൊടുക്കേണ്ടി വന്ന വില, ലോകത്തെയാകെ പിടിച്ചുലച്ച രണ്ടു പ്രതിസന്ധികള്‍. ഇരുപതു കൊല്ലത്തെ സമാധാനന്തരീക്ഷത്തിനു ചുവടു പിടിച്ചു വന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ആറ് യുദ്ധങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ നാല് വിപ്ലവങ്ങളും! സാമൂഹിക പരിഷ്കാരങ്ങള്‍ക്ക് പകരം ലഭിച്ചത് രാജ്യദ്രോഹ നിരോധന നിയമം ഉള്‍പ്പടെയുള്ള കിരാത നിയമങ്ങളും നിരന്തരമായ ജയില്‍വാസവും. തൊഴില്‍ശാലയിലെ ജനാധിപത്യത്തിനു പകരം ലഭിച്ചതോ മൂലധനത്തിന്റെ കേന്ദ്രീകരണവും വ്യവസായി സഖ്യങ്ങളും ആഗോള തലത്തിലെ ലോക്കൌട്ടുകളും. താഴേ തട്ടില്‍ നിന്നുള്ള മൌലികമായ ജനാധിപത്യത്തിനു പകരം വന്നതോ ബൂര്‍ഷ്വാ ലിബറലിസവും ജനാധിപത്യമൂല്യങ്ങളുടെ പോലും തകര്‍ച്ചയുമായിരുന്നു. ജര്‍മനിയുടെ ബൂര്‍ഷ്വാ പാര്‍ടികളുടെ കാര്യം എടുക്കുകയാണെങ്കില്‍ തൊണ്ണൂറുകള്‍ക്ക് ശേഷം നടന്നതെന്താണ്? ദേശീയ സോഷ്യലിസ്റ്റുകളുടെ വളര്‍ച്ചയും പൊടുന്നനെയുള്ള തളര്‍ച്ചയും, റാഡിക്കല്‍ പ്രതിപക്ഷത്തിന്റെ പിളര്‍പ്പും പിന്നീട് പിന്തിരിപ്പന്‍ സഖ്യത്തോട്ടുള്ള പ്രയാണവും, ഒടുവില്‍ സമദൂരക്കാരുടെ വലതുപക്ഷ പ്രേമവും. ഭരണ വര്‍ഗ്ഗം തൊഴിലാളി വര്‍ഗ്ഗ വിപ്ലവ പ്രസ്ഥാനത്തിന് നേരെ നിലയുറപ്പിച്ചിരിക്കുകയാണ് എന്ന് വ്യക്തം.

xdfdfd
May Day 2012 poster. Image courtesy: hughillustration/ഫ്ലിക്കര്‍ സാമ്രാജ്യത്വത്തിന് ബദല്‍ ഉയരേണ്ടത് സ്വതന്ത്രമായ ബഹുജന മുന്നേറ്റത്തിലൂടെ മാത്രമാണ്. പ്രകടനങ്ങളും പണിമുടക്കുകളും എല്ലാം ഈ മുന്നേറ്റത്തിന്റെ ഭാഗമാകും. എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ഈ മുന്നേറ്റത്തിനു ഭരണ സംവിധാനത്തെ പിടിച്ചടക്കാനുള്ള വിപ്ലവകരമായ ഒരു കാല്‍വെപ്പ്‌ എടുത്തേ തീരു. എങ്കില്‍ മാത്രമേ സാമ്രാജ്യത്വ ശക്തികള്‍ക്കു യുക്തമായ മറുപടി നല്‍കാനാകൂ.

സാമ്രാജ്യത്വത്തിന്റെ കൊടിക്കീഴിലാണ് രാഷ്ട്രീയ - സാമ്പത്തിക മണ്ഡലങ്ങളിലെ ഈ പ്രവര്‍ത്തനങ്ങളൊക്കെ അരങ്ങേറുന്നത്. എന്നാല്‍ ഇത് മുതലാളിത്തത്തിന്റെ പ്രയാണത്തില്‍ അപ്രതീക്ഷിതമായ ഒരു വ്യതിയാനമല്ല. സൈനിക തയ്യാറെടുപ്പുകളും യുദ്ധങ്ങളും സംഘര്‍ഷങ്ങളും കോളോണിയല്‍ പദ്ധതികളും മൂലധനത്തിന്റെ കൂടെപ്പിറപ്പുകള്‍ ആണല്ലോ. ഈ ഘടകങ്ങളുടെ വളര്‍ച്ചയും കേന്ദ്രീകരണവും ചീറ്റലും പൊട്ടിത്തെറികളുമാണ് ഈ സംഭവവികാസങ്ങളുടെ പിന്നില്‍. മൂലധനം ഒരു ഭാഗത്ത്‌ കുന്നു കൂടുന്നു. മറുഭാഗത്ത്‌ രാജ്യാതിര്‍ത്തികള്‍ക്കുള്ളില്‍ മൂലധനവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലും മുതലാളിത്ത ശക്തികള്‍ തമ്മിലും ഉള്ള വൈരുധ്യം വര്‍ധിക്കുന്നു. സാമ്രാജ്യത്വം അതിന്റെ അവസാന ഘട്ടത്തില്‍ കടക്കുമ്പോള്‍ മൂലധനം ലോകത്തെ ഒന്നാകെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. അഭൂതപൂര്‍വമായ ആയുധ പന്തയമാണ് കരയിലും കടലിലും മുതലാളിത്ത രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏഷ്യ മുതല്‍ യൂറോപ്പ് വരെ കണ്ണി ചേര്‍ന്നു കിടക്കുന്ന സംഘട്ടനങ്ങള്‍ ഏതു നിമിഷവും കത്തിപ്പടരാവുന്നതേ ഉള്ളു. മുതലാളിത്ത ലോകം ഒട്ടാകെ വ്യാപിച്ചിരിക്കുന്ന പട്ടിണിയും ദിനംപ്രതി ഉയരുന്ന ജീവിതഭാരവും - ഈ സൂചനകളാണ് മെയ്‌ ദിനഘോഷത്തിനു കാണാനാകുന്നതു, അത് തന്നെയാണ് മെയ്‌ ദിനം എന്ന ആശയത്തിന് ഇത്ര ജൈവ ശക്തി പകരുന്നത്.

എന്താണ് മെയ്‌ ദിനാഘോഷത്തിന്റെ പിന്നിലുള്ള പ്രധാന ആശയം? തൊഴിലാളി വര്‍ഗ്ഗം സംഘടിച്ചു കൈക്കൊള്ളുന്ന ഒരു രാഷ്ട്രീയ നടപടി. തുച്ഛമായ പാര്ലമെന്ടരി നടപടിക്രമത്തില്‍ ഒതുക്കാനാകാത്ത, രാജ്യാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കാനാകാത്ത തിരഞ്ഞെടുപ്പില്‍ മാത്രം തളച്ചിടാനാകാത്ത വര്‍ഗബോധത്തിന്റെ പ്രതിഫലനം. പാരിസിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഫ്രെഞ്ചുകാരന്‍ ലവീന്‍ മുന്നോട്ടു വെച്ച വളരെ നല്ല നിര്‍ദ്ദേശമായിരുന്നു എട്ടു മണിക്കൂര്‍ പ്രവൃത്തി ദിനത്തിനും ലോക സമാധാനത്തിനും സോഷ്യലിസത്തിനും വേണ്ടി പാര്‍ലമെന്റിലെ പരോക്ഷമായ പോരട്ടതിനോടൊപ്പം പ്രത്യക്ഷത്തിലുള്ള ആഗോള തലത്തിലുള്ള ഒരു സമര നടപടി വേണം എന്നത്.

കഴിഞ്ഞ ദശബ്ദത്തിലെ സാമ്രാജ്യത്വത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ നിന്നു തൊഴിലാളി വര്‍ഗ്ഗം ഉള്‍ക്കൊള്ളേണ്ട പാഠം എന്താണ്? സാമ്രാജ്യത്വത്തിന് ബദല്‍ ഉയരേണ്ടത് സ്വതന്ത്രമായ ബഹുജന മുന്നേറ്റത്തിലൂടെ മാത്രമാണ്. പ്രകടനങ്ങളും പണിമുടക്കുകളും എല്ലാം ഈ മുന്നേറ്റത്തിന്റെ ഭാഗമാകും. എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ഈ മുന്നേറ്റത്തിനു ഭരണ സംവിധാനത്തെ പിടിച്ചടക്കാനുള്ള വിപ്ലവകരമായ ഒരു കാല്‍വെപ്പ്‌ എടുത്തേ തീരു. എങ്കില്‍ മാത്രമേ സാമ്രാജ്യത്വ ശക്തികള്‍ക്കു യുക്തമായ മറുപടി നല്‍കാനാകൂ. ഈ പൈശാചിക പടയൊരുക്കങ്ങളുടെയും സൈനിക പേക്കൂത്തിനുമിടയില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് സ്വീകരിക്കാവുന്ന ഏക നിലപാട് അതാണ്, അതിനു മാത്രമേ ലോകത്തെ വിനാശത്തിന്റെ വക്കില്‍ നിന്നു രക്ഷിക്കാനാകൂ. ലോക സമാധാനത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള ആഗോള തൊഴിലാളി ഐകമത്യവും മുന്നേറ്റവും എന്ന മെയ്‌ ദിനത്തിന്റെ ആശയം - ജര്‍മന്‍ തൊഴിലാളി വര്‍ഗതിനിടയില്‍ എത്ര ആഴത്തില്‍ വേരുറപ്പിക്കാന്‍ ആകുന്നുവോ - അത്ര കണ്ടു ഉറപ്പിക്കാം, ആസന്നമായിരിക്കുന്ന ലോക മഹായുദ്ധത്തിനു ശേഷം മൂലധനത്തിന് മേല്‍ തൊഴിലാളി വര്‍ഗ്ഗത്തിന് ആത്യന്തികമായി വിജയം കൈവരിക്കാനുള്ള സാധ്യത കൂടി എന്ന്.

(1913, ലെപ്സിഗ്, ജര്‍മനി )

കടപ്പാട്: മാര്‍ക്സിസ്റ്റ്‌ ഇന്റര്‍നെറ്റ്‌ ആര്‍കൈവ്