ഹിന്ദുത്വ രാഷ്ട്രീയത്തിനു മനസിലാവില്ല നാരായണഗുരുവിനെ...

ചരിത്രം തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി വളച്ചൊടിക്കുക എന്നത് സംഘപരിവാർ അജണ്ട ആണ്. കുറെ നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു അവർ ചാനൽ ചർച്ചകളിലും മറ്റും വിഡ്ഢിവേഷം കെട്ടുകയാണ്. ആയിരം പേർ കേൾക്കുമ്പോൾ ഒരാളെങ്കിലും വിശ്വസിച്ചാൽ അത്രയുമായി എന്നതാണ് അവരുടെ ഉദ്ദേശം. കേരളം അവരുടെ വലിയ ഒരു ലക്‌ഷ്യം ആണ്. കാരണം ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേരോട്ടം തന്നെ. സംഘപരിവാറിന് എല്ലാ കാലത്തും വെല്ലുവിളി ഉയർത്തിയിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആണ്. കേരളത്തിലെ വിവിധ ഹിന്ദു സമുദായ സംഘടനകളിൽ കൈകടത്തി കൊണ്ട് സംഘ പരിവാർ ആ ലക്ഷ്യത്തിലേക്കുള്ള കുല്സിത ശ്രമങ്ങൾ തുടങ്ങി വച്ച് കഴിഞ്ഞു. അതിനു ഏറ്റവും നല്ല ഉദാഹരണം വെള്ളാപ്പിള്ളി നടേശനുമായി ചേർന്ന് ഉണ്ടാക്കിയ ബി ഡി ജെ എസ്. എന്ന പാർട്ടി ആണ്.

വലിയ കൊട്ടും കുരവയുമായി, നമ്പൂതിരി മുതൽ നായാടി വരെ എന്ന മുദ്രാവാക്യം മുഴക്കി, അമിത് ഷായുടെ അനുഗ്രഹാശിസുകളുമായി തുടങ്ങിയ പാർട്ടി പക്ഷെ ബിജെപിയുടെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു തിരഞ്ഞെടുപ്പിൽ നിലം പരിശാകുന്ന കാഴ്ച ആണ് നമ്മൾ കണ്ടത്. കേരളം മുഴുവൻ വിഷം ചീറ്റി നടന്നവർക്കെല്ലാം പ്രബുദ്ധരായ കേരള ജനത ബാലറ്റിലൂടെ ചരമ ഗീതം എഴുതി. കേരളത്തിൽ ഭൂരിഭാഗം ഉള്ള ഈഴവരെ സംഘപരിവാർ ഇപ്പോഴും ലക്‌ഷ്യം വക്കുന്നു എന്നതാണ് ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി അവർ ഉന്നയിക്കുന്ന അവകാശവാദങ്ങൾ തെളിയിക്കുന്നത്. ഭൂരിഭാഗം ഈഴവരും ഇടതുപക്ഷ അനുഭാവികൾ ആണെന്നുള്ളതും അവരെ വിളറി പിടിപ്പിക്കുന്നു.

എന്താണ് ഗുരുവും സംഘപരിവാറും ആയുള്ള ബന്ധം? ഇങ്ങനൊരു ചോദ്യം പോലും തെറ്റാണ്‌ എന്നാണ് എനിക്കു തോന്നുന്നത്. ഇങ്ങനൊരു ചിന്ത പോലും അസംബന്ധം എന്നെ പറയാനാവൂ. കൊച്ചിയും തിരുവിതാംകൂറും മലബാറും ഒക്കെ ആയി കിടന്ന നമ്മുടെ നാട്ടിൽ തീണ്ടലും തൊടീലും ഒക്കെ ഒരാചാരമായി ജനങ്ങൾ അനുഷ്ഠിച്ചിരുന്നു. താഴ്ന്ന ജാതിക്കാരെ മൃഗങ്ങളെ പോലെ ആണ് അക്കാലത്തു കണ്ടിരുന്നത്. ''തീയൻ നായരെ തീണ്ടിയാൽ അവനെ കൊല്ലാൻ നായർക്ക് അധികാരം ഉണ്ടായിരുന്നു. അങ്ങനെ ചെയ്താൽ രാജഭരണ കാലത്തു അത് ശിക്ഷാർഹം ആയിരുന്നില്ല." പുലയർ, ഈഴവർ തുടങ്ങിയ പിന്നോക്ക സമുദായങ്ങൾ തമ്മിൽ തമ്മിലും നല്ല ബന്ധം അല്ല ഉണ്ടായിരുന്നത്. നായരിൽ നിന്നും അറുപത്തി നാല് അടി അകലം ഈഴവർ പാലിച്ചിരുന്നു. പുലയൻ ഈഴവനിൽ നിന്നും നൂറടി അകലം പാലിച്ചിരുന്നു. അറിയാതെങ്ങാനും തീണ്ടിയാൽ ക്രൂര മർദനം ആയിരുന്നു ശിക്ഷ.

രാജാക്കന്മാരും അവരുടെ പിണിയാളുകളായ നമ്പൂതിരിമാരും മറ്റു മുന്നോക്കക്കാരും കൂടി പാവപെട്ട താഴ്ന്ന ജാതിക്കാരന്റെ ജീവിതം നരക തുല്യമാക്കി. മുലക്കരം, മീശക്കരം, അലക്കുകരം, വലക്കരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നികുതികൾ ചുമത്തി അവനെ ചൂഷണം ചെയ്തു. ചവിട്ടി നില്ക്കാൻ ഒരു പിടി മണ്ണ് സ്വന്തമായി ഇല്ല. മരിച്ചാൽ അടക്കം ചെയ്യാൻ തമ്പ്രാൻ കനിയണം. അടിയാള പെണ്ണുങ്ങൾ തമ്പ്രാന്റെ ഇച്ഛക്ക് വഴങ്ങിക്കൊള്ളണം. അടിയാളക്കുഞ്ഞുങ്ങൾക്ക്‌ വിദ്യാഭ്യാസവും നിഷിദ്ധമായിരുന്നു. ഇതായിരുന്നു ചിലരൊക്കെ സൗകര്യപൂർവം മറക്കുന്ന നമ്മുടെ മഹത്തായ ചരിത്രം.

ഇങ്ങനെയുള്ള ഒരു സാമൂഹ്യാവസ്ഥയിലേക്കാണ് നാരായണ ഗുരു ജനിച്ചു വീണത്. താണ ജാതിക്കാരൻ ആയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വൈദ്യത്തിലും, ജ്യോതിഷത്തിലും അറിവുള്ളവർ ആയിരുന്നു. അങ്ങനെ കൊച്ചുനാണുവും അറിവിന്റെ ലോകത്തിലേക്ക് നയിക്കപ്പെട്ടു. ഏതൊരു സാധാരണ മനുഷ്യനെയും പോലെ ഗുരുവും പടിപടിയായി അറിവിലൂടെ വളർന്നു. തനിക്കു ചുറ്റും പുഴുക്കളെ പോലെ കഴിയുന്ന മനുഷ്യരുടെ അവസ്ഥ അദ്ദേഹത്തെ വേദനിപ്പിച്ചു. എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ചു അദ്ദേഹം നാടുനീളെ അലഞ്ഞു. വെളുത്ത മുണ്ടുടുത്തു ഒരു തോർത്ത് തോളിൽ ഇട്ട് അലക്ഷ്യമായി നടന്ന ഗുരുവിനെ പറ്റി ശ്രീ പി. കെ. ബാലകൃഷ്ണൻ "നാരായണ ഗുരു" എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. “അവധൂത ധർമ്മമായതുകൊണ്ടല്ല വെള്ളമുണ്ടും തോർത്തുമായി ആ യുവാവ് വർഷങ്ങളോളം കേരളത്തിൽ പല ഊരുകൾ തോറും അലഞ്ഞു നടന്നത്. സ്വാഭിമുഖ്യമായ ഏകാന്തത പ്രവണതയുടെ ഒരു രൂപഭേദം ആയിരുന്നു അത്. ജനസേവനത്തിനു വേണ്ടി ഒരു സന്യാസ സംഘം ഉണ്ടാവണം എന്ന് തന്റെ അവസാന കാലത്തു ഗുരു ആഗ്രഹിച്ചു. അതിനു വേണ്ടി ചില നിഷ്ഠകളും അനുഷ്ഠാനങ്ങളും നിർദ്ദേശിച്ചിരിക്കാം. പക്ഷെ ആ അനുഷ്ഠാനങ്ങളും ചിട്ടകളും ഉടയാടകളും സ്വാമിക്ക് തിരിച്ചു ചാർത്തുന്നവരും, അത് കൊണ്ട് അദ്ദേഹത്തെ അളക്കാൻ ശ്രമിക്കുന്നവരും മഹത്തായ ആ വ്യക്തിത്വം എന്തെന്ന് മനസ്സിലാക്കാൻ കഴിയാത്തവരാണ്. ഏതുനിലയിൽ നോക്കിയാലും ഗുരുവിനോട് നീതി പുലർത്താത്തവരാണ് അക്കൂട്ടർ.” എത്രയോ വർഷം മുൻപ് ഗുരുവിനെ പറ്റി ശ്രീ പി. കെ. ബാലകൃഷ്ണൻ എഴുതിയ വരികൾ ആണിത്. ഗുരു ഹൈന്ദവ സന്യാസി ആണ് എന്ന് വാദിക്കുന്നവർക്കു ഏറ്റവും നല്ല മറുപടി അദ്ദേഹത്തിന്റെ ഈ വരികളിലുണ്ട്. ഗുരുവിനെ കാവിപുതപ്പിക്കുന്നവർ ഈ വരികളിലൂടെ ഒന്ന് സഞ്ചരിക്കുന്നത് നല്ലതായിരിക്കും.

ഗുരു ഒരിക്കലും കാവി ധരിച്ചിരുന്നില്ല. 1924-ൽ സിലോണിലേക്കു രണ്ടാം വട്ടം യാത്ര തിരിക്കുമ്പോൾ ശിഷ്യന്മാർ മഞ്ഞ മുക്കിയ വസ്ത്രങ്ങൾ ആണ് കൊണ്ട് വന്നത്. അങ്ങനെ അത് ധരിക്കാൻ സ്വാമി നിർബന്ധിക്കപ്പെടുകയായിരുന്നു. ഗുരു ജനിച്ചത് 1856-ൽ ആയിരുന്നു. ആ കാലഘട്ടം ആയപ്പോഴേക്കും നില നിന്നിരുന്ന ജാതീയ വ്യവസ്ഥകൾക്കെതിരെ ചില ചില ചെറുത്തു നിൽപുകൾ പല ഭാഗങ്ങളിലായി തുടങ്ങിയിരുന്നു. വിദേശീയരുടെ അധിനിവേശം, ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ ആയിരുന്നു ഈ ചെറുത്തു നില്പുകളെ വളർത്തിയിരുന്നത്. ഈ കാലഘട്ടത്തെ ആണ് നമ്മൾ നവോത്ഥാന കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത്. ഗുരുവും തന്റേതായ വഴികളിലൂടെ ഈ ചങ്ങലയിൽ ഒരു കണ്ണിയായി. ആദ്യകാലങ്ങളിൽ സ്വാമിയുടെ പ്രവർത്തനങ്ങൾ ഹിന്ദു മതത്തിൽ ഊന്നി ആയിരുന്നു.

കാടനെയും, മാടനെയും, ചുടലയെയും വച്ചാരാധിച്ചിരുന്ന, മൃഗബലി അടക്കമുള്ള പ്രാകൃത ആചാരങ്ങളെ പിന്തുടർന്ന ഒരു സമൂഹത്തെ അദ്ദേഹം ബോധവൽക്കരിക്കാൻ ശ്രമിച്ചു. ആ ശ്രേണിയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും വിപ്ലവാത്മകമായ ഒന്നായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. 1888-ലെ ശിവരാത്രി ദിവസം ആയിരുന്നു അദ്ദേഹം അതിനായി തിരഞ്ഞെടുത്തത്. ബ്രാഹ്മമുഹൂർത്തത്തിൽ ആറ്റിൽ നിന്നും എടുത്ത ശിവലിംഗ ആകൃതിയിൽ ഉള്ള ഒരു ശിലാഖണ്ഡത്തെ ഒരു പരന്ന പാറമേൽ സ്വാമി പ്രതിഷ്ഠിച്ചു. അതൊരു യുഗപരിവർത്തനത്തിന്റെ തുടക്കം ആയിരുന്നു. വേദം പഠിക്കാൻ പോയിട്ടു കേൾക്കാൻ പോലും അധികാരം ഇല്ലാത്ത അവർണ്ണനായ നിനക്ക് ആരീ അധികാരം തന്നു എന്ന ബ്രാഹ്മണ്യത്തിന്റെ ധാർഷ്ട്യം നിറഞ്ഞ ചോദ്യത്തിന്, പുഞ്ചിരിച്ചു കൊണ്ട് സ്വാമി നൽകിയ ഉത്തരം "നാമിവിടെ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെ ആണ്" എന്നാണ്. അന്ന് നിലനിന്നിരുന്ന സാമൂഹ്യ അസമത്വത്തിനു എതിരായുള്ള ഒരു പ്രഹരം ആയിരുന്നു അത്. അരുവിപ്പുറം പ്രതിഷ്ഠക്കു ശേഷം ചെറിയ രീതിയിൽ അവിടെ ഒരു ക്ഷേത്രം ഉണ്ടായി. ഈഴവരും, മറ്റുള്ള അവർണരായ മനുഷ്യരും തങ്ങളുടെ ഒരു ആശ്രയ കേന്ദ്രമായി അരുവിപ്പുറത്തെ കാണാൻ തുടങ്ങി. അവർ അവിടെ ഒത്തു കൂടാൻ തുടങ്ങി. സ്വാമി കൊച്ചു കൊച്ചു പ്രഭാഷണങ്ങളിലൂടെ വിവിധങ്ങളായ അറിവുകൾ ആളുകൾക്ക് പകർന്നു കൊടുത്തു. ശരീര ശുചിത്വം പ്രധാനമാണ് എന്നവരെ പഠിപ്പിച്ചു. തൊട്ടു കൂടായ്മ ഇല്ലാതാക്കാൻ വൃത്തിയുള്ള ശരീരം ഉപകരിക്കും എന്ന ബോധം ആളുകളിൽ ഉറപ്പിക്കാൻ സ്വാമിക്ക് കഴിഞ്ഞു. അതിനു ക്ഷേത്രങ്ങളെ ഒരു മാധ്യമം ആക്കാൻ കഴിയും എന്ന് സ്വാമിക്കു ഈ അനുഭവങ്ങളിലൂടെ ബോധ്യംമായി. ശരിക്ക് പറഞ്ഞാൽ ക്ഷേത്രങ്ങളെ ഒരു ആയുധം ആക്കുക ആണ് സ്വാമി ചെയ്തത്.

അരുവിപ്പുറത്ത് നിന്നും തുടങ്ങിയ മാറ്റത്തിന്റെ അലകൾ കേരളം മുഴുവൻ വ്യാപിക്കാൻ തുടങ്ങി. പല ദേശങ്ങളിൽ ആളുകളുടെ ആവശ്യപ്രകാരം ക്ഷേത്രങ്ങൾ സ്വാമി സ്ഥാപിച്ചു കൊടുത്തു. പിന്നീടൊരു ഘട്ടത്തിൽ സ്വാമിക്ക് മനസ്സിലായി ഇനി വേണ്ടത് ക്ഷേത്രങ്ങൾ അല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണെന്ന്. പിന്നീടദ്ദേഹം അതിനു വേണ്ടി ഉള്ള പ്രവർത്തനങ്ങളിൽ മുഴുകുകയും, വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന വചനത്തിലൂടെ സാമൂഹ്യ പരിഷ്കരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. അതായതു അദ്ദേഹത്തിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളെ, തിരസ്കരിക്കപ്പെട്ടു കിടന്ന ഒരു സമൂഹത്തിന്റെ ഉന്നതിക്കായി അദ്ദേഹം ഉപയോഗപ്പെടുത്തി. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഉന്നതമായ ചിന്തകളിലൂടെയും, സ്വയം ആർജിച്ച അറിവുകളിലൂടെയും അദ്ദേഹം നവീകരിക്കപ്പെട്ടു കൊണ്ടേ ഇരുന്നു. അവസാനം അദ്ദേഹം ചെന്നെത്തിയത് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന നിലയിൽ ആണ്. സ്വാമിയുടെ പ്രവർത്തികളെ വിലയിരുത്തിയാൽ മനസ്സിലാകുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ ഒരേ ഒരു ലക്‌ഷ്യം എല്ലാ മനുഷ്യരും ഒരേ പോലെ ജീവിക്കുന്ന ഒരു സാമൂഹ്യ പരിസ്ഥിതി ഉണ്ടാക്കി എടുക്കുക എന്നാതായിരുന്നുവെന്നു കാണാം. അതിനു വേണ്ടി അദ്ദേഹം 41 വർഷത്തോളം പ്രയത്നിച്ചു. അതിനു അദ്ദേഹം കാലാനുസൃതമായ ആയുധങ്ങളെ ഉപയോഗിച്ചു എന്ന് മാത്രം. ഇപ്പോൾ സംഘപരിവാർ ചെയ്യുന്നത് അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ചില ഏടുകൾ മാത്രം കീറി എടുത്തു അവരുടേതായ വികൃതമായ ഒരു പുതു ചരിത്രം ഉണ്ടാക്കുകയാണ്. അതിനു സ്വാമിയുടെ അനുഗ്രഹാശിസുകളോടെ ഡോ. പല്പു തുടങ്ങിവച്ച എസ്‌.എൻ.ഡി.പി യോഗവും കൂട്ടുനിൽക്കുന്നു എന്നത് ഏറ്റവും ഹീനമായ ഒരു പ്രവർത്തിയാണ്.

ആലുവ അദ്വൈത ആശ്രമത്തിൽ നിന്നും 1916 മെയ് 22നു ഡോക്ടർ പല്പുവിന് സ്വാമി എഴുതിയ ഒരു കത്ത് ഏറ്റവും പ്രാധാന്യം ഉള്ളതാണ്. അത് താഴെ കൊടുക്കുന്നു.

എന്റെ ഡോക്ടർ അവർകൾക്ക്, യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസാക്കുന്നത് കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതു കൊണ്ടും യോഗത്തിനു ജാത്യാഭിമാനം വർധിച്ചുവരുന്നു കൊണ്ടും മുൻപേ തന്നെ മനസ്സിൽ നിന്ന് വിട്ടിരുന്നത് പോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
എന്ന്,
നാരായണ ഗുരു

ഇനി മറ്റൊരു കത്ത്, അരുവിപ്പുറം പ്രതിഷ്ഠയുടെ ഇരുപത്തിനാലാം വാർഷികത്തിനു ആശംസ അറിയിച്ചു കൊണ്ട് ഗുരു എഴുതിയതാണ് 1927ൽ.

സമുദായ സംഘടനയെപ്പറ്റിയും, മതപരിഷ്കാരത്തെ പറ്റിയും നിങ്ങൾ ഗൗരവകരമായ ആലോചനകൾ ചെയ്തുവരുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. എന്നാൽ സംഘടനയുടെ ഉദ്ദേശം ഒരു പ്രത്യേക വർഗക്കാർ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കുവാനായിരിക്കരുത്. മതപരിഷ്‌കാരം ഇന്നുള്ള ഏതെങ്കിലും മതസംഘത്തെ ഉപേക്ഷിച്ചു മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്. സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായയ ആദർശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധർമം അങ്ങനെ ഉള്ള ഒരു മതം ആകുന്നു. ഈ സനാതന ധർമത്തിൽ വിശ്വസിക്കുന്നവരെ എല്ലാം ഒന്നായി ചേർക്കുന്നത് സംഘടനക്ക് ഏറ്റവും ഉത്തമം ആയ രീതി ആയിരിക്കും എന്ന് നമുക്ക് തോന്നുന്നു. മതപരിവർത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിചാരിക്കുന്നവർക്കു സനാതന ധർമം മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരിക്കുന്നതാണ്.
> എന്ന്,
നാരായണ ഗുരു

ജാതിയെ കുറിച്ചും യോഗത്തെ കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഈ സന്ദേശങ്ങളിൽ വ്യക്തമാണ്. ജീവിച്ചിരുന്ന കാലത്തു തന്നെ സ്വാമി യോഗവും ആയി അകന്നിരുന്നു. അപ്പോൾ പിന്നെ ഇപ്പോഴത്തെ യോഗവുമായി സ്വാമിക്ക് എന്തു ബന്ധമാണ് ഉള്ളത്? ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന സ്വാമി വചനത്തെ, ജാതി ചോദിക്കണം, പറയണം, വിചാരിക്കണം, അത് വച്ച് വില പേശി കച്ചവടം നടത്തണം എന്ന നിലയിലേക്ക് കൊണ്ടെത്തിച്ച നടേശ'ഗുരു'വിനു ശ്രീനാരായണനെ പറ്റി പറയുവാനുള്ള യോഗ്യത എന്താണ്? ഈഴവർ എന്ന് പറഞ്ഞാൽ എസ്‌.എൻ.ഡി.പി യോഗം ആണെന്നും, യോഗത്തെ അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നീട്ടി സ്വന്തം കാൽക്കീഴിൽ നിർത്തിയാൽ ഒരു സമുദായം തന്നെ കൂടെ ഉണ്ടാവും എന്ന് വ്യാമോഹിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ ശ്രമങ്ങളെ ചരിത്രപരമായ വിഡ്ഢിത്തം എന്നെ പറയാൻ പറ്റൂ.

ഗുരുവിനെ പഠിച്ച, അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ എല്ലാവരും അദ്ദേഹത്തെ കാവി പുതപ്പിക്കാനുള്ള ശ്രമങ്ങളെ പുച്ഛത്തോട് കൂടി തള്ളിക്കളയുമെന്നതിൽ സംശയമില്ല. താഴേത്തട്ടിൽ ചവിട്ടി അരക്കപ്പെട്ടിരുന്ന ഒരു ജനത അദ്ദേഹത്തോട് ഒരുപാടു കടപ്പെട്ടിരിക്കുന്നു. "നരച്ചീറുകൾ കുടിയിരിക്കുന്ന, ഇരുട്ട് നിറഞ്ഞ അമ്പലങ്ങൾ നമുക്കിനി വേണ്ട" എന്ന് പറഞ്ഞ ആ മഹാനെ, ദൈവമാക്കി അതെ ഇരുട്ടിൽ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുന്നവർക്കു കാലം ഉത്തരം നൽകും. അദ്ദേഹത്തോട് ചെയ്യുന്ന ഈ അനീതി ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. സ്വന്തം പൂർവികരുടെ യാതനകൾ മറന്ന്, ചരിത്രം മറന്ന് സംഘപരിവാറിന്റെ വർണചരടുകളിൽ മയങ്ങി ഫാസിസത്തിന്റെ ചങ്ങലകെട്ടുകളിൽ സ്വയം കുരുങ്ങാൻ പോകുന്നവരെ ചിലതൊക്കെ ഓർപ്പിക്കാൻ ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ബാധ്യത ഉണ്ട്. അതാണ് ചരിത്ര പുരുഷന്മാരുടെ ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ പ്രാധാന്യം.

ഹിന്ദു സാമ്രാജ്യത്തിനായി മുറവിളി കൂട്ടുന്ന, ദളിതനെയും ന്യൂനപക്ഷത്തേയും അവൻ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ തല്ലി കൊല്ലുന്ന, എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കാത്ത, കലാശാലകളെ, അവിടുത്തെ യുവത്വത്തെ കലാപത്തിലേക്ക് തള്ളിവിടുന്ന, സ്ത്രീകൾക്ക് അരുതുകളുടെ വേലികൾ സൃഷ്ടിക്കുന്ന, ഗുരുവിനെ പോലെ ഇന്ത്യ ഒട്ടാകെ ഉണ്ടായിരുന്ന സാമൂഹ്യപരിഷ്കർത്താക്കൾ നടത്തിയ ശ്രമങ്ങളെ തകർത്തു കൊണ്ട് വീണ്ടും ചതുവർണ്യത്തിന്റെ ഇരുട്ട് മൂടിയ ലോകത്തേക്ക് ഭാരതത്തിലെ ജനങ്ങളെ നയിക്കാൻ ശ്രമിക്കുന്ന, സംഘപരിവാർ ശ്രമങ്ങളെ കൂട്ടായി ചെറുക്കണം. അതിനുള്ള ശ്രമങ്ങൾ നടത്താൻ നമ്മൾ എല്ലാവരും ബാധ്യസ്ഥരാണ്.