വഴിയിൽ പ്രസവിക്കാൻ വിധിക്കപ്പെട്ടവൾ “വഴിനീളെ പ്രസവിക്കുന്ന” വളാകുമ്പോൾ

കുറച്ചു നാളുകൾക്കു മുൻപ് കേരളത്തിലെ അത്യാവശ്യം ഒറ്റപ്പെട്ട ഒരു ആദിവാസി കോളനിയിൽ പോയിരുന്നു. അവിടുത്തെ അന്തേവാസികളുടെ ജീവിതത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും മനസിലാക്കുകയായിരുന്നു പ്രധാന ലക്‌ഷ്യം. അവിടെ നിന്നാണ് വർഷത്തിലെ മിക്കവാറും എല്ലാ ദിവസവും റേഷൻ അരി ചോറും മുളകുപൊടി ചമ്മന്തിയും മാത്രം കഴിക്കുന്ന കുടുംബങ്ങളെയും, അനീമിക് ആയിട്ടുള്ള ഗർഭിണികളെയും, പ്രസവത്തിനു ഗവണ്മെന്റ് ഹെൽത്ത് സ്ഥാപനങ്ങളേക്കാൾ സ്വന്തം കമ്മ്യൂണിറ്റിയിലെ ആയയെ വിശ്വസിക്കുന്ന സ്ത്രീകളെയും ഒക്കെ കണ്ടു സംസാരിക്കാൻ ഇട വന്നത്. അമ്മയുടെ ആവർത്തിച്ചുണ്ടാകുന്ന ഗർഭം മൂലവും അനീമിയ മൂലവും മരണപ്പെടുന്ന കുഞ്ഞുങ്ങളും ആ കോളനിയിൽ കുറവല്ല. ഞാൻ ചെല്ലുന്നതിന്റെ തലേന്ന് രാത്രി പ്രെഗ്നൻസി കോമ്പ്ലിക്കേഷൻ മൂലം ഒരു സ്ത്രീയെ മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു. കാടിനോട് അടുത്ത പ്രദേശമായതിനാൽ വാഹനങ്ങൾക്ക് വരാൻ കഴിയുന്നതിനു പരിമിതി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ കോളനിയിലെ ആണുങ്ങൾ രണ്ടു വിറകിൽ ചാക്ക് കെട്ടി അതിൽ രോഗിയെ കിടത്തി ചുമലിലേന്തി മൂന്നു കിലോ മീറ്ററോളം നടന്നാണ് ആ സ്ത്രീയെ ഫോറെസ്റ്റ് ഓഫീസർമാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. വേറൊരു സാഹചര്യത്തിൽ ഒരു ജില്ലാ ഓഫീസറുമായിട്ടു സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതു കൊണ്ട് ഒരു സ്ത്രീയെ പുറത്തു വന്ന കുട്ടിയുടെ തലയോട് കൂടി മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നിട്ടുണ്ടെന്നാണ്.
ഇന്നലെ വൈകുന്നേരം മാതൃഭൂമിയിലെ വാർത്ത കണ്ടപ്പോൾ അതെഴുതിയ ലേഖകന്റെയും പത്രത്തിന്റെയും വികാരരാഹിത്യത്തെ പറ്റി ഓർത്ത് ദുഃഖവും, നിലവാരമില്ലാത്ത മാധ്യമ പ്രവർത്തനത്തോട് പുച്ഛവും തോന്നിയതോടൊപ്പം എന്റെ മനസിലൂടെ കടന്നു പോയത് ഒരു പാട് ചോദ്യങ്ങളാണ്. ആ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ വൈകുന്ന ഓരോ നിമിഷവും അരികുവല്കരിക്കപ്പെട്ടവരുടെ ഇടയിൽ മരിക്കുന്ന കുഞ്ഞുങ്ങൾക്കും അമ്മമാർക്കും നമ്മളും ഉത്തരവാദികളാണ്. ആദിവാസി വിഭാഗത്തിൽ പെട്ട എല്ലാവരുടെയും അവസ്ഥ ഒന്നല്ലെങ്കിൽ കൂടിയും മിക്കവാറും പബ്ലിക് ഹെൽത്ത് സെന്ററുകൾ/ ആശുപത്രികൾ എന്നിവ ആദിവാസികൾ ചികിത്സക്കായോ പ്രസവത്തിനായോ തിരഞ്ഞെടുക്കുന്നില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്. അതിനു കാരണമായി ഞാൻ കണ്ട സമൂഹത്തിലെ അന്തേവാസികൾ പറഞ്ഞത് അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ദൂരവും, പേടിയും മൂലമാണ് അവർ അവിടേയ്ക്കു പോകാൻ മടിക്കുന്നതെന്നാണ്.
ഒരു ജില്ലയിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ പ്രൈമറി ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, താലുക്ക് ആശുപത്രി, ജനറൽ ആശുപത്രി, ജില്ല ആശുപത്രി എന്നിവയാണ്. മിക്കവാറും റെഫെറൽ നടക്കുന്നത് പ്രൈമറി ഹെൽത്ത് സെന്ററുകൾ തൊട്ടു മുകളിലോട്ടാണ്. അതായതു എല്ലാ സ്പെഷ്യാലിറ്റി സൌകര്യങ്ങളുമുള്ള ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ഒരു രോഗി എത്തിയാൽ അവർക്ക് വേണ്ട പരിചരണം കിട്ടേണ്ടതാണെന്ന് ചുരുക്കം. ഇവിടെ പക്ഷെ സംഭവിച്ചിരിക്കുന്നത് നേരെ തിരിച്ചാണ്. വയനാട്ടിലെ ആദിവാസി സ്ത്രീ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനു എത്തിയപ്പോൾ അവരെ മെഡിക്കൽ കോളെജിലേക്ക് റെഫർ ചെയ്യുകയും മെഡിക്കൽ കോളേജിലെക്കുള്ള യാത്രാ മദ്ധ്യേ ജില്ല ആശുപത്രിയെക്കാൾ കുറഞ്ഞ സൌകര്യമുള്ള ഇടങ്ങളിൽ പ്രസവിക്കേണ്ടി വരികയും ആണ് ചെയ്തിരിക്കുന്നത്. പ്രസവാസന്നയായ ഒരു സ്ത്രീയെ ഒന്ന് വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനക്ക് പോലും വിടാതെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യാൻ മാത്രം കോമ്പ്ളിക്കെഷൻ എന്തായിരുന്നു ? എന്ത് കൊണ്ടാണ് ഡോക്ടർക്കു പകരം നേഴ്സ് അവരെ പരിശോധിക്കേണ്ടി വരികയും റെഫർ ചെയ്യേണ്ടി വരികയും ചെയ്തത്? കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ പ്രസവത്തിനുള്ള സൗകര്യം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. എന്നിട്ടും എന്ത് കൊണ്ടാണ് ഈ യുവതിക്ക് പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ബാത്‌റൂമിൽ പ്രസവിക്കേണ്ടി വന്നത്? ജനറൽ ആശുപത്രിയിൽ സൗകര്യം എല്ലാം ഉണ്ടായിരുന്നിട്ടു കൂടി എന്ത് കൊണ്ടാണ് അവിടെ ജനിച്ച കുഞ്ഞും മരിച്ചു പോയത് ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു പക്ഷെ കൈ ചൂണ്ടുന്നത് ഇന്ന് കേരളത്തിന്റെ ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീർണമായിട്ടുള്ള പ്രശ്നങ്ങളായ മനുഷ്യ വിഭവശേഷി കുറവിലേയ്ക്കും അടിസ്ഥാന സൌകര്യങ്ങളില്ലായ്മയിലേക്കും കൂടി ആയിരിക്കും. ഇന്ന് പൊതു ആരോഗ്യ സ്ഥാപനങ്ങൾ പലതും ഡോക്ടർമാരുടെ അഭാവം മൂലം നിർജ്ജീവാവസ്ഥയിലാണ്. പ്രതിവർഷം ആയിരക്കണക്കിന് ഡോക്ടർമാർ കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്നുണ്ടെങ്കിലും എന്ത് കൊണ്ടാണ് ഇത്രയും മനുഷ്യ വിഭവശേഷിക്കുറവ് കേരളം നേരിടേണ്ടി വരുന്നതെന്ന് തുടങ്ങി ഒരുപാട് ചോദ്യങ്ങൾ സമൂഹം ചോദിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അതിനുത്തരം കണ്ടെത്തി കേരളത്തിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ ഇനിയും ഇത് പോലത്തെ സംഭവങ്ങൾ തുടരും. പക്ഷെ പൊതു ആരോഗ്യ സംവിധാനങ്ങളിൽ എന്തൊക്കെ വീഴ്ച ഉണ്ടെങ്കിലും സ്വകാര്യ സംവിധാനങ്ങൾ രക്ഷയ്ക്കുണ്ട് എന്ന അഹങ്കാരമാണ് മലയാളിയെ നയിക്കുന്നതെങ്കിൽ, സ്വകാര്യ ആശുപത്രികളുടെ പടിവാതിലോളം പോലും കടന്നു ചെല്ലാൻ കഴിയാത്ത, സമൂഹത്തിലെ അരികുവൽകരിക്കപ്പെട്ട ജനങ്ങൾ, ജീവന് വേണ്ടി മല്ലു പിടിക്കുമ്പോൾ പോലും ഒരിടത്ത് നിന്നും മറ്റൊരിടത്തെക്ക് അയക്കപ്പെട്ടുകൊണ്ടേ ഇരിക്കുകയും അത് വാര്ത്തയാക്കുന്ന മാധ്യമ രാജാക്കന്മാർക്ക് അവർ "വഴിനീളെ പ്രസവിക്കുന്നവരായി" മാറുകയും ചെയ്യും.
ഇത്രയും നിർവികാരമായി ആയി ഈ പ്രശ്നത്തെ കൈകാര്യം ചെയ്ത മാതൃഭൂമി പത്രം പരസ്യമായി മാപ്പ് പറയണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു. വയനാട്ടിലെ ആദിവാസി സ്ത്രീയെ പരിചരിക്കേണ്ടിയിരുന്ന ആരോഗ്യ കേന്ദ്രങ്ങൾക്ക് എന്ത് കൊണ്ടാണ് അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാൻ കഴിയാതിരുന്നതെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നും കരുതുന്നു.
The link to the Mathrubhumi article can be found here. Since the newspaper has removed the article from the link, the screen-shots to the article can be found here and here.