ആരോഗ്യരംഗത്തെ ചെറുവേരുകള്‍

കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. അതില്‍ നല്ലൊരു വിഭാഗം പുലരുമ്പോള്‍ നഗരങ്ങളിലേക്കു ചേക്കേറുന്നുണ്ടെങ്കിലും അവരുടെ ദൈനംദിനജീവിതം ഗ്രാമങ്ങളില്‍ തുടങ്ങുന്നു. അവര്‍ ഗ്രാമങ്ങളില്‍ അന്തിയുറങ്ങുന്നു. ആരോഗ്യസംപുഷ്ടവും സ്വസ്ഥവുമായ ഗ്രാമജീവിതത്തെ താത്കാലികമായെങ്കിലും ഈയിടെയുണ്ടായ സാംക്രമികരോഗങ്ങള്‍ അലോസരപ്പെടുത്തിയിട്ടുണ്ട്. ഈ രോഗങ്ങളില്‍ മിക്കതും കൊതുകുകള്‍ പരത്തുന്നതു കൊണ്ടു തന്നെ, വര്‍ദ്ധിച്ചു വരുന്ന കൊതുകുശല്യവും അവയുടെ പ്രഭവകേന്ദ്രമായ മാലിന്യകൂമ്പാരങ്ങളുടെ സംസ്കരണവും കുടുതല്‍ പ്രസക്തിയാര്‍ജിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ നഗരത്തിലെ കച്ചവടാശുപത്രികളുടെയോ നഗരാതിര്‍ത്തികളിലുള്ള സ്വകാര്യ മെഡിക്കല്‍കോളേജുകളുടെയോ ഇടപെടല്‍ തികച്ചും ഉപരിപ്ലവം മാത്രമാണ്. അത്യന്താധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ലാതെ, ചുറ്റുപാടുകളെ ജാഗരൂകരായി വീക്ഷിക്കാനും, ആത്മാര്‍ത്ഥതയോടെ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധനടപടികള്‍ അമാന്തമില്ലാതെ സ്വീകരിക്കാനും സജ്ജരായ ഒരു കൂട്ടം മനുഷ്യരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ചുക്കാന്‍ പിടിക്കുന്നത്.

സംസ്ഥാന ആരോഗ്യവകുപ്പില്‍ ഇക്കൂട്ടരുടെ പേര് Multipurpose Health Worker എന്നാണ്. ഇവരില്‍ പൊതുവെ സ്ത്രീകളായ Junior Public Health Nurse(JPHN) മാരും പൊതുവെ പുരുഷന്‍മാരായ Junior Health Inspector(JHI) മാരും ഉള്‍പ്പെടുന്നു. "ഫീല്‍ഡ് സ്റ്റാഫ്" എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ (Primary Health Center - PHC) കീഴിലുള്ള പ്രദേശത്തെ തുല്യമായി വീതിച്ചു നല്‍കിയിരിക്കുന്നു. കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം (Community Health Center - CHC), താലൂക്കാശുപത്രി, ജില്ലാ ആശുപത്രി എന്നിങ്ങനെയുള്ള ചതുര്‍തല ആശുപത്രിസംവിധാനത്തിലെ ഏറ്റവും അടിസ്ഥാനതലമാണല്ലോ ഒട്ടുമിക്ക ഗ്രാമങ്ങളിലും സജീവമായ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍. ഓരോ PHC പരിധിയിലും PHC സബ്സെന്‍റ്റര്‍ എന്ന പേരില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ ഫീല്‍ഡ് സ്റ്റാഫിന് അവരുടെ സേവനം ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ വേണ്ടിയുള്ളതാണ്. ചട്ടപ്രകാരം JPHN-മാര്‍ സബ്സെന്ററില്‍ താമസിക്കേണ്ടതാണ്.

2007 മുതലാണ് മഴക്കാലത്ത് ഡെങ്കുപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ കേരളത്തില്‍ പടര്‍ന്നു പിടിച്ചു തുടങ്ങിയത്. എന്നാല്‍ മഴക്കാലപൂര്‍വ ശുചീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും വഴി ഈ സാംക്രമിക രോഗങ്ങളില്‍ നിന്നു കേരളത്തിലെ ഗ്രാമങ്ങളെ സംരക്ഷിച്ചു നിര്‍ത്താന്‍ നമുക്കിന്നു സാധിച്ചിരിക്കുന്നു. വളരെ സന്തുലിതമായും ശാസ്ത്രീയമായും നടത്തിയ ഈ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം അവയിലെ പൊതുജനപങ്കാളിത്തമാണ്. റബ്ബര്‍ തോട്ടങ്ങളാല്‍ നിറഞ്ഞ മലയോരഗ്രാമങ്ങളിലും കമുകിന്‍ തോട്ടങ്ങളാല്‍ നിറഞ്ഞ വടക്കന്‍ മേഖലകളിലും നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. വീടായ വീടുകളെല്ലാം കയറി വെള്ളം കെട്ടികിടക്കുന്ന ചിരട്ടകളും കുമുകിന്‍പാളകളും കമിഴ്ത്തിയും ചെറുവെള്ളക്കെട്ടുകളില്‍ പോലും മണ്ണെണ്ണ തൂകിയും കൊതുകുകളുടെ പ്രഭവകേന്ദ്രത്തെ നശിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ശാസ്ത്രീയമായി അളക്കുന്ന പ്രവര്‍ത്തനങ്ങളും സമാന്തരമായി ഇവര്‍ തന്നെ നടത്തുന്നു. ഓരോ വീട്ടിലും നേരിട്ടുള്ള പരിശോധന (Vector Surveilleance study) നടത്തി ലഭിക്കുന്ന വിവരങ്ങളെ House Index, Container Index, Britto Index, Aedes Aegypti Vector Index എന്നിങ്ങനെ ഗ്രാമതലത്തിലുള്ള സൂചികകളിലേക്കു മാറ്റുന്നു. ഈ സൂചികകളെല്ലാം പടിപടിയായി മെച്ചപ്പെട്ട് ഇന്നു മഴക്കാല കൊതുകുജന്യസാംക്രമികരോഗങ്ങള്‍ നമ്മുടെ നിയന്ത്രണ വരുതിയില്‍ ആയിരിക്കുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ ഡെങ്കുപ്പനി-ചിക്കന്‍ ഗുനിയ സീസണ്‍ കൊയ്തുകാലമായി ആഘോഷിച്ചപ്പോഴാണ്, പല ഗ്രാമങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ അടിസ്ഥാനപ്രവര്‍ത്തനങ്ങളിലൂടെ പൊതുജനാരോഗ്യത്തെ സംരക്ഷിച്ചു നിര്‍ത്തിയത്.

സാംക്രമികരോഗങ്ങളുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പറ്റി പ്രതിപാദിക്കുമ്പോള്‍ തന്നെ ഒരിക്കലും വിസ്മരിക്കപ്പെട്ടു കൂടാത്തതാണ് PHC സബ്സെന്റര്‍ വഴി ഫീല്‍ഡ് സ്റ്റാഫ് നല്കുന്ന ദൈനംദിന സാമൂഹികാരോഗ്യസേവനങ്ങള്‍. ഇത്തരം സേവനങ്ങള്‍ ഉള്‍ഗ്രാമങ്ങളില്‍ ഏറെ വിലപ്പെട്ടതാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗര്‍ഭിണികളുടെയും കുട്ടികളുടെയും സംരക്ഷണം. ജനനത്തിനു മുന്‍പ് തന്നെ തുടങ്ങുന്നു ഈ പ്രവര്‍ത്തനങ്ങള്‍. അമ്മയുടെയും ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെയും ആരോഗ്യസംരക്ഷണത്തിന് സഹായകമായ ഫോളിക് ആസിഡ് ഗുളികകളും കാല്‍സ്യം ഗുളികകളും അയണ്‍ ഗുളികകളും ഗര്‍ഭിണികളുള്ള ഓരോ വീട്ടിലും ഇവര്‍ എത്തിക്കുന്നു. ആശുപത്രി സേവനം ലഭ്യമല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ മിനിമം ജീവരക്ഷാമരുന്നുകളുടെ സഹായത്തോടെ പ്രസവമെടുക്കാനുള്ള പരിശീലനം സിദ്ധിച്ചവരാണവര്‍. ഓരോ ജനനവും (ഒപ്പം മരണവും) രജിസ്റ്റര്‍ ചെയ്യിക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ നിര്‍വഹിക്കുന്നു. ജനനശേഷം നല്കേണ്ട പ്രതിരോധകുത്തിവെയ്പുകള്‍ നിര്‍ദ്ദിഷ്ട ചാര്‍ട് പ്രകാരം നല്കപെട്ടു എന്നു കണക്കു വച്ചു ഉറപ്പു വരുത്തുന്നതും ഇവര്‍ തന്നെയാണ്. എല്ലാ മാസവും നിശ്ചിത ദിവസങ്ങളില്‍ പ്രതിരോധകുത്തിവെയ്പു ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ നിത്യതൊഴിലാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന മറ്റൊരു പ്രവര്‍ത്തനം കുടുംബാസൂത്രണവുമായി ബന്ധപ്പെട്ടതാണ്. പുത്തന്‍ കുടുംബാസൂത്രണമാര്‍ഗങ്ങളെ കുറിച്ച് പരിശീലനവും ബോധവല്കരണവും നടത്തുക മാത്രമല്ല അവ ഉപയോഗിക്കുന്നുവെന്നു ഉറപ്പു വരുത്തുകയും ചെയ്യുന്നു ഇവര്‍. രക്താതിസമ്മര്‍ദ്ദത്തിനുള്ള ക്ലിനിക്കിന്റെയും നേരിട്ടുള്ള നിരീക്ഷണത്തില്‍ നല്കുന്ന ക്ഷയരോഗചികിത്സയുടെയും മേല്‍നോട്ടവും ഇവര്‍ നിര്‍വഹിക്കുന്നു.

പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഇത്തരം ചെറുവേരുകളാണ് നമ്മുടെ ആരോഗ്യവടവൃക്ഷത്തെ കടപുഴകാതെ സൂക്ഷിക്കുന്നത്. സ്വന്തം പ്രദേശത്ത് ഒരു ക്ഷയരോഗിയെ കണ്ടെത്തിയാല്‍, ഒരു അര്‍ബുദരോഗിയെ കണ്ടെത്തിയാല്‍, എവിടെയെങ്കിലും ഒരു സാംക്രമികരോഗലക്ഷണം കണ്ടാല്‍ അറിയാതെ വാടുന്ന മുഖമുള്ള, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, അവരെ സാന്ത്വനവും മരുന്നുമായി സമീപിക്കുന്ന ഇവരുടെ നിസ്തുലസേവനത്തിനു മുന്‍പില്‍ നമുക്കു കൈ കൂപ്പാം.