നേര്‍ക്കാഴ്ചകള്‍: അടുക്കളയിലെത്തിയ തെയ്യം

പയ്യന്നൂര്‍ കോളേജിന്റെ "എന്റെ തങ്കത്തിന്.." എന്ന 2010 കോളേജ് മാഗസിനില്‍ "നാല് പെണ്ണുങ്ങള്‍" എന്ന പംക്തിയില്‍ വന്ന ലേഖനം. തയ്യാറാക്കിയത് മൂന്നാം വര്‍ഷ ബി.എ. മലയാളം വിദ്യാര്‍ത്ഥികളായ സി. എച്ച്. മനു, റഷീദ് കുമാര്‍, ഗംഗേഷ്.

ഉത്തരകേരളത്തില്‍ ദേവതാരൂപം ധരിച്ചു നടത്തുന്ന നൃത്ത പ്രധാനമായ ഒരു ആരാധനാ രൂപമാണ് തെയ്യം. കലാ നിര്‍വഹണത്തിലൂടെയുള്ള ദേവതോപാസനയായാണത്. ഭൂതങ്ങള്‍, മൃഗ-നാഗദേവതകള്‍, യക്ഷ-ഗന്ധര്‍വാദികള്‍ തുടങ്ങി നിരവധി ദേവതകളുടെ സങ്കല്പത്തില്‍ തെയ്യങ്ങളുണ്ട്. ഒരു പരിധിവരെ അവയെല്ലാം തന്നെ കെട്ടിയാടുന്ന കോലക്കാരന്‍ പുരുഷനാണ്. എന്നാല്‍ സ്ത്രീ തന്നെ കെട്ടിയാടുന്നു എന്നതാണ് 'ദേവതാ കൂത്ത്' എന്ന അനുഷ്ഠാനത്തിന് പ്രാധാന്യമേറ്റുന്നത്. തെക്കുമ്പാട് തായക്കാവില്‍ ദേവതാക്കൂത്ത് (ദേവകൂത്ത്) അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച പഴയങ്ങാടി മാടായിയിലെ ലക്ഷ്മിയമ്മ ജീവിതം പറയുന്നു. 

ദേവകൂത്തിന്റെ ഐതിഹ്യം?

സ്ത്രീ തെയ്യമാണ്‌ ദേവകൂത്ത്. തെക്കുമ്പാട് എന്ന സ്ഥലത്ത് 'തായ്ക്കാവി' ലാണ് കെട്ടിയാടുന്നത്‌. ഇത് ദ്വീപു മാതിരിയുള്ള സ്ഥലമാണ്. ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട, ചൂരല്‍ക്കാടുകള്‍ നിറഞ്ഞ സ്ഥലം. പണ്ട് ഇവിടം പൂങ്കാവനമായിരുന്നു എന്നാണു ഐതിഹ്യം. അവിടെ അപ്സരസുകള്‍ പൂപറിക്കാന്‍ വരുമായിരുന്നു. പരസ്പരം ശ്രദ്ധിക്കാതെ ഒരാള്‍ മാത്രം അവിടെ ബാക്കിയായി. മറ്റുള്ളവര്‍ ദേവലോകത്തു തിരിച്ചു പോയി. ഇവിടെ ഒറ്റപ്പെട്ട സ്ത്രീയെ 'കുച്ചില്‍' കെട്ടി താമസിപ്പിച്ചു. ഇവള്‍ക്ക് ദേവലോകത്തേക്ക് മടങ്ങിപ്പോകണമെങ്കില്‍ വസ്ത്രം വേണം. അതിനായി നാരദനെ വസ്ത്രവും കൊണ്ട് ഭൂമിയിലേക്കയച്ചു. നാരദന്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍ ധരിച്ചു പുണ്യാഹം തളിച്ച് ധനുമാസം അഞ്ചാം തീയ്യതി തിരിച്ചു പോയി. അപ്പോള്‍ ഭൂമിയില്‍ തങ്ങിയതിനുള്ള നന്ദി  പ്രകടിപ്പിക്കാനായി ചുറ്റുവട്ടത്തുള്ളവരെ അനുഗ്രഹിച്ചു. ഇതാണ് 'ദേവകൂത്തായി' മാറിയത്.  

ദേവകൂത്തിനു കൂത്ത് എന്ന അനുഷ്ഠാന കലയുമായി ബന്ധമുണ്ടോ.? ഏതു സമുദായമാണ് ഇത് കെട്ടുന്നത്?

കൂത്ത് പറയുന്ന രീതിയില്‍ തന്നെയാണ് ഇത് അവതരിപ്പിക്കുന്നത്. തെയ്യം എന്ന് പറയാന്‍ പറ്റില്ല. മലയ, പെരുവണ്ണാന്‍ സമുദായമാണ് അവതരിപ്പിക്കുന്നത്. 

എത്ര വര്‍ഷമായി ദേവകൂത്ത് അവതരിപ്പിക്കുന്നു?

ഇപ്പോള്‍ അറുപത്തഞ്ചു വയസ്സായി. ആറു വര്‍ഷമായി അവതരിപ്പിക്കുന്നുണ്ട്. 

ദേവകൂത്ത് അവതരിപ്പിക്കുന്നതിനു മുന്‍പുള്ള തയ്യാറെടുപ്പുകള്‍? 'സ്ത്രീ' എന്ന പല പരിമിതികളും ഉണ്ടല്ലോ?

നാല്പത്തൊന്നു ദിവസത്തെ വ്രതം, ഇഷ്ടപെട്ടിടത്തുനിന്ന് ഭക്ഷണം കഴിക്കും.   ധനു മാസം മൂന്നാം തിയതി വീട്ടില്‍ നിന്നിറങ്ങും. വെള്ള വസ്ത്രം ധരിക്കും. ആഭരണങ്ങള്‍ അണിയും. ആയിരം തെങ്ങ് അരയാല്‍ത്തറയില്‍ മൂന്നു വട്ടം പ്രദക്ഷിണം വെക്കും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നിറനാഴി, ഗ്രന്ഥം, ഓലക്കുട, തളിക, പുഷ്പങ്ങള്‍ എന്നിവ എടുക്കും. അരയാല്‍ത്തറയിലെത്തിയാല്‍ കൊണ്ട് പോയ സാധനങ്ങളെല്ലാം തറയില്‍ വെക്കും. അതിനുശേഷം 'വല്ലുവക്കറുപ്പന്‍' ചങ്ങാടത്തില്‍ കൂട്ടാന്‍ (കൊണ്ട് പോകാന്‍) വരും. അങ്ങനെ തെക്കുമ്പാടെത്തി കൂത്ത് അവതരിപ്പിക്കും.

ദേവകൂത്ത് അവതരിപ്പിക്കാനുള്ള അവകാശം പാരമ്പര്യമായി കിട്ടുന്നതാണോ?

ചിറക്കല്‍ തമ്പുരാന്‍ കല്പിച്ചു കൊടുത്തതാണത്. ഇടക്കേപ്പുറം പള്ളിയറതറവാട്ടിലെ 'വടക്കന്‍ കൂറന്‍' എന്ന സ്ഥാനികനാണ് സ്ത്രീ തെയ്യം കെട്ടാന്‍ ചിറക്കല്‍ തമ്പുരാന്‍ കല്പിച്ചു കൊടുത്തത്. ആചാരപ്രകാരം ദേവകൂത്ത് കഴിക്കുന്ന സ്ത്രീ വടക്കന്‍ കൂറന്റെ ഭാര്യ അല്ലെങ്കില്‍ ആ തറവാട്ടില്‍ വിവാഹിതയായി എത്തുന്ന ഇണങ്ങത്തി സ്ത്രീ ആയിരിക്കും.രണ്ടാനവകാശം മൂത്ത 'ചെറുകുന്നോ'നാണ്. വടക്കന്‍ കൂറന്റെ ഭാര്യക്ക്  'പുല'യോ 'വാലായ്മ'യോ ഉണ്ടെങ്കില്‍ രണ്ടാനവകാശിയാണ് അവതരിപ്പിക്കുക. ഇങ്ങനെ വന്നു ചേര്‍ന്ന ഒരു അവകാശമാണ് എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. 

ദേവകൂത്ത് അവതരിപ്പിച്ചപ്പോഴുള്ള അനുഭവം എന്തായിരുന്നു? അവതരിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ എന്ത് തോന്നി?

പത്തു വര്‍ഷം മുന്‍പ് വടക്കന്‍ കൂറന്‍ എത്തിയിട്ടില്ലാത്തത് കൊണ്ടാണ് എന്റെ ഭര്‍ത്താവില്‍ (കേളുപ്പണിക്കര്‍) അവകാശം വന്നു ചേര്‍ന്നത്. ഇവിടെ വന്നു പറഞ്ഞു കേട്ടപ്പോള്‍ കരഞ്ഞു പോയി. മനുഷ്യസ്ത്രീ എന്നതില്‍ നിന്നും ദൈവീകമായ രീതിയിലേക്കുള്ള മാറ്റം  പെട്ടന്ന് അംഗീകരിക്കാനാവില്ല. മുന്‍പ് അങ്ങിനെ ഒരനുഭവം ഇല്ല. പിന്നീട് ഭര്‍ത്താവ് കാര്യങ്ങള്‍ പറഞ്ഞു തന്നു. തെയ്യത്തിന്റെ വാചാലുകള്‍ പഠിപ്പിച്ചു. മറക്കാനാകാത്ത അനുഭവം, കഴിഞ്ഞതവണ ദേവകൂത്ത് അവതരിപ്പിക്കാന്‍ പോയത് രണ്ടു കാലിനും വയ്യാതെയാണ്. പക്ഷെ അവിടെ എത്തിയപ്പോള്‍ എല്ലാം ശമിച്ചു. ഒരു 'ശക്തി' അവിടെ ഉണ്ടെന്ന് വിശ്വസിക്കുന്നു.

ആടയാഭരണങ്ങള്‍ എന്തൊക്കെയാണ്? അതുപോലെ ഇതിന്റെ പുറപ്പാടിനെ പറ്റി പറയാമോ?

ഒരു പത്തു പതിനൊന്നു മണിയാകുമ്പോഴാണ് തെയ്യം ഇറങ്ങുക. പതിനൊന്നു മണിക്ക് ശേഷം 'തായ്പ്പരദേവത'യ്ക്കു 'വാല്‍' എഴുന്നള്ളിക്കണമെങ്കില്‍ ദേവകൂത്ത് അവസാനിച്ച് അടിച്ചുതളി കഴിയണം. ആ സമയത്ത് മറ്റു തെയ്യങ്ങളൊക്കെ അവിടെ ഉണ്ടാകും. തെയ്യത്തിന്റെ ആടയാഭരണങ്ങള്‍ ഇവയാണ് : തലയില്‍ - തൊപ്പാരം, തലപ്പാളി, ചുയിപ്പ്, തലപ്പൂ, കഴുത്തില്‍ - പൌവ്വം, സ്വര്‍ണ്ണമാല, കൈയ്യില്‍ - കടകം, കാലില്‍ - ചിലങ്കയ്ക്ക് പകരം പാദസരം, അരയില്‍ - വെളിമ്പല്‍. 

ദേവകൂത്തിന് മറ്റു തെയ്യങ്ങളില്‍ നിന്നുള്ള വ്യത്യാസം എന്താണ്? ദക്ഷിണ സ്വീകരിക്കല്‍, ഭക്തരുടെ അപേക്ഷ പറയല്‍ ഇതൊക്കെ എങ്ങനെയാണ്?

ദേവകൂത്ത് സ്ത്രീ തെയ്യമാണല്ലോ. മറ്റു തെയ്യങ്ങളെ പോലെ 'ഉറയല്‍' വേണ്ട. കുറിക്കൊടുക്കല്‍, ദക്ഷിണ സ്വീകരിക്കല്‍, ഭക്തരുടെ അപേക്ഷ കേള്‍ക്കല്‍ ഇവയൊന്നും ഇല്ല. ഭക്തരുമായി സംസാരിക്കാറില്ല. ആകെ ഒരു വേഷം മാത്രം. ദേവസ്ത്രീയാണല്ലോ. അതുകൊണ്ട് ആയുധങ്ങളും ഇല്ല. 

ദേവകൂത്ത് നടത്തുമ്പോള്‍ കാവിലെ അന്തരീക്ഷം എങ്ങനെയാണ്?

ആ സമയം ഞാന്‍ മാത്രമല്ല നാരദനും ഉണ്ടാകും എന്നാണ് ഐതിഹ്യം. നാരദനാണല്ലോ വസ്ത്രം കൊണ്ട് വരുന്നത്. ചെറിയ കുട്ടികളാണ് നാരദനാവുക. കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ മുതിര്‍ന്നവര്‍ കെട്ടു. കഴിഞ്ഞ തവണ എന്റെ ചെറുമകനാണ് വേഷമിട്ടത്. 

ശാരീരിക പരിമിതികള്‍ ഉണ്ടെന്നു പറഞ്ഞു. ഇനി പിന്‍ തലമുറയില്‍ ആരാണ് ഇത് ചെയ്യേണ്ടത്?

ഇതുവരെ തീരുമാനിച്ചിട്ടില്ല.ഒന്നാം അവകാശിയില്‍ ഒരുപാട് 'ഇണങ്ങത്തി' മാരുണ്ട്. അവര്‍ വരണം, പക്ഷെ പലര്‍ക്കും പേടിയാണ്. ദൈവീകമായ രീതിയിലേക്ക് മാറുമ്പോള്‍ തന്നെക്കൊണ്ടാകുമോ എന്നഭയം.  ഇത് നിലനിന്നു പോകണമെന്നാണ് ആഗ്രഹം.