സിക്കാ രോഗത്തെ പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഫെബ്രുവരി 2016 ഉണർന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെയാണ്. അമേരിക്കൻ ഭൂഖണ്ഡത്തിൽ സിക്കാ വൈറസ് പടർന്ന് പിടിച്ചതും അതിനോടനുബന്ധിച്ച് കൂടുതലായി കാണപെട്ട നാഡീഞരമ്പുകളുടെ അസുഖങ്ങളും ജന്മനാലുള്ള വൈകല്യങ്ങളുമാണ് ഈ പ്രഖ്യാപനത്തിന് പിന്നിൽ.

എന്താണ് സിക്കാ രോഗം?

സിക്കാ ഒരു വൈറസിന്റെ പേരാണ്. ഡെങ്കി, വെസ്റ്റ്‌ നൈൽ, യെല്ലോ ഫീവർ മുതലായ അസുഖങ്ങൾക്ക് ഹേതുവായ വൈറസുകൾ അടങ്ങുന്ന ഫ്ലാവീ വൈറസ് (flavivirus) കുടുംബത്തിലെ ഒരംഗമാണ് സിക്കാ വൈറസ്. 1947-ൽ ഉഗാണ്ടയിൽ കണ്ടുപിടിക്കപെട്ട ഈ വൈറസ് തുടർന്ന് ഒറ്റയും തെറ്റയുമായി ആഫ്രിക്ക, അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിൽ സിക്കാ രോഗമുണ്ടാക്കിയതായി റിപ്പോർട്ടുണ്ട്. 80% വ്യക്തികളിലും സിക്കാ അണുബാധ ലക്ഷണങ്ങളൊന്നും കൂടാതെ തന്നെ കടന്നു പോകുകയാണ് പതിവ്. ലക്ഷണങ്ങൾ ഉണ്ടാകുന്ന 20% പേരിലും പനിയായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഡെങ്കി, ചിക്കുൻഗുന്യ എന്നീ അസുഖങ്ങൾ പടർത്തുന്ന എയ്ഡിസ് കൊതുകുകളാണ് സിക്കാ വൈറസിന്റേയും വാഹകർ.

പനി, ശരീരവേദന, തലവേദന, സന്ധിവേദന, ശരീരത്തിലെ തിണർപ്പ് (rash), ചെങ്കണ്ണ് എന്നിവയാണ് സിക്കായുടെ സാധാരണ ലക്ഷണങ്ങൾ. 4-7 ദിവസങ്ങൾ കൊണ്ട് സ്വയം നിയന്ത്രിതമാകുന്ന തീവ്രതയില്ലാത്ത അസുഖമായാണ് സിക്കാ രോഗം കാണപ്പെടാറ്. ലക്ഷണങ്ങൾക്ക് പുറമേ ചില രക്തപരിശോധനകളും സിക്കാ വൈറസ്ബാധ സ്ഥിരീകരിക്കാൻ ഉപയോഗിക്കാറുണ്ട്. ആവശ്യമായ വിശ്രമം, വേണ്ടത്ര വെള്ളം കുടിക്കുക, പനിക്കും വേദനക്കും മറ്റുമായ് പാരസിറ്റാമോൾ ഗുളിക എന്നിവ മാത്രമാണ് സിക്കാ വൈറസ് രോഗത്തിന് വേണ്ട ചികിത്സ.

സവിശേഷമായ വൈറസ് വിരുദ്ധ മരുന്നുകളൊ സിക്കാ വൈറസ് വാക്സിനുകളൊ ഇത് വരെ ലഭ്യമല്ല. (ഈ ലേഖനമെഴുതുമ്പോൾ ഇന്ത്യയിൽ ഹൈദരാബാദ് ഭാരത്‌ ബയോടെക് ലിമിറ്റഡിലെ ശാസ്ത്രജ്ഞർ സിക്കാ വാക്സിൻ വികസിപ്പിച്ചതിന്റെ ആശാവഹമായ വിവരങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും അവ പുനഃപരിശോധനക്കു വിധേയമാക്കി ആഗോള അംഗീകാരം നേടുന്നതിനു കൂടുതൽ സമയം വേണ്ടി വന്നേക്കാം)

എന്തിനിപ്പോൾ ആഗോള അടിയന്തരാവസ്ഥ?

രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പടരാനുള്ള സാധ്യതയും സിക്കാ വൈറസിന്റെ ഈ പുതിയ അവതാരത്തിന് കൽപ്പിക്കപെടുന്നു.

2014-ന് മുമ്പ് വരെ താരതമ്യേന മിതമായ ഒരു അസുഖമായി കരുതപ്പെട്ടിരുന്ന സിക്കാ വൈറസ് രോഗമാണ് ഇപ്പോൾ ലോക ശ്രദ്ധ ആകർഷിച്ചിട്ടുള്ളത്. 2014 ൽ ശാന്ത സമുദ്ര ദ്വീപുകളായ ഫ്രഞ്ച് പോളിനേഷ്യയിൽ സിക്കാ വൈറസ് പ്രസരണവുമായ് ബന്ധപെട്ട് ഗില്ലൻ ബാരി സിൻഡ്രോം (GBS) എന്നാ തീവ്രതയേറിയ തളർവാതം ചില രോഗികളിൽ കാണപ്പെട്ടു. 2015 ഓടെ ബ്രസീൽ ഉൾപ്പടെയുള്ള മധ്യ-ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ സിക്കാ അണുബാധ തനത് ഉറവിടങ്ങളിൽ നിന്ന് പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഒക്ടോബർ 2015 ൽ ബ്രസീലിന്റെ ഉത്തര പൂർവ്വ സംസ്ഥാനങ്ങളിൽ അസാധാരണമാം വിധം വർദ്ധിച്ചു വന്ന മൈക്രോസെഫാലി (ചെറിയ തലയുള്ള) കുഞ്ഞുങ്ങളുടെ എണ്ണവും മറ്റ് ജന്മനാലുള്ള വൈകല്യങ്ങളുമാണ് സിക്കാ വൈറസിനെ സംശയത്തിന്റെ മുനയിൽ കൊണ്ടു വന്നത്. തുടർന്നുള്ള പഠനങ്ങളിൽ ഇവരിൽ പലരിലും അമ്മമാർക്ക് ഗർഭാവസ്ഥയിൽ സിക്കാ അണുബാധയുണ്ടായിട്ടുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടു. പല പഠനങ്ങളിലും സിക്കാ വൈറസ് ഗർഭാവസ്ഥയിലുള്ള ആമ്നിയോട്ടിക് ദ്രാവകങ്ങളിൽ നിന്നും, മരണപ്പെട്ട കുഞ്ഞുങ്ങളുടെ ശരീരത്തിൽ നിന്നും മറ്റും വേർതിരിക്കപ്പെട്ടിട്ടുണ്ട്.

വ്യക്തമായ കാര്യകാരണ ബന്ധം ഉറപ്പിക്കാൻ കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇത് വരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യാപകമായ മഹാമാരിയായി പരിണമിക്കുന്നത് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പഠനങ്ങളും നിരീക്ഷണങ്ങളും പുതിയ ചില വിവരങ്ങൾ നമുക്ക് തരുന്നുണ്ട്. രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പടരാനുള്ള സാധ്യതയും സിക്കാ വൈറസിന്റെ ഈ പുതിയ അവതാരത്തിന് കൽപ്പിക്കപെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?

xdfdfd

സിക്കാ വൈറസ് രോഗം പടർന്ന രാജ്യങ്ങളിലേക്കുള്ള യാത്ര, പ്രത്യേകിച്ച് ഗർഭിണികളുൾപ്പെടുന്നവർ, ഒഴിവാക്കണമെന്ന നിർദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. അഥവാ യാത്ര ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ കൊതുക് കടിയേൽക്കാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും നാം കൈ കൊള്ളേണ്ടതുണ്ട്. പരമാവധി ശരീരം മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുകയും, കൊതുക് വലകളുടേയും അംഗീകൃത കൊതുക് പ്രതിഘാതികളുടെയും (mosquito repellent) മറ്റും ഉപയോഗവും, വലകളും മറ്റും പിടിപ്പിച്ച ജനൽ-വാതിലുകളുള്ള മുറികളിലെ താമസവുമൊക്കെ കൊതുക് കടിയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളായി നമുക്ക് ഉപയോഗപ്പെടുത്താം.

സിക്കാ വൈറസ് പടർച്ചയുള്ള രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള വ്യക്തികൾ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടുകയും കൊതുക് കടി പരമാവധി ഒഴിവാക്കുകയും വേണം. കൊതുക് വളർച്ച തടയാൻ ചുറ്റുപാടുമുള്ള വെള്ളക്കെട്ടുകൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇല്ലാതാക്കുന്ന പ്രവർത്തനവും രോഗം പടരുന്നത്‌ തടയാൻ സഹായിക്കും.

സിക്കാ വൈറസ് വാഹകരായ എയ്ഡിസ് കൊതുകകള്‍ അധികമായി കാണപ്പെടുന്ന ലോകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതിനാല്‍ തന്നെ രോഗപ്രതിരോധ മാര്‍ഗങ്ങളില്‍ നാം അധിക ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ട്.

നമ്മൾ പഠിക്കേണ്ട പാഠങ്ങൾ എന്തൊക്കെ?

കഴിഞ്ഞ ചില ദശാബ്ദങ്ങളിൽ തുടർച്ചയായി ആഗോളതലത്തിൽ തന്നെ ഒരുപാടു മഹാമാരികൾ പടരുകയുണ്ടായി. ആഗോളീകൃത ലോകവും, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ഇവയുടെ വ്യാപനം സുഗമമാക്കിയിട്ടുണ്ടാകാം. എന്നാൽ ഇവയിൽ കുറെ അസുഖങ്ങളെങ്കിലും അനിയന്ത്രിതമായതും, പ്രകൃതിയെ തീർത്തും അവഗണിച്ച് ലാഭേച്ഛ മാത്രം ലാക്കാക്കിയിട്ടുള്ളതുമായ വികസനസങ്കൽപ്പങ്ങളുടെ പരിണിത ഫലമാണ്. സിക്കാ രോഗം പോലെയുള്ള കൊതുകുജന്യ രോഗ‌‌ങ്ങള്‍ പടരുന്നത് സുഗമമാക്കുവാന്‍ ആഗോളതാപനം സഹായകമായിട്ടുണ്ടെന്നാണ് വിദഗ്ധ‌ര്‍ പറയുന്നത് 1. കുമിഞ്ഞു കൂടുന്ന മാലിന്യകൂമ്പാരവും, അന്ധമായി നശിപ്പിക്കപെടുന്ന നീർച്ചാലുകളും ഒക്കെയാണ് ഇങ്ങനെയുള്ള പല രോഗങ്ങളെയും മഹാമാരികളാക്കുന്നത്. ഇത് സാധാരണ ജനത്തിന്റെ ജീവിതത്തിലും സമൂഹത്തിന്റെ ആരോഗ്യസംവിധാനത്തിലും ഉണ്ടാക്കുന്ന ഞെരുക്കം ചെറുതല്ല.

സിക്കാ രോഗം പോലെയുള്ള കൊതുകുജന്യ രോഗ‌‌ങ്ങള്‍ പടരുന്നത് സുഗമമാക്കുവാന്‍ ആഗോളതാപനം സഹായകമായിട്ടുണ്ടെന്നാണ് വിദഗ്ധ‌ര്‍ പറയുന്നത്.

നിലവിലുള്ള മൂലധനകേന്ദ്രീകൃതമായ വ്യവസ്ഥിതിക്കു ബദലായി പ്രകൃതിക്കനുകൂലമായതും, മനുഷ്യകേന്ദ്രീകൃതവുമായ സമഗ്രവികസനവീക്ഷണം ഉയർന്നാലെ ഈ വിധത്തിലുള്ള ആഗോളവിപത്തുകളെ ഫലപ്രദമായി ഇല്ലാതെയാൻ സാധിക്കുകയുള്ളൂ. ജനകീയപങ്കാളിത്തതോടെയുള്ള ആസൂത്രിതവും സന്തുലിതവുമായ വികസനവും, ഉറവിട മാലിന്യസംസ്കരണം പോലെയുള്ള മൂർത്തമായ പദ്ധതികളും ഈ ദിശയിലുള്ള നടപടികളായി നമുക്ക് പ്രതീക്ഷയർപ്പിക്കാവുന്നവയാണ്.