“മങ്കട” ഉയർത്തുന്ന ചില “സദാചാര”ചിന്തകൾ

മങ്കടയിൽ രണ്ടു ദിവസം മുൻപുണ്ടായ കൊലപാതകം നടത്തിയവരെ വിശേഷിപ്പിക്കാൻ “സദാചാര പോലീസുകാർ” എന്ന വാക്കാണ് പൊതുവെ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും കണ്ടു വരുന്നത്. “പോലീസ്” എന്നത് പോസിറ്റീവായി ഉപയോഗിക്കണ്ട ഒരു പദമാണെന്നാണ് എന്റെ പക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് പോലീസിന്റെ കടമയും കർത്തവ്യവും. അതുകൊണ്ടു തന്നെ, സദാചാരസംരക്ഷണത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്ന വിഭാഗത്തെ “സദാചാരഗുണ്ടകൾ” എന്നു തന്നെ അഭിസംബോധന ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.

മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാത്തതോ, രാഷ്ട്രത്തിന്റെ അഖണ്ഡതയെ ബാധിക്കാത്തതോ ആയ എല്ലാ അവകാശങ്ങളും ഭരണഘടന ഒരാൾക്ക് ഉറപ്പുനൽകുന്നുണ്ട്. പിന്നെ എന്തധികാരത്തിന്റെ പേരിലാണ് ഇവർ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതും ഇടപെടുന്നതും. പലപ്പോഴും ഇത്തരം കപട സദാചാരബോധത്തിന്റെ ഭാരം താങ്ങേണ്ടി വരുന്നത് സ്ത്രീകളാണെന്നത് മറ്റൊരു യാഥാർത്ഥ്യം.

മുന്നോട്ടു വെക്കുന്ന ഓരോ അടിയിലും, എടുക്കുന്ന ഓരോ തീരുമാനത്തിലും സദാചാരവാദികളെ ഭയപ്പെട്ടു കൊണ്ട് ജീവിക്കുക എന്ന് പറയുന്നത് അത്ര സുഖകരമായ കാര്യമൊന്നും അല്ല. സദാചാരബോധങ്ങൾ സൃഷ്ടിക്കുന്ന ചില അപ്രഖ്യാപിത അതിരുകൾ സ്വതന്ത്രമായ വിഹാരത്തിനു പലപ്പോഴും തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ ഇടങ്ങളിൽ കടന്നുചെല്ലുന്നതിനു മുൻപ് ഈ സമയത്തു പോയാൽ മറ്റുള്ളവർ എന്തു വിചാരിക്കും, ഇവിടെ ആൺ സുഹൃത്തുക്കളുടെ കൂടെ കടന്നു ചെല്ലാമോ എന്നിങ്ങനെ മനസിലോട്ടു കടന്നുവരുന്ന ചില ഉൾഭയങ്ങളുണ്ട്. യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും വെക്കാത്ത മാതാപിതാക്കൾ ഉള്ള, കപടസദാചാരബോധങ്ങൾക്കും ലിംഗ അസമത്വങ്ങൾക്കും എതിരെ ശക്തമായ രാഷ്ട്രീയപ്രതിരോധം തീർക്കണമെന്നനുശാസിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഞാൻ ഈ ഉൾഭയം അനുഭവിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവർ എത്രത്തോളം പ്രതികൂലസാഹചര്യങ്ങൾ നേരിടുന്നുവെന്നത് ചിന്തനാതീതമാണ്.

നിങ്ങളുടെ ഔദാര്യമോ നിങ്ങൾ അനുവദിച്ചു തരണ്ടതോ ആയ ഒന്നല്ല എനിക്ക് എന്റെ സ്വാതന്ത്ര്യം. അത് എന്റെ അവകാശമാണ് എന്ന ബോധ്യത്തിലേക്കാണ് ഓരോരുത്തരും എത്തിച്ചേരേണ്ടത്. ഇത്തരത്തിലൊരു മുന്നേറ്റത്തിന്റെ പാതയിലേക്ക് സ്വത്വങ്ങൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കണമെങ്കിൽ സമൂഹത്തെ ആ രീതിയിലേക്ക് പരുവപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള സംഘടിതശ്രമങ്ങളാണ് അടിയന്തരപ്രാധാന്യത്തോടെ നാം ഏറ്റെടുക്കേണ്ടത്.

ഞാൻ അനുഭവിക്കുന്ന ഈ മാനസികതടസം ഒരു പെൺരാഷ്ട്രീയപ്രവർത്തക എന്ന നിലയിൽ സമൂഹം എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന ചില പെരുമാറ്റചട്ടങ്ങളുടെ ഭാഗമാണ്. ഞാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനം എന്നെ ആശയപരമായി ശീലിപ്പിച്ച സ്വാതന്ത്ര്യത്തിന് ഞാൻ തന്നെ പലപ്പോഴും അതിരുകൾ വെക്കാൻ നിർബന്ധിതമാകുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെങ്കിൽ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറേണ്ടി വരും. കാരണം ഒറ്റയടിക്ക് ഇതിനെയെല്ലാമങ്ങു തകർത്തെറിഞ്ഞേക്കാമെന്ന് ഞാനങ്ങു വിചാരിച്ചു കഴിഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല. കാരണം “സദാചാരബോധ”വുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങൾ വളരെ സങ്കീർണമാണ്. വികലവും, കാലഹരണപ്പെട്ടതുമായ ചില മൂല്യങ്ങൾ ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്ന ഒരു സമൂഹമാണിത്. നാളെ മുതൽ റാഡിക്കലായ രീതിയിൽ ഞാനങ്ങു പെരുമാറിയേക്കാമെന്നു തീരുമാനിച്ചാൽ സമൂഹത്തിൽ ഒരു വലിയ വിഭാഗത്തിന്റെ ഇടയിൽ എനിക്കുള്ള സ്വീകാര്യത നഷ്ടപ്പെടുകയും, ഇടപെടലുകളിലൂടെ അവരെ പുരോഗമനപ്രസ്ഥാനത്തിന്റെ ഭഗമാക്കാൻ എനിക്കുള്ള സാധ്യതകൾ അടയുകയും ചെയ്യും. പിന്തുടരുന്ന പുരോഗമനരാഷ്ട്രീയത്തെ പ്രായോഗികതലത്തിൽ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ കുറിപ്പ്. പെട്ടെന്നൊരു നിയമം നിർമിച്ചതു കൊണ്ട് ഈ അവസ്ഥക്ക് പരിഹാരം കാണാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നില്ല.

തിരുവനന്തപുരം നഗരത്തിൽ താമസിക്കാനൊരിടം അന്വേഷിച്ചു നടന്നപ്പോഴാണ് സദാചാര്യമൂല്യങ്ങളുടെ ഭീകരത വ്യക്തമായത്. ചോദ്യം ചെയ്യലുകളും, നിഷ്കർഷിക്കപ്പെട്ട നിയന്ത്രണങ്ങളും വലിയ അസ്വസ്ഥകളാണുണ്ടാക്കിയത്. പെൺകുട്ടികൾക്ക് മാത്രമായി ഒരു വീടു വാടകയ്ക്ക് ലഭിക്കാൻ ബുദ്ധിമുട്ടിയ നാട്ടിൽ, കൂടെ ജോലി ചെയ്യുന്ന ആൺസുഹൃത്തുക്കൾക്കൊപ്പം ഒരു വീടെടുക്കണമെന്നുള്ള പ്രാഥമിക പദ്ധതി ഉപേക്ഷിക്കുകയേ നിവൃത്തിയുണ്ടായുള്ളൂ. Working Women’s hostel-കളിലെ കർഫ്യൂ സമയം പോലും 7.30 ആയി നിജപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലത്ത് ഇത്തരം ബോധങ്ങൾ മാറാൻ വിപുലമായ ഇടപെടലുകൾ ആവശ്യമാണ്.

“സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്യം തന്നെ ജീവിതം” എന്നെഴുതപ്പെട്ട നാടാണിത്. സമൂഹത്തിന്റെ കപടസദാചാരബോധം സൃഷ്ടിക്കുന്നത് മൃതിയെക്കാൾ ഭയാനകമായ പാരതന്ത്ര്യം ആണെന്ന് സമൂഹം തിരിച്ചറിയുന്ന കാലത്ത് മാത്രമേ ഈ ചിന്തകൾക്കെതിരെ വിശാലമായ ഒരു മുന്നേറ്റം സാധ്യമാകുകയുള്ളൂ. നിങ്ങളുടെ ഔദാര്യമോ നിങ്ങൾ അനുവദിച്ചു തരണ്ടതോ ആയ ഒന്നല്ല എനിക്ക് എന്റെ സ്വാതന്ത്ര്യം. അത് എന്റെ അവകാശമാണ് എന്ന ബോധ്യത്തിലേക്കാണ് ഓരോരുത്തരും എത്തിച്ചേരേണ്ടത്. ഇത്തരത്തിലൊരു മുന്നേറ്റത്തിന്റെ പാതയിലേക്ക് സ്വത്വങ്ങൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കണമെങ്കിൽ സമൂഹത്തെ ആ രീതിയിലേക്ക് പരുവപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള സംഘടിതശ്രമങ്ങളാണ് അടിയന്തരപ്രാധാന്യത്തോടെ നാം ഏറ്റെടുക്കേണ്ടത്.

സദാചാരഗുണ്ടായിസത്തെ ഭയപ്പെടാതെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുമ്പോൾ മാത്രമേ ലിംഗനീതിയിലധിഷ്ഠിതമായ ഒരു സമൂഹം സ്ഥാപിതമാകുകയുള്ളൂ. ഒരാണും പെണ്ണും തമ്മിലുള്ള ബന്ധത്തെ അവലോകനം ചെയ്യാൻ മറ്റുള്ളവർ എന്തിനാണ് നടക്കുന്നത്. അത് പ്രണയമോ, സുഹൃദ്ബന്ധമോ, കാമമോ, സെക്സോ എന്തു തന്നെയെങ്കിലുമാകട്ടെ. ഉയഭയസമ്മതത്തോടെ രണ്ടു വ്യക്തികൾ ഏർപ്പെടുന്ന ഏതുതരത്തിലുള്ള ബന്ധത്തിലും മൂന്നാമതൊരാൾ അനാവാശ്യമായി ഇടപെടേണ്ട കാര്യമില്ല.

“ഹോട്ടലിൽ പോലീസ് റെയ്ഡ്. അനാശാസ്യ പ്രവർത്തനത്തിന് സ്ത്രീയും പുരുഷനും അറസ്റ്റിൽ” എന്ന വാർത്തകൾ പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏതു നിയമപ്രകാരമാണ് പോലീസ് സദാചാരസംരക്ഷകരായി പ്രവർത്തിക്കുന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ലാതാകും. IPC 372, 373 വകുപ്പുകൾ പ്രകാരം വേശ്യാവൃത്തിക്കു വേണ്ടി ഒരു സ്ത്രീയെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതാണ് നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നത്. അതായത് വേശ്യാലയം പോലുള്ള സ്ഥാപനങ്ങളെയും, പെൺവാണിഭത്തെയുമാണ് നിയമം കുറ്റമായി കണക്കാക്കുന്നത്. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ ഈ വകുപ്പുകൾ വ്യവസ്ഥ ചെയ്യുന്നില്ല. വേശ്യാവൃത്തി സ്ത്രീകളെ ചൂഷണം ചെയ്യലാണെന്നും അത് തടയാനാണ് പോലീസ് ഇടപെടുന്നതെന്നുമാണ് പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള ന്യായീകരണം. തന്റെ ശരീരം വിൽക്കാനോ, താല്പര്യമില്ലാതെ ഒരാൾക്ക് നൽകാനോ ഒരു സ്ത്രീ നിർബന്ധിതമാകുന്നത് തീർച്ചയായും തടയപ്പെടേണ്ടതു തന്നെയാണ്. എന്നാൽ വേശ്യാവൃത്തിയിലേർപ്പെടുന്ന സ്ത്രീക്കു മുകളിലും ക്രിമിനൽ കുറ്റം ചാർത്തി മാനസികവും ശാരീരികവുമായി പരമാവധി പീഡിപ്പിക്കുക എന്നതിനപ്പുറം ഒരു സദുദ്ദേശവും പോലീസിന് ഇക്കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല. ആ സ്ത്രീ ശരീരം വിൽക്കാൻ നിർബന്ധിതമായ സാഹചര്യം ഇല്ലാതാക്കാൻ എന്ത് ഇടപെടലാണ് ഭരണകൂടം നടത്താറുള്ളത്. പുരോഗമനപരമാണ് ഇന്ത്യൻ നിയമസംഹിത എന്ന യാതൊരു തെറ്റിദ്ധാരണയുടെയും പുറത്തല്ല മുകളിലത്തെ വാചകങ്ങൾ. മുകളിൽ പരാമർശിച്ചിരിക്കുന്ന രണ്ടു വകുപ്പുകളിലും “നിയമവിരുദ്ധമായ ലൈംഗികബന്ധ”ത്തിന് നൽകിയിരിക്കുന്ന നിർവചനം “വിവാഹത്താൽ ബന്ധിതരല്ലാത്ത രണ്ടു പേർ തമ്മിലുള്ള ലൈംഗികത” എന്നതാണ്. അതായത് ക്രിമിനൽ കുറ്റമല്ലെങ്കിലും വിവാഹേതരലൈംഗികബന്ധത്തെ അനാശാസ്യമായും നിയമവിരുദ്ധവുമായാണ് ഇന്ത്യൻ നിയമം കണക്കാക്കുന്നത്. അതുപോലെ തന്നെ വളരെ പ്രതിലോമകരമായ ഒരു വകുപ്പാണ് IPC 497. ഇതു പ്രകാരം അന്യന്റെ ഭാര്യയുമായി ആ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതമില്ലാതെ (ഉഭയസമ്മതപ്രകാരം ആണെങ്കിൽ പോലും) ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെ 5 വർഷം വരെ ജയിലിലിടാനും പിഴയൊടുക്കിക്കാനും വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തിൽ ആശാസ്യാനാശാസ്യങ്ങളെയും, സദാചാരത്തെയും നിർവചിക്കാൻ ശ്രമിക്കുന്ന നിയമങ്ങൾ തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സ്വവർഗരതിയും ഒരു ക്രിമിനൽ കുറ്റമായി കാണുന്ന IPC section 377നെതിരെ നിയമപരമായി നടന്നുകൊണ്ടിരിക്കുന്ന ഇടപെടലുകൾ ഇതിന് മാതൃകയാക്കാവുന്നതാണ്.

രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വിഷയമാണ് അയാളുടെ അല്ലെങ്കിൽ അവളുടെ സദാചാരനടപ്പ്. അതുകൊണ്ടു തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നതും. കൊല്ലപ്പെട്ടയാൾ ഒരു DYFI പ്രവർത്തകനാണെന്നതും കൊലപ്പെടുത്തിയവർ മുസ്ലീം ലീഗുകാരാണെന്നതും തന്നെയാണ് ഇതിന്റെ അടിസ്ഥാനം.

സാമൂഹ്യമൂല്യങ്ങൾ കാലത്തിനൊപ്പം മാറുന്നതാണ്. മാറേണ്ടതാണ്. ഭാരതീയസംസ്ക്കാരം, പാശ്ചാത്യസംസ്ക്കാരം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങൾ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നുണ്ട്. സ്ഥായിയായ ഒരു സംസ്ക്കാരവും മൂല്യങ്ങളും എങ്ങുമില്ല. 50 വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൽ നില നിന്നിരുന്ന മൂല്യബോധമല്ല ഇപ്പോഴുള്ളത്. ജന്മിത്വത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് വ്യവസ്ഥ മാറിയപ്പോൾ മൂല്യബോധങ്ങളും മാറ്റപ്പെടുകയുണ്ടായി. മാർക്സ് പറഞ്ഞതു പോലെ “മാറ്റമില്ലാത്തത് ഒന്നേയുള്ളൂ. അത് മാറ്റം മാത്രമാണ്”. അതുകൊണ്ടു കൈയൂക്കിന്റെ ബലത്തിൽ, കാലത്തിന്റെ ഒഴുക്കിന്, സാമൂഹ്യപരിവർത്തനങ്ങൾക്ക്, പുരോഗമനചിന്തകൾക്ക് തടയിട്ടു കളയാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവരെ മൂഢർ എന്നു തന്നെ വിളിക്കേണ്ടി വരും. .കള്ളു കുടിക്കുന്നവരോ, സിഗററ്റ് വലിക്കുന്നരോ, ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നവരോ ആണ് പുരോഗമനവാദികൾ എന്നുള്ള ഒരു അബദ്ധധാരണയും ഇന്ന് നിലനിൽക്കുന്നുണ്ടെന്നു തോന്നുന്നു. പകരം ഇതെല്ലാം ചെയ്യാനോ ചെയ്യാതെയിരിക്കാനോ ഉള്ള മറ്റുള്ളവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് പുരോഗമനവാദികൾ.

സദാചാരബോധത്തിന്റെ ഈ നൂലാമാൽകൾക്കുമപ്പുറം മങ്കടയിലെ സംഭവത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയമാനം ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. കുറെ നാളുകൾക്ക് മുൻപിറങ്ങിയതാണെങ്കിലും ഇന്നും ആഘോഷിക്കപ്പെടുന്ന, അരാഷ്ട്രീയത പ്രോൽസാഹിപ്പിക്കുന്ന സിനിമയായ “സന്ദേശ”ത്തിലെ ഒരു ഡയലോഗ് ഇപ്പോഴും എല്ലാവരും ഓർക്കുന്നുണ്ടാകും. “അപ്പുറത്തെ പാർട്ടിയിൽ കുറച്ച് നല്ല ചെറുപ്പക്കാർ വന്നിട്ടുണ്ട്. വല്ല പെണ്ണുകേസിലുമുൾപ്പെടുത്തി അവരെയങ്ങ് ഒതുക്കിയേക്ക്” എന്ന് ഒരു പാർട്ടിയുടെ നേതാവ് അതിൽ പറയുന്നുണ്ട്. (ഈ ഡയലോഗ് കേട്ട് ഞാനും പണ്ട് കുറെ ചിരിച്ചിട്ടുണ്ട്. എന്നാൽ ഈ ഡയലോഗിൽ ഉൾചേർന്നിട്ടുള്ള രാഷ്ട്രീയം തിരിച്ചറിയാൻ പിന്നെയും കാലം ഏറെ കഴിയേണ്ടി വന്നു). അതായത് ഒരാൾക്ക് സമൂഹത്തിൽ ഉള്ള വില കളയണമെങ്കിൽ അയാൾക്ക്/അവൾക്ക് എതിരെ ഒരു സദാചാരവിഷയം ഉയർത്തിയാൽ മതി. പിന്നെ ആ വ്യക്തിയെ എന്തു ചെയ്താലും ആരും തടയാൻ വരില്ല. അതായത് സമൂഹം നിഷ്കർഷിക്കുന്ന സദാചാരാതിരുകളെ ലംഘിക്കുന്ന ഒരാൾക്ക് പിന്നെ മനുഷ്യാവകാശവും ഇല്ല, ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളും ഇല്ല.

രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വിഷയമാണ് അയാളുടെ അല്ലെങ്കിൽ അവളുടെ സദാചാരനടപ്പ്. അതുകൊണ്ടു തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നതും. കൊല്ലപ്പെട്ടയാൾ ഒരു DYFI പ്രവർത്തകനാണെന്നതും കൊലപ്പെടുത്തിയവർ മുസ്ലീം ലീഗുകാരാണെന്നതും തന്നെയാണ് ഇതിന്റെ അടിസ്ഥാനം. സദാചാരപ്രശ്നത്തിന്റെ പേരിൽ ഒരാളെ കൊലപ്പെടുത്തിയാൽ സമൂഹത്തിന്റെ പൊതുബോധത്തിന്റെ ഔദാര്യത്തിൽ ആ കൊലപാതകം ന്യായീകരിക്കപ്പെടുമെന്ന മൂഢബോധമാണ് നിങ്ങളെ ഇതിനു പ്രേരിപ്പിച്ചതെങ്കിൽ ലീഗുകാരെ ക്ഷമിക്കുക. നിശബ്ദമാക്കപ്പെടാത്ത നാവുകളും, പ്രതികരണശേഷി നഷ്ടപ്പെടാത്ത മസ്തിഷ്ക്കവും, ഉയരാൻ മടിയില്ലാത്ത മുഷ്ടികളും ഉള്ളിടത്തോളം കാലം സഖാവ് നസീറിന്റെ കൊലപാതകത്തിനെതിരെയും, സദാചാരഗുണ്ടായിസം പോലുള്ള കാടത്തത്തിനെതിരെയും ഞങ്ങൾ പ്രതികരിച്ചു കൊണ്ടേയിരിക്കും.