വിരുദ്ധോക്തികളുടെ തേര്‍വാഴ്ച

പ്രവാചകൻ മുഹമ്മദിനെ സംബന്ധിച്ച ഫേസ്ബുക്ക് കമന്റ് ഈ അടുത്തയിടെ മാതൃഭൂമി ദിനപത്രം തങ്ങളുടെ രണ്ട് സിറ്റി എഡീഷനുകളിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പോസ്റ്റിൽ അയിഷയുമായുള്ള (വിവാഹ സമയത്ത് അവരുടെ പ്രായം 10-ഓ അതിൽ താഴെയോ ആയിരുന്നു) മുഹമ്മദിന്റെ വിവാഹത്തെ സംബന്ധിച്ച പരാമർശങ്ങളും മുസ്ലിംങ്ങൾക്കെതിരെയുള്ള നിന്ദകളും ഉണ്ടായിരുന്നു. കേരളത്തിലെ നിരവധി മുസ്ലിം സംഘടനകൾ മാതൃഭൂമിയുടെ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ചെയ്തു പോയ അപരാധം ഏറ്റ് പറഞ്ഞുകൊണ്ട് മുൻപേജിൽ തന്നെ പത്രം മാപ്പ് പറഞ്ഞു. അതിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി സ്വീകരിച്ചു. എന്ന് മാത്രമല്ല, ഇത്തരം കമന്റുകൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് മാതൃഭൂമി ആഹ്വാനം ചെയ്യുക കൂടിയുണ്ടായി. ഇസ്ലാമിക സംഘടനകൾ രോഷാകുലരായിരുന്നു. മാതൃഭൂമി ഒരു "ആർ.എസ്.എസ്.-അനുകൂല" പത്രം ആയതു കൊണ്ട് അവർ മൊത്തത്തിൽ ഒരു ഗൂഢാലോചന മണത്തു. മാതൃഭൂമിയുടെ ഓഫീസുകൾക്ക് മുന്നിൽ അവർ "അല്ലാഹു അക്‍ബർ" പ്രതിഷേധം നടത്തി. മാതൃഭൂമിയിൽ ഇപ്പോൾ തൊഴിലെടുക്കുന്ന പത്രപ്രവർത്തകരെയും മുൻ-തൊഴിലാളികളെയും അവർ ഫോൺ ചെയ്ത് തെറി വിളിയും ഭീഷണിപ്പെടുത്തലും നടത്തി. ഇത് കൂടാതെ, മാതൃഭൂമിയുടെ കോഴിക്കോട്ടുള്ള രണ്ട് ഓഫീസുകൾക്ക് നേരേ രാത്രി കല്ലേറും ഉണ്ടായി

മാതൃഭൂമിയുടെ കോപ്പികൾ കത്തിക്കുന്ന ചിത്രങ്ങൾ അവർ അഭിമാനത്തോടെ ഷെയർ ചെയ്തു. കൂടാതെ മാതൃഭൂമി ദിനപത്രവും മാതൃഭൂമി ഗ്രൂപ്പിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളും ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. നെസ്റ്റോയും ഫാത്തിമയും അവരുടെ എല്ലാ ഔട്ട്‌ലെറ്റുകളിൽ നിന്നും മാതൃഭൂമി ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങൾ പിൻവലിക്കുവാൻ മാനേജർമാർക്ക് നിർദേശം നൽകുന്ന രണ്ട് വാട്സാപ്പ് ഫോർവേഡുകൾ എനിക്ക് തന്നെ ലഭിക്കുകയുണ്ടായി. പത്ര ഏജെന്റുമാരിൽ നിന്നും മാതൃഭൂമി പത്രം പിടിച്ചെടുത്ത് കത്തിക്കുകയും അതുവഴി പത്രത്തിന്റെ വിതരണം മുടക്കുകയും ചെയ്യുന്ന പ്രതിഷേധവും പലയിടത്തും അരങ്ങേറി. ചില മൂലകളിൽ പേപ്പർ വിതരണം ചെയ്തതിനു ഏജന്റുമാരെ ഭീഷിണിപ്പെടുത്തുക പോലുമുണ്ടായെന്നു ഇപ്പോള്‍ മാതൃഭൂമിയിൽ ജോലിചെയ്യുന്ന ഒരു മാധ്യമസുഹൃത്ത് പറയുന്നു. വടക്കൻ കേരളത്തിലെ പൊന്നാനിയിലുള്ള അദ്ധ്യാപക സുഹൃത്ത് ഫേസ്ബുക്കിൽ എഴുതിയത് അദ്ദേഹത്തിനു ഒരു ദിവസം റ്റൈംസ് ഓഫ് ഇന്ത്യ പോലും കിട്ടിയില്ല എന്നാണ്. പ്രതിഷേധക്കാർക്ക് അന്ന് മാതൃഭൂമി കോപ്പികള്‍ കത്തിക്കാൻ കിട്ടാതായപ്പോൾ അന്ന് റ്റി.ഓ.ഐ കത്തിച്ചുവെന്നാണ് അന്വേഷിച്ച് ചെന്നപ്പോൾ ഏജെന്റ് അദ്ദേഹത്തോട് പറഞ്ഞത്. പത്രത്തിന്റെ മാപ്പ് പറച്ചിൽ വെറും തട്ടിപ്പ് മാത്രമാണെന്നും അവർക്ക് മാപ്പ് നൽകുവാനാകില്ലെന്നും പറഞ്ഞ് ഇസ്ലാമിക വിഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ആകെ മാതൃഭൂമിക്കെതിരെ കലിതുള്ളുകയായിരുന്നു.

മറ്റൊരു സമീപകാല സംഭവത്തിൽ, മഹിഷാസുര ജയന്തിയുമായി ബന്ധപ്പെട്ട ഒരു ചർച്ച ഏഷ്യാനെറ്റ് റ്റിവിയിലെ വാർത്താ അവതാരകയായ സിന്ധു സൂര്യകുമാർ നയിക്കുകയായിരുന്നു. ദുർഗയെ ആരാധിക്കുന്നവർക്ക് ഒരു വിഭാഗം ആളുകൾ (ജെ.എൻ.യു. വിദ്യാർത്ഥികൾ) മഹിഷാസുര ജയന്തി ആഘോഷിക്കുന്നത് എന്ത് തരത്തിലുള്ള പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്ന്, പ്രസ്തുത ചർച്ചയിൽ സിന്ധു സൂര്യകുമാർ ബി.ജെ.പി.-യുടെ വി.വി. രാജേഷിന്റെ അടുത്ത് ചോദിക്കുകയുണ്ടായി. ജെ.എൻ.യു.-വിൽ വിതരണം ചെയ്ത ലഘുലേഖകൾ ദുർഗയെ ഒരു ലൈംഗികതൊഴിലാളിയായി ചിത്രീകരിച്ചത് കാമ്പസിലെ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് അസ്വസ്ഥത സൃഷ്ടിച്ചുവെന്നും അത് മൂലമാണ് ഈ പ്രശ്നം ഗവൺമെന്റിന്റെ ശ്രദ്ധയിൽ വന്നതെന്നുമാണ് രാജേഷ് അതിനോട് പ്രതികരിച്ചത്. അതിന് ശേഷം, ആയിരത്തിലേറെ അസഭ്യ ഫോൺകോളുകൾ സിന്ധുവിന്റെ മൊബൈൽ ഫോണിലേക്ക് ഹിന്ദുത്വ അനുകൂലികളിൽ നിന്നും വരികയുണ്ടായി. സിന്ധുവിനെ വേശ്യയെന്ന് വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രസ്തുത ലഘുലേഖകളെ ഉദ്ധരിച്ച് രാജേഷാണ് ആ വാക്കുകൾ ഉപയോഗിച്ചതെന്നുള്ള വസ്തുത യൂറ്റ്യൂബിൽ ലഭ്യമായ ചർച്ചയുടെ വീഡിയോയിൽ വ്യക്തമാണെങ്കിലും, ദുർഗയെ ഒരു ലൈംഗിക തൊഴിലാളിയെന്ന് സിന്ധുവാണ് വിളിച്ചതെന്ന് അവർ ആരോപിച്ചു. അക്രമികൾ അവിടെയും നിർത്തിയില്ല. പക്ഷേ വെറുപ്പ് വിറ്റു കളിക്കുന്ന ഈ കളിയിൽ സത്യത്തിനൊരു വിലയുമില്ല. താൻ ദുർഗ്ഗയ്ക്കെതിരെ ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്ന് സിന്ധു ആവർത്തിച്ച് വ്യക്തമാക്കിയിട്ടും യഥാർത്ഥ വീഡിയോ ക്ലിപ്പ് അതിനെ സാധൂകരിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല; വാട്ട്സാപ്പ്, ഫോൺകോളുകൾ മറ്റ് സോഷ്യൽ മീഡിയകള്‍ എന്നിവ വഴി അവർ തുടർന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

രണ്ട് സംഭവങ്ങളിലും മതമാണ് വിഷയം. തീവ്രവാദികളാണ് രണ്ടിടത്തെയും പ്രധാന ആട്ടക്കാർ. രണ്ടിടത്തും മൗലികവാദമാണ് അടിസ്ഥന പ്രത്യയശാസ്ത്രം. മതേതര സംസ്കാരമാണെന്നു പൊങ്ങച്ചം പറയുന്ന “ദൈവത്തിന്റെ സ്വന്തം നാട്ടിൽ” തിവ്രവാദ വിഭാഗങ്ങളിലെ വിശ്വാസികള്‍ പ്രതികരിക്കുന്ന രീതിയാണിത്. മാതൃഭൂമിയുടെ കാര്യത്തിൽ ആ പത്രം പ്രവാചകനെ നിന്ദിക്കാൻ മനഃപൂർവ്വം ശ്രമിച്ചു എന്ന ഗൂഢാലോചനാസിദ്ധാന്തമാണ് പ്രതിഷേധക്കാർ എന്ന് പറയുന്നവർ പ്രചാരണത്തിനുപയോഗിച്ചതെങ്കിൽ സിന്ധുവിന്റെ കേസിൽ വെറുപ്പിന്റെ പ്രചാരണം വെറും നുണകളുടെ പുറത്തായിരുന്നു. കല്ലേറും, അസഭ്യവും ഭീഷിണിയും വഴി അവർ ഏത് ദൈവത്തെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നത്?

കേരളത്തിലെ ഏറ്റവും പ്രസിദ്ധയായ ഒരു റ്റി.വി മാധ്യമപ്രവർത്തകയാണു സിന്ധു സൂര്യകുമാർ (ഒന്നുരണ്ട് തവണ ഞാൻ അവരുടെ ഷോയിൽ പങ്കെടുക്കുകയും അവർ സംവാദം നിയന്ത്രിക്കുന്ന രീതി ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്). അവരെ ഫോണിൽ കിട്ടാൻ അല്പം ബുദ്ധിമുട്ടായിരുന്നു. ഈ തെറിവിളി കോളുകള്‍ കാരണം ഫോൺ എടുത്ത് വച്ചിരിക്കുകയാണെന്നാണ് അവർ തിരികെ വിളിച്ചപ്പോൾ പറഞ്ഞത്. വിവാദമായ ഷോ നടന്നത് കഴിഞ്ഞമാസമാണ്. എന്നിട്ടിപ്പോഴും അവർക്ക് തെറി വിളികൾ കിട്ടികൊണ്ടിരിക്കുന്നു. “അവർ എന്റെ മൊബൈൽ നമ്പർ പൊതു കക്കൂസിന്റെ ചുവരുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും എഴുതിയിട്ടു. അതുകൊണ്ട് എല്ലാ തരത്തിലുള്ള അസഭ്യങ്ങളും ആളുകൾ ഫോൺ വഴി പറയുന്നു” വെന്ന് സിന്ധു പറഞ്ഞു. ഈ വെറുപ്പ് വില്പനക്കാരെ അവർക്ക് പേടിയില്ല. “പക്ഷേ ആവർത്തിച്ചുള്ള ഈ വിളികൾ എന്നെ അസ്വസ്ഥയാക്കുന്നു. നിങ്ങൾക്കറിയാമല്ലോ, ഞാനൊരു സാധാരണ വ്യക്തിയാണ്. എനിക്കെന്റെ ജോലി ചെയ്യണം. എനിക്കൊരു കുടുംബമുണ്ട്. ഇപ്പോൾ, ആഴ്ചകളായി ആൾക്കാർ എന്നെ ഭീക്ഷണിപ്പെടുത്താനായി വിളിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ വീട്ടുകാർ ആകെ പേടിച്ചിരിക്കുകയാണ്. ഇത് തീർച്ചയായും അസ്വസ്ഥകരമാണ് ".

അവരിൽ ചിലരെ അറസ്റ്റിനു ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ വീരാളിപ്പട്ടം ചാർത്തി സ്വീകരിക്കുകയും ചെയ്തു. ബി.ജെ.പി നേതൃത്വത്തിനു വേണമെങ്കിൽ 30 മിനുട്ട് കൊണ്ട് ഇത് അവസാനിപ്പിക്കാമായിരുന്നു. “ഞാൻ കുമ്മനത്തെ (ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്, കുമ്മനം രാജശേഖരൻ ) നേരിട്ട് കണ്ട്, വീഡിയോ കണ്ടശേഷം അതിൽ ഞാനെന്താണു തെറ്റായി ചെയ്തത് എന്ന് പറയണമെന്നു പറഞ്ഞു”വെന്നാണു സിന്ധു എന്നോട് പറഞ്ഞത്. പക്ഷേ, സിന്ധുവിനെതിരെയുള്ള ഈ മലീമസമായ പ്രചരണം സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചത് അവരെ വേശ്യയെന്ന് വിളിക്കുകയും തനിക്ക് "അനുവാദം ലഭിക്കുകയാണെങ്കിൽ" അവരുടെ മുഖത്ത് തുപ്പുമെന്ന്, ചില മൂന്നാംകിട പട്ടാളസിനിമകൾ മലയാളത്തിലെടുത്ത, മുൻ-സൈനികനായ മേജർ രവി ഒരു പൊതുപരിപാടിയിൽ വച്ച് പറഞ്ഞപ്പോഴായിരുന്നു. “അയാൾക്ക് എന്താണു കുഴപ്പം എന്നെനിക്കു മനസ്സിലാകുന്നില്ല, ഞാൻ വിചാരിച്ചത് ഈ പ്രശ്നം സാവധാനം കെട്ടടങ്ങുമെന്നായിരുന്നു. ഇപ്പോൾ ഇയാൾ പരസ്യമായ അസഭ്യങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണെ“ന്നെന്നും സിന്ധു പറഞ്ഞു.

ഈ രണ്ട് സംഭവങ്ങളിലും മതമാണ് വിഷയം. തീവ്രവാദികളാണ് രണ്ടിടത്തെയും പ്രധാന ആട്ടക്കാർ. രണ്ടിടത്തും മൗലികവാദമാണ് അടിസ്ഥന പ്രത്യയശാസ്ത്രം. മതേതര സംസ്കാരമാണെന്നു പൊങ്ങച്ചം പറയുന്ന “ദൈവത്തിന്റെ സ്വന്തം നാട്ടിൽ” തിവ്രവാദ വിഭാഗങ്ങളിലെ വിശ്വാസികള്‍ പ്രതികരിക്കുന്ന രീതിയാണിത്. മാതൃഭൂമിയുടെ കാര്യത്തിൽ ആ പത്രം പ്രവാചകനെ നിന്ദിക്കാൻ മനഃപൂർവ്വം ശ്രമിച്ചു എന്ന ഗൂഢാലോചനാസിദ്ധാന്തമാണ് പ്രതിഷേധക്കാർ എന്ന് പറയുന്നവർ പ്രചാരണത്തിനുപയോഗിച്ചതെങ്കിൽ സിന്ധുവിന്റെ കേസിൽ വെറുപ്പിന്റെ പ്രചാരണം വെറും നുണകളുടെ പുറത്തായിരുന്നു. കല്ലേറും, അസഭ്യവും ഭീഷിണിയും വഴി അവർ ഏത് ദൈവത്തെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നത്? പക്ഷേ അവരുടെ മതം സമാധാനത്തിന്റേതാണെന്നും സംസ്കാരം സ്വരചേർച്ചയുടെതാണെന്നും അവർ നിങ്ങളോട് പറയും. വിരുദ്ധോക്തികളുടെ തേർവാഴ്ചയാണ് ഇവിടെ!