ഉന പ്രക്ഷോഭം ഏല്പിച്ചു തരുന്ന ചുമതലകൾ

പരിഭാഷ: സച്ചിൻ ആർപിവി

ഉന അതിക്രമവും ആളിക്കത്തുന്ന പ്രതിഷേധവും

ചത്ത പശുവിന്റെ തുകൽ എടുത്തതിന്റെ പേരിൽ ഗുജറാത്തിലെ ഉനയിൽ 2016 ജൂലൈ 11നു പട്ടാപ്പകൽ നാല് ദളിത് യുവാക്കളെ മർദ്ദനത്തിനിരയാക്കുകയും തെരുവിലൂടെ നടത്തുകയും ചെയ്തു. പശുസംരക്ഷണത്തിന്റെ പേരിൽ ഏറ്റവും മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. കുറ്റവാളികളാകട്ടെ, ശിക്ഷാഭീതി ഇല്ലാത്തതിനാലും ഗർവിനാലും അവരുടെ മൃഗീയമായ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഗോസംരക്ഷണത്തിന്റെ ഹൈന്ദവ കാവൽക്കാർക്ക് അവർ ചെന്നുപെടുന്ന അപകടത്തെപറ്റി യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പ്രസ്തുത സംഭവം ഗുജറാത്തിലാകമാനം ശക്തമായ പ്രതിഷേധങ്ങൾക്കിടയാക്കുകയും പിന്നീട് ദളിതരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിന്‌ തുടക്കം കുറിക്കുകയും ചെയ്തു. പശുക്കളുടെ ജഡം സംസ്കരിക്കൽ, തോട്ടിവേല തുടങ്ങി തങ്ങൾ ചെയ്തു പോന്നിരുന്ന തൊഴിലുകൾ ഉപേക്ഷിക്കുക, ദളിത് കുടുംബങ്ങൾക്ക് ഭൂമി, ഇതര തൊഴിൽ മാർഗങ്ങൾ, മെച്ചപ്പെട്ട ജീവിത സാഹചര്യം എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കുന്ന തലത്തിലേക്ക് ഏറെ വൈകാതെ പോരാട്ടം വളർന്നു. 2016 ജൂലൈ 31 നു അഹമ്മദാബാദിൽ വച്ചുനടന്ന ദളിത് മഹാസമ്മേളനത്തിൽ പശുക്കളുടെ ജഡം സംസ്കരിക്കൽ, തോട്ടിവേല എന്നിവ അടക്കമുള്ള തൊഴിലുകൾ ഉപേക്ഷിക്കാൻ ആയിരക്കണക്കിന് ദളിതർ പ്രതിജ്ഞയെടുത്തു. കൂടാതെ, ഉനയിൽ ക്രൂരമായ ആക്രമണത്തിനിരയായ യുവാക്കൾക്ക് നീതി നേടിക്കൊടുക്കാനുള്ള "ഉന ദളിത് അത്യാചാര ലഡത് സമിതി" യുടെ രുപീകരണത്തിനും ഇത് കാരണമായി.

പിന്നീട് 2016 ആഗസ്റ്റ് 5 ന് അഹമ്മദാബാദിൽ നിന്നും ആരംഭിച്ച് ഗുജറാത്തിലെ നിരവധി ഗ്രാമങ്ങളിലൂടെ 400 ല്പരം കിലോമീറ്ററുകൾ സഞ്ചരിച്ച “ദളിത് അസ്മിത യാത്ര” സംഘടിപ്പിക്കപ്പെട്ടു. ജാത്യടിസ്ഥാനത്തിൽ അടിച്ചേല്പിക്കപ്പെട്ട തോട്ടിവേല, ഓടകൾ ശുചീകരിക്കൽ, പശുക്കളുടെ ജഡം സംസ്കരിക്കൽ, തോൽ ഉരിച്ചെടുക്കൽ തുടങ്ങിയ തൊഴിലുകൾ ഉപേക്ഷിക്കാനുള്ള പ്രതിജ്ഞകൾ ഗ്രാമങ്ങൾ തോറും എടുക്കപ്പെട്ടു. 10 ദിവസം നീണ്ടുനിൽക്കുന്ന, സ്വാതന്ത്ര്യ ദിനത്തിൽ ഉനയിൽ അവസാനിക്കുന്ന, “സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യാത്ര” ആയാണ് ഇത് ആസൂത്രണം ചെയ്യപ്പെട്ടത്. ഉന പ്രതിഷേധവും “ദളിത് അസ്മിത യാത്ര”യും ദളിതരുടെ ജീവനും ജീവിതത്തിനും അന്തസ്സിനും മേലുള്ള അക്രമണങ്ങൾക്കെതിരായ ചരിത്രപരമായ പ്രതികരണമായിരുന്നു. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം, വ്യക്തികളും പുരോഗമന ആശയമുള്ള വിഭാഗങ്ങളും സമരത്തോട് ഐക്യപ്പെടുന്ന സാഹചര്യമാണുണ്ടായത്.

മോദാനി മോഡലും യാഥാര്‍ത്ഥ്യവും

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം “ഗോ സംരക്ഷണ”ത്തിന്റെ പേരിൽ മുസ്ലിങ്ങൾക്കും ദളിതർക്കും എതിരായ അതിക്രമങ്ങൾ വർധിക്കയുണ്ടായി. പരസ്യമായ മർദ്ദനം, നിർബന്ധിതമായി ചാണകം കഴിപ്പിക്കൽ, വസ്ത്രമുരിഞ്ഞു നഗ്നരായി നടത്തിക്കൽ തുടങ്ങിയ പീഡനമുറകൾ പുറത്തു വരികയുണ്ടായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാതെയും, പലപ്പോഴും കുറ്റകൃത്യത്തെ ശ്ളാഘിച്ചും ഇത്തരം കൃത്യങ്ങളെ പിന്തുണക്കുകയാണുണ്ടായത്.

എല്ലാം നിറഞ്ഞ സങ്കല്പസ്വർഗ്ഗഭൂമികയായി “ഗുജറാത്ത് മോഡൽ” എന്ന മിത്ത് സൃഷ്ടിച്ചെടുക്കാൻ നരേന്ദ്ര മോദിയും കൂട്ടരും ഏറെ പണിപ്പെട്ടിട്ടുണ്ട്. സത്യത്തിൽ, ഗുജറാത്തുകാർ പറയുന്നതു പോലെ, അവിടെയുള്ളത് “മോദാനി” മോഡലാണ് - പൊതുജനത്തെ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് ഒരുക്കി നൽകപ്പെട്ട അവസരങ്ങളുടെ ബാഹുല്യം. ജാതി-മത വർഗീയ ശക്തികൾക്ക് തങ്ങളുടെ ഹൈന്ദവ വർഗീയ അജണ്ട നടപ്പിലാക്കാനുള്ള അനിയന്ത്രിതമായ അവസരം കൂടെയാണ് അവിടെ നിലവിലുള്ളത്. ഗുജറാത്തിൽ ആകെ ജനസംഖ്യയുടെ 7.1% പട്ടികജാതിക്കാർ അല്ലെങ്കിൽ ദളിതർ ആണ്. ഭൂരഹിതരും, തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊണ്ട് വലയുന്നവരുമായ ഒരു സമൂഹത്തെയാണ് അവിടെ കാണാൻ സാധിക്കുക. ഒരു വശത്ത് അദാനി, അംബാനി, ടാറ്റ തുടങ്ങിയ കോർപറേറ്റുകൾക്ക് ലക്ഷക്കണക്കിന് ഏക്കർ ഭൂമി വിട്ടുനൽകുമ്പോൾ, മറുവശത്തു സാധാരണക്കാർ ഭൂരഹിതരായി തുടരുകയാണ്. നവസർജൻ ട്രസ്റ്റിന്റെ പഠനപ്രകാരം 55000-ല്പരം ആൾക്കാരാണ് നിലവിൽ ഗുജറാത്തിൽ തോട്ടിവേല ചെയ്യുന്നത്. അഹമ്മദാബാദിൽ നിന്നും ഉനയിലേക്കുള്ള യാത്രയിലാകമാനം ഞങ്ങൾ കണ്ട കാഴ്ച കടുത്ത ദാരിദ്ര്യത്തിന്റേതായിരുന്നു. ഞങ്ങൾ പരിചയപ്പെടാനിടയായ ചില ദളിത് കുട്ടികൾ സ്കൂളിൽ അവർ നേരിടുന്ന കൊടിയ വിവേചനത്തെക്കുറിച്ചും ടോയ്‌ലറ്റുകൾ ശുചിയാക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയെക്കുറിച്ചും പറയുകയുണ്ടായി. വളരെ കുറച്ചു ദളിതർ മാത്രമാണ് പരമ്പരാഗതമായി അടിച്ചേല്പിക്കപ്പെട്ട “നികൃഷ്ടമായ തൊഴിൽ” ഉപേക്ഷിച്ചു ഇതര തൊഴിലുകളിൽ ഏർപ്പെടുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി വീട്ടുജോലി, പെയിന്റിംഗ്, നിർമ്മാണ തൊഴിൽ തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നതിനായി മുംബൈ, കേരളം തുടങ്ങി ലക്ഷദ്വീപിൽ വരെ പോകാൻ തയ്യാറായതായി ചിലർ പറയുകയുണ്ടായി. ഗുജറാത്തിലെ ലോകോത്തര റോഡുകളെക്കുറിച്ച് വമ്പിച്ച പ്രചാരണം കേൾക്കുകയുണ്ടായല്ലോ. എന്നാൽ “മോദാനി” മോഡൽ വികസനത്തിൽ നിരവധിയായ കുണ്ടും കുഴികളുമാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്. അഹമ്മദാബാദിൽ നിന്നും ഉന വരെയുള്ള 350 കി. മി. സഞ്ചരിക്കുന്നതിനു 10 മണിക്കൂറാണ് എടുത്തത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം “ഗോ സംരക്ഷണ”ത്തിന്റെ പേരിൽ മുസ്ലിങ്ങൾക്കും ദളിതർക്കും എതിരായ അതിക്രമങ്ങൾ വർധിക്കയുണ്ടായി. പരസ്യമായ മർദ്ദനം, നിർബന്ധിതമായി ചാണകം കഴിപ്പിക്കൽ, വസ്ത്രമുരിഞ്ഞു നഗ്നരായി നടത്തിക്കൽ തുടങ്ങിയ പീഡനമുറകൾ പുറത്തു വരികയുണ്ടായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാതെയും, പലപ്പോഴും കുറ്റകൃത്യത്തെ ശ്ളാഘിച്ചും ഇത്തരം കൃത്യങ്ങളെ പിന്തുണക്കുകയാണുണ്ടായത്. വിവിധ ഹൈന്ദവ ഗ്രുപ്പുകളും, “ഗോരക്ഷ” ഭടന്മാരും ഹീനമായ കൃത്യങ്ങൾ അഴിച്ചുവിട്ട് ഈ ജാതിമതവിഭാഗങ്ങൾക്കെതിരെ മനുഷ്യത്വരഹിതമായ ആക്രമണം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തികമായി യാതൊരു പുരോഗതിയും ലഭിക്കാത്ത, വർധിച്ചു വരുന്ന ക്രൂരമായ അക്രമണങ്ങൾക്കിരയാകുന്ന ദളിതരെ സംബന്ധിച്ചിടത്തോളം “സബ്‌കാ സാഥ് സബ്‌കാ വികാസ്” ഒരു പൊള്ളയായ വാഗ്ദാനം മാത്രമാണ്. അനുദിനം വർധിക്കുന്ന അടിച്ചമർത്തലുകൾക്കെതിരായ ദളിതരുടെ രോഷത്തിന്റെ പാരമ്യമാണ് ഉന പ്രക്ഷോഭത്തിൽ കാണാൻ സാധിച്ചത്.

ഉനയുടെ ആർജ്ജവവും ആവേശവും

“ഉന ദളിത് അത്യാചാർ ലഡത് സമിതി”യുടെ നേതൃത്വത്തിലുള്ള “സ്വതന്ത്രതാ യാത്ര”യുടെയും “ദളിത് അസ്മിത റാലി”യുടെയും ഭാഗമാകാൻ യാത്ര തിരിച്ചപ്പോൾ സമൂഹത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ടവരോടുള്ള ഐക്യദാർഢ്യമായാണ് ഞങ്ങളതിനെ കണ്ടത്. ഉന പ്രക്ഷോഭത്തോടുള്ള ഐക്യദാർഢ്യ പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു. ഓഗസ്റ്റ് 13നു ഗിർ സോംനാഥ് ജില്ലയിലെ സംറ്റർ ഗ്രാമത്തിൽ വച്ചു “സ്വതന്ത്രത യാത്ര”യുടെ പ്രചാരണത്തിനായി നടത്തിയ ബൈക്ക് റാലിക്കു നേരെ സവർണ്ണ ജാതിക്കാരുടെ ആക്രമണമുണ്ടായതായി ഞങ്ങളറിഞ്ഞു. ഓഗസ്റ് 14നു “ദളിത് അസ്മിത റാലി” ഉന യിലേക്ക് യാത്ര തുടങ്ങി. റാലിയിൽ പങ്കെടുക്കാനായി ഉനയിൽ നിന്ന് യാത്ര തിരിച്ചെങ്കിലും സംറ്ററിൽ നിന്ന് കുറച്ചകലെ ആയുധങ്ങളും കല്ലുമായി വഴി തടഞ്ഞ അക്രമാസക്തരായ ജനക്കൂട്ടത്താൽ ഞങ്ങൾ തടയപ്പെട്ടു. “ദളിത് കാമറ”യിൽ നിന്നും “ടു സർക്കിൾസി”ൽ നിന്നുമുള്ള മാധ്യമപ്രവർത്തകരെയും അവർ ആക്രമിച്ചു. മാർച്ച് തകർക്കുവാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അത്. പോലീസ് നിശബ്ദരായ കാഴ്ചക്കാരായി. ആയുധധാരികളായ ആളുകൾ ബൈക്കിലും മോട്ടോർബൈക്ക് ഘടിപ്പിച്ച ഉന്തുവണ്ടികളിലും സഞ്ചരിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഓഗസ്റ്റ് 14 നു രാത്രിയോട് കൂടി, റാലിയിൽ പങ്കെടുക്കാൻ വന്നിരുന്ന ആളുകൾ ആക്രമിക്കപ്പെട്ടതായും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടതായുമുള്ള കൂടുതൽ വാർത്തകൾ ഞങ്ങളിൽ എത്തിത്തുടങ്ങി. എന്നാൽ “ഗോരക്ഷക”രുടെ ഭീഷണികളും അക്രമപ്രവർത്തനങ്ങളും പ്രതിഷേധത്തെ ശക്തിപ്പെടുത്താനും കൂടുതൽ പേരെ തെരുവിലിറക്കാനുമാണ് ഇടയാക്കിയത്. വൈകുന്നേരത്തോട് കൂടി മറ്റൊരു പാതയിലൂടെ മാർച്ച് ഉനയിൽ എത്തിച്ചേർന്നു. ഉനയിൽ അവരുടെ ക്യാമ്പിൽ വച്ചു ഞങ്ങൾ മാർച്ചിന്റെ ഭാഗമാവുകയും അവരോട് തോൾചേർന്നുകൊണ്ട് ഉനയിലാകെ മാർച്ച് ചെയ്യുകയും ചെയ്തു. ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും “ദളിത് ശോഷൻ മുക്തി മഞ്ചി”ന്റെ പ്രവർത്തകർ വലിയതോതിൽ മാർച്ചിന്റെ ഭാഗമായി. “തമിഴ്നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട്”, “പ്രോഗ്ഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ” തുടങ്ങിയ സംഘടനകളിൽ നിന്നുള്ള സഖാക്കൾ സ്വമേധയാ വന്നു മാർച്ചിൽ പങ്കെടുക്കുന്നത് കാണുകയുണ്ടായി. “സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ”യെ പ്രതിനിധീകരിച്ചു ഗുജറാത്തിൽ നിന്നും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള പ്രവർത്തകർ പങ്കെടുത്തു. കിസാൻ സഭ, ട്രേഡ് യൂണിയൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും മാർച്ചിന്റെ ഭാഗമായി.

ആയുധധാരികളായ അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണയിരിക്കാൻ മോട്ട സംദ്യാല ഗ്രാമവാസികളും “ഗോരക്ഷ”രുടെ ആക്രമണത്തിനിരയായ യുവാക്കളും നിർബന്ധിതരായി. അവരവരുടെ ഗ്രാമങ്ങളിലും വീടുകളിലും സമാധാനപരമായി ജീവിക്കാൻ, സ്വാതന്ത്യദിനത്തിൽ തന്നെ അവർക്ക് സംരക്ഷണം തേടേണ്ടിവന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും സംസാരിക്കുമ്പോൾ അവിടെ നിലനിന്നിരുന്ന ഭീതിജനകമായ സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിഞ്ഞു. ദരിദ്രരായ ദളിത് കുടുംബങ്ങൾ ഭീഷണികൾക്കിടയിൽ അഭയാർത്ഥികളെപ്പോലെ ഭീതിയോടെ കഴിയാൻ നിർബന്ധിതരാകുമ്പോൾ കുറ്റവാളികൾ സ്വത്രന്ത്രരായി വിലസുകയാണ്.

ഉനയിലുടനീളം മാർച്ച് ആവേശം സൃഷ്ടിച്ചു. ബാബാസാഹേബ് അംബേദ്കറുടെ കാഴ്ചപ്പാടുകൾ സഫലീകരിക്കാനുള്ള മുദ്രാവാക്യങ്ങളും, നരേന്ദ്ര മോഡിക്കും ബി ജെ പി സർക്കാരിനും എതിരായ മുദ്രാവാക്യങ്ങളും, ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങളും മാർച്ചിലുടനീളം മുഴങ്ങി. എന്നിരുന്നാലും ഏറ്റവും കൂടുതൽ ഏറ്റുവിളിക്കപ്പെട്ട മുദ്രാവാക്യം “പശുവിന്റെ വാലെടുത്തോളൂ, ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തരിക” എന്നതായിരുന്നു. ഓഗസ്റ്റ് 15 ന്റെ സ്വതന്ത്രത യാത്ര അത്യന്തം ആവേശഭരിതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. അക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തടിച്ചുകൂടി. യുവാക്കളും സ്ത്രീകളുമായിരുന്നു ബഹുഭൂരിപക്ഷം. പശുക്കളുടെ ജഡം സംസ്കരിക്കൽ, തോട്ടിവേല എന്നീ തൊഴിലുകൾ ഉപേക്ഷിക്കുക, ഇതര തൊഴിലുകൾ കണ്ടെത്തുക, ദളിതർക്ക് 5 ഏക്കർ ഭൂമി നൽകുക എന്നീ ആവശ്യങ്ങൾ അടങ്ങിയ പ്രതിജ്ഞ പ്രക്ഷോഭത്തിന്റെ യുവനേതാവ് ജിഗ്നേഷ് മേവാനി വായിച്ചു. ഭൂമി ആവശ്യത്തിനു സർക്കാർ വഴങ്ങാത്ത പക്ഷം ട്രെയിൻ തടയൽ സമരം ആരംഭിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ത്രിവർണ്ണ പതാക ഉയർത്തി. എല്ലാത്തരം അടിച്ചമർത്തലുകളിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തിന് അവർ ആഹ്വാനം ചെയ്തു. ജെ.എൻ.യു സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ മാർച്ചിനെ അഭിസംബോധന ചെയ്തു.

ആയുധധാരികളായ അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണയിരിക്കാൻ മോട്ട സംദ്യാല ഗ്രാമവാസികളും “ഗോരക്ഷ”രുടെ ആക്രമണത്തിനിരയായ യുവാക്കളും നിർബന്ധിതരായി. അവരവരുടെ ഗ്രാമങ്ങളിലും വീടുകളിലും സമാധാനപരമായി ജീവിക്കാൻ, സ്വാതന്ത്യദിനത്തിൽ തന്നെ അവർക്ക് സംരക്ഷണം തേടേണ്ടിവന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും സംസാരിക്കുമ്പോൾ അവിടെ നിലനിന്നിരുന്ന ഭീതിജനകമായ സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിഞ്ഞു. ദരിദ്രരായ ദളിത് കുടുംബങ്ങൾ ഭീഷണികൾക്കിടയിൽ അഭയാർത്ഥികളെപ്പോലെ ഭീതിയോടെ കഴിയാൻ നിർബന്ധിതരാകുമ്പോൾ കുറ്റവാളികൾ സ്വത്രന്ത്രരായി വിലസുകയാണ്. ഒരു ദളിത് നേതാവിന്റെ വാഹനം അഗ്നിക്കിരയാക്കിയതായി അദ്ദേഹം ആരോപിക്കയുണ്ടായി. സംവിധായകനായ ആനന്ദ് പട്വർദ്ധൻ, മാധ്യമപ്രവർത്തകർ, എസ്.എഫ്.ഐ ജനറൽ സെക്രട്ടറി വിക്രം, സാമൂഹിക പ്രവർത്തകനായ മുജീബ് നഫീസ് എന്നിവരോടൊപ്പം ഞാനും അവർക്ക് പോലീസ് സംരക്ഷണം ഉറപ്പു വരുത്തുന്നത് വരെ കൂട്ടിരുന്നു. പിന്നീട് “ഗോരക്ഷ”ക്കാരും സവർണ്ണ ജാതീയ സഭകളും ചേർന്ന് ജാഥാംഗങ്ങളെ അക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. സമറ്ററിൽ ഉന റാലിയുടെ എതിരാളികൾ തമ്പടിച്ചിരുന്നിടത്ത് എത്തിയപ്പോൾ കണ്ണീർ വാതകം പോലെ എന്തിന്റെയോ ഗന്ധം ഞങ്ങൾക്ക് അനുഭവപ്പെടുകയുണ്ടായി. ആംബുലൻസുകളും പോലീസ് വാഹനങ്ങളും സൈറൺ മുഴക്കിക്കൊണ്ട് തലങ്ങും വിലങ്ങും കടന്നു പോയ്‌ക്കൊണ്ടിരുന്നു. നിരവധി പൊലീസുകാരും അവരുടെ അക്രമണത്തിനിരയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ആയുധധാരികളായ അക്രമികൾ ഞങ്ങളുടെ ബസ് തടഞ്ഞു റാലിക്കാരെ തിരയാൻ തുടങ്ങി. ഒടുവിൽ ഞങ്ങൾ പോകാൻ അനുവദിക്കപ്പെട്ടു. കുറച്ചു കഴിഞ്ഞ് നമ്മൾ “സുരക്ഷിത മേഖല”യിൽ എത്തിയതായി ഡ്രൈവർ അറിയിച്ചു. ഇതെല്ലാം സംഭവിച്ചതാകട്ടെ ഒരു സ്വാതന്ത്ര്യദിനത്തിലും!

ഉന നൽകുന്ന ഉത്തരവാദിത്തങ്ങൾ

ജാതീയമായ അടിച്ചമർത്തലിനെതിരെയുള്ള ദളിത് പോരാട്ട ചരിത്രത്തിലെ ഒരു 'റോസാ പാർക്ക്' ഏടാണോ ഉന? അങ്ങനെയല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ശരിയായ അർത്ഥത്തിൽ പരിശോധിക്കുകയാണെങ്കിൽ അതിനുമപ്പുറം ആണെന്നു പറയാൻ സാധിക്കും. എന്തെന്നാൽ, ഇതിൽ ഉൾക്കൊണ്ടിട്ടുള്ള വിഷയങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്. റോസാ പാർക്ക് ഒരൊറ്റ പ്രതിഷേധം കൊണ്ട് അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റിന്‌ തുടക്കം കുറിക്കുകയായിരുന്നു. ബസ്സിനകത്ത് വെളുത്ത വർഗ്ഗക്കാർക്ക് സീറ്റൊഴിഞ്ഞു കൊടുക്കാൻ കറുത്ത വർഗ്ഗക്കാരെ നിർബന്ധിതരാക്കിയ അന്യായമായ വിവേചനനിയമത്തിനെതിരെ ആയിരുന്നു അവരുടെ പ്രതിഷേധം. ഇങ്ങനൊരു പ്രതിഷേധം ആദ്യമായി നടത്തിയത് അവരായിരുന്നില്ല. ഇതിനു മുൻപും ഇതേ കുറ്റമാരോപിച്ചു രണ്ടു കറുത്ത വർഗ്ഗക്കാരികളായ സ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതേപോലെ തന്നെ, ഇന്ത്യയിലും ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെയും തോട്ടിവേലയ്‌ക്കെതിരെയും ഉനയ്ക്കു മുന്നേ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഉന പ്രതിഷേധം മൂലം അടിവേരിളകുന്ന വിഷയങ്ങളെ കണക്കിലെടുക്കുമ്പോൾ, ഇത് ദേശ വ്യാപകമായ ഒരു പ്രക്ഷോഭത്തിനു നാന്ദികുറിക്കാൻ പ്രാപ്തിയുള്ളതും റോസാ പാർക്കിന്റെ പ്രതിഷേധത്തെക്കാൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമാണെന്നും കാണാൻ സാധിക്കും. അത്തരമൊരു സാധ്യതയെ പൂർത്തീകരിക്കണമെങ്കിൽ, ഈ അവസരം തിരിച്ചറിഞ്ഞ് മുഴുവൻ പുരോഗമന ശക്തികളെയും ഈ പ്രക്ഷോഭത്തിന്‌ പിന്നിൽ അണിനിരത്തേണ്ടതായിട്ടുണ്ട്.‌ ജാതീയമായ അടിച്ചമർത്തലുകൾക്കെതിരായുള്ള, ചരിത്രത്തിന്റെ ഭാഗമായ പോരാട്ടങ്ങളുടെ ഒരു ധാര തന്നെയാണ് ഉന. ഉന നൽകുന്ന സന്ദേശം ഏറ്റെടുത്ത്, ഇന്ത്യയിലാകമാനം ഏകീകൃതമായ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുക വഴി ജാതീയതയ്ക്ക് എന്നന്നേക്കുമായി അറുതി വരുത്തുവാനുള്ള ദൗത്യമാണ് ചരിത്രം നമ്മെ ഏല്പിച്ചിരിക്കുന്നത്.