മാര്‍ക്സിസത്തെ മനസ്സിലാക്കുവാന്‍ - 1

ഒരു ഇടതുപക്ഷാനുഭാവിയെ സംബന്ധിച്ചിടത്തോളം, 1991 എന്നത് തികച്ചും നിര്‍ഭാഗ്യകരമായ വര്‍ഷമാണ്. സോവിയറ്റ് യൂണിയന്റെയും, യൂറോപ്യന്‍ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ച സംഭവിച്ചത്ത് ആ വര്‍ഷമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെയും തകര്‍ച്ചയായിട്ടാണ്, അല്ലെങ്കില്‍ സോഷ്യലിസ്റ്റ് മാതൃകയുടെ അപ്രായോഗികമാണെന്നതിന്റെ ഒരു തെളിവായിട്ടാണ്, ബൂര്‍ഷ്വാ ശക്തികള്‍ പ്രചരിപ്പിക്കുന്നതെങ്കിലും അത് ശരിയാണോ? മാര്‍ക്സിസം എന്തെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കാതെ, ധൃതി പിടിച്ച് അത്തരമൊരു ഉപരിപ്ലവമായ നിഗമനത്തില്‍ എത്തുന്നത് എന്തായാലും ശരിയല്ല. തത്ത്വശാസ്ത്രം എന്ന് കേള്‍ക്കുമ്പോള്‍, പൊതുവേ ആളുകള്‍ക്ക് ഭയമാണ്. സാധാരണ മനുഷ്യര്‍ക്ക് എളുപ്പം മനസ്സിലാക്കുവാന്‍ കഴിയാത്ത ഒന്നാണ് തത്ത്വശാസ്ത്രം എന്നൊരു മിത്ഥ്യാബോധം ഭൂരിഭാഗം ആള്‍ക്കാര്‍ക്കുമുണ്ട്. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങള്‍ എന്താണ്, ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ അതെങ്ങനെ വളര്‍ന്നു, ഇന്ന് മാര്‍ക്സിസത്തിന്റെ പ്രസക്തി എന്താണ്, എന്നത് ഏറ്റവും ലളിതമായി വിശദീകരിക്കുവാനുള്ള ഒരു ശ്രമമാണിത്.

ഉച്ചനീചത്വങ്ങളില്ലാത്ത, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത, പരസ്പരസഹകരണത്തോടെ സര്‍വ്വരും സന്തോഷത്തോടെ, സമാധാനത്തോടെ, സഹവസിക്കുന്ന ഒരു സമൂഹമാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്. സമൂഹത്തിലെ എല്ലാ അംഗങ്ങളും സമൂഹത്തിന്റെ പുരോഗമനത്തിനായി അദ്ധ്വാനിക്കുകയും, എല്ലാവരുടെയും ആവശ്യത്തിനനുസരിച്ച് ജീവിതസൗകര്യങ്ങള്‍ ലഭ്യമാവുകയും ചെയ്യുന്ന ഒരവസ്ഥ. അത്തരമൊരു കമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ പൂര്‍വ്വ വ്യവസ്ഥയാണ് സോഷ്യലിസ്റ്റ് സമൂഹം. ഈ ഒരു സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മിതിയില്‍ പുരോഗതി കൈവരിച്ച രാജ്യമാണ് സോവിയറ്റ് യൂണിയന്‍. "സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയാണ്" എന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍, അത് വസ്തുതാപരമായി തെറ്റാണ്. സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് സമൂഹമായി ഉയര്‍ന്നിരുന്നില്ല, എന്നാല്‍ കമ്മ്യൂണിസത്തിലേക്കുള്ള പാതയില്‍ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി വളരുകയായിരുന്നു എന്ന് പറയുകയാണ് കൂടുതല്‍ ശരി. അതുകൊണ്ടു തന്നെയല്ലെങ്കിലും, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മാര്‍ക്സിസത്തിന്റെ തകര്‍ച്ചയായി വ്യാഖ്യാനിക്കുവാന്‍ കഴിയില്ല. നമ്മുക്ക് ചുറ്റുമുള്ള പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തിന്റെയും വ്യവസ്ഥകളുടെയുമൊക്കെ പൊതുസ്വഭാവമെന്നത് അവ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ശാശ്വതമായി നിലനില്‍ക്കുന്ന ഒന്നും തന്നെയില്ല ഈ പ്രപഞ്ചത്തില്‍. പഴയവയെ പുറംതള്ളി പുതിയവ കടന്നു വരുന്നു. സ്വന്തം ശരീരത്തില്‍ത്തന്നെ, മൃതകോശങ്ങളെ പുറംതള്ളി പുതിയ കോശങ്ങളുണ്ടാകുന്നു. പ്രായമാകുമ്പോള്‍ മനുഷ്യര്‍ മരിക്കുന്നു. പുതിയവര്‍ ജനിച്ചുവീഴുന്നു. സമൂഹത്തിന്റെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. ആദിമമനുഷ്യര്‍ കാട്ടില്‍ മറ്റ് മൃഗങ്ങളെപ്പോലെയാണ് ജീവിച്ചിരുന്നത്. അദ്ധ്വാനോപകരണങ്ങളും, അദ്ധ്വാനശക്തിയുമൊക്കെ പയ്യെ ഉപയോഗിക്കുവാന്‍ തുടങ്ങി. കല്ലായുധങ്ങളും, ചക്രവും, തീയും, ലോഹങ്ങളും, കൃഷിയും, മീന്‍പിടുത്തവുമൊക്കെ അവളുടെ ജീവിതത്തെ ഉയര്‍ന്ന തലത്തിലാക്കിക്കൊണ്ടു വന്നു. പ്രകൃതിയുമായി മല്ലിട്ട് ജീവിക്കുമ്പോള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നിലനില്പില്ല. സംഘം ചേര്‍ന്നായിരുന്നു അന്നവര്‍ പണിയെടുത്തുകൊണ്ടിരുന്നത്. അദ്ധ്വാനോപകരണങ്ങളും മറ്റും പൊതുസ്വത്തായിരുന്നു. പ്രകൃതിയുടെ ഉല്പന്നങ്ങളും അതുപോലെ തന്നെ ആയിരുന്നു. സ്വകാര്യസ്വത്തെന്ന ആശയമോ, നിയന്ത്രിക്കുവാന്‍ ഭരണകൂടമോ ഇല്ലായിരുന്നു. ഇത്തരമൊരു വ്യവസ്ഥയെയാണ് മാര്‍ക്സ് പ്രാകൃതകമ്മ്യൂണിസമെന്ന് വിശേഷിപ്പിച്ചത്. 'Gods Must be Crazy' എന്നൊരു സിനിമയില്‍ ആധുനികലോകത്ത് ജീവിക്കുന്ന ഇത്തരമൊരു ആദിവാസി സമൂഹത്തിന്റെ ചിത്രം വരച്ചുകാട്ടുന്നു. മുതലാളിത്തത്തിന്റെ വരവിനെ പ്രതീകാത്മകമായി ഒരു കൊക്കോകോള കുപ്പിയുടെ വരവും, അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് ആ ചിത്രത്തില്‍ പിന്നെ കാണിക്കുന്നത്]. ഈ പ്രാകൃതമായ അവസ്ഥയില്‍ നിന്നും പിന്നീട് ഗോത്രങ്ങളായി വഴി പിരിയുകയും, സ്വകാര്യ സ്വത്തവകാശം വരുകയും ചെയ്തു. പിന്നീടത് അടിമ-ഉടമ വ്യവസ്ഥയിലേക്ക് വഴിമാറി. അടിമ-ഉടമ വ്യവസ്ഥ പരിണമിച്ചാണ് ഫ്യൂഡല്‍ സമൂഹം നിലവില്‍ വന്നത്. യന്ത്രശക്തിയുടെ വരവോട് കൂടി വ്യവസായങ്ങള്‍ ശക്തിപ്പെട്ടതോട് കൂടി, മുതലാളിത്തം പതുക്കെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ പുറംതള്ളി. ഇത്രയും പറഞ്ഞത് സമൂഹത്തിന്റെ പരിണാമത്തെ, അല്ലെങ്കില്‍ ചലനത്തെ വിശദീകരിക്കുവാന്‍ വേണ്ടിയാണ്.

അങ്ങനെ പ്രപഞ്ചത്തിലെ ഏത് പ്രതിഭാസമെടുത്താലും - അത് ശാസ്ത്രമോ, ചിത്രകലയോ, സാഹിത്യമോ, സിനിമയോ ആയിക്കോട്ടെ - അത് തുടര്‍ച്ചയായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാണ് എന്ന വസ്തുത സൂക്ഷ്മനിരീക്ഷണത്തിലൂടെ മനസ്സിലാക്കാവാന്‍ സാധിക്കുന്നതാണ്. ഇവിടെ ഒരു ചോദ്യം ഉയരുന്നു. എന്ത് കൊണ്ടാണ് ഈ ചലനം. ഭൗതികശാസ്ത്രത്തിലെ ചലനനിയമങ്ങളെപ്പോലെ, ഈ മാറ്റങ്ങളും എന്തെങ്കിലും നിയമങ്ങള്‍ക്ക് വിധേയമായാണൊ നടക്കുന്നത്. അതിനുള്ള ഉത്തരമാണ് മാര്‍ക്സിസം നല്‍കുന്നത്. മാര്‍ക്സിസത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നതിന് മുമ്പ്, മാര്‍ക്സിസമെങ്ങനെയാണ് ഉണ്ടായത് എന്നതിനെപ്പറ്റി പറയേണ്ടിയിരിക്കുന്നു. തൊട്ടുമുമ്പത്തെ ഖണ്ഡികയില്‍ സൂചിപ്പിച്ച പോലെ, നാളത്തെ സാമൂഹികവ്യവസ്ഥിതി ഉണ്ടാകുന്നത് ഇന്നത്തെ സമൂഹത്തില്‍ നിന്നുമാണ്. പഴയതിനെ നിഷേധിച്ച് പുതിയവ വരുന്നതാണ് വളര്‍ച്ചയെന്ന് നാം നേരത്തെ കണ്ടു. വൈരുദ്ധ്യങ്ങളുടെ സംഘട്ടനമാണ് ഈ വളര്‍ച്ചയ്ക്ക് അല്ലെങ്കില്‍ പരിവര്‍ത്തനത്തിന് നിദാനം എന്നാണ് മാര്‍ക്സിസം പറയുന്നത്. പരിഹരിക്കുവാന്‍ കഴിയാത്ത വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ തകര്‍ച്ച അനിവാര്യമാണ്.

(തുടരും)