ചെകുത്താൻ സഖ്യത്തിനറിയാത്ത ആദിവാസി ചരിതങ്ങൾ

"ഏതു ചെകുത്താന്റെ സഹായവും സ്വീകരിക്കുമെന്ന" സി. കെ. ജാനുവിന്റെ വാക്കുകൾ സത്യമാവുകയാണ്. സി. കെ. ജാനു ബി.ജെ.പി. മുന്നണി സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് വാർത്തകൾ. ജാനുവിനെന്നല്ല ഏതൊരാൾക്കും ഏതു മുന്നണിയുടെ ഭാഗമായും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ബ്രഹദാഖ്യാനങ്ങളുടെ ഭാരങ്ങളില്ലാത്തവർക്ക് വഴക്കവും കൂടും. പക്ഷെ ജാനു ബി.ജെ.പി.യിൽ ചേർന്നാലും കുറ്റം സി.പി.എമ്മിന് എന്ന ആ വിതണ്ഡവാദമുണ്ടല്ലൊ, അതു മാത്രമാണ് പ്രശ്നം. 1930 മുതലെങ്കിലും ആദിവാസി മേഖലകളിൽ സംഘപരിവാർ പ്രവർത്തനം സജീവമാണ്. സംഘപരിവാർ, ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ കലാപ സേനയാക്കി ആദിവാസി വിഭാഗങ്ങളെ എങ്ങനെ മാറ്റിയെന്നതിന്റെ ഗുജറാത്ത്, കാണ്ടമാൽ, ആസാം വംശഹത്യാ അനുഭവങ്ങളും , ആദിവാസി മേഖലകളിലെ കോർപ്പറേറ്റ് വിഭവ ചൂഷണങ്ങൾക്ക് സഹായകരമായ നിലപാടെടുക്കുന്ന സംഘപരിവാർ വനവാസി സംഘടനകളെക്കുറിച്ചുള്ള പഠനങ്ങളും നമുക്ക് മുന്നിലുണ്ട് . മധ്യപ്രദേശിലും ഝാർഖണ്ഡിലും പട്ടികജാതി/പട്ടികവർഗ്ഗ വികസന ഫണ്ടുകളുടെ 85 ശതമാനവും വിനിയോഗിക്കുന്നത് സംഘപരിവാർ സംഘടനകൾ വഴിയാണ് . ജാനു സംഘപരിവാറിനൊപ്പം വരുന്നത് സംഘപരിവാറിനും ജാനുവിനും ഗുണം ചെയ്യും. പക്ഷെ ആദിവാസി പ്രശ്നത്തിൽ ഗുണകരമായ ഒരു ചലനവും അത് സൃഷ്ടിക്കില്ലെന്നുറപ്പ്. ഇതിനു മുൻപ് 2000-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരുനെല്ലിയിലെ സ്വന്തം വാർഡിൽ ജാനു മത്സരിച്ചിരുന്നു. അന്ന് കോൺഗ്രസ്സ് - ബിജെപി -സി.എം.പി - ഗോത്രസഭാ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച സി കെ ജാനു 200 ലധികം വോട്ടിനാണ് സി.പി.എമ്മിലെ കെ. ശാരദയോട് പരാജയമറിഞ്ഞത്. പ്രശ്നം ജാനുവിന്റെയോ മറ്റേതെങ്കിലും വ്യക്തികളുടെയോ നിലപാടുകളല്ല, ചരിത്രപരമായി ഒരു ജനത അനുഭവിക്കുന്ന ചൂഷണത്തിന്റേതാണ്. ജാനുവിന്റെ നിലപാടു മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ആദിവാസി പ്രശ്നം വീണ്ടും ജനശ്രദ്ധയിലേക്ക് വരുന്നു എന്നത് ഗുണകരമാണ്.

ആദിവാസി പ്രശ്നത്തെ ജാതിയുടെ അളവുകോൽ വെച്ച് അളക്കാനാകില്ല. ആദിവാസികൾ എന്നത് ഏകതാനമായ ഒരു ജനവിഭാഗമല്ല. വ്യത്യസ്ത സംസ്കാരങ്ങളിലും, സാമൂഹിക - സാമ്പത്തികാവസ്ഥകളിലും ജീവിക്കുന്ന നിരവധി വിഭാഗങ്ങൾക്ക് കൊളോണിയൽ കാലത്ത് ചാർത്തപ്പെട്ട വിശേഷണമാണത്. താരതമ്യേന ഭൂവുടമകളും കർഷകരുമായ കുറിച്യർ, കുറുമർ, ഏറ്റവും ദരിദ്രരും ഭൂരഹിതരുമായ പണിയർ, അടിയർ, വനത്തെ ആശ്രയിച്ചു ജീവിക്കുന്ന കാട്ടുനായ്കർ, തുടങ്ങി നിരവധി 'ആദിവാസി വിഭാഗങ്ങൾ വയനാട്ടിലുണ്ട്. അവയ്ക്കോരോന്നിനും തികച്ചും വ്യത്യസ്തങ്ങളായ ചരിത്രവും സംസ്കാരവും ഉണ്ട്. അതുകൊണ്ട് ആദിവാസി എന്ന സംജ്ഞ ഈ ലേഖനത്തിൽ ഉപയോഗിക്കുന്നത് ഭൂരഹിത കർഷകത്തൊഴിലാളികളായ പണിയരും , അടിയരും ഉൾപ്പെടെയുള്ളവരെ സൂചിപ്പിക്കാനാണ്.

ജൈന കുടിയേറ്റത്തോടെയാവണം പണിയരും അടിയരും ഉൾപ്പെടെയുള്ള അടിമവേലക്കാരും വയനാട്ടിലെത്തിയത്. ആദ്യകാലം മുതൽ തന്നെ അടിമ വേലക്കാരും ഭക്ഷ്യ ശേഖരരും (food gatherers ) ആയിരുന്നതിനാൽ ഇവർ എന്നും സ്വകാര്യ ഭൂവുടമാ സങ്കല്പത്തിന് പുറത്തായിരുന്നു. കുണ്ടൽ പണി , വല്ലിക്കെട്ട്, ആണ്ടു കെട്ട് തുടങ്ങിയ വ്യത്യസ്ഥ അടിമവേല സമ്പ്രദായങ്ങളിലൂടെ ജന്മി - ഭൂവുടമകൾ ഈ വിഭാഗങ്ങളെ ചൂഷണം ചെയ്തു പോന്നു. കോട്ടയം രാജവംശത്തിന്റെ ആഗമനത്തോടെയാണ് വയനാട്ടിൽ ഫ്യൂഡൽ ഭൂബന്ധങ്ങൾ ആരംഭിക്കുന്നത്. കോട്ടയം രാജവംശത്തിനു കീഴിൽ വയനാട് പത്ത് ദേശങ്ങളായി വിഭജിക്കപ്പെടുകയും ഓരോ ദേശത്തിനും ഓരോ ജന്മിമാരെ നിയമിക്കുകയും ചെയ്തു. അതുവരെ പുനം കൃഷിയെയും വനവിഭവങ്ങളെയും സ്വതന്ത്രമായി ആശ്രയിച്ച് ജീവിച്ചിരുന്ന ആദിവാസികളുടെ ഭൂമിയുമായുള്ള ചയാപചയ ബന്ധത്തിന് ആദ്യത്തെ വിലക്കു വീഴുന്നത് ഇതോടെയാണ്.

ഭൂപ്രശ്നം എന്ന ഏക അജണ്ടയിലാണ് ജാനു ഉൾപ്പെടെയുള്ളവർ ആദിവാസി പ്രശ്നത്തെ കാണുന്നത്. ആദിവാസി പ്രശ്നത്തിൽ ഭൂമി നിർണ്ണായകമാണെന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടാകേണ്ടതില്ല, പക്ഷെ ആദിവാസി പ്രശ്നം രൂക്ഷമായത് നവലിബറൽ നയങ്ങൾക്ക് ശേഷമാണെന്ന വസ്തുത ഇവർ ബോധപൂർവ്വം മറച്ചു വെക്കുന്നു. കാർഷിക പ്രതിസന്ധി രൂക്ഷമായി 543 കർഷകർ ആത്മഹത്യ ചെയ്ത 2001-06 കാലത്താണ് ആദിവാസി പ്രശ്നവും പൊതു ശ്രദ്ധയിലേക്ക് ഉയരുന്നത്. (വയനാട്ടിൽ ആത്മഹത്യ ചെയ്ത കൃഷിക്കാരിൽ പലരും ഭൂവുടമകളായ കർഷകരായിരുന്നു.). ആദിവാസി പ്രശ്നമെന്നത് ഭൂരാഹിത്യത്തിന്റെ പ്രശ്നം മാത്രമാണെന്നും ഭൂരാഹിത്യത്തിനു കാരണം കുടിയേറ്റ കർഷകരാണെന്നുമുള്ള ദ്വന്ദ്വ നിർമ്മിതി യഥാർത്ഥ വസ്തുതകളെ മറയ്ക്കാൻ മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് തന്നെ ആദിവാസി പ്രശ്നത്തിന്റെ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

വയനാട്ടിലെ ആദിവാസി ഭൂപ്രശ്നത്തിനു വ്യത്യസ്തങ്ങളായ മാനങ്ങളുണ്ട്. പ്ലാന്റേഷൻവൽക്കരണത്തിലൂടെയും, വനനയങ്ങളിലൂടെയും, കുടിയേറ്റത്തിലൂടെയും ഭൂമി നഷ്ടപ്പെട്ട ഭൂവുടമകളായ ആദിവാസികളുടെ ഭൂപ്രശ്നവും, പരമ്പരാഗതമായി അടിമവേലയും ഭക്ഷ്യ ശേഖരണവും ചെയ്ത് സ്വകാര്യ ഭൂസ്വത്ത് എന്ന ആശയത്തിന് പുറത്ത് ജീവിച്ച ഭൂരഹിതരായ ആദിവാസികളുടെ ഭൂപ്രശ്നവും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും (2011 ഏപ്രിൽ ) കണക്കു പ്രകാരം 63.74 % ആദിവാസികളും 25 സെന്റിൽ താഴെ മാത്രം ഭൂമിയുള്ളവരാണ്. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളത് 18.02 % കുടുംബങ്ങൾക്ക്‌ മാത്രമാണ്. അതിൽ ബഹുഭൂരിപക്ഷവും കുറുമ-കുറിച്ച്യ സമുദായവുമാണ്. വയനാട്ടിലെ എറ്റവും വലിയ ആദിവാസി വിഭാഗമായ പണിയരിൽ 66.21% ഭൂരഹിതരാണ്.(കുറിച്യരിൽ 7.7 % , കുറുമരിൽ 5.3 % ആണു ഭൂരഹിതർ ).

ആദിവാസി ഭൂപ്രശ്നത്തിന്റെ ചരിത്ര പശ്ചാത്തലം

13 ആം നൂറ്റാണ്ടോടു കൂടിയാണ് വയനാട്ടിലേക്കുള്ള ജൈന കുടിയേറ്റം ആരംഭിച്ചിരിക്കുക. ഈ ജൈന കുടിയേറ്റത്തോടെയാവണം പണിയരും അടിയരും ഉൾപ്പെടെയുള്ള അടിമവേലക്കാരും വയനാട്ടിലെത്തിയത്. (എതിർ വാദങ്ങൾ നിരവധിയുണ്ട്). ആദ്യകാലം മുതൽ തന്നെ അടിമ വേലക്കാരും ഭക്ഷ്യ ശേഖരരും (food gatherers ) ആയിരുന്നതിനാൽ ഇവർ എന്നും സ്വകാര്യ ഭൂവുടമാ സങ്കല്പത്തിന് പുറത്തായിരുന്നു. കുണ്ടൽ പണി , വല്ലിക്കെട്ട്, ആണ്ടു കെട്ട് തുടങ്ങിയ വ്യത്യസ്ഥ അടിമവേല സമ്പ്രദായങ്ങളിലൂടെ ജന്മി - ഭൂവുടമകൾ ഈ വിഭാഗങ്ങളെ ചൂഷണം ചെയ്തു പോന്നു. കോട്ടയം രാജവംശത്തിന്റെ ആഗമനത്തോടെയാണ് വയനാട്ടിൽ ഫ്യൂഡൽ ഭൂബന്ധങ്ങൾ ആരംഭിക്കുന്നത്. കോട്ടയം രാജവംശത്തിനു കീഴിൽ വയനാട് പത്ത് ദേശങ്ങളായി വിഭജിക്കപ്പെടുകയും ഓരോ ദേശത്തിനും ഓരോ ജന്മിമാരെ നിയമിക്കുകയും ചെയ്തു. അതുവരെ പുനം കൃഷിയെയും വനവിഭവങ്ങളെയും സ്വതന്ത്രമായി ആശ്രയിച്ച് ജീവിച്ചിരുന്ന ആദിവാസികളുടെ ഭൂമിയുമായുള്ള ചയാപചയ ബന്ധത്തിന് ആദ്യത്തെ വിലക്കു വീഴുന്നത് ഇതോടെയാണ്. തുടർന്ന് ഹൈദരലിയുടെയും ടിപ്പുവിന്റെയും അധീനതയിലായ വയനാട്, 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. ബ്രിട്ടീഷിന്റെ കീഴിൽ കൃഷി-വന ഭൂമിയുടെ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ വരികയും ഇത് ഭൂവുടമകളായ ആദിവാസികളിൽ കടുത്ത അതൃപ്തി സ്രഷ്ടിക്കുകയും ചെയ്തു. പഴശ്ശി സമരങ്ങൾ എന്ന പേരിലറിയപ്പെടുന്ന പോരാട്ടങ്ങൾ യഥാർത്ഥത്തിൽ വയനാട്ടിലെ ആദിവാസികളുടെ സ്വതന്ത്രമായ ഭൂവിനിയോഗത്തിനും ചൂഷണത്തിനെതിരേയുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ കൂടിയായിരുന്നു. 1805 ൽ പഴശ്ശിയുടെ രക്തസാക്ഷ്യത്തോടെ ബ്രിട്ടീഷുകാർ ആദിവാസി കർഷകരിൽ നിന്ന് നേരിട്ടു ഭൂനികുതി പിരിക്കാൻ തുടങ്ങി. 1812 ൽ ഭൂനികുതി പിരിവിനെതിരെ നടത്തിയ കലാപങ്ങളാണ് "കുറിച്ച്യ കലാപം " എന്ന പേരിൽ പൊതുവേ അറിയപ്പെടുന്നത്. ഈ സമരത്തെ ആറുമാസം കൊണ്ടാണ് സൈന്യം അടിച്ചമർത്തിയത്. 1870ൽ സർക്കാർ പുനം കൃഷി നിരോധിച്ചു. ജന്മിമാരുടെ അധീനതയിലായിരുന്ന നിലങ്ങൾ സർക്കാർ അധീനത്തിലായി. റെയിൽവേ സ്ലീപ്പറുകൾക്കും മറ്റുമായി ആയിരക്കണക്കിനു ഹെക്ടർ വനം കൊള്ളയടിക്കപ്പെട്ടു. സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ച് തേക്ക് തോട്ടങ്ങളാക്കി. (1929-38 കാലയളവിൽ മാത്രം ബത്തേരിയിൽ 450 ഹെക്ടർ വനം വെട്ടിത്തെളിച്ച് തേക്ക് തോട്ടങ്ങളാക്കി മാറ്റി , ഇതേ കാലയളവിൽ പേരിയയിൽ 3330 ഹെക്ടർ വനം റെയിൽവേ സ്ലീപ്പറുകൾക്കായി വെട്ടിത്തളിച്ചു). ഇത് വനവിഭവങ്ങളെ ആശ്രയിച്ച് ജീവിച്ച ഭക്ഷ്യ ശേഖരരായ ആദിവാസികളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കി.

ലോകം മുഴുവൻ ശ്രദ്ധ നേടിയ മുത്തങ്ങ സമരത്തിനപ്പുറത്ത് ഇതേകാലയളവിൽ ഒരു മാധ്യമശ്രദ്ധയും കിട്ടാതെ, മധ്യവർഗ്ഗ ആക്ടിവിസ്ടുകളുടെ ഐക്യദാർഡ്യങ്ങളില്ലാതെ വയനാട്ടിലെ 19 കേന്ദ്രങ്ങളിൽ AKS പ്രവർത്തകർ ഭൂമി കയ്യേറി സമരം തുടങ്ങിയിരുന്നു. ഈ സമരത്തെയും ക്രൂരമായാണ് ആന്റണി സർക്കാർ അടിച്ചമർത്തിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 1476 ആദിവാസികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഗർഭിണിയായ ശാന്ത കണ്ണൂർ സെൻട്രൽ ജയിലിലെ കക്കൂസിൽ പ്രസവിച്ചു. കുഞ്ഞു മരിച്ചു. ഗുരുതരാവസ്ഥയിലായ ശാന്തയും പിന്നീട് മരണപ്പെട്ടു. ഒരു മനുഷ്യാവകാശ പ്രവർത്തകനും രോഷം കൊണ്ടില്ല, ആരും പ്ലക്കാടുകൾ പൊക്കിയില്ല.

1830-കളിൽ മാനന്തവാടിയിൽ ആരംഭിച്ച പാരി ആൻറ് പാരി പ്ലാന്റേഷൻ കമ്പനിയോടെയാണ് വയനാട്ടിൽ നാണ്യവിള തോട്ടങ്ങൾ വ്യാപകമാകുന്നത്. പ്രാകൃത മൂലധന സഞ്ജയ രൂപങ്ങളായിരുന്നു ഇവിടെ പ്രയോഗിക്കപ്പെട്ടത്. തോട്ടങ്ങൾക്കായി വൻ തോതിൽ വനഭൂമി വെട്ടിത്തെളിക്കപ്പെട്ടു, അവിടങ്ങളിലെ ആദിവാസികളെ ആട്ടിപ്പായിച്ചു. വൻകിട തോട്ടങ്ങളുടെ വരവ് ആദിവാസികൾക്ക് ആധുനിക തോട്ടം തൊഴിലാളിയാകാനുള്ള ചരിത്ര ദൗത്യവും നിർവഹിച്ചില്ല. തോട്ടം തൊഴിലാളികളായി നിയമിക്കപ്പെട്ടത് അന്യ ദേശക്കാരായ ആളുകളെയായിരുന്നു. ഇത് ആദിവാസികളുടെ ആവാസ വ്യവസ്ഥയെ തകർക്കുകയും ഭക്ഷ്യ ശേഖരണത്തിനുള്ള അവസരം കുറയ്ക്കുകയും ചെയ്തു. ആദിവാസികൾ ജന്മിമാർക്കു കീഴിൽ കൂടുതലായി അടിമപ്പണിയെ ആശ്രയിക്കാൻ നിർബന്ധിതരായി. ഒന്നാം ലോകയുദ്ധവും തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവുമാണ് വയനാട്ടിലേക്കുള്ള ആധുനിക കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. 1931 വരെ വയനാട്ടിലെ ജനസംഖ്യയിൽ ഭൂരിപക്ഷം ആദിവാസികളായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം "grow more food" പദ്ധതിയുടെ ഭാഗമായി തിരുവിതാംകൂറിൽ നിന്നും വൻതോതിൽ കുടിയേറ്റം ആരംഭിക്കുകയും അവശേഷിക്കുന്ന പൊതുഭൂമി കൂടി ആദിവാസികൾക്ക് നഷ്ടമാവുകയും ചെയ്തു. പക്ഷെ ഈ കുടിയേറ്റക്കാരുടെ വരവോടെ അതുവരെ അടിമവേലക്കാരായിരുന്ന ഒരു വലിയ വിഭാഗം ആദിവാസികൾ കർഷകതൊഴിലാളികളായി മാറി. 1961-ൽ കേരളത്തിലെ ആദിവാസികളുടെ 43% ആയിരുന്നു കർഷകത്തൊഴിലാളികളെങ്കിൽ 76-ൽ 72% ആയി വർദ്ധിച്ചു. 2011ൽ വയനാട്ടിലെ ആദിവാസികളിൽ 82.1% പേരും കർഷകതൊഴിലാളികളാണ്.

ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഭൂസാമിമാർ പരാജയപ്പെടുത്തുന്ന കാഴ്ചയാണ് വയനാട്ടിൽ കണ്ടത്. ഒന്നാം ഇ.എം.എസ് സർക്കാർ ചീങ്ങേരിയിൽ, തമിഴ്നാട് സർക്കാരിൽ നിന്ന് വാങ്ങിയ 528 ഏക്കർ ഭൂമി ആദിവാസികൾക്ക് നല്കാൻ തീരുമാനിച്ചു. 59-നു ശേഷം ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. 1964-ൽ ആദിവാസികൾക്കനുകൂലമായി വന്ന ഹിൽമെൻ ആക്റ്റ് കോടതി ഇടപെടൽ മൂലം അസാധുവായി. 1975-ലെ Kerala Scheduled Tribes (Restriction on Transfer of lands and Restoration of Alienated Lands) Act ഉം ഇതേ രീതിയിൽ അട്ടിമറിക്കപ്പെട്ടു.

നിലനില്ക്കുന്ന ജന്മി-കുടിയാൻ ഭൂബന്ധത്തെ തകർക്കുകയെന്ന പരിമിതമായ ബൂർഷ്വാ വിപ്ലവ ലക്‌ഷ്യം മാത്രമേ ഭൂപരിഷ്കരണത്തിനുണ്ടായിരുന്നുള്ളൂ. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ നിർദേശപ്രകാരം തോട്ടം മേഖലയെ ഭൂപരിഷ്കരണത്തിൽ നിന്നൊഴിവാക്കുകയും ചെയ്തു. ഭൂപരിഷകരണം എന്നത് 1970 വരെയെങ്കിലും നീണ്ടു നിന്ന ഒരു പ്രക്രിയയുടെ ഭാഗമായാണ് പൂർത്തിയാക്കപ്പെട്ടത്. ഈ കാലയളവിൽ പ്ലാന്റേഷൻ നിയമത്തെ കൂട്ടു പിടിച്ചും, ഇഷ്ട ദാനത്തിന്റെ മറവിലും, ബിനാമി ഉടമസ്ഥതയിലും ഭൂപരിഷ്കരണത്തിന്റെ സാധ്യതകളെ ഭൂസാമിമാർ നേരിടുകയും ചെയ്തു. അതുകൊണ്ടാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തന്നെ ഭൂമിക്കായി മിച്ചഭൂമി സമരം ആരംഭിക്കേണ്ടി വന്നതും. ബൂർഷ്വാ നിയമവ്യവഹാരങ്ങളെയും അതിന്റെ വർഗ്ഗ താല്പര്യങ്ങളേയും പൂർണമായി മറച്ചു വെച്ചു കൊണ്ടാണ് വലതുപക്ഷ - സ്വത്വ രാഷ്ട്രീയക്കാർ ആദിവാസി ഭൂപ്രശ്നത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും സി.പി.എമ്മിന്റെ തലയിൽ ചാർത്തുന്നത്.

ആദിവാസികളും ഇടതു പക്ഷവും

ജന്മി-ഭൂവുടമാ വിഭാഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ച കോൺഗ്രസ്സ് സ്വാതന്ത്ര്യ സമര നേതൃത്വത്തിലേക്ക് വന്നതോടെ ആദ്യകാലത്ത് ഐതിഹാസിക കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ നടത്തിയ ആദിവാസികൾ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് അപ്രത്യക്ഷരായി. മഹാരാഷ്ട്രയിലും ത്രിപുരയിലും തെലുങ്കാനയിലും ആദിവാസി-കർഷക - കർഷകതൊഴിലാളി ഐക്യത്തിലൂടെ പോരാട്ടം നടത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വയനാട്ടിലെ സവിശേഷ സാഹചര്യത്തിൽ ഈ ഐക്യനിര കെട്ടിപ്പെടുക്കാനായതുമില്ല. അടിമ വേലാ നിരോധന നിയമം വന്നതിനു ശേഷവും വല്ലിപ്പണി, കുണ്ടൽപ്പണി തുടങ്ങി തുടങ്ങിയ വിവിധ രൂപങ്ങളിൽ വയനാട്ടിൽ നിലനിന്ന അടിമ സമ്പ്രദായത്തിനെതിരെ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 1953-ൽ തന്നെ പ്രതിഷേധമുയർന്നു. കൂലി പണമായി നല്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. കൂലി വർദ്ധനവിനും, വല്ലി നെല്ലിന്റെ അളവു വർദ്ധനവിനും വേണ്ടി പോരാട്ടം നടത്തിയ യൂണിയൻ ആദിവാസികളുടെ സവിശേഷ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1960-ൽ തന്നെ "ആദിവാസി സംഘം" രൂപീകരിച്ചു. കെ.കെ അണ്ണൻ സെക്രട്ടറിയും പട്ടുവം രാഘവൻ പ്രസിഡന്റുമായാണ് സംഘം പ്രവർത്തിച്ചത്. 1966 ലാണ് എ.വർഗ്ഗീസ്‌ കർഷക തൊഴിലാളി യൂണിയൻ മാനന്തവാടി താലൂക്ക് സെക്രട്ടറിയാകുന്നത്. വർഗ്ഗീസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി. 1966-ൽ വർഗ്ഗീസും കൂട്ടരും നക്സലൈറ്റ് അവസരവാദ നിലപാടുകൾക്ക് പിറകെ പോയത് വയനാട്ടിലെ ആദിവാസി പോരാട്ടങ്ങളുടെ വഴി തെറ്റിച്ചു. നക്സലൈറ്റുകളെ നേരിടുന്നതിന്റെ മറവിൽ എല്ലാ ആദിവാസി മുന്നേറ്റങ്ങളെയും ഭരണകൂടം അടിച്ചമർത്തി.

xdfdfd

80-കളിലാണ് വയനാട്ടിലെ ആദിവാസി മേഖലയിൽ എൻ.ജി. ഓ സംഘടനകൾ പ്രവർത്തനമാരംഭിക്കുന്നത്. കൃസ്ത്യൻ സഭയുടെ പിന്തുണയോടെ 1982-ൽ സോളിഡാരിറ്റിയും, 1987-ൽ ഹിൽഡയും രൂപീകരിക്കപ്പെട്ടു. ആദ്യകാലത്ത് കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകയായിരുന്ന സി.കെ. ജാനു പിന്നീട് സോളിഡാരിറ്റിയിലേക്ക് പ്രവർത്തന മേഖല മാറ്റുകയായിരുന്നു. 80-കളിൽ ഇന്ത്യയിലെമ്പാടും സ്വാധീനം നേടിയ സ്വത്വരാഷ്ട്രീയം ആദിവാസി മേഖലയിലും സാന്നിധ്യമുറപ്പിച്ചു. സ്വത്വ രാഷ്ട്രീയത്തിന്റെ വരവ് സവിശേഷമായ ആദിവാസി പ്രശ്നങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിനു സഹായകരമായി. യാന്ത്രിക വർഗ്ഗ രാഷ്ട്രീയത്തിലുപരിയായി സ്വത്വപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഇടതു പക്ഷവും നിർബന്ധിതമായി.

നവലിബറലിസവും ആദിവാസികളും

1991 മുതൽ തുടക്കം കുറിച്ച നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പ്രധാന ഇരകൾ കർഷകരായിരുന്നു. ആഗോള വിപണിയുടെ വാതിലുകൾ കർഷകർക്ക് മുന്നിൽ തുറന്നിടുന്നതോടെ നാണ്യ വിളകൾക്ക് മികച്ച ആഗോള വില കിട്ടുമെന്ന പ്രചരണമായിരുന്നു വലതുപക്ഷം വയനാട്ടിൽ നടത്തിയത്. ആദ്യകാലത്ത് ഇതിന്റെ ചില ലക്ഷണങ്ങൾ കാണുകയും ചെയ്തു. എന്നാൽ ആഗോള വിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക് കാർഷിക മേഖലയെ തുറന്നു കൊടുത്തതിന്റെ ദുരിതം വയനാട്ടുകാർ അനുഭവിക്കാൻ തുടങ്ങിയത് 2000-ന്റെ തുടക്കം മുതലാണ്‌. 1998 ൽ കിലോയ്ക്ക് 67 രൂപയുണ്ടായിരുന്ന കാപ്പിക്ക് 2003 ൽ കിലോയ്ക്ക് 16 രൂപയായി കൂപ്പുകുത്തി, ഇതേ കാലയളവിൽ കുരുമുളകിന്റെ വിla 210 രൂപയിൽ നിന്നും 70 രൂപയായി കൂപ്പുകുത്തി. എന്നാൽ രാസവളങ്ങളുടെയും, കീടനാശിനികളുടെയും വില ക്രമാതീതമായി ഉയരുകയും ചെയ്തു. ഇത് വയനാട്ടിലെ കാർഷിക സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ 453 കർഷകരാണ് വയനാട്ടിൽ ആത്മഹത്യ ചെയ്തത്. കാർഷിക മേഖല തകർന്നപ്പോൾ സ്വാഭാവികമായും കർഷകർ ചെയ്തത് കൃഷി തൊഴിൽ ദിനങ്ങൾ കുറയ്ക്കുക എന്നതാണ്. ഇത് ബഹുഭൂരിപക്ഷവും കർഷകതൊഴിലാളികളായ ആദിവാസികളുടെ ജീവിതത്തെ വൻതോതിൽ തകർത്തു. മറ്റു തൊഴിൽ മേഖലകളുടെ അഭാവവും, സർക്കാറിന്റെ നിസംഗ ഭാവവും, പൊതു വിതരണ മേഖലയുടെ തകർച്ചയും ആദിവാസി മേഖലയിൽ പട്ടിണി മരണങ്ങൾക്ക് തുടക്കം കുറിച്ചു. ഈ സാഹചര്യത്തിലാണ് 2000 മാർച്ച് 5-നു ആദിവാസി ക്ഷേമ സമിതി പ്രവർത്തനമാരംഭിക്കുന്നത്. (പലരും പ്രചരിപ്പിക്കുന്നത് പോലെ മുത്തങ്ങ സമരത്തിനു ശേഷം ആരംഭിച്ച ഒന്നല്ല AKS ). ഇതേ കാലയളവിൽ ആദിവാസി പട്ടിണി മരണങ്ങൾ ഉയർത്തിക്കാട്ടി സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ 2001 ആഗസ്ത് 29 മുതൽ ഒക്ടോബർ 16 വരെ നടന്ന കുടിൽ കെട്ടി സമരത്തിന്റെ ഭാഗമായി ആദിവാസികൾക്ക് ഭൂമി നല്കാമെന്ന ഉറപ്പിൽ ആന്റണിയും ജാനുവും കരാറിൽ ഒപ്പിടുകയും സമരം പിൻവലിക്കുകയും ചെയ്തു. എന്നാൽ കരാർ നടപ്പാക്കാത്തതിനെ തുടർന്ന് മുത്തങ്ങ സമരം ആരംഭിക്കുകയും പോലിസ് വെടിവെപ്പിൽ ജോഗി മരിക്കുകയും ചെയ്തു. ലോകം മുഴുവൻ ശ്രദ്ധ നേടിയ മുത്തങ്ങ സമരത്തിനപ്പുറത്ത് ഇതേകാലയളവിൽ ഒരു മാധ്യമശ്രദ്ധയും കിട്ടാതെ, മധ്യവർഗ്ഗ ആക്ടിവിസ്ടുകളുടെ ഐക്യദാർഡ്യങ്ങളില്ലാതെ വയനാട്ടിലെ 19 കേന്ദ്രങ്ങളിൽ AKS പ്രവർത്തകർ ഭൂമി കയ്യേറി സമരം തുടങ്ങിയിരുന്നു. ഈ സമരത്തെയും ക്രൂരമായാണ് ആന്റണി സർക്കാർ അടിച്ചമർത്തിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 1476 ആദിവാസികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഗർഭിണിയായ ശാന്ത കണ്ണൂർ സെൻട്രൽ ജയിലിലെ കക്കൂസിൽ പ്രസവിച്ചു. കുഞ്ഞു മരിച്ചു. ഗുരുതരാവസ്ഥയിലായ ശാന്തയും പിന്നീട് മരണപ്പെട്ടു. ഒരു മനുഷ്യാവകാശ പ്രവർത്തകനും രോഷം കൊണ്ടില്ല, ആരും പ്ലക്കാടുകൾ പൊക്കിയില്ല. 2006-ലെ തെരഞ്ഞെടുപ്പിൽ ജാനു യു ഡി എഫിനെ പിന്തുണച്ചു. (ജാനു ഞങ്ങടെ കുഞ്ഞാണെന്നായിരുന്നു കെ.സുധാകരൻ അന്ന് പ്രതികരിച്ചത് ). 2006 ൽ അധികാരത്തിലെത്തിയ വി. എസ്. ഗവണ്മെന്റ് 4700 ആദിവാസി കുടുംബങ്ങൾക്ക് ജില്ലയിൽ ഭൂമി നല്കി. മുത്തങ്ങ സമരത്തിൽ മരിച്ച ജോഗിയുടെ മകളും, ജാനുവിന്റെ ബന്ധുക്കളും ഭൂമി കിട്ടിയവരിൽ പെടുന്നു.

ഒരു സർക്കാരിന്റെ ഇടപെടൽ കൊണ്ടു മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ആദിവാസി പ്രശ്നം. ഇക്കാലമത്രയും ആയിരക്കണക്കിനു ഹെക്ടർ ഭൂമിയാണ്‌ ഒരു രേഖയുമില്ലാതെയും, തെറ്റായ രേഖകളിലൂടെയും, പ്ലാന്റേഷൻ നിയമത്തിന്റെ മറവു പിടിച്ചും വൻ ഭൂസാമിമാർ കൈവശം വെച്ചു പോരുന്നത്. മിക്ക പ്ലാന്റേഷനുകളും തൊഴിലാളികൾക്കും ഗുണകരമാകുന്നില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ പ്ലാന്റേഷൻ മേഖല ഇത്തരത്തിൽ തന്നെ നിലനിർത്തേണ്ടതുണ്ടൊ എന്ന് ചർച്ച ചെയ്യപ്പെടണം. ആദിവാസികൾക്ക് കൂടി പങ്കാളിത്തമുള്ള സഹകരണ സംവിധാനങ്ങളായി അവയെ ഉയർത്താൻ കഴിയില്ലേ?. കേരളത്തിലെ വനഭൂമിയുടെ 17% തോട്ടങ്ങളാണ്. യുകലിപ്റ്റസ്-തേക്ക് തോട്ടങ്ങൾ എന്ത് പരിസ്ഥിതി ധർമ്മമാണു വഹിക്കുന്നത്. ഈ ഭൂമിയെ കുറിച്ചും പുനഃരാലോചനകൾ ഉണ്ടാകേണ്ടതുണ്ട്. ഇത്തരത്തിൽ ഭൂമി ലഭ്യമാക്കുന്നതിലൂടെ മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ആദിവാസി പ്രശ്നം. പതിനഞ്ചു വർഷത്തിനിടയിൽ ഒന്നര ലക്ഷം കർഷകർ ആത്മഹത്യ ചെയ്ത ഒരു രാജ്യത്ത് ധന-സാമൂഹിക മൂലധനത്തിന്റെ അഭാവമുള്ള ഒരു ജനത കൃഷിയിലൂടെ മാത്രം രക്ഷപ്പെടുമെന്നു കരുതുന്നത് ബുദ്ധിപരമാകില്ല. സമഗ്രമായൊരു പദ്ധതി അതിനായി ആവിഷകരിക്കേണ്ടതുണ്ട്. ആദിവാസി മേഖലയിൽ സ്വാതന്ത്ര്യാനന്തരം തുടർന്നു പോരുന്ന നെഹ്രുവിയൻ ആദിവാസി പഞ്ചശീൽ പദ്ധതികൾ (വെരിയർ എലവിന്റെ tribal zoo ആശയത്തെ പിൻപറ്റുന്നത് ) മുഴുവൻ പൊളിച്ചെഴുത്തിനു വിധേയമാക്കണം. കാർഷികാനുബന്ധ വ്യവസായങ്ങളും, കൂട്ടുകൃഷിയും നല്കുന്ന സാധ്യതകൾ പരിശോധിക്കപ്പെടണം. ആദിവാസി വിദ്യാഭ്യാസത്തെ സവിശേഷ പ്രാധാന്യം നല്കി ഇടപെടണം.

ആദിവാസിപ്രശ്നമെന്നത് മധ്യവർഗ്ഗത്തിന്റെ മാനവിക ഉത്കണ്ഠകളുടെ അടിസ്ഥാനത്തിൽ "പരിഹരിക്കാവുന്ന" ഒന്നല്ല. അതിനു ചരിത്രപരവും , വർഗ്ഗപരവും സ്വത്വപരവുമായ മാനങ്ങളുണ്ട്. വർത്തമാന കാലത്ത് മനുഷ്യ ജീവിതത്തെ സകല മേഖലകളിലും തകർക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായ വിപുലമായ ഐക്യനിര വളർത്തിക്കൊണ്ടു വരികയും ആദിവാസി പ്രശ്നത്തെ ഈ വൈരുദ്ധ്യത്തിന്റെ കൂടി അടിസ്ഥാനത്തിൽ നോക്കി കാണുകയും വേണം. ആദിവാസി പ്രശ്നമെന്നത് കാർഷിക പ്രശ്നത്തോടൊപ്പം ചേർന്നു നില്ക്കുന്ന ഒന്നാണ്. അതിനാൽ വിപുലമായ കർഷക - ആദിവാസി - കർഷക തൊഴിലാളി ഐക്യനിര ഉയരേണ്ടതുണ്ട്. ഭൂമി, വനവിഭവങ്ങൾ, സാമൂഹികസുരക്ഷ, തുടങ്ങിയവക്കായുള്ള ആദിവാസി സമരത്തെ വിപുലമായ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റണം. ഒപ്പം സവിശേഷമായ ബദൽ പദ്ധതികൾ ആദിവാസി മേഖലയിൽ ആരംഭിക്കാൻ സർക്കാരുകൾക്ക് കഴിയണം. അതിനൊന്നും ഇപ്പോൾ നടക്കുന്ന സങ്കുചിതവും വിഭാഗീയവുമായ സ്വത്വ രാഷ്ട്രീയ ഇടപെടലുകൾ മതിയാകില്ല, അല്ലെങ്കിൽ തന്നെ ജാനുവിന്റെ ചെകുത്താൻ സഖ്യത്തോടെ ഇവരുടെ രാഷ്ട്രീയ പൊള്ളത്തരമാണ് പുറത്താകുന്നത്. അത് വയനാട്ടിലെ ആദിവാസി-തൊഴിലാളി - കർഷക ഐക്യം നടത്തുന്ന പോരാട്ടങ്ങളെ ഒരു തരത്തിലും സ്വാധീനിക്കാൻ പോകുന്നില്ല.