നമ്മള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍ ആകണം

xdfdfd

കോലോമ എന്റെ ഏറ്റവുമടുത്ത ബാല്യകാല സുഹൃത്തായിരുന്നു. ഞാന്‍ താമസിച്ചിരുന്ന തെരുവില്‍ തന്നെയാണ് ഒകോലോമ ജീവിച്ചിരുന്നതും. ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ അദ്ദേഹം എന്നെ പരിചരിച്ചിരുന്നു. എനിക്ക് ഏതെങ്കിലും പയ്യനെ ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ഒകോലോമയുടെ അടുത്ത് അഭിപ്രായം ചോദിക്കുമായിരുന്നു. ഒകോലോമ സരസനും ബുദ്ധിമാനും കൗബോയ്സിനെപ്പോലെ നീണ്ടു കൂര്‍ത്ത അറ്റങ്ങള്‍ ഉള്ള ബൂട്ടുകള്‍ ധരിക്കുന്നയാളുമായിരുന്നു. തെക്ക‌ന്‍ നൈജീരിയയില്‍ വച്ച് 2005 ഡിസംബറില്‍ കുപ്രസിദ്ധമായ സോസോലിസോ വിമാനാപകടത്തില്‍ പെട്ടാണ് ഒകോലോമാ മരിച്ചത്. എനിക്ക് സംവാദങ്ങളിലേര്‍പ്പെടുവാനും, ചിരിക്കുവാനും ഉള്ള് തുറന്ന് സംസാരിക്കുവാനും പറ്റുന്ന ഒരാളായിരുന്നു ഒകോലോമ. എന്നെ ഫെമിനിസ്റ്റ് എന്ന് ആദ്യം വിളിച്ച ഒരാള്‍ കൂടിയാണ് അദ്ദേഹം.

എനിക്കന്ന് ഏകദേശം 14 വയസ്സാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു സംവാദത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ വായിച്ച പുസ്തകങ്ങളില്‍ നിന്നുള്ള പകുതി വെന്ത അറിവ് വച്ച് ഞങ്ങള്‍ പരസ്പരം പോരടിക്കുകയായിരുന്നു. ഞങ്ങള്‍ എന്തിനെ പറ്റി ആയിരുന്നു തര്‍ക്കിച്ചതെന്ന് എനിക്ക് കൃത്യമായി ഓര്‍ത്തെടുക്കുവാന്‍ സാധിക്കുന്നില്ല. പക്ഷെ ഒന്നുണ്ട്, ഞങ്ങളുടെ സംവാദം പുരോഗമിക്കവേ ഒകോലോമ എന്നെ നോക്കി പറഞ്ഞു, "നിനക്കറിയുമോ, നീ ഒരു ഫെമിനിസ്റ്റാണ്".

തിരികെ വീട്ടിലെത്തുമ്പോള്‍ ആദ്യം തന്നെ "ഫെമിനിസ്റ്റ്" എന്ന പദത്തിന്റെ അര്‍ഥം നിഘണ്ടുവില്‍ തിരയണം എന്നതായിരുന്നു ഞാന്‍ പദ്ധതിയിട്ടത്.

അതൊരു അനുമോദനം ആയിരുന്നില്ല. "നിങ്ങള്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആളാണ്" എന്ന അതേ സ്വരഭേദം തന്നെ ആയിരുന്നു അതിനും.

"ഫെമിനിസ്റ്റ്" എന്ന് വച്ചാല്‍ കൃത്യമായി എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അക്കാര്യം ഒകോലോമ അറിയരുത് എന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. അത് കൊണ്ട് ഞാനത് ഉള്ളിലടക്കിപ്പിടിച്ചുകൊണ്ട് എന്റെ സംവാദം തുടര്‍ന്നു. തിരികെ വീട്ടിലെത്തുമ്പോള്‍ ആദ്യം തന്നെ "ഫെമിനിസ്റ്റ്" എന്ന പദത്തിന്റെ അര്‍ഥം നിഘണ്ടുവില്‍ തിരയണം എന്നതായിരുന്നു ഞാന്‍ പദ്ധതിയിട്ടത്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം.

2003-ല്‍ ഭാര്യയെ തല്ലുന്ന ഒരു പുരുഷനെ പറ്റിയുള്ള ഒരു നോവല്‍ - Purple Hibiscus - ഞാന്‍ എഴുതുകയുണ്ടായി. നല്ല രീതിയിലല്ല അയാളുടെ കഥ അവസാനിക്കുന്നത്. നൈജീരിയയില്‍ വച്ച് ഈ നോവലിന്റെ പ്രചാരണ സമയത്ത്, ഒരു ജേണലിസ്റ്റ്, മാന്യനും ആത്മാര്‍ത്ഥതയുമുള്ള ഒരാള്‍ എന്റയടുത്ത് പറഞ്ഞു അദ്ദേഹത്തിന് എന്നെ ഉപദേശിക്കുവാന്‍ ആഗ്രഹമുണ്ടെന്ന്. (നൈജീരിയക്കാര്‍, നിങ്ങള്‍ക്ക് പലര്‍ക്കുമറിയാവുന്നത് പോലെ തന്നെ, നാം ആവശ്യപ്പെടാതെ തന്നെ ഉപദേശങ്ങള്‍ തരുന്നവരാണ്)

എന്റെ നോവല്‍ ഫെമിനിസ്റ്റാണെന്ന് ആളുകള്‍ പറഞ്ഞു നടക്കുയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനൊരിക്കലും ഫെമിനിസ്റ്റ് എന്ന് സ്വയം എന്നെ വിളിക്കരുത്, കാരണം ഭര്‍ത്താക്കന്മാരെ കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അസന്തുഷ്ടരായ സ്ത്രീകളാണ് ഫെമിനിസ്റ്റുകള്‍ എന്നതായിരുന്നു അദ്ദേഹം എനിക്ക് നല്‍കിയ ഉപദേശം. അദ്ദേഹം ഇത് എന്റെയടുത്ത് പറയുമ്പോള്‍ വിഷാദഭാവത്തില്‍ തലയാട്ടുന്നുണ്ടായിരുന്നു.

അങ്ങനെ ഞാന്‍ എന്നെ "സന്തുഷ്ടയായ ഫെമിനിസ്റ്റ്" എന്ന് വിളിക്കുവാന്‍ തീരുമാനിച്ചു.

മറ്റൊരിക്കല്‍ ഒരു അക്കാഡമിക്‍, ഒരു നൈജീരിയന്‍ സ്ത്രീ, ഫെമിനിസം നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നും, ഫെമിനിസം ആഫ്രിക്കന്‍ അല്ലായെന്നും "പാശ്ചാത്യ പുസ്തകങ്ങള്‍" എന്നെ ദുഷിപ്പിച്ചത് കൊണ്ടാണ് ഞാന്‍ എന്നെ സ്വയം ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത് എന്നും എന്നോട് പറയുകയുണ്ടായി. (എനിക്കിത് തമാശയായിട്ടാണ് തോന്നിയത്. എന്റെ ആദ്യവായനകളില്‍ പലതും ഫെമിനിസ്റ്റ് വിരുദ്ധമായിരുന്നു. എനിക്ക് പതിനാറ് വയസ് തികയുന്നതിന് മുമ്പ് മില്‍സ് ആന്‍ഡ് ബൂണ്‍ റൊമാന്‍സ് പ്രസിദ്ധീകരിച്ച എല്ലാം തന്നെ വായിച്ചിട്ടുണ്ടായിരുന്നിരിക്കണം. അതേ സമയം "ഫെമിനിസ്റ്റ് ക്ലാസിക്കുകള്‍" എന്ന് വിളിക്കുന്ന പുസ്തകങ്ങള്‍ ഞാന്‍ ഓരോ തവണയും വായിക്കുമ്പോള്‍ എനിക്ക് മടുക്കുമായിരുന്നു. അവ വായിച്ചു തീര്‍ക്കുവാന്‍ ഞാനൊരുപാട് കഷ്ടപ്പെടുമായിരുന്നു.)

അങ്ങനെ ഒരു സമയത്ത് ഞാന്‍ പുരുഷന്മാര്‍ക്ക് വേണ്ടിയല്ലാതെ തനിക്ക് വേണ്ടി മാത്രം ഹൈ ഹീല്‍സ് ധരിക്കുന്ന, ലിപ് ഗ്ലോസ് ഇടുവാന്‍ ഇഷ്ടപ്പെടുന്ന, പുരുഷന്മാരെ വെറുക്കാത്ത സന്തുഷ്ട ആഫ്രിക്കന്‍ ഫെമിനിസ്റ്റ് ആയിരുന്നു.

എന്തായാലും ഫെമിനിസം ആഫ്രിക്കന്‍ അല്ലാത്തത് കൊണ്ട് ഞാന്‍ എന്നെത്തന്നെ "സന്തുഷ്ടയായ ആഫ്രിക്കന്‍ ഫെമിനിസ്റ്റ്" എന്ന് വിളിക്കുവാന്‍ തീരുമാനിച്ചു. അപ്പോള്‍ ഒരു സുഹൃത്ത് പറയുകയുണ്ടായി ഞാന്‍ എന്നെത്തന്നെ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നതിന്റെ അര്‍ഥം ഞാന്‍ പുരുഷന്മാരെ വെറുക്കുന്നത് കൊണ്ടാണ് എന്ന്. അങ്ങനെ ഞാ‌ന്‍ തീരുമാനിക്കുകയുണ്ടായി ഞാന്‍ ഇനി മുതല്‍ “പുരുഷന്മാരെ വെറുക്കാത്ത സന്തുഷ്ട ആഫ്രിക്കന്‍ ഫെമിനിസ്റ്റ്” എന്ന് സ്വയം വിശേഷിപ്പിക്കുമെന്ന്. അങ്ങനെ ഒരു സമയത്ത് ഞാന്‍ പുരുഷന്മാര്‍ക്ക് വേണ്ടിയല്ലാതെ തനിക്ക് വേണ്ടി മാത്രം ഹൈ ഹീല്‍സ് ധരിക്കുന്ന, ലിപ് ഗ്ലോസ് ഇടുവാന്‍ ഇഷ്ടപ്പെടുന്ന, പുരുഷന്മാരെ വെറുക്കാത്ത സന്തുഷ്ട ആഫ്രിക്കന്‍ ഫെമിനിസ്റ്റ് ആയിരുന്നു.

തീര്‍ച്ചയായും ഇതില്‍ മിക്കതും ഉരുളയ്ക്കുപ്പേരി മറുപടികളായിരുന്നു. പക്ഷെ അത് കാണിക്കുന്നതെന്തെന്ന് വച്ചാല്‍ ഫെമിനിസ്റ്റ് എന്ന വാക്ക് അതിന്റെ കൂടെ കുറെ കെട്ടുമാറാപ്പുകളുമായിട്ടാണ് വരുന്നത് എന്നാണ്. തീരെ മോശപ്പെട്ട മാറാപ്പുകള്‍: നിങ്ങള്‍ ആണുങ്ങളെ വെറുക്കുന്നു, ബ്രാകളെ വെറുക്കുന്നു, ആഫ്രിക്കന്‍ സംസ്കാരത്തെ വെറുക്കുന്നു, നിങ്ങള്‍ക്ക് ആയിരിക്കണം എപ്പോഴും ഉത്തരവാദിത്തം എന്ന് ധാരണ നിങ്ങള്‍ക്കുണ്ട്, നിങ്ങ‌ള്‍ മേക്കപ്പ് ഇടാറില്ല, നിങ്ങള്‍ ഷേവ് ചെയ്യാറില്ല, നിങ്ങള്‍ എപ്പോഴു‌ം രോഷാകുലയായിരിക്കും, നിങ്ങള്‍ക്ക് ഹാസ്യബോധം ഇല്ല, നിങ്ങള്‍ ഡീഓഡറന്റ് ഉപയോഗിക്കാറില്ല.

എന്റെ ബാല്യകാലത്ത് നിന്നുള്ള കഥയാണ് ഇനി.

തെക്കു-കിഴക്കന്‍ നൈജീരിയയിലെ ന്‍സുക്കയിലെ (Nsukka) സര്‍വകലാശാല നഗരത്തിലെ പ്രൈമറി സ്കൂളിലായിരുന്നു ഞാന്‍ ആ സമയത്ത് പഠിച്ചിരുന്നത്. ആ ടേമിന്റെ തുടക്കത്തില്‍ ക്ലാസിന് ഒരു പരീക്ഷ നല്‍കുമെന്നും, പരീക്ഷയില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങുന്നവരെ ക്ലാസ് മോണിറ്റര്‍ ആക്കുമെന്നും ഞങ്ങളോടെല്ലാമായി അദ്ധ്യാപിക പറഞ്ഞു. ക്ലാസ് മോണിറ്ററാവുക എന്നത് വലിയൊരു സംഭവമായിരുന്നു അന്ന് ഞങ്ങള്‍ക്കൊക്കെ. ക്ലാസ് മോണിറ്റര്‍ ആവുകയാണെങ്കില്‍ ക്ലാസില്‍ ബഹളമുണ്ടാക്കുന്നവരുടെയെല്ലാം പേരെഴുതുവാന്‍ നിങ്ങള്‍ക്ക് പറ്റും. അതിന് അതിന്റേതായ ചില അധികാരങ്ങളൊക്കെയുണ്ടായിരുന്നു. ഞങ്ങളുടെ റ്റീച്ചര്‍ ആകട്ടെ, ബഹളക്കാരെ നോക്കി ചുറ്റും നടന്ന് നിരീക്ഷിക്കുവാന്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് കയ്യില്‍ പിടിക്കുവാന്‍ ഒരു വടി തരുമായിരുന്നു. എന്നാല്‍ ആ വടി ഉപയോഗിക്കുവാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. പക്ഷെ ഞാനെന്ന ഒമ്പത് വയസ്സുകാരിക്ക് ആവേശമുണര്‍ത്തുന്ന സംഗതിയായിരുന്നു അത്. എനിക്ക് ക്ലാസ് മോണിറ്ററാകുവാന്‍ വലിയ ആഗ്രഹമായിരുന്നു. പരീക്ഷയില്‍ എനിക്ക് ഏറ്റവും ഉയര്‍ന്ന സ്കോര്‍ ലഭിക്കുകയും ചെയ്തു.

അതിനേക്കാളും രസകരം ക്ലാസില്‍ വടിയുമായി നടന്ന് നിരീക്ഷണം നടത്തുവാന്‍ യാതൊരു താല്പര്യവുമില്ലാത്ത ശുദ്ധാത്മാവായിരുന്നു ഈ പയ്യന്‍. മറിച്ച് ഇപ്പണി ചെയ്യുവാന്‍ എനിക്കായിരുന്നു ആശ കൂടുതലും.

മോണിറ്റര്‍ ഒരു ആണ്‍കുട്ടി ആയിരിക്കണമെന്ന് എന്റെ അദ്ധ്യാപിക പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. അവര്‍ അത് നേരത്തെ പറയുവാന്‍ മറന്ന് പോയി. സ്വാഭാവികമായും ഒരാണായിരിക്കുമല്ലോ അത് എന്ന് അവര്‍ ഊഹിച്ചു. രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ലഭിച്ചത് ഒരു ആണ്‍കുട്ടിക്കാണ്. അപ്പോള്‍ അവന്‍ ആയിരിക്കും മോണിറ്ററാവുക.

അതിനേക്കാളും രസകരം ക്ലാസില്‍ വടിയുമായി നടന്ന് നിരീക്ഷണം നടത്തുവാന്‍ യാതൊരു താല്പര്യവുമില്ലാത്ത ശുദ്ധാത്മാവായിരുന്നു ഈ പയ്യന്‍. മറിച്ച് ഇപ്പണി ചെയ്യുവാന്‍ എനിക്കായിരുന്നു ആശ കൂടുതലും. പക്ഷെ ഞാനൊരു പെണ്‍കുട്ടിയും അവന്‍ ഒരു ആണ്‍കുട്ടിയും ആണല്ലോ. അങ്ങനെ അവന്‍ ക്ലാസ് മോണിറ്ററായി.

എനിക്ക് ആ സംഭവം ഒരിക്കലും മറക്കുവാന്‍ സാധിച്ചിട്ടില്ല.

ഒരു കാര്യം നമ്മള്‍ വീണ്ടും വീണ്ടും ചെയ്യുമ്പോള്‍ അത് സാധാരണയായും സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാകും. നമ്മള്‍ ഒരു കാര്യം പലയാവര്‍ത്തി കാണുമ്പോള്‍ അത് സ്വാഭാവികമായ ഒന്നാകും. ആണ്‍കുട്ടികളെ മാത്രം ക്ലാസ് മോണിറ്റര്‍മാരാക്കുമ്പോള്‍, ബോധപൂര്‍വമല്ലെങ്കിലും, നമ്മള്‍ വിചാരിച്ചു തുടങ്ങും ക്ലാസ് മോണിറ്റര്‍മാരെല്ലാം ആണ്‍കുട്ടികള്‍ ആയിരിക്കണമെന്ന്. കോര്‍പ്പറേഷനുകളുടെ മേധാവികളായി പുരുഷന്മാരെ മാത്രം നാം കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍ നമ്മുക്ക് തോന്നിത്തുടങ്ങും പുരുഷന്മാര്‍ക്ക് മാത്രമേ കോര്‍പ്പറേഷന്റെ മേധാവികള്‍ ആകുവാന്‍ സാധിക്കുകയുള്ളൂ എന്ന്.

ഞാന്‍ എപ്പോഴും വരുത്തുന്ന ഒരു അബദ്ധമുണ്ട്. പ്രകടമായ കാര്യങ്ങള്‍ എന്ന് എനിക്ക് തോന്നുന്ന ചില സംഗതികള്‍ ബാക്കിയുള്ള എല്ലാവര്‍ക്കും അതേ പോലെ പ്രകടമായിത്തന്നെ തോന്നും എന്നൊരു ധാരണ എനിക്കുണ്ടായിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട സുഹൃത്തായ ലൂയിസ് തന്നെ ഉദാഹരണം. അതിസമര്‍ത്ഥനും പുരോഗമനവാദിയുമായ ഒരു പുരുഷനാണ് ലൂയിസ്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംഭാഷണങ്ങള്‍ നടക്കാറുണ്ട്. "സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ വ്യത്യസ്തവും ബുദ്ധിമുട്ടുള്ളതുമാകുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരുപക്ഷെ പണ്ട് അങ്ങനെ ആയിരുന്നിരിക്കാം, എന്നാല്‍ ഇന്ന് അങ്ങനെയല്ല." എന്ന് അദ്ദേഹം എന്നോട് പറയാറുണ്ട്. ഇത്രയ്ക്കും സ്പഷ്ടമായ ഒരു കാര്യം ലൂയിസിന് എന്ത്കൊണ്ട് കാണുവാന്‍ സാധിച്ചില്ല എന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

നൈജീരിയയിലേക്ക് തിരികെ പോകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. നൈജീരിയയിലെ ഏറ്റവും വലിയ നഗരവും വാണിജ്യകേന്ദ്രവുമായ ലാഗോസില്‍ ആയിരിക്കും ഞാന്‍ എന്റെ സമയം പരമാവധി ചെലവിടുക. ചൂട് വളരെ കുറയുന്ന ചില വൈകുന്നേരങ്ങളില്‍, നഗരം മന്ദഗതിയില്‍ നീങ്ങുമ്പോള്‍ സുഹൃത്തുക്കളുടെ കൂടെയും കുടുംബാംഗങ്ങളുടെ കൂടെയും റസ്റ്റ്‌റോന്റിലും കഫേകളിലും പോകുമായിരുന്നു. അങ്ങനെ ഒരു വൈകുന്നേരം ലൂയിസും ഞാനും സുഹൃത്തുക്കളുടെ കൂടെ പുറത്തേക്ക് പോയി.

ഞാന്‍ അദ്ധ്വാനിച്ച് സമ്പാദിച്ച പണം പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ നന്ദിപൂര്‍വം, വളരെ സന്തോഷത്തോടെ എന്റെ കയ്യില്‍ നിന്നും കാശ് വാങ്ങി. എന്നിട്ട് അപ്പുറത്ത് നില്‍ക്കുന്ന ലൂയിസിന്റെ അടുത്ത് പറഞ്ഞു, ‘സര്‍. വളരെ നന്ദിയുണ്ട്!’

ലാഗോസില്‍ ഒരു കൗതുകകരമായ കാഴ്ചയുണ്ട്. ഊര്‍ജ്വസ്വലരായിട്ടുള്ള കുറെ ചെറുപ്പക്കാര്‍ ലാഗോസിലെ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ചുറ്റിക്കറങ്ങുന്നുണ്ടാവും. വളരെ നാടകീയമായി, നിങ്ങളുടെ കാര്‍ പാര്‍‌ക്ക് ചെയ്ത് "സഹായിക്കുവാന്‍" വേണ്ടി അവര്‍ വരും. ഇരുപത് ദശലക്ഷത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ലാഗോസ്, ലണ്ടനേക്കാള്‍ ഊര്‍ജസ്വലവും, ന്യൂയോര്‍ക്കിനേക്കാള്‍ സംരഭകത്വ ലഹരിയും ഉള്ള മഹാനഗരം ആയതിനാല്‍ അനവധിയാളുകള്‍ ജീവിക്കുവാനായിട്ട് അനവധി രീതികളില്‍ ഇവിടേക്ക് വരുന്നുണ്ട്. മിക്കവാറുമുള്ള വന്‍നഗരങ്ങളിലെല്ലാമെന്ന പോലെ, വൈകുന്നേരങ്ങളില്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലം കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലം കണ്ടുപിടിച്ചും, ചിലപ്പോഴൊക്കെ പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലം ഉണ്ടെങ്കിലും അംഗവിക്ഷേപങ്ങള്‍ കൊണ്ട് കാര്‍ കൃത്യമായി പാര്‍ക്ക് ചെയ്യുവാന്‍ സഹായിച്ചും നിങ്ങള്‍ തിരികെ വരുന്നത് വരെ കാറിനെ "പരിപാലിച്ചും" ഒക്കെയാണ് ഈ ചെറുപ്പക്കാര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ആ വൈകുന്നേരം ഞങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ സഹായിച്ച ചെറുപ്പക്കാരന്റെ പ്രദര്‍ശനപരതയില്‍ എനിക്ക് മതിപ്പ് തോന്നുകയുണ്ടായി. അങ്ങനെ തിരികെ പോകുവാനായിട്ട് ഞങ്ങള്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് ഒരു ടിപ്പ് നല്‍കുവാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ ബാഗ് തുറന്നു, ബാഗിന്റെ അകത്തേക്ക് കൈയ്യിട്ടു. ഞാന്‍ അദ്ധ്വാനിച്ച് സമ്പാദിച്ച പണം പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ നന്ദിപൂര്‍വം, വളരെ സന്തോഷത്തോടെ എന്റെ കയ്യില്‍ നിന്നും കാശ് വാങ്ങി. എന്നിട്ട് അപ്പുറത്ത് നില്‍ക്കുന്ന ലൂയിസിന്റെ അടുത്ത് പറഞ്ഞു, ‘സര്‍. വളരെ നന്ദിയുണ്ട്!’

ലൂയിസ് ആശ്ചര്യത്തോടെ എന്നെ നോക്കി ചോദിച്ചു, "അയാള്‍ എന്തിനാണ് എന്റെയടുത്ത് നന്ദി പറയുന്നത്? ഞാന്‍ അയാള്‍ക്ക് കാശൊന്നും കൊടുത്തില്ലല്ലോ." ലൂയിസിന്റെ മുഖത്ത് തിരിച്ചറിവ് ഉദിച്ചു പൊങ്ങുന്നത് ഞാന്‍ കണ്ടു. ആ ചെറുപ്പക്കാരന്‍ കരുതിയത് ഞാന്‍ കൊടുത്ത കാശ് ലൂയിസിന്റെ അടുത്ത് നിന്നും എനിക്ക് കിട്ടിയതാണെന്നാണ്. കാരണം ലൂയിസ് പുരുഷനാണ്.

പുരുഷന്മാരും സ്ത്രീകളും വ്യത്യസ്തരാണ്. നമ്മള്‍ക്ക് ഇരുവര്‍ക്കും വ്യത്യസ്തങ്ങളായ ഹോര്‍മോണുകളാണ് ഉള്ളത്, വ്യത്യസ്തങ്ങളായ ലൈംഗിക അവയവങ്ങളും, ജൈവശാസ്ത്രപരമായി വ്യത്യസ്തങ്ങളായ കഴിവുകളും. സ്ത്രീകള്‍ക്ക് കുട്ടികളെ പ്രസവിക്കുവാന്‍ സാധിക്കും, പുരുഷന് അത് സാധിക്കില്ല. പുരുഷന്മാര്‍ക്ക് ടെസ്റ്റോസ്റ്റീറോണ്‍ ഉണ്ട്. അവര്‍ പൊതുവെ സ്ത്രീകളേക്കാള്‍ ശാരീരിക ശക്തിയുള്ളവരാണ്. ലോകത്ത് പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ ഒരല്പം അധികമാണ് സ്ത്രീകള്‍. ലോകജനസംഖ്യയുടെ ഏകദേശം 52% സ്ത്രീകളാണ്. എന്നാല്‍ അധികാരവും അന്തസുമുള്ള സ്ഥാനമാനങ്ങളില്‍ പലതും പുരുഷന്മാര്‍ കയ്യടക്കി വച്ചിരിക്കുകയാണ്. പരേതയായ കെന്യന്‍ സമാധാന നൊബേല്‍ ജേതാവ്, വാന്‍ഗാരി മാതായ് ഇതിനെ വളരെ ലളിതമായും മനോഹരമായും വിശദീകരിച്ചിട്ടുണ്ട്, "ഉയരങ്ങളിലേക്ക് പോകുന്തോറും, സ്ത്രീകള്‍ കുറഞ്ഞ് വരുന്നു."

തികച്ചും വ്യത്യസ്തമായ ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. കായികബലമുള്ളയാള്‍ ആയിരിക്കണമെന്നില്ല നമ്മളെ നയിക്കുവാന്‍ സാധ്യതയുള്ളത്. അത് കൂടുതല്‍ ബുദ്ധിശക്തിയുള്ളവരും അറിവുള്ളവരും സര്‍ഗപരതയുള്ളവരും നവീനതയുള്ളവരുമാണ്.

ഇക്കഴിഞ്ഞ യു.എസ്. തെരെഞ്ഞെടുപ്പില്‍ നമ്മള്‍ ലിലി ലെഡ്ബെറ്റര്‍ നിയമത്തെ പറ്റി കേട്ടുകൊണ്ടിരുന്നു. നിയമത്തിന്റെ പേരിലെ മനോഹരമായ അനുപ്രാസത്തിന്റെ അപ്പുറത്തേക്ക് നമ്മള്‍ പോവുമ്പോള്‍ മനസ്സിലാകുന്നത് മറ്റൊരു കാര്യമാണ്. ഒരേ യോഗ്യതകള്‍ ഉള്ള ഒരു പുരുഷനും ഒരു സ്ത്രീയും ഒരേ ജോലി ചെയ്യുകയാണെങ്കില്‍, പുരുഷന് അധികം പ്രതിഫലം കിട്ടും. കാരണം അയാള്‍ പുരുഷനാണ് എന്നത് കൊണ്ടു തന്നെ.

അക്ഷരാര്‍ഥത്തില്‍ പുരുഷന്മാര്‍ ഈ ലോകം ഭരിക്കുകയാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരുന്നു ഇതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. കാരണം നിലനില്പിന് ശാരീരിക ബലം കൂടിയേ തീരുകയുള്ളൂ എന്ന സാഹചര്യത്തിലാണ് മനുഷ്യര്‍ അന്ന് ജീവിച്ചിരുന്നത്. ശാരീരിക ബലം കൂടുതലുള്ള വ്യക്തി നേതാവ് ആകുവാന്‍ സാധ്യത കൂടുതലുമായിരുന്നു. പുരുഷന്മാര്‍ താരതമ്യേന ശാരീരിക ബലം കൂടുതലുള്ളവര്‍ ആണല്ലോ (തീര്‍ച്ചയായും ഇതില്‍ ആക്ഷേപങ്ങള്‍ കാണും). തികച്ചും വ്യത്യസ്തമായ ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. കായികബലമുള്ളയാള്‍ ആയിരിക്കണമെന്നില്ല നമ്മളെ നയിക്കുവാന്‍ സാധ്യതയുള്ളത്. അത് കൂടുതല്‍ ബുദ്ധിശക്തിയുള്ളവരും അറിവുള്ളവരും സര്‍ഗപരതയുള്ളവരും നവീനതയുള്ളവരുമാണ്. ഇവയൊന്നും ഹോര്‍മോണുകളാല്‍ നിയന്ത്രിതവുമല്ല. ബുദ്ധിശക്തിയിലും, സര്‍ഗപരതയിലും, നവീനതയിലും പുരുഷന് സ്ത്രീയോടൊപ്പമേ സ്ഥാനമുള്ളൂ. നമ്മള്‍ പരിണമിച്ചു വന്നവരാണ്. പക്ഷെ ലിംഗഭേദത്തിനെ സംബന്ധിച്ച നമ്മുടെ ആശയങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

അധികകാലമായിട്ടില്ല, നൈജീരിയയിലെ വന്‍കിട ഹോട്ടലുകളിലൊന്നിന്റെ ലോബിയിലേക്ക് ഞാന്‍ കയറിച്ചെന്നപ്പോള്‍ മുന്‍കവാടത്തില്‍ വച്ച് പാറാവുകാരന്‍ എന്നെ തടഞ്ഞു നിര്‍ത്തിയിട്ട് അലോസരമുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ഞാന്‍ കാണുവാന്‍ പോകുന്ന വ്യക്തിയുടെ പേരും റൂം നമ്പറും എന്താണ്? എനിക്കീ വ്യക്തിയെ മുന്‍പരിചയമുള്ളതാണോ? ഞാന്‍ ആ ഹോട്ടലിന്റെ അതിഥിയാണെന്നതിനുള്ള തെളിവായി കീ കാര്‍ഡ് കാണിക്കാമോ? സ്വാഭാവികമായും ഹോട്ടലിലേക്ക് ഒറ്റയ്ക്ക് നടന്നു കയറുന്ന നൈജീരിയന്‍ സ്ത്രീ ഒരു ലൈംഗിക തൊഴിലാളി ആയിരിക്കണമല്ലോ. കാരണം ഒറ്റയ്ക്ക് വരുന്ന നൈജീരിയന്‍ സ്ത്രീക്ക് ഒരു അതിഥിയായി സ്വന്തം റൂമിനുള്ള കാശ് കൊടുക്കുവാനുള്ള കഴിവില്ലല്ലോ. ഹോട്ടലിലേക്ക് ഒറ്റയ്ക്ക് നടന്നു കയറുന്ന പുരുഷനെ ഇങ്ങനെ ബുദ്ധിമുട്ടിക്കാറില്ല. ന്യായപ്രകാരമായ എന്തോ ഉദ്ദേശത്തിനായിരിക്കും അയാള്‍ അവിടെയെത്തിയിട്ടുണ്ടാവുക എന്നുള്ള ധാരണയിലാണത്. (അതിനിടയ്ക്ക് ചോദിക്കട്ടെ, എന്തുകൊണ്ടാണീ ഹോട്ടലുകള്‍ ലൈംഗിക തൊഴിലാളിക്കായുള്ള ആവശ്യത്തെ കുറിച്ച് ചിന്തിക്കാതെ അതിന്റെ പ്രകടമായ വിതരണത്തില്‍ മാത്രം ശ്രദ്ധിക്കുന്നു?)

ഏതൊരു നൈജീരിയന്‍ റസ്റ്റ്റോന്റിലും ഒരു പുരുഷനുമൊപ്പം ഞാന്‍ കയറിച്ചെല്ലുമ്പോള്‍ പരിചാരകര്‍ ഉപചാരം അര്‍പ്പിക്കുന്നത് എന്റെ കൂടെ വന്ന പുരുഷന്മാര്‍ക്ക് ആയിരിക്കും. എല്ലാ തവണയും അവര്‍ എന്നെ അവഗണിക്കും. പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നവരാണ് എന്ന് അവരെ പഠിപ്പിച്ച സമൂഹത്തിന്റെ തന്നെ ഉല്പന്നങ്ങളാണ് ഈ പരിചാരകര്‍. അവര്‍ ദോഷമുദ്ദേശിച്ചിട്ടല്ല അങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയാം.

ലാഗോസിലെ "മാന്യമായ" ബാറുകളിലോ ക്ലബുകളിലോ എനിക്ക് ഒറ്റയ്ക്ക് പോകുവാന്‍ സാധിക്കുകയില്ല. നിങ്ങള്‍ ഒരു സ്ത്രീ ആണെങ്കില്‍, ഒരു പുരുഷന്റെ ഒപ്പമല്ലാതെ ആണ് പോകുന്നതെങ്കില്‍, അവര്‍ നിങ്ങളെ അകത്ത് കടത്തിവിടില്ല. എന്റെ ചില പുരുഷസുഹൃത്തുക്കളുണ്ട്. അവര്‍ ക്ലബില്‍ എത്തുമ്പോള്‍ അവരുടെ കൂടെ, കൈ ചേര്‍ത്തുപിടിച്ച്, അപരിചിതയായ ഒരു വ്യക്തി കൂടെയുണ്ടാകും. കാരണം ആ അപരിചതയായ വ്യക്തി അഥവാ ഒറ്റയ്ക്ക് പുറത്തിറങ്ങിയ സ്ത്രീക്ക് ക്ലബിന്റെ ഉള്ളില്‍ കയറുവാന്‍ 'സഹായം' ചോദിക്കല്‍ അല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല.

ഏതൊരു നൈജീരിയന്‍ റസ്റ്റ്റോന്റിലും ഒരു പുരുഷനുമൊപ്പം ഞാന്‍ കയറിച്ചെല്ലുമ്പോള്‍ പരിചാരകര്‍ ഉപചാരം അര്‍പ്പിക്കുന്നത് എന്റെ കൂടെ വന്ന പുരുഷന്മാര്‍ക്ക് ആയിരിക്കും. എല്ലാ തവണയും അവര്‍ എന്നെ അവഗണിക്കും. പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നവരാണ് എന്ന് അവരെ പഠിപ്പിച്ച സമൂഹത്തിന്റെ തന്നെ ഉല്പന്നങ്ങളാണ് ഈ പരിചാരകര്‍. അവര്‍ ദോഷമുദ്ദേശിച്ചിട്ടല്ല അങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയാം. പക്ഷേ ഒരു കാര്യം ബൗദ്ധികതലത്തില്‍ മനസിലാക്കുന്നതും വൈകാരികതലത്തില്‍ അനുഭവിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഓരോ തവണയും ഞാന്‍ അവഗണിക്കപ്പെടുമ്പോള്‍ ഞാന്‍ അദൃശ്യയാണെന്ന് തോന്നിപ്പോകും. ഞാന്‍ അസ്വസ്ഥയാകും. പുരുഷനെപ്പോലെ തന്നെ ഒരു മനുഷ്യനാണ് ഞാനുമെന്നും അംഗീകാരങ്ങള്‍ക്ക് ഞാനുമര്‍ഹയാണ് എന്നും എനിക്കവരോട് വിളിച്ച് പറയണം. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. എന്നാല്‍ മിക്കപ്പോഴും ഇത്തരം ചെറിയ കാര്യങ്ങളാണ് നമ്മുടെ ഉള്ളിനെ തീവ്രതയോടെ കൊത്തിപ്പറിക്കുന്നത്.

‘ലാഗോസിലെ ഒരു ചെറുപ്പക്കാരി ആയിരിക്കുക എന്നാലെന്ത്” എന്നതിനെപ്പറ്റി ഞാന്‍ ഒരു ലേഖനം എഴുതിയിട്ട് അധികകാലം ആയിട്ടില്ല. അത് വായിച്ചിട്ട് പ്രസാധകര്‍ എന്നോട് പറഞ്ഞത് ‘ഇത് വളരെ ദേഷ്യപ്പെട്ടെഴുതിയതാണല്ലോ’ എന്നാണ്. ഞാന്‍ അത് അത്രയ്ക്കും ദേഷ്യപ്പെട്ട് എഴുതരുതായിരുന്നു എന്നും പറഞ്ഞു. ഞാനതില്‍ ഒട്ടും ഖേദിച്ചിരുന്നില്ല. തീര്‍ച്ചയായും, അത് ദേഷ്യപ്പെട്ടെഴുതിയത് തന്നെ ആയിരുന്നു. ഇന്ന് നിലനില്‍ക്കുന്ന രീതിയിലുള്ള ലിംഗവിവേചനം കടുത്ത അനീതിയാണ് സൃഷ്ടിക്കുന്നത്. ഞാന്‍ കുപിതയാണ്. നമ്മളെല്ലാം കുപിതരാകണം. ധനാത്മകമായ (positive) മാറ്റം നേടിയെടുക്കുന്നതിന്റെ നീണ്ട ചരിത്രമുണ്ട് ഈ കോപത്തിന്. പക്ഷേ ഇക്കാര്യത്തില്‍ കോപത്തോടൊപ്പം തന്നെ എനിക്ക് പ്രതീക്ഷയുമുണ്ട്. കാരണം പൂര്‍വാധികം മെച്ചപ്പെട്ട നിലയിലേക്ക് സ്വയം നിര്‍മ്മിക്കുവാനും പുനര്‍നിര്‍മ്മിക്കാനുമുള്ള മനുഷ്യരുടെ കഴിവില്‍ ഞാന്‍ വിശ്വസിക്കുന്നു.

സ്ത്രീകള്‍ക്ക് കോപം ചേര്‍ന്നതല്ല എന്നാണ് ആ മുഴക്കം സൂചിപ്പിക്കുന്നത്. നിങ്ങളൊരു സ്ത്രീയാണെങ്കില്‍ നിങ്ങള്‍ കോപം പ്രകടിപ്പിക്കുവാന്‍ പാടില്ല, കാരണം അത് ഭീഷണിയുളവാക്കുന്നതാണ്.

തിരികെ കോപത്തിലേക്ക് വരാം. ആ പരിചയക്കാരന്റെ ശബ്ദത്തില്‍ മുന്നറിയിപ്പിന്റെ സ്വരഭേദമാണ് മുഴങ്ങിക്കേട്ടത്. ആ അഭിപ്രായം ലേഖനത്തിനേക്കാളുപരിയായി എന്റെ സ്വഭാവത്തിനെ പറ്റിയാണ് എന്നും എനിക്കറിയാം. സ്ത്രീകള്‍ക്ക് കോപം ചേര്‍ന്നതല്ല എന്നാണ് ആ മുഴക്കം സൂചിപ്പിക്കുന്നത്. നിങ്ങളൊരു സ്ത്രീയാണെങ്കില്‍ നിങ്ങള്‍ കോപം പ്രകടിപ്പിക്കുവാന്‍ പാടില്ല, കാരണം അത് ഭീഷണിയുളവാക്കുന്നതാണ്. എനിക്കൊരു സുഹൃത്തുണ്ട്, ഒരു പുരുഷനില്‍ നിന്നും മാനേജര്‍ സ്ഥാനം ഏറ്റെടുത്ത ഒരു അമേരിക്കന്‍ സ്ത്രീ. അവരുടെ മുന്‍ഗാമിയെ ഒരു 'ഭഗീരഥ പ്രയത്നി' ആയിട്ടാണ് എല്ലാവരും കണക്കാക്കിയിരുന്നത്. അയാള്‍ തുറന്നടിക്കുന്ന പ്രകൃതക്കാരനും നിശ്ചയദാര്‍ഡ്യമുള്ളയാളും ആയിരുന്നു. റ്റൈം ഷീറ്റുകള്‍ പരിപാലിക്കുന്നതില്‍ കടുകിടെ വിട്ടുവീഴ്ച കാണിക്കാത്തയാളുമായിരുന്നു. അവള്‍ ആ പുതിയ ജോലി ഏറ്റെടുത്തു. താന്‍ അയാളോളം കണിശക്കാരിയാണെങ്കിലും ദയാലുവാണെന്നു സ്വയമവള്‍ കരുതി -അയാള്‍ മറ്റുള്ളവര്‍ക്കൊരു കുടുംബം ഉണ്ടെന്നു മനസ്സിലാക്കിയിരുന്നില്ലെന്ന് അവള്‍ പറഞ്ഞു, അവള്‍ക്കാകട്ടെ ആ കരുതല്‍ ഉണ്ടായിരുന്നു. ജോലിയില്‍ കയറി ആഴ്ചകള്‍ക്ക് ശേഷം റ്റൈം ഷീറ്റുകളില്‍ കൃത്രിമം കാണിച്ച ഒരാളെ അവര്‍, അവരുടെ മുന്‍ഗാമി ചെയ്യുമായിരുന്നത് പോലെ തന്നെ, ശിക്ഷിക്കുകയുണ്ടായി. അയാളാകട്ടെ മേല്‍ മാനേജ്‌മെന്റില്‍ ഇവരുടെ പ്രവര്‍ത്തനശൈലിയെ പറ്റി പരാതി നല്‍കി. അവരുടെ കൂടെ ജോലിയെടുക്കുവാന്‍ ബുദ്ധിമുട്ടാണെന്നും വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്നും അയാള്‍ പറയുകയുണ്ടായി. മറ്റുള്ള ജീവനക്കാരും അത് സമ്മതിച്ചു. അവര്‍ അവരുടെ ജോലിക്ക് ഒരു 'സ്ത്രീയുടെ സ്പര്‍ശം' നല്‍കുമെന്ന് പ്രതീക്ഷിച്ചെന്നാണ് അവരിലൊരാള്‍ പറഞ്ഞത്. പക്ഷെ അവര്‍ അത് ചെയ്തില്ല.

ഇതേ കാര്യം ചെയ്ത ഒരു പുരുഷനെ തങ്ങള്‍ അനുമോദിക്കുകയായിരുന്നു എന്ന വസ്തുത അവര്‍ക്കാര്‍ക്കും ഓര്‍മ്മ വന്നിരുന്നില്ല.

പരസ്യവ്യവസായത്തില്‍ ഉയര്‍ന്ന വേതനത്തോടെ ജോലി ചെയ്യുന്ന മറ്റൊരു അമേരിക്കന്‍ സ്ത്രീ സുഹൃത്ത് എനിക്കുണ്ട്. അവരുടെ റ്റീമിലുള്ള രണ്ട് സ്ത്രീകളില്‍ ഒരാളാണവര്‍. ഒരിക്കല്‍ ഒരു മീറ്റിങ്ങിന്റെ ഇടയില്‍ വച്ച് അവരുടെ ബോസ് അവര്‍ ഉന്നയിച്ച അഭിപ്രായങ്ങളെ അവഗണിച്ചു കൊണ്ട്, സമാനമായ അഭിപ്രായം ഉന്നയിച്ച മറ്റൊരു പുരുഷനെ അഭിനന്ദിച്ചത് മനോവിഷമത്തിന് ഇടയാക്കിയെന്ന് പറയുകയുണ്ടായി. ബോസിനെ വെല്ലുവിളിച്ചു കൊണ്ട് എതിര്‍ത്ത് സംസാരിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവര്‍ അത് ചെയ്തില്ല. മറിച്ച്, മീറ്റിങ്ങിന് ശേഷം, അവര്‍ വിശ്രമമുറിയില്‍ പോയി കരയുകയും ഉള്ള് തുറന്ന് സംസാരിക്കുവാന്‍ എന്നെ വിളിക്കുകയും ചെയ്തു. തന്നെ വൈരാഗ്യമുള്ളവളായി മറ്റുള്ളവര്‍ കാണാതിരിക്കാനാണു അവള്‍ മിണ്ടാതിരുന്നത്. അവരുടെ അനിഷ്ടങ്ങളെയെല്ലാം അവര്‍ തണുത്തുറയുവാന്‍ വിട്ടു.

എനിക്ക് പെട്ടെന്ന് ഉള്ളില്‍ തട്ടിയത്, തങ്ങളെ 'ഇഷ്ടപ്പെടുത്തുവാന്‍' - അവരും എന്റെ ബാക്കിയുള്ള അമേരിക്കന്‍ സ്ത്രീ സുഹൃത്തുക്കളും - എത്ര മാത്രം ശ്രദ്ധിക്കുന്നു എന്ന കാര്യമാണ്. അവരെല്ലാം വളര്‍ന്ന് വന്നത് തങ്ങളെല്ലാം 'ഇഷ്ടപ്പെടുന്ന പ്രകൃതം' എന്ന പ്രധാനപ്പെട്ടതും സവിശേഷമായതുമായ ഒരു സ്വഭാവഗുണം ഉള്ളവര്‍ ആയിരിക്കണമെന്നു വിശ്വസിച്ചു കൊണ്ടാണ്. ഈ പ്രത്യേക സവിശേഷതയില്‍ കോപം പ്രകടിപ്പിക്കുന്നതോ ആക്രമണകാരിയാകുന്നതോ ഉറക്കെ വിസമ്മതം പ്രകടിപ്പിക്കുന്നതോ ഒന്നും ഉള്‍പ്പെടുന്നില്ല.

അതില്‍ പങ്കെടുക്കുവാന്‍ വന്നവരില്‍ ഒരു യുവതി എന്നോട് പറഞ്ഞത് എന്റെ 'ഫെമിനിസ്റ്റ് പ്രസംഗം' കേള്‍ക്കുവാന്‍ നിന്ന് കൊടുക്കരുത് എന്ന് അവരുടെ ഒരു സുഹൃത്ത് ഉപദേശിച്ചുവെന്നാണ്. അങ്ങനെ ചെയ്താല്‍ അവരുടെ വിവാഹം തകര്‍ക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ അവര്‍ ആഗിരണം ചെയ്യുമെന്നും.

കുറേയധികം സമയം ചിലവഴിച്ച് ആണുങ്ങള്‍ തങ്ങളെപ്പറ്റി എന്ത് ചിന്തിക്കും എന്നതിനെപ്പറ്റിയോര്‍ത്ത് ഉല്‍കണ്ഠപ്പെടുവാന്‍ നാം നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിച്ച് വിടാറുണ്ട്. എന്നാല്‍ തിരിച്ച് അത് സംഭവിക്കാറില്ല. ഇഷ്ടപ്പെടുന്ന പ്രകൃതക്കാരാകുവാന്‍ നാം ആണുങ്ങളെ പഠിപ്പിക്കാറില്ല. കോപിഷ്ഠയാകാതിരിക്കുവാനും വൈരാഗ്യമില്ലാത്തവളായിരിക്കുവാനും കടുപ്പക്കാരി ആകാതെയിരിക്കുവാനും പഠിപ്പിക്കുവാന്‍ നാം സ്ത്രീകളുടെ അടുത്ത് ഒരുപാട് സമയം ചിലവഴിക്കുന്നു. കാരണം അവയൊക്കെ മോശമാണ്. എന്നാല്‍ ഇതേ കാരണങ്ങള്‍ക്ക് ആണുങ്ങളോട് നാം ക്ഷമിക്കുകയോ അവരെ അഭിനന്ദിക്കുകയോ ആണ് ചെയ്യാറുള്ളത്. പുരുഷന്മാരെ പ്രീതിപ്പെടുത്തുവാനും ആകര്‍ഷിക്കുവാനും വേണ്ടി എന്തൊക്കെ ചെയ്യണം, എങ്ങനെയൊക്കെ ആയിരിക്കണം, എങ്ങനെയൊക്കെ ആയിരിക്കരുത് എന്നതിനെ സംബന്ധിച്ച് സ്ത്രീകളുടെ അടുത്ത് പറയുന്ന ഒരുപാട് ലേഖനങ്ങളും പുസ്തകങ്ങളും ലോകത്തിലെല്ലായിടത്തുമുണ്ട്. എന്നാല്‍ സ്ത്രീകളെ പ്രീതിപ്പെടുത്തുന്നതിനായിട്ടുള്ള പുരുഷന്മാര്‍ക്കുള്ള പഠനസഹായികള്‍ തീരെക്കുറവാണ്.

ലാഗോസില്‍ ഞാനൊരു എഴുത്ത് പണിപ്പുരയില്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ പങ്കെടുക്കുവാന്‍ വന്നവരില്‍ ഒരു യുവതി എന്നോട് പറഞ്ഞത് എന്റെ 'ഫെമിനിസ്റ്റ് പ്രസംഗം' കേള്‍ക്കുവാന്‍ നിന്ന് കൊടുക്കരുത് എന്ന് അവരുടെ ഒരു സുഹൃത്ത് ഉപദേശിച്ചുവെന്നാണ്. അങ്ങനെ ചെയ്താല്‍ അവരുടെ വിവാഹം തകര്‍ക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ അവര്‍ ആഗിരണം ചെയ്യുമെന്നും. വിവാഹം തകരുമെന്നും അല്ലെങ്കില്‍ വിവാഹമേ കാണുവാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാതെയാകുമെന്നും എന്നത് പോലെയുള്ള ഭീഷണികള്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ അടുത്ത് മാത്രം പ്രയോഗിക്കുന്നവയാണ്.

ലിംഗവിവേചനം ലോകത്തെല്ലായിടത്തുമുള്ള പ്രശ്നമാണെങ്കിലും, പൊതുവില്‍ നൈജീരിയയിലെയും ആഫ്രിക്കയിലെയും കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം എനിക്ക് നേരിട്ടറിയുന്ന സ്ഥലമാണത്, മാത്രവുമല്ല എന്റെ ഹൃദയം അവിടെയാണ്. ഒരു വ്യത്യസ്തമായ ലോകത്തെക്കുറിച്ച്, ഒരു മെച്ചപ്പെട്ട ലോകത്തെക്കുറിച്ച്, സന്തുഷ്ടരായ, തങ്ങളോട് സത്യസന്ധത പുലര്‍ത്തുന്ന സ്ത്രീ-പുരുഷന്മാരുള്ള ഒരു ലോകത്തെക്കുറിച്ച് ഇന്ന് നാം സ്വപ്നം കാണുവാന്‍ തുടങ്ങേണ്ടിയിരിക്കുന്നു. നാം നമ്മുടെ പെണ്മക്കളെ വ്യത്യസ്തരായി വളര്‍ത്തുന്നതിലൂടെയാവണം ഇതിനു തുടക്കമിടേണ്ടത്. നാം ആണ്മക്കളെയും വ്യത്യസ്തരായി തന്നെ വളര്‍ത്തണം.

ഇപ്പോള്‍ ആണ്‍കുട്ടികളെ വളര്‍ത്തുന്ന രീതിയിലൂടെ, നാം അവരോട് വലിയ അന്യായമാണ് ചെയ്യുന്നത്. നാം അവരിലെ മനുഷ്യത്വത്തെ അടിച്ചമര്‍ത്തുന്നു. പൗരുഷത്തെ നാം വളരെ ഇടുങ്ങിയ നിലയിലാണ് നിര്‍വചിക്കുന്നത്, പൗരുഷമെന്നത് ആണ്‍കുട്ടികളെ ഇട്ടടയ്ക്കാനുള്ള പരുക്കനായ, ചെറിയ കൂടുകളായിത്തീരുന്നു. ഭയത്തെ ഭയപ്പെടാന്‍ നാം ആണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ദൗര്‍ബല്യത്തെയും കരുതലില്ലായ്മയെയും ഭയപ്പെടാന്‍ നാം ആണ്‍കുട്ടികളെ പഠിപ്പിക്കുന്നു. അവരുടെ യഥാര്‍ത്ഥ സ്വത്വത്തെ മറച്ചു പിടിക്കാന്‍ നാം അവരെ പഠിപ്പിക്കുന്നു, കാരണം, നൈജീരിയന്‍ ഭാഷയില്‍ പറഞ്ഞാല്‍, അവര്‍ ‘പരുക്കന്‍ പുരുഷന്മാര്‍’ ആയിത്തീരേണ്ടതുണ്ട്.

സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന കൗമാരക്കാരായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് പുറത്ത് പോവുകയാണെങ്കില്‍, രണ്ടുപേര്‍ക്കും ലഭിക്കുന്ന പോക്കറ്റ് മണി ഒന്നാണെങ്കില്‍ക്കൂടി, ആണ്‍കുട്ടിക്കാണ് തന്റെ പൗരുഷം തെളിയിക്കാനായി എപ്പോഴും പണം കൊടുക്കേണ്ടി വരിക. എന്നിട്ടും ആണ്‍കുട്ടികള്‍ എന്തുകൊണ്ട് മാതാപിതാക്കളുടെ അടുത്ത് നിന്ന് പണം മോഷ്ടിക്കുന്നു എന്ന് നാം അത്ഭുതപ്പെടും.

കൂടുതല്‍ പരുക്കനാകുവാന്‍ നിര്‍ബന്ധിതാനാകും തോറും ഈഗോ കൂടുതല്‍ ദുര്‍ബലമാകുന്നു. പുരുഷന്മാരുടെ ദുര്‍ബലമായ ഈഗോയെ തൃപ്തിപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നതിലൂടെ പെണ്‍കുട്ടികളോട് നാം ഇതിലും വലിയ അന്യായമാണ് ചെയ്യുന്നത്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പണവും പൗരുഷവും തമ്മില്‍ ബന്ധമില്ലെന്ന് പഠിപ്പിച്ച് വളര്‍ത്തുകയാണെങ്കിലോ? ‘ആണ്‍കുട്ടികളാണ് പണം കൊടുക്കേണ്ടത്’ എന്നതിനു പകരം ‘കൂടുതലുള്ളയാള്‍ കൊടുക്കട്ടെ’ എന്ന മനോഭാവമാണെങ്കിലോ? ചരിത്രപരമായ ആനുകൂല്യം കാരണം ഇന്ന് പുരുഷന്മാര്‍ക്ക് കൂടുതലുണ്ടെങ്കിലും, നാം കുട്ടികളെ വ്യത്യസ്തമായ രീതിയില്‍ വളര്‍ത്തുകയാണെങ്കില്‍, അന്‍പതോ നൂറോ വര്‍ഷങ്ങള്‍ക്കപ്പുറം ഭൗതികമാര്‍ഗങ്ങളിലൂടെ പൗരുഷം തെളിയിക്കുവാനുള്ള സമ്മര്‍ദം ആണ്‍കുട്ടികളുടെ മേല്‍ ഉണ്ടാവില്ല.

പരുക്കനാകുവാന്‍ വേണ്ടി, ദുര്‍ബലമായ ഈഗോയുള്ളവരാക്കിത്തീര്‍ക്കുന്നു എന്നതാണ് നാം പുരുഷന്മാരോട് ചെയ്യുന്ന ഏറ്റവും മോശമായ കാര്യം. കൂടുതല്‍ പരുക്കനാകുവാന്‍ നിര്‍ബന്ധിതാനാകും തോറും ഈഗോ കൂടുതല്‍ ദുര്‍ബലമാകുന്നു. പുരുഷന്മാരുടെ ദുര്‍ബലമായ ഈഗോയെ തൃപ്തിപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നതിലൂടെ പെണ്‍കുട്ടികളോട് നാം ഇതിലും വലിയ അന്യായമാണ് ചെയ്യുന്നത്.

നാം പെണ്‍കുട്ടികളെ ചുരുങ്ങാനും ചെറുതാകാനും പഠിപ്പിക്കുന്നു.

“നിനക്ക് ആഗ്രഹങ്ങളുണ്ടാവാം പക്ഷേ അധികമാകരുത്‌” എന്ന് നാം അവരോട് പറയുന്നു. “നീ ജീവിതത്തില്‍ വിജയിക്കാന്‍ പ്രയത്നിക്കണം, പക്ഷേ അധികം വിജയിക്കേണ്ട, അല്ലെങ്കില്‍ പുരുഷന്മാര്‍ക്ക് നീയൊരു ഭീഷണിയാകും”. കുടുംബത്തിലെ പ്രധാന വരുമാനസ്രോതസ്സ് നിങ്ങളാണെങ്കിലും, പങ്കാളിയുടെ പൗരുഷത്തെ തൃപ്തിപ്പെടുത്താനായി അത് നിങ്ങളല്ല എന്ന് അഭിനയിക്കേണ്ടി വരുന്നു.

പക്ഷേ നാം ഈ ചുറ്റുപാടുകളെ തന്നെ ചോദ്യം ചെയ്യുകയാണെങ്കിലോ, എന്തുകൊണ്ടാണ് ഒരു സ്ത്രീയുടെ വിജയം പുരുഷന് ഭീഷണിയാകുന്നത്? ‘ഷണ്ഡീകരണം (emasculation)’ എന്നതാണ് എനിക്ക് ഏറ്റവും വെറുപ്പുള്ള ഇംഗ്ലീഷ് പദം, നാം ഈ വാക്ക് തന്നെയങ്ങ് ഒഴിവാക്കുകയാണെങ്കിലോ?

“പുരുഷന്മാര്‍ എന്നെ ഭയപ്പെടുമോ എന്ന് ഞാന്‍ പേടിക്കുന്നുണ്ടോ” എന്നെന്നോടൊരിക്കല്‍ ഒരു നൈജീരിയന്‍ സുഹൃത്ത് ചോദിക്കുകയുണ്ടായി.

എനിക്കങ്ങനെയൊരു പേടി തോന്നിയിട്ടേയില്ല. എന്നെ ഭയപ്പെടുന്ന തരം പുരുഷന്മാരോട് എനിക്ക് യാതൊരു താല്പര്യവും തോന്നാത്തതാവാം അതിനു കാരണം.

എങ്കിലും ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ ഒരു സ്ത്രീ ആയതു കൊണ്ട്, ഞാന്‍ വിവാഹിതയാകാന്‍ ആഗ്രഹിക്കുമെന്നും വിവാഹമാണേറ്റവും പ്രാധാന്യമുള്ളത് എന്നത് മനസ്സില്‍ വെച്ചു കൊണ്ടേ ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തൂ എന്നും സമൂഹം പ്രതീക്ഷിക്കുന്നു. വിവാഹം ഒരു നല്ലകാര്യമായേക്കാം, സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പരസ്പരസഹായത്തിന്റെയും ഉറവിടമായേക്കാം. പക്ഷേ വിവാഹത്തെക്കുറിച്ച് അഭിലഷിക്കാന്‍ നാം പെണ്‍കുട്ടികളെ മാത്രം പഠിപ്പിക്കുന്നതെന്തു കൊണ്ടാണ്? ആണ്‍കുട്ടികളെ നമ്മളിത് എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല?

താന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പുരുഷനെ ഭയപ്പെടുത്താതിരിക്കാന്‍ വേണ്ടി സ്വന്തം വീട് വിറ്റ ഒരു സ്ത്രീയെ എനിക്കറിയാം.

കോണ്‍ഫെറന്‍സുകള്‍ക്ക് പോകുമ്പോള്‍, കോണ്‍ഫെറന്‍സില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ തന്നെ ‘ബഹുമാനിക്കുവാന്‍’ വേണ്ടി, വിവാഹമോതിരം ധരിക്കുന്ന അവിവാഹിതയായ ഒരു നൈജീരിയന്‍ സ്ത്രീയെ എനിക്കറിയാം.

ഇതിലേറ്റവും സങ്കടകരമായ കാര്യം വിവാഹമോതിരം തീര്‍ച്ചയായും അവരെ ബഹുമാനത്തിന് അര്‍ഹയാക്കുമെങ്കിലും, വിവാഹ മോതിരം ധരിക്കാതെയിരുന്നാല്‍ അവരെ എളുപ്പം പുറന്തള്ളപ്പെടുവാന്‍ ഉള്ള സാധ്യതയുളവാക്കുന്നു. ഇത് നടക്കുന്നത് ഒരു ആധുനികമായ പണിയിടത്തിലാണ്.

വിവാഹിതരാകാന്‍ വേണ്ടി കുടുംബത്തിന്റെ ഭാഗത്ത് നിന്നും, സുഹൃത്തുക്കളില്‍ നിന്നും, ജോലിസ്ഥലത്ത് നിന്നും സമ്മര്‍ദമനുഭവിക്കുന്ന യുവതികളെ എനിക്കറിയാം.

അവര്‍ മോശം തെരെഞ്ഞെടുപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. ആഴമേറിയ വ്യക്തിഗത പരാജയം സംഭവിച്ചവരായി സ്വയം കാണാന്‍, ഒരു നിശ്ചിത പ്രായം കഴിഞ്ഞും വിവാഹിതരാകാത്ത സ്ത്രീകളെ നമ്മുടെ സമൂഹം പഠിപ്പിക്കുന്നു. ഇത് വരെ ഇഷ്ടപ്പെട്ട ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല എന്ന് മാത്രമേ ഒരു നിശ്ചിത പ്രായം കഴിഞ്ഞും വിവാഹിതനാകാത്ത ഒരു പുരുഷനെപ്പറ്റി നാം ചിന്തിക്കൂ.

“പക്ഷേ സ്ത്രീകള്‍ക്ക് ഇതിനൊന്നും വഴങ്ങിക്കൊടുക്കാതിരിക്കാമല്ലോ” എന്ന് നമുക്ക് പറയാനെളുപ്പമാണ്. പക്ഷേ, യാഥാര്‍ത്ഥ്യം കൂടുതല്‍ ദുഷ്കരവും സങ്കീര്‍ണവുമാണ്. നമ്മളെല്ലാം സമൂഹ്യജീവികളാണ്. സമൂഹ്യവത്കരണത്തിലൂടെയാണ് നാം ആശയങ്ങളെ ഉള്‍ക്കൊള്ളുകയും നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നത്.

വിവാഹത്തെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയും നാം സംസാരിക്കുന്ന ഭാഷ തന്നെ ഇത് വെളിവാക്കുന്നു. വിവാഹത്തിന്റെ ഭാഷ മിക്ക സമയത്തും ഉടമസ്ഥതയുടെ ഭാഷയാണ്, പങ്കാളിത്തത്തിന്റെ ഭാഷയല്ല.

ഒരു സ്ത്രീ ഒരു പുരുഷനോട് പ്രകടിപ്പിക്കുന്ന എന്തിനെയെങ്കിലും സൂചിപ്പിക്കാനാണ് നാം ‘ബഹുമാനിക്കുക’ എന്ന വാക്ക് ഉപയോഗിക്കുക, അല്ലാതെ ഒരു പുരുഷന്‍ ഒരു സ്ത്രീയോട് പ്രകടിപ്പിക്കുന്ന എന്തിനെയെങ്കിലും സൂചിപ്പിക്കാനല്ല.

“കുടുംബത്തില്‍ സമാധാനമുണ്ടാകാനാണ് ഞാനങ്ങനെ ചെയ്തത്” എന്ന് എല്ലാ ആണുങ്ങളും പെണ്ണുങ്ങളും പറയാറുണ്ട്. ഈ ഒരു പ്രയോഗം എന്നെ വളരെ രസിപ്പിക്കാറുണ്ട്.

അവര്‍ ചെയ്യാന്‍ പാടില്ലാത്ത എന്തിനെയെങ്കിലും പറ്റി പറയാനാണ് സാധാരണ പുരുഷന്മാര്‍ ഈ പ്രയോഗം ഉപയോഗിക്കുന്നത്. “എല്ലാ രാത്രികളിലും ക്ലബ്ബില്‍ പോകരുത് എന്നാണെന്റെ ഭാര്യ പറയുന്നത്. കുടുംബത്തില്‍ സമാധാനമുണ്ടാകാന്‍ വേണ്ടി ഞാന്‍ വീക്കെന്‍ഡില്‍ മാത്രമേ പോകാറുള്ളൂ” എന്നത് പോലെ ഒരുതരം വാത്സല്യത്തോടും പ്രകോപിതരായും, എന്നാല്‍ അതേ സമയം തന്നെ തങ്ങളുടെ പൗരുഷം പ്രകടിപ്പിക്കുന്ന രീതിയിലുമാണ്, അവര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ഇത് പറയാറുള്ളത്.

“കുടുംബത്തില്‍ സമാധാനമുണ്ടാകാനാണ് ഞാനങ്ങനെ ചെയ്തത്” എന്ന് ഒരു സ്ത്രീ പറയുമ്പോഴാകട്ടെ, അവര്‍ മിക്കവാറും പറയുന്നത് തങ്ങളുടെ ജോലിയോ സ്വപ്നമോ ഔദ്യോഗികജീവിതമോ ഒക്കെ ഉപേക്ഷിക്കുന്നതിനെപ്പറ്റിയായിരിക്കും. ഒരു ബന്ധത്തില്‍ വിട്ടുവീഴ്ച എന്നത് സ്ത്രീ ചെയ്യേണ്ട ഒന്നാണെന്നാണ് നാം പെണ്ണുങ്ങളെ പഠിപ്പിക്കുന്നത്.

ജോലിക്കോ മറ്റ് നേട്ടങ്ങള്‍ക്കോ വേണ്ടിയല്ല മറിച്ച് പുരുഷന്റെ ശ്രദ്ധയ്ക്ക് വേണ്ടി പരസ്പരം മത്സരിക്കാനാണ് നാം നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. ജോലിക്കോ മറ്റ് നേട്ടങ്ങള്‍ക്കോ വേണ്ടിയുള്ള മത്സരം ഒരു നല്ല കാര്യമായേക്കാം എന്നാണെനിക്ക് തോന്നുന്നത്.

ആണ്‍കുട്ടികളെപ്പോലെ ലൈംഗിക ജീവികളാകാന്‍ അവര്‍ക്ക് പറ്റില്ല എന്ന് നാം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ആണ്മക്കളുണ്ടെങ്കില്‍ അവരുടെ കാമുകിമാരെക്കുറിച്ച് അറിയുന്നതില്‍ നമുക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍ പെണ്മക്കളുടെ കാമുകന്മാരെ പറ്റിയോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ (പക്ഷേ സമയമാകുമ്പോള്‍ ഇതേ പെണ്‍കുട്ടികള്‍ എല്ലാം തികഞ്ഞ ഭര്‍ത്താക്കന്മാരെ കണ്ടെത്തുമെന്നും നാം പ്രതീക്ഷിക്കുന്നു).

നാം പെണ്‍കുട്ടികളെ നിയന്ത്രിക്കുന്നു, അവരുടെ കന്യകാത്വത്തെ പ്രകീര്‍ത്തിക്കുന്നു. പക്ഷേ ആണ്‍കുട്ടികളുടെ കന്യകാത്വത്തെ ആരും പുകഴ്ത്തുന്നില്ല (ഇതെങ്ങനെ നടക്കും എന്ന് ഞാന്‍ എപ്പോഴും അത്ഭുതപ്പെടാറുണ്ട്. അതായത് കന്യകാത്വം നഷ്ടപ്പെടുകയെന്നത് സാധാരണഗതിയില്‍ ഭിന്നലിംഗങ്ങളിലുള്ള രണ്ട് പേര്‍ ചേര്‍ന്ന് നടത്തുന്ന പ്രക്രിയ ആണല്ലോ).

ഈയടുത്ത് നൈജീരിയന്‍ സര്‍വകലാശാലയില്‍ ഒരു യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു, നിങ്ങളില്‍ ചിലരെങ്കിലും ഇതറിഞ്ഞിട്ടുണ്ടാവും. ഈ സംഭവത്തെപ്പറ്റി പല നൈജീരിയന്‍ യുവാക്കളുടെയും, ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും, പ്രതികരണം ഏകദേശം ഇങ്ങനെയായിരുന്നു: “അതെ, ബലാത്സംഗം തെറ്റാണ്. പക്ഷേ നാല് ആണ്‍കുട്ടികളുമായി ഒരു മുറിയില്‍ ആ പെണ്‍കുട്ടി എന്ത് ചെയ്യുകയായിരുന്നു?”

ഈ പ്രതികരണത്തിലെ ഭയങ്കരമായ മനുഷ്യത്വമില്ലായ്മ മറക്കാന്‍ കഴിഞ്ഞാല്‍, സ്ത്രീകള്‍ സഹജമായി തന്നെ കുറ്റക്കാരാണെന്ന് ചിന്തിക്കാന്‍ പരിശീലിപ്പിച്ചാണ് നൈജീരിയക്കാരെ വളര്‍ത്തുന്നത്. പുരുഷന്മാരില്‍ നിന്നും അധികമൊന്നും പ്രതീക്ഷിക്കാതിരിക്കുകയും യാതൊരു നിയന്ത്രണവുമില്ലാത്ത കിരാതന്മാരാണ് പുരുഷന്മാരെന്ന ചിന്താഗതി എങ്ങനെയോ സ്വീകാര്യമാവുകയും ചെയ്യുന്ന രീതിയിലാണ് അവര്‍ വളര്‍ത്തപ്പെട്ടിട്ടുള്ളത്.

ലിംഗഭേദത്തിന്റെ പ്രശ്നമെന്തെന്നാല്‍, നാം എന്താണെന്നതിലുപരി നാം എന്തായിരിക്കണം എന്ന് അത് ആജ്ഞാപിക്കുന്നു. ലിംഗഭേദത്തില്‍ അധിഷ്ഠിതമായ പ്രതീക്ഷകളില്ലായിരുന്നെങ്കില്‍ നാം എത്രയേറെ സന്തുഷ്ടരായിരിക്കുമെന്നും നമ്മുടെ യഥാര്‍ത്ഥ സ്വത്വമാകാന്‍ എത്രയേറെ സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കുമെന്നും സങ്കല്പിച്ചു നോക്കൂ.

നാം പെണ്‍കുട്ടികളെ ലജ്ജയെന്തെന്ന് പഠിപ്പിക്കുന്നു. “കാലുകള്‍ അടുപ്പിച്ചു വെക്കൂ” “മൂടിപ്പുതയ്ക്കൂ”. സ്ത്രീയായി ജനിച്ചതിനാല്‍ തന്നെ എന്തോ കുറ്റം ചെയ്തു എന്ന തോന്നല്‍ നാം അവരില്‍ ഉണ്ടാക്കുന്നു. അങ്ങനെ ആഗ്രഹങ്ങളില്ലാത്ത സ്ത്രീകളായി അവര്‍ വളരും. സ്വയം നിശബ്ദരാക്കുന്ന സ്ത്രീകളായി അവര്‍ വളരും. സ്വന്തം ചിന്തകളെന്തെന്ന് മനസ്സിലാകാത്ത സ്ത്രീകളായി അവര്‍ വളരും. ഇതിനേക്കാളെല്ലാം മോശമായി, കപടഭാവം ഒരു കലാരൂപമാക്കുന്ന സ്ത്രീകളായി അവര്‍ വളരും. വീട്ടുജോലികള്‍ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെ എനിക്കറിയാം, അവര്‍ക്കതിനോട് വെറുപ്പാണ്. പക്ഷേ അവര്‍ക്കതെല്ലാം ഇഷ്ടമാണെന്ന് അവര്‍ നടിക്കുന്നു. കാരണം ഒരു ‘നല്ല ഭാര്യ’യാകണമെങ്കില്‍, നൈജീരിയന്‍ ഭാഷയില്‍ പറഞ്ഞാല്‍, ‘കുടുംബത്തില്‍ പിറന്നവളാകണം’ (homely) എന്നാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. അവര്‍ വിവാഹിതയായി കുറച്ച് കാലത്തിനു ശേഷം, അവരാകെ മാറിപ്പോയി എന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പരാതിപ്പെടാന്‍ തുടങ്ങി. സത്യത്തില്‍ അവര്‍ മാറിയതായിരുന്നില്ല, അവര്‍ക്ക് അഭിനയം മടുക്കുകയാണുണ്ടായത്.

ലിംഗഭേദത്തിന്റെ പ്രശ്നമെന്തെന്നാല്‍, നാം എന്താണെന്നതിലുപരി നാം എന്തായിരിക്കണം എന്ന് അത് ആജ്ഞാപിക്കുന്നു. ലിംഗഭേദത്തില്‍ അധിഷ്ഠിതമായ പ്രതീക്ഷകളില്ലായിരുന്നെങ്കില്‍ നാം എത്രയേറെ സന്തുഷ്ടരായിരിക്കുമെന്നും നമ്മുടെ യഥാര്‍ത്ഥ സ്വത്വമാകാന്‍ എത്രയേറെ സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കുമെന്നും സങ്കല്പിച്ചു നോക്കൂ.

ജൈവികമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്തരാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ സാമൂഹ്യവത്കരണം വ്യത്യസ്തതകളെ വര്‍ദ്ധിപ്പിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. പാചകം ഉദാഹരണമായെടുക്കാം. പാചകവും വൃത്തിയാക്കലും ഇന്ന് പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ ചെയ്യാനാണ് സാധ്യത. പക്ഷേ എന്തുകൊണ്ടാണങ്ങനെ? സ്ത്രീകള്‍ പാചക-ജീനുമായാണോ ജനിക്കുന്നത്? അതോ വര്‍ഷങ്ങളായുള്ള സാമൂഹ്യവത്കരണത്തിന്റെ ഫലമായി പാചകം തങ്ങളുടെ മേഖലയായി അവര്‍ കാണുന്നതോ? ചിലപ്പോള്‍ സ്ത്രീകള്‍ പാചക-ജീനുമായിട്ടാവാം ജനിക്കുന്നതെന്ന് ഞാന്‍ പറയാന്‍ പോവുകയായിരുന്നു, പക്ഷേ നമ്മള്‍ ‘ഷെഫ്’ എന്ന് വിളിക്കുന്ന ലോകപ്രശസ്ത പാചകക്കാരില്‍ ഭൂരിഭാഗവും പുരുഷന്മാരാണല്ലോ എന്ന് അപ്പോഴാണോര്‍ത്തത്.

എന്റെ അമ്മൂമ്മ വളരെ സമര്‍ത്ഥയായ സ്ത്രീ ആയിരുന്നു. എനിക്ക് അവരോട് ആരാധനയായിരുന്നു. പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ അവസരങ്ങള്‍ ചെറുപ്പത്തില്‍ കിട്ടിയിരുന്നെങ്കില്‍ അവരെവിടെയെത്തുമായിരുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നയങ്ങളിലും നിയമത്തിലും വന്ന മാറ്റങ്ങള്‍ കാരണം, ഇവ വളരെ പ്രധാനമാണ്, ഇന്നത്തെ സ്ത്രീകള്‍ക്ക് എന്റെ അമ്മൂമ്മയുടെ കാലത്തേക്കാളും വളരെയേറെ അവസരങ്ങളുണ്ട്.

പക്ഷേ ലിംഗഭേദത്തെ കുറിച്ചുള്ള നമ്മുടെ അഭിപ്രായവും മനസ്ഥിതിയും വിശ്വാസവും നാം മൂല്യം കൊടുക്കുന്നതെന്ത് എന്നതുമാണ് ഏറ്റവും പ്രധാനം.

കുട്ടികളെ വളര്‍ത്തുമ്പോള്‍ ലിംഗഭേദത്തേക്കാള്‍ ഉപരിയായി കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിലോ? കുട്ടികളെ വളര്‍ത്തുമ്പോള്‍ ലിംഗഭേദത്തേക്കാള്‍ ഉപരിയായി അവരുടെ താല്‍പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിലോ? ഒരു മകനും മകളുമുള്ള ഒരു കുടുംബത്തെ എനിക്കറിയാം. രണ്ടുപേരും പഠിക്കാന്‍ സമര്‍ത്ഥരായ, മിടുക്കരായ കുട്ടികളാണ്. ആണ്‍കുട്ടിക്ക് വിശക്കുമ്പോള്‍, “നിന്റെ ആങ്ങളയ്ക്ക് കുറച്ച് നൂഡില്‍സ് പാകം ചെയ്തു കൊടുക്കൂ” എന്നാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് പറയുന്നത്. പെണ്‍കുട്ടിക്കാകട്ടെ നൂഡില്‍സ് ഉണ്ടാക്കാന്‍ പ്രത്യേകിച്ച് താല്പര്യമൊന്നുമില്ല, പക്ഷേ അവള്‍ പെണ്ണായതു കൊണ്ട് അവള്‍ക്ക് ചെയ്യേണ്ടി വരുന്നു. രണ്ട് കുട്ടികളെയും തുടക്കം മുതലേ പാചകം ചെയ്യാന്‍ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നെങ്കിലോ? പാചകം എന്നത് ആണ്‍കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായ ഒരു ശേഷിയാണ്. ഇത്ര നിര്‍ണായകമായ, സ്വയം പരിപോഷിപ്പിക്കാനുള്ള ഈ കഴിവിനെ മറ്റുള്ളവരുടെ കയ്യിലേല്‍പ്പിക്കുന്നതെങ്ങനെയെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

ഭര്‍ത്താവിന്റെ അതേ വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള ഒരു സ്ത്രീയെ എനിക്കറിയാം. ജോലി കഴിഞ്ഞ് വന്നാല്‍ വീട്ടുജോലിയുടെ ഭൂരിഭാഗവും അവരാണ് ചെയ്യുന്നത്. പല കുടുംബങ്ങളിലും ഇങ്ങനെയാണ് നടക്കുന്നത്. പക്ഷേ, ഭര്‍ത്താവ് കുട്ടിയുടെ ഡയപ്പര്‍ മാറ്റുമ്പോഴെല്ലാം ഭാര്യ അയാളോട് ‘നന്ദി’ എന്ന് പറയുന്നതാണെന്നെ അത്ഭുതപ്പെടുത്തിയത്. സ്വന്തം കുട്ടിയെ പരിപാലിക്കുകയെന്നത് വളരെ സാധാരണമായും സ്വാഭാവികമായും അയാള്‍ ചെയ്യേണ്ട കാര്യമാണെന്ന് അവര്‍ക്ക് തോന്നിയിരുന്നെങ്കിലോ?

ചെറുപ്പകാലത്ത് ഉള്‍ക്കൊണ്ട പല ലിംഗഭേദപാഠങ്ങളും മനസ്സില്‍ നിന്ന് ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ലിംഗഭേദത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മുന്നില്‍ ഞാന്‍ പലപ്പോഴും പതറിപ്പോകാറുണ്ട്.

ആദ്യമായി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തപ്പോള്‍ ഞാന്‍ പരിഭ്രാന്തയായി. നന്നായി തയ്യാറെടുത്തിരുന്നതിനാല്‍ എനിക്ക് പാഠ്യഭാഗത്തെ കുറിച്ച് വേവലാതി ഉണ്ടായിരുന്നില്ല. പഠിപ്പിക്കാന്‍ എനിക്കിഷ്ടമുള്ള വിഷയം തന്നെയായിരുന്നു ഞാന്‍ പഠിപ്പിക്കേണ്ടതും. പക്ഷേ എന്റെ വേവലാതി എന്റെ വസ്ത്രത്തെക്കുറിച്ചായിരുന്നു. എനിക്ക് വേണ്ട പരിഗണന കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

ആ കൂറ സ്യൂട്ട് അന്ന് ഇട്ടിരുന്നില്ലെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അതിനിടയ്ക്ക് പറയട്ടെ, ആ സ്യൂട്ടിനെ ഞാനെന്റെ അലമാരയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ഞാനൊരു സ്ത്രീയായതിനാല്‍ എനിക്ക് സ്വാഭാവികമായും എന്റെ കഴിവ് തെളിയിക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ വസ്ത്രധാരണം വളരെ സ്ത്രൈണമായാല്‍ എനിക്ക് വേണ്ട പരിഗണന കിട്ടില്ലെന്ന് ഞാന്‍ ഭയന്നു. എനിക്കെന്റെ തിളക്കമുള്ള ലിപ് ഗ്ലോസ്സും സ്ത്രൈണമായ പാവാടയും ധരിക്കാന്‍ വളരെ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞാനവ വേണ്ടെന്നു വെച്ചു. അതിനു പകരം വളരെ ഗൗരവമുള്ള, പുരുഷന്മാരുടേതു പോലുള്ള, ഒരു ഭംഗിയില്ലാത്ത സ്യൂട്ടാണ് ഞാന്‍ ധരിച്ചത്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍, പുരുഷന്മാരുടെ വസ്ത്രധാരണമാണ് നാം മാനദണ്ഡമായി കണക്കാക്കുന്നത്, മാതൃകയാക്കുന്നത് എന്നതാണ് സങ്കടകരമായ വസ്തുത. ഒരു ബിസിനസ്സ് മീറ്റിങ്ങിന് പോകാനൊരുങ്ങുമ്പോള്‍ ഒരു പുരുഷന് വളരെ പൗരുഷമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനേപ്പറ്റിയോ അത് മൂലം പരിഗണിക്കാതിരിക്കപ്പെടുന്നതിനെ പറ്റിയോ വേവലാതിപ്പെടേണ്ട കാര്യമില്ല. പക്ഷേ ഒരു സ്ത്രീയാണ് ഒരു ബിസിനസ്സ് മീറ്റിങ്ങിന് പോകാനൊരുങ്ങുന്നതെങ്കിലോ സ്ത്രൈണമായി വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചും അത് മൂലം അവള്‍ പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന ഗൗരവം കിട്ടുന്നുണ്ടോയെന്നും വേവലാതിപ്പെടേണ്ടതായി വരുന്നു. തന്നെ ഗൗരവത്തിലെടുക്കുവാന്‍ വേണ്ടി എന്ത് ധരിക്കണമെന്ന് ഒരു ബിസിനസ് മീറ്റിങ്ങിന് പോകുന്ന പുരുഷന്‍ വേവലാതിപ്പെടുമെന്ന് തോന്നുന്നില്ല. പക്ഷെ ഒരു സ്ത്രീ അത് ചെയ്യും.

ആ കൂറ സ്യൂട്ട് അന്ന് ഇട്ടിരുന്നില്ലെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അതിനിടയ്ക്ക് പറയട്ടെ, ആ സ്യൂട്ടിനെ ഞാനെന്റെ അലമാരയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതിനുശേഷം എനിക്ക് നല്ല ആത്മവിശ്വാസം വന്നു. ഞാന്‍ ഞാന്‍ തന്നെയാകുമ്പോള്‍ എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് എന്റെ പഠിപ്പിക്കല്‍ കൂടുതല്‍ ഉപകാരപ്രദമാകും. കാരണം അപ്പോള്‍ ഞാന്‍ കൂടുതല്‍ ആശ്വാസത്തിലും ഏറെക്കുറെ മുഴുവനായും ശരിയ്ക്കുള്ള ഞാനുമാകും.

എന്റെ പെണ്ണത്തത്തെയും പെണ്മയേയും കുറിച്ച് ഇനിമുതല്‍ ഖേദിക്കാതിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ എല്ലാ പെണ്ണത്തങ്ങളോടും കൂടി ഞാന്‍ ബഹുമാനിക്കപ്പെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു കാരണം ഞാന്‍ അത് അര്‍ഹിക്കുന്നു. എനിക്ക് രാഷ്ട്രീയവും ചരിത്രവും ഇഷ്ടമാണ്. നല്ല ഒരു ആശയ സംവാദമുണ്ടാകുന്നത് എന്നെ സന്തോഷവതിയാക്കുന്നു. ഞാന്‍ പെണ്‍കുട്ടിത്തമുള്ളവളാണ്. ഞാന്‍ സന്തോഷത്തോടെ പെണ്‍കുട്ടിത്തത്തോടെയിരിക്കുന്നവളാണ്. എനിക്ക് ഹൈ ഹീല്‍സ് ധരിക്കുന്നതും ലിപ്സ്റ്റിക്കുകള്‍ ശ്രമിച്ചു നോക്കുന്നതും ഇഷ്ടമാണ്. പുരുഷന്മാരും സ്ത്രീകളും എന്നെ പ്രശംസിക്കുന്നത് എനിക്കിഷ്ടമാണ് (എന്നിരുന്നാലും, സത്യസന്ധമായി പറയുകയാണെങ്കില്‍ നന്നായി ഒരുങ്ങിയ പെണ്ണുങ്ങളുടെ പ്രശംസയാണ് എനിക്ക് കൂടുതലിഷ്ടം). പക്ഷേ ഞാന്‍ കൂടുതലായും ധരിക്കുന്നത് പുരുഷന്മാര്‍ ഇഷ്ടപ്പെടാത്തതും അവര്‍ക്ക് "മനസ്സിലാക്കുവാന്‍" സാധിക്കാത്തതുമായ വസ്ത്രങ്ങളാണ്. എനിക്കവ ഇഷ്ടമായത് കൊണ്ടും കൊള്ളാമെന്നത് കൊണ്ടുമാണ് ഞാനവ ധരിക്കുന്നത്. എന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് എന്ന നിലയില്‍ "ആണ്‍നോട്ടം" തികച്ചും ആകസ്മികമാണ്.

അത്രയെളുപ്പം തുടങ്ങുവാന്‍ സാധിക്കുന്ന ഒന്നല്ല ലിംഗഭേദത്തെ പറ്റിയുള്ള സംഭാഷണങ്ങള്‍. അത് മനുഷ്യരെ അസ്വസ്ഥരാക്കുകയും ചിലപ്പോള്‍ ചൊടിപ്പിക്കുകയും ചെയ്യും. ആണുങ്ങളും പെണ്ണുങ്ങളും ലിംഗഭേദത്തെ കുറിച്ച് സംസാരിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്താറുണ്ട്. അല്ലെങ്കില്‍ ലിംഗഭേദത്തിന്റെ പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ പുറന്തള്ളുവാനും ശ്രമിക്കാറുണ്ട്. കാരണം നിലനില്ക്കുന്ന വ്യവസ്ഥിതി മാറ്റുക എന്നത് ചിന്തിക്കുന്നത് തന്നെ അസ്വാസ്ഥ്യജനകമാണ്.

ചില ആണുങ്ങളില്‍ സ്ത്രീവാദം എന്ന ആശയം തന്നെ വല്ലാത്ത ഭയപ്പാടുണ്ടാക്കുന്നു. ആണ്‍കുട്ടികള്‍ വളര്‍‌ന്ന് വരുന്ന സാഹചര്യവും, 'പ്രകൃത്യാലുള്ള' അവരുടെ ചില കടമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ അവര്‍ സ്വയം കല്പിക്കുന്ന ശ്രേഷ്ഠതകളില്‍ സംഭവിക്കുന്ന ഇടിവുമാകാം ഈ അരക്ഷിതാവസ്ഥയുടെ പ്രേരകശക്തി.

'എന്തു കൊണ്ട് സ്ത്രീസ്വത്വവാദി (feminist) എന്ന വാക്ക്? എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയെന്നോ (human rights activist) അതുപോലെ എന്തെങ്കിലുമാണെന്നോ പറഞ്ഞു കൂടാ?' എന്ന് ചില ആളുകള്‍ ചോദിക്കും. കാരണം അത് സത്യസന്ധമായിരിക്കില്ല. പൊതുവായി പറയുകയാണെങ്കില്‍, സ്ത്രീസ്വത്വവാദം തീര്‍ച്ചയായും മനുഷ്യാവകാശങ്ങളുടെ ഭാഗം തന്നെയാണ്. പക്ഷെ മനുഷ്യാവകാശം എന്ന വ്യക്തതക്കുറവുള്ള പ്രയോഗം ആണ് തല്‍സ്ഥാനത്ത് ഉപയോഗിക്കുന്നതെങ്കില്‍ അത് ലിംഗഭേദത്തിന്റെ സവിശേഷവും പ്രത്യേകവുമായ പ്രശ്നങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് ഇടയാക്കും. നൂറ്റാണ്ടുകളായി സ്ത്രീകളല്ല ബഹിഷ്കൃതരാക്കപ്പെട്ടത് എന്ന് നടിക്കുവാനുള്ള ഒരു മാര്‍ഗവുമാകാം ഇത്. ലിംഗഭേദത്തിന്റെ പ്രശ്നങ്ങള്‍ സ്ത്രീകളെയാണു ബാധിക്കുന്നതെന്നത് തിരസ്കരിക്കുവാനുള്ള മാര്‍ഗവുമാകാം. മനുഷ്യനാണ് എന്നതായിരുന്നില്ല ഇവിടെ പ്രശ്നം, മറിച്ച് സവിശേഷമായും അത് പെണ്‍മനുഷ്യനാണ് എന്നതാണ്. നൂറ്റാണ്ടുകളോളം ലോകം മനുഷ്യരെ രണ്ട് കൂട്ടമായി വിഭജിച്ചു നിര്‍ത്തിയിരുന്നു. അതിലൊരു കൂട്ടത്തെ ബഹിഷ്കരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുവാന്‍ തുടങ്ങി. പ്രശ്ന പരിഹാരം ഈ വസ്തുതയെ അംഗീകരിക്കുന്നത് ഉചിതമാവുകയേ ഉള്ളൂ.

ചില ആണുങ്ങളില്‍ സ്ത്രീവാദം എന്ന ആശയം തന്നെ വല്ലാത്ത ഭയപ്പാടുണ്ടാക്കുന്നു. ആണ്‍കുട്ടികള്‍ വളര്‍‌ന്ന് വരുന്ന സാഹചര്യവും, 'പ്രകൃത്യാലുള്ള' അവരുടെ ചില കടമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ അവര്‍ സ്വയം കല്പിക്കുന്ന ശ്രേഷ്ഠതകളില്‍ സംഭവിക്കുന്ന ഇടിവുമാകാം ഈ അരക്ഷിതാവസ്ഥയുടെ പ്രേരകശക്തി.

മറ്റ് ചില ആണുങ്ങള്‍ ഇങ്ങനെ പറഞ്ഞു കൊണ്ട് പ്രതികരിക്കും "ശരിയാണ്. ഇത് കൊള്ളാവുന്ന കാര്യമാണ്. പക്ഷേ ഞാന്‍ അങ്ങനെയല്ല ചിന്തിക്കുന്നത്. ലിംഗഭേദത്തിനെ കുറിച്ച് ഞാന്‍ ചിന്തിക്കുക പോലുമില്ല."

ഇല്ലായിരിക്കും.

അത് പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണ്. ലിംഗഭേദത്തെ പറ്റി ഭൂരിഭാഗം പുരുഷന്മാരും സജീവമായി ചിന്തിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. പണ്ട് കാര്യങ്ങള്‍ മോശമായിരുന്നിരിക്കാം എങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്നാണ് എന്റെ സുഹൃത്ത് ലൂയീസ് പറഞ്ഞത്. അതു പോലെയാണ് മിക്കവാറും എല്ലാ ആണുങ്ങളും പറയുന്നത്. മാറ്റങ്ങള്‍ വരുത്തുവാന്‍ വേണ്ടിയെങ്കിലും ആണുങ്ങളില്‍ പലരും ഒന്നും ചെയ്യുന്നുമില്ല. നിങ്ങള്‍ ഒരു പുരുഷനാണെന്നിരിക്കട്ടെ. നിങ്ങള്‍ ഒരു സ്ത്രീയോടൊത്ത് റസ്റ്റ്‌റോന്റില്‍ പോകുമ്പോള്‍, പരിചാരകര്‍ നിങ്ങളെ മാത്രം അഭിവാദ്യം ചെയ്യുകയാണെങ്കില്‍, 'എന്തുകൊണ്ടാണ് നിങ്ങള്‍ ഇവരെ അഭിവാദ്യം ചെയ്യാതിരുന്നത്?' എന്ന് ചോദിക്കുമോ? ഇങ്ങനെയുള്ള ചെറിയ സാഹചര്യങ്ങളില്‍ പോലും ആണുങ്ങള്‍ ഉറക്കെ സംസാരിക്കേണ്ടതായുണ്ട്.

ലിംഗഭേദം എന്നത് തീര്‍ത്തും അസ്വസ്ഥതാജനകമാകുന്നത് കൊണ്ട്, ആ സംഭാഷണം അവസാനിപ്പിക്കുവാന്‍ എളുപ്പവഴികളുണ്ട്.

ചിലര്‍ ഇപ്രകാരം പരിണാമ ജീവശാസ്ത്രത്തെയും (evolutionary biology), ആള്‍ക്കുരങ്ങുകളെ പറ്റിയും (apes), പെണ്ണാള്‍ക്കുരങ്ങുകള്‍ ആണാള്‍ക്കുരങ്ങുകള്‍ക്ക് മുന്നില്‍ താണുവണങ്ങുന്ന കാര്യവും എടുത്തിടാറുണ്ട്. പക്ഷേ കാര്യമെന്താണെന്നു വച്ചാല്‍ നമ്മള്‍ ആള്‍ക്കുരങ്ങുകള്‍ അല്ല. ആള്‍ക്കുരങ്ങുകള്‍ മരത്തില്‍ ജീവിക്കുകയും മണ്ണിരകളെ ഭക്ഷിക്കുകയും ചെയ്യുന്നു. പക്ഷെ, നമ്മള്‍ അങ്ങനെയല്ല.

ചിലയാളുകള്‍ പറയും "ശരി, പാവപ്പെട്ട മനുഷ്യര്‍ക്കും കഠിനമായ സമയങ്ങള്‍ ഉണ്ടായിരിക്കും". അവരനുഭവിച്ചിട്ടുണ്ട് താനും.

പക്ഷേ ഈ സംഭാഷണം അതിനെക്കുറിച്ചല്ല. ലിംഗവും വര്‍ഗവും വ്യത്യസ്തങ്ങളാണു. ദരിദ്രരായ പുരുഷന്മാര്‍, അവര്‍ പുരുഷന്മാരായതിന്റെ പേരില്‍ ചില ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നുണ്ട്. ധനികരാകുന്നതിന്റെ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ അവര്‍ക്കില്ലെങ്കിലും. അടിച്ചമര്‍ത്തല്‍ വ്യവസ്ഥിതികളെ സംബന്ധിച്ചും, ഒന്ന് മറ്റൊന്നിനെ എങ്ങനെ അഗോചരമാക്കുന്നു എന്നും കറുത്ത മനുഷ്യരോട് സംസാരിക്കുന്നതില്‍ നിന്നും പഠിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു കറുത്തവര്‍ഗക്കാരനായ ആണിനോട് ലിംഗവിവേചനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അയാള്‍ ചോദിച്ചു, "പെണ്ണെന്ന നിലയ്ക്കുള്ള നിന്റെ അനുഭവങ്ങള്‍ എന്നു നിങ്ങള്‍ പറയുന്നത് എന്തിനാണ്? എന്തുകൊണ്ടാണ് ഒരു മനുഷ്യന്റെ അനുഭവമായി അതിനെ നിങ്ങള്‍ പറയാത്തത്?'' ഇത്തരം ചോദ്യങ്ങള്‍ നമ്മുടെ സവിശേഷമായ അനുഭവങ്ങളെ നിശ്ശബ്ദമാക്കുവാന്‍ ഉള്ള ഒരു രീതിയാണ്. തീര്‍ച്ചയായും ഞാന്‍ ഒരു മനുഷ്യനാണ്. എന്നാല്‍ സ്ത്രീ ആയിരിക്കുന്നത് കൊണ്ട് മാത്രം ഈ ലോകത്ത് ചില പ്രത്യേക കാര്യങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതേ പുരുഷനാണ്, ഇടയ്ക്കിടെ, കറുത്തപുരുഷന്‍ എന്ന നിലയ്ക്കുള്ള തന്റെ അനുഭവങ്ങളെ പറ്റി വാചാലനാകാറുള്ളത് ("എന്ത് കൊണ്ട് ഒരു പുരുഷനെന്ന നിലയ്ക്കുള്ള അല്ലെങ്കില്‍ മനുഷ്യനെന്ന നിലയ്ക്കുള്ള നിങ്ങളുടെ അനുഭവങ്ങള്‍ പറയുന്നില്ല? എന്ത് കൊണ്ട് ഒരു കറുത്തമനുഷ്യന്റെ അനുഭവങ്ങള്‍ പറയുന്നു?" എന്ന് ഞാന്‍ തിരികെ ചോദിക്കണമായിരുന്നു).

പക്ഷെ ഈ സംഭാഷണം ലിംഗഭേദത്തിനെപ്പറ്റിയാണ്. ചില ആളുകള്‍ പറയാറുണ്ട് ''ഓ, പക്ഷേ പെണ്ണുങ്ങള്‍ക്ക് ശരിക്കുള്ള കഴിവുണ്ട്, കീഴധികാരം (Bottom power)" (Bottom power എന്നത് ഒരു നൈജീരിയന്‍ പ്രയോഗമാണ്. ഒരു സ്ത്രീ ലൈംഗികത ഉപയോഗിച്ച് പുരുഷന്മാരില്‍ നിന്നും കാര്യങ്ങള്‍ നേടിയെടുക്കുന്നതിനെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്). പക്ഷേ കീഴധികാരം ഒരു അധികാരമേ അല്ല. കാരണം കീഴധികാരം ഉള്ള സ്ത്രീ യഥാര്‍ത്ഥത്തില്‍ ഒട്ടും ശക്തയല്ല. മറ്റൊരാളുടെ അധികാരത്തില്‍ നിന്നും ചോര്‍ത്തിയെടുക്കുവാനുള്ള ഒരു വഴിയുണ്ട് എന്നു മാത്രമാണു അതിന്റെയര്‍ത്ഥം. അധികാരമുള്ള പുരുഷന്‍ മോശം മാനസികാവസ്ഥയിലോ, അസുഖത്തിലോ, താല്പര്യരഹിതനോ ആണെങ്കില്‍ എന്താണ് സംഭവിക്കുക?

സംസ്കാരമല്ല ജനതയെ ഉണ്ടാക്കുന്നത്, മറിച്ച് ജനതയാണ് സംസ്കാരമുണ്ടാക്കുന്നത്. ഈ മുഴുവന്‍ പെണ്‍കുലവും നമ്മുടെ സംസ്കാരത്തിലില്ല എന്നതാണ് സത്യമെങ്കില്‍ നമ്മള്‍ അത് നമ്മുടെ സംസ്കാരത്തിലേക്ക് വിളക്കിച്ചേര്‍ക്കേണ്ടതുണ്ട്, നമുക്കതിന് കഴിയുകയും ചെയ്യും.

പെണ്ണുങ്ങള്‍ ആണുങ്ങള്‍ക്ക് കീഴ്‍പെട്ട് ജീവിക്കണമെന്ന് ചിലര്‍ പറയും. കാരണം അത് നമ്മുടെ സംസ്കാരമാണത്രെ. പക്ഷേ സംസ്കാരം നിരന്തരമായി മാറിക്കൊണ്ടിരിക്കുകയാണ്. എനിക്ക് പതിനഞ്ചു വയസ്സുള്ള സുന്ദരികളായ ഇരട്ട മരുമക്കളുണ്ട്. അവര്‍ ലാഗോസിലാണ് ജീവിക്കുന്നത്. നൂറ് കൊല്ലം മുമ്പായിരുന്നു അവര്‍ ജനിച്ചിരുന്നതെങ്കില്‍ അവരെ എടുത്തു കൊണ്ട് പോവുകയും കൊലപ്പെടുത്തുകയും ചെയ്തേനെ. കാരണം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഗ്ബോ (Igbo) സംസ്കാരത്തില്‍ ഇരട്ടകള്‍ ജനിക്കുന്നത് ഒരു ദുര്‍ലക്ഷണം ആയിരുന്നു. എന്നാലിന്ന് ഇഗ്ബോ ജനതയ്ക്ക് അത് അചിന്തനീയമാണ്.

അപ്പോള്‍, സംസ്കാരത്തിന്റെ ഉദ്ദേശം തന്നെ എന്താണ്? സംസ്കാരത്തിന്റെ അന്തിമമായ ധര്‍മ്മം എന്നത് ജനതയുടെ പരിപാലനവും തുടര്‍ച്ചയുമാണ്. ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങള്‍ ആരെന്നുള്ളതിനെയും, ഞങ്ങളുടെ പാരമ്പര്യത്തെയും, പൂര്‍വിക ദേശങ്ങളെപ്പറ്റിയുള്ള അറിവിനേയും കുറിച്ചുള്ള കഥകളില്‍ ഏറ്റവും താല്പര്യം പ്രകടിപ്പിച്ചിരുന്നത് ഞാനായിരുന്നു. എന്റെ ആങ്ങളമാര്‍ എന്റെയത്ര താല്പര്യമുള്ളവരൊന്നുമായിരുന്നില്ല. പക്ഷേ എനിക്ക് ഇതില്‍ പങ്ക് ചേരുവാന്‍ കഴിയില്ല. കാരണം ഇഗ്ബോ (Igbo) സംസ്കാരം ആണുങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നു. കുടുംബത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന യോഗങ്ങളില്‍ പുരുഷന്മാര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. അത് കൊണ്ട് ഈ വിധ കാര്യങ്ങളില്‍ ഞാന്‍ അധികമായ താല്പര്യങ്ങള്‍ പ്രകടിപ്പിക്കുന്നുവെങ്കിലും എനിക്ക് അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുവാന്‍ പറ്റില്ല. എനിക്ക് എന്തെങ്കിലും പറയുവാനുള്ള അധികാരവുമില്ല. കാരണം ഞാനൊരു പെണ്ണാണ്.

സംസ്കാരമല്ല ജനതയെ ഉണ്ടാക്കുന്നത്, മറിച്ച് ജനതയാണ് സംസ്കാരമുണ്ടാക്കുന്നത്. ഈ മുഴുവന്‍ പെണ്‍കുലവും നമ്മുടെ സംസ്കാരത്തിലില്ല എന്നതാണ് സത്യമെങ്കില്‍ നമ്മള്‍ അത് നമ്മുടെ സംസ്കാരത്തിലേക്ക് വിളക്കിച്ചേര്‍ക്കേണ്ടതുണ്ട്, നമുക്കതിന് കഴിയുകയും ചെയ്യും.

എന്റെ സുഹൃത്ത് ഒകോലോമയെ പറ്റി ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അദ്ദേഹവും സോസോലിസോ അപകടത്തില്‍ മരിച്ച ബാക്കിയെല്ലാവരുടെയും ആത്മാവിന് ശാന്തി കിട്ടട്ടെ. അദ്ദേഹത്തെ സ്നേഹിച്ചിരുന്ന ഞങ്ങളില്‍ പലരിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ജീവിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ദിവസം അദ്ദേഹം എന്നെ ഫെമിനിസ്റ്റ് എന്ന് വിളിച്ചത് പൂര്‍ണമായും ശരിയാണ്. അതേ ഞാന്‍ ഫെമിനിസ്റ്റ് തന്നെയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നിഘണ്ടുവില്‍ ഫെമിനിസ്റ്റ് എന്ന പദത്തിന്റെ അര്‍ഥം തിരഞ്ഞപ്പോള്‍ കണ്ടത് ഇങ്ങനെയാണ്, 'Feminist: a person who believes in the social, political and economic equality of the sexes.' (ഫെമിനിസ്റ്റ്/സ്ത്രീസ്വത്വവാദി: എല്ലാ ലിംഗക്കാരുടെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സമത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തി.)

ഞാന്‍ കേട്ടിട്ടുള്ള കഥകള്‍ അനുസരിച്ച് എന്റെ മുതുമുത്തശ്ശി ഒരു ഫെമിനിസ്റ്റ് ആയിരുന്നു. അവര്‍ കല്യാണം കഴിക്കുവാന്‍ തനിക്കു താല്പര്യമില്ലാഞ്ഞ പുരുഷന്റെ വീട്ടില്‍ നിന്നും ഓടിപ്പോയി സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരാളെ വിവാഹം കഴിച്ചു. എപ്പോഴൊക്കെ ഒരു പെണ്ണായത് കാരണം അവര്‍ക്ക് ഭൂമികയും പ്രവേശനവും നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥയുണ്ട് എന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടോ അപ്പോഴെല്ലാം അവര്‍ അവരുടെ വിസമ്മതം രേഖപ്പെടുത്തുകയും, പ്രതിഷേധിക്കുകയും, അതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഫെമിനിസ്റ്റ് എന്ന വാക്ക് അവര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ അവര്‍ ഫെമിനിസ്റ്റ് അല്ല എന്നല്ല അതിന്റെ അര്‍ത്ഥം. ആ വാക്കിനെ പുനഃപ്രഖ്യാപിക്കുവാന്‍/തിരിച്ചുപിടിക്കുവാന്‍ നമ്മളിലിനിയും ആളുകള്‍ മുന്നോട്ട് വരണം. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല ഫെമിനിസ്റ്റ് എന്റെ സഹോദരനായ കെനി (Kene) ആണ്. സഹൃദയനും, സുന്ദരനും, പുരുഷത്വമുള്ളവനുമായ ഒരു ചെറുപ്പക്കാരനാണ് കെനി. ഫെമിനിസ്റ്റ് എന്നതിന് ഞാന്‍ കൊടുക്കുന്ന നിര്‍വചനം ഇതാണ്: 'അതേ ഇന്നത്തെ അവസ്ഥയില്‍ ലിംഗഭേദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. നമുക്കത് ശരിയാക്കുവാ‌‌ന്‍ കഴിയു‌ം. നമുക്കത് മെച്ചപ്പെടുത്തേണ്ടതുണ്ട്" എന്ന് പറയുന്ന ഏതൊരു പുരുഷനും സ്ത്രീയും ഫെമിനിസ്റ്റാണ്.

നമ്മളെല്ലാവരും, സ്ത്രീയും പുരുഷനും, അത് മെച്ചപ്പെടുത്തേണ്ടതുണ്ട്.


(ചിമമന്‍ഡ ന്‍ഗോസി അഡിചി പ്രശസ്തയായ നൈജീരിയന്‍ എഴുത്തുകാരിയും സ്ത്രീസ്വത്വവാദിയുമാണ്. 2003-ല്‍ പുറത്തിറങ്ങിയ 'പര്‍പിള്‍ ഹിബിസ്കസ്' ആണ് അഡിചിയുടെ ആദ്യ നോവല്‍. രണ്ടാമത്തെ നോവല്‍ 'ഹാഫ് ഓഫ് ഏ യെല്ലോ സണ്‍' 2006-ല്‍ പുറത്തിറങ്ങി. 'ദ തിങ്ങ് എറൗണ്ട് യുവര്‍ നെക്ക്' എന്ന അഡിചിയുടെ ചെറുകഥകളുടെ സമാഹാരം 2009-ല്‍ ഇറങ്ങി. 2013-ല്‍, 'അമേരിക്കാനാ' എന്ന അഡിചിയുടെ നോവല്‍ ആ വര്‍ഷം പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച പത്ത് പുസ്തകങ്ങളില്‍ ഒന്നായി ന്യൂ യോര്‍ക്ക് റ്റൈംസ് തെരെഞ്ഞെടുക്കുകയൂണ്ടായി. 2014-ല്‍ പുറത്തിറങ്ങിയ 'വീ ഷുഡ് ഓള്‍ ബീ ഫെമിനിസ്റ്റ്സ്' എന്ന നോണ്‍-ഫിക്ഷന്‍ പുസ്തകം ചിമമാന്‍ഡ അഡിച്ചി 2012-ല്‍ ലണ്ടനില്‍ വച്ച് നല്‍കിയ ഒരു റ്റെഡ് റ്റോക്ക് പ്രഭാഷണത്തിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ്.

ചിമമാന്‍ഡ അഡിച്ചി നല്‍കിയ റ്റെഡ് റ്റോക്ക് പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധികോമണ്‍സിന് വേണ്ടി തയ്യാറാക്കിയത് നതാഷ, ഡാലി, പ്രതീഷ് എന്നിവരാണ്.)