സത്യത്തില്‍ പോളണ്ടില്‍ എന്തു സംഭവിച്ചു?

ഫേസ്ബുക്ക്-ബ്ലോഗ്-പ്ലസ്സാദികളില്‍ ഏതെങ്കിലും ഇടതന്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കിയാലോ, ഒരു കാര്യം പറഞ്ഞ് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാലോ ഉടനെ മാര്‍ക്കറ്റ്-ബോയ്സ്* പ്രത്യക്ഷപ്പെട്ട് വിളിച്ച് കൂവും "താത്വിക അവലോകനം, താത്വിക അവലോകനം" എന്ന്. ആ കൂവല്‍ കേട്ടാല്‍ പിന്നെ ഇടതന്‍ കമാന്ന് മിണ്ടരുത്! അതാണ് അലിഖിത നിയമം. ഇനി അഥവാ മിണ്ടിയാല്‍ ഉടനെ മാര്‍ക്കറ്റ്-ബോയ്സ് ചോദിക്കും "പോളണ്ടില്‍ എന്തു സംഭവിച്ചു?". പറഞ്ഞു വന്ന കാര്യത്തിന് പോളണ്ടുമായിട്ടുള്ള ബന്ധം ശംഖിന് മത്തങ്ങയുമായിട്ടുള്ള ബന്ധമാണെങ്കിലും, പോളണ്ടിനെ കുറിച്ച് പറഞ്ഞതോടെ എന്തോ ചരിത്ര-വിജയം കൈവരിച്ച മട്ടില്‍ മാര്‍ക്കറ്റ്-ബോയ്സ് രോമാഞ്ചപുളകിതരാകും.പോളണ്ട് ഇടതന്റെ ചിന്തയുടെ മണ്ഡലത്തില്‍ ഒരു ലക്ഷ്മണരേഖ ആണ് എന്നാണ് പൊതുവെ ഉള്ള വിശ്വാസം. അല്ല, അങ്ങനെ ആണെങ്കില്‍, സത്യത്തില്‍ പോളണ്ടില്‍ എന്താണ് സംഭവിച്ചത്? 'സന്ദേശം' സിനിമയില്‍ പ്രകാശന്‍ അത് ചോദിക്കുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ പ്രസക്തി ആ ചോദ്യത്തിന് ഇന്നുണ്ട്. അന്ന് സംഭവിച്ചത് സോവിയറ്റ് യൂണിയനെ അന്ധമായി അനുകരിച്ച ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടതിന്റെ ഫലമായി ഉണ്ടായ ഒരു മാറ്റം ആണ്. ആ മാറ്റം അന്ന് സാമ്രാജ്യത്വത്തിനും മാര്‍ക്കറ്റ് ബോയ്സിനും ഒരു മേല്‍ക്കൈ നേടി കൊടുത്തു എന്നുള്ളത് സത്യം. പോളണ്ടിലെ സോഷ്യലിസ്റ്റ്‌ പരീക്ഷണം എങ്ങനെ പരാജയപ്പെട്ടു? അതിന്റെ ഫലമായി പോളണ്ടില്‍ പിന്നീട് എന്ത് സംഭവിച്ചു എന്നും ഇന്നത്തെ അവസ്ഥ എന്തെന്നും ചോദിക്കേണ്ടി ഇരിക്കുന്നു.

സോഷ്യലിസ്റ്റ്‌ പരീക്ഷണത്തിന്റെ പരാജയം

ആദ്യം അല്‍പം ചരിത്രം, ഒരല്പം കഥ. രണ്ടാം ലോക മഹായുദ്ധം കിഴക്കന്‍ യൂറോപ്പില്‍ വിതച്ച നാശനഷ്ടത്തിന് കണക്കില്ല. തകര്‍ന്ന ആ സാമ്പത്തിക അടിതട്ടിന്റെ മുകളില്‍ ആണ് പോളണ്ട് സോഷ്യലിസം പടുത്തുയര്‍ത്താന്‍ ശ്രമിച്ചത്. ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി വെച്ചു. 1956ല്‍ പൊസ്നാന്‍ (Poznan) നഗരത്തില്‍ കമ്യൂണിസ്റ്റ് പോളണ്ടിലെ ആദ്യത്തെ സമരം നടന്നു. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെട്ട ആ സമരത്തെ സോവിയറ്റ് പട്ടാളം സ്റ്റാലിനിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി. സമരത്തിന് നല്ല വിഭാഗം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് മനസ്സിലാക്കിയ പോളിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശമ്പളം കൂട്ടുകയും, രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. വ്ലാഡിസ്ലാവ് ഗോമുല്‍ക്കയാണ് (Władysław Gomułka) പോളണ്ടില്‍ ഈ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വേണ്ടി പാര്‍ട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. ഗോമുല്‍ക്ക സോഷ്യലിസത്തിലോട്ട് ഒരു പോളിഷ് പാത വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ, സമാനമായ ഒരു നീക്കം ആവശ്യപ്പെട്ട് ഹംഗറിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടങ്ങിയിരുന്നു. അതിനോട് ഇമ്രെ നാഗി (Imre Nagy) എന്ന ഹംഗേറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കൂറ് പ്രഖ്യാപിച്ചപ്പോള്‍ ആ പ്രക്ഷോഭം ഹംഗറിയിലെ ആഭ്യന്തര കാര്യങ്ങളില്‍ സോവിയറ്റ് കൈകടത്തലുകള്‍ക്കെതിരെ ഉള്ള വിപ്ലവം ആയി മാറി. സോവിയറ്റ് യൂണിയന്‍ ആഞ്ഞടിച്ചു, ആ വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടു. നാഗിയെ വിചാരണ ചെയ്തു, കുറ്റകാരനെന്ന് കണ്ടെത്തി തൂക്കിലേറ്റി. 1989ല്‍ ജനങ്ങള്‍ അദ്ദേഹത്തെ കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് ആദരിച്ചു. ആ ആദരവ് സ്റ്റാലിനിസത്തിനോടുള്ള എതിര്‍പ്പ് ആയിരുന്നിരിക്കാം പക്ഷെ അതിനെ സോഷ്യലിസത്തിനോടുള്ള എതിര്‍പ്പായി മുദ്രകുത്തുന്നത് ശരി അല്ല. കാരണം ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും ഇമ്രെ നാഗി ഒരിക്കല്‍ പോലും മാര്‍ക്സിസത്തില്‍ നിന്ന് വ്യതിചലിച്ചില്ല എന്ന വസ്തുത. അദ്ദേഹം എതിര്‍ത്തത് സ്റ്റാലിനിസ്റ്റ് പ്രവണതകളെയായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് ഹംഗറിയിലെ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്ന ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ ആയിരുന്നു. ഹംഗറിയെയും നാഗിയേയും കുറിച്ച് ഇത്രയും പറഞ്ഞതിന് കാരണം ഉണ്ട്. പ്രകാശന്‍ പോളണ്ടിനെക്കുറിച്ച് ചോദിക്കുന്നതിന് മുമ്പായി "മൂരാച്ചി എന്ന് മുദ്രകുത്തപ്പെട്ട 40 കൊല്ലം കുറ്റവാളിയായി ശവപ്പെട്ടിയില്‍ കിടന്ന നേതാവിനെ" കുറിച്ച് വാചാലന്‍ ആകുന്നുണ്ടെല്ലൊ. ആ നേതാവ് ആണ് ഇമ്രെ നാഗി.

ഇനി പോളണ്ടിലെ കഥയിലേക്ക് തിരിച്ച് വരാം. ഇമ്രെ നാഗിയുടെ ഗതി ഗോമുല്‍ക്കയെ അലട്ടി. അദ്ദേഹത്തിന്റെ നയങ്ങള്‍ മാറി തുടങ്ങി. 1968ല്‍ ചെക്കൊസ്ലോവാക്യയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ സോവിയറ്റ് നേതൃത്വത്തില്‍ അടിച്ചമര്‍ത്തിയപ്പോള്‍ അതില്‍ പോളിഷ് സൈന്യവും പങ്കാളികളായിരുന്നു. അറുപതുകളില്‍ പോളണ്ടിന്റെ സാമ്പത്തിക വ്യവസ്ഥ മോശമായി തുടങ്ങി. ഇതിനെ മറികടക്കാന്‍ വേണ്ടി ഗോമുല്‍ക്ക നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാന്‍ 1970ല്‍ ബാധ്യസ്ഥനായി. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ തുടങ്ങി. പ്രക്ഷോഭങ്ങള്‍ അതിരു കടക്കുന്നു എന്നു വിശ്വസിച്ച പോളിഷ് നേതൃത്വം അവയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജനവികാരം ഗോമുല്‍ക്കയ്ക്ക് എതിരായി. ഗോമുല്‍ക്ക രാജി വച്ചു, എട്വാര്‍ട് ഗിറെക് (Edward Gierek) പുതിയ സെക്രടറി ആയി സ്ഥാനമേറ്റു.വില കുറയ്ക്കപ്പെട്ടു, ശമ്പളങ്ങള്‍ കൂടി, മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. ഗിറെക് ഫ്രാന്‍സില്‍ നിന്നും, പശ്ചിമ ജര്‍മ്മനിയില്‍ നിന്നും കടം വാങ്ങികൂട്ടി ഒരു സാമ്പത്തിക കുതിച്ചുചാട്ടം ആവിഷ്കരിച്ചു. എന്നാല്‍ ഈ കടംവാങ്ങലിലൂടെ കത്തോലിക്ക സഭയോടുള്ള നിലപാടുകളില്‍ അയവ് വരുത്താന്‍ ഗിറെക് ബാദ്ധ്യസ്ഥനായി.പക്ഷെ 1973ല്‍ ഉണ്ടായ എണ്ണ വില വര്‍ദ്ധന ഗിറെക്കിന്റെ പദ്ധതികളെ തകിടം മറിച്ചു. 1976ല്‍ വീണ്ടും വില വര്‍ദ്ധനവ് അനിവാര്യം ആയി. അതു വഴി പ്രക്ഷോഭങ്ങളും. ഇവ അടിച്ചമര്‍ത്തപ്പെട്ടു. കാര്യങ്ങള്‍ വഷളായിക്കൊണ്ടിരുന്നു. 1980ല്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ പൊട്ടി പുറപ്പെട്ടു. ആ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സോളിഡാരിറ്റി എന്ന തൊഴിലാളി യൂണിയന്‍, അതിന്റെ സിരാകേന്ദ്രം ഗ്ദാന്‍സ്ക് കപ്പല്‍ശാല , അതിന്റെ നേതാവ് ലഹ് വലേസ എന്ന ഇലക്ട്രീഷ്യന്‍. ചരിത്രം ആവര്‍ത്തിച്ചു. ഗോമുല്‍ക്ക പോയ വഴി ഗിറെക്കും പോയി.

xdfdfd
സോളിഡാരിറ്റി ചുവര്‍ ചിത്രം

പ്രക്ഷോഭങ്ങള്‍ക്ക് അയവ് വരുത്താന്‍ സോളിഡാരിറ്റിയെ അംഗീകരിച്ച് കൊണ്ടുള്ള ഉടമ്പടി പോളിഷ് സര്‍ക്കാര്‍ ഒപ്പിട്ടത് ഗ്ദാന്‍സ്കില്‍ വച്ചായിരുന്നു. പോളണ്ടിലെ സംഭവവികാസങ്ങള്‍ ഒരു സോവിയറ്റ് അടിച്ചമര്‍ത്തലിന് വഴിവയ്ക്കുന്നത് തടയാനാകാം, അതല്ല രാജ്യത്തില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഒരു കലാപം പൊട്ടിപുറപ്പെടുന്നത് തടയാന്‍ വേണ്ടി ആകാം, പോളണ്ടിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം 13 ഡിസംമ്പര്‍ 1981ന് പോളണ്ടില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. സോളിഡാരിറ്റി ഒരിക്കലും ഒരു സാധാരണ തൊഴിലാളി യൂണിയന്‍ ആയിരുന്നില്ല. കിഴക്കന്‍ യൂറോപ്പും സോവിയറ്റ് യൂണിയനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ലോകത്തെ ആദ്യത്തെ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ആയിരുന്നു സോളിഡാരിറ്റി. സ്വതന്ത്രമെന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിന് പുറത്തുള്ളത്, എന്നാല്‍ സി.ഐ.എയുടെ കാശും, കത്തോലിക്കാ സഭയുടെ ആശീര്‍വാദവും ഉള്ളത്. ലക്ഷ്യം ലളിതം: കിഴക്കന്‍ യുറോപ്പില്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുക. വത്തിക്കാനില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനും അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും കൂടി 1982 ലെ ജൂണ്‍ മാസം 7ന് നടത്തിയ ഗൂഡാലോചനയുടെ ഫലമായിട്ട്‌ പോളണ്ടില്‍ നിലനിന്നിരുന്ന അസംതൃപ്തി ആഗസ്റ്റ് 31,1982 ന് വീണ്ടും പ്രക്ഷോഭമായി പൊട്ടി പുറപ്പെട്ടു.പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം എടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അതോടെ പോളണ്ടിന്റെ സാമ്പത്തിക രംഗം വീണ്ടും വഷളായി.1989 ആയപ്പോഴേക്കും ആ തകര്‍ച്ച പൂര്‍ണ്ണമായി. കമ്മ്യൂണിസ്റ്റ് പോളണ്ട് ചരിത്രം ആയി.

പോളണ്ടില്‍ പിന്നീട് എന്താണ് സംഭവിച്ചത്?

ലഹ് വലേസയും സോളിഡാരിറ്റിയും കുതിച്ച് കേറിയ ഗ്ദാന്‍സ്ക് കപ്പല്‍ശാലയില്‍ പണ്ട് കമ്മ്യൂണിസ്റ്റ്കാര് 17,000ല്‍ പരം തൊഴിലാളികളെയാണ് ജോലി നല്‍കി "പീഡിപ്പിച്ചിരുന്നത്". ഇന്ന് അവിടെ 3500 ല്‍ പരം ആത്മാക്കളെ ജോലിയുടെ പീഡനം അനുഭവിക്കുന്നുള്ളു. കപ്പല്‍ശാല 2007 ല്‍ സ്വകാര്യവത്കരിച്ച വഴി സര്‍ക്കാര്‍ കുറച്ച് അധികം വികസനം ഒപ്പിച്ചു. പിന്നെ ഒരു സ്വകാര്യ സ്ഥാപനം ആകുമ്പോള്‍ കണ്ട നാറികളൊക്കെ വന്ന് കൊടി പിടിച്ച് കച്ചട ഉണ്ടാക്കാന്‍ പാടില്ലലൊ. അതു കൊണ്ട് തന്നെ തൊഴിലാളി യൂണിയനുകളുടെ പുറത്ത് ചില്ലറ നിയന്ത്രണങ്ങളൊക്കെ കൊണ്ടുവന്നു. പുതിയ തൊഴിലാളി യൂണിയനുകള്‍ക്ക് പൊതുവെ വലിയ ആവശ്യങ്ങളൊന്നും ഇല്ല. ഒരു പാട് സ്ഥലം കപ്പല്‍ശാലയില്‍ വെറുതെ കിടക്കുന്നത് കൊണ്ട് കപ്പല്‍ശാലയുടെ നല്ല ഒരു ഭാഗം തകര്‍ത്തു, അവിടെ ഉയരുന്നത് സിനിമ-മള്‍ട്ടിപ്ലെക്സുകള്‍ നക്ഷത്ര ഹോട്ടലുകള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍. സര്‍ക്കാര്‍ കാശ് തറവാട്ടില്‍ പിറന്ന മുതലാളിമാര്‍ നടത്തുന്ന ബാങ്കുകളെ രക്ഷിക്കാന്‍ ആണ്, അല്ലാതെ കപ്പലും കപ്പലണ്ടിയും ഒന്നും ഉണ്ടാക്കാനല്ല എന്നു പോളിഷ് ജനത അപ്പൊഴാണ് മനസ്സിലാക്കിയത്. വലേസയും സോളിഡാരിറ്റിയും കൂടി കേറി കളിച്ചത് തൊഴിലാളികളുടെ അസംതൃപ്തി മുതലെടുത്ത് കൊണ്ട്, വലേസയും സോളിഡാരിറ്റിയും കൂടി വാഗ്ദാനം നല്‍കിയത് തൊഴിലാളികള്‍ക്ക് നല്ലൊരു ഭാവി. എന്നിട്ട് അവസാനം തൊഴിലാളിക്ക് നഷ്ടപ്പെട്ടുത്തിയത് അവരുടെ ജോലി, അവരുടെ പെന്‍ഷന്‍, അവരുടെ ജീവിതം.ഇത് ഗ്ദാന്‍സ്കിലെ മാത്രം കഥ അല്ല. സര്‍ക്കാര്‍ സബ്സിഡികള്‍ അല്ല സ്വകാര്യ മൂലധനം ആണ് തൊഴില്‍ശാലകളെ രക്ഷിക്കാന്‍ ഉള്ള വഴി എന്ന പുതുവിശ്വാസം പോളണ്ടിനെ രക്ഷിച്ചില്ല. ഷ്റ്ററ്റീന്‍ (Szczecin) കപ്പല്‍ശാല ഒരിക്കല്‍, അതായത് കമ്മ്യൂണിസ്റ്റ്കാരുടെ കാലത്ത്, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ശാലകളില്‍ ഒന്നായിരുന്നു.ഇന്ന് അത് കമ്പോള-ശക്തികള്‍ സഹായിച്ച് അടച്ചു പൂട്ടി, ചുളു വിലയ്ക്ക് ആര്‍ക്കോ വിറ്റു.ആരാ വാങ്ങിയത് എന്ന് ഇന്നും വ്യക്തമല്ല .ഗ്ദിനിയ (Gdynia) കപ്പല്‍ശാലയാകട്ടെ, വില്‍ക്കാന്‍ തീരുമാനിച്ച് ലേലത്തിന് വച്ചിട്ട് ആരും വാങ്ങാന്‍ വന്നില്ല. പോളണ്ടിലെ കപ്പല്‍നിര്‍മ്മാണരംഗം ഒരു വഴിയായി എന്നു മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ട. അപ്പോള്‍ മാര്‍ക്കറ്റ്-ബോയ്സ് ഒരു പക്ഷെ വാദിക്കും ഒരു മേഖല മാത്രം അല്ലല്ലോ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചിക എന്ന്. വളരെ ശരി ആണ്. ലഹ് വലേസയ്ക്കും സോളിഡാരിറ്റിയ്ക്കും കപ്പല്‍നിര്‍മ്മാണത്തോടുള്ള ബന്ധം കാരണം അവരുടെ നയങ്ങള്‍ ആ മേഖലയെ തന്നെ എങ്ങനെ തകര്‍ത്തു എന്നുള്ളത് ആദ്യമേ വ്യക്തമാക്കി എന്നേയുള്ളു.

null

പൊതുവെ മാര്‍ക്കറ്റ്-ബോയ്സ് ജി.ഡി.പി യെ ആണ് വികസനത്തിന്റെ അളവുകോല്‍ ആയി ഉയര്‍ത്തി കാണിക്കുക. പോളണ്ടിന്റെ പ്രതിശീര്‍ഷ ജി.ഡി.പി $2,165 (1989ല്‍) നിന്ന് $12,270 (2010 ല്‍) ആയി വളര്‍ന്നു എന്ന വസ്തുത എന്നത് വികസനം ആയി തോന്നിയേക്കാം. ജി.ഡി.പി യുടെ കഥ വിചിത്രമാണ്. ജി.ഡി.പി. ഉപയോഗിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന്റെ ഏറ്റവും വലിയ പ്രശ്നം അത് ഒരിക്കലും സാമുഹികമായ യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്നില്ല എന്നത് തന്നെ. ഒരു ലളിതമായ ഉദാഹരണം പറഞ്ഞാല്‍ ഇന്ത്യയുടെ പാല്‍ ഉത്പാദനം പ്രതിവര്‍ഷം (2009-2010 കണക്ക്) 112.5 ടണ്‍ ആണ്. ഇതേ കണക്ക് ജി.ഡി.പിയുടെ രീതിയില്‍ പറഞ്ഞാല്‍ എല്ലാ ഇന്ത്യക്കാരനും ദിവസവും ഒരു കപ്പ് പാല്‍ കുടിക്കാന്‍ കിട്ടുന്നുണ്ട് എന്നാണ്. പട്ടിണി മരണങ്ങള്‍ നടക്കുന്ന ഒരു രാജ്യത്ത് ഇത് ഒരു ക്രൂരമായ ഒരു തമാശ എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. ഇനി മറ്റു കണക്കുകള്‍ കാണാം. പോളണ്ടിന്റെ സാമ്പത്തിക 'വികസനത്തിനെ' അനുഗമിച്ച സാമൂഹിക തകര്‍ച്ച വ്യക്തമാക്കുന്ന കണക്കുകള്‍. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പൗരന്‍മാര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍ എന്നിവയെ കുറിച്ച് ആശങ്ക ഇല്ലായിരുന്നു. എന്നാല്‍ കാലം മാറി. പോളണ്ടില്‍ 30,000 തൊട്ട് 150,000 ജനങ്ങള്‍ ഭവനരഹിതരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാമീണ പോളണ്ടില്‍ തൊഴില്ലായ്മ 30% വരെ ഉയരാറുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 20% ജനങ്ങളാണ് രാജ്യത്തിന്റെ 44% വരുമാനവും കൈയ്യാളുന്നത്. ഏതാണ്ട് 85% ജനങ്ങളുടെ വരുമാനം രാജ്യത്തിലെ ശരാശരി വരുമാനത്തിനെക്കാള്‍ താഴെയാണ്. 10-25% ശതമാനം കുട്ടികള്‍ ഒരു ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കുന്നുള്ളു. പോളണ്ടിന്റെ ദരിദ്രരില്‍ 50%ല്‍ കൂടുതല്‍ 19 വയസ്സിന് താഴെയുള്ളവരാണ്. ഇതൊക്കെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ ഒക്കില്ല, കാരണം ഈ കണക്കുകളൊക്കെ അതിനു മുമ്പൊള്ളവയാണ്. ഇനി അതല്ല ഈ കണക്കുകളൊക്കെ പോളണ്ടിലെ എ.കെ.ജി സെന്റുറില്‍ ഉണ്ടാക്കിയതാണ് എന്നാണ് പേടിയെങ്കില്‍ അതു വേണ്ട. ലണ്ടന്‍ മെട്രൊപോലിറ്റന്‍ ബിസിനസ്സ് സ്കൂളിലെ ഡോ:മരിയ അലുക്നയുടെ പഠന റിപ്പോര്‍ട്ടില്‍ നിന്നുള്ളവയാണ്.

അതേ റിപ്പോര്‍ട്ടില്‍ പോളണ്ടില്‍ പല കാലങ്ങളിലായി നടന്ന സര്‍വ്വെ ഫലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.2003 ല്‍ പോളണ്ടിലെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ നടത്തിയ സര്‍വ്വെ കണ്ടെത്തിയത് 46% ജനങ്ങള്‍ പോളണ്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അസന്തുഷ്ടരായിരുന്നു എന്നാണ്. 47% ജനങ്ങള്‍ സാമ്പത്തിക സാഹചര്യത്തില്‍ അസന്തുഷ്ടരായിരുന്നു എന്നും,66% ജനങ്ങള്‍ സമത്വത്തിന്റെ തകര്‍ച്ചയില്‍ അസന്തുഷ്ടരായിരുന്നുവെന്നും, 70% ജനങ്ങള്‍ പോളണ്ടിന്റെ സാമൂഹിക സാഹചര്യത്തില്‍ അസന്തുഷ്ടരായിരുന്നുവെന്നും ആ സര്‍വ്വെ കണ്ടെത്തി.2004ല്‍ യൂറോപ്പിയന്‍ യൂണിയനില്‍ ചേരുന്നതിന് മുന്നോടിയായി നടത്തിയ സര്‍വ്വെ കണ്ടെത്തിയത് പോളണ്ടിലെ 14% ശതമാനം ജനങ്ങള്‍ മാത്രമാണ് അവരുടെ ജീവിതം സന്തുഷ്ടമാണെന്ന് വിശ്വസിക്കുന്നത് എന്നാണ്. ഇനി യൂറോപ്പ്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷം പോളണ്ടില്‍ എല്ലാം ശരിയായി എന്ന് വിശ്വസിക്കുന്നവര്‍ക്ക് : 2007ലെ ഒരു സര്‍വ്വെ കണ്ടെത്തിയത് 55% ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും നല്ല കാലമായി വിലയിരുത്തിയത് പോളണ്ടിന്റെ കമ്മ്യൂണിസ്റ്റ് കാലഘട്ടം ആയിരുന്നു. 2004-2007 കാലഘട്ടത്തില്‍ ജോലിക്കായി പോളണ്ട് വിട്ട പൗരമാരുടെ എണ്ണം ഏതാണ്ട് 2,000,000 ആണ്.

പോളണ്ട് നമുക്ക് തരുന്ന യഥാര്‍ത്ഥ സന്ദേശം

ഇന്ന് പോളണ്ട് മുതലാളിത്തത്തിന്റെ കണക്കുപുസ്തത്തില്‍ കുതിച്ച് കേറുന്ന ഒരു ശകതി ആകാം. പക്ഷെ ആ കുതിപ്പിന്റെ വില ഒരു സാമൂഹിക തകര്‍ച്ചയാണ് എന്നാണ് കണക്കുകള്‍ വ്യകതമാക്കുന്നത്. ഏറെ ത്യാഗങ്ങള്‍ അനുഭവിച്ച്, നാല് ദശാബ്ദങ്ങള്‍ കൊണ്ട് ഒരു ജനത നേടിയ സാമൂഹിക നേട്ടങ്ങള്‍ രണ്ട് ദശാബ്ദങ്ങള്‍ കൊണ്ട് കുത്തകമുതലാളിത്തം അവരില്‍ നിന്നും കൊള്ള ചെയ്തു.ആന്തരിക വൈര്യുദ്ധ്യങ്ങള്‍ നിറഞ്ഞ മുതലാളിത്ത വ്യവസ്ഥയ്ക്ക് എത്ര നാള്‍ ജനങ്ങളെ അടക്കി നിര്‍ത്താം എന്ന് കാണേണ്ടി ഇരിക്കുന്നു. പോളണ്ടില്‍ ഡോളര്‍ കുന്നുകൂടുമെന്നും, വ്യവസായ ശാലകള്‍ ഉയരുമെന്നും, പോളണ്ട് ഒരു ഹരിത-സ്വര്‍ഗ്ഗഭൂമിയാകുമെന്നും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. പോളണ്ട് നമ്മളെ പഠിപ്പിക്കുന്ന പാഠം വ്യക്തമാണ് : അപാകതകള്‍ നിറഞ്ഞ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് ഉള്ള ഉത്തരം ഒരിക്കലും മുതലാളിത്തം അല്ല, മറിച്ച് സോഷ്യലിസത്തിന്റെ മെച്ചപ്പെട്ട ഒരു വ്യവസ്ഥയാണ്. പോളണ്ടില്‍ എന്തു സംഭവിച്ചു എന്നും, പോളണ്ട് ആരുടേയും തറവാട്ട് സ്വത്ത് അല്ലെന്നും എല്ലാവരും മനസ്സിലാക്കിയാല്‍ നന്ന്.

*കമ്പോള ശക്തികള്‍ (Market Forces) ആണ് മനുഷ്യജീവിതത്തിന്റെ താളവും ഗതിയും ഭാവിയും തീരുമാനിക്കേണ്ടത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു വര്‍ഗ്ഗം.