ജെഎൻയുവിൽ വെല്ലുവിളിക്കപ്പെടുന്നതെന്ത്?

xdfdfd

ജെ.എന്‍.യുവിന് നേരെ നടന്ന ബി.ജെ.പി-ആര്‍.എസ്.എസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് ഒരു ദേശീയ മാനം കൈവന്നിരിക്കുകയാണല്ലോ. ജെ.എന്‍.യുവിലെ സമരം മറ്റൊരു വിശാലമായ സമരത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് ശ്രമങ്ങള്‍ക്ക്, സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടിരിക്കുകയാണ് മോദി ഗവണ്മെന്റ്. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ ചെലവിലുള്ള ഹിന്ദുത്വ പരീക്ഷണമാണ് ഇവിടെ ഏറ്റെടുത്ത് നടത്തികൊണ്ടിരിക്കുന്നത്.

രണ്ട് കേന്ദ്ര സര്‍വകലാശാലകളാണ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയും, കൊടുങ്കാറ്റിന്റെ കേന്ദ്രബിന്ദുക്കളായത്. ഹൈദരാബാദ് സര്‍വകലാശാലയില്‍, കേന്ദ്ര സഹമന്ത്രിയായ ബന്ദാരു ദത്താത്രേയയുടെ ഇടപെടലുകളാണ് രോഹിത് വെമുലയുടെ സസ്പെന്‍ഷന്‍ മുതല്‍ ആത്മഹത്യ വരെയുള്ള സംഭവപരമ്പരക‌‌ള്‍ക്ക് നിദാനം. ജെ.എന്‍.യുവിലാകട്ടെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാമ്പസില്‍ നടക്കുന്ന “ദേശവിരുദ്ധ” പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടെയെടുക്കുവാന്‍ പോലീസ് കമ്മീഷണറോട് ആവശ്യപ്പെടുകയും, തുടര്‍ന്ന് ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിനും മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും ചെയ്തു. രണ്ട് സര്‍വകലാശാലകളിലും “ദേശവിരുദ്ധര്‍” എന്ന് പറയപ്പെടുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കുവാന്‍ മുന്‍കൈയെടുത്തത് കേന്ദ്ര സര്‍ക്കാരാണ്.

അടിച്ചേല്‍പ്പിക്കപ്പെടുന്ന ഹിന്ദുത്വ

കമ്മ്യൂണിസ്റ്റായ കനയ്യ കുമാറിനെയും അംബേദ്കറൈറ്റായ രോഹിത് വെമുലയെയും ഭരണകൂടം ഉന്നം വെച്ചത് യാദൃശ്ചികമായല്ല. ആര്‍എസ്എസിനും ബി.ജെ.പി ഗവണ്മെന്റിനും വേണ്ടത് വര്‍ഗീയ-ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുവാന്‍ ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്തുകയെന്നതാണ്. പകരമായി, മാനവവിഭവശേഷി മന്ത്രാലയവും ആര്‍.എസ്.എസുകാരും ആഗ്രഹിക്കുന്നത് വിദ്യാഭ്യാസ വ്യവസ്ഥിതിയെയും സര്‍വകലാശാലാ കാമ്പസുകളെയും ഒരു ഹിന്ദുത്വ സ്വേച്ഛാധികാര സംവിധാനത്തിലേക്ക് ഉടച്ച് വാര്‍ക്കുവാനാണ്. അതുകൊണ്ട് എല്ലാ മതേതര-ജനാധിപത്യ-പുരോഗമന ചിന്താഗതികളും “രാജ്യദ്രോഹപരം” എന്ന് ചാപ്പയടിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങളുടെ അടിത്തറയിളക്കുവാനാണ് അവര്‍ അധ്വാനിച്ചു കൊണ്ടിരിക്കുന്നത്.

അവരുടെ ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരായിരുന്നതിനാല്‍, എന്നും ബി.ജെ.പി-ആര്‍.എസ്.എസ് സംഘത്തിന്റെ കണ്ണിലെ കരടായിരുന്നു ജെ.എന്‍.യു. പ്രതിലോമകരമായ വര്‍ഗീയ പ്രത്യയശാസ്ത്രത്തിന് കടകവിരുദ്ധമായി പുരോഗമനപരമായ ജനാധിപത്യ ദര്‍ശനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന അപകടകാരിയായ ബൗദ്ധിക-അക്കാദമിക കേന്ദ്രം എന്ന നിലയിലാണ് ജെ.എന്‍.യുവിനെ അവര്‍ കാണുന്നത്. അതുകൊണ്ടാണവര്‍ ജെ.എന്‍.യുവിനെ “ദേശവിരുദ്ധരുടെ കൂടാരം” എന്ന് വിളിക്കുന്നത്.

ഹിന്ദു ദേശീയതയാണ് അവരുടെ ദേശീയത. ഇന്ത്യന്‍ ദേശീയത അതില്‍ നിന്നും വിഭിന്നമാണ്. സാമ്രാജ്യത്വവിരുദ്ധ മതേതര ദേശീയതയെ പിന്തുണക്കുന്നവര്‍ അതുകൊണ്ട് ആര്‍.എസ്.എസിന്റെ നിരന്തരമായ ആക്രമണഭീഷണിയിലാണ്.

കപട ദേശീയത

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രസ്ഥാനത്തെ ആര്‍.എസ്.എസ് എതിര്‍ക്കുവാനുള്ള കാരണം അവര്‍ക്ക് ബ്രിട്ടീഷുകാരോട് എതിര്‍പ്പില്ലായിരുന്നു എന്നതാണ്. പോയകാലത്തെ മുസ്ലിം ഭരണാധികാരികളോടുള്ള എതിര്‍പ്പാണ് ആര്‍.എസ്.എസിനു വൈദേശിക ശക്തികള്‍ക്ക് എതിരെയുള്ള പോരാട്ടം എന്നുപറഞ്ഞാല്‍. അവരുടെ ഭാഷ്യത്തില്‍ ദേശീയത എന്നതിനു സാമ്രാജ്യത്വ വിരുദ്ധത എന്നൊരു മാനം ഇല്ല. അതുകൊണ്ടാണ് മോദിയും കൂട്ടരും ഡബ്ല്യു.റ്റി.ഒ.യിലും അമേരിക്കയുമായുള്ള തന്ത്രപൂര്‍വ്വ സഖ്യത്തിന്റെ പേരിലും ഒക്കെ രാജ്യത്തെ വഞ്ചിക്കുവാനും ഇന്ത്യയുടെ താത്പര്യം ബലികഴിക്കുവാനും തയ്യാറാകുന്നത്. ഹിന്ദു ദേശീയതയാണ് അവരുടെ ദേശീയത. ഇന്ത്യന്‍ ദേശീയത അതില്‍ നിന്നും വിഭിന്നമാണ്. അതുകൊണ്ട്, സാമ്രാജ്യത്വവിരുദ്ധ മതേതര ദേശീയതയെ പിന്തുണക്കുന്നവര്‍ ആര്‍.എസ്.എസിന്റെ നിരന്തരമായ ആക്രമണഭീഷണിയിലാണ്.

ഹിന്ദുത്വ പദ്ധതി രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ മോദി ഭരണകൂടം ആര്‍.എസ്.എസുമായി ചേര്‍ന്നു ശ്രമിക്കുന്നത്, വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുവാനാണ്. പാഠ്യക്രമത്തില്‍ ഭേദഗതികള്‍ക്കും, പാഠപുസ്തകങ്ങളെ വര്‍ഗീയവല്‍കരിക്കുവാനും, ചരിത്രത്തെ ഹിന്ദു മത മൗലികവാദത്തിന്റെ കാഴ്ച്ചപ്പാടില്‍ തിരുത്തുവാനുമുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സമിതികളില്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരെ കുത്തിനിറക്കുന്നതും ഇതിന്റെ ഭാഗമായാണ്. ഇതിനൊപ്പം മാനവവിഭശേഷി മന്ത്രി കാര്യാലയം സര്‍വകലാശാലകളിലും ഐ.ഐ.റ്റികളിലും നിരന്തരമായി അനാവശ്യ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ഐ.ഐ.റ്റി മദ്രാസിലെ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ നിരോധനത്തിലേക്കു നയിച്ചത് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഒരു ഉത്തരവാണ്. 207 അടി ഉയരമുള്ള ഒരു തൂണില്‍ ദേശീയ പതാക പാറിക്കുവാനാണ് ഇപ്പോള്‍ മാനവവിഭശേഷി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ദേശീയ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥാപിത താത്പര്യങ്ങള്‍ക്കു ദേശീയപതാക ദുരുപയോഗം ചെയ്യുവാനുള്ള ബിജെപ്പി സര്‍ക്കാരിന്റെ ഒരു ശ്രമമാണിത്. ഭിന്നാഭിപ്രായങ്ങളെയും ആശയങ്ങളെയും അടിച്ചമര്‍ത്തുന്നത് “ദേശീയതയുടെ“ പേരിലുള്ള സങ്കുചിതത്വമാണ്.

ആര്‍.എസ്.എസ് കലാപ സേന

താഴേത്തട്ടിൽ ഹിന്ദുത്വ ദേശീയതക്ക് എതിര്‍പ്പുള്ള വിദ്യാർത്ഥികളുടെ ഏതു പരിപാടികളെയും നേരിടുവാനും ആക്രമിക്കുവാനുമായി ആര്‍.എസ്.എസിന്റെ വിദ്യാർത്ഥിവിഭാഗമായ എ.ബി.വി.പിയെയാണ് അഴിച്ചു വിട്ടിരിക്കുന്നത്. എ.ബി.വി.പിയുടെ നേതൃത്വത്തിലായിരുന്നു ഹൈദ്രബാദ് ദേശീയ സര്‍വകലാശാലയിലെ ദളിത് വിദ്യാർത്ഥികളെ ആക്രമിച്ചത്. ജെ.എന്‍.യുവിലെ വിദ്യാർത്ഥികള്‍ “ദേശവിരുദ്ധ“ പ്രവര്‍ത്തനം നടത്തി എന്ന പരാതി എ.ബി.വി.പി.യുടേതായിരുന്നു. മുസാഫര്‍നഗര്‍ കലാപത്തെ ആസ്പദമാക്കിയുള്ള ഒരു ഡോക്യുമെന്ററി പ്രദര്‍ശനം ദില്ലി സര്‍വകലാശാലയിലും മറ്റു ചില സ്ഥലങ്ങളിലും നടത്തിയപ്പോള്‍ എ.ബി.വി.പി അതിനെതിരെ ആക്രമണം അഴിച്ചുവിട്ടു. മറ്റൊരു ദേശീയ സ്ഥാപനമായ അലഹാബാദ് സര്‍വകലാശാലയില്‍ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതും ഇതേ ശക്തികള്‍ തടസ്സപ്പെടുത്തി.

സര്‍വകലാശാലകള്‍ക്ക് പുറത്ത് വച്ച്, കീഴടങ്ങുവാന്‍ കൂട്ടാക്കാത്ത, തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ച ഇടതുപാര്‍ടികളെയും, വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിക്കുവാന്‍ ലക്ഷ്യം വച്ചു കൊണ്ട് ബജ്രംഗ്‌ ദള്‍, ബി.ജെ.പി. അനുഭാവികളായ വക്കീലന്മാരുടെ മുന്നണി, മുന്‍-സൈനികരുടെ സംഘടന തുടങ്ങി ഒട്ടനേകം ആര്‍.എസ്.എസ്. അനുകൂല സംഘടനകളെ ഇളക്കി വിട്ടിരുന്നു. എല്ലാ ഇടതു-ജനാധിപത്യ ശക്തികളും ദേശവിരുദ്ധരാണ് എന്ന രാജ്യവ്യാപകമായ ഒരു ദുഷ് പ്രചാരണം ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായുടെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തില്‍, കോര്‍പറേറ്റ് മീഡിയയുടെ ഒരു വിഭാഗത്തിന്റെ കൂടെ പിന്തുണയോട് കൂടി നടത്തി വരുന്നുമുണ്ട്.

മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങളുടെ മേലുള്ള കടന്നാക്രമണങ്ങള്‍

മോദി ഗവണ്‍മെന്റ് തുടങ്ങി വച്ച മതനിരപേക്ഷ-ജനാധിപത്യ തത്വങ്ങളുടെ മേലുള്ള കൂടുതല്‍ വിപുലമായ കടന്നാക്രമണങ്ങളുടെ ഭാഗമാണ് ജെ.എന്‍.യു. നേരിടുന്ന ഈ ആക്രമണം. നമ്മുടെ രാജ്യത്ത് പ്രതിഷ്ഠിക്കപ്പെടുന്ന പ്രച്ഛന്ന സ്വേച്ഛാധിപത്യത്തിന്റെ അപായ സൂചനകളാണ് ഇന്ത്യന്‍ തലസ്ഥാനത്തെ പട്യാല ഹൗസ് കോടതിവളപ്പില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. യാതൊരു ശിക്ഷാഭീതിയുമില്ലാതെയാണ് അവര്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും ആക്രമിച്ചത്. പൊലീസ് ആകട്ടെ ഇടപെടേണ്ട ആവശ്യമില്ല എന്ന ഉത്തരവുകള്‍ അനുസരിച്ച് പ്രസ്തുത സംഭവങ്ങള്‍ നിഷ്ക്രിയമായി നോക്കിക്കൊണ്ട് നിന്നു. കോടതി വളപ്പില്‍ വച്ച് കന്‍ഹയ്യ കുമാറിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവം കൂടുതല്‍ നിഷ്ഠൂരമാകുന്നത് അത് സംഭവിച്ചിരിക്കുന്നത് പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നത് കൂടി കൊണ്ടാണ്. ആ തലത്തിലെ ജുഡീഷ്യറിയും പ്രസ്തുത സംഭവത്തില്‍ ഇടപെടുവാന്‍ മടിക്കുകയാണുണ്ടായത്. വര്‍ഗീയ-സ്വേച്ഛാധിപത്യ ഭരണകക്ഷിയുടെ നേതൃത്വത്തില്‍ ഭരണകൂട സ്ഥാപങ്ങങ്ങള്‍ എങ്ങനെയൊക്കെ അട്ടിമറിക്കപ്പെടാം എന്നതിന്റെ മകുടോദാഹരണമാണിത്.

സര്‍വകലാശാലകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുവാനുള്ള ശ്രമങ്ങള്‍, "ദേശീയതയുടെ" ഫാസിസ്റ്റ് ഉപയോഗം, ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് മേലുള്ള തുറന്ന അക്രമണം; ഈ ശ്രമങ്ങളെയെല്ലാം സമരം ചെയ്തു തോല്പിക്കേണ്ടതുണ്ട്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ അംഗീകരിക്കുന്ന ഏതൊരു പാര്‍ടിക്കും സംഘടനയ്ക്കും മുന്നില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി. ഗൗരവമായ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഈ വെല്ലുവിളിയെ നേരിടുവാന്‍ അവരെല്ലാം ഒത്തു ചേരേണ്ടതുണ്ട്.

ഇന്നത്തെ വിദ്യാർത്ഥി സമരങ്ങളുടെ സവിശേഷതയെന്ന് പറയുന്നത് പുതിയൊരുതരം വിദ്യാർത്ഥി നേതാക്കളുടെ ആവിര്‍ഭാവമാണ്. അദ്ധ്വാന വര്‍ഗ-ദരിദ്ര കുടുംബങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. കനയ്യ കുമാറിന്റെ അമ്മ ഒരു അംഗന്‍വാടി തൊഴിലാളിയാണ്. രോഹിത് വെമുലെയുടെ അമ്മ ഉപജീവനം നടത്തുന്നത് തയ്യല്‍പ്പണി ചെയ്തിട്ടാണ്. വ്യവസ്ഥിതിയെ വെല്ലുവിളിക്കുവാന്‍ മടിയില്ലാത്തവരാണവര്‍. വര്‍ഗീയവാദത്തിനോടും നവ-ലിബറല്‍ മുതലാളിത്തത്തിനോടുമുള്ള പ്രത്യയശാസ്ത്രപ്രമായ എതിര്‍പ്പിലുള്ള ദൃഢവിശ്വാസമാണ് അവരെ നയിക്കുന്നത്. വരാനിരിക്കുന്ന സമയങ്ങളെ സംബന്ധിച്ചുള്ള നിമിത്തങ്ങളാണ് മോദി ഗവണ്‍മെന്റിനെതിരെയും ഹിന്ദുത്വയ്ക്കെതിരെയും രാജ്യമൊട്ടാകെ പടര്‍ന്ന് പന്തലിക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍.

ഐക്യദാര്‍ഢ്യത്തോടെയുള്ള ചെറുത്തുനില്പ്

വലതുപക്ഷത്തിന്റെ വര്‍ഗീയ കടന്നാക്രമണങ്ങളെ ന്യായാനുസാരമായി ചെറുത്തുതോല്പിക്കേണ്ടതുണ്ട്. ജെ.എന്‍.യു.-വില്‍ സംഭവിച്ചത് പ്രാദേശകമായതോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ല. അത് കൊണ്ടാണ് മോദി ഗവണ്‍മെന്റിന്റെയും ആര്‍.എസ്.എസ്.-ബി.ജെ.പിയുടെയും ഇരുണ്ട പദ്ധതികളെ വെളിച്ചത്ത് കൊണ്ടുവരുവാന്‍ ഫെബ്രുവരി 23 മുതല്‍ 25 വരെ ആറ് ഇടതുപക്ഷപാര്‍ടികള്‍ ചേര്‍ന്ന് രാജ്യവ്യാപകമായ പ്രചാരണം നടത്തുവാന്‍ ആഹ്വാനം ചെയ്തത്. സര്‍വകലാശാലകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുവാനുള്ള ശ്രമങ്ങള്‍, "ദേശീയതയുടെ" ഫാസിസ്റ്റ് ഉപയോഗം, ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് മേലുള്ള തുറന്ന അക്രമണം; ഈ ശ്രമങ്ങളെയെല്ലാം സമരം ചെയ്തു തോല്പിക്കേണ്ടതുണ്ട്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ അംഗീകരിക്കുന്ന ഏതൊരു പാര്‍ടിക്കും സംഘടനയ്ക്കും മുന്നില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി. ഗൗരവമായ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഈ വെല്ലുവിളിയെ നേരിടുവാന്‍ അവരെല്ലാം ഒത്തു ചേരേണ്ടതുണ്ട്.