ഇന്ത്യയില്‍ ഭക്ഷ്യോല്പന്നങ്ങളുടെ വില കുതിച്ചു കയറുന്നതെന്തുകൊണ്ട്?

ഭക്ഷ്യവസ്തുക്കളുടെ ഇടതടവില്ലാതെ കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ ഇന്ത്യന്‍ ജനത എരിപിരി കൊള്ളുന്ന നേരം, ഭൂമിയുടെ മറ്റൊരു കോണില്‍, ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍, യു.പി.എ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇന്ത്യന്‍ വളര്‍ച്ചയുടെ അത്ഭുത കഥകള്‍ അഭിമാനപൂര്‍വം വിവരിക്കുകയായിരുന്നു. ഇതിനിടെ, ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിന്റെ കാരണം, ഇന്ത്യന്‍ ജനതയ്‌ക്ക് പൊതുവെ ഉണ്ടായ അഭിവൃദ്ധി മൂലമുള്ള അധിക-ഭക്ഷണ-ഉപഭോഗമാണ് എന്ന വിചിത്രമായ കണ്ടെത്തല്‍ നടത്തിയ പ്ലാനിങ്ങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, മോണ്ടെക് സിങ്ങ് അലുവാലിയ നടത്തിയ നിരീക്ഷണം ശ്രദ്ധേയമായി. അടുത്തിടെ ഉണ്ടായ പെട്രോള്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുക മാത്രമല്ല ദാവോസില്‍ അദ്ദേഹം ചെയ്തത്, അതിനും ഒരു പടി കൂടി കടന്ന്, ഡീസല്‍ വിലയ്ക്ക് മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്ത് കളയുകയും ആസന്ന ഭാവിയില്‍ തന്നെ അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നദ്ദേഹം സൂചിപ്പിച്ചു. ആഭ്യന്തര ചില്ലറ വില്പന മേഖലയില്‍, വാള്‍മാര്‍ട്ടും ടെസ്കോയും പോലുള്ള അന്താരാഷ്ട്ര കുത്തകകളെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ അനുവദിക്കുന്നതാണ് ഭക്ഷ്യവസ്തു വിലവര്‍ദ്ധനവിനുള്ള പരിഹാരം എന്ന് വരെ ചില മന്ത്രിമാര്‍ പ്രസ്താവിക്കുകയുണ്ടായി ഈ കാലയളവില്‍. "സാധാരണക്കാരന് (ആം ആദ്മി) വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്" തങ്ങളുടേതെന്ന നാട്യം പോലും ഉപേക്ഷിച്ചു കഴിഞ്ഞവര്‍ക്ക് മാത്രമേ ഇത്ര ക്രൂരവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ അഭിപ്രായപ്രകടനങ്ങള്‍ നടത്താനാവൂ.

കേന്ദ്രസര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നതിന് മുമ്പ്, സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന ഈ വിലവര്‍ദ്ധനവിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നവലിബറല്‍ നയങ്ങളാണ്, ഈ പ്രശ്നങ്ങളുടെ കാതല്‍. അവയ്‌ക്കെതിരെ പൊരുതുകയും അവയെ തിരുത്തിയ്‌ക്കുകയും ചെയ്യേണ്ടത്, ഈ രാജ്യത്തെ ഓരോ പൗരന്റെയും ആവശ്യമാണ്.

ചോദ്യം: ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്?

ഇന്ത്യയില്‍, മൊത്തവിലസൂചികയെ (Wholesale Price Index – WPI) അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്ന പണപ്പെരുപ്പം, കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളിന്മേലുള്ള വിലവര്‍ദ്ധനവാണ് സമഗ്ര പണപ്പെരുപ്പ (overall inflation) നിരക്കിലെ വര്‍ദ്ധനവിനു കാരണമായത്.

പട്ടിക 1: പണപ്പെരുപ്പം (മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ളത്)

സ്രോതസ്സ്: Office of the Economic Adviser, Ministry of Commerce and Industry, Government of India.

ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച്, സമഗ്ര മൊത്തവില സൂചികയില്‍ 2010 ഡിസംമ്പര്‍ മാസത്തില്‍ 8.4% പണപ്പെരുപ്പമുണ്ടായി. 2011, ജനുവരി 22-ന് അവസാനിച്ച ആഴ്ചയിലാവട്ടെ, ഭക്ഷ്യവസ്‌തുക്കളുടെ പണപ്പെരുപ്പം 17.05% ആയിരുന്നു.

ചോദ്യം: പൊതുവിലുള്ള ജി.ഡി.പി വര്‍ദ്ധനവിലൂടെ ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂടിയത് മൂലമാണ് ഭക്ഷ്യവില വര്‍ദ്ധനവുണ്ടാകുന്നത് എന്നാണല്ലോ കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതെത്ര മാത്രം ശരിയാണ്?

നമ്മുടേത് പോലൊരു സമ്പദ് വ്യവസ്ഥയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കായുള്ള ചോദനം (ഡിമാന്‍ഡ്) കാലം പോകും തോറും സ്വാഭാവികമായും വര്‍ദ്ധിക്കുന്ന ഒന്നാണ്. ജനസംഖ്യാ വര്‍ദ്ധനവിനൊപ്പം പിടിച്ചു നില്‍ക്കണമെങ്കില്‍ ഭക്ഷ്യോല്‍പ്പാദനവും അതേ തോതിലോ, അല്ലെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന തോതിലോ വര്‍ദ്ധിക്കേണ്ടതായുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഭക്ഷ്യോല്പാദനമോ ലഭ്യതയോ അത്തരത്തില്‍ വളര്‍ന്നിട്ടില്ല. ഉദാഹരണത്തിന്, 2000-01 കാലയളവില്‍ വാര്‍ഷിക പ്രതിശീര്‍ഷ ധാന്യലഭ്യത [annual per capita cereal availability] ഇന്ത്യയില്‍ 165 കിലോഗ്രാം ആയിരുന്നത് 2008-09ലും അതേ പോലെ തുടരുകയായിരുന്നു. എന്നാല്‍ 2008-09 കാലയളവില്‍, ചൈനയില്‍ വാര്‍ഷിക പ്രതിശീര്‍ഷ ധാന്യലഭ്യത 290 കിലോഗ്രാമും, യു.എസ്.-ല്‍ 1000 കിലോഗ്രാമും ആയിരുന്നു. മാത്രമല്ല, ജി.ഡി.പി വര്‍ദ്ധനവുണ്ടായിട്ട് കൂടി, 2009-10 കാലയളവില്‍ പ്രതിശീര്‍ഷ വാര്‍ഷികധാന്യലഭ്യത 161 കിലോഗ്രാമായി കുറയുകയാണുണ്ടായത്. അതിനാല്‍ തന്നെ, മൊത്തം ജനസംഖ്യയുടെയും കണക്കെടുക്കുമ്പോള്‍, ഭക്ഷ്യോപഭോഗത്തില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല എന്നു കാണാം.

ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? വരുമാനവും ഉപഭോഗവും വര്‍ദ്ധിക്കുന്നത് സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ ജീവിക്കുന്ന 10-15% ആളുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. ജി.ഡി.പി വര്‍ദ്ധനവിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇവരാകുന്നു. മഹാഭൂരിപക്ഷം ഇന്ത്യന്‍ ജനതയുടെയും ഉപഭോഗനിലവാരങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചുരുങ്ങിപ്പോകുന്നു എന്നതാണ് വസ്‌തുത. അര്‍ജുന്‍ സെന്‍ഗുപ്ത കമ്മീഷന്റെ പഠനങ്ങള്‍ പ്രകാരം 77% ഇന്ത്യക്കാരും തങ്ങളുടെ പ്രതിദിന ആവശ്യങ്ങള്‍ക്കായി കേവലം 20 രൂപ മാത്രമാണ് ചെലവാക്കുന്നത്. ഇതില്‍ നിന്നു തന്നെ, ഭൂരിഭാഗം ഇന്ത്യാക്കാരുടെയും ഉപഭോഗ നിലവാരം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വിശപ്പും വ്യാപകമായ പോഷകാഹാരക്കുറവും ഒരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ് എന്ന് പറയുന്നതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ല. ലോകത്തിലെ വിശക്കുന്ന ജനതയുടെ (World Food Programme-ന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 925 മില്യണ്‍ ആളുകള്‍ വരുമിത്) 25% ഇന്ത്യയിലാണ് എന്നതോര്‍ത്ത് നമുക്ക് ലജ്ജിക്കാം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ പ്രകാരം ഇന്ത്യയിലെ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളില്‍, ഏകദേശം പകുതിയോളം പേര്‍ പോഷകാഹാരക്കുറവ് മൂലവും ഗര്‍ഭിണികള്‍ പകുതിയോളം പേര്‍ വിളര്‍ച്ച മൂലമുള്ള പ്രശ്നങ്ങളാലും കഷ്ടപ്പെടുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവ്, ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നു.

ചോദ്യം: ഇന്ത്യയില്‍, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പിന്നില്‍ എന്തൊക്കെ കാരണങ്ങളുണ്ട് ?

പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. ഇപ്പോള്‍ ഉള്ളിക്കുണ്ടായത് പോലെയും, മുമ്പ് പഞ്ചസാര, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയ്‌ക്കുണ്ടായതു പോലെയുമുള്ള വിലവര്‍ദ്ധനവിന്റെ ഇപ്പോഴത്തെ കാരണം പൂഴ്ത്തി വെയ്പ്പാണ്. സര്‍ക്കാരിന്റെ കഴിവില്ലായ്‌മയെ മുതലെടുക്കുന്ന വ്യാപാരികളുടെ കാര്‍ട്ടലുകളാണിതിനു പിന്നില്‍. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ഉറപ്പായതിനാലല്‍, പൂഴ്ത്തി വെയ്പ്പുകാര്‍ കാലകാലങ്ങളില്‍ അവശ്യവസ്തുക്കള്‍ക്ക് കൃത്രിമ ക്ഷാമവും, അത് വഴി വിലക്കയറ്റവും സൃഷ്ടിക്കുന്നു.

രണ്ടാമതായി, ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ കൂടുതലായി ആഴ്ന്നിറങ്ങുന്ന വമ്പന്‍ കോര്‍പ്പറേറ്റുകളും, ഭക്ഷ്യ വസ്തുക്കളുടെ അന്താരാഷ്ട്ര തലത്തിലുള്ള ക്രയവിക്രയവും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഊഹാധിഷ്ഠിത അവധി വ്യാപാരവും മറ്റും, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുവാനുള്ള ഗവണ്‍മെന്റിന്റെ ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുകളുടെ വിതരണത്തിലെ കോര്‍പ്പറേറ്റ് റീട്ടെയില്‍ ശൃംഖലകളുടെ പങ്ക് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയായിട്ടുണ്ട്. കൂടാതെ, ഗോതമ്പ്, പഞ്ചസാര, ഉള്ളി മുതലായ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി-ഇറക്കുമതികളിലൂടെ വന്‍കിട കച്ചവടക്കാര്‍ക്ക് അന്യായ ലാഭമുണ്ടാക്കിക്കൊടുക്കുവാന്‍ വ്യാപാര നയങ്ങള്‍ മാനിപ്പുലേറ്റ് ചെയ്യുകയും വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു കേന്ദ്ര ഗവണ്‍മെന്റ്. മറുവശത്ത്, ടാര്‍ജറ്റിങ്ങിന്റെ പേരില്‍ (നിശ്ചിത വരുമാനത്തില്‍ താഴ്യുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക വഴി) പൊതു വിതരണ സമ്പ്രദായം ദുര്‍ബലപ്പെടുത്തിക്കഴിഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും റേഷന്‍ കടകള്‍, നാഫെഡ് മുതലായ സംസ്ഥാന ഏജന്‍സികള്‍, ഭക്ഷ്യ വിതരണ ശൃഖലയിലെ ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്ക് ബോധപൂര്‍വം തകര്‍ക്കുന്ന നിലപാടെടുക്കുകയാണ്. അങ്ങനെ സ്വകാര്യ വ്യാപാരികളുടെ പ്രോഫിറ്റ് മാര്‍ജിന്‍ കുത്തനെ കൂട്ടുവാന്‍ അവസരമൊരുക്കിക്കൊടുക്കുകയാണ്. മൊത്ത വിലയും ചില്ലറ വില്പന വിലയും തമ്മിലുള്ള അന്തരവും , മൊത്ത വിലയും കര്‍ഷകര്‍ക്കു ലഭിക്കുന്ന വിലയും തമ്മിലുള്ള അന്തരവും പരിശോധിച്ചാല്‍ സ്വകാര്യ വ്യാപാരികള്‍ കൊയ്യുന്ന കൊള്ള ലാഭം മനസ്സിലാക്കാവുന്നതാണ്.

  പട്ടിക 2: ഡല്‍ഹിയില്‍ ചില അവശ്യ വസ്തുക്കളുടെ ചില്ലറ വില: 2008 മുതല്‍ 2011 വരെ (Rs./kg)

വസ്തു

ചില്ലറ വില

(ജനുവരി - അവസാനം 2011)

ചില്ലറ വില (ജനുവരി - അവസാനം 2010)

ചില്ലറ വില (ജനുവരി - അവസാനം 2009)

ചില്ലറ വില (ജനുവരി - അവസാനം 2008)

അരി

23

23

22

17

ഗോതമ്പ്

15.5

16

13

13

ആട്ട

17

18

14

14

കടലപരിപ്പ്‌

35

38

35

35

തുവര പരിപ്പ്

69

84

50

42

ചെറുപയര്‍ പരിപ്പ്

68

81

45

36

മസൂര്‍ പരിപ്പ്

54

62

62

39

പഞ്ചസാര

34

42.5

23

17

പാല്‍ (Rs./ലിറ്റര്‍)

25

22

21

20

കടലയെണ്ണ

135

113

109

121

കടുകെണ്ണ

79

71

77

69

വനസ്പതി

77

57

54

67

ചായപ്പൊടി (ലൂസ്)

149

156

144

107

ഉപ്പ് (അയൊഡൈസ്ഡ്)

13

12

11

10

ഉരുളക്കിഴങ്ങ്

8

9

8

8

ഉള്ളി

33

23

21

9

സ്രോതസ്സ്: Price Monitoring Cell, Ministry Of Consumer Affairs, Food and Public, Distribution, Government of India.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് പിന്നില്‍ ചില മദ്ധ്യ-ദീര്‍ഘകാല കാരണങ്ങള്‍(medium and long-term reasons) കൂടിയുണ്ട്. നമ്മുടെ കാര്‍ഷിക മേഖല ഒരു വലിയ പ്രതിസന്ധിയിലാണിന്ന്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യോപ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് സാധിക്കുന്നില്ല. കര്‍ഷകരുടെ അവസ്ഥ അതിശോചനീയമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 2.5 ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. കാര്‍ഷികോല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്തേണ്ട ഭരണകൂടത്തിന്റെ ശേഷിയും ഇക്കാലയളവില്‍ ദുര്‍ബലമായി. തങ്ങള്‍ ചെയ്യേണ്ട ഉത്തരവാദിത്തം, രണ്ടാം ഹരിത വിപ്ലവത്തിന്റെ പേരില്‍ വാള്‍മാര്‍ട്ടും മൊണ്‍സാന്റോയും പോലുള്ള വന്‍കിട അഗ്രി ബിസ്സിനസ് കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുവനാണ് ഗവണ്‍മെന്റിന് താല്പര്യം. ഇത്തരം നടപടികള്‍ ചെറുകിട കര്‍ഷകരെ കൂടുതല്‍ പാപ്പരീകരിയ്ക്കുകയേ ഉള്ളൂ. അവസാനമായി, വെട്ടിച്ചുരുക്കപ്പെടുന്ന സബ്സിഡികളും, ഡീസല്‍, വളം മുതലായവയ്ക്ക് തുടര്‍ച്ചയായുണ്ടാകുന്ന വിലവര്‍ദ്ധനവും, ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തിന് അതിന്റേതായ സംഭാവന നല്‍കുന്നുണ്ട്. പെട്രോള്‍ വിലയ്ക്ക് മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്ത് കളഞ്ഞതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ആഴ്ചകളില്‍ പെട്രോള്‍ വിലകളില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്.

ചോദ്യം: സബ്സിഡി നല്‍കി ഇന്ധനം വില്‍ക്കുന്നത് എണ്ണക്കമ്പനികളെ നഷ്ടത്തിലാക്കുന്നു എന്നാണല്ലോ യു.പി.എ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ പ്രശ്നം പരിഹരിക്കുവാനായി, ഇന്ധന വില കൂട്ടുക എന്നതല്ലാതെ മറ്റൊരു ബദലില്ലേ?

സര്‍ക്കാര്‍ ഭാഷ്യത്തിലെ, എണ്ണക്കമ്പനികള്‍ക്ക് ഉണ്ടായെന്ന് പറയപ്പെടുന്ന അണ്ടര്‍ റിക്കവറികള്‍ [under-recoveries], പരികല്പിതമായ നഷ്ടങ്ങളാണ് [notional losses]. യഥാര്‍ത്ഥത്തില്‍ എണ്ണക്കമ്പനികള്‍ അത്രയും നഷ്ടമുണ്ടാക്കുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് ഏകദേശം 85-90 ഡോളറില്‍ നില്‍ക്കുകയാണ്. അതായത് ഒരു ലിറ്ററിന് ഏതാണ്ട് 25 രൂപ വരും.(1 ബാരല്‍ = 159 ലിറ്റര്‍, 1 ഡോളര്‍ = 45 രൂപ. മദ്ധ്യ-കിഴക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഈയിടെ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറില്‍ കവിഞ്ഞിരുന്നു) എന്നാല്‍ മെട്രോ നഗരങ്ങളില്‍, 58 രൂപാ മുതല്‍ 63 രൂപാ വരെയാണ് പെട്രോളിന്റെ വില്പന വില. ക്രൂഡോയില്‍ വിലയും, ചില്ലറ വ്യാപരത്തിലെ പെട്രോളിയം ഉല്പന്ന വിലയും തമ്മിലുള്ള ഈ ഭീമമായ അന്തരത്തിന് കാരണം, അതിന്മേല്‍ ചുമത്തപ്പെടുന്ന നികുതികളാണ്. പ്രതി ലിറ്ററിന് ഏകദേശം 30 രൂപയാണ് നികുതിയിനത്തില്‍ - കസ്റ്റംസ്, എക്സൈസ് ഡ്യൂട്ടികളിലായി - കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്മേല്‍ പിരിച്ചെടുക്കുന്നത്. ഈ ഭീമമായ നികുതി വരുമാനം കണക്കിലെടുക്കുമ്പോള്‍, ഡീസലിനും പെട്രോളിനുമായി ഇപ്പോള്‍ നല്‍കുന്ന ഇന്ധന സബ്സിഡികള്‍ വളരെ വളരെ കുറവാണ്. അതായത്, ഈ പരോക്ഷ നികുതികള്‍ വെട്ടിക്കുറയ്ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നുവെങ്കില്‍, ജനങ്ങളുടെ മേല്‍ പെട്രോളിയം വിലവര്‍ദ്ധന അടിച്ചേല്‍പ്പിക്കേണ്ട യാതൊരുകാര്യവുമില്ല.

പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ അതിനു തുനിയുന്നില്ല? പരോക്ഷ നികുതികള്‍ വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ സര്‍ക്കാരിന് പ്രത്യക്ഷ നികുതികളുടെ നിരക്ക് കൂട്ടേണ്ടി വരും. അത് ബാധിക്കുന്നത് വരേണ്യ വര്‍ഗ്ഗത്തെയും കോര്‍പ്പറേറ്റുകളുയുമൊക്കെയാണ്. സര്‍ക്കാര്‍ അതാഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, ഈ ഭാരം പരോക്ഷ നികുതിയുടെ രൂപത്തില്‍ സാധാരണ ജനത്തിന്റെ മേല്‍ അടിച്ചേല്പ്പിക്കുന്നു. 2010 ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം നീക്കിയ ശേഷം, എണ്ണക്കമ്പനികള്‍ 7 തവണ ഇന്ധനവില വര്‍ദ്ധിപ്പിക്കുകയുണ്ടായി. അവസാനം വര്‍ദ്ധിപ്പിച്ച 2011 ജനുവരി മാസം വര്‍ദ്ധിപ്പിച്ചതും കൂടിച്ചേര്‍ത്താല്‍, കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ ഉണ്ടായത് ലിറ്ററിന് 10 രൂപയുടെ വര്‍ദ്ധനവാണ്. പണപ്പെരുപ്പത്തിന് സാരമായ സംഭാവന തന്നെയാണ് ഇന്ധനവിലവര്‍ദ്ധന നല്‍കുന്നതും.

ചോദ്യം: ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം തടയുവാന്‍ സര്‍ക്കാര്‍ ഏത് തരത്തിലാണ് ഇടപെടേണ്ടത്?

വിലക്കയറ്റം നിയന്ത്രിക്കുവാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഇപ്പോളെടുക്കുന്ന നടപടികളൊന്നും തന്നെ അതിനു പര്യാപ്തമല്ല എന്നത് നിര്‍ഭാഗ്യകരമായൊരു വസ്തുതയാണ്. പണപ്പെരുപ്പത്തെ ചെറുക്കുവാന്‍, നമ്മുക്കാവശ്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും നയപരിപാടികളുമാണ്. ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയില്‍, പ്രത്യേകിച്ചും ഉല്പാദനത്തിലും വിതരണത്തിലുമുള്ള ഗവണ്‍മെന്റിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തുവാനുള്ളവയായിരിക്കണം ഈ ദിശയിലെ ആദ്യത്തെ നടപടി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം നടത്തുന്നതില്‍ സര്‍ക്കാര്‍ ആലസ്യം തുടരുകയാണ്. സാര്‍വത്രികമായ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ എത്രയും പെട്ടെന്ന് അവതരിപ്പിച്ച് പാസ്സാക്കേണ്ടതാണ്. സര്‍ക്കാരിന്റെ സംഭരണശാലകളില്‍ സൂക്ഷിച്ചിരിക്കുന്നത് ഏകദേശം 50 മില്യന്‍ ടണ്‍ അരിയും ഗോതമ്പുമാണ്. സുരക്ഷിതസംഭരണ മാനകങ്ങളേക്കാള്‍ [buffer norms] വളരെ അധികമാണിത്. സാര്‍വത്രികമായ പൊതു വിതരണ ശൃംഖലയിലൂടെ എല്ലാ കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍, മാസത്തില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ നല്‍കേണ്ടതാണ്. എന്നു മാത്രമല്ല, ഒരു മാനദണ്ഡവുമില്ലാതെ തോന്നിയപോലെ തെരെഞ്ഞെടുക്കപ്പെട്ട ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി ഈ പദ്ധതി പരിമിതപ്പെടുത്തുകയും അരുത്. കൂടാതെ, പഞ്ചസാര, ഭക്ഷ്യ എണ്ണ, പയര്‍ വര്‍ഗ്ഗങ്ങള്‍ മുതലായ അവശ്യ വസ്തുക്കളും രാജ്യത്തൊട്ടാകെ പൊതു വിതരണ ശൃംഖലയിലൂടെ നിശ്ചിത നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടതാണ്.

ദേശീയ കര്‍ഷക കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ അടയിരിക്കുകയാണ്. കൃഷി ലാഭകരമാക്കാനും സംഭരണം, വിപണനം എന്നിവ ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖലയില്‍ പൊതുനിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ഉപയുക്തമായ കര്‍ഷകര്‍ക്ക് ഗുണകരമായ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നു. കര്‍ഷകരെ പിന്തുണയ്ക്കുന്നതു കൂടാതെ, വിവിധ ഗവണ്‍മെന്റ് ഏജന്‍സികളെയും, സഹകരണ സ്ഥാപനങ്ങളെയും സ്വയം സഹായ സംഘങ്ങളെയുമൊക്കെ, പാല്‍ പച്ചക്കറി മുതലായ ഭക്ഷ്യോല്പന്നങ്ങള്‍ വിറ്റഴിക്കുവാനുള്ള ഔട്ട്‌ലെറ്റുകള്‍ തുറക്കുവാന്‍ സഹായിക്കുവാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതും, കാര്‍ഷികോല്പന്ന സംഭരണ-വിതരണ ശൃംഖലകളുടെ ആധുനികവല്‍ക്കരണവും മറ്റും ബഹുരാഷ്‌ട്ര കുത്തകള്‍ക്കും, സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കും തീറെഴുതി കൊടുക്കേണ്ടതല്ല. ഭക്ഷ്യ വസ്തുക്കളുടെ സ്വതന്ത്ര വ്യാപാരത്തിലൂടെയും അതില്‍ നിന്നു കൊള്ള ലാഭം കൊയ്യാന്‍ അനുവദിച്ചുകൊണ്ടും പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്തുവാന്‍ കഴിയില്ല.

ഭക്ഷ്യ വിപണിയില്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ സ്വാധീനം കുറയ്ക്കേണ്ട ആവശ്യമുണ്ട്. ഇതിനു വേണ്ടി പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയുമൊക്കെ നിയന്ത്രിക്കുവാനും മറ്റും കേന്ദ്രഗവന്‍മെന്റിന്റെ മുന്‍കൈയ്യില്‍ സംസ്ഥാനഗവണ്‍മെന്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഊഹാധിഷ്ഠിത വിപണികളിലെ ഭക്ഷ്യോല്പന്ന വ്യാപാരം നിരോധിക്കേണ്ടതും, ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തതില്‍ പെടുന്നു.

അവസാനമായി, കാര്‍ഷിക മേഖലയ്ക്കുള്ള ഇന്ധനത്തിന്റെയും വളത്തിന്റെയും വില നിയന്ത്രണം ഗവണ്‍മെന്റിന്റെ കൈയ്യില്‍ തന്നെയാണ് എപ്പോഴുമെന്ന് ഉറപ്പു വരുത്തണം. ഇന്ധന-വള വിലനിയന്ത്രണം എടുത്ത് കളഞ്ഞാല്‍, കാര്‍ഷികോല്പാദന ചിലവ് വര്‍ദ്ധിക്കുകയും, ഭക്ഷ്യവിലവര്‍ദ്ധനവിന് കാരണമാവുകയും ചെയ്യും. ഇന്ധന-വള സബ്സിഡികള്‍ മുമ്പ് നിലനിന്നിരുന്ന പോലെ തുടരുകയും വേണം. പെട്രോള്‍ വിലനിയന്ത്രണം എടുത്തു കളഞ്ഞ തീരുമാനം പുനഃപരിശോധിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണം.

ചോദ്യം: ഭക്ഷ്യവസ്‌തുക്കളുടെ വില വര്‍ധനവില്‍ അവധി വ്യാപാരത്തിന്റെ പങ്കെന്താണ്? ഭക്ഷ്യ മേഖലയില്‍ അവധി വ്യാപാരം നിരോധിക്കേണ്ടത് എന്തുകൊണ്ട്?

സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പ പ്രത്യാശകളെ അടിസ്ഥാനപ്പെടുത്തിയാണ് അവധി വ്യാപാരം പ്രവര്‍ത്തിക്കുന്നത്. ഒരു ചരക്ക്, ഒരു നിശ്ചിത അളവില്‍, നിശ്ചിത വിലയ്ക്ക്, നിശ്ചിത അവധിക്കുശേഷം വില്‍ക്കാന്‍/വാങ്ങാന്‍ ഉണ്ടാക്കുന്ന കോണ്‍ട്രാക്‍റ്റുകളാണ് അവധി വ്യാപാരത്തിന്റെ അടിസ്ഥാനം. ഇങ്ങനെയുള്ള കോണ്‍ട്രാക്‍റ്റുകള്‍ നിത്യേന, ഒരു ഓഹരി കമ്പോളത്തിലെന്ന പോലെ യഥേഷ്ടം വില്‍ക്കാനും വാങ്ങാനും ഉള്ള അവസരമാണ്, ഉല്‍പ്പന്നങ്ങള്‍ക്കുള്ള അവധിവ്യാപാര കമ്പോളങ്ങള്‍ (commodity futures markets) ഒരുക്കുന്നത്.

ഉദാഹരണത്തിന്, മെയ്‌ 2011-നു കൈമാറ്റം ചെയ്യപ്പെടേണ്ട, കിലോയ്ക്ക് 30 രൂപ നിരക്കില്‍ കരാരാക്കപ്പെട്ട 10 കിലോ പഞ്ചസാരയുടെ അവധി വ്യാപാര കരാര്‍ (Futures Contract), ജനുവരി 2011-നു 30 രൂപ പ്രതി കിലോ എന്ന നിരക്കിനു മുകളിലായോ കുറവായോ വില്‍ക്കപ്പെടാം. വരും മാസങ്ങളില്‍, പഞ്ചസാര വിലയില്‍ ഇടിവ് പ്രതീക്ഷിക്കുന്ന ഒരു വാങ്ങല്‍ക്കാരന്‍, ഒരു പക്ഷെ 29 രൂപ പ്രതി കിലോ നിരക്കില്‍ കരാര്‍ വാങ്ങിയേക്കും. എന്നാല്‍ വരുന്ന മാസങ്ങളില്‍,ബ്രസീലിലെ കരിമ്പ്‌ കൃഷിയെ വരള്‍ച്ച ബാധിച്ച കാരണം, അന്താരാഷ്‌ട്ര പഞ്ചസാര വിലയില്‍ വര്‍ധന ഉണ്ടാകുന്നു എന്ന് കരുതുക. ഇതിന്റെ അനുരണനം ഇന്ത്യന്‍ അവധിവ്യാപാര കമ്പോളത്തിലും പ്രതിഫലിക്കും. ഇവിടെ പഞ്ചസാര കരാറുകള്‍ക്ക് വില വര്‍ധിക്കും, 29 രൂപ പ്രതി കിലോ നിരക്കില്‍ പഞ്ചസാര കരാര്‍ (sugar contract) വാങ്ങിയ ഒരാള്‍ക്ക്‌ 35 രൂപ പ്രതി കിലോ നിരക്കില്‍ അത് വില്‍ക്കാന്‍ സാധിച്ചേക്കും. ചുരുക്കത്തില്‍, ഒരു മണി പഞ്ചസാര പോലും ഉല്‍പ്പാദിപ്പിക്കുകയോ ഉപഭോഗം ചെയ്യുകയോ ചെയ്യാതെ അയാള്‍ക്ക്‌ 6 രൂപ പ്രതി കിലോ നിരക്കില്‍ അധികലാഭം ഉണ്ടാക്കാനാകുന്നു. അത് കൂടാതെ, ഇന്ത്യന്‍ അവധിവ്യാപാര കമ്പോളത്തില്‍ പഞ്ചസാര വില ഉയരുമ്പോള്‍ കയറ്റുമതിയിലൂടെയോ, പൂഴ്ത്തിവയ്പ്പിലൂടെ ഉണ്ടാക്കുന്ന കൃത്രിമ ക്ഷാമത്തിലൂടെയോ കച്ചവടക്കാര്‍ അധിക ലാഭം പ്രതീക്ഷിച്ചേക്കാം.

ഉല്‍പ്പന്നങ്ങള്‍ക്കുള്ള അവധിവ്യാപാര കമ്പോളങ്ങള്‍ രണ്ടു തരത്തിലാണ് ആഭ്യന്തര ഭക്ഷ്യ വിപണിയെ ബാധിക്കുന്നത്. ആദ്യമായി, അത് നമ്മുടെ ആഭ്യന്തര ഭക്ഷ്യ വിലയെ, സ്വതവേ അസ്ഥിരമായ അന്താരാഷ്‌ട്ര അവധിവ്യാപാര കമ്പോളങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭക്ഷ്യ ഉല്‍പ്പാദന-വ്യാപാര രംഗവുമായി ഒരു ബന്ധവുമില്ലാത്ത വെറും ഊഹക്കച്ചവടക്കാര്‍ക്ക് , ഭക്ഷ്യ വിലയിന്മേലുള്ള ഊഹക്കച്ചവടം വഴി മേല്‍ക്കൈ നേടാനും കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരം സംജാതമാകുന്നു എന്നുള്ളതാണ് മറ്റൊരു ആപത്ത്.

2002-03-ല്‍ വിവിധോല്‍പ്പന്ന കമ്പോളങ്ങള്‍ (multi-commodity exchanges) സ്ഥാപിതമായതോടെയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ആരംഭത്തോടെയും ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള അവധിവ്യാപാരം പലമടങ്ങ്‌ വളരുകയായിരുന്നു. മറ്റു പല ലോക രാജ്യങ്ങളിലുമെന്ന പോലെ, ഇവിടെയും അവധിവ്യാപാര കമ്പോളത്തില്‍ നിക്ഷേപിക്കുന്നത് കര്‍ഷകരല്ല, മറിച്ച് ലാഭമുള്ള ഊഹക്കച്ചവടം ലക്‌ഷ്യം വയ്ക്കുന്ന വന്‍ കുത്തകകളാണ്. ഇടതു കക്ഷികളുടെ സമ്മര്‍ദ്ദ ഫലമായി 2007-ല്‍ സര്‍ക്കാരിന് അവശ്യ വസ്തുക്കളായ അരി, ഗോതമ്പ്, പഞ്ചസാര, ചില പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ അവധിവ്യാപാരം നിരോധിക്കേണ്ടതായി വന്നു. എന്നാല്‍ ഗോതമ്പ്, പഞ്ചസാര തുടങ്ങിയവയുടെ അവധി വ്യാപാരം വീണ്ടും അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.

ഇന്ത്യ ഒരു ഭക്ഷ്യ കമ്മി രാജ്യമാണ്. നമ്മുടെ വര്‍ധിച്ചു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഉള്ള ഭക്ഷ്യോല്‍പ്പാദനം ഇവിടെ നടക്കുന്നില്ല. കൂടാതെ, കാലാവസ്ഥയെയും മഴ ലഭ്യതയെയും അമിതമായി ആശ്രയിക്കുന്ന കാര്‍ഷികോല്‍പ്പാദന രീതി, ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. പരിമിതമായ ഭക്ഷ്യ സംഭരണ ശേഷിയും, ആധുനിക ഭക്ഷ്യ സംഭരണ സൌകര്യങ്ങളുടെ അഭാവവും, ഭക്ഷ്യരംഗം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തില്‍ വേണം, ഊഹക്കച്ചവടവും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ അവധി വ്യാപാരത്തെയും ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തില്‍ അതിന്റെ സ്വാധീനത്തെയും നോക്കിക്കാണാന്‍. അതുകൊണ്ടു തന്നെ, ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുവാന്‍, ഭക്ഷ്യവസ്തുക്കളുടെ അവധി വ്യാപാരത്തെ പൂര്‍ണ്ണമായും നിരോധിക്കുകയാണ് വേണ്ടത്.

English version of this article1 was published by Pragoti.

മലയാളം പരിഭാഷ തയ്യാറാക്കിയത് : പ്രതീഷ് പ്രകാശ്, വര്‍ക്കേര്‍സ് ഫോറം പ്രവര്‍ത്തകര്‍