ജെ. എൻ. യു വിൽ സംഭവിച്ചത് - ഒരു സ്വതന്ത്ര വീക്ഷണം

"എന്താണ് ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി കാമ്പസ് പ്രതിഷേധങ്ങൾ ?" എന്ന ചോദ്യത്തിന് JNU വിദ്യാർത്ഥിയായ ഹർഷിത് അഗർവാൾ, സാമൂഹ്യ ചോദ്യോത്തര വെബ്‌സൈറ്റായ ക്വാറ -യിൽ നൽകിയ മറുപടിയുടെ പരിഭാഷ. പരിഭാഷ: നിഷാദ് ടിആർ

അനവധി മറുപടികൾ ഈ ചോദ്യത്തിന് ഇവിടെ നൽകപ്പെട്ടിട്ടുണ്ട്. പക്ഷെ വിരോധാഭാസമായി തോന്നുന്നത് അവയിൽ ഒന്നുപോലും ഒരു ജെ.എൻ.യു. വിദ്യാർത്ഥിയിൽ നിന്നോ, വിവാദമായ ആ ദിവസത്തെ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചവരിൽ നിന്നോ അല്ല എന്നതാണ്. പക്ഷെ ജെ.എൻ.യു.-വിലെ വിദ്യാർത്ഥികളെ മുഴുവൻ തീവ്രവാദികൾ എന്നും, ജിഹാദികൾ എന്നും, നക്സലുകളെന്നും അധിക്ഷേപിക്കുന്നതു മുതൽ ഈ സർവകലാശാല അടച്ചുപൂട്ടണമെന്നുവരെയുള്ള ശക്തമായ നിലപാടുകൾ ഈ മറുപടികളിലെല്ലാമുണ്ട്.

ഞാൻ ഈ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയാണ് മാത്രവുമല്ല ഫെബ്രുവരി 9 ആം തീയതി, ഇവിടെ നടന്ന വിവാദമായ മിക്കവാറും സംഭവങ്ങൾ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സീ ന്യൂസ്, ടൈംസ് നൗ തുടങ്ങിയ ടെലിവിഷൻ ചാനലിലൂടെ മാത്രം ഇതേക്കുറിച്ചറിഞ്ഞവരേക്കാളും യുക്തിയുക്തമായി പ്രതികരിക്കുവാൻ എനിക്കർഹതയുണ്ടെന്ന് കരുതുന്നു.

ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ (DSU) പൂർവ അംഗങ്ങൾ, 2016 ഫെബ്രുവരി 9 ന് ഒരു സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ബട്ടിന്റേയും വധശിക്ഷകൾ, നിയമസംവിധാനം ദുരുപയോഗം ചെയ്ത് ഭരണകൂടം നടപ്പിലാക്കിയ ആസൂത്രിത കൊലപാതങ്ങളായാണ് അവർ കണക്കിലാക്കുന്നത്. കശ്മീരി ജനതയുടെ ഭരണഘടനാപരമായ സ്വയം നിർണ്ണയാവകാശത്തിനുവേണ്ടിയുള്ള അഭ്യർത്ഥനകൾക്ക് പിന്തുണ നൽകുവാനായി ഈ വധശിക്ഷകളെ അപലപിച്ച് പ്രതിഷേധം പ്രകടിപ്പിക്കലായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. കാമ്പസിന് അകത്തുനിന്നും അല്ലാതെയുമായി ഒട്ടനവധി കശ്മീരി വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുവാനെത്തിയിരുന്നു.

ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ മാവോ അനുഭാവമുള്ള തീവ്ര ഇടതുപക്ഷ സംഘടനയാണ്. ഉയർന്ന ബൗദ്ധിക നിലവാരമുള്ള വളരെ കുറച്ച് അംഗങ്ങളുള്ള ഒരു ചെറിയ സംഘടനയാണത്. അവർ ഒരിക്കലും തീവ്രവാദികളോ നക്സലുകളോ അല്ല. എന്റെ രണ്ട് വർഷത്തിലധികമുള്ള കാമ്പസ് പരിചയത്തിൽ ഒരിക്കൽപ്പോലും അവർ ഒരു കല്ലേറുപോലും നടത്തിയതായി അറിയില്ല. അത്തരം സംഘടനെയെ വിധ്വംസക പ്രവർത്തകരായി സങ്കൽപിക്കുവാൻ പോലും സാധ്യമല്ല.

ഇനി പ്രധാന കാര്യങ്ങൾ.

കശ്മീർ വിഷയത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത് തെറ്റാണോ? കശ്മീരികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ പോലും തയ്യാറല്ലാത്ത രീതിയിൽ, 'നാസി'കളെ പോലെ ദേശീയതാവാദമുയർത്തി ചിന്താശേഷി നഷ്ടപ്പെടുത്താൻ മാത്രം പാവനമാണോ നമുക്ക് കശ്മീർ വിഷയം? ഇനി, ഞാൻ കശ്മീർ വിഘടനത്തെ പിന്തുണയ്ക്കുന്നോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെയാണ് ഉത്തരം.

എനിക്ക് ആ രാഷ്ട്രീയത്തിന്റെ കൃത്യമായ സൂക്ഷ്മാർത്ഥങ്ങൾ അറിയില്ലെങ്കിലും, ഏവരുടേയും അഭിപ്രായം കേൾക്കുവാനും, മനസ്സിലാക്കുവാനും, ചർച്ച ചെയ്യുവാനും താല്പര്യമുണ്ട്; പ്രത്യേകിച്ചും തദ്ദേശീയരുടേത്.

ഇനി, ഈ പരിപാടിയുടെ സംഘാടകർ, അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ബട്ടിന്റേയും വധശിക്ഷകൾ 'നീതിപീഠം നടത്തിയ കൊലപാതക'ങ്ങളായി വിശേഷിപ്പിക്കുന്നത് തെറ്റാണ് എന്ന് തോന്നുന്നുണ്ടോ? ഇത് ആദ്യമായാണോ ആരെങ്കിലും വധശിക്ഷക്കെതിരേയും കോടതി വിധിക്കെതിരേയും പ്രതിഷേധം ഉയർത്തുന്നത്?

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയപ്പോൾ ഒട്ടനവധി മനുഷ്യാവകാശ പ്രവർത്തകരും, സംഘടനകളും അതിനെ ആ സമയത്ത് അപലപിച്ചിരുന്നു. ജമ്മു കാശ്മീരിൽ ബി.ജെ.പി.-ക്ക് ഒപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച് ഭരിക്കുന്ന പി.ഡി.പി. എന്ന രാഷ്ട്രീയ പാർടി പോലും ആ വധത്തിനെ 'നീതിപീഠത്തിന്റെ അപഹാസ്യത' എന്നാണ് വിളിച്ചത്. അരുന്ധതി റോയി അതിനെ അപലപിച്ചു. ശശി തരൂർ അത് തെറ്റാണെന്ന് പറഞ്ഞു., ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അതിനെ നിശിതമായി വിമർശിച്ചു.

പത്ര പ്രവർത്തകനും, അന്താരാഷ്ട്ര സുരക്ഷ്രാ-പ്രതിരോധ വിഷയങ്ങളിൽ വിദഗ്ധനുമായ എഴുത്തുകാരൻ പ്രവീൺ സ്വാമി ദ ഹിന്ദു വിൽ ഇങ്ങനെ എഴുതി : "സുപ്രീം കോടതി വിധി, അവസാന വാക്കല്ല, അങ്ങനെ കരുതാൻ കഴിയുകയുമില്ല. അഫ്സൽ ഗുരുവിന്റെ വിധിയിൽ നിലനിൽക്കുന്ന ആഴമേറിയ അവ്യക്തതകൾ വധശിക്ഷയെ കുറിച്ച് പുനർ വിചിന്തനം നടത്താൻ നിർബന്ധിതമാക്കുന്നു."

അഫ്സൽ ഗുരുവിന്റെയും യാക്കൂബ് മേമന്റേയും വധ ശിക്ഷകൾ, രാഷ്ടീയപ്രേരിതമാണെന്ന് മുൻ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായ, ജസ്റ്റിസ് ഏ.പി ഷാ പറഞ്ഞിട്ടുണ്ട്. ഇവരെല്ലാം ദേശദ്രോഹികളോ തീവ്രവാദികളോ ജിഹാദികളോ ആണോ? ഇതിന് നിങ്ങൾക്ക്, യുക്തിപൂർവമായ ഒരു മറുപടിയുണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.

കശ്മീർ വിഷയത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത് തെറ്റാണോ? കശ്മീരികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ പോലും തയ്യാറല്ലാത്ത രീതിയിൽ, 'നാസി'കളെ പോലെ ദേശീയതാവാദമുയർത്തി ചിന്താശേഷി നഷ്ടപ്പെടുത്താൻ മാത്രം പാവനമാണോ നമുക്ക് കശ്മീർ വിഷയം? ഇനി, ഞാൻ കശ്മീർ വിഘടനത്തെ പിന്തുണയ്ക്കുന്നോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെയാണ് ഉത്തരം.

ഇനി അടുത്ത വിഷയം - 'ദേശ-വിരുദ്ധ മുദ്രാവാക്യങ്ങൾ'. യോഗം തുടങ്ങുന്നതിന് 20 മിനിട്ടുകൾക്കു മുൻപ്, ദേശീയതയുടെ അമരക്കാരായി സ്വയം കരുതുന്ന ABVP; ഈ പരിപാടി കലാലയത്തിന്റെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിക്കും എന്നുകാട്ടി അധികാരികൾക്ക് പരാതി നൽകി. യൂണിവേഴ്‌സിറ്റി അധികാരികൾ ഒരു സംഘർഷം ഒഴിവാക്കാൻ താല്പര്യപ്പെട്ട് പരിപാടി നടത്തുന്നത് വിലക്കി.

ഇനി നിങ്ങളിൽ അറിയാത്തവർക്കു വേണ്ടി. JNU മനോഹരമായ ഒരു ജനാധിപത്യ ഇടമാണ്. ഇവിടെ എല്ലാ ഭിന്നസ്വരങ്ങൾക്കും സ്ഥാനമുണ്ട്. എത്രതന്നെ തീവ്രപുരോഗമനപരമായാലും അഭിപ്രായങ്ങൾ ഇവിടെ മാനിക്കപ്പെടുന്നു. പക്ഷെ അതിനു തുരങ്കം വെക്കുവാനാണ് ABVP നോക്കുന്നത്.

DSU സമാധാനപരമായി പരിപാടി നടത്തുവാനുള്ള അവരുടെ ജനാധിപത്യപരമായ അവകാശം സംരക്ഷിക്കാൻ, JNUSU (Jawaharlal Nehru Students' Union) ന്റെയും SFI (Students Federation of India), AISA (All India Students Association) തുടങ്ങിയ ഇടതു വിദ്യാർത്ഥി സംഘടനകളുടേയും സഹായം തേടി. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം DSU അവരുടെ ആശയങ്ങൾക്കോ കശ്മീർ നിലപാടുകൾക്കോ അല്ല പിന്തുണ തേടിയത് എന്നതാണ്. DSU, JNUSU-വിനും മറ്റ് വിദ്യാർത്ഥി സംഘടനകൾക്കും ഒപ്പം, അവർ വർഷങ്ങളായി പടുത്തുയർത്തിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമുള്ള ജനാധിപത്യ വേദിയെ തകർക്കുവാൻ അധികാരികളെയും ABVP-യെയും അനുവദിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്ന് യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയി.

യൂണിവേഴ്സിറ്റി അധികാരികൾ സെക്യൂരിറ്റി ജീവനക്കാരെ അയച്ച് പരിപാടി നടക്കേണ്ടിയിരുന്ന ബാഡ്മിന്റൺ കോർട്ടിലേക്കുള്ള പ്രവേശനം തടയുകയും, ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. സംഘാടകർ ഇത് അംഗീകരിച്ചുകൊണ്ട് കാമ്പസിൽ തന്നെയുള്ള ഭക്ഷണശാലകൾക്ക് (ധാബ) സമീപം ഉച്ചഭാഷിണിയില്ലാതെ പരിപാടി തുടരാൻ തീരുമാനിച്ചു.

പക്ഷെ, ABVP പ്രവർത്തകർ സംഘം ചേർന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുവാനും കൈയേറ്റം ചെയ്യുവാനും മുതിർന്നു. ഒപ്പം അവർ ഇത്തരം പരിപാടികൾക്കെതിരെ സ്ഥിരം മുഴക്കുന്ന, "യേ കശ്മീർ ഹമരാ ഹേ, സാരാ കാ സാരാ ഹേ" (കശ്മീർ പൂർണമായും നമ്മുടേതാണ്) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്താനാരംഭിച്ചു.

ഇതിന് പ്രതികരണമായി, പരിപാടിയിൽ പങ്കെടുക്കുവാനെത്തിയവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംഘാടകർ "ഹം ക്യാ ചാഹ്തേ? ആസാദി!" (നമ്മൾ സ്വാതന്ത്ര്യ കാംക്ഷികളാണ്) എന്ന് മുദ്രാവാക്യം മുഴക്കി.

xdfdfd
ചിത്രത്തിന് കടപ്പാട്: SFI JNU Unit

തീവ്രവികാരമുണർത്തുന്നതോ അപകടകരമായതോ ആയ എന്തെങ്കിലും ഈ മുദ്രാവാക്യത്തിലുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ബ്രിട്ടീഷ് ഭരണകാലത്തും നമ്മൾ ഇതേ മുദ്രാവാക്യം ഉയർത്തിയിട്ടുണ്ട്. രാജ്യങ്ങൾ പലപ്പോഴും വിഭജിക്കപ്പെട്ടിട്ടുണ്ട്, സോവിയറ്റ് യൂണിയനും വിഘടിക്കപ്പെട്ടതാണ്. വിഭജനം നല്ലതോ അല്ലയോ എന്നത് ആ പ്രദേശത്തിന്റെ സൂഷ്മമായ സാഹചര്യങ്ങളെ അനുസരിച്ചേ നിർവചിക്കാനാകൂ.

ഞാൻ കശ്മീർ വിഘടനത്തെ അനുകൂലിക്കുന്നില്ല. എനിക്ക് കശ്മീർ ജനതയുടെ സാഹചര്യത്തെ കുറിച്ചോ അവസ്ഥയെക്കുറിച്ചോ വേണ്ടത്ര അവഗാഹമില്ല. അതുകൊണ്ടുതന്നെ ഞാൻ അതിനെ പ്രതികൂലിക്കുന്നുമില്ല. എനിക്ക് നിഷ്പക്ഷമായ സമീപനം ഉള്ളിടത്തോളം, ഒരു പ്രത്യേക പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരു പറ്റം വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കുന്നതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. അവർ സർക്കാരിനെ അട്ടിമറിച്ച് കശ്മീരിനെ ഭാരതത്തിൽ നിന്ന് തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തുന്നവരല്ല; അവർ വായിക്കുകയും, സഞ്ചരിക്കുകയും, സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളെ പഠിക്കുകയും വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന സാധാരണ വിദ്യാർത്ഥികൾ മാത്രമാണ്.

ഇനി അടുത്ത മുദ്രാവാക്യം -

"തും കിതനേ അഫ്സൽ മാരോഗേ, ഹർ ഘർ സെ അഫ്സൽ നികലേഗാ!" (നിങ്ങൾ എത്ര അഫ്സൽമാരെ കൊല്ലും, ഓരോ വീട്ടിലും പുതിയ അഫ്സലുകൾ ഉണ്ടാവും)

ഈ വിഷയം ഞാൻ അധികം മനസിലാക്കാൻ ശ്രമിച്ചിട്ടില്ല, അതിനാൽ കോടതി വിധി പരിഗണിക്കുകയും, അയാൾ ഒരു തീവ്രവാദിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നിരിക്കിലും, ഞാൻ വധശിക്ഷയെ തത്വത്തിൽ എതിർക്കുന്നു.

ഈ വിദ്യാർത്ഥി സംഘം വിശ്വസിക്കുന്നത് അഫ്സലിന്റെ വധശിക്ഷ അന്യായമാണെന്നാണ്. പാർലമെന്റ് മന്ദിരം ആക്രമിച്ചതിൽ അയാൾക്ക് പങ്കുണ്ടെന്ന വാദത്തേയും അവർ അവിശ്വസിക്കുന്നു. വികിപീഡിയയിൽ നിന്നും ഇവിടെ പകർത്തുന്നു - "അഫ്സൽ ഗുരുവിനെതിരേ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂവെന്നും, അയാൾ ഏതെങ്കിലും തീവ്രവാദി സംഘടനയിലോ, പ്രസ്ഥാനത്തിലോ അംഗമാണെന്നതിന് ഒരു തെളിവും ലഭ്യമല്ലെന്നും 2005 ഓഗസ്റ്റ് 5 ലെ വിധിയിൽ സുപ്രീം കോടതി തന്നെ അംഗീകരിച്ചിട്ടുണ്ട് എന്നത് പ്രസക്തമാണ്."

സുപ്രീം കോടതി വിധി നേരിട്ടെടുത്താൽ - "ഈ സംഭവം, ഒട്ടനവധി നാശനഷ്ടങ്ങൾ വരുത്തുകയും രാജ്യത്തെ പിടിച്ചുലക്കുകയും ചെയ്ത ഒന്നാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകിയാൽ മാത്രമേ സമൂഹമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ കഴിയൂ."

ഇതെല്ലാം കൊണ്ടുതന്നെ ഈ വിദ്യാർത്ഥികൾ, അഫ്സൽ ഗുരുവിനെ മനപൂർവം പ്രതി ചേർത്തതാണെന്നും, കേസിനാസ്പദമായ പാർലമെന്റ് മന്ദിര ആക്രമണത്തിൽ അയാൾക്ക് പങ്കില്ലെന്നും, അയാളുടെ വധ ശിക്ഷ അന്യായമാണെന്നും വിശ്വസിക്കുന്നു. "ഓരോ വീട്ടിലും പുതിയ അഫ്സലുകൾ ഉണ്ടാവും", എന്ന മുദ്രാവാക്യത്തിന്റെ ചേതോ വികാരം ഇതു തന്നെയാണ്.

ഇവരാരും തന്നെ ആയുധങ്ങളല്ല ആശയങ്ങളാണ് പേറിയിരുന്നത് എന്ന് നിങ്ങൾ ചിന്തിക്കണം. ഇത്തരം അവസ്ഥയിൽ ഭരണകൂടം എന്താണ് ചെയ്യേണ്ടത്? അവരെ ദേശദ്രോഹ ഗൂഢാലോചനക്ക് അറസ്റ്റു ചെയ്യുകയാണോ, അതോ ആശയ വൈരുധ്യങ്ങൾക്കുമേൽ അവരുമായി ചർച്ചയിൽ ഏർപ്പെടുകയാണോ അഭികാമ്യം?

"എന്തിനാണ് നമ്മൾ നമ്മുടെ ദേശീയതാബോധത്തിൽ ഇത്രയും കലുഷിതരാവേണ്ടത്? എന്തിനാണ് നമ്മളതിനെ ഒരു മതം പോലെ കണക്കിലെടുക്കുന്നത്? ആരെങ്കിലും എന്തെങ്കിലും മുദ്രാവാക്യങ്ങൾ ഉയർത്തിയാൽ അതിനെ നീചാപവാദം പോലെ കണക്കാക്കി പ്രതികരണങ്ങളുണ്ടാവുന്നു. ഒരു സർവകലാശാല ചർച്ചകളുടേയും വാഗ്വാദങ്ങളുടേയും, ഭിന്നാഭിപ്രായങ്ങളുടേയും കൂടി ഇടമാണ്. മുദ്രാവാക്യങ്ങളെ മുദ്രാവാക്യങ്ങൾ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തിയല്ല."

ഇത് ബോംബുകളും ഗ്രനേഡുകളും കടത്തിക്കൊണ്ടുവന്ന് സർക്കാരിനെ അധികാര ഭ്രഷ്ടരാക്കാനുള്ള രഹസ്യ സംഗമമായിരുന്നോ? അല്ല, അതൊരു പൊതു സമ്മേളനമായിരുന്നു. എല്ലാവർക്കും അവിടെ കടന്നു ചെല്ലാമായിരുന്നു, നിങ്ങളുടെ വിയോജനം അറിയിക്കാമായിരുന്നു. അവർ ഒളി സങ്കേതത്തിലിരുന്നല്ല ഇതു നടത്തിയത്. അവർ വിധ്വംസകരായിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് മുന്നിൽ വരുമായിരുന്നോ! അവർ ധൈര്യസമേതം അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നതും, വ്യത്യസ്ത അഭിപ്രായങ്ങൾ സ്വീകരിക്കാനുള്ള അവകാശങ്ങൾക്കായി നിലകൊള്ളുന്നതും നിങ്ങളുടെ ടെലിവിഷൻ ചാനലുകളിൽ നിങ്ങൾ കണ്ടില്ലേ ? പറയൂ എന്താണ് അവരിൽ നിങ്ങൾ കാണുന്ന വിധ്വംസകരുടെ ലക്ഷണം?

ഇനി ഞാൻ ഇതിലെ ഏറ്റവും വിവാദമായ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളിലേക്ക് വരാം. യോഗത്തിൽ, ജെ.എൻ.യു.-വിന് പുറത്തുനിന്നും വന്ന ഒരു പറ്റം കശ്മീരി വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. നിങ്ങൾ യോഗത്തിന്റേതായി പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചാൽ ഈ വിദ്യാത്ഥികൾ ആൾക്കൂട്ടത്തിനു നടുവിൽ പ്രത്യേക സംഘമായി നിൽക്കുന്നത് കാണാം. എന്നെ വിശ്വസിക്കൂ, അവരിൽ ആരും തന്നെ ജെ.എൻ.യു.-വിൽ നിന്നുള്ളവരല്ല. അവിടെ കുറച്ചുനേരം ചെലവഴിച്ചെങ്കിലും അവരിൽ ആരും തന്നെ ജെ.എൻ.യു.-വിൽ നിന്നുള്ളവരായി എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞുമില്ല. ഈ വിദ്യാർത്ഥികൾ എല്ലാവരും നിരവധി വർഷങ്ങളായി കശ്മീരിൽ നിലനിൽക്കുന്ന AFSPA (The Armed Forces Special Powers Act - കശ്മീരിൽ നിലവിലുള്ള സായുധസേനാ പ്രത്യേകാധികാര നിയമം) യിൽ മനം മടുത്തവരാണ്. ABVP അനുഭാവികൾ അവരുടെ യോഗം തടസ്സപ്പെടുത്തിയതിൽ അവർ പ്രകോപിതരായി. അവർ "ഭാരത് കി ബർബാദി തക്, ജംഗ് രഹേഗി, ജംഗ് രഹേഗി" യും "ഇന്ത്യാ ഗോ ബാക്കും" ഭാരത വിരുദ്ധ മുദ്രാവാക്യങ്ങളായി മുഴക്കാൻ തുടങ്ങി.

എന്റെ രണ്ടര വർഷക്കാലത്തെ ജെ.എൻ.യു. ജീവിതത്തിൽ ഇതേവരെ എവിടെയും ഇത്തരം മുദ്രാവാക്യങ്ങൾ കേട്ടിട്ടില്ല. ഈ മുദ്രാവാക്യങ്ങൾക്ക് ജെ.എൻ.യു. വിന്റേയോ, എന്തിന് ഏതെങ്കിലും ഇടത് പാർട്ടികളുടേയോ പോലും പ്രത്യയശാസ്ത്രങ്ങളുമായി ഒരുതരത്തിലും ബന്ധമില്ല.

വ്യക്തതക്കായി, അന്ന് യോഗത്തിന് ഇല്ലാതിരുന്ന, ജെ.എൻ.യു.-നു പുറത്തുള്ള ഒരു കശ്മീരി വിദ്യാർത്ഥി; ഈ മുദ്രാവക്യങ്ങൾ യൂടൂബിൽ കണ്ടതിനു ശേഷം ഒരു വിശദീകരണത്തിനായി സ്വന്തം ഫെയ്സ്ബുക്ക് വാളിൽ കുറിച്ചത് ഞാനിവിടെ പകർത്തുന്നു.

“ഞാനീ മുദ്രാവാക്യങ്ങളെ ഒന്ന് 'അപനിർമ്മിക്കട്ടെ'. ദറിദയുടെ രീതിയിലല്ല പകരം 'കാശ്മീരിയൻ' രീതിയിലാണ് ഈ വിവാദ മുദ്രാവാക്യങ്ങളെ ഞാൻ സമീപിക്കുന്നത്.

"ഭാരത് കീ ബർബാദി തക്, ജംഗ് രഹേഗീ" 'ഭാരതം' 1990 ന് ശേഷം ജനിച്ച കശ്മീരി യുവതീയുവാക്കൾക്ക് ഇന്ത്യൻ പട്ടാള ഭരണം മാത്രമാണ്. ആയുധ ധാരികളായ പട്ടാള വേഷക്കാർ മാത്രമാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ അവരുടെ മുന്നിലെ ചിത്രം. 'ബർബാദി' (അവസാനിപ്പിക്കുക) എന്നത് ഭാരതത്തിലെ പല പ്രസ്ഥാനങ്ങളും പ്രയോഗിക്കുന്ന അതേ അർത്ഥത്തിൽ തന്നെ പ്രയോഗിച്ചിരിക്കുന്നു. 'ജംഗ്' എന്നത് സമരമാണ്, അത് നിങ്ങൾ എങ്ങനെ നിർവചിക്കാൻ താല്പര്യപ്പെടുന്നോ അതുപോലെ സമാധാനത്തിന്റെയൊ, ഗാന്ധിയനോ, മാർക്സിയനോ, ഗ്രാംഷിയനോ, അക്രമമോ ഒക്കെ ആകാം. ഇത് ഒരൽപ്പം വ്യക്തത നൽകുന്നുവെന്ന് കരുതട്ടെ. എന്തുതന്നെയായാലും JNU പോലെയുള്ള ഇടങ്ങളിൽ ഇതൊരു അപ്രസക്തമായ ഒരു മുദ്രാവാക്യമായേക്കാം പക്ഷെ കശ്മീരിൽ ഇതൊരു ശക്തമായ വികാര പ്രകടനമാണ്.

ആസാദി(സ്വാതന്ത്ര്യം): 'ഭാരതീയർക്ക്' ആശയക്കുഴപ്പമുണ്ടാക്കാനിടയുള്ള ഒരു വാക്കാണത്. അത് രാജ്യദ്രോഹപരമോ വിഘടനപരമോ ആയ ഒരു മുദ്രാവാക്യമല്ല. ആസാദി ചരിത്രപരമായും, സാമൂഹ്യപരമായും, സാംസ്കാരികപരമായും, ആശയപരമായും, വിശിഷ്യാ രണ്ടു രാഷ്ട്രങ്ങളുടെ അധീനതയിലുള്ള കാശ്മീർ എന്ന പ്രദേശത്തെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തിൽ അധിഷ്ഠിതമാണ്. 'ആസാദി' എന്നത് പ്രതിരോധത്തിന്റെ കൂടി പര്യായമാണെന്നും, തീവ്രമായ അഭിലാഷങ്ങൾ കൂടി അതുൾക്കൊള്ളുന്നുവെന്നും കൂട്ടിചേർത്തുകൊള്ളട്ടെ.”

'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിൽ ഇപ്പോഴും തർക്കമുണ്ട്. ഞാൻ അവിടെ ഉണ്ടായിരുന്നപ്പോഴൊന്നും ഇത്തരം ഒരു ഒരു മുദ്രാവാക്യം കേട്ടിട്ടില്ല. വീഡിയോയിൽ ആ മുദ്രാവാക്യം കേൾക്കുന്നുണ്ടെങ്കിലും അത് ആരാണ് വിളിച്ചത് എന്ന് വ്യക്തമല്ല. കശ്മീരി വിദ്യാർത്ഥികളാവാം ചുവടെ ചേർക്കുന്ന വീഡിയോയിൽ വിശദീകരിക്കുന്നത് പോലെ ABVP ഗൂഢാലോചനയാവാം.

ഭാരത വിരുദ്ധ മുദ്രാവാക്യം ഉയർത്തിയതിൽ ജെ.എൻ.യു. വിദ്യാർത്ഥികൾക്ക് പങ്കില്ല എന്ന് വ്യക്തമാക്കിയല്ലോ, എന്നാൽ സർക്കാർ ഏത് വിധത്തിലാണ് പ്രതികരിച്ചതെന്ന് നോക്കൂ:

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ആജ്ഞാനുസരണം പോലീസ് ആദ്യം യൂണിവേഴ്സിറ്റിയും പിന്നീട് ഹോസ്റ്റലുകളും റെയിഡ് ചെയ്തു. അവർ തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ JNUSU (JNU Students Union) പ്രസിഡന്റിനെ കാമ്പസിൽ നിന്നും അറസ്റ്റു ചെയ്യ്ത് കൊണ്ടുപോവുകയും കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. അദ്ദേഹം മുദ്രാവാക്യങ്ങൾ ഒന്നും മുഴക്കിയിരുന്നില്ല. അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (CPI) യുടെ വിദ്യാർത്ഥി വിഭാഗമായ AISF (All India Students Federation) ന്റെ പ്രവർത്തകനാണ്. AISF യാതൊരു തരം മാവോ, വിഘടന വാദങ്ങളുമില്ലാത്ത, ഇടതു ചിന്തയുള്ള ഏറ്റവും ശാന്തമായ പാർട്ടിയാണ്.

xdfdfd
ചിത്രത്തിന് കടപ്പാട്: SFI JNU

എന്റെ അഭിപ്രായത്തിൽ, നിങ്ങൾക്ക് ആരെയെങ്കിലും അറസ്റ്റു ചെയ്തേ മതിയാവൂ എന്നുണ്ടെങ്കിൽ ആ കശ്മീരി വിദ്യാർത്ഥികളെ അറസ്റ്റുചെയ്യൂ. പക്ഷെ വിദ്യാർത്ഥികളെ നിഷ്കരുണം വേട്ടയാടുകയും കയ്യേറ്റം ചെയ്യുകയുമല്ല ഒരു ജനാധിപത്യ സർക്കാരിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത്.

അവസാനമായി ഒരു കാര്യം കൂടി ഞാൻ സൂചിപ്പിക്കട്ടെ, അതിലെ വികാരം ആർക്കെങ്കിലും ഉൾക്കൊള്ളാൻ കഴിയും എന്ന് കരുതിതന്നെ. "എന്തിനാണ് നമ്മൾ നമ്മുടെ ദേശീയതാബോധത്തിൽ ഇത്രയും കലുഷിതരാവേണ്ടത്? എന്തിനാണ് നമ്മളതിനെ ഒരു മതം പോലെ കണക്കിലെടുക്കുന്നത്? ആരെങ്കിലും എന്തെങ്കിലും മുദ്രാവാക്യങ്ങൾ ഉയർത്തിയാൽ അതിനെ നീചാപവാദം പോലെ കണക്കാക്കി പ്രതികരണങ്ങളുണ്ടാവുന്നു. ഒരു സർവകലാശാല ചർച്ചകളുടേയും വാഗ്വാദങ്ങളുടേയും, ഭിന്നാഭിപ്രായങ്ങളുടേയും കൂടി ഇടമാണ്. മുദ്രാവാക്യങ്ങളെ മുദ്രാവാക്യങ്ങൾ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തിയല്ല."

ഇതു കുറേക്കൂടി വിശദമാക്കാൻ, ഈ സർവകലാശാലയുടെ പേരിന്റെ ഉടമകൂടിയായ നമ്മുടെ പ്രഥമ പ്രഥാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറു വിന്റെ വാക്കുകൾ കൂടി ഞാൻ കടമെടുക്കുന്നു.

"ഒരു സർവകലാശാല നിലകൊള്ളുന്നത് മാനവികതക്കും, സഹിഷ്ണുതക്കും, വിവേകത്തിനും, ആശയ വൈപുല്യത്തിനും, സത്യാന്വേഷണത്തിനും വേണ്ടിയാണ്. ഉന്നതമായ ലക്ഷ്യങ്ങളിലേക്കുള്ള, മനുഷ്യ സംസ്കാരത്തിന്റെ പ്രയാണത്തിന് വേണ്ടിയാണ് അത് സ്ഥാപിതമാകുന്നത്. സ്വന്തം ധർമ്മങ്ങളിൽ നിന്നും വ്യതിചലിക്കാത്ത കലാശാലകൾ രാഷ്ട്രത്തിനും ജനങ്ങൾക്കും ഒരു മുതൽക്കൂട്ടാണ്."

കെട്ടിച്ചമച്ച ആരോപണങ്ങളും രൂക്ഷവിമര്‍ശനങ്ങളും മാധ്യമങ്ങളിൽ നിന്നും നേരിടുന്ന ഈ നിർണ്ണായക വേളയിൽ, നിങ്ങൾ ജെ.എൻ.യു.-വിന് ഒപ്പം നിൽക്കണമെന്ന് ഞാൻ ആശിക്കുന്നു. അന്തസത്തയിലും ഭൂപ്രകൃതിയിലും സമാനതകളില്ലാത്തത്ര സുന്ദരമാണീ സർവകലാശാല.

ഞാൻ നിങ്ങളേവരേയും എന്റെ സർവകലാശാല സന്ദർശിക്കുവാൻ ക്ഷണിക്കുന്നു. എല്ലാവരേയും സ്വാഗതം ചെയ്യാനും ഉൾക്കൊള്ളാനും കഴിവുള്ള ഒരിടം കൂടിയാണിത്.