റിയോ ഒളിമ്പിക്സ് ഇന്ത്യയെ പഠിപ്പിക്കുന്നത്

ഇന്ത്യയുടെ മാരത്തണ്‍ ഓട്ടക്കാരി ഒ.പി ജെയ്ഷ ട്രാക്കിൽ തളർന്ന് കിടക്കുന്ന അത്യന്തം ദയനീയമായ കാഴ്ച കണ്ടുകൊണ്ടാണ് ഒളിമ്പിക്സിന് കൊടിയിറങ്ങുന്നത്. കായികതാരങ്ങൾ എക്കണോമി ക്ലാസ്സിലും ഒഫീഷ്യലുകൾ ബിസിനസ്സ് ക്ലാസ്സിലുമായി 36 മണിക്കൂർ യാത്രചെയ്ത വാർത്ത പങ്കു വെച്ചത് ദ്യുതി ചന്ദ് എന്ന ഇന്ത്യൻ സ്പ്രിന്ററും. എല്ലായിടത്തും തള്ളിക്കയറി സെല്ഫി എടുക്കാൻ ശ്രമിച്ച മന്ത്രിയെപ്പറ്റിയും, റേഡിയോളജിസ്റ്റ് പ്രച്ഛന്ന വേഷം കെട്ടി ഫിസിഷ്യനായതിനെക്കുറിച്ചും നർസിംഗ് യാദവിനെ പുറത്താക്കിയതിനെപ്പറ്റിയും റിയോയിൽ നിന്ന് കേട്ടു. അതിനിടയിൽ രജത രേഖയായി ഒരു കർമ്മാക്കറും സാക്ഷിയും സിന്ധുവും. അത്ലറ്റിക്സിൽ ഏറെ നാളുകൾക്ക് ശേഷം ഫൈനലിലെത്തിയ ലളിതാ ബാബർ. നാലാം സ്ഥാനത്ത് എത്തിയ അഭിനവ് ബിന്ദ്ര. ഇവിടെത്തീരുന്നു ഇന്ത്യയുടെ റിയോ ചരിത്രം. പതിവു പോലെ കായികതാരങ്ങളെ കളിയാക്കി ട്രോളുകളുടെ പെരുമഴക്കാലമാണ്. സെല്ഫി എടുക്കാനും ടൂറിന് പോകാനും മാത്രമുള്ളവരാണ് ഇന്ത്യൻ കായികതാരങ്ങൾ എന്ന് ശോഭാ ഡേ ട്വിറ്ററിൽ കുറിച്ചു. എന്നാൽ സത്യത്തിൽ ഇന്ത്യൻ കായികരംഗത്തിന്റെ അവസ്ഥയെന്താണ്? എന്തുകൊണ്ടാണ് ഇന്ത്യ കായികരംഗത്തു വട്ടപ്പൂജ്യമായിരിക്കുന്നത്? ഇന്ത്യക്ക് മുന്നിലുള്ള വഴികളെന്ത്? കായികരംഗത്ത് മുന്നേറുന്നതിന് എന്തെങ്കിലും ചെയ്യാനാകുമോ? ഏതൊരു രാജ്യത്തും കായികരംഗം വളരുന്നതിന് ചില കാര്യങ്ങൾ ആവശ്യമാണ്.

  1. കായികതാരങ്ങൾ വളർന്നു വരാനുള്ള അന്തരീക്ഷം.
  2. പ്രതിഭയുള്ള കായികതാരങ്ങൾ.
  3. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന പരീശീലന സൗകര്യങ്ങൾ.
  4. മികച്ച ഭക്ഷണവും ഊർജ്ജസ്രോതസ്സുകളും.
  5. മികച്ച പരിശീലകർ.
  6. മികച്ച പരിശീലനം.
  7. മത്സരങ്ങളിൽ പങ്കെടുത്തുള്ള അനുഭവ സമ്പത്ത്.
  8. ഇതൊക്കെ ആർജ്ജിക്കാനുള്ള സാമ്പത്തിക പിന്തുണ.
  9. സർക്കാർ പിന്തുണയും സഹായങ്ങളും.
  10. കാര്യക്ഷമമായ അസോസിയേഷനുകളും ഒഫീഷ്യലുകളും.

ഇന്ത്യൻ കായികാന്തരീക്ഷം

ബ്രസ്സീലിലെ തെരുവുകളിലാണ് ബ്രസ്സീലിയൻ ഫുട്ബോൾ വളർന്നത്. ഇന്ത്യൻ ഗലികളിൽ ക്രിക്കറ്റും. 1983-ൽ ഇന്ത്യ വേൾഡ് കപ്പ് എടുക്കുന്നത് വരെ ഗോൾഫു പോലെ വരേണ്യവർഗ്ഗത്തിന്റെ കളിയായിരുന്നു ക്രിക്കറ്റ്. ടെലിവിഷൻ സെറ്റുകൾ പ്രചാരത്തിലായി വരുന്നകാലമായിരുന്നു. ടെലിവിഷന്റെ പ്രചാരവും ക്രിക്കറ്റിന്റെ വളർച്ചയും ഒരുമിച്ചായിരുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളം കളിച്ചും കളി കണ്ടും ഇന്ത്യൻ ക്രിക്കറ്റ് വളർന്നു. കളിക്കിടയിൽ പരസ്യം ചെയ്യാൻ ഏറ്റവും അനുയോജ്യമായ കളിയായതിനാൽ പ്രായോജകർ ക്രിക്കറ്റിനു പിന്നാലെ പാഞ്ഞു. ഇന്ത്യാ-പാക്കിസ്ഥാൻ മത്സരങ്ങൾ യുദ്ധങ്ങളായി ചിത്രീകരിക്കപ്പെട്ടു. ക്രിക്കറ്റ് ദേശീയതയുടെ ചിഹ്നമായി, വികാരമായി, ആവേശമായി. നാലും മൂന്നും ഏഴ് രാജ്യങ്ങൾ മാത്രം മത്സരിക്കുന്ന ക്രിക്കറ്റിൽ ഇന്ത്യ പലപ്പോഴും ആദ്യനാലിൽ പെട്ടു. ഏകദിന ക്രിക്കറ്റും 20-20 യും IPL ഉം ആഘോഷമായി. മറ്റു കായിക ഇനങ്ങളെ അപേക്ഷിച്ചു ശാരീരിക ക്ഷമത ഏറ്റവും കുറവ് മാത്രം വേണ്ട ക്രിക്കറ്റ് എല്ലാ അർത്ഥത്തിലും ഇന്ത്യൻ കായികരംഗത്ത് പടർന്ന് കയറി. എന്നാൽ മറ്റെല്ലാ കായിക ഇനങ്ങളും വിസ്മരിക്കപ്പെട്ടു. 8 പ്രാവശ്യം ഒളിമ്പിക് മെഡൽ നേടിയ ഹോക്കി പുല്ലിൽ നിന്ന് ടർഫിലേക്ക് പറിച്ചു നടപ്പെട്ടു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ഹോക്കി പുറന്തള്ളപ്പെട്ടു. അത്ലെറ്റിക്സിലും സ്വിമ്മിങ്ങിലും വോളീബോളിലും ഫുട്ബോളിലും ബാഡ്മിന്റണിലും ടെന്നീസ്സിലും ഇടയ്ക്കൊക്കെ ചില പേരുകൾ ഉയർന്ന് കേട്ടൂ. സ്നൂക്കറിലും ബില്യാഡ്സിലും ചെസ്സിലും ലോകചാമ്പ്യന്മാരെ സൃഷ്ടിച്ചു. എങ്കിലും ക്രിക്കറ്റിനു പുറത്തേക്ക് ഒരു കളിയും വളർന്നില്ല. ഒരോവറിൽ 6 സിക്സറടിച്ച കളിക്കാരന് കോടികൾ ഒഴുകിയെത്തി. എന്നാൽ മറ്റെല്ലാ കളികളിലും കായികതാരങ്ങൾ യാത്രക്കും ചെലവിനും ജോലിക്കുമായി പടിവാതിലുകൾ കയറിയിറങ്ങി.

മധ്യവർഗ്ഗത്തിന്റെ സുവർണ്ണകാലഘട്ടം ഇന്ത്യയിൽ പിറന്നതോടെ കളി സ്കൂളിന് പുറത്തായി. രക്ഷിതാക്കൾ മക്കളെ എഞ്ചിനിയർമാരും ഡോക്ടർമാരുമാക്കാൻ വെപ്രാളപ്പെട്ടു. ട്യൂഷനും എക്സ്റ്റ്രാ ക്ലാസുകളും കുട്ടികളുടെ സമയം കവർന്നെടുത്തു. പൊതുവിദ്യാലയങ്ങളുടെ തകർച്ചയോടെ കളി ആർഭാടമായി മാറി. ജീവിതലക്ഷ്യങ്ങൾ തീരുമാനിക്കുമ്പോൾ സ്പോർട്സ് എന്നും പുറം പോക്കിലേക്ക് വഴിമാറ്റപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി മാത്രമായി ക്രിക്കറ്റല്ലാത്ത ഏത് കായികരംഗവും.

ഏതൊരു രാജ്യവും കായികശക്തിയാകുന്നത് സ്പോർട്സ് ഒരു ജീവിതമാർഗ്ഗമായി എടുക്കുമ്പോഴാണ്. ഡാൻസിനും പാട്ടിനും ആ സാഹചര്യം നിലനിൽക്കുമ്പോഴും സ്പോർട്സ് കരിയറായി എടുക്കാനുള്ള നില ഇന്നും ഇന്ത്യയിലില്ല. പഠനത്തോടൊപ്പം ഒരു ഭാഗ്യപരീക്ഷണവേദി മാത്രമാണ് സ്പോട്സ്. സത്യത്തിൽ, കായിക പരിശീലന കേന്ദ്രങ്ങൾ, സ്പോർട്സ് ഉല്പന്നങ്ങൾ, മത്സരങ്ങൾ എന്നിങ്ങനെ ബില്യൺ ഡോളർ ബിസിനസ്സിന് സാധ്യതയുള്ള രംഗമാണ് ഇന്ത്യൻ കായികരംഗം. ഇത് മനസ്സിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് സ്പോർട്സിന്റെയും സ്പോർട്സ് ഭരിക്കുന്ന അസോസിയേഷനുകളുടെയും തലപ്പത്ത്. ഹോക്കിയിലും ബോക്സിങ്ങിലുമൊക്കെ ഒന്നിലധികം അസോസിയേഷനുകൾ പ്രവർത്തിക്കുന്ന തമാശയും കാണേണ്ടതുണ്ട്. ഇങ്ങനെ ഒരു പ്രതീക്ഷയുമില്ലാത്ത പശ്ചാത്തലത്തിൽ നിന്നു വേണം കായിക താരങ്ങൾ ഉയർന്ന് വരാൻ.

സ്പോർട്സ് ഒരു ജീവനോപാധിയായി പരിഗണിക്കപ്പെടുന്ന പരിമിതങ്ങളായ തുരുത്തുകൾ ഇന്ത്യയിലുണ്ട്. പോലീസ്, നേവി, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, റെയിൽവേ എന്നിവ ഒരു കാലത്ത് മികച്ച അവസരങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ആഗോളവൽക്കരണം പല സ്ഥാപനങ്ങളുടേയും ടീമുകളെ ഇല്ലാതാക്കി. ഇന്ത്യയിൽ പതിറ്റാണ്ടുകളോളം നല്ല നിലയിൽ പ്രവർത്തിച്ച ഫുട്ബോൾ, ക്രിക്കറ്റിന്റെ അതിപ്രസരത്തോടെ ഇല്ലാതായി. ഒരു കാലത്ത് ഫിഫയുടെ റാങ്കിങ്ങിൽ ആദ്യ പത്തിലുണ്ടായിരുന്ന നെഹ്രു കപ്പ് അടക്കമുള്ള ടൂർണ്ണമെന്റുകൾ ഇല്ലാതായി.

കാലാകാലങ്ങളായി സർക്കാരുകൾ കായികതാരങ്ങൾക്ക് ജോലി വാഗ്‌ദാനങ്ങൾ നൽകിയെങ്കിലും പലതും കടലാസിലൊതുങ്ങി. നാഷണൽ ഗെയിംസ് ജേതാവ് സാജൻ പ്രകാശന് കേരള സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഇന്നും കടലാസ്സിലാണ്. പരിശീലനത്തിന് അവധി കിട്ടാതെ നാഷണൽ സൈക്ലിങ്ങ് താരം രജനി രംഗം വിടുകയാണെന്ന് പ്രഖ്യാപിച്ചു. കേരള പോലീസിലേക്ക് രണ്ട് വർഷം മുൻപ് നടന്ന നിയമനത്തിനുള്ള ഫയൽ ഇന്നും മുട്ടിലിഴയുകയാണ്.

കായികതാരങ്ങൾ

130 കോടി ജനങ്ങൾ വസിക്കുന്ന ഒരു രാജ്യത്ത് പ്രതിഭയുള്ള കായികതാരങ്ങളെ കിട്ടും എന്നതിൽ ഒരു സംശയത്തിനും അവകാശമില്ല. എന്നാൽ ഈ 130 കോടിയിൽ ബഹുഭൂരിപക്ഷവും ഈ തിരഞ്ഞെടുപ്പിന് പുറത്താണ് എന്നതാണ് സത്യം. ഒളിമ്പിക്സിലെ മത്സര ഇനങ്ങളിൽ പലതും മിക്കവർക്കും കേട്ടു കേൾവി മാത്രമാണ്. അതിനുള്ള അവസരങ്ങളോ സൗകര്യങ്ങളോ ഇല്ലാത്തതാണ് പ്രധാന കാരണം. ഇന്ത്യയുടെ ശാപമായ ജാതിവ്യവസ്ഥ മറ്റൊന്ന്. അതു കൊണ്ട് തന്നെ പ്രതിഭയുള്ള താരങ്ങളെ ചെറുപ്പത്തിലേ കണ്ടെത്തുന്നതിൽ ഇന്ത്യ ഒരു പരാജയമാണ്. വളരെ പരിമിതമായ രീതിയിൽ നടത്തപ്പെടുന്ന സ്കൂൾ കോളേജ് തല മത്സരങ്ങളും അസോസിയേഷനുകൾ നടത്തുന്ന ജില്ലാ, സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളുമാണ് ഇന്ത്യയിൽ കായികതാരങ്ങളെ കണ്ടെത്തുന്ന പ്രധാന വേദികൾ. ഇതിൽ ചുരുക്കം ചില സ്കൂളുകളിൽ നിന്നോ ക്ലബ്ബുകളിൽ നിന്നോ പരിശീലനം കിട്ടി വരുന്നവർ മാത്രമാണ് മത്സരിക്കുക. കായിക രംഗവുമായി ബന്ധമോ താല്പര്യമോ ഉള്ള കുട്ടികളും രക്ഷിതാക്കളും മുൻകൈ എടുക്കുന്നത് കൊണ്ടാണ് ഇത് പോലും നടക്കുന്നത്. അതിൽ നടക്കുന്ന വിലകുറഞ്ഞ ചക്കളത്തിപ്പോരാട്ടങ്ങൾ മനം മടുപ്പിക്കുന്നതാണ് എന്നത് മറ്റൊരു സത്യം.

കായികതാരങ്ങളുടെ അനുയോജ്യമായ ജനിതകഘടന ഓരോ മത്സരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലകായിക ഇനങ്ങളിൽ ഉയരം ആവശ്യമായി വരുമ്പോൾ ജിംനാസ്റ്റിക്സ് പോലുള്ള ഇനങ്ങൾക്ക് ഉയരം ഒരു വിലങ്ങുതടിയാണ്. ഇത് ചെറുപ്പത്തിലേ ശാസ്ത്രീയമായി നിർണയിച്ച് മുന്നോട്ട് പോകാനുള്ള സംവിധാനം ഒരുക്കിയാണ് ചൈനയെപ്പോലുള്ള രാജ്യങ്ങൾ കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ കായികതാരങ്ങളുടെ തിരഞ്ഞെടുപ്പിന് തങ്ങളുടേതായ ഒരു സംഭാവനയും നൽകാതെ സുഖലോലുപതയിൽ ആറാടുകയാണ് കായികപ്രമാണിമാർ.

ചെറുപ്പത്തിലേ പിടികൂടുക എന്നതാണ് നല്ല കായികതാരങ്ങളെ വളർത്തിയെടുക്കാനുള്ള മാതൃകയായി പലരും പിന്തുടരുന്നത്. 6-8 വയസ്സ് പ്രായത്തിലാണ് പലരും കുട്ടികളെ കായിക രംഗത്തേക്ക് തിരിച്ച് വിടുന്നത്. 10-12 വർഷത്തെ പരിശീലനത്തിനു ശേഷം അവർ അന്താരാഷ്ട്ര നിലവാരമുള്ള കായിക താരങ്ങളായി മാറ്റപ്പെടുന്നു. ചെറുപ്പം മുതൽ മത്സരങ്ങളിൽ പങ്കെടുത്തുള്ള പരിചയം കായികതാരങ്ങൾക്ക് മാനസ്സിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകരുന്നു. എന്നാൽ ഇന്ത്യയിൽ കാര്യങ്ങൾ നേരേ തിരിച്ചാണ്. മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടു കാരണം പല അസോസിയേഷനുകളും മുതിർന്നവർക്ക് മാത്രമായി മത്സരങ്ങളും പരിശീലനവും ചുരുക്കുന്നു. ഇന്ത്യക്ക് വേണ്ടി റിലേ മത്സരങ്ങളിൽ ഓടിയ ചിലർ 16ആം വയസ്സിലാണ് ആദ്യമായി കളത്തിലിറങ്ങുന്നത്. ഇവരിൽ നിന്ന് മെഡൽ പ്രതീക്ഷിക്കുന്നതാണ് വിരോധാഭാസം.

പരിശീലന സൗകര്യങ്ങൾ

മികച്ച കായിക താരങ്ങളെ വാർത്തെടുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് പരിശീലന സൗകര്യങ്ങൾ. കളിമണ്ണ് കുഴച്ച് അതിൽ ഗുസ്തി പിടിച്ച് ഗുസ്തിമത്സരങ്ങൾക്ക് പരിശീലനം നേടുന്ന ഗുസ്തിക്കാർ ഒരു പക്ഷേ ഇന്ത്യയുടെ മാത്രം പ്രത്യേകതയായിരിക്കാം.. കേരളത്തിൽ ഏറ്റവും അധികം നീന്തൽത്താരങ്ങളുള്ളത് തിരുവനന്തപുരത്താണ്. എന്നാൽ അവരിൽ ഭൂരിപക്ഷവും കുളത്തിലാണ് നീന്തിപ്പഠിക്കുന്നത്. കായിക താരങ്ങൾക്ക് പരിശീലിക്കാൻ സിന്തറ്റിക് ട്രാക്കുള്ള കേന്ദ്രങ്ങൾ വിരലിലെണ്ണാവുന്നതാണ്. പുറം രാജ്യങ്ങളിൽ പൊതു ജനങ്ങൾക്ക് നടത്തത്തിന് പോലും സിന്തറ്റിക് ട്രാക്കുള്ളപ്പോഴാണ് ഇന്ത്യയിൽ ഈ സ്ഥിതി. മറ്റു കായിക ഇനങ്ങളുടേയും നില വ്യത്യസ്തമല്ല.

സ്പോർട്സ് സൗകര്യങ്ങൾ ഉയർത്തുന്നതിന് സർക്കാർ തുടങ്ങിയ സ്പോർട്സ് സ്കൂളുകളുടെ സ്ഥിതി ദയനീയമാണ്. ഉഷ സ്കൂൾ ഒഫ് സ്പോർട്സ്, ഗോപീചന്ദ് അക്കാഡമി തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളാണ് ആകെപ്പറയാനുള്ളത്.

കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഇല്ലാത്തത് മാത്രമല്ല, കായിക മത്സരങ്ങൾക്കായി പണിത സ്ഥാപനങ്ങൾ വിനോദകേന്ദ്രങ്ങളാക്കി മാറ്റുന്ന കുറ്റകരമായ പ്രവണതയും വ്യാപകമാണ്. ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം ഇന്ന് ഷട്ടിൽ കളിച്ച് വ്യായാമം ചെയ്യുന്നവരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. വെള്ളയമ്പലത്തെ നീന്തൽക്കുളം മത്സരങ്ങൾ നടത്താതിരിക്കാൻ പാകത്തിലാണ് തച്ചുടച്ചത്. വട്ടിയൂർക്കാവിലേയും തൃശൂരേയും ഷൂട്ടിങ്ങ് റേഞ്ചുകൾ ഇന്ന് ഉപയോഗശൂന്യമാണ്. നാഷണൽ ഗെയിംസിന് വേണ്ടി സർക്കാർ സ്കൂളിന്റെ സ്ഥലമെടുത്ത് കുട്ടികൾക്കായി തുടങ്ങിയ കുമാരപുരത്തെ ടെന്നീസ് അക്കാഡമി ടെന്നീസിലെ മേലാളന്മാർ കൈയ്യടക്കിക്കഴിഞ്ഞു.

ഭക്ഷണവും ഊർജ്ജ സ്രോതസ്സുകളും

ഭക്ഷണത്തോടൊപ്പം കഴിക്കുന്ന സപ്ലിമെന്റുകൾ, എനർജി ഡ്രിങ്കുകൾ എന്നിങ്ങനെ ലോകോത്തര അത്ലറ്റുകൾ ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ വേറെയുണ്ട്. അതൊക്കെ ഉപയോഗിക്കാൻ മാസത്തിൽ തന്നെ ചെലവ് ലക്ഷങ്ങളാവും. അമേരിക്കൻ നീന്തൽ താരം മൈക്കിൾ ഫെല്പ്സിന്റെ 12000 കാലറിയുടെ ഭക്ഷണം പ്രസിദ്ധമാണ്. ജർമൻ ഫുട്ബോൾ താരങ്ങളുടെ 8000 കാലറി ഭക്ഷണവും വാർത്തകളിൽ ഇടം നേടിയതാണ്ണ്. കപ്പയും കഞ്ഞിയും കുടിച്ച് മെഡൽ വാങ്ങിയ കഥകൾ കാല്പനിക കഥകളായി മാറിക്കഴിഞ്ഞ ലോകത്താണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.

പരിശീലകർ

പരിശീലകർക്ക് ഇന്ത്യയിൽ പഞ്ഞമൊന്നുമില്ല. ഹോക്കിക്കും ഫുട്ബോളിനുമെല്ലാം വിദേശപരിശീലകരെ അടക്കം ഇന്ത്യ പരീക്ഷിച്ചതാണ്. ഒന്നും ഫലം കണ്ടില്ല. മറ്റു ഘടകങ്ങൾ ഒത്തുവരാത്തതാണ് പ്രധാന കാരണം. എന്നാൽ സ്പോർട്സ് കൗൺസിലും സായിയും നിയമിക്കുന്ന കോച്ചുകൾ സ്വന്തമായി ഒരു താരത്തെ കണ്ടെത്തുന്ന അവസ്ഥ വിരളമാണ്. മറ്റു കോച്ചുകൾ കണ്ടെത്തുന്ന താരങ്ങളുടെ കൂടെ വിനോദയാത്ര പോവുക മാത്രമാണ് ഇവരിൽ പലരും ചെയ്യുന്നത്.

പരിശീലകരുടെ ഇടയിലുള്ള ഈഗോയും മത്സരവും ചക്കളത്തിപ്പോരാട്ടമാകുന്നതും കായികതാരങ്ങളെ ബാധിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും നിസ്വാർഥമായ സേവനം അനുഷ്ഠിക്കുന്ന നിരവധി കോച്ചുമാരാൽ അനുഗ്രഹീതമാണ് ഇന്ത്യ.

പരിശീലനം

മികച്ച കായികതാരങ്ങളും പരിശീലകരും ഉണ്ടെങ്കിൽപ്പോലും മികച്ച പരിശീലനം ലഭ്യമാവുക എളുപ്പമല്ല. സ്പോർട്സ് കൗൺസിൽ കേരളത്തിൽ നിയോഗിച്ച കോച്ചുമാർ പലരും ക്ലോക്കും കലണ്ടറും നോക്കി പ്രവർത്തിക്കുന്നവരാണ്. മികച്ച പരിശീലനം ലഭിക്കുന്ന പല കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നവയും. സ്കൂൾ-കോളേജ് പഠന സമയങ്ങളും, പഠന ഭാരവും, പരിശീലനത്തെ കാര്യമായി ബാധിക്കും. ഒരേ സമയം പഠനത്തിലും സ്പോർട്സിലും ശ്രദ്ധ കേന്ദീകരിക്കുക എന്നത് അസാധ്യമാണ്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ സ്പോർട്സിനായി പഠനത്തെ ബലികൊടുക്കുക എന്നത് ആത്മഹത്യാപരവുമാണ്.

അനുഭവസമ്പത്ത്

മത്സരങ്ങളിൽ പങ്കെടുത്തുള്ള അനുഭവസമ്പത്താണ് മികച്ച കായികതാരങ്ങളെ സമ്മർദങ്ങൾക്കു മുൻപിലും പതറാതെ പിടിച്ചു നിർത്തുന്നത്. ഒളിമ്പിക്സിലെ വനിതാ സിംഗിൾസ് ബാഡ്മിന്റൺ ഫൈനൽ തന്നെ നല്ല ഉദാഹരണം. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തുള്ള പരിചയം കുറവാണ്. അത് അവരുടെ പ്രകടനത്തേയും ബാധിക്കും. യോഗേശ്വർ ദത്തും ടിന്റു ലൂക്കായുമൊക്കെ സാക്ഷിപത്രങ്ങളാണ്. അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിച്ചാണ് പലരും ഇത്തരം പരിമിതികൾ മറികടക്കുന്നത്. എന്നാൽ ഇന്ത്യയിലാകട്ടെ ഉള്ള മത്സരങ്ങൾ പോലും വെട്ടിക്കുറക്കപ്പെടുന്നു എന്നതാണ് വസ്തുത.

സാമ്പത്തികം

പ്രൊഫഷണൽ കായിക ലോകം ഇന്ന് ചെലവേറിയ ഒരേർപ്പാടാണ്. ഭക്ഷണവും പരിശീലനവും ഒക്കെയായി പൊടിയുന്നത് കോടികളാണ്. 5.1 മില്യൺ പൗണ്ടാണ് ബ്രിട്ടൺ ഒരോ മെഡലിനുമായി ചെലവഴിച്ചത് എന്ന് പറയുന്നത് ദ ഇന്റിപെന്റൻഡ് എന്ന പത്രമാണ്. ഇതിനിടയിലാണ് ഉഷ സ്കൂൾ മാസം 7000 രൂപ വാങ്ങുന്നതും സമ്മാനത്തുകയുടെ 25% മേടിക്കുന്നതും വിവാദമാകുന്നത് പോലുള്ള തമാശകൾ കാണേണ്ടി വരുന്നത്. സ്പോർട്സിനായി ഇന്ത്യയിൽ ഏറെ തുക അനുവദിക്കപ്പെടാറുണ്ടെങ്കിലും അത് നാനാവിധത്തിൽ ചോർന്നു പോവുകയാണ് ചെയ്യുക. തിരുവനന്തപുരത്ത് വാട്ടർ വർക്സിലെ നീന്തൽക്കുളം ഉടച്ച് വാർക്കാനുള്ള പഠനത്തിന്റെ പേരിൽ ഒന്നരക്കോടിയാണ് അടിച്ചു മാറ്റിയത്. ഇത്തരത്തിൽ എത്ര കഥകൾ!

സർക്കാർ പിന്തുണയും സഹായങ്ങളും

സർക്കാരിന്റെ സഹായവും പിന്തുണയുമില്ലാതെ പ്രൊഫഷണൽ കായികരംഗത്ത് ഒന്നും ചെയ്യാനാവില്ല. ആകെ അഴിമതിയിൽ മുങ്ങിത്താണിരിക്കുന്ന കായികരംഗത്തെ ശുദ്ധീകരിക്കുന്നതിനും, കായികരംഗം സാമ്പത്തിക ഭദ്രതയുള്ള ഒരു മേഖലയാക്കുന്നതിനുമുള്ള നയസമീപനവും ഇതിൽ പ്രധാനപ്പെട്ടതാണ്. മറ്റൊന്ന് അടിസ്ഥാന സൗകര്യവികസനവും കായികതാരങ്ങളുടെ തൊഴിൽ ഭദ്രതയ്ക്കുള്ള സഹായങ്ങളുമാണ്.

കാര്യക്ഷമമായ അസോസിയേഷനുകളും ഒഫീഷ്യലുകളും.

കായികരംഗം കുത്തഴിഞ്ഞ് കിടക്കുന്നതിന്റെ പ്രധാന കാരണം ഈ രംഗം നിയന്ത്രിക്കുന്ന അസോസിയേഷനുകളുടെ കെടുകാര്യസ്ഥതയാണ്. അഞ്ജുവിന്റെ സഹോദരന്റെ നിയമനങ്ങളും റിയോയിൽ നിന്നുള്ള വാർത്തകളും മതി ഏകദേശരൂപം കിട്ടാൻ. ദുരുപയോഗം മാത്രമല്ല കെടുകാര്യസ്ഥതയും ഇവരുടെ കൂടെപ്പിറപ്പാണ്. ഒരു ഉദാഹരണം പറയാം. ഇക്കഴിഞ്ഞ ജൂനിയർ അക്വാട്ടിക് ജില്ലാ മീറ്റ് നടന്നത് നന്ദിയോടാണ്. പിരപ്പൻകോട്ടെ അക്വാട്ടിക് സെന്റർ വെക്കേഷൻ ക്ലാസ്സു നടത്തി കാശ് വാങ്ങാൻ കച്ചകെട്ടിയിറങ്ങിയതിനാലായിരുന്നു അത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മഴയത്തും വെയിലത്തും വലഞ്ഞ കുട്ടികൾ കായികരംഗം വെറുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.