ഒരു ദേശത്തിൻറെ കഥ അരികുവത്കരിക്കപ്പെട്ട ഒരു തൊഴിലാളി വിഭാഗത്തിൻറെ കഥ കൂടിയാവുമ്പോൾ

xdfdfd

പണ്ട് എവിടെയൊക്കെയോ വായിച്ച ഒരു കഥയുണ്ട്, ചായയുടെ കണ്ടു പിടുത്തത്തിൻറെ കഥ, ഒരു ചൈനീസ് രാജാവിൻറെ ചൂട് വെള്ളകോപ്പയിലേക്ക് പറന്നു വീണ ഒരിലയുടെ കാല്പനികമായ കഥ. അത് കെട്ടുകഥയോ ശരിയായ കഥയോ എന്തുമാവട്ടെ പക്ഷെ ചായയുടെ ചരിത്രം അല്ലെങ്കിൽ ചായ തോട്ടത്തിലെ തൊഴിലാളിചരിത്രം അത്ര കാല്പനികമല്ല. അടിച്ചമർത്തലുകളുടെയും അവഗണനയുടെയും അരികുവൽകരണത്തിൻറെയും ഒരു വലിയ ചരിത്രം നമ്മുടെ നാട്ടിലെ ചായ തോട്ടങ്ങൾക്കൊക്കെയും പറയാനുണ്ട്.

ദശബ്ദങ്ങൾക്ക് മുൻപ് അന്താരാഷ്ട്ര മുതലാളിത്തത്തെ വെല്ലു വിളിച്ചു കൊണ്ട് ചിക്കാഗോയിലെ തൊഴിലാളികൾ മുന്നോട്ടു വച്ച “8 മണിക്കൂർ ജോലി, 8 വിനോദം, 8 മണിക്കൂർ വിശ്രമം“ എന്ന മുദ്രാവാക്യം ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന ഒരു ജനത നമുക്കിടയിൽ ജീവിക്കുന്നു എന്നത് ഒരു പക്ഷെ നമ്മളിൽ പലർക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു സത്യമാണ്. യഥാർത്ഥത്തിൽ കാലങ്ങൾക്ക് മുന്നേ അംഗീകരിക്കപ്പെട്ട എല്ലാവിധ അവകാശങ്ങളും നിഷേധിച്ചു കൊണ്ട് അടിമയാക്കി വച്ച ഒരു ജനതയുടെ ചരിത്രമാണ് ഇക്കണ്ട കുന്നിൻ ചരിവാകെ നിറഞ്ഞു നിൽക്കുന്ന തേയില ചെടികൾക്കൊക്കെയും പറയാനുള്ളത്. ഒരു പക്ഷെ കേരളത്തിൽ ഇന്നേ വരെ ഒരിടത്തും രേഖപ്പെടുത്താതെ പോയ ഒരു ചരിത്രമാണ്, അത്രമേൽ അരികു വത്ക്കരിക്കപ്പെട്ട ഈ തൊഴിലാളി വിഭാഗത്തിന്റേത്. അത് തന്നെയാണ് ഇത്തരമൊരു ലേഖനത്തിൻറെ പ്രസക്തിയും.

പ്രധാനമായും വയനാടിൻറെ മണ്ണിലേക്കുള്ള 19-ആം നൂറ്റാണ്ടിൻറെ മധ്യകാലം മുതലുണ്ടായ കുടിയേറ്റങ്ങളാണ് വയനാടിൻറെ വർത്തമാനകാല ചരിത്രം നിർമിച്ചത്. അതുപോലെ തന്നെ വയനാടിൻറെ തേയില തോട്ടങ്ങളുടെ പ്രത്യേകിച്ച് മേപ്പാടി പ്രദേശത്തിൻറെയും വർത്തമാന ചരിത്രം രൂപപ്പെട്ട് തുടങ്ങുന്നത് ഈ കുടിയേറ്റങ്ങളിലൂടെയാണ്. പ്രധാനമായും മേപ്പടിയിലേക്കുള്ള കുടിയേറ്റം മൂന്ന് തരമായിരുന്നു, ആദ്യത്തേത് ഒരു കെട്ടുകഥയെന്നോ സാങ്കല്പികമെന്നോ വിളിക്കാവുന്ന ഒരു കുടിയേറ്റമായിരുന്നു. ആ കഥ വയനാടിന്റെ കാടുകളിൽ, പ്രത്യേകിച്ച് മേപ്പാടിയുടെ കുന്നിൻ ചരിവുകളിൽ, സ്വർണ ഖനികൾ തേടി വന്ന സായിപ്പന്മാരുടെയും അവർ കൊണ്ട് വന്ന അടിമകളുടെയും കുടിയേറ്റ കഥയാണ്. പ്രത്യേകിച്ച് ഒരു തെളിവുകളും ഇതേ സംബന്ധിച്ച് ഇല്ലെങ്കിലും മേപ്പാടി അങ്ങാടിയുടെ മുക്കിലും മൂലയിലും ഇന്നും പ്രചാരത്തിലുള്ള ഒരു ചരിത്ര കഥയാണിത്. മേപ്പാടി പട്ടണത്തിലെ തോണിപള്ളിയും അവിടുത്തെ സായിപ്പന്മാരുടെ ശവകല്ലറകളും ഈ വാദത്തിനു ബലം പകരും വിധം ഇന്നും മേപ്പാടിയിലുണ്ട്. മേപ്പാടിക്കടുത്തുള്ള റിപ്പൺ എന്ന ദേശം പഴയ റിപ്പൺ പ്രഭുവിൻറെ പേരിൽ അറിയപ്പെടുന്നത് ഈ നിധി തേടി വന്ന സായിപ്പന്മാരുടെ കഥയുമായി ചേർക്കാവുന്നതാണ്. ആദ്യ കാലത്ത് മേപ്പാടിയിലെ സ്വർണ ഖനികൾ തേടിവന്ന സായിപ്പൻമാരാണ് കോടമഞ്ഞു മൂടി കിടന്ന മേപ്പാടിയിലെ കുന്നുകളാകെ വെട്ടി തളിച്ച് തേയില കൃഷി തുടങ്ങിയത്.

മേപ്പാടി എന്ന ദേശത്തിൻറെ കഥ തീർച്ചയായും ഇവിടുത്തെ തേയില തോട്ടത്തിൻറെയും കഥ കൂടിയാണ്. മേപ്പാടിയുടെ കഥ പോലെ തന്നെ ഇവിടുത്തെ തേയില തോട്ടത്തിൻറെയും തൊഴിലാളികളുടെയും ചരിത്രവും മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ്. സ്വാതന്ത്ര്യത്തിനു മുൻപ്, സ്വാതന്ത്ര്യത്തിനു ശേഷം, 1990കളിലെ പുതിയ സാമ്പത്തിക നയങ്ങൾക്ക് ശേഷം എന്നീ മൂന്നു കാലഘട്ടങ്ങളിലൂടെ മാത്രമേ മേപ്പാടിയിലെ തേയില തോട്ടങ്ങളുടെ കഥ പറയാൻ കഴിയൂ.

രണ്ടാമത്തെ കുടിയേറ്റം, ആദ്യത്തെ സായിപ്പന്മാരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ടത്‌ തന്നെയാണ്, സ്വർണം തേടിവന്ന സായിപ്പന്മാർ മലമുകളിലെ മണ്ണിൽ കണ്ടെത്തിയത് മറ്റൊരു സ്വർണമായിരുന്നു. കണ്ണെത്താത്ത മലനിരകിളിലാകെ തേയിലയും ഏലവും കാപ്പിയും വച്ച് പിടിപ്പിക്കാൻ അവർ തീരുമാനിച്ചതോടെ രണ്ടാം കുടിയേറ്റത്തിനു അരങ്ങൊരുങ്ങി. തേയില തോട്ടത്തിൽ പണിയെടുക്കുന്നതിനായി തമിഴർ, കന്നഡ സംസാരിക്കുന്നവർ, കൊങ്ങിണി സംസാരിക്കുന്നവർ എന്ന് വേണ്ട നാനാജാതി സ്ഥലങ്ങളിൽ നിന്നും സായിപ്പന്മാർ തൊഴിലാളികളെ എത്തിച്ചു. തൊഴിലാളികൾ എന്ന പദത്തിനേക്കാൾ അടിമകളെ എത്തിച്ചു എന്ന് പറയുന്നതാവും ശരി. സായിപ്പന്മാർ നേരിട്ടായിരുന്നില്ല ഈ recruiting പണി നടത്തിയിരുന്നത് അതിനു കങ്കാണിമാർ എന്ന പേരിൽ ഒരു വിഭാഗവുമുണ്ടായിരുന്നു. കങ്കാണിമാർ പല കാര്യങ്ങളും പറഞ്ഞു പ്രലോഭിപ്പിച്ച് പല ദേശത്ത് നിന്നും ആളുകളെ കൊണ്ട് വന്നു. അന്നം തേടി, ജീവിതമാർഗം തേടി, തൊഴിൽ തേടി കങ്കാണിമാരോടൊപ്പം മല കയറിയ പല ദേശത്തു നിന്നുമുള്ള തൊഴിലാളി വർഗമാണ് മേപ്പാടിയുടെ ചരിത്രത്തിലെ രണ്ടാം കുടിയേറ്റക്കാർ. ഇന്നും മേപ്പാടിയുടെ ജനസംഖ്യയുടെ സിംഹഭാഗവും ഈ രണ്ടാം കുടിയേറ്റക്കാരുടെ പുതിയ തലമുറയാണ്.

മൂന്നാമത്തെ കുടിയേറ്റം ബാക്കി രണ്ട് കുടിയേറ്റങ്ങളെയും അപേക്ഷിച്ച് രേഖപ്പെടുത്തിയിട്ടുള്ള കുടിയേറ്റമാണ്. 20-ആം നൂറ്റാണ്ടിൻറെ തുടക്കം തൊട്ടു തിരുവിതാംകൂറിൽ നിന്നു വയനാട്ടിലേക്കുണ്ടായ വലിയ കുടിയേറ്റം പൊതുവേ ചരിത്രകാരന്മാരും സാഹിത്യകാരന്മാരുമൊക്കെ കുറച്ചെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്നത്തെ വയനാടിനെ രൂപപ്പെടുത്തിയത് തിരുവിതാംകൂറിൽ നിന്നും പുതിയ ജീവിതം അന്വേഷിച്ചു വന്ന ഈ പുത്തൻകൂറുകാരായിരുന്നു. ഇന്നു വയനാടിൻറെ സാമൂഹിക- സാമ്പത്തിക മേഖല പൂർണമായും കയ്യാളുന്നത് ഇക്കൂട്ടരാണ്. അത് കൊണ്ട് തന്നെയാവാം തൊഴിലാളികളുടെയോ തദ്ദേശീയ ജനതയുടെയോ വയനാടൻ ചരിത്രത്തെക്കാളുപരി ഇക്കൂട്ടരുടെ ചരിത്രം മാത്രം രേഖപ്പെടുത്തപ്പെട്ടത്. മഹാനായ സഞ്ചാരസാഹിത്യകാരൻ എസ്. കെ. പൊറ്റക്കാടിൻറെ ‘വിഷകന്യക’ എന്ന നോവെലൊക്കെ ഈ മൂന്നാം കുടിയേറ്റത്തെ പ്രതിപാദിക്കുന്നുണ്ട്. മേപ്പടിയുടെ ചരിത്രത്തിൽ ഈ മൂന്നാം കുടിയേറ്റക്കാരും ഒരു സ്ഥാനം അർഹിക്കുന്നുണ്ട്.

ഈ മൂന്നു കുടിയേറ്റങ്ങൾക്കും പുറമേ തദ്ദേശീയരായ ഒരു ജനത കൂടി മേപ്പാടിയുടെ ചരിത്ര താളുകൾക്ക് അവകാശികളായിട്ടുണ്ട്. അവര് ഭൂമിയുടെ യഥാർത്ഥ അവകാശികളായ ആദിമനിവാസികളും, തമിഴ്നാടിനോട് അടുത്ത് കിടക്കുന്നത് കൊണ്ട് തമിഴ് ചുറ്റുപാടുള്ള ഒരു ദ്രാവിഡ ജനവിഭാഗവുമാണ്. ഈ തദ്ദേശീയ ജനതയും മുന്പ് പറഞ്ഞ മൂന്നു കുടിയേറ്റ ജനതയും ചേർന്നാണ് മേപ്പാടിയും അതിനോട് ചുറ്റുകിടക്കുന്ന ദേശങ്ങളും ഉണ്ടാക്കിയെടുത്തത്.

തേയില തോട്ടത്തിൻറെ ചരിത്രം പറയാൻ എന്തിന് മേപ്പാടിയുടെ ചരിത്രം പറയുന്നു? അത് മറ്റൊന്നും കൊണ്ടല്ല, മേപ്പാടി എന്ന ദേശത്തിൻറെ കഥ തീർച്ചയായും ഇവിടുത്തെ തേയില തോട്ടത്തിൻറെയും കഥ കൂടിയാണ് എന്നത് കൊണ്ടാണത്. മേപ്പാടിയുടെ കഥ പോലെ തന്നെ ഇവിടുത്തെ തേയില തോട്ടത്തിൻറെയും തൊഴിലാളികളുടെയും ചരിത്രവും മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ്. സ്വാതന്ത്ര്യത്തിനു മുൻപ്, സ്വാതന്ത്ര്യത്തിനു ശേഷം, 1990കളിലെ പുതിയ സാമ്പത്തിക നയങ്ങൾക്ക് ശേഷം എന്നീ മൂന്നു കാലഘട്ടങ്ങളിലൂടെ മാത്രമേ മേപ്പാടിയിലെ തേയില തോട്ടങ്ങളുടെ കഥ പറയാൻ കഴിയൂ.

സ്വാതന്ത്ര്യത്തിനു മുൻപ്‌

നിധി തേടി വന്ന ഒന്നാം കുടിയേറ്റക്കാരായ സായിപ്പന്മാരും അവരുടെ അടിമകളും മലമുകളിലെ കോടമഞ്ഞിനെയും വന്യമൃഗങ്ങളെയും വകവെക്കാതെ തേയില തോട്ടങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത് ഏകദേശം 1800കളിലാണ്. രേഖകൾ പ്രകാരം വയനാട്ടിലെ ആദ്യത്തെ തേയില തോട്ടം കല്പറ്റ-മേപ്പാടി പ്രദേശങ്ങൾക്ക് അടുത്ത് പെരുന്തട്ടയിലാണ് സ്ഥാപിക്കപ്പെട്ടത്. 1829ൽ യൂറോപ്പിലെയും ഇന്ത്യയിലെയും പ്ലാന്റേഷൻ രംഗത്തെ അക്കാലത്തെ അതികായരായിരുന്ന PARI & COMPANY ആണ് ആദ്യത്തെ തേയില പ്ലാന്റേഷൻ വയനാട്ടിൽ ആരംഭിച്ചത്. PARI & COMPANY-ക്ക് ശേഷം പല വമ്പന്മാരും കോടമഞ്ഞു മൂടിയ മേപ്പാടിയുടെ മലനിരകളിൽ ചായയുടെ ഗന്ധം നിറച്ചു. HARRISON MALAYALAM LTD. പിൽകാലത്ത് വയനാട്ടിലെ പ്രത്യേകിച്ച് മേപ്പാടി പ്രദേശങ്ങളിലെ ഭൂരിഭാഗം എസ്റ്റേറ്റുകളും സ്വന്തം കയ്യിലാക്കി. അവരെക്കൂടാതെ PODAR COMPANY-യും AVT COMPANY-യും പിന്നെ ചില്ലറ നാട്ടുമുതലാളിമാരും കൂടി മേപ്പാടി പ്രദേശത്തെ ആകെ വീതിച്ചെടുത്തു എന്ന് പറയുന്നതാവും ശരി.

താമസിക്കാൻ പൊട്ടിപ്പൊളിഞ്ഞ ലയങ്ങൾ, കുടിവെള്ളമോ, ശൌചാലയമോ ഒന്നുമില്ലാത്ത പരിസരം. കൂലി സമ്പ്രദായം പോലും ഇല്ലായിരുന്നു. പകരം കമ്പനി വക ‘ചീട്ട്’ നൽകും. ഈ ചീട്ടു കാണിച്ചു കമ്പനി സ്റ്റോറിൽ നിന്ന് സാധനം വാങ്ങാം, അതും വളരെ കുറച്ച്. കമ്പനി കൂലി പണമായി നൽകാത്തതിന് പിന്നിൽ വലിയൊരു കാരണമുണ്ടായിരുന്നു. പല ദേശങ്ങളിൽ നിന്നും ഇവിടെ കൊണ്ട് വന്നു അടിമ ജീവിതം നയിക്കുന്ന തൊഴിലാളിക്ക് പണിക്ക് കൂലി പണമായി കൊടുത്താൽ അവൻ ആ പണം കൊണ്ട് നാട് വിടുമെന്ന് കമ്പനിക്കുറപ്പായിരുന്നു. അതുകൊണ്ടാണ് കമ്പനി കൂലിക്ക് പകരം ചീട്ടു നൽകിയത്. ഇതിനൊക്കെ പുറമേ തൊഴിലാളി നേരിട്ട വലിയൊരു പ്രശ്നം കങ്കാണിമാരെന്ന ഗുണ്ടാപ്പടയുടെ കൊടിയ മർദനമായിരുന്നു.

മുന്പ് പറഞ്ഞ മേപ്പാടിയിലേക്കുള്ള രണ്ടാം കുടിയേറ്റം തുടങ്ങുന്നത് ഇവിടെയാണ്‌. എസ്റ്റേറ്റുകളിലേക്ക് പണിക്കായി സായിപ്പന്മാർക്ക് തൊഴിലാളികളെ കൊണ്ട് വരാൻ കങ്കാണിമാർ എന്നറിയപ്പെട്ട ഗുണ്ടാപ്പട തമിഴ്നാട്ടിലും കർണാടകത്തിലും മറ്റു വിവിധ ദേശങ്ങളിലും പോയി ആളുകളെ കൊണ്ട് വന്നു. മേപ്പാടിയിലെ തേയില തോട്ടങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ തൊഴിലാളി വിഭാഗം ഇങ്ങനെ കുടിയേറി എത്തിയവരാണ്. കർണാടകയിലെ മംഗലാപുരം, തമിഴ്നാട്ടിലെ മധുര, തേനി എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തിയത്. അടിമകൾക്ക് സമാനമായ അവസ്ഥയാണ് തൊഴിലാളികൾ ഇവിടെ നേരിട്ടത്. യാതൊരു വിധ തൊഴിൽ നിയമങ്ങളും അംഗീകരിക്കാതെ അതിക്രൂരമായി ആദ്യകാലത്ത് തൊഴിലാളികളെ എസ്റ്റേറ്റു അധികാരികൾ ഉപയോഗിച്ചു പോന്നു. വന്യമൃഗങ്ങളും കണ്ണ് മൂടുന്ന കോടയും കാടും ഈ കുടിയേറ്റ തൊഴിലാളിക്ക് സൃഷ്‌ടിച്ച വെല്ലുവിളികളെക്കാൾ ഏറെ അവരെ ബുദ്ധിമുട്ടിച്ചത് അവരെ അടിമയാക്കി വച്ച എസ്റ്റേറ്റ് അധികാരികളായിരുന്നു.

xdfdfd

സ്വാതന്ത്ര്യത്തിനു മുൻപെയുള്ള കുടിയേറ്റക്കാരിൽ ഒരാളായ 90 വയസ്സു കഴിഞ്ഞ മംഗലാപുരം സ്വദേശിയായ രാമു ചേട്ടൻറെ വാക്കുകളിൽ പറയുകയാണെങ്കിൽ “അന്നൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കങ്കാണിമാർ വന്ന് നമ്മളെ തല്ലി എണീപ്പിച്ചു പണിക്ക് കൊണ്ട് പോകും. ഭയങ്കര കോടമഞ്ഞും, കാടും, ആനയും... കൂലി പോലും തരില്ലായിരുന്നു. ഇടക്ക് കമ്പനി കടയിൽ നിന്ന് സാധനം തരും അത് മാത്രം, നാട്ടിൽ പോകാനൊന്നും സമ്മതിക്കൂല്ല...“ രാമു ചേട്ടൻ പറഞ്ഞതിനേക്കാൾ ഭീകരമായിരുന്നു ആദ്യകാലങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ. താമസിക്കാൻ പൊട്ടിപ്പൊളിഞ്ഞ ലയങ്ങൾ, കുടിവെള്ളമോ, ശൌചാലയമോ ഒന്നുമില്ലാത്ത പരിസരം. കൂലി സമ്പ്രദായം പോലും ഇല്ലായിരുന്നു. പകരം കമ്പനി വക ‘ചീട്ട്’ നൽകും. ഈ ചീട്ടു കാണിച്ചു കമ്പനി സ്റ്റോറിൽ നിന്ന് സാധനം വാങ്ങാം, അതും വളരെ കുറച്ച്. കമ്പനി കൂലി പണമായി നൽകാത്തതിന് പിന്നിൽ വലിയൊരു കാരണമുണ്ടായിരുന്നു. പല ദേശങ്ങളിൽ നിന്നും ഇവിടെ കൊണ്ട് വന്നു അടിമ ജീവിതം നയിക്കുന്ന തൊഴിലാളിക്ക് പണിക്ക് കൂലി പണമായി കൊടുത്താൽ അവൻ ആ പണം കൊണ്ട് നാട് വിടുമെന്ന് കമ്പനിക്കുറപ്പായിരുന്നു. അതുകൊണ്ടാണ് കമ്പനി കൂലിക്ക് പകരം ചീട്ടു നൽകിയത്. ഇതിനൊക്കെ പുറമേ തൊഴിലാളി നേരിട്ട വലിയൊരു പ്രശ്നം കങ്കാണിമാരെന്ന ഗുണ്ടാപ്പടയുടെ കൊടിയ മർദനമായിരുന്നു. ഒരു തൊഴിലാളി നുള്ളുന്ന കൊളുന്തിനു കൃത്യമായി കമ്മീഷൻ സായിപ്പ് കങ്കാണിമാർക്ക് നൽകിയിരുന്നു. അത് കൊണ്ട് തന്നെ തൊഴിലാളി എത്ര അവശനാനാണ് എങ്കിലും, വയനാടിൻറെ കോടമഞ്ഞിൽ മലേറിയ വന്നതാണെങ്കിലും, പണിക്ക് പോകാതിരിക്കാനോ നാട് വിടാനോ കങ്കാണിമാർ സമ്മതിക്കില്ല. രാമു ചേട്ടൻ പറഞ്ഞത് പ്രകാരം പുലർച്ചെ തന്നെ കങ്കാണിമാർ ലയങ്ങളിലെത്തും. കയ്യിലെ വലിയ വടി വച്ച് തൊഴിലാളികളെ അടിച്ചെഴുന്നേല്പ്പിച്ച് പണിക്ക് കൊണ്ട് പോകും. എത്ര വയ്യാത്ത തൊഴിലാളിയും കങ്കാണിമാരുടെ അടി പേടിച്ച് തോട്ടങ്ങളിലേക്ക് പോകും. കങ്കാണിമാരെ എതിർത്ത പുരുഷ തൊഴിലാളികളുടെ ശബ്ദം മലമടക്കുകൾക്ക് പുറത്ത് കേൾപ്പിക്കാതെ കൊന്നു കുഴിച്ചു മൂടി. സ്ത്രീ തൊഴിലാളികളെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കി കൊലപ്പെടുത്തി പോന്നു. അത്യന്തം ഭീതിജനകമായ കഥയാണ് ഏകദേശം സ്വാതന്ത്ര്യത്തിനു മുന്പ് വരെയുള്ള തേയില കാടുകൾക്ക് പറയാനുള്ളത്. എല്ലാ വിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്ക് 20-ആം നൂറ്റാണ്ടിൻറെ ആദ്യ പകുതി വരെയെങ്കിലും ഈ തൊഴിലാളി വിഭാഗം വിധേയരായിട്ടുണ്ട്.

1930-കൾക്ക് ശേഷം

ഏകദേശം 1930 വരെയെങ്കിലും തൊഴിലാളിയെ അടിമയായി മാത്രം കണ്ടിരുന്ന നയം കമ്പനി തുടർന്ന് പോന്നു. വയനാട്ടിലെ സ്വാതന്ത്ര്യ സമരവും തുടർന്നുള്ള പ്രക്ഷോഭങ്ങളും കുറച്ചെങ്കിലും ശക്തി പ്രാപിക്കുന്നത് 1930കൾക്ക് ശേഷമാണ്. അത് വരെ പഴശ്ശിരാജാവിൻറെ കഥ മാത്രമാണ് സാമ്രാജ്യത്വ വിരുദ്ധ സമരമായി വയനാട്ടിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 1930കൾക്ക് ശേഷവും സ്വാതന്ത്ര്യ സമരം വയനാട്ടിൽ ശക്തി പ്രാപിച്ചു എന്ന് പറയാൻ പറ്റില്ല, മറിച്ച് അത് ചില സോഷ്യലിസ്റ്റ് കോൺഗ്രസ്‌ പ്രമാണിമാരുടെയും പള്ളിയുടെയും കാട്ടികൂട്ടലുകൾ മാത്രമായിരുന്നു. എന്നിരുന്നാലും ഏകദേശം 1930കൾക്ക് ശേഷമാണ് തോട്ടം തൊഴിലാളികൾക്കിടയിൽ നിന്ന് സംഘടിത പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങുന്നത്. രാജ്യത്താകെയുള്ള സ്വാതന്ത്ര്യ പോരാട്ടം തൊഴിലാളികൾക്കിടയിലും പ്രതിഫലിച്ചു എന്ന് വേണം കരുതാൻ. 1952ൽ സഖാവ് ഇ. എം. എസ്. ദേശാഭിമാനിയിൽ എഴുതിയ ഒരു പത്രകുറിപ്പിലൂടെയാണ് വയനാട്ടിലെ തോട്ടം തൊഴിലാളി പ്രശ്നങ്ങൾ കേരളം ആദ്യമായി കേൾക്കുന്നത്. ഏകദേശം 1940കളിൽ തന്നെ തോട്ടം മേഖലയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു, ആദ്യ കാലത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകർ കോൺഗ്രസ്‌ ട്രേഡ് യൂണിയനുകളുടെ കൂടെ ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. പക്ഷെ പിന്നീട് കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിൽ പുതിയ യൂണിയൻ വരുകയും ശക്തമായ സമരങ്ങളിലൂടെ തൊഴിലാളികളുടെ ഇടയിൽ വലിയ സ്വീകാര്യത നേടുകയും ചെയ്തു. ഇന്ന് വയനാട്ടിലെ തോട്ടം തൊഴിലാളികളിൽ സിംഹഭാഗവും ഇടതു ട്രേഡ് യൂണിയനുകളുടെ ഭാഗമാണ്. ട്രേഡ് യൂണിയനുകളുടെ കടന്നു വരവും സ്വതന്ത്രാനന്തര ഗവണ്മെന്റും തൊഴിലാളികളുടെ ദുരവസ്ഥക്ക് മാറ്റങ്ങളുണ്ടാക്കി. 1940കളോടെ തന്നെ വരാൻ പോകുന്ന മാറ്റത്തെ മുൻകൂട്ടി കണ്ട ബ്രിട്ടീഷ്കാർ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ രണ്ടു കമ്മീഷനുകളെ നിയമിച്ചു. 1944-45 കാലത്ത് നിയമിക്കപ്പെട്ട LABOUR INVESTIGATION COMMITTEE, ഡോ. റീഗെയുടെ നേതൃത്വത്തിൽ ഇന്ത്യ മൊത്തം സന്ദർശനം നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഈ കമ്മീഷന് പുറമേ, ഡോ.ലോയിഡ് ജോൺസ്‌ അധ്യക്ഷനായ അന്വേഷണ കമ്മീഷനും ‘റോയൽ കമ്മീഷൻ ഓൺ ലേബർ’ എന്ന രാജകീയ അന്വേഷണ കമ്മീഷനും തെളിവെടുപ്പുകൾ നടത്തി. ഈ കമ്മിറ്റികളുടെ ഫലമായി ഡിസ്പ്പെന്സറികളും, ആശുപത്രികളും, സിക്ക് ലീവ്, പ്രസവ കാല അവധി എന്നിവയും തീരുമാനിക്കപ്പെട്ടു. 1947ൽ സർകാറിൻറെയും, തൊഴിലാളി-മുതലാളി പ്രതിനിധികളുടെയും ചേർന്നുള്ള കമ്മിറ്റിയായ PLANTATION LABOUR COMMITTEE (PLC) രൂപികരിക്കപ്പെട്ടു, തുടർന്ന് 1951ൽ പ്ലാൻറെഷൻ മേഖലയിലെ വിശുദ്ധ ഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന PLANTATION LABOUR ACT പാസ്സാക്കപ്പെട്ടു. ഈ നിയമങ്ങളും കമ്മിറ്റികളും ഈ രംഗത്ത് വഴിതിരിവുകളായി.

1940കൾ മുതൽ 1990കൾ വരെയുള്ള കാലഘട്ടത്തിൽ ആണ് ട്രേഡ് യൂണിയനുകൾ പ്ലാന്റേഷൻ രംഗത്ത് ചുവടുറപ്പിക്കുന്നത്. ചൂഷകരായ പ്ലാന്റേഷൻ മുതലാളിമാർക്കെതിരെ നിരന്തരം സമരങ്ങളിലൂടെയും മറ്റും അവകാശങ്ങൾ നേടിയെടുക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്ന പോരാട്ടങ്ങളുടെ കാലഘട്ടം കൂടിയാണിത്. വയനാട്ടിലെ എസ്റ്റേറ്റുകൾകളിൽ പ്രത്യേകിച്ച് മേപ്പാടി മേഖലകളിൽ വയനാട് ലേബർ യൂണിയൻ (CITU) ആണ് കൂടുതൽ തൊഴിലാളികളുടെയും യൂണിയൻ.

ആഗോള തലത്തിലുണ്ടായ രാഷ്ട്രീയ തിരിച്ചടികൾ സായിപ്പന്മാരെ ഇന്ത്യ വിടാൻ പ്രേരിപ്പിച്ചു. തുടർന്ന് ഭരണം നാടൻ സായിപ്പന്മാർക്കായി. തോട്ടം മേഖല വിട്ടു പോകുന്നതിനു മുമ്പ് എസ്റ്റേറ്റ്‌ തലത്തിൽ അവർ ആവിഷ്കരിച്ച നിരവധി കാര്യങ്ങൾ തന്നെയാണ് ഇന്നും ഈ മേഖലയിലുള്ളത് അല്ലെങ്കിൽ അത് മാത്രമാണുള്ളത്.

1951ലെ PLANTATION LABOUR ACT ആണ് തോട്ടം മേഖലയിലുണ്ടായ പ്രധാന നേട്ടം. സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ്കാർ നിയോഗിച്ച പഠനങ്ങളുടെ നിർദേശങ്ങൾ അടങ്ങിയതായിരുന്നു PLANTATION ACT 1951. ആക്ട്‌ പ്രകാരം തൊഴിലാളികൾക്ക് വീട്, ശുദ്ധജലം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യപരിരക്ഷ, മറ്റു ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നിവ ഉറപ്പു വരുത്തി. ഇതിനു പുറമേ പൊതുവായ റിക്രിയേഷൻ ക്ലബുകൾ, മൈതാനങ്ങൾ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ആക്ട്‌ മുന്നോട്ട് വച്ചു. കാലം മാറിയതോടെ കമ്പനി വക അടിമത്തവും കങ്കാണിമാരുടെ അക്രമവും അവസാനിക്കപ്പെട്ടു. പക്ഷെ കാലക്രമത്തിൽ കങ്കാണിമാരൊക്കെ സൂപ്പർവൈസർമാരായും ഫീൽഡ് ഓഫീസർമാരായും പുനർജനിക്കപ്പെട്ടു. തൊഴിലാളികളോടുള്ള ചൂഷണം തുടർന്നു കൊണ്ടേയിരുന്നു.

1940കൾ മുതൽ 1990കൾ വരെയുള്ള ഈ കാലഘട്ടത്തിൽ ആണ് ട്രേഡ് യൂണിയനുകൾ പ്ലാന്റേഷൻ രംഗത്ത് ചുവടുറപ്പിക്കുന്നത്. ചൂഷകരായ പ്ലാന്റേഷൻ മുതലാളിമാർക്കെതിരെ നിരന്തരം സമരങ്ങളിലൂടെയും മറ്റും അവകാശങ്ങൾ നേടിയെടുക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്ന പോരാട്ടങ്ങളുടെ കാലഘട്ടം കൂടിയാണിത്. വയനാട്ടിലെ എസ്റ്റേറ്റുകൾകളിൽ പ്രത്യേകിച്ച് മേപ്പാടി മേഖലകളിൽ വയനാട് ലേബർ യൂണിയൻ (CITU) ആണ് കൂടുതൽ തൊഴിലാളികളുടെയും യൂണിയൻ. നിരന്തര പോരാട്ടങ്ങളുടെയും അവകാശ സമരങ്ങളുടെയും അടിമത്വത്തിൽ നിന്നുള്ള മോചനങ്ങളുടെയും കാലഘട്ടമായി 1930-1990 കാലഘട്ടത്തെ മേപ്പാടിയിലെ തേയില തോട്ടങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്താം.

1990-കൾക്ക് ശേഷം / നിയോ ലിബറൽ പോളിസികളുടെ അനന്തര ഫലം

ആഗോള തലത്തിലുണ്ടായ മുതലാളിത്ത പ്രതിസന്ധി മുതലാളിത്ത ശക്തികളെ പുതിയ വിപണികൾ തേടുന്നതിലേക്ക് എത്തിക്കുകയും, സാമ്പത്തിക പ്രതിസന്ധി നേരിട്ട ഇന്ത്യയെ വേൾഡ് ബാങ്കിൻറെയും IMF ൻറെയും വാരി കുഴികളിൽ പെടുത്തി രാജ്യത്തിൻറെ സാമ്പത്തിക നയങ്ങൾ മാറ്റി എടുക്കാനും അത് വഴി ഇന്ത്യൻ വിപണിയെയും ഇന്ത്യയിലെ വലിയ കച്ചവടത്തെയും തട്ടി എടുക്കാനും അന്താരാഷ്ട്ര കുത്തകകൾക്ക് കഴിഞ്ഞു. 1990കളിലെ LPG പോളിസികൾ (LIBERALIZATION, PRIVATIZATION, GLOBALIZATION) വഴി ഇന്ത്യയിലെയും പുറത്തെയും മുതലാളിമാർ വലിയ രീതിയിൽ വികസിക്കുകയും ഇന്ത്യയിലെ അടിസ്ഥാന വർഗത്തിൻറെ അവസ്ഥ കൂടുതൽ ദയനീയമാവുകയും ചെയ്തു. ഈ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഇന്ന് ഗവണ്മെൻറനെ പോലും തീരുമാനിക്കുന്ന തരത്തിലേക്ക് ജനാധിപത്യ ഇന്ത്യയിലെ കുത്തകകൾ വളർന്നു.

സമരങ്ങളെല്ലാം പരാജയപ്പെടുകയും ട്രേഡ് യൂണിയനുകൾ സ്ഥാപനവല്കരിക്കപ്പെടുകയും ചെയ്തതോടെ, തൊഴിലാളികളുടെ ആകെയുള്ള പ്രതീക്ഷ ആയിരുന്ന യൂണിയനും നിയോ ലിബറൽ കാലത്തെ അതിജീവിക്കാനാവാതെ ഉഴലുകയാണ്. സംഘടനാ ബോധത്തെ ആക്രമിച്ച നിയോ ലിബറൽ കാലം സമൂഹത്തെ വലിയ തോതിൽ വലതുപക്ഷ വല്കരിക്കുകയും, സമരങ്ങളൊക്കെയും പ്രശ്ങ്ങളാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഇത് കുത്തകകൾക്ക് വലിയ മുതൽ കൂട്ടായി. തൊഴിലാളികളും സമരക്കാരും പൊതുബോധത്തിനു മുന്നിൽ വില്ലന്മാരായി ചിത്രീകരിക്കപ്പെട്ടു. മുതലാളിത്തത്തിൻറെ കുഴലൂത്തുകാരായ പത്ര-ദൃശ്യ മാധ്യമങ്ങൾ വലിയ രീതിയിൽ ആളുകളെ രാഷ്ട്രീയമായി ഷണ്ഡീകരിക്കാൻ നിയോ ലിബറൽ കാലത്ത് ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

മറ്റെല്ലാ മേഖലയിലുമെന്ന പോലെ നിയോ ലിബറൽ പോളിസികൾ അല്ലെങ്കിൽ 90കളിലെ പുത്തൻ സാമ്പത്തിക നയങ്ങൾ തോട്ടം മേഖലയെയും സാരമായി ബാധിച്ചു. ഈ നയങ്ങളുടെ ഭാഗമായി ഒപ്പ് വച്ച ആസിയാൻ പോലുള്ള കരാറുകൾ രാജ്യത്തിൻറെ കാർഷിക മേഖലയെ ആകെ ബാധിച്ചു.

പുത്തൻ സാമ്പത്തിക നയങ്ങൾ ആഗോള തലത്തിൽ രൂപപ്പെടുത്തിയ പുതിയ തൊഴിൽ രീതികൾ, അതായത് സ്ഥിരം തൊഴിൽ എന്ന സാധ്യതയെ എടുത്തു കളഞ്ഞുകൊണ്ട് മൊത്തം തൊഴിലും കോണ്ട്രാക്ട്ടുകളായോ, ദിവസക്കൂലി ആയോ മാറ്റുക എന്ന കുത്തകകളുടെ കുരുട്ടു ബുദ്ധി പ്ലാന്റേഷൻ മേഖലയിലും പരീക്ഷിക്കപ്പെട്ടു. സ്ഥിരം തൊഴിലാളികളെ പിരിച്ചു വിടുകയും കരാർ തൊഴിലാളികളെ മാത്രം നിയമിക്കുകയും വഴി ലാഭം കൊയ്യാൻ മാനേജ്മെന്റുകൾ ശ്രമം തുടങ്ങി. ഈ നീക്കം മൂലം സ്ഥിരം അല്ലാത്ത തൊഴിലാളികൾക്ക് തൊഴിൽ നിയമത്തിൻറെ സംരക്ഷണം ലഭിക്കാതെ വരുകയും മുതലാളിക്ക് വലിയ ചൂഷണത്തിനുള്ള കളം ഒരുങ്ങുകയും ചെയ്തു.

പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ആഗോള കുത്തകകൾ ഉത്പാദന മേഖല (MANUFACTURING) വിട്ട് സേവന മേഖലക്ക് (SERVICE) പ്രാധാന്യം കൊടുക്കാൻ തുടങ്ങി. സേവന മേഖലയിലെ സർകാർ നിക്ഷേപങ്ങൾ മൊത്തം തിരിച്ചെടുക്കുകയും (DISINVESTMENT) തുടർന്ന് കുത്തകൾക്ക് വിദ്യഭ്യാസം, ആരോഗ്യം, ഇൻഷുറൻസ്, ബാങ്കിംഗ് തുടങ്ങിയ അവശ്യ സേവന മേഖലകൾ തീറെഴുതി കൊടുക്കുകയും ചെയ്തു. തുടർന്ന് വലിയ ലാഭം ഈ മേഖലയിലാണ് എന്ന് തിരിച്ചറിഞ്ഞ കുത്തകകൾ ഉൽപാദന മേഖലയെ പതിയെ കയ്യൊഴിയാൻ തുടങ്ങി. ഇത് തോട്ടം മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

xdfdfd

പുതിയ ഉദാരവല്കരണ നയങ്ങളുടെ ഭാഗമായി സർക്കാർ പോളിസികൾഎല്ലാം തന്നെ മാറുകയും തൊഴിൽ നിയമങ്ങൾ ലഘൂകരിക്കുകയും എകണോമിക് സോണുകൾ പോലുള്ളവ അനുവദിച്ചു കൊണ്ട് എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തുകയും ചെയ്യുക വഴി സാധാരണ തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നിലപാടാണ് മാറി വന്ന സർകാറുകൾ സ്വീകരിച്ചത്. ഇതിനു പുറമേ ക്ഷേമ പദ്ധതികളിൽ (WELFARE MEASURES) നിന്ന് സർകാറുകൾ പിന്മാറുകയും തുടർന്ന് സർക്കാർ ഫണ്ട് വിനിയോഗത്തിൽ ഒരു പങ്ക് പോലും സാധാരണ ജനങ്ങൾക്ക് ലഭിക്കാതാവുകയും ചെയ്തതോടെ തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിട്ടു. രാജ്യത്തിൻറെ സാമ്പത്തിക മേഖലയിൽ കുത്തകകളുടെ നേരിട്ടുള്ള ഇടപെടൽ വലിയ രീതിയിലുള്ള വിലക്കയറ്റത്തിനും പണപെരുപ്പത്തിനും കാരണമാവുകയും ഇത് സാധരണ തോട്ടം തൊഴിലാളികളടക്കമുള്ളവരുടെ സാമൂഹ്യ ജീവിതത്തെ പോലും വലിയ രീതിയിൽ തകിടം മറിക്കുകയും ചെയ്തു. ആഴ്ചയിൽ 70 രൂപ മാത്രം ചിലവ് കാശ് ലഭിക്കുന്ന തോട്ടം തൊഴിലാളിക്ക് താങ്ങാവുന്നതിൻറെ അപ്പുറം അവശ്യ സാധനങ്ങളുടെ വില കയറുകയും ഇത് അവൻറെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു.

മറ്റൊരു പ്രധാന പ്രശ്നം ജോലി ഭാരം വർധിപ്പിച്ചു എന്നുള്ളതാണ്. 1990കളിൽ 10 കിലോഗ്രാം തേയില നുള്ളിയാൽ മുഴുവൻ കൂലി ലഭിക്കുമായിരുന്ന തൊഴിലാളിക്ക് ഇന്നു 2016ൽ 33 കിലോഗ്രാം എങ്കിലും നുള്ളിയാലേ മുഴുവൻ കൂലി ലഭിക്കുകയുള്ളൂ. സർകാറുകൾ നിയോ ലിബറൽ കാലത്ത് നോക്കുകുത്തികളാവുക വഴി PLC ( PLANTATION LABOUR COMMITTEE) യോഗങ്ങൾ പ്രഹസനമാവുകയും തീർത്തും അശാസ്ത്രീയമായ ശമ്പള മാറ്റങ്ങൾ മാത്രം കാലാകാലം നടക്കുകയും ചെയ്തു. കൃത്യമായി ജോലി ഭാരം കൂട്ടാൻ മാത്രം മുതലാളി താൽപര്യപ്പെട്ടു.

മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം ട്രേഡ് യൂണിയൻ രംഗത്തുണ്ടായ പിന്നോട്ട് പോക്കാണ്. സമരങ്ങളെല്ലാം പരാജയപ്പെടുകയും ട്രേഡ് യൂണിയനുകൾ സ്ഥാപനവല്കരിക്കപ്പെടുകയും (Institutionalize) ചെയ്തതോടെ, തൊഴിലാളികളുടെ ആകെയുള്ള പ്രതീക്ഷ ആയിരുന്ന യൂണിയനും നിയോ ലിബറൽ കാലത്തെ അതിജീവിക്കാനാവാതെ ഉഴലുകയാണ്. സംഘടനാ ബോധത്തെ ആക്രമിച്ച നിയോ ലിബറൽ കാലം സമൂഹത്തെ വലിയ തോതിൽ വലതുപക്ഷ വല്കരിക്കുകയും, സമരങ്ങളൊക്കെയും പ്രശ്ങ്ങളാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഇത് കുത്തകകൾക്ക് വലിയ മുതൽ കൂട്ടായി. തൊഴിലാളികളും സമരക്കാരും പൊതുബോധത്തിനു മുന്നിൽ വില്ലന്മാരായി ചിത്രീകരിക്കപ്പെട്ടു. മുതലാളിത്തത്തിൻറെ കുഴലൂത്തുകാരായ പത്ര-ദൃശ്യ മാധ്യമങ്ങൾ വലിയ രീതിയിൽ ആളുകളെ രാഷ്ട്രീയമായി ഷണ്ഡീകരിക്കാൻ നിയോ ലിബറൽ കാലത്ത് ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

1990കൾക്ക് ശേഷം സാമ്പത്തിക രംഗത്തുണ്ടായ മാറ്റവും സർകാരിൻറെ പുത്തൻ സാമ്പത്തിക നയങ്ങളും പാവപ്പെട്ട തോട്ടം തൊഴിലാളികളെയും വളരെ രൂക്ഷമായി ബാധിച്ചു. കൃഷി അടക്കമുള്ള ഉത്പാദന മേഖലയെ പൂർണമായും കൈവിട്ട കുത്തകകൾ വരുന്ന 5-10 വർഷങ്ങൾ കൊണ്ട് വയനാട്ടിലെ തേയില തോട്ടങ്ങൾ പൂർണമായും അവസാനിപ്പിച്ചേക്കും. പച്ച വിരിച്ചു നിൽക്കുന്ന, കോടമഞ്ഞിൻറെ കഥകൾ പറഞ്ഞിരുന്ന ഈ മലഞ്ചെരിവുകളാകെ അവർ റിയൽ എസ്റ്റേറ്റുകാർക്കോ, ടൂറിസം ഭീമൻമാർക്കോ മുറിച്ചു കൊടുത്തേക്കാം. ചൈനക്കാരൻറെ ചൂട് വെള്ള കോപ്പയിൽ പറന്നു വീണ ഇലക്ക് ഒരുപക്ഷെ ഈ കുന്നിറങ്ങി പോവാനുള്ള വഴിയും കുത്തകകൾ വരച്ചു കഴിഞ്ഞിട്ടുണ്ടാവും. എന്ത് തന്നെയായാലും ഒട്ടും കാല്പനികമല്ലാത്ത ഒരു വലിയ വിപ്ലവചരിത്രം ഈ ഇലക്കും ഈ ജനവിഭാഗത്തിനും പറയാനുണ്ട്.