ജനാധിപത്യത്തെ ആര്‍ക്കാണ് ഭയം?

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടു ചെയ്താല്‍ തീരുന്നതാണോ ഒരു രാജ്യത്തെ ജനാധിപത്യപരിപാലനത്തെ സംബന്ധിച്ചുള്ള ഒരു പൗരന്റെ കടമ? അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പൂ നടത്തുന്നു എന്നതു മാത്രമാണോ ജനാധിപത്യത്തിന്റെ നിര്‍വചനം? ജനങ്ങള്‍ തങ്ങളുടെ മേല്‍ തങ്ങള്‍ക്കു മാത്രമുള്ള അധികാരത്തിന്റെ ഒരംശം പൊതുകാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ചില പ്രതിനിധികള്‍ക്കു ഒരു നിശ്ചിതകാലത്തേക്കു പതിച്ചു നല്കുന്നതു മാത്രമാണ് തിരഞ്ഞെടുപ്പ്. പക്ഷെ അതു നടന്നതുകൊണ്ട് മാത്രം ജനാധിപത്യമാകുന്നില്ല. അങ്ങനെ അധികാരം ലഭിച്ചവര്‍ ജനനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം ജനങ്ങളുടെ മേല്‍ പോലീസിനേയും പട്ടാളത്തെയുമുപയോഗിച്ച് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അവരെ താക്കീത് ചെയ്യാനും, വേണ്ടി വന്നാല്‍ അവരില്‍ നിന്നും ആ അധികാരം തിരിച്ചുവാങ്ങിക്കാനും ആര്‍ജ്ജവമുള്ള ഒരു ജനതയ്ക്കെ ജനാധിപത്യത്തെ സംരക്ഷിക്കാനാവു. ആ താക്കീതുകളാണ് പ്രകടനങ്ങളും, സമരങ്ങളും, ഹര്‍ത്താലുകളുമൊക്കെ. അതുകൊണ്ടു തന്നെ ഭരണവര്‍ഗ്ഗത്തിന്റെ പിന്നാമ്പുറത്തെ എച്ചില്‍തീനികള്‍ക്ക് അത്തരം പ്രതിഷേധങ്ങളോട് എന്നും ഒരു അടക്കിപിടിച്ച മുരള്‍ച്ചയാണ്. അങ്ങനെ ഉയരുന്ന പ്രതിഷേധസ്വരങ്ങളെ 'ജനാധിപത്യവിരുദ്ധം' എന്നു മുദ്രകുത്താനുള്ള ശ്രമത്തിന്റെ വ്യഗ്രതയും യഥാര്‍ത്ഥ ജനാധിപത്യത്തോടുള്ള ഭീതിയില്‍ നിന്നു തന്നെയാണ് ജനിക്കുന്നത്.

പി. ജയരാജന്റെ അറസ്റ്റ്

ഷുക്കൂര്‍ എന്ന ലീഗു പ്രവര്‍ത്തകന്റെ കൊലപാതകം "നടക്കുവാന്‍ പോകുന്നു" എന്നു മുന്‍കൂട്ടി അറിയാനിടയായെന്നും, അത് പൊലീസിനെ അറിയിക്കുവാന്‍ മടിച്ചു എന്നുമാരോപിച്ചാണ് ഐ.പി.സി. 118-ആം വകുപ്പ് പ്രകാരം സി. പി. ഐ. (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി. ജയരാജനെതിരെ കേസ് എടുത്തത്. ചോദ്യം ചെയ്യുവാനായി കണ്ണൂര്‍ ടൗണ്‍ സി.ഐ. ഓഫീസിലേക്കു വിളിച്ചു വരുത്തിയിട്ട്, പതിനഞ്ചു മിനിട്ടു ചോദ്യം ചെയ്ത ശേഷമാണ് പി. ജയരാജനെ അറസ്റ്റു ചെയ്തത്. അറസ്റ്റിനു ശേഷം നടന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കുവാന്‍ വേണ്ടി പൊലീസ് കണ്ണൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തു.

2012 ഫെബ്രുവരി ഇരുപതിനു മുസ്ലിം ലീഗു പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ തളിപ്പറമ്പിലെ പാര്‍ടി പ്രവര്‍ത്തകരെ (പൊലീസിനെ അറിയിച്ച ശേഷം) സന്ദര്‍ശിച്ചു മടങ്ങി വരവെ പി. ജയരാജനും സംഘവും സഞ്ചരിച്ച കാറിനെതിരെ അക്രമമുണ്ടാവുകയും അതില്‍ പരിക്കേറ്റ ജയരാജനെ ആശുപതിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. പൊലീസിന്റെ "കണ്ടത്തലിലനുസരിച്ച്" ആശുപത്രിയില്‍ പരിക്കേറ്റ് അവശനായി കിടക്കുന്ന ഈ അവസ്ഥയിലാണ് പി. ജയരാജന്‍ കേസിനാസ്പദമായ "കുറ്റകൃത്യം" നിര്‍വ്വഹിച്ചത്. ജയരാജന്‍ മാത്രമല്ല, അന്ന് തളിപ്പറമ്പ് സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്ന സ്ഥലം എം.എല്‍.എ. ടി.വി. രാജേഷും പ്രസ്തുത കുറ്റകൃത്യത്തില്‍ പങ്കാളിയാണ്. സംശരിക്കേണ്ട, മുസ്ലിം ലീഗിന്റെ ആക്രമണത്തില്‍ ടി.വി. രാജേഷിനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു.

പ്രതികരണങ്ങള്‍

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായ സി.പി.ഐ. (എം)-ന്റെ സംസ്ഥാനനേതാവിന്റെ അറസ്റ്റൂ നടന്നപ്പോഴുണ്ടായ പ്രതികരണങ്ങള്‍ പലതാണ്. സി.പി.ഐ. (എം) വളരെ വ്യക്തമായും സ്ഥിരചിത്തതയോടെയും പറയുന്നത് ഇതാണ് - ഇപ്പോള്‍ നടന്ന പി. ജയരാജന്റെ അറസ്റ്റു മാത്രമല്ല കഴിഞ്ഞ രണ്ടു മാസമായി ടി.പി. വധം, ഫസല്‍ വധം, ഷുക്കൂര്‍ വധം, സ: മണിയുടെ പ്രസംഗം എന്നീ വിഷയങ്ങളിലൊക്കെ, ചില കേസുകളെ ദുരുപയോഗം ചെയ്തുകൊണ്ട് കേരളത്തിലെ വലതുപക്ഷഭരണകൂടം സംഘടിത ഇടതുപക്ഷപ്രസഥാനത്തെ പൊലീസ്-നിയമ സംവിധാനം പ്രയോഗിച്ചു അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്നു - എന്നാണ്.

ഭരണകൂടം എഴുതി വച്ചിരിക്കുന്ന നിയമത്തെ വെല്ലുവിളിച്ചും നിയമത്തെ ലംഘിച്ചും തെരുവുകളില്‍ ജനങ്ങളെ അണിനിരത്തിയും നടത്തിയ ഒട്ടനവധി സമരങ്ങളുടെ ഫലമാണ് ഇന്നു നാം കാണുന്ന ഇന്ത്യയും കേരളവും എന്ന് "നിയമവാഴ്ചയ്ക്ക് വിധേയരാകുവാന്‍" ഉത്തരവിടുന്ന ജനാധിപത്യവാദികളോട് സവിനയം അപേക്ഷിച്ചുകൊള്ളട്ടെ.

എന്നാല്‍ മറ്റു പ്രതികരണങ്ങളിങ്ങനെയാണ് - പാര്‍ടിയായാലും പാര്‍ടിക്കാരായാലും നിയമവ്യവസ്ഥക്കു കീഴടങ്ങണം, കേസില്‍ പങ്കില്ലെങ്കില്‍ കോടതിയില്‍ പോയി തെളിയിക്കണം, തെരുവിലല്ല തെളിയിക്കേണ്ടത്, അറസ്റ്റു ചെയ്താല്‍ ഹര്‍ത്താല്‍ നടത്തണോ, പൊലീസു ചുമ്മാ കേസെടുക്കുമോ, ഇങ്ങനെ തുടങ്ങി ഏറ്റവും ഒടുവില്‍ കേട്ട പ്രതികരണം "കള്ളക്കേസെടുത്തതാണെങ്കില്‍ കൊലക്കുറ്റം ചുമത്താമായിരുന്നു, ഇതു ഐ.പി.സി 118 മാത്രമല്ലേ ചുമത്തിയിട്ടുള്ളൂ" എന്നാണ്. ഇവിടെ ഒരു കാര്യം വ്യകതമായി മനസ്സിലാക്കേണ്ടതുണ്ട്. സാമൂഹികമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിനും പൂര്‍ണമായി ആ കാലഘട്ടത്തിലെ നിയമവ്യവസ്ഥക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്നതു അസാധ്യമാണ് - നിയമം സ്വയം മാറ്റി എഴുതാന്‍ അധികാരം ഇല്ലാത്തിടത്തോളം കാലം. അതുകൊണ്ടാണല്ലോ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തപ്പോള്‍ നിയമലംഘനമുന്നേറ്റം (Civil disobedience) എന്നൊരു സമരമുറ തന്നെ ഉണ്ടായത്. ഇത് വ്യക്തമാകുവാന്‍ ഇന്ത്യാ ചരിത്രത്തിലേക്കൊന്നും കടക്കേണ്ട കാര്യമില്ല. 1940-ലെ മൊറാഴ കര്‍ഷകസമരത്തിന്റെ ഭാഗമായി അഞ്ചാംപീടികയില്‍ നടന്ന കര്‍ഷകജാഥയെ പൊലീസ് ക്രൂരമായി ലാത്തിചാര്‍ജു ചെയ്യുകയും, അതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കുട്ടി മേനോന്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിന്റെ പേരില്‍ നിയമം വിധിച്ചതു കെ.പി.ആര്‍. ഗോപാലന്‍ എന്ന നേതാവിനെ തൂക്കിക്കൊല്ലാനായിരുന്നു. നിയമത്തിനു കീഴടങ്ങുകയാണു വേണ്ടതെങ്കില്‍ അന്നു കെ.പി.ആര്‍. ഗോപാലന്‍ സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ പോയി പിടി കൊടുത്തു തൂക്കുമരത്തില്‍ സ്വയം തൂങ്ങി മരിക്കണമായിരുന്നു. എന്നാല്‍ അതിനു പകരം ആ വിധിക്കെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ സംഘടിക്കപ്പെട്ടു. ആ സംഭവം നടന്ന മൊറാഴയും ഇന്നു ലീഗു പ്രവര്‍ത്തകര്‍ അക്രമം അഴുച്ചു വിട്ട തളിപ്പറമ്പും തമ്മില്‍ കിലോമീറ്ററുകളുടെ വ്യത്യാസമേ ഉള്ളൂ എന്നതു കേവല യാദൃശ്ചികത മാത്രമാണ്. ഭരണകൂടം എഴുതി വച്ചിരിക്കുന്ന നിയമത്തെ വെല്ലുവിളിച്ചും നിയമത്തെ ലംഘിച്ചും തെരുവുകളില്‍ ജനങ്ങളെ അണിനിരത്തിയും നടത്തിയ ഒട്ടനവധി സമരങ്ങളുടെ ഫലമാണ് ഇന്നു നാം കാണുന്ന ഇന്ത്യയും കേരളവും എന്ന് "നിയമവാഴ്ചയ്ക്ക് വിധേയരാകുവാന്‍" ഉത്തരവിടുന്ന ജനാധിപത്യവാദികളോട് സവിനയം അപേക്ഷിച്ചുകൊള്ളട്ടെ.

കമ്മ്യൂണിസ്റ്റ് ജീന്‍ പേറുന്ന വികാരജീവികള്‍ക്ക്

ചിലര്‍ പറയുന്നു "ഞാനും ഒരു കമ്മ്യൂണിസ്ടാണ്... പക്ഷെ ഈ കൊലപാതക/തെരുവ് യുദ്ധ രീതികളോട് എനിക്ക് യോജിപ്പില്ല" എന്ന്. പണ്ടെന്നോ എസ്.എഫ്.ഐ. കൊടിപിടിച്ചവരോ, അല്ലെങ്കില്‍ ജന്മം കൊണ്ട് തന്നെ "ശ്രേഷ്ഠ" കമ്യൂണിസ്റ്റ് പാരമ്പര്യം അവകാശപെടുന്നവരോ ആണ് ഇക്കൂട്ടരില്‍ ഭൂരിപക്ഷം. നിറം പിടിപ്പിച്ച കണ്ണൂര്‍ കഥകളുമായി അവര്‍ രംഗത്തുണ്ട്. പക്ഷെ ജനകീയ ജനാധിപത്യവും സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം ചോദിച്ചാല്‍ ഇക്കൂട്ടര്‍ പറയും: "എനിക്കതൊന്നും അറിയില്ല, ഞാന്‍ പുസ്തക പുഴുവല്ല, കമ്മ്യൂണിസം എന്റെ ഹൃദയത്തിലാണ്... രക്തത്തിലാണ്" എന്നൊക്കെ. ഈ വൈകാരിക ഇടതുപക്ഷക്കാരോട്‌ പറയാന്‍ ഒന്നേ ഉള്ളു: സി.പി.ഐ. (എം)-ന് ഇന്ത്യന്‍ ഭരണകൂടത്തെ കുറിച്ച് അതിന്റെ വര്‍ഗ്ഗ സ്വഭാവത്തെ കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. അതിന്റെ ബൂര്‍ഷ്വാ- ഭൂ പ്രഭു സ്വഭാവത്തെ കുറിച്ച് യാതൊരു സംശയവും ഇല്ലാത്തതു കൊണ്ടാണ് ഫ്യൂഡല്‍ മാടമ്പിയായ കെ. സുധാകരനും ബൂര്‍ഷ്വാ പത്ര മുതലാളിയായ വീരനും വിദേശ മൂലധന താല്പര്യങ്ങള്‍ക്ക് കേരളത്തെ ലേലം വിളിക്കുന്ന ഉമ്മനും സി.പി.ഐ. (എം)-ന്റെ എതിരാളികള്‍ ആയത്. ഇന്ത്യന്‍ വിപ്ലവത്തിലേക്കുള്ള സമരപാത ചില വികാര ജീവികള്‍ കൂടിയിരുന്നു കണ്ട കിനാവാണ് എന്ന് കരുതുന്നവര്‍ക്ക് നല്ല നമസ്കാരം! ലോകത്തിലെ എല്ലാ നീതിബോധവും ആദര്‍ശുദ്ധിയും ഉരുക്കിയെഴുതിയ സുവര്‍ണലിപികളല്ല ഇന്ത്യന്‍ ശിക്ഷാനിയമവും പൊലീസ് ചട്ടങ്ങളും, പൊതുവില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയും. അതു ഒരു കാലഘട്ടത്തിലെ അധികാരവര്‍ഗം അതിന്റെ അധികാരം ജനങ്ങളുടെ മേല്‍ പ്രയോഗിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച മര്‍ദ്ദനോപകരണമാണ്. മൊറാഴ സമരഘട്ടതില്‍ ബ്രിട്ടീഷ് കൊളേണിയല്‍ സാമ്രാജ്യാമാണ് പൊലീസും നിയമവ്യവസ്ഥയും സൃഷ്ടിച്ചതെങ്കില്‍ ഇന്നു ഇന്ത്യയിലെ ഫ്യൂഡല്‍ ധനികവര്‍ഗമാണു ഇവിടത്തെ നിയമവ്യവസ്ഥയുടെ സ്രഷ്ടാക്കള്‍. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരെ മുഖ്യ എതിരാളികളായി കണ്ട് അവരുടെ സമ്മേളനങ്ങളും കൂടിച്ചേരലുകളുമൊക്കെ ബ്രിട്ടീഷ് സാമ്രജ്യത്തിന് നേരെയുള്ള ഗൂഢാലോചനകളാണ് എന്ന് ആരോപിച്ച്, ശിക്ഷ വിധിച്ചിരുന്നത് വിദേശികളായിരുന്നുവെങ്കില്‍ ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കുന്നത് സ്വദേശി ഗാന്ധിയന്‍മാര്‍ഗികളാണ്.

ഒരു നിയമം, രണ്ടു നീതി

xdfdfd

അതു കൊണ്ടാണ് ഇടുക്കിയിലെ ശാന്തന്‍ പാറയില്‍ തൊഴിലാളി യൂണിയനുകളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കിരാതമായി അക്രമിച്ചതും സ: കാമരാജിനെ കൊലപ്പെടുത്തിയതും, എന്നാല്‍ ഇതൊന്നും തന്നെ നിയമവ്യവസ്ഥക്കു വിഷയമാകാഞ്ഞതും. പക്ഷെ അതിനെതിരെ സ: മണിയുള്‍പെടെയുള്ളവര്‍ നയിച്ച പ്രതിരോധത്തിന്റെ ഭാഗമായി ഒരാള്‍ കൊല്ലപ്പെട്ടതു നിയമവ്യവസ്ഥക്കു സഹിക്കാന്‍ പറ്റാത്ത പാതകമായി. കാരണം മേല്പറഞ്ഞത് തന്നെ. അധികാരവര്‍ഗം അതിന്റെ അധികാരം തങ്ങളുടെ കയ്യില്‍ എന്നെന്നേക്കുമായി നിലനിര്‍ത്തുവാനുള്ള തത്രപ്പാടില്‍ നിര്‍മ്മിച്ച മര്‍ദ്ദനോപകരണങ്ങളാണ് ഭരണകൂടവും നിയമവ്യവസ്ഥയുമൊക്കെ. അതു കൊണ്ടാണ് കേരളത്തിലെ ഏറ്റവും സമുന്നത്തരായ സി.പി.ഐ. (എം) നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതു ജനാധിപത്യ-പൌരാവകാശലംഘനമല്ലാതായതും, രത്തന്‍ ടാറ്റായുടെ ഫോണ്‍ ചോര്‍ത്തിയതു ദേശീയപ്രശ്നമായതും. അതുകൊണ്ടാണ് വടകര മജിസ്ട്രേട്ടിന്റെ മുമ്പില്‍ സമരം ചെയ്ത സി.പി.ഐ. (എം) പ്രവര്‍ത്തകന്റെ തല പൊലീസുകാര്‍ അടിച്ചു പൊട്ടിച്ചത് പൊലീസിന്റെ കാര്യനിര്‍വഹണമായി വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് ഒറീസ്സയില്‍ മാവോയിസ്റ്റ് പ്രശ്നത്തിന്റെ പേരില്‍ സി.ആര്‍.പി.എഫ്. പോലീസുകാര്‍ ഗ്രാമത്തിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതു പോലും നിയമപരിപാലനത്തിനിടയിലെ ചില അബദ്ധങ്ങള്‍ മാത്രമായി ചിത്രീകരിക്കപ്പെടുന്നത്. അതുകൊണ്ടാണ് സണ്ണി ജോസഫ് ചാനല്‍ ചര്‍ച്ചയില്‍ വേണമെങ്കില്‍ നമുക്കു ജയരാജനെതിരെ കൊലക്കേസു ചുമത്താമായിരുന്നു എന്നു ആക്രോശിച്ചിട്ടും നിയമവിധേയത്വത്തിന്റെ പേരില്‍ മരവിച്ച നിസ്സംഗതയോടെ അതു കേട്ടു നില്ക്കാന്‍ തക്ക വണ്ണം വ്യവസ്ഥിതി നമ്മെ പരുവപ്പെടുത്തിയെടുക്കുന്നതും. ഇതേ നിസ്സംഗതയാണ് കാസര്‍കോട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ മനോജ് കുമാര്‍ കൊല്ലപ്പെട്ടപ്പോള്‍ (മനോരമയുടെ ഭാഷയില്‍ മരിക്കപ്പെട്ടപ്പോള്‍), നമ്മുടെ രക്തം തിളയ്ക്കാതെ നോക്കിയത്, സാംസ്കാരികനേതാക്കളെ ഞെട്ടലില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയത്. ആ നിസ്സംഗതയാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പ്രതിയോഗി. ആ ജനാധിപത്യ ബോധം ഉണര്‍ന്നാല്‍ അതിനെ അടിച്ചമര്‍ത്താന്‍ തളച്ചിടാന്‍ ഉമ്മന്‍ചാണ്ടി പോലീസിന്റെ അത്യാധുനിക കൃത്രിമ ലാത്തിക്കോ ഗ്രനേഡുകള്‍ക്കോ ജയിലറക്കോ സാധ്യമാകില്ല എന്ന് നിസ്സംശയം പറയാം. അത് തന്നെയാണ് ഭരണകൂടത്തിന്റെ ജനാധിപത്യ ഭയവും.