Why Don’t You Clear Out These Bastards and Make Way?

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന പ്രവണതകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ വാക്കുകള്‍. രജനി എസ്. ആനന്ദ് മുതല്‍ രോഹിത് വെമുലെ വരെയുള്ളവരെ കൊന്നിട്ടാണെങ്കിലും ആഗോള മൂലധനത്തിനു ഇന്ത്യൻ അധികാരിവർഗം വഴിയൊരുക്കും. പ്രതിഷേധത്തിന്റെ എല്ലാ ശബ്ദങ്ങളെയും തല്ലിയൊതുക്കുവാന്‍ ശ്രമിക്കുക തന്നെ ചെയ്യും. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ തെരുവിലാണ്. ജാദവ്പൂരില്‍, സിംലയില്‍, പോണ്ടിച്ചേരിയില്‍, ഡല്‍ഹിയില്‍, ഹൈദരാബാദില്‍, കാലിക്കറ്റില്‍, പൂനെയില്‍ - ഇവിടെയല്ലാ‌ം വിദ്യാര്‍ത്ഥി സമരങ്ങള്‍ ആളിക്കത്തുകയാണു.

ഒറ്റക്കൊറ്റയ്ക്കെടുത്താല്‍ ഈ സമരങ്ങളിലോരോന്നിന്റെയും കാരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ ഈ സമരങ്ങളുടെ അടിസ്ഥാന കാരണം അന്വേഷിച്ചു ചെന്നാ‌ല്‍ അത് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നവലിബറല്‍വല്‍കരണമാണെന്നു കാണുവാനാകും. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളെ ചരിത്രവല്‍കരിച്ചു കൊണ്ടേ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിനി മുന്നോട്ടു പോകാനാകൂ. ചരിത്രവും, നവലിബറലിസവുമൊക്കെ ഗ്രാന്റ് നറേറ്റീവണെന്നും അതിനാല്‍ അപ്രസക്തമാണെന്നും ധരിച്ചിരിക്കുന്നവ‌ര്‍ക്ക് വായന ഇവിടെ നിര്‍ത്താവുന്നതാണ്.

"പഠിപ്പു തീര്‍ന്നാല്‍ പള്ളിക്കൂടം വിട്ടു കഴിഞ്ഞെന്നാല്‍
പറയുക പറയുക പിന്നീടെന്തൊരു പണിക്കു പോകും നീ ?"

പണ്ട് കേരള പാഠാവലിയില്‍ പഠിച്ച ഈ കവിത ബ്രണ്ണന്‍ കോളേജിലെ കുട്ടികള്‍ ഇങ്ങനെ മാറ്റിയെഴുതി:

"പഠിപ്പു തീര്‍ന്നാല്‍ കലാലയങ്ങള്‍ വിട്ടു കഴിഞ്ഞെന്നാല്‍
പറയുക പറയുക ഇരുണ്ട ഇന്ത്യയിലെവിടെ പോകും നീ ?"

കവിതയും പാരഡിയുമിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും വിദ്യാഭ്യാസത്തെ സംബന്ധിച്ച നമ്മുടെ പൊതുബോധത്തിലെ രണ്ടു ധാരണകളെ ആ വരികള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഇന്ന് നിലനില്ക്കുന്ന പ്രബലമായ ധാരണ അത് വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ നടക്കുന്ന ജ്ഞാനവിനിമയവും, അതിലൂടെ തൊഴില്‍ കമ്പോളത്തിനനുയോജ്യമാം വിധം വിഭിന്ന ശേഷികളില്‍ (skill) പരിശീലനം നേടി പുറത്തിറങ്ങുകയും ചെയ്യുന്ന പ്രക്രിയയാണെന്നാണ്. അതുകൊണ്ട് മികച്ച തൊഴില്‍ (വരുമാന) ശേഷിയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിശേഷശ്രണിയില്‍പ്പെടുത്തുകയും "മിടുക്കരായ" വിദ്യാര്‍ഥികളെ ഈ സ്ഥാപനങ്ങളിലേക്കാകര്‍ഷിക്കുകയും ചെയ്യുന്നു. (ഒരു കപ്പല്‍ യാത്രക്കിടയില്‍ അടുത്തിരുന്ന സ്ത്രീയോട് താനൊരു എഞ്ചിനിയറാണെന്നു പറഞ്ഞപ്പോള്‍ "I thought you are a gentleman" എന്ന് പറഞ്ഞു അവര്‍ ഏഴുന്നേറ്റു പോയ അനുഭവം ജെയിംസ് വാട്ട് എഴുതിയിട്ടുണ്ട്).

ഓരോ കാലത്തും ഉല്പാദന വ്യവസ്ഥയുടെ ആവശ്യങ്ങളാണ് 'മികച്ച തൊഴിലിനെ' നിശ്ചയിക്കുന്നത്. നവലിബറല്‍ കാലത്ത് മികച്ച തൊഴിലിനെ നിശ്ചയിക്കുക കോര്‍പ്പറേറ്റ് ആവശ്യങ്ങളാണ്. ഉല്പാദന മുതലാളിത്തത്തിനു പകരം സാമ്പത്തികമൂലധനം പ്രധാനമാകുന്ന കാലത്ത് B.Tech പഠിച്ചവര്‍ പിന്നെ MBAയും പഠിക്കുവാന്‍ നിര്‍ബന്ധിതരാകും. അത് കൊണ്ട് 'മിടുക്ക്' എന്നാ‌ല്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കനുസൃതമായ ശേഷികള്‍ നേടുവാന്‍ നിങ്ങള്‍ സജ്ജരാണോ എന്ന നിബന്ധന നിങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നത് കൂടിയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ‘മിടുക്ക്’ ജാതി, സ്ഥലം, വര്‍ഗ്ഗം മുതല്‍ കോച്ചിംഗ് സെന്റര്‍ വരെയുള്ള ഘടകങ്ങളെ ആശ്രയിച്ചു നില്ക്കുന്ന ഒന്നാണു താനും. ഇങ്ങനെ മിടുക്കെന്നത് സാമൂഹിക-സാമ്പത്തിക മൂലധനത്തിന്റെ കൂടി ഉല്പന്നമാകുമ്പോള്‍ ഉന്നത വിദ്യാഭ്യാസം ആരഭിക്കുന്നതിനു മുമ്പ് തന്നെ ആദിവാസികളും ദളിതരുമൊക്കെ പരാജിതരാകുന്നു.

എല്ലാ മാനവിക മൂല്യങ്ങളും അന്യമായ, തികച്ചും ആവര്‍ത്തന തൊഴില്‍ മാത്രം ചെയ്യാന്‍ ശേഷിയുള്ള ഒരു തൊഴില്‍ സേനയെ സൃഷ്ടിക്കുന്നു. ഈ വിദഗ്ദ്ധ തൊഴിലാളിയെ സൃഷ്ടിക്കുന്ന ബാധ്യതയില്‍ നിന്നും കോര്‍പ്പറേറ്റുകള്‍ രക്ഷപ്പെടുകയും അത് സാമൂഹിക ബാധ്യതയായി മാറുകയും ചെയ്യുന്നു. ഇതേ പരിശീലന പദ്ധതിക്കായി വന്‍ ലാഭം കൊയ്യുന്ന പരിശീലന കേന്ദ്രങ്ങള്‍/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു.

ഒന്നാം ക്ലാസ്സില്‍ ചേരുന്ന ദളിത്‌ വിദ്യാര്‍ഥികളില്‍ 28.3% [1] മാത്രമാണു പത്താം തരം വരെ എത്തുന്നത്. കടലുകള്‍ പിന്നെയും നീന്തിക്കടന്നു വേണം ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തു വയ്ക്കാന്‍. പലപ്പോഴും സംവരണം കൂടിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ണ്ണമായി ഒരു സവര്‍ണ്ണ സംരഭമായി മാറിയേനെ. ഇങ്ങനെയെത്തുന്ന അവര്‍ണ്ണന്‍ മേല്‍പ്പറഞ്ഞ മിടുക്കിന്റെ അഭാവത്തില്‍ അവഹേളിതരും അവഗണിക്കപ്പെടുന്നവരുമാകുന്നു. സര്‍വകലാശാലകളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും M.Tech, MBBS, Applied Science മേഖലകളില്‍ നിന്നുള്ളവരാണെന്നു കാണാം. ഇതിനൊപ്പമാണു ഈ കോര്‍പ്പറേറ്റ് പരിശീലന കേന്ദ്രങ്ങളില്‍ നിലനില്ക്കുന്ന ബ്രാഹ്മണാധീശത്വം. ഇത് രണ്ടും ചേര്‍ന്ന ഇരുതല വാളിനു കീഴെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥി ഉപരി പഠനത്തിനെത്തുന്നത്.

മുതലാളിത്തം ആവശ്യപ്പെടുന്ന മധ്യ ശ്രേണീ (middle rung) തൊഴിലുകള്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ സാഹിത്യമോ, ചരിത്രമോ, തത്വശാസ്ത്രമോ അടിസ്ഥാന ശാസ്ത്രമോ പഠിക്കേണ്ടതില്ലെന്നും പകരം വിവിധ തരം ശേഷികള്‍ (skills) ആര്‍ജ്ജിക്കുകയും അതുപയോഗിച്ച് തൊഴില്‍ കമ്പോളത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും വാദിക്കപ്പെട്ടു. മുതലാളിത്തത്തിന്റെ അപരവല്‍ക്കരണത്തെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ stress management skill-കളും പരിശീലിപ്പിക്കപ്പെട്ടു! ഇവിടെ ഒരു വെടിക്ക് നിരവധി പക്ഷികളാണ് മൂലധനത്തിന്. എല്ലാ മാനവിക മൂല്യങ്ങളും അന്യമായ, തികച്ചും ആവര്‍ത്തന തൊഴില്‍ മാത്രം ചെയ്യാന്‍ ശേഷിയുള്ള ഒരു തൊഴില്‍ സേനയെ സൃഷ്ടിക്കുന്നു. ഈ വിദഗ്ദ്ധ തൊഴിലാളിയെ സൃഷ്ടിക്കുന്ന ബാധ്യതയില്‍ നിന്നും കോര്‍പ്പറേറ്റുകള്‍ രക്ഷപ്പെടുകയും അത് സാമൂഹിക ബാധ്യതയായി മാറുകയും ചെയ്യുന്നു. ഇതേ പരിശീലന പദ്ധതിക്കായി വന്‍ ലാഭം കൊയ്യുന്ന പരിശീലന കേന്ദ്രങ്ങള്‍/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. ഇതിനാവശ്യമായ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്ന ബാങ്കുകളും കൊഴുക്കുന്നു. ഇതിലെല്ലാമുപരിയായി വിദ്യാഭ്യാസ വായ്പ തലയ്ക്കു മുകളില്‍ വാളായി തൂങ്ങിക്കിടക്കുമ്പോള്‍ കുറഞ്ഞ കൂലിക്ക് നാവടക്കി പണി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാകുന്നു. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കുന്ന ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ വായ്പ 19 ലക്ഷം രൂപ വരും (ഇന്ത്യയിലെ കണക്ക് ലഭ്യമല്ല). ഒരു കാര്യം ഉറപ്പാണ് നവലിബറലിസത്തിന്റെ കെടുതികള്‍ ഇത് വരെ നാമറിഞ്ഞത് കര്‍ഷക ആത്മഹത്യകളിലൂടെയാണെങ്കില്‍ ഇനി വിദ്യാര്‍ത്ഥികളും അതില്‍ പങ്കു ചേരുന്ന കാലം വിദൂരമല്ല.

xdfdfd

ഇങ്ങനെ ഒരു മുതലാളിത്ത പ്രതിസന്ധി കാലത്ത് നിരവധിയായ സാധ്യതകളാണ് മൂലധനത്തിനു മുന്നില്‍ വിദ്യാഭ്യാസ കച്ചവടം മുന്നോട്ടു വെക്കുന്നത്. അതുകൊണ്ടാണ് 2000 മുതലെങ്കിലും WTO കരാറുകള്‍ക്കനുസൃതമായി ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള സാമ്പത്തികമൂലധനത്തിനു തുറന്നു കൊടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ദേശീയ വിജ്ഞാന കമ്മീഷന്‍ പറയുന്നത് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ CEO കളാകണമെന്നാണ്. അങ്ങിനെയാണ് ഈ കച്ചവടം വൃത്തിയായി നടപ്പാക്കുന്ന ഏജന്റുമാര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ തലപ്പത്തെത്തുന്നത്. അതുകൊണ്ടാണ് ടി. പി. ശ്രീനിവാസനും, അബ്ദുള്‍ സലാമും മുതല്‍ കുമാരമംഗലം ബിര്‍ള വരെ വിദ്യാഭ്യാസ വിചക്ഷണന്മാരാകുന്നത്.

ടെറി ഈഗിള്‍ട്ടണ്‍ ദക്ഷിണ കൊറിയയിലെ ഒരു സര്‍വ്വകലാശാല സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ CEO അദ്ദേഹത്തെ വിവിധ പഠന വകുപ്പുകള്‍ പരിചയപ്പെടുത്തി. ഇതിനിടയില്‍ ഈഗിള്‍ട്ടണ്‍ അദ്ദേഹത്തോട് ചോദിച്ചു ഇവിടെ ക്രിട്ടിക്കല്‍ തിയറിയുടെ ഡിപ്പാര്‍മെന്റ് ഉണ്ടോയെന്ന്. ആശ്ചര്യത്തോടെ ജീവിതത്തിലാദ്യമായി അത്തരമൊരു വകുപ്പിനെക്കുറിച്ച് കേട്ട CEO ആ വകുപ്പിന്റെ ലാഭ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ തന്റെ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയത്രേ. ഈ CEO മാര്‍ക്കും അവരുടെ മൂലധന മേലാളന്മാര്‍ക്കും സാഹിത്യവും ചരിത്രവും തത്വശാസ്ത്രവും അടിസ്ഥാന ശാസ്ത്രവും പഠിക്കുന്നവര്‍ അപകടകാരികളും അതിന് വേണ്ടി വരുന്ന ചെലവ് ലാഭനഷ്ടവുമാണ്. അതുകൊണ്ട് ഈ പഠന വകുപ്പുകള്‍ തകര്‍ത്തു തരിപ്പണമാക്കാന്‍, കൂടുതല്‍ ലാഭകരമായ കോഴ്സുകള്‍ ആരംഭിക്കാന്‍ അവര്‍ ഗജേന്ദ്രന്മാരെ അഴിച്ചു വിടുന്നു. വിമര്‍ശനാത്മക ചിന്തയുടെ ഒരു പുതു നാമ്പു പോലും ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്നുയരില്ലെന്നു ഉറപ്പാക്കേണ്ടതുണ്ട്. ഒപ്പം കച്ചവടത്തിന്റെ അനന്ത സാധ്യതകളും. അതിനായാണിവര്‍ കച്ചവട മേളകള്‍ നടത്തുന്നത്. ആഗോള നിക്ഷേപക സംഗമവും (Global Investors Meet) ആഗോള വിദ്യാഭ്യാസ സംഗമവും (Global Education Meet) പേരില്‍ മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ. രണ്ടും പരസ്യമായ ലേലം വിളി തന്നെ. ലോക അക്കാദമിക് നിലവാരമുള്ള ഒരു സ്ഥാപനമെങ്കിലും കോവളത്തെ ലേലം വിളിക്കു വന്നിരുന്നോ എന്ന് നിങ്ങള്‍ ടി. പി. ശ്രീനിവാസനോട് ചോദിക്കൂ. ആപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ അനുകരണം കാണാം. അക്കാദമിക് സിറ്റിയെന്നാണ് പേരെങ്കിലും അത് പ്രത്യേക സാമ്പത്തിക മേഖലയുടെ (Special Economic Zone) ഉന്നത വിദ്യാഭ്യാസ പതിപ്പു മാത്രമാണ്‌. അതുകൊണ്ടാണ്, നവലിബറല്‍ ബുള്‍ഡോസറിന് കടന്നു വരുവാന്‍ പാകത്തില്‍ നിങ്ങളെന്താണ്‌ ഈ പ്രതിഷേധക്കാരെ, ആദിവാസികളെ, ദളിതരെ അടിച്ചു വീഴ്ത്താത്തത് എന്ന് അവര്‍ ചോദിക്കുന്നത്.

അവലംബങ്ങള്‍

[1] Selected Educational Statistics, Ministry of Human Resources.