അരൂരിലെ തൊഴിലാളിമരണങ്ങളും ചില ഇടതുപക്ഷ ചിന്തകളും

അരൂരില്‍ രണ്ടു തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. പള്ളി പണിതു കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് അതിനടിയില്‍ പെട്ടു ചതഞ്ഞാണ് ബിഹാര്‍ സ്വദേശി ബിശ്വനാഥ പ്രസാദും തിരുനെല്‍വേലി സ്വദേശി സുരേഷ് രാജും മരിച്ചത്. സുരക്ഷ എന്ന വാക്കിനു പോലും പ്രസക്തി നഷ്ടപ്പെടുന്ന സാഹസികമായ തൊഴിലിടങ്ങളിലാണ് നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ പണിയെടുക്കുന്നത്. അവരുടെ ജീവനും ജീവിതസാഹചര്യങ്ങള്‍ക്കും എന്തു ഉറപ്പുകളാണ് നമുക്കു കൊടുക്കാന്‍ കഴിയുക? പ്രസാദിന്റെയും സുരേഷിന്റെയും വീട്ടുകാരുടെ ഭാവിജീവിതത്തിനെങ്കിലും എന്തു ഉറപ്പുകളാണ് നമുക്കു കൊടുക്കാന്‍ കഴിയുക?

കേരളം ഏറ്റവും വലിയ നഗരവല്കരണത്തിനു വിധേയമായ ദശകമാണ് 2001-2011. മുന്‍ ദശകത്തേക്കാള്‍ ഏതാണ്ട് 83% വര്‍ധനവ്. അതിന്റെ ഭാഗമെന്നോണം നിര്‍മാണമേഖലയിലും വന്‍വളര്‍ച്ചയാണുണ്ടായത്. ഇതിനാവശ്യമായ തൊഴില്‍ശേഷി കണ്ടെത്തിയത് പ്രധാനമായും കുടിയേറ്റതൊഴിലാളികളില്‍ നിന്നാണ്. കാര്‍ഷികത്തകര്‍ച്ച കാരണം പാപ്പരത്തത്തിലേക്കു വീണ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കേരളത്തിലേക്കു വണ്ടി കയറിയത് 400 മുതല്‍ 500 രൂപ വരെയുള്ള ദിവസക്കൂലി കേരളം ഔദാര്യമായി കൊടുത്തതു കൊണ്ടല്ല. മറിച്ച് തീവണ്ടി കയറി വന്നവര്‍, വന്‍ കുതിപ്പു നടത്തിയ നിര്‍മാണമേഖലയ്കാവശ്യമായ തൊഴില്‍ യാതൊരു വിലപേശലുമില്ലാതെ ദാനം ചെയ്യുകയാണുണ്ടായത്. കണക്കുകള്‍ പറയുന്നതു കേരളത്തിലേക്കു വന്ന കുടിയേറ്റ തൊഴിലാളികളില്‍ 60% പേരും നിര്‍മ്മാണമേഖലയില്‍ പണിയെടുക്കുന്നുവെന്നാണ്. കേരളത്തിലെ തൊഴിലാളികള്‍ക്കു ലഭിക്കുന്ന അതേ ദിവസക്കൂലി തന്നെയാണ് കുടിയേറ്റ തൊഴിലാളികള്‍ക്കകും കൊടുക്കുന്നതെന്നു മേനി പറയാറുണ്ടെങ്കിലും ഒട്ടുമിക്ക സ്ഥലങ്ങളിലും കുടിയേറ്റ തൊഴിലാളിയുടെ തൊഴില്‍ സമയം 12 മുതല്‍ 14 മണിക്കൂര്‍ വരെയാണ്. എന്നു മാത്രമല്ല സ്ത്രീകളാണെങ്കില്‍ കൂലി പിന്നെയും കുറയും.

കൂലിയിലെ അസമത്വങ്ങള്‍ മാത്രമല്ല പ്രശ്നം. അടിസ്ഥാനപരമായി നിര്‍മ്മാണമേഖല അസംഘടിതമേഖലയാണ് - അതായത് സ്ഥിരം തൊഴിലുടമയോ സ്ഥിരം തൊഴിലിടമോ ഇല്ലാത്ത മേഖല. സ്ഥിരം തൊഴിലുടമയാകാന്‍ കെല്പുള്ള വന്‍കിട കമ്പനികളും മുതലാളിമാരും പോലും കരാറുകാരെ ആശ്രയിച്ചു തൊഴിലാളികളില്‍ നിന്നു നേരിട്ടുള്ള സമ്പര്‍ക്കം ഇല്ലതാക്കുന്നു. തൊഴില്‍ ശേഷി ആവശ്യമുള്ള കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഇടയിലെ ഈ ഇരുമ്പുമറ നിര്‍മാണമേഖലയിലേക്കു വന്ന കുടിയേറ്റ തൊഴിലാളികള്‍ക്കു ഉടമയുമായി നേരിട്ടു വില പേശാനുള്ള അവസരം തന്നെ നിഷേധിക്കുന്നു. തന്റെ സുരക്ഷക്കും തൊഴിലന്തരീക്ഷത്തിനും ലഭിക്കേണ്ട ഉറപ്പുകള്‍ ചോദിച്ചറിയാന്‍ പൊലുമുള്ള സാഹചര്യം അവനു നഷ്ടപ്പെടുത്തി. ഇന്നു കേരളത്തില്‍ പലയിടങ്ങളിലും കുടിയേറ്റ തൊഴിലാളി ടെന്റുകളുണ്ട് - എറണാകുളത്തു പെരുമ്പാവൂരിലും തിരുവനന്തപുരത്തു ചാവടിമുക്കിലും കണ്ണൂരില്‍ രാമന്തളിയിലുമൊക്കെയുള്ളവ ചില ഉദാഹരണങ്ങള്‍ മാത്രം. ഭൂരിഭാഗം ടെന്റുകളിലും കക്കൂസുകളോ അടുക്കളകളോ ഇല്ല. ഏഴൂം എട്ടും പേര്‍ കൊച്ചു മുറികളില്‍ ശുചിത്വരഹിതമായ സാഹചര്യത്തില്‍ കഴിയുന്നു. കോഴിക്കോട് പൂളക്കടവില്‍ അറുനൂറോളം കുടിയേറ്റ തൊഴിലാളികളെ ഒരു ചെറിയ ടെന്റില്‍ കന്നുകാലികള്‍ക്കു സമമായി പാര്‍പ്പിച്ചതും ഈ തൊഴിലാളികള്‍ മന്തുരോഗം വന്നു നരകിച്ചതും നമ്മള്‍ കണ്ടതാണല്ലൊ തൊഴിലാളികളുടെ ഈ പ്രശ്നങ്ങളെല്ലാം നിലനില്കെ തന്നെ നിര്‍മ്മാണകമ്പനികള്‍ക്കു തൊഴില്‍ ശേഷി അനുസ്യൂതമായി ഉറപ്പുലഭിക്കുന്ന നീതിക്കു നിരക്കാത്ത അവസ്ഥയാണ് ഈ മേഖലയിലുള്ളത്. കുടിയേറ്റ തൊഴിലാളികളുടെ വാര്‍ഷികഒഴുക്കു ഏതാണ്ട് 2.35 ലക്ഷമായിരിക്കെ കരാറുകാര്‍ മുഖേന തൊഴിലാളികളെ ഒരു പഞ്ഞവുമില്ലാതെ മാറ്റി മാറ്റി പരീക്ഷിക്കാനും അവരുടെ തൊഴില്‍ശേഷിയുടെ അന്തസ്സ് ഇല്ലാതാക്കനും കമ്പനികള്‍ക്കു കഴിയുന്നു.

രണ്ടു തട്ടുകളിലുള്ള തൊഴിലാളികള്‍ തമ്മിലുള്ള ഇത്തരം സ്വാഭാവിക വൈരുധ്യങ്ങളെ മൂര്‍ച്ചിപ്പിക്കുന്ന തരത്തില്‍ "അധികക്കൂലിയെന്ന" വ്യാജപൊതുബോധം സൃഷ്ടിച്ചെടുക്കേണ്ടത് നിര്‍മ്മാണമേഖലയിലെ വന്‍കിട മൂലധനശക്തികളുടെ ആവശ്യമാണ്. അധികക്കൂലി കൊണ്ടു മുന്നോട്ടു പോകാനായില്ലെങ്കില്‍ എങ്ങനെ നഗരവല്കരണം ഇത്ര ധൃതഗതിയില്‍ വീണ്ടും നടന്നു കൊണ്ടേയിരിക്കുന്നു? അധികക്കൂലി സാങ്കല്പികമെന്നു മാത്രമല്ല, തൊഴിലിടങ്ങളിലെ സുരക്ഷ പോലും ഉറപ്പില്ലാതെ പണിയെടുക്കുന്ന ലക്ഷങ്ങളാണ് കേരളത്തിലെ നിര്‍മ്മാണമേഖലയിലുള്ളത്.

സത്യത്തില്‍ അസംഘടിതമേഖലയിലെ തൊഴില്‍പ്രശ്നങ്ങള്‍ ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഇന്ത്യയിലെ 90% തൊഴിലാളികളും പണിയെടുക്കുന്നത് അസംഘടിതമേഖലയിലാണ്. എന്നാല്‍ കേരളത്തില്‍ അസംഘടിതമേഖലയില്‍ ചില വ്യാപക ഇടതുപക്ഷ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ഉദാഹരണമാണ് ചുമട്ടു തൊഴിലാളി മേഖല. ഏരിയ തിരിച്ചു തൊഴിലാളികളെ വിന്യസിച്ചും ഒരു ഏരിയയിലെ പണികള്‍ ഒരു ഗ്രൂപ്പു മാത്രം ഏറ്റെടുത്തു ചെയ്തും ഈ മേഖലയില്‍ സ്ഥിരം തൊഴിലിടം ഉറപ്പു വരുത്താന്‍ കഴിഞ്ഞു. പില്‍കാലത്തു സര്‍ക്കാരുകള്‍ കൊണ്ടു വന്ന പല നിയമങ്ങളെക്കാളും കേരളത്തിലെ ചുമട്ടു തൊഴിലാളികള്‍ക്കു അന്തസ്സായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയത് ഇത്തരം ഇടതുപക്ഷ ഇടപെടലകളാണ്. ഇന്ത്യയില്‍ തൊഴിലാളിസംഘടനകളുടെ സമരങ്ങളുടെ ഫലമായി 1996ല്‍ നിര്‍മാണതൊഴിലാളിനിയമം ഒക്കെ നിലവില്‍ വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ഏട്ടിലെ പശു മാത്രമായി ഇപ്പൊഴും കിടക്കുന്നു. നിര്‍മാണമേഖലയിലും നമുക്കു വേണ്ടത് ചുമട്ടു തൊഴിലാളി മേഖലയില്‍ ഉണ്ടായതു പോലെ വ്യാപകമായ സംഘടിതനീക്കങ്ങളാണ്.

സ്വന്തം വീടു പണിതപ്പോള്‍ കെട്ടിടപ്പണിക്കു വന്ന ബംഗാളിപ്പയ്യനു 500 രൂപ കൂലി എണ്ണികൊടുത്തതിന്റെ ഓര്‍മ ബാക്കി നില്കുന്ന ചിലര്‍ക്കു ഈ കുറിപ്പു വായിക്കുമ്പോള്‍ കല്ലുകടി തോന്നിയേക്കാം. നിര്‍മ്മാണതൊഴിലാളികള്‍ അര്‍ഹിക്കുന്നതിനപ്പുറം അധികക്കൂലി വാങ്ങുന്നു എന്ന പൊതുബോധമാണ് ഈ കല്ലുകടിക്കു കാരണം. ഇന്നു കെട്ടിടപ്പണിക്കു (ഈ ലേഖകനു പരിചയമുള്ള തെക്കന്‍ കേരളത്തില്‍) മേസ്തിരിക്കൂലി 700ഉം കൈയാളു കൂലി 550ഉം ആണ് . ഇന്നത്തെ വിലക്കയറ്റത്തിന്റെ തോത് വച്ച് ഒരു നാലംഗ കുടുംബം പോറ്റുന്നതിനു ഈ കൂലി മതിയാകില്ല എന്നതാണ് വാസ്തവം. എന്നിരുന്നാലും സംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവരോ (സര്‍ക്കാര്‍ ജീവനക്കാര്‍, കമ്പനി ജോലിക്കാര്‍ തുടങ്ങിയ) പെറ്റി ബൂര്‍ഷ്വാ സംരംഭകരോ (ചെറുകിട ഉല്പാദകര്‍, സേവനമേഖലയില്‍ ചെറിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയ) സ്വന്തം വീടു പണിയുമ്പോള്‍ കൂലിയുടെ പേരില്‍ അവര്‍ക്കും നിര്‍മ്മാണതൊഴിലാളികളുമായി വിലപേശല്‍ തര്‍ക്കങ്ങള്‍ നടത്തേണ്ടി വരുന്നു. രണ്ടു തട്ടുകളിലുള്ള തൊഴിലാളികള്‍ തമ്മിലുള്ള ഇത്തരം സ്വാഭാവിക വൈരുധ്യങ്ങളെ മൂര്‍ച്ചിപ്പിക്കുന്ന തരത്തില്‍ "അധികക്കൂലിയെന്ന" വ്യാജപൊതുബോധം സൃഷ്ടിച്ചെടുക്കേണ്ടത് നിര്‍മ്മാണമേഖലയിലെ വന്‍കിട മൂലധനശക്തികളുടെ ആവശ്യമാണ്. അധികക്കൂലി കൊണ്ടു മുന്നോട്ടു പോകാനായില്ലെങ്കില്‍ എങ്ങനെ നഗരവല്കരണം ഇത്ര ധൃതഗതിയില്‍ വീണ്ടും നടന്നു കൊണ്ടേയിരിക്കുന്നു?

അധികക്കൂലി സാങ്കല്പികമെന്നു മാത്രമല്ല, തൊഴിലിടങ്ങളിലെ സുരക്ഷ പോലും ഉറപ്പില്ലാതെ പണിയെടുക്കുന്ന ലക്ഷങ്ങളാണ് കേരളത്തിലെ നിര്‍മ്മാണമേഖലയിലുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളായി മാറിയിരിക്കുന്ന ബിശ്വനാഥപ്രസാദും സുരേഷും പിന്നെ ഇപ്പൊഴും അരൂരിലെ ആശുപത്രിയില്‍ ജീവനു വേണ്ടി മല്ലിടുന്ന മറ്റുള്ളവരും. അവര്‍ക്കു വേണ്ടി എല്ലാ മേഖലയിലുമുള്ള തൊഴിലാളികള്‍ ശബ്ദമുയര്‍ത്തേണ്ടതിന്റെയും സര്‍വോപരി ബഹുജനഇടതുപക്ഷ ഇടപെടലുകളുണ്ടാകേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഈ ദാരുണമരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.