ഴാങ്ങ് യിതാങ്ങും ചില ശാസ്ത്രവിചാരങ്ങളും

ഴാങ്ങ് യിതാങ്ങ് എന്ന ഗണിതശാസ്ത്രജ്ഞനെപ്പറ്റി ശാസ്ത്രലോകം അന്വേഷിച്ചു തുടങ്ങിയത് ഇക്കഴിഞ്ഞ മെയ് മാസപ്പകുതിയിലാണ്. 'അന്നല്‍സ് ഓഫ് മാത്തമാറ്റിക്സ് ' എന്ന പ്രമുഖ ഗവേഷണ പ്രസിദ്ധീകരണത്തിന് ഈ വര്‍ഷം ഏപ്രില്‍ 17ന് സമര്‍പ്പിച്ച ഗവേഷണപ്രബന്ധം പ്രസിദ്ധീകരണത്തിനായി സ്വീകരിക്കപ്പെട്ടതോടെയാണ് 1 അദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നത്.

ചൈനയിലെ പീക്കിങ്ങ് സര്‍വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഴാങ്ങ്, 1985-ല്‍ അമേരിക്കയിലെ പ്രസിദ്ധമായ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഗവേഷണപഠനത്തിനായി എത്തിച്ചേര്‍ന്നു 2. ചൈനീസ്-അമേരിക്കന്‍ ഗവേഷകനായ പ്രൊഫസ്സര്‍ ടി. ടി. മോ യുടെ മേല്‍നോട്ടത്തില്‍ `ജക്കോബിയന്‍ അനുമാന' മെന്ന ദുഷ്ക്കരമായ ഗണിതശാസ്ത്രസമസ്യയുടെ ഉത്തരം കണ്ടെത്തുവാന്‍ ഏഴു വര്‍ഷത്തോളം ഴാങ്ങ് പരിശ്രമിച്ചുവെങ്കിലും ആ ഉദ്യമം ഫലവത്തായില്ല . ഗവേഷണ വഴിയില്‍ താന്‍ കണ്ടെത്തിയ ഗണിതശാസ്ത്രഫലങ്ങള്‍ 1991-ല്‍ ഴാങ്ങിനെ ഗവേഷണബിരുദത്തിനര്‍ഹനാക്കിയെങ്കിലും, ജക്കോബിയന്‍ അനുമാനം ഇന്നും ഉത്തരം കിട്ടാത്ത ഒരു ഗണിതശാസ്ത്രപ്രശ്നമായി തുടരുന്നു.

കാര്യമായ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും, ഗണിതശാസ്ത്രത്തോടുള്ള അഭിനിവേശവും അര്‍പ്പണ മനോഭാവവും ഴാങ്ങിനു കൈമുതലായിരുന്നു. പ്രസിദ്ധീകൃതമായ ഗവേഷണ ഫലങ്ങളുടെയും, അദ്ധ്യാപകരുടെ ശുപാര്‍ശക്കത്തുകളുടെയും അടിസ്ഥാനത്തില്‍ നടത്തപ്പെട്ടിരുന്ന അമേരിക്കന്‍ സര്‍വകലാശാലകളിലെ അദ്ധ്യാപക നിയമനപ്രക്രിയയില്‍ അദ്ദേഹത്തിനു പരിഗണന ലഭിച്ചില്ല. ഏറെക്കാലം ഹോട്ടല്‍ ജോലിയും കണക്കെഴുത്തും മറ്റു കരാര്‍ ജോലികളിലുമേര്‍പ്പെട്ട്, സാമ്പത്തികക്ലേശങ്ങള്‍ക്കു നടുവിലൂടെ അദ്ദേഹം അമേരിക്കയില്‍ കഴിഞ്ഞുകൂടി. പക്ഷെ, ഇക്കാലമത്രയും ഗണിതശാസ്ത്രമേഖലയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂഹാംഷെയറിലെ പ്രായേണ അപ്രശസ്തമായ ഒരു സര്‍ക്കാര്‍ സര്‍വകലാശാലയില്‍, അദ്ധ്യാപകശ്രേണിയിലെ ഏറ്റവും താഴെയുള്ള ഉദ്യോഗമായ ലക്ചറര്‍ തസ്തികയില്‍ അദ്ദേഹത്തിന് കരാറടിസ്ഥാനത്തില്‍ നിയമനം ലഭിച്ചു. ഈ ഉദ്യോഗത്തിലിരിക്കെ, 2007-ല്‍ `ലണ്‍ഡോ സീഗല്‍ അനുമാന'മെന്ന മറ്റൊരു ദുഷ്ക്കരമായ ഗണിതശാസ്ത്രപ്രശ്നത്തെപ്പറ്റി സുദീര്‍ഘമായ പഠനം നടത്തിയെങ്കിലും, ഈ വിഷയത്തിലും അംഗീകാരം നേടത്തക്ക ഗവേഷണ പുരോഗതി നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഴാങ്ങിന്റെ ഗവേഷണഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഗംഭീരമോ നൂതനമോ ആയ ആശയങ്ങളുടെയല്ല, മറിച്ച് ഗണിതശാസ്ത്രത്തിന് പരിചിതമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് സുദീര്‍ഘവും അക്ഷീണവുമായി അനുവര്‍ത്തിച്ച ഒരു പ്രയത്നത്തിന്റെ പരിസമാപ്തിയാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എന്നു‌ കാണുവാന്‍ കഴിയും.

ഇതിനിടെ,`ദ്വയ അഭാജ്യ സംഖ്യാ അനുമാന'മെന്ന (Twin Prime Conjecture) പ്രസിദ്ധമായ സംഖ്യാശാസ്ത്രസമസ്യയില്‍ ഴാങ്ങ് ആകൃഷ്ടനായി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍, ഏകാകിയായി, അദ്ദേഹം ഈ പ്രശ്നത്തിന്റെ ഉത്തരമന്വേഷിച്ച് ഗവേഷണത്തില്‍ മുഴുകി. തിരക്കേറിയ അദ്ധ്യാപക ജീവിതത്തിനിടയിലും, മൂന്നു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ഈ പ്രശ്നത്തിനു ഭാഗികമായി ഉത്തരം കണ്ടെത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. മുന്‍ ഗവേഷണഫലങ്ങളില്‍ നിന്നും വ്യതസ്തമായി, ഴാങ്ങിന്റെ പുതിയ കണ്ടെത്തലുകള്‍ ശാസ്ത്രഗതിക്ക് നിര്‍ണായകമാണെന്നു വ്യക്തമായതോടെ, ശാസ്ത്രലോകം അജ്ഞാതനായ ഈ ഗണിതശാസ്ത്രജ്ഞനെത്തേടി ഇന്റര്‍നെറ്റിലലഞ്ഞു.

മുന്‍നിര ഗവേഷകരുടെ, ഉത്കൃഷ്ടമെന്ന് കരുതപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങള്‍ മാത്രം പ്രസിദ്ധം ചെയ്യുന്ന അന്നല്‍സ് ഓഫ് മാത്തമാറ്റിക്സിന്റെ പ്രസിദ്ധീകരണസമിതിയംഗങ്ങള്‍, ഗണിതശാസ്ത്രത്തിന്റെ അഭിജാതവൃന്ദങ്ങളില്‍ കേട്ടുകേഴ്വിപോലുമില്ലാത്ത ഴാങ്ങിന്റെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരണത്തിനായി ലഭിച്ചപ്പോള്‍, അശിക്ഷിതനായ ഏതോ ഗണിതശാസ്ത്രകുതുകിയുടെ അപക്വമായ അവകാശവാദമായി കരുതിയിരിക്കാം. എന്നാല്‍ ലേഖകന് പ്രബന്ധവിഷയത്തിലുള്ള അവഗാഹവും, പ്രബന്ധരചനയിലെ വിസ്മയകരമായ കണിശതയും പ്രസ്തുത പ്രബന്ധം ഗൗരവമേറിയ ഒരു ശാസ്ത്രയത്നമാണെന്നു വ്യക്തമാക്കുന്നതായിരുന്നു. പ്രസിദ്ധീകരണസമിതി അതിവേഗ സൂക്ഷ്മപരിശോധനയ്ക്കായി ഴാങ്ങിന്റെ പ്രബന്ധം പ്രഗത്ഭരായ സംഖ്യാശാസ്ത്രവിദഗ്ദ്ധര്‍ക്ക് അയച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു 3. ഴാങ്ങിന്റെ പ്രബന്ധത്തിന്റെ സ്പഷ്ടതയും, വാദമുഖത്തിലും അവതരണത്തിലുമുള്ള വ്യക്തതയും, വേഗത്തിലുള്ള പരിശോധന സാദ്ധ്യമാക്കി. ഒരു മാസത്തിനുള്ളില്‍ത്തന്നെ ഴാങ്ങിന്റെ ഗവേഷണഫലങ്ങള്‍ പിഴവറ്റവയും, സംഖ്യാശാസ്ത്രത്തിന് വഴിത്തിരിവാകുന്നവയുമാണെന്ന് വിലയിരുത്തിക്കൊണ്ടുള്ള നിരൂപണക്കുറിപ്പുകള്‍ സൂക്ഷ്മപരിശോധകരില്‍ നിന്നും പ്രസിദ്ധീകരണസമിതിക്കു ലഭിച്ചു.

ഴാങ്ങിന്റെ ഗവേഷണഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഗംഭീരമോ നൂതനമോ ആയ ആശയങ്ങളുടെയല്ല, മറിച്ച് ഗണിതശാസ്ത്രത്തിന് പരിചിതമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് സുദീര്‍ഘവും അക്ഷീണവുമായി അനുവര്‍ത്തിച്ച ഒരു പ്രയത്നത്തിന്റെ പരിസമാപ്തിയാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എന്നു‌ കാണുവാന്‍ കഴിയും. വിശ്വപ്രസിദ്ധ സര്‍വകലാശാലകള്‍ പ്രഭാഷണത്തിന് ക്ഷണിക്കുമ്പോഴും, ജനശ്രദ്ധയില്‍ നിന്നും കഴിവതും ഒഴിഞ്ഞു മാറി, ശാസ്ത്രപ്രസക്തമായി മാത്രം സംസാരിച്ച്, വിനയാന്വിതനായി ഴാങ്ങ് ഇന്നും തന്റെ ലക്ചററുദ്യോഗത്തില്‍ തുടരുന്നു.

ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോള്‍, ഗണിതശാസ്ത്രത്തിന്റെ സാങ്കേതികതകള്‍ക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്. ഇതിലേയ്ക്കു കടക്കുന്നതിനു മുമ്പ് ഴാങ്ങിന്റെ ശാസ്ത്രനേട്ടത്തിന്റെ അന്ത:സത്ത ലളിതമായി ഒന്നു മനസ്സിലാക്കുവാന്‍ ശ്രമിക്കാം.

ഴാങ്ങിന്റെ സംഭാവന

സംഖ്യകളുടെ ശ്രേണിയില്‍ ഒന്നിടവിട്ടുവരുന്ന അഭാജ്യ സംഖ്യകളെയാണ് (Prime Numbers) ദ്വയ അഭാജ്യ സംഖ്യകള്‍ (Twin Prime Numbers) എന്നു വിളിക്കുന്നത്. ഉദാ: 3-5, 5-7, 11-13, 17-19 തുടങ്ങിയവ. 9,15,21 തുടങ്ങിയ സംഖ്യകള്‍ അഭാജ്യങ്ങളല്ലാത്തതിനാല്‍ 7-9, 13-15, 19-21 തുടങ്ങിയ സംഖ്യാജോടികള്‍ ദ്വയ അഭാജ്യ സംഖ്യകളല്ല. സംഖ്യകളുടെ ശ്രേണിയില്‍ ദ്വയ അഭാജ്യ സംഖ്യകള്‍ അനന്തമായി പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരം ഇന്നോളം ഗണിതശാസ്ത്രത്തിന് അജ്ഞാതമാണ്. വളരെ വലിയ ദ്വയ അഭാജ്യ സംഖ്യകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും (ഉദാ: 10000139-10000141, 30714197-30714199) അവയുടെ എണ്ണം പരിമിതമല്ല എന്നു തെളിയിക്കുവാന്‍ ശാസ്ത്രലോകത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല.

ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള അപൂര്‍ണ്ണമെങ്കിലും നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പാണ് ഴാങ്ങിന്റെ സംഭാവന.

ഈ സമസ്യയ്ക്ക് ഒരു ഉത്തരം കണ്ടെത്തുവാന്‍ നാം ശ്രമിക്കുന്നു എന്നു കരുതുക. എങ്ങിനെയാണ് നാം തുടങ്ങുക? ഒരു മാര്‍ഗ്ഗം ഇപ്രകാരമാണ്. ദ്വയ അഭാജ്യങ്ങളെ പഠിക്കുന്നത് ദുഷ്ക്കരമാകയാല്‍, കുറച്ചുകൂടി ലളിതമായ ഒരു ചോദ്യം ചോദിക്കുക. ഉദാഹരണത്തിന്, ഒന്നിടവിട്ടു വരുന്ന അഭാജ്യസംഖ്യകള്‍ക്ക് പകരം പത്തോ അതില്‍ കുറവോ വ്യത്യാസത്തില്‍ വരുന്ന അഭാജ്യസംഖ്യാജോടികളുടെ എണ്ണം അനന്തമാണ് എന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുക. ഇനി പത്തും ദുഷ്ക്കരമെങ്കില്‍ ഈ 'വിടവിനെ' പത്തില്‍ നിന്നും നൂറായിരമാക്കി ശ്രമിച്ചു നോക്കുക.

ബാലിശമെന്നു തോന്നുന്ന ഇതേ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ശാസ്ത്രജ്ഞന്മാരും ശാസ്ത്രവിദ്യാര്‍ഥികളും അവലംബിക്കുന്നത്. ഇവിടെ പ്രസക്തമായ ഒരു വസ്തുത, ഇത്തരം പ്രശ്നങ്ങളില്‍ ആദ്യം തെളിയിക്കപ്പെടുന്ന വിടവ് - അത് പത്തോ, നൂറോ, ആയിരമോ, കോടിയോ ആവട്ടെ, സമസ്യയുടെ നിര്‍ദ്ധാരണത്തിന് തന്ത്രപ്രധാനമാണ് എന്നതാണ്. സമസ്യയുടെ മേല്‍ ആദ്യത്തെ `കുരുക്ക് ' വീണു കഴിഞ്ഞാല്‍, ഈ വിടവ് ശാസ്ത്രജ്ഞന്‍മാരുടെ സംഘടിതമായ പരിശ്രമഫലമായി കുറച്ചു കൊണ്ടുവരുവാന്‍ സാദ്ധ്യമാകാറുണ്ട് എന്ന അനുഭവം ശാസ്ത്രചരിത്രത്തില്‍ പലവുരു ആവര്‍ത്തിച്ചിട്ടുള്ളതാണ്.

ഴാങ്ങ് തന്റെ പ്രബന്ധത്തില്‍ തെളിയിച്ച വിടവ് ഏഴു കോടിയായിരുന്നു! പക്ഷെ, ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കുറഞ്ഞു വന്നു. ജൂണ്‍ നാലാം തീയതിയിലെ സ്ഥിതിവിവരമനുസരിച്ച്, ഇത് അരക്കോടിയായി ചുരുങ്ങി എന്ന് വിക്കിപീഡിയ രേഖപ്പെടുത്തുന്നു 4. പ്രമുഖ ഗണിത ശാസ്ത്രജ്ഞനായ ടെറന്‍സ് താവോയുടെ നേതൃത്വത്തില്‍ ഈ വിടവിനെ കേവലം പന്തീരായിരത്തിയാറാക്കി മാറ്റി എന്ന അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു 5.

ഗണിതശാസ്ത്രലോകത്തിനു പുറത്ത്‌ തന്റെ ഗവേഷണഫലങ്ങള്‍ക്ക് എന്തെങ്കിലും പ്രായോഗികനേട്ടങ്ങളുണ്ടോ എന്ന ചോദ്യത്തിന്, "യാതൊന്നുമില്ല" എന്ന ഹ്രസ്വവും അര്‍ത്ഥഗര്‍ഭവുമായ മറുപടിയാണ് ഴാങ്ങ് നല്കിയത്. സാമ്പത്തികക്ലേശങ്ങള്‍ക്കിടയിലൂടെയുള്ള ജീവിതയാത്രയിലുടനീളം ഗണിതശാസ്ത്രത്തിലുള്ള ഏകാഗ്രത നിലനിര്‍ത്തുവാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഉപരിപ്ലവമായ ഗവേഷണഫലങ്ങളെ പെരുപ്പിച്ചുകാട്ടി, ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളതലത്തില്‍ പൊള്ളയാക്കിത്തീര്‍ക്കുവാന്‍ പര്യാപ്തമായ ചില അര്‍ബുദപ്രവണതകളിലേക്ക് ഴാങ്ങിന്റെ ജീവിതം വിരല്‍ ചൂണ്ടുന്നുണ്ട്. ശാസ്ത്രമേഖലയുടെ ഈ അരമനരഹസ്യങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് ലക്ഷ്യമിടുന്നത്.

ഴാങ്ങ് നല്കുന്ന പാഠങ്ങള്‍

ലോകത്തിലെ മുന്‍നിര സംഖ്യാശാസ്ത്രവിദഗ്ദ്ധരോടൊപ്പം നിലകൊള്ളുവാന്‍ യോഗ്യനായ ഴാങ്ങിന് എന്തുകൊണ്ടാണ് ഒരു സ്ഥിരം അദ്ധ്യാപകനിയമനം പോലും ലഭിക്കാതിരുന്നത്? തന്റെ ഗണിതശാസ്ത്രമികവിനെ, ശാസ്ത്രസമൂഹത്തില്‍ സ്വന്തം സ്ഥാനമുറപ്പിക്കുന്ന ഗവേഷണഫലങ്ങളിലേക്കെത്തിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കാത്തത് മൂലമാണിതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും, ഇതിനുപരിയായ ചില വസ്തുതകള്‍ നാം അപഗ്രഥിക്കേണ്ടതുണ്ട്. ഴാങ്ങ് തന്റെ ഗവേഷണജീവിതകാലമത്രയും കീഴടക്കാന്‍ ശ്രമിച്ച ഗവേഷണ സമസ്യകള്‍, ഗണിതശാസ്ത്രത്തില്‍ സുപ്രധാനവും ദുഷ്ക്കരവുമായിരുന്നു. മറ്റനേകം ഗണിതശാസ്ത്രജ്ഞന്‍മാരാകട്ടെ, പ്രായേണ ക്ലേശകരമല്ലാത്ത ഗണിതശാസ്ത്രപ്രശ്നങ്ങളുടെ പഠനത്തിലേര്‍പ്പെട്ട്, സമയാസമയങ്ങളില്‍ ഗവേഷണഫലങ്ങളും ഗവേഷണപ്രബന്ധങ്ങളും തങ്ങളുടെ പേരിലുണ്ട് എന്നുറപ്പുവരുത്തി, സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നേടിയെടുത്തു. ഇവിടെ നാം മനസ്സിലാക്കേണ്ടത്, ഇത്തരമൊരു `വിജയ പാത' പിന്‍തുടരുവാനുള്ള പ്രാപ്തിയില്ലാത്തതുകൊണ്ടല്ല ഴാങ്ങ് തന്റേതായ വഴിയില്‍ സഞ്ചരിച്ചത് എന്നുള്ളതാണ്.

സമൂഹഗതിയില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിക്കുന്ന അദ്ധ്യാപകസമൂഹത്തെ, പരസ്പരം മത്സരിച്ച് സ്വന്തം ഉയര്‍ച്ചയില്‍ മാത്രം ശ്രദ്ധയൂന്നി, നിലവാരമില്ലാത്ത ഗവേഷണപ്രവര്‍ത്തനങ്ങളുമായി കഴിയുന്ന ഒരു രണ്ടാംകിട സമൂഹമാക്കുന്ന നിലയിലേക്ക് സര്‍വ്വകലാശാലാസംവിധാനം അധഃപതിച്ചാല്‍, അത് വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വിനാശകരമായിരിക്കും.

ഒരു അദ്ധ്യാപന്റെയോ ഗവേഷകന്റെയോ മൂല്യം സര്‍വ്വകലാശാലകള്‍ അളക്കുന്നത് അയാളുടെ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രമുഖ ശാസ്ത്രപ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചാണ് ഗവേഷകര്‍ തങ്ങളുടെ 'മൂല്യം' അധികാരികളെ ബോദ്ധ്യപ്പെടുത്തുന്നത്. മറ്റൊരു മാനദണ്ഡം, പ്രസ്തുത ഗവേഷണം സര്‍വ്വകലാശാലക്ക് പേറ്റന്റുകള്‍, പ്രോജക്റ്റുകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ എത്രമാത്രം വരുമാനം നേടിക്കൊടുക്കുന്നു എന്നതാണ്. ഈ മാനദണ്ഡങ്ങളിലൂടെ സഹാദ്ധ്യാപകരുമായി മത്സരിച്ച് സ്വന്തം മൂല്യം സ്ഥാപിച്ച് മാത്രമേ ഒരദ്ധ്യാപകന് തന്റെ സര്‍വ്വകലാശാലയിലെ ഔദ്യോഗികശ്രേണിയിലെ പ്രയാണമോ, എന്തിന് നിലനില്‍പ്പ് പോലുമോ സാദ്ധ്യമാവുകയുള്ളൂ.

ശാസ്ത്രജ്ഞന്‍മാരുടെയും ശാസ്ത്രസൃഷ്ടികളുടെയും മൂല്യം ഇപ്രകാരം കീറിമുറിച്ച് അളക്കപ്പെടുമ്പോള്‍, പ്രധാനമായും രണ്ടു വിധത്തിലുള്ള ദുഷ്പ്രവണതകള്‍ അക്കാദമിക് രംഗത്ത് പ്രകടമാകുന്നു.

ഒന്നാമത്, ഈ മത്സരപ്രക്രിയയില്‍ നിര്‍വ്യാജമായ ശാസ്ത്രാന്വേഷണത്തില്‍ മുഴുകുന്ന ഴാങ്ങിനെ പോലെയുള്ള ശാസ്ത്രസ്നേഹികളേക്കാള്‍, സമയബന്ധിതമായി പൂര്‍ത്തിയാക്കാവുന്ന ഗവേഷണപ്രശ്നങ്ങളില്‍ മാത്രം മുഴുകി, തങ്ങളുടെ വ്യക്തിവിവരണരേഖകളെ ശ്രദ്ധാപൂര്‍വ്വം പരിപോഷിപ്പിക്കുന്ന മത്സരാര്‍ത്ഥികള്‍ക്കു മാത്രം സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനാകുന്നു. പലപ്പോഴും, പ്രമുഖശാസ്ത്രജ്ഞന്മാരുമായി മത്സരിക്കേണ്ടിവരുന്ന ഗവേഷണമേഖലകളെ ഒഴിവാക്കിയും, എളുപ്പത്തില്‍ ധാരാളം പ്രസിദ്ധീകരണങ്ങള്‍ സാദ്ധ്യമാകുന്ന മേഖലകളില്‍ ഉപരിപ്ലവമായ നിരവധി പ്രസിദ്ധീകരണങ്ങള്‍ നടത്തിയുമാണ് ഇവര്‍ മൂല്യനിര്‍ണ്ണയപ്രക്രിയയെ പരാജയപ്പെടുത്തുന്നത്. സ്ഥാനമാനങ്ങളിലെത്തിയതിനു ശേഷം ഇക്കൂട്ടര്‍ മൂല്യനിര്‍ണ്ണയസമതികളില്‍ അംഗങ്ങളാവുകയും, തങ്ങളെത്തന്നെ മാതൃകാഗവേഷകരായി സ്ഥാപിക്കുന്ന വിധത്തിലുള്ള അളവുകോലുകള്‍ മറ്റു ഗവേഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ, നിലവാരമുള്ളതോ മൗലികമോ ആയ യാതൊരു ഗവേഷണവും സാദ്ധ്യമാകാത്ത നിലയിലേക്ക് സര്‍വ്വകലാശാലകള്‍ അധഃ‌പതിക്കുന്നു. യഥാര്‍ത്ഥ ശാസ്ത്രഗവേഷകര്‍ ഈ പ്രക്രിയയില്‍ സ്വാഭാവികമായും പുറന്തള്ളപ്പെടുന്നു.

ഭാഗ്യവശാല്‍, ഇന്നും ലോകത്തിലേയും ഇന്ത്യയിലേയും ഏറ്റവും മികച്ച ശാസ്ത്രസ്ഥാപനങ്ങളെ ഈ പ്രവണത വിഴുങ്ങിക്കഴിഞ്ഞിട്ടില്ല. എന്നാല്‍ രണ്ടാം നിരയിലും അതിനു താഴെയുമുള്ള സ്ഥാപനങ്ങളുടെ സ്ഥിതി ഇപ്പോള്‍ത്തന്നെ ദയനീയമാണ്. കൂണുപോലെ പൊട്ടിമുളച്ചുവരുന്ന 'അന്താരാഷ്ട്ര' ശാസ്ത്രസമ്മേളനങ്ങളും, നാടന്‍ അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണങ്ങളും ഈ പ്രതിഭാസത്തെ സാക്ഷ്യപ്പെടുത്തുന്നു. മുന്‍നിര ഗവേഷണസ്ഥാപനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന നിരക്കിലാണ് ഇത്തരം വേദികളിലൂടെ 'ഗവേഷണപ്രബന്ധങ്ങള്‍' പ്രസിദ്ധീകരിക്കപ്പെടുന്നത്.

ഗവേഷണമൂല്യനിര്‍ണ്ണയസംവിധാനം സര്‍വ്വകലാശാലകളില്‍ സൃഷ്ടിക്കുന്ന രണ്ടാമത്തെ പ്രതിസന്ധി കൂടുതല്‍ മൗലികവും വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതുമാണ്. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ശാസ്ത്രജ്ഞന്മാരും ചിന്തകരുമായി വളര്‍ന്നുവരുന്നത്. ഒരു സമൂഹത്തിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ട യുവതലമുറയെ സൃഷ്ടിക്കേണ്ടത് വിദ്യാഭ്യാസസ്ഥാപനങ്ങളാണല്ലോ. സമൂഹഗതിയില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിക്കുന്ന അദ്ധ്യാപകസമൂഹത്തെ, പരസ്പരം മത്സരിച്ച് സ്വന്തം ഉയര്‍ച്ചയില്‍ മാത്രം ശ്രദ്ധയൂന്നി, നിലവാരമില്ലാത്ത ഗവേഷണപ്രവര്‍ത്തനങ്ങളുമായി കഴിയുന്ന ഒരു രണ്ടാംകിട സമൂഹമാക്കുന്ന നിലയിലേക്ക് സര്‍വ്വകലാശാലാസംവിധാനം അധഃപതിച്ചാല്‍, അത് വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വിനാശകരമായിരിക്കും.

പ്രമുഖ സര്‍വ്വകലാശാലകളും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും, ഏതെല്ലാം മേഖലകളിലാണ് `ലാഭകരമായ' ഗവേഷണം സാദ്ധ്യമാകുന്നത് എന്നതിനെപറ്റി അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പ്രവണത ഇന്ന് ഏറിവരികയാണ്. സ്വന്തം ശാസ്ത്രാന്വേഷണ താല്‍പര്യങ്ങള്‍ ബലികഴിച്ച് ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഗവേഷണം ചെയ്യേണ്ടിവരുന്ന, മുഖം നഷ്ടപ്പെട്ട ഒരു അദ്ധ്യാപകസമൂഹത്തെയാണ് ഈ വ്യവസ്ഥിതി സൃഷ്ടിക്കുന്നത്. പ്രതിബദ്ധത, ആത്മാര്‍ത്ഥത, പൗരബോധം എന്നീ മൂല്യങ്ങള്‍ക്കൊന്നും വിലകൊടുക്കാത്ത, സ്വന്തം ഉയര്‍ച്ചയില്‍ മാത്രം ശ്രദ്ധയൂന്നുന്ന ഒരു വിദ്യാര്‍ത്ഥിസമൂഹത്തെയാണ് ഇത്തരം സര്‍വ്വകലാശാലകളിലെ അദ്ധ്യാപകസമൂഹം വാര്‍ത്തെടുക്കുക.

അത്യന്തം അപകടകരമായ ഈ പ്രവണത മുന്‍നിര സ്ഥാപനങ്ങളിലേക്കും ക്രമാനുഗതമായി പടര്‍ന്നു കയറുന്നത് ആശങ്കയോടെ മാത്രമേ നോക്കിക്കാണാനാവൂ. വിദ്യാഭ്യാസമേഖലയെ അധഃ‌പതനത്തിലേക്ക് നയിക്കുന്ന ഈ പ്രവണതക്ക് തടയിടണമെങ്കില്‍, നിസ്വാര്‍ത്ഥ ഗവേഷണപ്രവര്‍ത്തനം ആത്മഹത്യാപരമാകാത്ത വിധത്തില്‍ ഗവേഷണമൂല്യനിര്‍ണ്ണയസംവിധാനം അടിമുടി ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. നിലനില്‍പ്പിനായി പരസ്പരം മത്സരിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരെയല്ല സര്‍വ്വകലാശാലകള്‍ സമൂഹത്തിനു നല്‍കേണ്ടതെന്ന വസ്തുത അം‌ഗീകരിച്ചുകൊണ്ടു മാത്രമേ ഇത്തരമൊരു പരിഷ്ക്കരണം സാദ്ധ്യമാവുകയുള്ളൂ.

ഴാങ്ങിലേക്ക് നമുക്ക് തിരികെവരാം. ശാസ്ത്രഗതിക്ക് അപ്രസക്തമെന്ന് സ്വന്തം മന:സാക്ഷിക്കു ബോദ്ധ്യമുള്ളതും എന്നാല്‍ മൂല്യനിര്‍ണ്ണയസമിതികള്‍ക്കു സ്വീകാര്യമാകുന്നതുമായ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ മുഴുകി, മുന്‍നിര സര്‍വ്വകലാശാലകളില്‍ തന്റെ സ്ഥാനമുറപ്പിക്കുവാന്‍ അദ്ദേഹം തല്‍പ്പരനായിരുന്നില്ല. അദ്ധ്യാപകനിയമനത്തിനായുള്ള ശുപാര്‍ശക്കത്തിനു വേണ്ടി ഒരിക്കല്‍പ്പോലും ഴാങ്ങ് തന്നെ സമീപിച്ചിട്ടില്ലെന്നും, അമേരിക്കയിലെ മത്സരാധിഷ്ഠിതമായ ഗവേഷണസംസ്ക്കാരത്തിനു തികച്ചും അസ്വീകാര്യമായ സമീപനമായിരുന്നു ഴാങ്ങിന്റേതെന്നും, അദ്ദേഹത്തിന്റെ ഗവേഷണമാര്‍ഗനിര്‍ദ്ദേശിയായിരുന്ന പ്രൊഫസ്സര്‍ ടി. ടി. മോ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് 6. രണ്ടാംകിട ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെ അനായാസം എത്തിപ്പിടിക്കാനാവുമായിരുന്ന നേട്ടങ്ങളുപേക്ഷിച്ച്, സത്യസന്ധമായ ശാസ്ത്രാന്വേഷണത്തില്‍ മുഴുകുവാന്‍ ഇക്കാലമത്രയും അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ ജീവിതക്ലേശങ്ങള്‍ക്കിടയിലും ഈ വിഷയത്തില്‍ ഴാങ്ങ് കാട്ടിയ ആര്‍ജ്ജവമാണ് അദ്ദേഹത്തിന്റെ ജീവിതകഥയെ ഹൃദയസ്പര്‍ശിയാക്കുന്നത്.

റഫറന്‍സ്