1957-ലെ ചില ഓര്‍മ്മകള്‍

വടകരക്കാരനായ ശ്രീ ബാലന്‍ ഒരിക്കല്‍ പോലും ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ചിട്ടില്ല. പക്ഷെ ആ മനസ്സ് വേറൊരു കാലഘട്ടത്തിലെ ബെര്‍ലിനും, ജെനയും, മാന്‍ചെസറ്ററും ഒക്കെ കണ്ടിറ്റുണ്ട് . വായന മനുഷ്യമനസ്സുകള്‍ക്കു ചിറകുകള്‍ സമ്മാനിക്കും എന്നുള്ളത് സത്യം. മാര്‍ക്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം, മുഖത്ത് ഒരു വെളിച്ചം. മാര്‍ക്സിന്റെ ജീവിതത്തെ കുറിച്ച് വാചാലന്‍ ആകുമ്പോളും, 'നമ്മുടെ സഖാവി'നെ (ശ്രീ ഈ.എം.എസ് നമ്പൂതിരിപ്പാട്) കുറിച്ചു പറയാന്‍ പുള്ളി മറക്കുന്നില്ല. 1957 ശ്രീ ബാലന്‍ നല്ലതു പോലെ ഓര്‍ക്കുന്നു. അന്ന് വടകരയുടെ വീഥികളില്‍ ചുവന്ന പോസ്റ്ററുകള്‍ ഇല്ലായിരുന്നു. വഴിയോരങ്ങളില്‍ മനുഷ്യമോചനത്തിനായി പോരാടിയ സഖാക്കള്‍ക്ക് വേണ്ടി നിലകൊണ്ട സ്മാരകങ്ങളും സ്തൂപങ്ങളും ഇല്ലായിരുന്നു. ഉണ്ടായിരുന്നത് മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റിയ ഒരു വ്യവസ്ഥിതിയും അടിച്ചമര്‍ത്തലില്‍ അധിഷ്ഠിതമായ ഒരു ഭരണയന്ത്രവും മാത്രം. ദേവനെ പ്രീതിപ്പെടുത്താന്‍ വേണ്ടി തന്റെ ചോര നീരാക്കി കൊയ്ത വിള അമ്പലങ്ങളില്‍ കാഴ്ച വയ്ക്കേണ്ടി വന്ന കര്‍ഷകന്, ദേവനെ കാണാന്‍ അമ്പലത്തില്‍ കേറാന്‍ അനുവാദം ഇല്ലാത്ത കാലം. അന്നാണ് തിരഞ്ഞെടുപ്പില്‍, നാദാപുരത്ത് സ്ഥലത്തെ പ്രമാണിക്ക് എതിരെ പാര്‍ട്ടി ശ്രീ. സി.എച്ച്.കണാരനെ നിര്‍ത്തുന്നത്. 'കൊടുവാതീയ്യന്‍' എന്ന് വിളിച്ച് അധിഷേപിച്ചായിരുന്നു സി.എച്ചിനെതിരെ ഉള്ള തിരഞ്ഞെടുപ്പ് പ്രചരണം. കേരളത്തിലെ ജനത ചെങ്കൊടി ഉയര്‍ത്തി പിടിച്ചപ്പോള്‍ നാദാപുരം മാത്രമല്ല, ലോകവും ഞെട്ടി. മാര്‍ക്സിയന്‍ ചിന്തകളില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാരിനെ സ്വതന്ത്രരായ ഒരു ജനത ഒരിക്കലും തിരഞ്ഞെടിക്കില്ല എന്ന വാദം കേരളം പൊളിച്ചടുക്കി. താന്‍ നേതൃതം നല്‍കുന്ന സര്‍ക്കാര്‍ മര്‍ദ്ദിതരുടെയും ചൂഷിതരുടെയും സര്‍ക്കാര്‍ ആകും എന്ന് ശ്രീ ഈ.എം.എസ് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചപ്പോള്‍, കേരള ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയായിരുന്നു.

null

ഭൂപരിഷ്കരണ നിയമം ആണ് അന്നത്തെ സര്‍ക്കാരിനെതിരെ തിരിയാന്‍ സമൂദായ സംഘടനകളെ പ്രേരിപ്പിച്ചതെന്ന് സ:ബാലന്‍ ഉറച്ച് വിശ്വസിക്കുന്നു. ആ നിയമം ഇല്ലാതാക്കിയത് ശതാബ്ദങ്ങള്‍ വളര്‍ത്തിയ അസമത്വങ്ങളെ ആയിരുന്നു. കുടിയാന്‍മാര്‍ ഇല്ലാത്ത ഒരു കേരളത്തില്‍ ജന്മിമാരും ഉണ്ടാകില്ല എന്നുള്ള തിരിച്ചറിവ് അധികാരിമാരേയും മാടമ്പികളെയും വല്ലാതെ ഭയപ്പെടുത്തി. 'വിമോചന സമര'ത്തിന്റെ രാഷ്ട്രീയം ഈ ഭയത്തില്‍ നിന്ന് ഉത്ഭവിച്ചതായിരുന്നു. പക്ഷെ, ആ സമരം ശ്രീമതി ഇന്ദിര ഗാന്ധിയുടെ അനുഗ്രഹാശംസകളാല്‍ വിജയിക്കുമ്പോഴേക്കും ജന്മിത്തതിന്റെ മരണമണി മുഴങ്ങി കഴിഞ്ഞിരുന്നു. സാധാരക്കാരണക്കാരില്‍ സാധാരണക്കാര്‍ ആയ ജനലക്ഷങ്ങള്‍ക്ക് ഭൂമിയും അവകാശങ്ങളും നല്കിയ ആ സര്‍ക്കാര്‍ ആണ് ശ്രീ ബാലനെ സ:ബാലന്‍ എന്ന കമ്മ്യൂണിസ്റ്റ് ആക്കിയത്.

വടകരയിലെ വേറൊരു ഭാഗത്ത് ശ്രീ ബാലന്‍ നമ്പ്യാര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങുന്നത് 1948ല്‍ ആണ്. അത് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നത് തന്നെ ജയില്‍ വാസം അര്‍ഹിക്കുന്ന ഒരു കുറ്റം ആയിരുന്ന കാലം. മകള്‍ക്ക് വേണ്ടി ചുവന്ന കുപ്പായം വാങ്ങുന്നവനെ കമ്മ്യുണിസ്റ്റ് എന്ന് മുദ്ര കുത്തി കോണ്‍ഗ്രസ്സ് ഗുണ്ടകളും മാടമ്പിയുടെ കിങ്കരന്‍മാരും വേട്ടയാടിയിടരുന്ന കാലം. സാധാരണക്കാര്‍ താന്‍ കമ്മ്യുണിസ്റ്റ് അല്ല എന്നു തെളിയിക്കാന്‍ സ്ഥലത്തെ പ്രമാണിമാരുടെ കയ്യില്‍ നിന്നുള്ള എഴുത്തുകള്‍ കൊണ്ട് നടന്നിരുന്ന കാലം. അന്നാണ് കുടുമ മുറിച്ച്, പാരമ്പര്യത്തെ ലംഘിച്ച് ബാലന്‍ നമ്പ്യാര്‍ സ:ബാലന്‍ ആയത്. സ്കൂള്‍ അദ്ധ്യാപകരെ സംഘടിപ്പിക്കുന്നതില്‍ ആണ് അദ്ധ്യാപകനായ സ:ബാലന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അന്ന് അദ്ധ്യാപകര്‍ക്ക് പ്രത്യേകിച്ച് ഒരു അവകാശങ്ങളുമില്ലയിരുന്നു, നിയമപരമായ ഒരു പരിരക്ഷയും ഇല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ സ്കൂള്‍ മാനേജ്മെന്റിന്റെ കിരാതവാഴ്ച. ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കാന്‍ -അദ്ധ്യാപകന്റെ അന്തസ്സ് ഉയര്‍ത്താനും, മാനേജ്മെന്റുകള്‍ക്ക് ഒരു മൂക്കുകയര്‍ ഇടാനും വേണ്ടി ആയിരുന്നു ശ്രീ. ജോസഫ് മുണ്ടശ്ശേരി 1957-ല്‍ വിദ്യാഭ്യാസ നിയമഭേദഗതി അവതരിപ്പിച്ചത്.

xdfdfd
Image Courtesy: New York Times Archives

ആ ബില്ല് ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചത് കത്തോലിക്ക സഭയെ ആയിരുന്നു എന്നുള്ളത് സ്വാഭാവികം. 1957ലെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സ്വാകാര്യ മൂലധന നിക്ഷേപം ഉണ്ടായിരുന്നത് സഭയ്ക്ക് ആയിരുന്നിരിക്കണം. സഭയുടെ സ്കൂളുകളില്‍ ശ്രീ. ജോസഫ് മുണ്ടശ്ശേരിക്കും ശ്രീ ഈ.എം.എസ് നമ്പൂതിരിപ്പാടിനും എതിരേ മുദ്രാ വാക്യങ്ങള്‍ കുരുന്നുകളെ പറഞ്ഞു പഠിപ്പിച്ച കാര്യം സ:ബാലന്‍ ഓര്‍ക്കുന്നു.മാടമ്പികളുടെ കൂടെ സഭയും ചേര്‍ന്നപ്പോള്‍ 'വിമോചന സമരം' ഒന്നു കൂടെ കൊഴുത്തു. പക്ഷെ അതിനെ ഒന്നും വക വയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോയി. അന്ന്, കൂടുതല്‍ സകൂളുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണ് മേമുണ്ടയില്‍ ഒരു സ്കൂളിന് ശ്രീ ഈ.എം.എസ് തറക്കല്ല് ഇട്ടത്. ഇന്ന് ആ സ്കൂള്‍ ഏതൊരു സ്വകാര്യ സ്കൂളിനെയും വെല്ലാന്‍ കെല്പുള്ള ഒരു സംരംഭം ആയി വളര്‍ന്നു പന്തലിച്ചിരിക്കുന്നു.ശ്രീ. ജോസഫ് മുണ്ടശ്ശേരി 1957-ല്‍ വിഭാവനം ചെയ്ത മാതൃക ശരി വയ്ക്കുവോണം മേമുണ്ട ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍നിര ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലാണ് അവരുടെ ഉപരി പഠനത്തിന് പോയത്.

മേമുണ്ട സ്കൂളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വളരെ സജീവമാണ്. ഇതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ സ:ബാലന്‍ അത് വളരെ അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. സ:ബ്രിട്ടോ എഴിതിയതു പോലെ ആരാഷട്രീയതയുടെ നിശ്ചല തടാകങ്ങളില്‍ വിരിയുന്നത് വര്‍ഗ്ഗീയതയുടെ വിഷപുഷ്പങ്ങള്‍ ആയിരിക്കും എന്ന തിരിച്ചറിവാണ് ഈ അഭിപ്രായത്തിന് പിന്നില്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച അദ്ധ്യാപകരുടെ പെന്‍ഷന്‍ വിതരണത്തിന് നിയമങ്ങളുടെ സഹായത്താല്‍ പരിരക്ഷ കൊണ്ട് വരാന്‍ വേണ്ടി യത്നിക്കുന്ന ഈ സഖാവ്, വര്‍ഗ്ഗ ബോധള്ള രാഷ്ട്രീയ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ സമന്വയത്തിലൂടെ മാത്രമെ പുരോഗമനപരമായ ഒരു ജനാധിപത്യ ഭരണം സാധ്യമാകുള്ളു എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇടത് പ്രസ്ഥാനങ്ങള്‍ക്ക് ഒരു മൂല്യച്യുതി സംഭവിച്ചതായി സ:ബാലന്‍ കരുതുന്നില്ല. സമൂഹത്തിന്റെ മാറി വരുന്ന അഭിപ്രായങ്ങള്‍ ഇടത് പ്രസ്ഥാനങ്ങളിലും പ്രതിഭലിക്കുന്നു എന്നു മാത്രം.

പിന്തിരിപ്പന്‍ ശക്തികള്‍ കോണ്‍ഗ്രസ്സിന്റെയും സി.ഐ.എ.യുടെയും സഹായത്തോടെ അവതരിപ്പിച്ച നാടകം ആയിരുന്നു 'വിമോചന സമരം' എന്ന വസ്തുത ഇന്ന് വ്യക്തമാണ്. ക്രമസമാധാനം തകര്‍ന്നു എന്നു വാദിക്കാന്‍ ശ്രീമതി ഇന്ദിര ഗാന്ധി നിരത്തിയ മാനദണ്ഡങ്ങളും, ജനഹിതത്തിനെ മറികടക്കാനുള്ള കാട്ടിയ ആ തിടുക്കവും രണ്ട് പതിറ്റാണ്ടകള്‍ക്ക് ശേഷം അടിയന്തരാവസ്ഥയിലേക്ക് ഇന്ത്യയിലേക്ക് തള്ളി വിട്ടു. ചരിത്രത്തെ കുറിച്ച് പിതാവ് എഴുതിയതൊക്കെ പുത്രി വായിച്ചെങ്കിലും കാര്യമായി ഒന്നും മനസ്സിലാക്കിയില്ല എന്നു വേണം കരുതാന്‍. അതിശയകരമായ വസ്തുത ആ ദുരനുഭവത്തിന് ശേഷവും ജനാധിപത്യ മാര്‍ഗ്ഗം ആണ് വര്‍ഗ്ഗവര്‍ണ്ണ രഹിതമാം ഒരു ഇന്ത്യ പടുത്തുയര്‍ത്താന്‍ ഉള്ള ഏക മാര്‍ഗ്ഗം എന്ന് ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്ററ് പാര്‍ട്ടികള്‍ ഉറച്ച് വിശ്വസിച്ചു എന്നുള്ളതാണ്.