'ചെ'യുടെ സഹയാത്രികന്‍

'ചെ'യുടെ സഹയാത്രികനും ഇവിടെ യാത്ര അവസാനിപ്പിക്കുന്നു. ആല്‍ബര്‍ട്ടോ ഗ്രനാഡോ, ചെയുടെ സഖാവ്. ചെയുടെ പേരിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ സഖാവെന്ന പദത്തിന്റെ പൂര്‍ണമായ അര്‍ത്ഥം തിരിച്ചറിയുന്നു.

'ചെ' എന്ന വിപ്ലവകാരി പിറന്ന ആ മോട്ടോര്‍സൈക്കിള്‍ യാത്രയില്‍ അവര്‍ ഒരുമിച്ചായിരുന്നു. കുഷ്ഠവും, ദാരിദ്ര്യവും, ചൂഷണവും പരസ്പരം മത്സരിച്ച് അവശരാക്കിയ ലാറ്റിനമേരിക്കയുടെ സ്വന്തം ജനതയുടെ ദൈന്യത തൊട്ടറിഞ്ഞത് അവരൊരുമിച്ചാണ് . ആ യാത്രയില്‍ വെനിസ്വേലയില്‍ വെച്ച് അവര്‍ താത്കാലികമായി പിരിഞ്ഞു. ഗ്രനാഡോ, മരുന്നും ഭക്ഷണവും നിഷേധിക്കപെട്ട ദരിദ്രരായ കുഷ്ഠരോഗികളുടെ ഇടയിലേക്ക്, അവരുടെ ചികിത്സയ്ക്കായി ... ചെ, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഉറവിടം തിരിച്ചറിഞ്ഞ്, അതിനെതിരെ ആയുധവുമേന്തി ...

ക്യൂബയില്‍ വിപ്ലവത്തിന്റെ വിജയത്തിനു ശേഷം ആ പഴയ സഖാവിന്റെ ക്ഷണം സ്വീകരിച്ച് ഗ്രനാഡോ വീണ്ടും ചെയുടെ അരികിലെത്തി, ക്യൂബയില്‍. സ്വതന്ത്ര ക്യൂബയില്‍ നിന്ന് അധികാരത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്ക് ഇടവേള നല്‍കി, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും അന്ത്യം കാണാതെ അവസാനിക്കാത്ത വിപ്ലവത്തിന്റെ തുടര്‍ച്ചയിലേക്ക് ചെ ആയുധവുമേന്തി മുന്നേറുമ്പോള്‍, ക്യൂബയില്‍ താന്‍ ബാക്കിവെച്ച വഴികള്‍ നടന്നു തീര്‍ക്കുവാന്‍ ഒരു പകരക്കാരനെ, തന്റെ ആ പഴയ സഹയാത്രികനില്‍. ചെ കണ്ടിരുന്നിരിക്കണം.

ഒടുവില്‍ 1967-ല്‍ വിപ്ലവകാരിയില്‍ നിന്ന് ആയിരം വിപ്ലവകാരികളുടെ കണ്ണുകളിലെ ജ്വലിക്കുന്ന വിപ്ലവ നക്ഷത്രമായി ചെ മാറി. രണ്ടു നാള്‍ മുന്‍പ്, 2011 മാര്‍ച്ച്‌ അഞ്ചിനു, ചെ എന്ന ജ്വലിക്കുന്ന രക്തനക്ഷത്രത്തോടൊപ്പം മറ്റൊരു നക്ഷത്രമായി സഖാവ് ഗ്രനാഡോവും

ഇതു കൂടി വായിക്കുക: അമ്മയറിയാന്‍

"മുകളില്‍ ബൊളീവിയയുടെ നിലാവ്. താഴെ ഞാന്‍ ഒറ്റയ്ക്കാണ്. എന്നെ ഒറ്റയ്ക്കാക്കുന്നതില്‍ അമ്മയ്ക്കെന്നും ഭയയമായിരുന്നു. ഇന്ന് അമ്മ ഭയക്കേണ്ടതില്ല. ഈ കൊടുംകാട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന ശക്തി അമ്മയ്ക്കൂഹിക്കാവുന്നതിലും അപ്പുറമാണ്." ബൊളീവിയയന്‍ കാടുകളില്‍ പാറക്കൂട്ടങ്ങളുടെ ഇരുണ്ട മറവിലിരുന്ന് ചെ അമ്മയെ ഓര്‍ക്കുന്നു - സിബില്‍കുമാറിന്റെ സാന്ദ്രദീപ്തമായ ഭാവനയില്‍