തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ഫലം: മൌലികവിശകലനം ഇടതുപക്ഷത്തിന്റെ ചരിത്രപരമായ കടമ

ചാനലുകള്‍ അര്‍ദ്ധസത്യങ്ങളിലൂടെ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോഴിക്കോട്ടെയും കൊല്ലത്തെയും വിജയം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാടിത്തറയുടെ പ്രകടമായ ദൃഷ്ടാന്തമായി. പ്രത്യേകിച്ചും കിനാലൂരിലെ വിജയം കൃത്യമായ രാഷ്ട്രീയപ്രചരണത്തിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല. പക്ഷെ മറ്റു പലേടങ്ങളിലും സ്ഥിതി മറിച്ചായിരുന്നു. പണ്ടത്തെ പോലെ, അല്ലെങ്കില്‍ അതിലും തീവ്രമായി, മധ്യകേരളത്തിലെ പള്ളി അള്‍ത്താരകളും മലപ്പുറത്തെ വ്യവസ്ഥാപിത മുസ്ലീം മതവും വലതുപക്ഷരാഷ്ട്രീയത്തിന്റെ പ്രചരണായുധങ്ങളായി വര്‍ത്തിച്ചു.

മതം രാഷ്ട്രീയപ്രചരണായുധമാകുന്നത് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടത് തന്നെ. പക്ഷെ ഒരു പുരോഗമന ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്റെ സൂക്ഷ്മദൃഷ്ടി തിരുവനന്തപുരത്തേയും പാലക്കാടിനേയും കാണാതെ പോയാല്‍ അതായിരിക്കും ഏറ്റവും വലിയ പരാജയം. അടിസ്ഥാനവര്‍ഗജനത തിങ്ങിപ്പാര്‍ക്കുന്ന പാലക്കാടിലെ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി, കണ്ണാടി ഉള്‍പെടെയുള്ള പല പഞ്ചായത്തുകളും മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരിയും ഒക്കെ ഇടതുപക്ഷത്തിനു വോട്ടു ചെയ്യാതിരുന്നതെന്തെന്ന് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത് തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുള്ള ആറ്റിങ്ങല്‍ താലൂക്കില്‍ വലതുപക്ഷപാര്‍ടികള്‍ക്കു കൂടുതല്‍ വോട്ടും ഡിവിഷനുകളും നേടാനായതും മേല്‍പറഞ്ഞ ഗണത്തില്‍ പെടുത്തി പരിശോധക്കേണ്ടതാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നു വിഭിന്നമായി ഇവിടെയൊക്കെ മതത്തിന്റെ ഇടപെടലോ വിമതശല്യമോ അല്ല, മറിച്ചു അടിസ്ഥാനവര്‍ഗത്തിന്റെ വോട്ടില്‍ ഉണ്ടായ വിള്ളല്‍ ആണ് പ്രധാന പ്രശ്നം. ഇതിനെ ഗൌരവത്തോടെ നോക്കിക്കണ്ട്, വര്‍ഗാടിസ്ഥാനത്തിലും സാമ്പത്തികാടിസ്ഥാനത്തിലുമുള്ള വിശകലനങ്ങള്‍ നടത്തി പുതിയ ഉത്തരങ്ങള്‍ തേടേണ്ടത് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ചരിത്രപരമായ കടമയാണ്. അത്തരം ചര്‍ച്ചകള്‍ക്കൊരു വേദി ഒരുക്കുകയാണ് ബോധി - ഇതിനെ കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പടെന്താണ് ? കമന്റുകള്‍ ക്ഷണിച്ചുകൊള്ളുന്നു.