ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ...

ആരാണ് "സിനിക്"? എന്തിന്റെയും വില അറിയുന്നവനും എന്നാല്‍ ഒന്നിന്റെയും മൂല്യം അറിയാത്തവനും. (What is a cynic? A man who knows the price of everything and the value of nothing.)
~ ഓസ്കര്‍ വൈല്‍ഡ്

മലയാളത്തിലെ സ്ഥിരം മാധ്യമ കോളംനിസ്ടുകളുടെ ഇടയില്‍ സിനിക്കുകളുടെ എണ്ണം അല്പം കൂടുതലാണെന്നു തോന്നുന്നു. എന്തു കാര്യത്തിന്റെയും കുറവുകള്‍ മാത്രം കാണുന്ന ഈ വിഭാഗം, അവരുടെ ആ കാഴ്ചപ്പാടുകള്‍ ലേഖനങ്ങള്‍ വഴി സമൂഹത്തില്‍ കുത്തി വെയ്ക്കാനും ശ്രമിക്കുന്നു. ഈ സിനിസിസം ചെറിയതോതില്‍ ഒരു പകര്‍ച്ചവ്യാധിയുമായതിനാല്‍ ഇതിനൊരു ചികിത്സ അനിവാര്യമാകുന്നു. ഇത്തരം ലേഖനങ്ങളുടെ ഒരു മകുടോദാഹരണമാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ (2011 ഏപ്രില്‍ 3-9, പുസ്തകം 89, ലക്കം 4) പ്രസിദ്ധീകരിച്ച "കാറ്റുനിറച്ച തിരഞ്ഞെടുപ്പു രാഷ്ട്രീയം" എന്ന ലേഖനം. ലേഖനകര്‍ത്താവായ കെ. വേണു കേരളജനതയുടെ ആകെ രാഷ്ട്രീയ പ്രബുദ്ധതയെ അടച്ചാക്ഷേപിക്കുന്നു. അതിലെ പ്രധാന ആരോപണം ഇപ്രകാരമാണ്:

ക്രിയാത്മകമായ പദ്ധതികളും മുന്നേറ്റങ്ങളും നയങ്ങളും ആവിഷ്കരിക്കാന്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് സാധിക്കാതായിരിക്കുന്നു. ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും ഭരണകക്ഷിയെ പ്രതിപക്ഷത്തേക്കയക്കുക എന്ന തന്ത്രത്തിനപ്പുറം രാഷ്ട്രീയമായി മലയാളി ഒരു പ്രബുദ്ധതയും കാണിക്കുന്നില്ല.

പദ്ധതി ആവിഷ്കരണം ഏറ്റവും കൂടുതല്‍ വികേന്ദ്രീകരിക്കപ്പെട്ട, പൊതുജന മുന്നേറ്റങ്ങളുടെ തുടിപ്പു എന്നും നിലനില്‍ക്കുന്ന, നവ-ഉദാരീകരണ വികസന മാതൃകയക്കു ഒരു ബദല്‍ നയം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപിടിക്കുന്ന നമ്മുടെ കേരളത്തെ കുറിച്ചാണ് ഇത്തരം ഒരു ആരോപണം എന്നത് കഷ്ടം തന്നെ. മേല്‍പറഞ്ഞ ആരോപണം സ്ഥാപിക്കാന്‍ ലേഖകന്‍ നിരത്തുന്ന ഉദാഹരണങ്ങള്‍ ഒന്നൊന്നായി പരിശോധിക്കാനും, എതിര്‍ക്കാനും ശ്രമിക്കുന്നത് തന്നെ ഒരുതരത്തില്‍ അധ:പതനമാണ്. കേരളത്തില്‍ എല്ലാം നല്ലതാണ് എന്ന് ഈ ലേഖകനും അഭിപ്രായമില്ല. കുറവുകള്‍ പലതുമുണ്ട്. പക്ഷെ ഒരു സമൂഹത്തിന്റെ രാഷ്ട്രീയ ബോധം വിലയിരുത്തേണ്ടതു ചിതറി കിടക്കുന്ന ചില കുറവുകളില്‍ നിന്നാകരുത്. മറിച്ച് അത്തരം ഒരു വിലയിരുത്തലിന്റെ അടിസ്ഥാനം ആ സമൂഹത്തില്‍ ഊര്‍ന്നിറങ്ങിയ മൂല്യങ്ങളുടെയും, ചുറ്റുപാടുമുള്ള സമൂഹങ്ങള്‍ക്കു ആ സമൂഹം നല്കുന്ന പ്രചോദനത്തിന്റെയും അടിസ്ഥാനത്തിലാകണം. എന്തൊക്കെയാണ് മലയാളി സമൂഹം ചുറ്റുമുള്ള മറ്റു സമൂഹങ്ങള്‍ക്കു നല്കുന്ന പ്രചോദനം? മനുഷ്യനെ നൂറ്റാണ്ടുകള്‍ പിന്നോട്ടു വലിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയ്ക്കും, ലോകമാകമാനം കാട്ടുതീപോലെ പടര്‍ന്നു കയറുന്ന നവ-ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ക്കും എതിരെയുള്ള കേരളത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പാണ് ഈ ലേഖകകന്റെ കണ്ണില്‍ കേരളം എന്ന പ്രചോദനം.

ഇതു പറയുമ്പോള്‍ മനസ്സില്‍ വരുന്നതു ഒരു സുഹൃത്ത് പറഞ്ഞ ഒരു നിരീക്ഷണമാണ്.

"സമൂഹത്തിലെ മദ്ധ്യവര്‍ഗത്തിന്റെയിടയില്‍ ഇടതുപക്ഷത്തിനു സ്വാധീനം ചെലുത്തണമെങ്കില്‍, ഇടതുപക്ഷം അതിന്റെ ഭാഷ അല്പം മാറ്റാതെ തരമില്ല. വര്‍ഗീയത, നവ-ഉദാരീകരണം എന്നൊക്കെ പറഞ്ഞു തുടങ്ങിയാല്‍ തന്നെ പലരുടെയും മുഖത്തു ഒരു പരിഹാസച്ചുവയുള്ള ചിരിയും, ഇതൊക്കെ കാലഹരണപെട്ട മാര്‍ക്സിസ്റ്റ് വരട്ടു വാദങ്ങളല്ലേ എന്ന മട്ടിലുള്ള ഒരു നോട്ടവുമാണ് കാണാന്‍ കഴിയുക."

ഏതോ ഒരു നാഷണല്‍ വാര്‍ത്താ ചാനലില്‍ ഒരു പാനല്‍ ചര്‍ച്ചയിലെ അവതാരികയുടേയും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രേക്ഷകരുടെയും ഭാവം കണ്ടതാണ് അദ്ദേഹം അങ്ങനെ ഒരു നിരീക്ഷണം നടത്താനുണ്ടായ സാഹചര്യം. അതുകൊണ്ട് തന്നെ ഇടതുപക്ഷ ആശയങ്ങളോടുള്ള ഇത്തരത്തിലുള്ള ഒരു പ്രതികരണം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവപെട്ടവരുടെ ഇടയില്‍ എത്രത്തോളം പ്രബലമാണെന്ന് അതില്‍ നിന്നനുമാനിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ലേഖകന്‍ കണ്ടു പരിചയിച്ച മദ്ധ്യവര്‍ഗത്തിന്റെ ഇടയില്‍ നല്ലൊരു തോതില്‍ ഈ "ഇടതുപക്ഷത്തിനു വേറൊന്നും പറയാനില്ലേ?" എന്ന ചോദ്യഭാവം പ്രബലമാണ്.

ഇന്ത്യയിലെ ഇടതുപക്ഷം ഏറ്റവും ശക്തമായി എതിര്‍ക്കുന്നതു വര്‍ഗീയതയേയും, നവ-ഉദാരീകരണത്തേയുമാണ്. ഒരുപക്ഷെ അതുകൊണ്ടു തന്നെയാണ് ഈ ലേഖകന്റെ കണ്ണില്‍ കേരളത്തിന്റെ പ്രധാന സംഭാവന അവയ്ക്കെതിരെയുള്ള ചെറുത്തുനില്പാകുന്നത്. എന്നാല്‍ ഇതു രണ്ടുമാണോ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍? പട്ടിണിയും, വെള്ളം-ചികിത്സ-വിദ്യാഭ്യാസം ഇവ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, ജാതി-ലിംഗ വിവേചനങ്ങളും, തൊഴിലില്ലായ്മയും, അഴിമതിയുമൊക്കെയല്ലെ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്ന പ്രശ്നങ്ങള്‍? പല സന്നദ്ധ സംഘടനകളൂം, ചില ഉദാരമതികളായ പണക്കാരും ചെയ്യുന്നതു പോലെ ഈ അനീതികളില്‍ നിന്നു ഒരാളെയെങ്കില്‍ ഒരാളെ രക്ഷിക്കുക്കയല്ലെ നമ്മുടെ ഇടതുപക്ഷവും ചെയ്യേണ്ടത്? അല്ലാതെ വര്‍ഗീയത, നവ-ഉദാരീകരണം എന്നൊക്കെ പറയുന്ന ചില അമൂര്‍ത്തമായ ഭൂതങ്ങളോടാണോ പോരാടേണ്ടതു?

കൂടുതല്‍ ചിന്തിക്കും തോറും അതിന്റെ ഉത്തരം കൂടുതല്‍ കൂടുതല്‍ ഭയാനകമാം വിധം സ്പഷ്ടമാവുന്നു. രോഗലക്ഷണങ്ങളേയല്ല മറിച്ച് രോഗത്തെയാണ് ചികിത്സിക്കേണ്ടെതെന്ന സാമാന്യബോധം; രോഗലക്ഷണമായ വേദന കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും, രോഗകാരണമായ അണുബാധയേയാണ് ആത്യന്തികമായി നശിപ്പിക്കേണ്ടതെന്ന ശാസ്ത്രബോധം.

വര്‍ഗീയതയുടെ കാര്യം തന്നെ ആദ്യമെടുക്കാം. നൂറുകണക്കിനു മനുഷ്യ ജീവനെ നേരിട്ടു കൊന്നൊടുക്കുന്നതും, അതിലും എത്രയോ മടങ്ങ് ജീവന്‍ എടുക്കാന്‍ മറ്റു സായുധ ശക്തികള്‍ക്കു കപടന്യായം നല്കുന്നതുമായ മതഭീകരവാദം എന്ന വിഷം ചില തത്പര കക്ഷികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗീയത എന്ന വികാരം കടഞ്ഞുണ്ടാക്കിയെടുക്കുന്നതാണ് എന്നതു തീര്‍ത്തും വ്യക്തമല്ലെ? 9/11 ഭീകരാക്രമണവും, ബാബറിമസ്ജിത് തകര്‍ക്കലും, മാറാടുമെല്ലാം അതിന്റെ ആയുധങ്ങള്‍ കണ്ടെത്തിയതു ഈ വര്‍ഗീയതയില്‍ നിന്നു തന്നെയല്ലേ? ഭരണകൂടങ്ങള്‍ തന്നെ ഈ വര്‍ഗീയതയുടെ കാര്‍മികരായാലുള്ള അവസ്ഥ നമ്മള്‍ ഗുജറാത്തിലും, ഒറീസയിലും കണ്ടതല്ലെ? ഈ വര്‍ഗീയ ശക്തികള്‍ ഭരണകൂടങ്ങളേക്കാള്‍ വളര്‍ന്ന് ഒടുവില്‍ ഒരു ജനതയെ തന്നെ ശബ്ദമില്ലാത്തവരാക്കി മാറ്റുന്ന അവസ്ഥയിലല്ലെ ഇന്നും പേരിനു ജനാധിപത്യരാജ്യമായ പാകിസ്ഥാന്‍?

ഈ വര്‍ഗീയ തീവ്രവാദത്തിന്റെ ലക്ഷണങ്ങള്‍ കേരളത്തില്‍ അങ്ങിങ്ങ് കാണുമ്പോള്‍ തന്നെ, അതിനെതെരെ എന്നും ഒരു ഉറച്ച ശബ്ദമായിരുന്നു കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും. ബി.ജെ.പിക്കു കേരളത്തില്‍ ഇന്നു വരെ ഒരു നിയമസഭാ സീറ്റ് പോലും ലഭിച്ചിട്ടില്ല എന്നത് തന്റെ ഉത്തരേന്തന്‍ സുഹൃത്തുകളുടെ മുന്നില്‍ ഈ ലേഖകന്‍ എന്നും അഭിമാനത്തോടെ പറയുന്ന ഒരു കാര്യമാണ്. അതെന്തുകൊണ്ടെന്നു അവര്‍ ചോദിച്ചാല്‍ അല്പം‌ അഹങ്കാരത്തോടു കൂടി തന്നെ മറുപടി പറയും - കേരളത്തിലുള്ളവര്‍ക്കു ആവശ്യത്തിനു ബോധമുള്ളതുകൊണ്ട് എന്ന്. ഹിന്ദു ദേശീയത ബി.ജെ.പിക്കു തരം പോലെ ഉപയോഗിക്കാനുള്ള ഒരു ആയുധമാണെന്ന് എന്ന കാര്യം അരുണ്‍ ജെയ്റ്റ്ലിയുടെ വായില്‍ നിന്നു വീണറിയുന്നതിനു വളരെ മുമ്പേ തന്നെ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞ കാര്യമാണ്. കേരളം കാണിച്ചു കൊടുത്ത ആ മാതൃക ഇന്നു ഇന്ത്യ ഒട്ടാകെ ചെറിയതോതിലെങ്കിലും ഉള്‍കൊണ്ടിട്ടുണ്ട്. ആ തിരിച്ചറിവാണ് യുക്തിക്കും നിയമത്തിനും നിരക്കാത്ത അലഹബാദ് ഹൈക്കോടതി വിധിയും, സ്വാമി അസീമാനന്ദിന്റെ കുറ്റസമ്മതവും, ഗുജറാത് കലാപത്തിലേയും അതിനു തിരികൊളുത്തിയ സബര്‍മതി തീവണ്ടി കത്തിക്കലിലേയും പ്രതികളോടു ഗുജറാത് ഭരണകൂടം കാണിച്ച ഇരട്ടത്താപ്പും, കര്‍ണാടകത്തിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തെ കുറിച്ചു വന്ന സോമശേഖര കമ്മിഷന്‍ റിപ്പോര്‍ട്ടും, ഒന്നും ഒരു സായുധ കലാപമായി മാറാത്തതിനു പിന്നില്‍.

ഇനി നവ-ഉദാരീകരണത്തിന്റെ കാര്യമെടുക്കാം. എന്തു വില കൊടുത്തും നേടിയെടുക്കേണ്ട ഒന്നാണ് രണ്ടക്ക സാമ്പത്തിക വളര്‍ച്ച എന്നും, മനുഷ്യനന്മയോക്കെ താനെ അതിനെ അനുഗമിക്കും എന്നുമുള്ള നവ-ഉദാരീകരണ മതത്തിന്റെ കാര്‍മികരാണ് മന്‍മോഹന്‍ സിംഗും, ചിദംഭരവും, അലുവാലിയയും ഒക്കെ. ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങള്‍ ആ മതത്തിന്റെ ഭാഗവും, അതിനാല്‍ തന്നെ അതിന്റെ ശക്തരായ പ്രഭാഷകരും. സാമ്പത്തിക്ക വളര്‍ച്ച കോണ്ട് മാത്രം സാധാരണ മനുഷ്യജീവിതങ്ങള്‍ മെച്ചപ്പെടില്ല എന്നതിനു തെളിവു ലഭിക്കാന്‍ ദൂരെയങ്ങും നോക്കേണ്ടതില്ല. നവ-ഉദാരവല്‍കരണത്തിന്റെ കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കണക്കും, കര്‍ഷക ആത്മഹത്യകളുടെ കണക്കും പരിശോധിച്ചാല്‍ മതി. എന്നാല്‍ ഇതിനൊരു ബദല്‍ ഉണ്ടൊ എന്ന അന്വേഷണത്തിന്, രണ്ടക്ക സാമ്പത്തിക വളര്‍ച്ചയും, വന്‍കിട നിക്ഷേപങ്ങളുമില്ലാതെ സാമൂഹ്യപുരോഗതി സാധ്യമാകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ കഴിയുന്ന മാതൃകകള്‍ ഇന്നു ലോകത്തു തന്നെ കുറവാണ്. അത്രക്കാണ് നവ-ഉദാരീകരണ ശക്തികളുടെ സാമ്പത്തികവും ആശയപരവുമായ നീരാളിപിടുത്തം. ഈ പശ്ചാതലത്തിലാണ് കേരളവും, കേരളം കാഴ്ച്ച വെച്ച വികസന മാതൃകയും പ്രസക്തമാകുന്നതും, ലോകശ്രദ്ധ പിടിച്ചു പറ്റുന്നതും.

"സര്‍, വരവും ചെലവും യാന്ത്രികമായി കണക്കൊപ്പിച്ചു പോകുന്ന യാഥാസ്ഥിതിക ധനനയത്തിനു പകരം വികസനോന്മുഖ ധനനയമാണു ഞങ്ങള്‍ സ്വീകരിച്ചത്. വികസനച്ചെലവുകള്‍ ചുരുക്കാനല്ല, മറിച്ച് വരുമാനം വര്‍ദ്ധിപ്പിച്ചു കമ്മി കുറയ്ക്കാനാണ് അടിസ്ഥാനപരമായി വികസനോന്മുഖ ധനനയം ശ്രമിക്കുക. സാമൂഹ്യക്ഷേമരംഗത്തെ ചെലവുകള്‍ പുനരുല്‍പാദനപരമല്ല എന്ന കാഴ്ചപ്പാട് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ സാമൂഹ്യ പശ്ചാത്തല സൌകര്യങ്ങള്‍ ഭൌതിക പശ്ചാത്തല സൌകര്യങ്ങള്‍ പോലെ വികസനത്തിന് സുപ്രധാനമാണ്. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം ഭൌതിക പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ പരമാവധി വായ്പ സമാഹരിക്കുന്നതിന് വികസനോന്മുഖ ധനനയം പരിശ്രമിക്കും. മേല്‍പറഞ്ഞതു പോലൊരു വികസനോന്മുഖ ധനകാര്യനയം നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് ഭരണത്തിലേറി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റിയ ചാരിതാര്‍ത്ഥ്യത്തോടെ ഈ പ്രസംഗം അവസാനിപ്പിക്കാന്‍ എനിക്കു കഴിയുന്നത്. സര്‍, സാമ്പത്തിക അടിത്തറ സുസ്ഥിരമാക്കി എന്നു മാത്രമല്ല, മുന്നോട്ടു കുതിക്കാനുളള ഒരു മാര്‍ഗവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നത്."

ഇങ്ങനെ നെഞ്ചുവിരിച്ച് പറയാന്‍ ഇന്ത്യയില്‍ കേരളത്തിന്റെ ധനകാര്യ മന്ത്രിക്കേ കഴിയു. ഇവിടെ "സര്‍" എന്നു തോമസ് ഐസക്ക് അഭിസംബോധന ചെയ്യുന്നതു സഭയിലെ സ്പീക്കറെയാണെങ്കിലും, അതു ചെന്നു കൊള്ളുന്നതു പ്രണാബ് മുഖര്‍ജിക്കും, ചിദംബരത്തിനും, മന്‍മോഹന്‍ സിംഗിനും, അവരുടെയെല്ലാം ഉള്ളില്‍ കടന്നു കൂടിയിരിക്കുന്ന ഫ്രൈഡ്രിക് ഹയക്കിന്റെയും, മില്‍ട്ടണ്‍ ഫ്രൈഡ്‌മാന്റെയും ഭൂതങ്ങള്‍ക്കുമാണ്. മൂലധന ശക്തികളാകുന്ന കുതിരകളെ അങ്ങു അഴിച്ച് വിട്ട് , അവര്‍ കുമിച്ചു കൂട്ടുന്ന സ്വകാര്യ സമ്പത്തിന് സംരംക്ഷണം മാത്രം നല്കി കയ്യും കെട്ടി നോക്കിനില്കുകായണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നു വാദിക്കുകയും, ആ വാദം ലോകത്തെമ്പാടുമുള്ള നേതാക്കളില്‍ കുത്തിവെക്കുന്നതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്ത അവര്‍ ചരിത്രത്തിനു മുന്നില്‍ ഇന്നു പരാജയപെടുമ്പോള്‍, അവര്‍ക്കു വായിക്കാന്‍ ഒരു ബദലായി നമ്മുടെ കേരളത്തിന്റെ വികസന ചരിത്രം നമുക്കു വെച്ചു നീട്ടാം.

അന്ധമായ സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ഊന്നിയ കേന്ദ്രസര്‍ക്കാരിന്റെ നവ-ഉദാരീകരണ നയവും, കേരളം ഉയര്‍ത്തിപിടിക്കുന്ന സമൂഹ്യപുരോഗതിയില്‍ ഊന്നിയ വികസനം എന്ന ബദല്‍ നയവും, തമ്മിലുള്ള അന്തരം ഇത്രയും സ്പഷ്ടമായ മറ്റൊരു കാലം, ഈ കഴിഞ്ഞ രണ്ട് ദശാബ്ദത്തീല്‍ ഉണ്ടായിട്ടുണ്ടൊ എന്നു സംശയമാണ്. നവ-ഉദാരീകരണ അണുബാധയുടെ ഏറ്റവും തെളിഞ്ഞ ലക്ഷണങ്ങളായ പണാധിപത്യവും, സാമൂഹികദുരിതവും ഇന്ത്യയില്‍ ഏറ്റവും പ്രകടമായ കാലമാണിന്നു. 2-ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ഷ് ഫ്ലാറ്റ് തുടങ്ങിയ അഴിമതികളൊക്കെ, ജനങ്ങളുടെയും ജനപ്രതിനിധികളുടെയും വോട്ടു പോലും വിലയ്ക്കുവാങ്ങുന്ന ഈ പണാധിപത്യത്തിന്റെ രഹസ്യഖനികള്‍മാത്രമാണ്. നീരാ റാഡിയാ ടേപ്പുകളും, ഇന്ത്യയില്‍ നിന്നുള്ള വിക്കി-ലീക്സ് കേബിളുകളും വ്യക്തമാക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ ഒരു നല്ല പക്ഷം ദേശീയവും വിദേശീയവുമായ വന്‍കിട കുത്തകകളുടെ കയ്യിലെ കളിപ്പാവകള്‍ മാത്രമാണ് എന്ന സത്യമാണ്. ഇന്ത്യയുടെ മൊത്തം സാമ്പത്തിക ആസ്ഥിയെ തന്നെ ലജ്ജിപ്പിക്കുന്നത്രയും കള്ളപ്പണം ഇവിടെ നിന്നും കടത്തികൊണ്ടുപോയിട്ടുണ്ട്. അതിന്റെ കണക്കു ചോദിക്കുമ്പോള്‍ അതും കീശയിലിട്ടു കൈമലര്‍ത്തുന്ന സര്‍ക്കാരുമുണ്ട് നമുക്കിന്നു. ഈ കള്ളപ്പണക്കാര്‍, ഈ കള്ളപണം മുടക്കി, ഈ കള്ളപണം സംരക്ഷിക്കാനും ഇനിയും അതിങ്ങനെ കുമിച്ചുകൂട്ടാനും വേണ്ടി എഴുതിയുണ്ടക്കുന്ന ഈ നവ-ഉദാരീകരണ നയങ്ങളല്ലെ ഇന്നു ഒട്ടു മിക്ക സംസ്ഥാന സര്‍ക്കാരുകളൂം നടപ്പിലാക്കാന്‍ മത്സരിക്കുന്നത്?

അവിടെയാണ് കേരളവും, പ്രത്യേകിച്ചു കേരളത്തിന്റെ കഴിഞ്ഞ അഞ്ചു കൊല്ലത്തെ നയങ്ങളും, നേട്ടങ്ങളും പ്രസക്തമാകുന്നതു. കൂട്ടുകൃഷിയും, ഉയര്‍ന്ന താങ്ങുവിലയും കാര്‍ഷികമേഖലയ്ക്കു ഈ കാലയളവില്‍ നല്കിയ ഉണര്‍വ് കണ്ടില്ലെന്നു നടിച്ചാലും, ഇന്ത്യയൊട്ടാകെ കര്‍ഷകാത്മഹത്യയുടെ വാര്‍ത്തകള്‍ വാര്‍ത്തയല്ലാതാകുന്ന ഈ കാലത്ത്, കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ കേരളത്തില്‍ ഒരു കര്‍ഷകാത്മഹത്യ പോലും നടന്നില്ല എന്നതു മാത്രം പോരെ കേരളത്തിന്റെ കാര്‍ഷിക നയത്തിന്റെ പ്രത്യേകത മനസ്സിലാക്കാന്‍? അഞ്ചു കൊല്ലം മുമ്പ് നഷ്ടം വന്നു പൂട്ടാറായി കിടന്നിരുന്ന നാല്പതോളം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും ഇന്നു പൊതുഖജനാവിനു ലാഭം നല്കുന്ന അഭിമാനങ്ങളായി മാറിയതു വ്യവസായ മേഖലയിലെ കഥ. കേന്ദ്ര സര്‍ക്കാര്‍ വെട്ടി കുറച്ച റേഷന്‍ വിഹിതം പുനര്‍സ്ഥാപിച്ചു കൊടുക്കാന്‍ കഴിഞ്ഞ സംസ്ഥാനം. പാവപെട്ട കുടുംബത്തില്‍ ജനിച്ചു വീഴുന്ന ഓരോ കുട്ടിയുടേയും പേരില്‍ ഭാവി വിദ്യാഭ്യാസത്തിനായി പതിനായിരം രൂപ നിക്ഷേപിക്കാന്‍ ഒരു ക്ഷേമ സര്‍ക്കാരിനെ സാധിക്കു.

ഇതൊന്നും കാണാന്‍ ഒരു സിനിക്കിന് കഴിയില്ല. പക്ഷെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരനു ഇതു അവന്റെ ജീവിത പശ്ചാതലത്തില്‍ നിന്നു തന്നെ നേരിട്ട് വ്യക്തമാണ്. അതു കൊണ്ടു തന്നെ "ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും ഭരണകക്ഷിയെ പ്രതിപക്ഷത്തേക്കയക്കുക" എന്നതിനു ഇത്തവണ ഒരു മാറ്റം വരും എന്നു പ്രതീക്ഷിക്കുന്നവരാണ് ഞങ്ങള്‍ ഇടതുപക്ഷക്കാര്‍. അങ്ങിനെ സംഭവിച്ചാല്‍ ഉണ്ടാകുന്ന സന്തോഷത്തിന്റെ കാരണങ്ങളില്‍ തീരെ ചെറിയ ഒന്നു മാത്രമാണ് ഇങ്ങനെയുള്ള സിനിക്കുകള്‍ വായടയ്ക്കുമെല്ലോ എന്നതു. കേരളം ലോകത്തിനും, ചരിത്രത്തിനും മുന്നില്‍ നിര്‍ഭയം ഉയര്‍ത്തിക്കാട്ടുന്ന ഈ ബദല്‍ മാതൃകയ്ക്ക് ജനങ്ങള്‍ തന്നെ നല്കുന്ന അംഗീകാരം എന്നതാവും ആ ജനവിധിയുടെ ഇടതുപക്ഷവായന.

കാണാനിടയായ ഒരു തിരഞ്ഞെടുപ്പു പോസ്റ്ററില്‍ നിന്ന് :

ചരിത്രമിന്നു ഭാവി തന്‍ മുഖത്തുനോക്കി നില്‍ക്കയോ ...
ചുരുട്ടുമീ കരങ്ങളില്‍ ഉഷസ്സിതാ തുടുത്തുവോ ...
മറക്കുകില്ല കേരളം മരിക്കുകില്ല വിപ്ലവം ...
വിളിക്കായാണ് പന്തമേറ്റു വാങ്ങുവാന്‍ സഖാക്കളെ.