മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞത് തെറ്റാണ്

ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷനായ ശ്രീ. മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അഭിവൃദ്ധിയുടെ ലക്ഷണം ആണെന്നാണ്1, 2. അദ്ദേഹത്തിന്റെ വാദം വെറും പൊള്ളത്തരമാണെന്നതിന്റെ കാരണങ്ങളാണ് താഴെ പറയുന്നവ.

ഉത്പന്നങ്ങളുടെ ആവശ്യകത(demand) കൂടുമ്പോഴാണ് വിലക്കയറ്റം(inflation) ഉണ്ടാകുന്നത്. തൊഴിലാളികളുള്‍പെടെ എല്ലാ ജനങ്ങളുടെ ഇടയിലും അഭിവൃദ്ധി ഉണ്ടാകുകയും, തദ്വാരാ ഉത്പന്നങ്ങളുടെ ആവശ്യകത കൂടുകയും ചെയ്യാം. ഒരു ചെറിയ കാലയളവില്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യത(supply) നിശ്ചിത അളവില്‍ തുടരുമ്പോള്‍, ആവശ്യകത പെട്ടെന്ന് ഉയര്‍ന്നാല്‍ (ജനങ്ങളുടെ അഭിവൃദ്ധി മെച്ചപ്പെട്ടതു കൊണ്ടായിക്കോട്ടെ) അത് തീര്‍ച്ചയായും വിലക്കയറ്റം സൃഷ്ടിക്കും. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ അലുവാലിയ പരിഭ്രമിക്കേണ്ട. കാരണം, എല്ലാവരും അഭിവൃദ്ധിപ്പെട്ടെങ്കില്‍, എല്ലാവരുടെയും വരുമാനം വര്‍ദ്ധിച്ചെങ്കില്‍, വിലക്കയറ്റം പാവപ്പെട്ടവരുള്‍പ്പെടെ ആരെയും ദോഷകരമായി ബാധിക്കില്ല.(കൂടുതല്‍ വിവരങ്ങള്‍ക്കു ഈ ലേഖനം3 വായിക്കുക) ചുരുക്കി പറഞ്ഞാല്‍, അലുവാലിയ പറയുന്നത് ഈ വിലക്കയറ്റം പാവപ്പെട്ടവരുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമല്ല എന്നാണ്.

സമ്പദ്ഘടനയില്‍ വിലക്കയറ്റം എന്നത് ആവശ്യകത അമിതമായി വര്‍ദ്ധിക്കുന്നത് തടയാനുള്ള ഒരു പ്രക്രിയയാണ്. ലഭ്യത കുറഞ്ഞാല്‍ (നിലവിലുള്ള ആവശ്യകത വച്ചു നോക്കുമ്പോള്‍) ഏറ്റവും കൂടുതല്‍ വാങ്ങല്‍ ശേഷി (purchasing power) ഉള്ളവന്റെ കയ്യില്‍ ഉത്പന്നം എത്തുമെന്നു വിലക്കയറ്റം ഉറപ്പു വരുത്തുന്നു. വാങ്ങല്‍ ശേഷി കുറഞ്ഞ ഉപഭോക്താക്കള്‍ അവഗണിക്കപ്പെടുന്നു. ശ്രീ. അലുവാലിയ പറഞ്ഞതു പോലെ, ജനങ്ങളുടെ അഭിവൃദ്ധിയാണ് വിലക്കയറ്റത്തിനു കാരണമായതെങ്കില്‍, തത്ഫലമായി വര്‍ദ്ധിച്ച ആവശ്യകത തടയാനുള്ള ഒരു സംവിധാനവും സമ്പദ്ഘടനക്കുള്ളില്‍ ഇല്ലാത്ത സ്ഥിതി വരുന്നു. കാരണം അഭിവൃദ്ധിയിലൂടെ എല്ലാവരുടെയും വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചതു കൊണ്ടു തന്നെ, ആരും തന്നെ അവരുടെ ആവശ്യകത കുറക്കാന്‍ തയ്യാറാവേണ്ടതില്ല. അതു കൊണ്ടു തന്നെ, വിപണിക്കു നിലവിലുള്ള വിലക്കയറ്റത്തിലൂടെ ഉത്പന്നങ്ങള്‍ എല്ലാവര്‍ക്കുമായി വീതിച്ചു നല്കാന്‍ കഴിയാത്ത അവസ്ഥ വരുന്നു. അങ്ങനെ വര്‍ദ്ധിച്ച ആവശ്യകത നിലനില്കുകയും, ഒപ്പം വാങ്ങല്‍ ശേഷി കൂടുകയും കൂടി ചെയ്യുമ്പോള്‍, വിലക്കയറ്റം വീണ്ടും ഒരു അനിവാര്യതയായി അവശേഷിക്കുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി കൂടിക്കൊണ്ടിരിക്കുന്ന ഒരു വിലക്കയറ്റം തന്റെ പ്രസ്താവന നടത്തിയപ്പോള്‍ അലുവാലിയ പോലും സങ്കല്പിച്ചു കാണുമെന്നു തോന്നുന്നില്ല.

ഉത്പന്നങ്ങളുടെ വര്‍ദ്ധിച്ച ആവശ്യകത ഉണ്ടായാല്‍ (ലഭ്യത കുറഞ്ഞതു കൊണ്ടാവാം) യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് വാങ്ങല്‍ ശേഷി കുറഞ്ഞ ഒരു വിഭാഗം ആള്‍ക്കാര്‍ ഒഴിവാക്കപ്പെടുന്നു എന്നതാണ്. വിലക്കയറ്റത്തോടൊപ്പം വാങ്ങല്‍ ശേഷി അതേ സ്ഥിതിയില്‍ തുടരുക കൂടി ചെയ്താല്‍, അത്തരം വിഭാഗങ്ങള്‍ക്കു തങ്ങളുടെ ആവശ്യകത കുറക്കുക അല്ലാതെ വേറെ മാര്‍ഗമില്ല. അങ്ങനെ വര്‍ദ്ധിച്ച ആവശ്യകത മെല്ലെ കീഴ്പോട്ടു വരികയും, തദ്ഫലമായി വിലക്കയറ്റം കുറയുകയും ചെയ്യും. ആവശ്യകത കുറക്കേണ്ടി വരുന്ന ജനങ്ങള്‍, തൊഴിലാളികളും പാവപ്പെട്ടവരുമാണ്. കാരണം അവരുടെ വരുമാനമാണ് വിലക്കയറ്റത്തോടൊപ്പം ഉയരാത്തത്. അതായത്, വര്‍ദ്ധിച്ച ആവശ്യകതയിലൂടെ സൃഷ്ടിക്കപ്പെട്ട വിലക്കയറ്റമായാല്‍ പോലും (ഈ വര്‍ദ്ധിച്ച ആവശ്യകത സമ്പന്ന വിഭാഗത്തിന്റെ അഭിവൃദ്ധിയുടെ ഫലമാണെങ്കില്‍പോലും) അത് മൊത്തത്തിലുള്ള ആവശ്യകത കുറക്കുകയും അങ്ങനെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുകയും ചെയ്യും. പക്ഷെ, അതു കൊണ്ടു തന്നെയാണ് വിലക്കയറ്റം പാവങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്നു പറയുന്നത്. ആ അര്‍ത്ഥത്തിലാണ്, വിലക്കയറ്റം നിയന്ത്രിക്കപ്പെടും എന്ന അധികാരികളുടെ പ്രസ്താവനയിലെ ദുഷ്ടലാക്ക് കൂടുതല്‍ വ്യക്തമാകുന്നത്, കാരണം വിലക്കയറ്റം പിടിച്ചു നിര്‍ത്തപ്പെടാന്‍ പോകുന്നത് പാവപ്പെട്ടവരുടെയും അസംഘടിത തൊഴിലാളികളുടെയും വരുമാനം അതേ പടി നിലനിര്‍ത്തി അവരെ വരിഞ്ഞു മുറുക്കിക്കൊണ്ടാണ്.

കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിച്ച് എന്തു കൊണ്ട് വിപണിയിലെ വര്‍ദ്ധിച്ച ആവശ്യകത നേരിട്ടു കൂടാ എന്നു വാദിക്കാവുന്നതാണ്. വിലക്കയറ്റം നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം തെളിയിക്കുന്നത് ഉത്പന്നങ്ങള്‍ക്ക് ലഭ്യതയേക്കാള്‍ കൂടുതല്‍ ആവശ്യകത ഉണ്ടെന്നാണ്. അതു കൊണ്ടു തന്നെ സമ്പദ്ഘടനയില്‍ ഒരു ദൌര്‍ലഭ്യം നിലനില്ക്കുന്നു എന്നതാണ് പ്രശ്നം. എന്തു കൊണ്ടാണ് ഈ ദൌര്‍ലഭ്യം ഉണ്ടായത് എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമതായി, കാര്‍ഷികരംഗത്തെ നിരന്തരമായി അവഗണിച്ചു കൊണ്ട് , നവലിബറല്‍ നയങ്ങളിലൂടെ കര്‍ഷകരെയും കാര്‍ഷികതൊഴിലാളികളെയും തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ച് കാര്‍ഷികവളര്‍ച്ച ഗണ്യമായി കുറയുന്ന അവസ്ഥ സൃഷ്ടിച്ചു എന്നതാണ്. രണ്ടാമതായി, വിപണിയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ദൌര്‍ലഭ്യം പൂഴ്തിവെയ്പിലൂടെയും കരിഞ്ചന്തയിലൂടെയും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ്. അവശ്യ കാര്‍ഷിക ഉത്പന്നങ്ങളുടെ അവധിവ്യാപാരം അനുവദിച്ചു കൊണ്ട് ഗവണ്‍മെന്റ് ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ചുരുക്കത്തില്‍ കാര്‍ഷികരംഗത്തെ ഈ മുരടിപ്പ് കേന്ദ്ര ഗവണ്‍മെന്റുകളുടെ നയങ്ങളുടെ പ്രത്യക്ഷസൃഷ്ടിയാണ്. ആ നയങ്ങള്‍ തിരുത്തപ്പെടാത്തിടത്തോളം കാലം, ഇത്തരം വിലക്കയറ്റങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നു.

ഏറ്റവും ഒടുവില്‍, ഒരു ചോദ്യം. ഇന്ത്യയില്‍ ജനങ്ങള്‍ അഭിവൃദ്ധിപ്പെട്ടു എന്നു ശ്രീ. അലുവാലിയ പറഞ്ഞത് അനുഭവതലത്തില്‍ എത്രത്തോളം ശരിയാണ്? തീര്‍ത്തും തെറ്റാണത് എന്ന് പറയാതെ വയ്യ. ശ്രീ. അലുവാലിയയെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ തെറ്റിദ്ധാരണ മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ (GDP) വളര്‍ച്ച സൂചിപ്പിക്കുന്നത് പൊതുജനാഭിവൃദ്ധി മെച്ചപ്പെട്ടു എന്നതാണ്. ഇതു ശുദ്ധ അസംബന്ധമാണ്. കൂടുതല്‍ ശകതമായ സാമ്പത്തിക അസമത്വങ്ങളുടെ മേല്‍ ആഭ്യന്തര ഉത്പാദനവളര്‍ച്ച കെട്ടിപ്പൊക്കാവുന്നതാണ്, അതു തന്നെയാണ് ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നതും. അത്തരത്തിലുള്ള വളര്‍ച്ചയില്‍, ധനികവര്‍ഗം കൂടുതല്‍ വരുമാനം നേടി കൂടുതല്‍ സമ്പന്നരാകുകയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ സാമ്പത്തികവളര്‍ച്ചയുടെ ഗുണഫലങ്ങളില്‍ നിന്നു അകറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്നു. തദ്ഫലമായി, ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതു മുതല്‍ അഭ്യന്തര വരുമാനത്തില്‍ കൂലിയുടെ അനുപാതം നിരന്തരമായി കുറഞ്ഞു വരുന്നു. അസമത്വം അളക്കുന്ന Gini സൂചകം കൂടിയിരിക്കുന്നു. പട്ടിണി വര്‍ദ്ധിച്ചു (ആഗോള പട്ടിണി സൂചികയില്‍ 84 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 64 ആണ്). സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ കുത്തനെ കുറഞ്ഞു. (ഇന്ത്യയിലെ ദാരിദ്ര്യം നിറഞ്ഞ വളര്‍ച്ചയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു ഈ ലേഖനം വായിക്കുക) ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് എത്ര വേണമെങ്കിലും കണക്കുകള്‍ നിരത്താവുന്നതാണ്. ജനങ്ങളുടെ സ്ഥിതി അഭിവൃദ്ധിപ്പെട്ടതിന്റെ അല്ല, അത് അതിരൂക്ഷമായി വഷളായതിന്റെ തെളിവുകളാണ് അവ. പക്ഷെ ശ്രീ. അലുവാലിയയെപ്പോലുള്ളവരുടെ പ്രാധാന ഉദ്യമം GDP വളര്‍ച്ച ഉയര്‍ത്തികാട്ടിക്കൊണ്ട് നടക്കുക എന്നതാണ്, സാധാരണ ജനതക്ക് അതിന്റെ യാതൊരും ഗുണഫലങ്ങളും ഇല്ലെങ്കില്‍പോലും. ശ്രീ. അലുവാലിയയെപ്പോലുള്ള വ്യക്തികളുടെ സാമ്പത്തികശാസ്ത്രവൈദഗ്ധ്യത്തെ തള്ളിക്കളയാന്‍ നമുക്കാവില്ല. പക്ഷേ താഴേത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാതെ, ദാരിദ്ര്യം മാത്രം അവശേഷിപ്പിക്കുന്ന ഒരു സാമ്പത്തികപ്രക്രിയക്കു ഒത്താശ ചെയ്തു കൊടുക്കുന്ന കുറ്റത്തിനു അവരെ ക്രൂശിക്കുക തന്നെ വേണം

English version of this article4 was published by Pragoti. Malayalam translation by Birenjith.