കോമൺസിന്റെ കവി മുല്ലന് മാഷ്

പുഴവക്കത്തെ സായാഹ്നക്കൂട്ടങ്ങളുടെയും തെരുവോരത്തെ ചുറ്റുവട്ടങ്ങളുടെയും കവി മുല്ലനേഴി (63) യാത്രയായി. നാടന്‍ ശീലൊത്ത ലളിതമായ കവിതകളിലൂടെ മലയാളകാവ്യശാഖയില്‍ ഒരുമയുടെയും സംഘബോധത്തിന്റെയും പുതിയ അക്ഷരദളങ്ങള്‍ വിടര്‍ത്തിയ കവിയായിരുന്നു അദ്ദേഹം.
വള്ളുവനാടന്‍ ഭാഷയിലൂടെയും മുഖശ്രീയായ താടിയിലൂടെയും കുഞ്ഞുണ്ണിമാഷിനെ ഓര്‍മ്മിപ്പിച്ച അദ്ദേഹം കവി എന്നതിനേക്കാള്‍ ഉപരി, സിനിമാഗാനരചയിതാവ്, നാടക-സിനിമാ അഭിനേതാവ്, സാംസ്കാരികപ്രവര്ത്തകന് എന്നീ നിലകളിലായിരിക്കും ഒരു പക്ഷെ, മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇടതുപക്ഷസഹയാത്രികനായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം പുലര്‍ത്തിയ ലാളിത്യം അദ്ദേഹത്തിന്റെ ഗാനങ്ങളിലും അന്യമല്ല - അതിനു ദൃഷടാന്തമാണ് മലയാളികള്‍ ഒരിക്കലും മറക്കാത്ത "കറുകറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്" എന്ന ഗാനം മുതല്‍ ഇങ്ങവസാനം "ഈ പുഴയും സന്ധ്യകളും നീലമിഴികളും" എന്ന ഗാനം വരെ.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകളിലെയും തെരുവ് നാടകങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു "മുല്ലന്". രചനയും അഭിനയവും മാത്രമല്ല സവിശേഷമായ വേഷ വിധാനവും ആലാപന രീതിയുമൊക്കെ മുല്ലനെ തെരുവോരങ്ങളുടെയും അയല്‍ക്കൂട്ടങ്ങളുടെയും പ്രിയങ്കരനാക്കി തീര്‍ത്തു. തൊണ്ണൂറുകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സാക്ഷരതാപ്രസ്ഥാനം സജീവമായിരിക്കെ, പണി കഴിഞ്ഞു വൈകുന്നേരം തിരിച്ചെത്തി പുതിയ പണിയായുധമായ പെന്‍സിലുമെടുത്ത് പ്രായലിംഗഭേദമെന്യേ സാധാരണക്കാര്‍ സാക്ഷരതാക്ളാസ്സുകളിലേക്കു നടക്കുന്ന കാഴ്ച മറക്കാന്‍ കഴിയുന്നതല്ല. അന്നു പാടിയ മുല്ലനേഴിക്കവിത അദ്ദേഹത്തിന്റെ ദീപ്തസ്മരണക്കു മുമ്പില്‍ നമുക്കു ഒന്നു കൂടി ഒരുമിച്ചു പാടാം.
നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ..
കൂട്ടുകാരേ പോരൂ..
പേരെഴുതാം വായിക്കാം, ലോകവിവരം നേടാം..
ലോകവിവരം നേടാം..