ഉത്തരകര്‍ണ്ണാടകത്തിലൂടെ ഒരു യാത്ര

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ രണ്ടു സുഹൃത്തുക്കള്‍. ഞങ്ങളുടെ മുന്നില്‍ മൂന്നു ദിവസം നീളുന്ന ഒരു വാരാന്ത്യം. ഒരു IT കമ്പനിയില്‍ വെച്ച് യാദൃഛികമായി കണ്ടു മുട്ടിയ രണ്ടുപേര്‍ ആണെങ്കിലും സിനിമ, മലയാള സാഹിത്യം, രാഷ്ട്രീയം, ചരിത്രം തുടങ്ങി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പൊതുവായ താത്പര്യം ഉള്ള വിഷയങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടുള്ള സാഹിത്യം അപരിചിതം ആയ ഏതോ ഭാഷയില്‍ മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുന്ന ഞങ്ങള്‍ ഓഫീസിലെ മറ്റുള്ളവര്‍ക്ക് പലപ്പോഴും അത്ഭുത ജീവികള്‍ ആയിരുന്നു. ഒരുമിച്ചൊരു ദീര്‍ഘയാത്ര ഒരുപാട് തവണ പദ്ധതി ഇട്ടിരുന്നെങ്കിലും അത് വരെ സാധിച്ചിരുന്നില്ല. ഉത്തര കര്‍ണാടകത്തിലെ ബിജാപൂരിലുള്ള ഗോല്‍ ഗുംബാസ് കാണുക എന്നത് വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു. കര്‍ണാടകത്തിന് മഹത്തായ ഒരു ചരിത്രമുണ്ടെന്നും, ഗോല്‍ ഗുംബാസ് ഓരോ ചരിത്ര പ്രേമിയും, എന്‍ജിനീയറും കണ്ടിരിക്കേണ്ട ഒന്നാണെന്നും സിപിഎം കര്‍ണാടക സംസ്ഥാന സെക്രെട്ടറിയും മലയാളിയും ആയ വി ജി കെ നായര്‍ ആണ് ഒരിക്കല്‍ പറഞ്ഞത്. പ്രസന്ന വദനന്‍ ആയ,നല്ല നര്‍മ ബോധം ഉള്ള ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവാണദ്ദേഹം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിലൂടെ നടത്തിയ യാത്ര കൂടുതല്‍ ചരിത്ര സ്മാരകങ്ങള്‍ കാണണം എന്ന ആഗ്രഹം എന്നില്‍ ഉണ്ടാക്കി. അങ്ങനെ ഉത്തര കര്‍ണാടകത്തിലെ ബദാമി, ബിജാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാക്കാം യാത്ര എന്ന് തിരുമാനിച്ചു.

ഗോല്‍ ഗുംബാസ് എക്സ്പ്രസ്സ്‌ എന്ന് തന്നെ പേരിട്ടിരിക്കുന്ന ട്രെയിനില്‍ അങ്ങനെ ഞങ്ങള്‍ ബാംഗ്ലൂരില്‍ നിന്ന് യാത്ര തിരിച്ചു. ട്രെയിനില്‍ ഒന്ന് ചുറ്റി അടിച്ചിട്ടും തരുണീമണികളെയൊന്നും കാണുന്നില്ല. പിന്നെ ഒരു വാരത്തിന്റെ ആലസ്യവും. കേരള രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ കൂലങ്കഷമായ ഒരു ചര്‍ച്ചക്ക് ശേഷം അടുത്തിരിക്കുന്ന സഹയാത്രികര്‍ തുറിച്ചു നോട്ടം ആരംഭിച്ചപ്പോള്‍ (എവിടുന്ന് വരുന്നെടാ ഈ ഭ്രാന്തന്‍മാര്‍ മനുഷ്യന്റെ ഉറക്കം കളയാന്‍ എന്ന മട്ടില്‍) നേരത്തെ തന്നെ ഞങ്ങള്‍ ഉറക്കം പിടിച്ചു. ഉണര്‍ന്നപ്പോള്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പ്‌ തോട്ടങ്ങളുടെയും, ചോള പാടങ്ങളുടെയും നടുവിലൂടെ ആണ് ഞങ്ങളുടെ ട്രെയിന്‍ പോകുന്നത്. വീടുകള്‍ കാണുന്നേയില്ല. അങ്ങിങ്ങായി പാടത്തു പണിയെടുക്കുന്ന കര്‍ഷകരെ വല്ലപ്പോഴും കാണാം എന്നല്ലാതെ വഴിയിലെങ്ങും ഒരു മനുഷ്യജീവി പോലുമില്ല. അങ്ങനെ രാവിലെ ഒമ്പത് മണിയോടെ ഞങ്ങള്‍ ബദാമി എന്ന കൊച്ചു തീവണ്ടി സ്റ്റേഷനില്‍ എത്തി. വലിയ തിരക്കൊന്നുമില്ല. നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ ദൂരത്താണ് സ്റ്റേഷന്‍. ഒരു കൂട്ടം കുരങ്ങന്‍മാരാണ് ഞങ്ങളെ സ്വീകരിച്ചത്. പുറത്തു റിക്ഷകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. തടിച്ചു വീപ്പകുറ്റി പോലെ ഉള്ള പത്തു പതിനഞ്ചു സായിപ്പന്മാര്‍ ഒരു റിക്ഷയില്‍ തിങ്ങി നിരങ്ങി പോകുന്നുണ്ടായിരുന്നു. അങ്ങനെ ഒരു എട്ടു പത്തു പേരോടൊപ്പം ഒരു റിക്ഷയില്‍ ഞങ്ങളും കയറിക്കൂടി. പശു, ആട് മുതല്‍ മനുഷ്യര്‍ വരെ സാഹോദര്യത്തോടും, സൌഹാര്‍ദത്തോടുമാണ് റിക്ഷയില്‍ പോകുന്നത്. എല്ലാവരും റിക്ഷയുടെ അവകാശികള്‍. പശുവിന്റെ ചെത്തവും ചൂരവും അറിഞ്ഞുള്ള, പച്ചപ്പുള്ള നാട്ടു വഴികളിലൂടെ കുലുങ്ങി കുലുങ്ങിയുള്ള യാത്ര.

ഉത്തര കര്‍ണാടകത്തിലെ ബാഗല്‍ കോട്ട് ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണം ആണ് ബദാമി. പട്ടണം എന്നതിനേക്കാള്‍ ഗ്രാമം എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ബദാമിയില്‍ ചെന്ന് തല ചായ്ക്കാന്‍ ഒരു ഇടം കണ്ടത്തി സാധന സാമഗ്രികള്‍ അവിടെ നിക്ഷേപിച്ചു. എന്നിട്ട് കാഴ്ചകള്‍ കാണാനിറങ്ങി. ഗുഹാ ക്ഷേത്രങ്ങള്‍ ആണ് ബദാമിയിലെ പ്രധാന ആകര്‍ഷണം. മുമ്പ് വാതാപി എന്നറിയപ്പെട്ടിരുന്ന ബദാമി ചാലുക്യ രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു. ചാലൂക്യന്മാര്‍ AD 500 മുതല്‍ 800 വരെ ഉള്ള കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ചെങ്കല്‍ പാറകള്‍ തുരന്നുണ്ടാക്കിയ ഈ ഗുഹാ ക്ഷേത്രങ്ങള്‍. മൊത്തം നാലു ക്ഷേത്രങ്ങളാണ് പ്രധാനം. ഒന്നാമത്തേത് ശിവനും, രണ്ടാമത്തേതും മൂന്നാമത്തേതും വിഷ്ണുവിനും, നാലാമത്തേത് ജൈന തീര്‍ത്ഥന്കരന്മാര്‍ക്കും സമര്‍പ്പിച്ചിരിക്കുന്നു. നിരവധി ചെറു ക്ഷേത്രങ്ങള്‍ ചുറ്റിലും ഉണ്ട് .ടൂറിസ്റ്റ്കളുടെ എണ്ണം പൊതുവേ കുറവായിരുന്നത് കൊണ്ട് വളരെ ശാന്തമായ അന്തരീക്ഷം ആയിരുന്നു. മനോഹരമായ ചിത്ര പ്പണികള്‍ നിറഞ്ഞ ഗൂഹകളിലൂടെയുള്ള യാത്ര ചരിത്രത്തിലൂടെ ഉള്ള യാത്ര ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഒരു വലിയ കുളത്തിന്റെ കരയില്‍ ആണ് ഗുഹാ ക്ഷേത്രങ്ങള്‍. അതിനു മറു വശത്താണ് ഭൂതനാഥ ക്ഷേത്രം. അവിടം ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ശിവ ഗണങ്ങളുടെ നാഥനായ വീരബദ്രനാണ് അവിടത്തെ പ്രതിഷ്ഠ . ഒരു പുരാവസ്തു മുസിയം, ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ എന്നിവയും അവിടെ കാണാം. ബദാമി ഇന്ത്യയില്‍ കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിലെ പട്ടണങ്ങളില്‍ നിന്ന് വിഭിന്നമല്ല. ഗുഹാ ക്ഷേത്രങ്ങള്‍ക്ക് ചുറ്റും ചേരികള്‍ ആണ്. ചേരികളിലൂടെ നടന്നു വേണം പലയിടത്തും പോകാന്‍. പലപ്പോഴും നമ്മെ വിഷമിപ്പിക്കുന്ന കാഴ്ചകള്‍ ആണ് ചുറ്റും. ഒരു വശത്ത് സംസ്കാരത്തിന്റെ ഗതകാല പ്രതാപം വിളിച്ചോതുന്ന ചരിത്ര സ്മാരകങ്ങള്‍, മറു വശത്ത് ജീവിത യഥാര്‍ത്ഥ്യം വിളിച്ചു പറയുന്ന ചേരികള്‍.

ഉച്ച ഊണിനു ശേഷം പട്ടടക്കല്‍ എന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. ബദാമിയില്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരത്താണ് പട്ടടക്കല്‍. സുര്യകാന്തി പാടങ്ങളുടെ നടുവിലൂടെ, ഗ്രാമ കാഴ്ചകള്‍ കണ്ടു ഉള്ള ബസ്‌ യാത്ര നല്ലൊരനുഭവമായിരുന്നു. ചാലൂക്യ രാജാക്കന്മാര്‍ തന്നെ നിര്‍മിച്ച, ഇന്ന് UNESCO അംഗീകരിച്ചിട്ടുള്ള ക്ഷേത്ര സമുച്ചയങ്ങള്‍ ഉള്ള ചരിത്ര സ്ഥലമാണ്‌ പട്ടടക്കല്‍. വിരൂപാക്ഷ, മല്ലികാര്‍ജുന എന്നിവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. ചുറ്റുപാടും ഉള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു ചോള പാടങ്ങളുടെ ഒന്ന് രണ്ടു ചിത്രങ്ങള്‍ എടുത്ത ശേഷം ഞങ്ങള്‍ അടുത്ത ലക്ഷ്യമായ ഐഹോള്‍ എന്ന സ്ഥലത്തേക്ക് യാത്ര തുടങ്ങി.

xdfdfd
Pattadakkal / Image Credit: Author

പട്ടടക്കല്‍ നിന്നും ഏതാണ്ട് 7 -8 കിലോ മീറ്റര്‍ ദൂരെ ആണ് ഐഹോള്‍. ഏതാണ്ട് കാലി ആയ ഒരു റിക്ഷ അത് വഴി വന്നപ്പോള്‍ സന്തോഷത്തോടെ ഞങ്ങള്‍ അതില്‍ കേറി പറ്റി. സന്തോഷം പക്ഷെ ഏറെ നേരം നീണ്ടു നിന്നില്ല. പൊടുന്നനെ 10 -15 ഗ്രാമീണര്‍ അടുത്ത സ്ഥലത്ത് നിന്ന് കയറി. ഡ്രൈവര്‍ സീറ്റില്‍ തന്നെ ഏതാണ്ട് മൂന്നു നാലു പേര്‍ എങ്ങനെയൊക്കെയോ കയറി കൂടി. അപ്പോഴാണ് കന്നു കാലികളെയുംകൂടി കയറ്റി 10 -12 ഗ്രാമീണര്‍ കയറിപ്പോകുന്ന മറ്റൊരു റിക്ഷ കണ്ണില്‍ പെട്ടത്. ആ ഹതഭാഗ്യരെ അപേക്ഷിച്ച് ഞങ്ങളുടെ അവസ്ഥ പതിന്‍മടങ്ങ്‌ ഭേദമാണെന്ന് തോന്നി. ഐഹോളില്‍ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും പലതും നശിപ്പിക്കപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. നന്നായി ഇപ്പോഴും സംരക്ഷിച്ചിരിക്കുന്ന ദുര്ഗ ക്ഷേത്ര സമുച്ചയമാണ് അവിടത്തെ പ്രധാന കാഴ്ച. കുറച്ചു നേരത്തെ ചുറ്റി കറങ്ങലിനു ശേഷം കുറച്ചു ചിത്രങ്ങളെടുത്തു ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു.

ബദാമിയില്‍ തിരിച്ചെത്തി ചായ കുടിക്കാന്‍ ഒരു സ്ഥലം അന്വേഷിച്ചു. കയറി ചെന്നപ്പോള്‍ കണ്ണൂര്‍ സ്വദേശികള്‍ നടത്തുന്ന ബേക്കറി. മലയാളികള്‍ പൊതുവേ അധികം പോകാത്ത ബദാമിയില്‍ അവര്‍ ഞങ്ങള്‍ക്ക് നല്ല സ്വീകരണം തന്നെ നല്‍കി.

രണ്ടാം ദിവസം ഞങ്ങള്‍ ബിജാപൂര്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ബദാമിയില്‍ നിന്ന് ഏതാണ്ട് മൂന്നര മണിക്കൂര്‍ ദൂരെയാണ് ബിജാപൂര്‍. ബദാമി യില്‍ നിന്ന് നേരിട്ട് ബിജപൂരിലേക്ക് ബസ്സില്ലാത്തതിനാല്‍ ബാഗല്‍കോട്ടു വഴിയാണ് യാത്ര. കൂടുതലും സൂര്യകാന്തി പാടങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങള്‍ പിന്നിട്ടായിരുന്നു യാത്ര. അവിടെ നിന്ന് ബിജാപൂരിലേക്ക് ബസ് കയറി. പൊതുവേ ഗാന്ധി തൊപ്പിയും, ശുഭ്ര വസ്ത്രവും ധരിച്ച കൃഷിക്കാരാണ് യാത്രക്കാരില്‍ അധികവും. ബിജാപൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് ഗോല്‍ ഗുംബാസ് വരെ പോകാനായി ഒരു ഓട്ടോ റിക്ഷ പിടിച്ചു. ഓട്ടോക്കാരന്‍ ഒരു വില പേശലിനു ശേഷം ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ എല്ലാം കൊണ്ട് കാണിക്കാം എന്ന് ഏറ്റു. ബദാമിയെ അപേക്ഷിച്ച് വലുതാണെങ്കിലും ചെറിയ ഒരു പട്ടണം ആണ് ബിജാപൂര്‍. മോശമായ റോഡുകളിലൂടെ ഓട്ടോ റിക്ഷയിലുള്ള യാത്ര അത്ര സുഖകരമല്ല. ഏതാണ്ട് പത്തോളം ചരിത്ര പ്രധാനമായ സ്ഥലങ്ങളിലേക്ക് അയാള്‍ ഞങ്ങളെ കൊണ്ടുപോയി.

xdfdfd
Golgumbaz / Image Credit: Author

ബിജാപൂര്‍ സുല്‍ത്താന്‍ തന്റെ ഭാര്യയുടെ സ്മരണക്കായി നിര്‍മിച്ച, ഇബ്രാഹിം റൌസ എന്നറിയപ്പെടുന്ന മനോഹരമായ സ്മാരകം, ഗോല്‍ ഗുംബാസ്, കോട്ടയുടെ അവശിഷ്ടങ്ങള്‍, ജുമാ മസ്ജിദ് എന്നിവയാണ് അവിടത്തെ പ്രധാന കാഴ്ചകള്‍. ഗോല്‍ ഗുംബാസ് അതിന്റെ വലുപ്പം, പ്രത്യേക രീതിയിലുള്ള നിര്‍മിതി എന്നിവ കൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിന്റെ പടുകൂറ്റന്‍ താഴികക്കുടം ലോകത്തില്‍ തന്നെ വലുപ്പത്തില്‍ രണ്ടാമതാണ്. റോമില്‍ മാത്രമേ ഇതിനെക്കാള്‍ വലുപ്പം ഉള്ള താഴികക്കുടം ഉള്ളൂ. മുകളിലെത്താന്‍ നിരവധി പടവുകള്‍ കയറണം. മുകളിലെത്തിയാല്‍ മന്ത്രിക്കുന്ന ഇടനാഴിയിലാണ് എത്തുക. ഇവിടത്തെ പ്രത്യേകത ഒരു വശത്തെ ചുമരിനോടെ ചേര്‍ന്ന് ഉണ്ടാക്കുന്ന ശബ്ദം ഒരു പാട് ദൂരെ ഉള്ള മറുഭാഗത്തെ ചുമരില്‍ കാതോര്‍ത്താല്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിയും എന്നുള്ളതാണ്.

ഗോല്‍ ഗുംബാസ് സന്ദര്‍ശനത്തിനു ശേഷം ഉച്ച ഭക്ഷണം കഴിച്ചു ഞങ്ങള്‍ മടങ്ങാന്‍ തിരുമാനിച്ചു. വൈകുന്നേരത്തെ ബാംഗ്ലൂര്‍ ട്രെയിനില്‍ ഞങ്ങള്‍ കയറി കൂടി. ചെറിയ ഒരു സ്റ്റേഷന്‍ ആണ് ബിജാപൂരില്‍ ഉള്ളത്. യാത്രക്കാര്‍ക്കുള്ള സൌകര്യങ്ങള്‍ വളരെ കുറവ്. ഏതാണ്ട് ആറ് മണിയോടെ ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. ഏറെക്കുറെ ബോറടിച്ചു തുടങ്ങിയ ഞങ്ങളുടെ യാത്ര സജീവമായത് ബാഗല്‍കോട്ടു നിന്ന് ഒരു വൃദ്ധന്‍ തന്റെ കുടുംബാംഗങ്ങളോടൊപ്പം ട്രെയിനില്‍ കയറിയതോടെയാണ്. കുറച്ചു സമയത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം ഇല്ലാതായി. കുറച്ചു ദൂരെ ഉള്ള ഗ്രാമത്തില്‍ മുറുക്കാന്‍ കട നടത്തുന്ന ആ വൃദ്ധന്‍ കോളേജ് വിദ്യാഭ്യാസം നേടുകയും ഡിഗ്രി വരെ പഠിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. തന്റെ കോളേജ് കാലഘട്ടത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ച അദേഹം തന്റെ കൂടെ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബാച്ചിലെ എല്ലാവരും കഴിഞ്ഞ 35 -40 വര്‍ഷമായി വര്‍ഷത്തില്‍ ഒരിക്കല്‍ ഇപ്പോഴും ഒത്തു ചേരാറുണ്ട് എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് അതൊരു അത്ഭുതം തന്നെ ആയിരുന്നു.

മറാത്തി നാടകങ്ങളില്‍ അഭിനയിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിരുന്ന തന്റെ ചെറുപ്പകാലവും അദേഹത്തിന്റെ സംഭാഷണത്തില്‍ കടന്നു വന്നു. തന്റെ ചെറുപ്പകാലത്ത് ഓരോ ഗ്രാമത്തിലും ഒരു നാടക സംഘം എങ്കിലും ഉണ്ടായിരുന്നു എന്നും ഗ്രാമങ്ങള്‍ തമ്മില്‍ നാടക മത്സരങ്ങള്‍ സംഘടിപ്പിക്കുക സാധാരണം ആയിരുന്നു എന്ന് അദേഹം പറഞ്ഞു. നാടകത്തില്‍ അഭിനയിച്ചിരുന്ന അച്ഛനും , മുത്തച്ഛനുമാണ് അദേഹത്തെ നാടകത്തില്‍ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. നാടക സംകേതങ്ങള്‍ ഇക്കാലത്ത് ഒരുപാട് വികസിച്ചിട്ടുണ്ട് എന്നും മറാത്തി നാടകം തങ്ങളുടെ കാലഘട്ടത്തില്‍ നിന്നും ഏറെ മുന്നോട്ടുപോയി എന്നുമാണ് അദേഹത്തിന്റെ അഭിപ്രായം. താന്‍ സമീപ കാലത്ത് കണ്ട താങ്ക് യു Mr ഗ്ലാഡ് എന്ന നാടകം അത്തരത്തില്‍ ഉള്ള ഒന്നായിരുന്നു എന്നും അയാള്‍ കൂട്ടി ചേര്‍ത്തു. സമീപ കാലത്ത് കണ്ട ഹരിശ് ചന്ദ്രാച്ചി ഫാക്ടറി എന്ന മറാത്തി സിനിമ യെക്കുറിച്ച് ഞങ്ങള്‍ കുറച്ചു സമയം ചര്‍ച്ച ചെയ്തു.

പിറ്റേ ദിവസം പത്തു മണിയോടെ ഞങ്ങള്‍ ബാംഗ്ളൂരില്‍ തിരിച്ചെത്തി. സഹയാത്രികരോട് വിട പറഞ്ഞതിന് ശേഷം ഞങ്ങള്‍ ഇരുവരും ഞങ്ങളുടെ വഴികളിലേക്ക് തിരിഞ്ഞു . തിരിഞ്ഞു നോക്കുമ്പോള്‍ യാത്രക്കിടയില്‍ ഞങ്ങള്‍ പരിചയപ്പെട്ട ആളുകള്‍, പുതിയ അനുഭവങ്ങള്‍, പുതിയ സ്ഥലങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ ഒരു പാട് ചിത്രങ്ങളും അറിവുകളും തന്ന യാത്രയായിരുന്നു ഞങ്ങളുടേത് .

  • മലയാള നാട് പോര്ടലിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. ലേഖകന്റെ അനുമതിയോടെ ബോധി കോമണ്‍സ് പുന:പ്രസിദ്ധീകരിക്കുന്നു. പകര്‍പ്പവകാശം പൂര്‍ണ്ണമായും ലേഖകനില്‍ നിക്ഷിപ്തമാണ്.

  • ഈ യാത്രാനുഭവത്തിന്റെ ആംഗലേയ രൂപം ലേഖകന്റെ ബ്ലോഗില്‍ ലഭ്യമാണ്.