ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം.

കമ്പ്യൂട്ടറിനു ഒരു നല്ല മലയാളം പേര് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവന്‍ നന്നായി മലയാളം പഠിച്ചു വരുന്നുണ്ട്. എന്നിരുന്നാലും ചില അക്ഷരങ്ങളുടെ കാര്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ ചില്ലക്ഷരങ്ങളുടെ കാര്യത്തില്‍, അവന്‍ ചിലപ്പോള്‍ ചില ചില്ലറ വികൃതികള്‍ കാണിക്കുന്നതു കണ്ണില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ. "പാവം. പഠിച്ചു വരുന്നതേയുള്ളു." എന്നു പറഞ്ഞ് നമ്മള്‍ പലപ്പോഴും അത് കണ്ടില്ല എന്ന് നടിക്കും. ചിലര്‍ ചില ഫോണ്ടുകളൊക്കെ മാറി മാറി പരീക്ഷിച്ച് ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റും. ഒറ്റ നോട്ടത്തില്‍ സാങ്കേതികം എന്നു തോന്നാവുന്ന ഈ പ്രശ്നത്തിനു പിന്നില്‍ ചില്ലറക്കാരല്ലാത്ത ചില കുത്തക കമ്പനിക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് എന്നു ഈയിടെയാണ് ഈയുള്ളവന് അറിയാന്‍ കഴിഞ്ഞത്.

A screenshot of misrendered chillu

ഈ മാസം ആദ്യം തിരുവനന്തപുരത്ത് നടന്ന കേരളപഠന കോണ്‍ഗ്രസ്സിലെ മലയോളം കമ്പ്യൂട്ടിങ്ങ് എന്ന വിഭാഗത്തില്‍ ശ്രീ. സന്തോഷ് തോട്ടിങ്ങല്‍ അവതരിപ്പിച്ച "മലയാളം കമ്പ്യൂട്ടിങ്ങ്‌: യുണീക്കോഡ് പ്രശ്നങ്ങളൂം സാങ്കേതികവിദ്യയും" എന്ന പ്രബന്ധം കാണുക.

ഓരോ മലയാളം വെബ്സൈറ്റും വായിക്കാന്‍ ഓരോരൊ ഫോണ്ട് ഉപയോഗിക്കേണ്ടിയിരുന്ന കാലത്ത് നിന്ന് മാറി ഇന്നു ഭൂരിഭാഗം സൈറ്റുകളും യൂണികോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. (ചില മുഖ്യധാര മാധ്യമങ്ങള്‍ ഇന്നും ഇതറിഞ്ഞിട്ടില്ല എന്നതു സത്യം തന്നെ.) ഭാഷയിലെ ഓരോ അക്ഷരത്തിനും കമ്പ്യൂട്ടറിനു മനസ്സിലാകുന്ന പ്രത്യേകമായ ഒരു കോഡ് നല്‍കുക എന്നതാണ് യൂണികോഡ് ചെയ്യുന്നതു. ഒരു ഭാഷ കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും (വെബ് ബ്രൗസറുകള്‍ ഉള്‍പ്പടെ) ഒരേ അക്ഷരത്തിന് ഒരേ കോഡ് ഉപയോഗിക്കുന്നതിലാണ് ഇതിന്റെ വിജയം ആശ്രയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കോഡുകള്‍ ആരു നിശ്ചയിക്കും എന്ന ചോദ്യവും, എന്തടിസ്ഥാനത്തില്‍ പരിഷ്കരിക്കും എന്ന ചോദ്യവും പ്രസക്തമാകുന്നു.

1991-ല്‍ പ്രസിദ്ധീകരിച്ച യൂണികോഡിന്റെ ഒന്നാം വേര്‍ഷനില്‍ (1.0.0) തന്നെ മലയാളം അക്ഷരങ്ങള്‍ ലഭ്യമാണ്. ഏപ്രില്‍ 2008-ല്‍ പ്രസിദ്ധീകരിച്ച വേര്‍ഷന്‍ 5.1.0 നേരത്തെയുണ്ടായിരുന്ന കോഡ് കൂടാതെ ചില്ലക്ഷരങ്ങള്‍ക്ക് ഓരോ പുതിയ കോഡ് 1 കൂടി അനുവദിച്ചതുമുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കേരള സര്‍വകലാശാല, രചന അക്ഷരവീധി തുടങ്ങിയവയിലെ ഭാഷാ വിദഗ്ധരും, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയും ഈ നീക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും2 ഇതു യൂണികോട് കണ്‍സോര്‍ഷ്യം ചെവിക്കൊണ്ടിരുന്നില്ല. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള ചില ഭീമന്മാര്‍ ചെവിക്കു പിടിക്കും എന്ന ഭയമാവണം കാരണം3.

ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാന്‍ ഈ ചില്ല് പ്രശ്നം ഒരു ഉദാഹരണം മാത്രം.

  • 1. Unicode 5.1.0: Malayalam Chillu Characters
  • 2. Atomic chillu's are Unacceptable, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, 2008
  • 3. "ന്റ" എന്ന കൂട്ടക്ഷരം ന്‍ + ചന്ദ്രക്കല + റ എന്നെഴുതണമെന്ന, ഭാഷ നിയമങ്ങളെ കാറ്റില്‍ പറത്തുന്ന, യൂണിക്കോഡ് നിര്‍ദ്ദേശം മൈക്രോസോ­ഫ്റ്റിന്റെ കാര്‍ത്തിക എന്ന ഫോണ്ടിനുവേണ്ടി കൊണ്ടുവന്നതാണ് എന്ന് മേല്‍പ്പറഞ്ഞ പ്രബന്ധത്തില്‍ തോട്ടിങ്ങല്‍ വാദിക്കുന്നു.